ഗോര്‍ബച്ചേവ് കമ്യൂണിസ്റ്റുകാരനായിരുന്നില്ല, ആധുനിക മനുഷ്യനായിരുന്നു.

ഗോര്‍ബച്ചേവ് പിന്നീട് കൊണ്ടു വന്ന ആശയമാണ് ഗ്ലാസ് നോസ്റ്റ് . നിര്‍ഭയമായ പത്രപ്രവര്‍ത്തനം. ഒരു വിലങ്ങുകളുമില്ലാതെ മനുഷ്യര്‍ ആശയ പ്രകാശനം നടത്തട്ടെ എന്നാണാ വാക്കിന്റെ അര്‍ത്ഥം. 1987 ഫെബ്രുവരി 7 ന് 37 വര്‍ഷമായി തടവില്‍ കിടക്കുന്ന 500 ല്‍ പരം രാഷ്ട്രീയ തടവുകാരെ ഗോര്‍ബച്ചേവ് വിട്ടയച്ചു. അതായത് സോവിയറ്റ് യൂണിയനില്‍ പത്തറുപത്തി അഞ്ചു കൊല്ലത്തിനു ശേഷം ആദ്യമായി അഭിപ്രായ സ്വാതന്ത്ര്യം, പത്ര സ്വാതന്ത്ര്യം, സാമ്പത്തിക പരിഷ്‌ക്കരണം, ജനാധിപത്യം എന്നിവയെല്ലാം പരിമിതമായ രീതിയില്‍ കൊണ്ടുവന്നു എന്ന ‘ചെറിയ ഒരു കാര്യം ‘ മാത്രമെ ഗോര്‍ബച്ചേവ് ചെയ്തുള്ളൂ. ബാക്കി എല്ലാം റഷ്യന്‍ വംശജരുടെ അടിമകളായി മാറേണ്ടി വന്ന മറ്റ് വംശജര്‍ ചെയ്തു .

എല്ലാ അധികാരവും സോവിയറ്റുകള്‍ക്ക് എന്ന് മുദ്രാവാക്യം മുഴക്കിയാണ് ലെനിന്‍ സോവിയറ്റുകളുടെ ബലത്തില്‍ അധികാരം പിടിച്ചത്. എന്നാല്‍ അധികാരം കിട്ടിയപ്പോള്‍ പുള്ളി മലക്കം മറഞ്ഞു. ലെനിന്‍ ആ മുദ്രാവാക്യം ഇങ്ങനെ മാറ്റി. ‘എല്ലാ അധികാരവും പാര്‍ട്ടിക്ക് ‘ എന്നു പറഞ്ഞാല്‍ എല്ലാ അധികാരവും തനിക്ക്. .എന്നാല്‍ 1924 ല്‍ അന്തരിക്കുന്നതു വരെ അധികാരം മൊത്തമായി തനിക്കാക്കാന്‍ ലെനിന് കഴിഞ്ഞില്ല. ലെനിന് അമിതാധികാരം ഉണ്ടായിരുന്നു എന്നത് ശരി തന്നെ. എങ്കിലും പോളിറ്റ്ബൂറോയിലെ സമശീര്‍ഷരായ സഖാക്കളെ പേടിക്കണമായിരുന്നു. ഏകാധിപത്യ നടപടികള്‍ക്ക് അവരുടെ സമ്മതം വാങ്ങണമായിരുന്നു.

സ്റ്റാലിന്‍ ഒരിക്കലും പിന്‍ഗാമിയാകരുത് എന്ന് ലെനിന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ നിര്‍ദ്ദേശത്തെയൊക്കെ അതിജീവിച്ച് സ്റ്റാലിന്‍ പിന്‍ഗാമിയായി. തന്നേക്കാളും സീനിയര്‍ ആയ നേതാക്കളുള്ള പോളിറ്റ് ബൂറോ എന്ന വമ്പന്‍ കടമ്പ സ്റ്റാലിന്‍ മറികടന്നത് സീനിയര്‍ സഖാക്കളെ മുഴുവന്‍ കൊന്നൊടുക്കിയായിരുന്നു. അങ്ങനെ എല്ലാ അധികാരവും പാര്‍ട്ടിക്ക് എന്നത് മാറി എല്ലാ അധികാരവും സ്റ്റാലിന് എന്ന നിയമം നടപ്പില്‍ വന്നു. സ്റ്റാലിന്‍ വെട്ടി തുറന്ന ആ പാതയിലൂടെയാണ് പിന്നീട് ലോകം മുഴുവനുമുള്ള കമൂണിസ്റ്റ് നേതാക്കള്‍ സഞ്ചരിച്ചത്. എല്ലാ അധികാരവും ഒരു നേതാവിന് . (കേരളത്തില്‍ ഇന്ന് ആ ശൈലി കാണുന്നുണ്ടെങ്കില്‍ ഒരു കുതിര പവന്‍ സമ്മാനമായി കൊടുക്കേണ്ടത് സ്റ്റാലിനാണ് എന്നര്‍ത്ഥം)

എന്നാല്‍ 1985 ല്‍ സോവിയറ്റ് യൂണിയനില്‍ അധികാരത്തില്‍ വന്ന ഗോര്‍ബച്ചോവ് സ്റ്റാലിന്റെ പാതയിലൂടെ പോകാന്‍ തയ്യാറായില്ല. സ്റ്റാലിന്‍ ചെയ്ത അതിക്രമങ്ങളെയും ക്രൂരതകളെയും അപലപിച്ചു കൊണ്ട് അയാളുടെ അധികാര ശൈലികളില്‍ നിന്നും സോവിയറ്റ് സമൂഹത്തെ മോചിപ്പിക്കുന്ന ഡീസ്റ്റാലിനൈനേഷന്‍ എന്ന പ്രവര്‍ത്തന പദ്ധതി ക്രൂഷ്‌ചേവിന്റെ കാലത്ത് സോവിയറ്റ് യൂണിയനിലുണ്ടായിരുന്നു. 1950 കളിലായിരുന്നു അത്. അക്കാലത്ത് നേതൃസ്ഥാനത്തേക്കുയര്‍ന്ന വ്യക്തിയായിരുന്നു ഗോര്‍ബച്ചേവ് . അതുകൊണ്ടു തന്നെ സോവിയറ്റ് യൂണിയന്‍ എന്ന ഇരുമ്പുമറക്കകത്തേക്ക് പ്രാഥമികമനുഷ്യാവകാശങ്ങളുടെ കാറ്റും വെളിച്ചവും കടന്നുവരണം എന്നദ്ദേഹം ആഗ്രഹിച്ചു.

1986 ജൂലൈയില്‍ സോവിയറ്റ് യൂണിയനിലെ ഒരു കുഞ്ഞു റിപ്പബ്ലിക്കായ ലാത്വിയ എന്ന നാട്ടില്‍ കുറച്ചു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംഘടിച്ചു. .അവര്‍ ‘റഷ്യയില്‍ നിന്നും സ്വാതന്ത്ര്യം ‘ ആവശ്യപ്പെട്ടു. ഒരു കമൂണിസ്റ്റ് രാഷ്ട്രത്തിനോട് സ്വാതന്ത്ര്യം ആവശ്യപ്പെടുക എന്നതിനര്‍ഥം വെടിയുണ്ട നെഞ്ചിലേറ്റി മരിക്കുക എന്നാണ്. ബ്രിട്ടന്‍ എന്ന രാജ്യം ഭരിച്ചിരുന്നത് കമൂണിസ്റ്റുകള്‍ അല്ലാഞ്ഞതു കൊണ്ടാണ് ഗാന്ധിജി 1948 വരെ ജീവിച്ചത്, അല്ലെങ്കില്‍ സ്വാതന്ത്ര്യം എന്ന വാക്കുച്ചരിച്ച ആദ്യ സമരത്തില്‍ തന്നെ ഗാന്ധിജി വെടി കൊണ്ടു മരിക്കുമായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ചൈനയില്‍ ടിയാനന്‍മെന്‍ സ്വകയറില്‍ സ്വാതന്ത്ര്യം എന്ന് മുദ്രാവാക്യം മുഴക്കിയ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വിരിമാറിലൂടെ കയറിയിറങ്ങിയത് ടാങ്കുകളും വെടിയുണ്ടകളുമായിരുന്നു. എന്നാല്‍ ഗോര്‍ബച്ചേവ് ലാത്വിയന്‍ തലസ്ഥാനമായ റിഗയിലേക്ക് ടാങ്കുകളും തോക്കുകളും പറഞ്ഞയച്ചില്ല. ലാത്വിയയിലൂടെ ഒഴുകുന്ന റിഗാനദിയില്‍ പ്രക്ഷോഭകരുടെ ശവശരീരങ്ങള്‍ ഒഴുകി നടന്നില്ല. ഗോര്‍ബച്ചേവിനറിയാമായിരുന്നു സ്റ്റാലിന്‍ അന്യായമായി സോവിയറ്റ് യൂണിയനോട് കൂട്ടിച്ചേര്‍ത്ത ഒരു ചെറിയ രാജ്യമായിരുന്നു ലാത്വിയ എന്ന് .

1986 ജൂലൈയില്‍ ആരംഭിച്ച ലാത്വിയന്‍ മനുഷ്യാവകാശ പ്രക്ഷോഭം 1986 ഡിസംബര്‍ 26 ആയപ്പോഴേക്കും ജനസമ്മതിയാര്‍ജ്ജിച്ച വന്‍ പ്രക്ഷോഭമായി വളര്‍ന്നു .70 വര്‍ഷം പിന്നിട്ട സോവിയറ്റ് റെജിമിനെതിരെ നടന്ന ആദ്യത്തെ സമരം. ആ സമരം കഴിഞ്ഞിട്ടും പ്രക്ഷോഭകരെല്ലാം ജീവിച്ചിരുന്നു എന്നതാണ് ഗോര്‍ബച്ചേവിന്റെ മാഹാത്മ്യം. ഒരു ജനതയുടെ ഭൂരിപക്ഷത്തിന്റെ സമ്മതമില്ലാതെ കൂട്ടിച്ചേര്‍ക്കപ്പെടുന്ന സ്റ്റേറ്റുകളിലെ ജനങ്ങള്‍ തിരിച്ചടിക്കാനായി അനുകൂല സന്ദര്‍ഭങ്ങള്‍ക്കായി കാത്തിരിക്കും. അതാണ് പിന്നീട് സോവിയറ്റ് യുണിയനില്‍ സംഭവിച്ചത്. സോവിയറ്റ് യൂണിയനിലേക്ക് ബലപ്രയോഗത്തിലൂടെ കൂട്ടി ചേര്‍ക്കപ്പെട്ട രാജ്യങ്ങളിലെല്ലാം പ്രക്ഷോഭം പൊട്ടി പുറപ്പെട്ടു. 1986 ഡിസംബറില്‍ തന്നെ കസാക്കിസ്ഥാനില്‍ പ്രക്ഷോഭം തുടങ്ങി. 1987 മെയ് ആയപ്പോള്‍ റഷ്യയില്‍ തന്നെ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി സമരങ്ങള്‍ ആരംഭിച്ചു. 1987 ജൂലൈയില്‍ ക്രീമിയയിലും അതാവര്‍ത്തിച്ചു..

ഇനി ചെറിയ ഒരു ഫ്‌ലാഷ് ബാക്ക്.

1939 ആഗസ്റ്റ് 23 ന് സ്റ്റാലിന്റെ റഷ്യയും ഹിറ്റ്‌ലറുടെ ജര്‍മ്മനിയും തമ്മില്‍ ഒരു കരാറൊപ്പിട്ടു. മൊളോട്ടോവ് പാക്ട് എന്നതറിയപ്പെടുന്നു. ഹിറ്റ്‌ലറുമായി സ്റ്റാലിന്‍ സഖ്യത്തിലേര്‍പ്പെട്ടപ്പോള്‍ ലാത്വിയ , എസ്റ്റോണിയ, ലിത്വാനിയ എന്നീ മൂന്നു രാജ്യങ്ങളുടെ കഷ്ടകാലമാണ് ആരംഭിച്ചത്. ആ കഷ്ടകാലം ഒരടിമത്തമായി നാലു ദശകങ്ങള്‍ നീണ്ടു. സോവിയറ്റ് യൂണിയന്റെ അടിമ രാജ്യങ്ങളായി 48 വര്‍ഷങ്ങള്‍. 48 വര്‍ഷങ്ങള്‍ക്കു ശേഷം 1987 ആഗസ്റ്റ് 23 ന് ആ മൂന്നു രാജ്യങ്ങളിലും കണ്ടത് ആരുടെയും കണ്ണുനനയിക്കുന്ന കാഴ്ചയായിരുന്നു. അവര്‍ സ്വാതന്ത്ര്യ ഗീതങ്ങള്‍ പാടി. സ്റ്റാലിന്‍ കേറി മേഞ്ഞ ശരീരങ്ങളില്‍ മരിക്കാതെ ബാക്കിവന്നവര്‍ പറഞ്ഞ പീഢന ഗാഥകള്‍ കേട്ടവര്‍ കരഞ്ഞു.

സോവിയറ്റ് യൂണിയന്‍ എന്നായിരുന്നു പേര് എങ്കിലും റഷ്യന്‍ വംശജരുടെ ആധിപത്യമായിരുന്നു ആ യൂണിയനില്‍ നിലനിന്നിരുന്നത്. സ്വാഭാവികമായും മറ്റ് പ്രാദേശികതകള്‍ക്ക് അതംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ മരണഭയം അവരെ നിശ്ശബ്ദരാക്കി. എന്നാല്‍ ഗോര്‍ബച്ചേവിന്റെ മനുഷ്യത്വപരമായ സമീപനങ്ങള്‍ അവരില്‍ സ്വാതന്ത്ര്യദാഹം വര്‍ദ്ധിപ്പിച്ചു. കൂടുതല്‍ പരിഷ്‌ക്കരണങ്ങള്‍ ഉടനടി വേണം എന്ന് ഗോര്‍ബച്ചേവിന് തോന്നിപ്പിക്കാന്‍ മറ്റൊരു സംഭവമുണ്ടായി. ചെര്‍ണോബില്‍ ദുരന്തം. ചെര്‍ണോബിലില്‍ തകരാറുണ്ടെന്നറിഞ്ഞിട്ടും അത് ശരിയായ സമയത്ത് ശരിയായി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടെന്ന് ഗോര്‍ബച്ചേവ് ചിന്തിച്ചു . ഭയം കൊണ്ട്. ഒരു കമ്യൂണിസ്റ്റ് ഭരണക്രമത്തില്‍ എല്ലാവര്‍ക്കും ഭയമാണ്. കുഴപ്പങ്ങള്‍ക്കുത്തരവാദിയായി താന്‍ മാറുമോ ? എന്നെ പരസ്യമായി വെടി വെച്ചു കൊല്ലുമോ എന്ന ഭയം ഓരോരുത്തരിലും പ്രവര്‍ത്തിക്കുന്നു. ചെര്‍ണോബിലനടുത്തുള്ള വിദേശരാജ്യങ്ങളാണ് ആണവ ചോര്‍ച്ചയുണ്ടായ കാര്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് മനസ്സിലാക്കുമ്പോഴാണ് സോവിയറ്റ് യൂണിയനില്‍ നിലനിന്നിരുന്ന ഭയാന്തരീക്ഷത്തിന്റെ തീവ്രത നമുക്ക് മനസ്സിലാകുന്നത്. ഈ ഇരുമ്പു മറ പൊളിച്ചടുക്കണം എന്ന് ഗോര്‍ബച്ചേവിന് ബോധ്യപ്പെടുകയായിരുന്നു.

മറ്റൊരു പ്രധാന പ്രശ്‌നം മദ്യപാനമായിരുന്നു. രാജ്യത്ത് മൊത്തം കുടിയന്മാര്‍. ബോധവല്‍ക്കരണവും കടുത്ത നിയന്ത്രണവുമൊക്കെയായി മദ്യപാനത്തെ നിയന്ത്രിക്കാന്‍ നോക്കിയതോടെ സമ്പദ് വ്യവസ്ഥയുടെ നടുവൊടിഞ്ഞു. ഇന്ത്യയില്‍ മോദി നടപ്പാക്കിയ നോട്ടു നിരോധനം പോലായി അത്. സമ്പദ് വ്യവസ്ഥയുടെ ഊര്‍ജ്ജസ്വലത വീണ്ടെടുക്കാനായി അദ്ദേഹം പറഞ്ഞ വാക്കാണ് പെരിസ്ട്രായിക്ക. 1987 ജനുവരിയില്‍ നടന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ ഗോര്‍ബച്ചേവ് ഒരു വാക്ക് ഉപയോഗിച്ചു. 68 വര്‍ഷമായി റഷ്യയില്‍ ആരും ധൈര്യപൂര്‍വ്വം ഉച്ചരിക്കാത്ത ഒരു വാക്കായിരുന്നു അത്. ഡമോക്രാറ്റിസാറ്റിസിയ അഥവാ ജനാധിപത്യം എന്ന വാക്ക്. അദ്ദേഹം പാര്‍ട്ടിയോട് പറഞ്ഞു. നമുക്കിനി പാര്‍ട്ടി സെക്രട്ടറിയെ തെരഞ്ഞെടുക്കുമ്പോള്‍ ഇലക്ഷന്‍ വേണം. മൂന്നുപേര്‍ ആ സ്ഥാനത്തിനായി മത്സരിക്കട്ടെ. കൂടുതല്‍ വോട്ടു കിട്ടുന്നവര്‍ സെക്രട്ടറിയാകട്ടെ . രാജ്യത്ത് പ്രായപൂര്‍ത്തി വോട്ടവകാശം നടപ്പാക്കണം എന്നല്ല ഗോര്‍ബച്ചേവ് പറഞ്ഞത് , പാര്‍ട്ടിക്കുള്ളില്ലെങ്കിലും ശരിയായ ജനാധിപത്യം വരട്ടെ എന്നായിരുന്നു. എന്നാല്‍ പോളിറ്റ് ബൂറോ അതംഗീകരിച്ചില്ല. ഈ പോളിറ്റ് ബ്യൂറോയെ മാറ്റിയെടുക്കാതെ ഒരു പരിഷ്‌ക്കരണവും നടപ്പില്ല. അതിനായി സ്റ്റാലിന്‍ ചെയ്ത പോലെ സകല സീനിയര്‍ സഖാക്കളെയും ചതിച്ചു കൊല്ലുകയല്ല ഗോര്‍ബച്ചേവ് ചെയ്തത്. പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് പരിഷ്‌ക്കരണ ത്വരയുള്ളവരെ കൊണ്ടുവരികയായിരുന്നു. അങ്ങനെ കൊണ്ടുവന്ന ഒരാളാണ് ബോറിസ് യെത്സിന്‍ .

ഗോര്‍ബച്ചേവ് പിന്നീട് കൊണ്ടു വന്ന ആശയമാണ് ഗ്ലാസ് നോസ്റ്റ് . നിര്‍ഭയമായ പത്രപ്രവര്‍ത്തനം. ഒരു വിലങ്ങുകളുമില്ലാതെ മനുഷ്യര്‍ ആശയ പ്രകാശനം നടത്തട്ടെ എന്നാണാ വാക്കിന്റെ അര്‍ത്ഥം. 1987 ഫെബ്രുവരി 7 ന് 37 വര്‍ഷമായി തടവില്‍ കിടക്കുന്ന 500 ല്‍ പരം രാഷ്ട്രീയ തടവുകാരെ ഗോര്‍ബച്ചേവ് വിട്ടയച്ചു. അതായത് സോവിയറ്റ് യൂണിയനില്‍ പത്തറുപത്തി അഞ്ചു കൊല്ലത്തിനു ശേഷം ആദ്യമായി അഭിപ്രായ സ്വാതന്ത്ര്യം, പത്ര സ്വാതന്ത്ര്യം, സാമ്പത്തിക പരിഷ്‌ക്കരണം, ജനാധിപത്യം എന്നിവയെല്ലാം പരിമിതമായ രീതിയില്‍ കൊണ്ടുവന്നു എന്ന ‘ചെറിയ ഒരു കാര്യം ‘ മാത്രമെ ഗോര്‍ബച്ചേവ് ചെയ്തുള്ളൂ. ബാക്കി എല്ലാം റഷ്യന്‍ വംശജരുടെ അടിമകളായി മാറേണ്ടി വന്ന മറ്റ് വംശജര്‍ ചെയ്തു .

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എസ്റ്റോണിയ ആയിരുന്നു ആദ്യമായി സ്വാതന്ത്ര്യം പ്രാഖ്യാപിച്ച രാജ്യം. 1988 നവംബര്‍ 16 ന് അവര്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. 1990 മാര്‍ച്ച് 11 ന് ലിത്വാനിയ സോവിയറ്റ് യൂണിയനില്‍ നിന്നും നിയമപ്രകാരം മാറി സ്വതന്ത്ര രാഷ്ട്രമായി. തൊട്ടുപിറകെ ജോര്‍ജിയയിലെ ഒരു വലിയ പ്രദേശം. തുടര്‍ന്ന് 1991 ല്‍ ബോറിസ് യെത്സിന്റെ നേതൃത്വത്തില്‍ റഷ്യ, ക്രാവ് ചുക്കിന്റെ നേതൃത്വത്തില്‍ ഉക്രയിന്‍ , ഷുഷ്‌ക്കേവിച്ചിന്റെ നേതൃത്വത്തില്‍ ബെലാറസ് ഏറ്റവുമവസാനം കസാക്കിസ്ഥാന്‍. എല്ലാ രാജ്യങ്ങളും പരസ്പരം സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിച്ചു ഒരു കോമണ്‍വെല്‍ത്ത് ആയി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സോവിയറ്റ് യൂണിയന്‍ എന്ന് പേരിട്ട് റഷ്യന്‍ കമൂണിസ്റ്റ് എകാധിപതികളുടെ കീഴില്‍ അടിമകളായി കഴിഞ്ഞ റിപ്പബ്ലിക്കുകള്‍ സ്വതന്ത്ര രാഷ്ട്രങ്ങളായി ഒരു കോമണ്‍വെല്‍ത്തിനുള്ളില്‍ നില്‍ക്കാന്‍ തീരുമാനിച്ചു.

ഇത് തടയാന്‍ ഗോര്‍ബച്ചേവിന് കഴിയുമായിരുന്നോ ? പറ്റുമായിരുന്നു എന്നാണ് ഉത്തരം. പക്ഷെ എന്തിന് എന്നൊരു ചോദ്യം വീണ്ടും ബാക്കിയാകും. ചരിത്ര പ്രക്രിയയില്‍ ഇടപെട്ട് ചരിത്രഗതിയെ സ്വന്തം ഇഷ്ടത്തിന് വഴിതിരിച്ച് വിടുകയാണ് 1917 ല്‍ ലെനിന്‍ ചെയ്തത്. എന്നിട്ട് തന്റെ തലക്കുള്ളില്‍ ഉണ്ടായിരുന്ന ആശയങ്ങള്‍ സമൂഹത്തില്‍ പരീക്ഷിക്കാന്‍ അയാള്‍ ശ്രമിച്ചു. അതൊരു ‘കട്ടില്‍ പരീക്ഷണമായിരുന്നു’. താന്‍ ഡിസൈന്‍ ചെയ്ത വിചിത്രമായ ഒരു കട്ടില്‍ . ആ കട്ടിലില്‍ മനുഷ്യരാശിയെ കിടത്തുന്നു. പിന്നെ എന്താണ് സംഭവിക്കുന്നത്?. ആദ്യകാലത്ത് കമൂണിസത്തില്‍ ആകൃഷ്ടനായിരുന്ന വയലാര്‍ രാമവര്‍മ്മ ഇങ്ങനെ പറയുന്നു.

‘അവന്റെ കട്ടിലിനേക്കാള്‍ വലുതാണവരുടെ ഉടലുകളെങ്കില്‍,
അറിഞ്ഞു ദൂരെത്തള്ളും കത്തിക്കവരുടെ കയ്യും കാലും….
അവന്റെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ ഉടലുകളെങ്കില്‍,
അടിച്ചുനീട്ടും ചുറ്റികകൊണ്ടവനവരുടെ കയ്യും കാലും ‘

എല്ലാ കമൂണിസ്റ്റുകളും എല്ലായിടത്തും ചെയ്തു കൊണ്ടിരിക്കുന്നത് അവരുടെ കട്ടിലില്‍ മനുഷ്യരാശിയെ കിടത്തുന്ന ഭഗീരഥ പ്രയത്‌നമാണ്. ആ കട്ടിലിന് പാകമാകാത്ത എല്ലാ ശരീര ഭാഗങ്ങളും അവര്‍ വെട്ടി മുറിച്ചെറിയുന്നു. അവരുടെ ആശയങ്ങളോടു അനുഭാവം പുലര്‍ത്താത്തവരെ മുഴുവന്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു. ഗോര്‍ബച്ചേവിനും ആ പാത പിന്തുടരാമായിരുന്നു . തോക്കുണ്ടായിരുന്നു പീരങ്കിയുണ്ടായിരുന്നുടാങ്കുകള്‍ ഉണ്ടായിരുന്നു.എന്തിന്, ആണാവായുധം വരെ ഇഷ്ടം പോലുണ്ടായിരുന്നു. പക്ഷെ അദ്ദേഹം അതിനൊന്നും തുനിഞ്ഞില്ല. ലെനിന്‍ നടത്തിയ കട്ടില്‍ പരീക്ഷണം , സ്റ്റാലിന്റെ കാലത്ത് പരമകാഷ്ഠയിലെത്തി. ക്രൂഷ്‌ചേവ് അല്‍പ്പം കാഠിന്യം കുറച്ചു. എങ്കിലും വലിയ മാറ്റമൊന്നും വരുത്താന്‍ കഴിഞ്ഞില്ല. ചൈനയെപ്പോലെ ചോരപ്പുഴകളൊഴുക്കി ഗോര്‍ബച്ചേവിന് വേണമെങ്കില്‍ ആ കട്ടില്‍ പരീക്ഷണം തുടരാമായിരുന്നു. മില്യണ്‍ കണക്കിന് മനുഷ്യരെ കൊന്നാടുക്കിയ ‘മഹാനായ സ്റ്റാലിന്റെ’ റെക്കോര്‍ഡ് വേണമെങ്കില്‍ സ്വന്തം പേരിലാക്കാമായിരുന്നു – പക്ഷെ ചെയ്തില്ല. എന്തു കൊണ്ട് ചെയ്തില്ല എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം ഇതാണ്. ഗോര്‍ബച്ചേവ് ഒരു കമൂണിസ്റ്റുകാരനായിരുന്നില്ല. ആധുനിക മനുഷ്യനായിരുന്നു. സമാധാനത്തിലും സഹിഷ്ണുതയിലും വിശ്വസിക്കുന്ന ന്യൂന പക്ഷം റഷ്യക്കാരുടെ സ്വന്തം ഗാന്ധി. ആദരാജ്ഞലികള്‍ മഹാത്മാവെ.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply