2024ല്‍ നവംബര്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍

തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ജയപരാജയങ്ങള്‍ക്കപ്പുറത്ത് പ്രതിപക്ഷം ആലോചിക്കേണ്ടത് തങ്ങളുടെ രാഷ്ട്രീയ ഭാഷയെക്കുറിച്ചാണ്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയത്തിനൊരു ആശയദാരിദ്ര്യമുണ്ട്. ബിജെപിക്ക് മറുപടി പറയുക എന്നതാണ് പലപ്പോഴും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയവര്‍ത്തമാനം

ഹിന്ദിമേഖലയില്‍ ബിജെപിയുടെ ആധിപത്യം തുടരുന്നു എന്നതാണ് നവംബറിലെ അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന ആദ്യത്തെ പാഠം. രണ്ടാമതായി, കോണ്‍ഗ്രസ്സ്. തോല്‍വിയടഞ്ഞ മൂന്നു ഹിന്ദിമേഖലാ സംസ്ഥാനങ്ങളിലൊരിടത്തും ആ പാര്‍ട്ടിയുടെ വോട്ട് ശതമാനം 2018 ല്‍ മൂന്നിടത്തും അവര്‍ ജയിച്ചപ്പോള്‍ ലഭിച്ച വോട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞിട്ടില്ല.എന്നാല്‍ ബിജെപിയുടെ വോട്ടുകള്‍ ഗണ്യമായി കൂടിയിരിക്കുന്നു. ബിഎസ്പിയുടെ തകര്‍ച്ച എടുത്തുപറയേണ്ട ഒരു കാര്യമാണ്. കാരണം, പല തിരഞ്ഞെടുപ്പ് ഫല വിശകലനങ്ങളും കണ്ടെത്തിയത് ദളിത് ആദിവാസി വോട്ടുകള്‍, സ്ത്രീകളുടേത് എന്നപോലെ ബിജെപിയിലേക്ക് ഒഴുകിയിട്ടുണ്ട്.

ഇന്ന് ബിജെപി വെറുമൊരു ഹിന്ദു ഉയര്‍ജാതി പാര്‍ട്ടിയല്ല; ഹിന്ദി മേഖലയിലെ സബാള്‍ട്ടേണ്‍ ജനതയുടെ പാര്‍ട്ടി കൂടിയല്ലേ എന്ന് സംശയിക്കേണ്ടിവരും. അതിന്റെ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ ആ ജനജാതികളുടെ രാഷ്ട്രീയമായ ഹൈന്ദവവല്‍ക്കരണം മാത്രമല്ല ഭരണപരിഷ്‌ക്കാരങ്ങള്‍ മുഖേന അവര്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളും റേഷന്‍ മുതല്‍ പല സ്‌കീമുകളില്‍ കൂടി ലഭ്യമാകുന്ന സാമ്പത്തിക സഹായങ്ങള്‍ വരെ, നിയമ പരിരക്ഷയെക്കുറിച്ചുള്ള വാഗ്ദാനങ്ങളും സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് പറയേണ്ടിവരും. കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ രാജസ്ഥാനില്‍ സൃഷ്ടിച്ചെടുത്ത വെല്‍ഫെയര്‍ സ്‌റ്റേറ്റിന് ബദല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടിറങ്ങി വാഗ്ദാനങ്ങളുടെ രൂപത്തില്‍ ജനസമക്ഷം അവതരിപ്പിക്കുകയുണ്ടായി. വടക്കേയിന്ത്യയില്‍ മോദി സൃഷ്ടിച്ചെടുത്തിരിക്കുന്ന വിശ്വാസ്യതയുടെ രാഷ്ട്രീയമുണ്ട്. അതിനെ സമര്‍ത്ഥമായി ചോദ്യം ചെയ്യാന്‍ പ്രതിപക്ഷത്തിന് ഇന്നും കഴിയുന്നില്ല. ആ വിശ്വാസ്യത മോദി സൃഷ്ടിച്ചെടുത്തിരിക്കുന്നത് മതവും പ്രാദേശിക വിശ്വാസങ്ങളും ഹിന്ദിഭാഷയും ആടയാഭരണങ്ങളും അംഗവിക്ഷേപങ്ങളും മാധ്യമസ്വാധീനവും ഒക്കെ ചേര്‍ന്ന ഒരു പാക്കേജില്‍ കൂടിയാണ്. കോണ്‍ഗ്രസ്സിന്റെ പഴയ രീതിയിലുള്ള നേതൃത്വത്തിന് ഈ ഭാഷയോ അതിനൊരു മറുപടിയോ നല്‍കാനറിയില്ല. അവര്‍ ചെയ്യേണ്ടത് പുതിയ ഒരു ആശയഭൂമിക അവതരിപ്പിക്കുക എന്നതാണ്. അതിനവര്‍ മുതിരുന്നുമില്ല.

മൂന്നാമത്തെ പാഠം, തെലുങ്കാനയിലെ കോണ്‍ഗ്രസ്സിന്റെ വിജയമാണ്. മുമ്പൊരിക്കലും ഒരു പ്രാദേശിക പാര്‍ട്ടിക്ക് അടിയറവ് പറഞ്ഞതിന് ശേഷം കോണ്‍ഗ്രസ്സിന് ഭരണത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല. തമിഴ്‌നാടുമുതല്‍ യുപിയും ബീഹാറും ബംഗാളും ഒഡീസയുമൊക്കെ ഉദാഹരണങ്ങള്‍. 18% ത്തില്‍ നിന്നും പാര്‍ട്ടിയുടെ വോട്ട് 40% അടുത്തേക്ക് വളര്‍ന്നിരിക്കുന്നു എന്നത് കോണ്‍ഗ്രസ്സിന്റെ ഇന്നത്തെ അവസ്ഥയില്‍ അഭൂതപൂര്‍വ്വമായ പരിണാമമാണ്. കര്‍ണ്ണാടകത്തിലെ വിജയത്തിന്റെ മാറ്റൊലി കൂടിയാണ് തെലുങ്കാനയിലെ തിരഞ്ഞെടുപ്പ് വിജയം എന്ന് പറയുന്നവരുണ്ട്. അതിനപ്പുറത്ത് പാര്‍ട്ടിയുടെ സമര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ പ്രാദേശിക നേതൃത്വത്തിന്റെ വിജയം കൂടിയാണ് തെലുങ്കാന വിജയം. അതിന്റെ പ്രതിഫലനം പഴയ നിസാമേറ്റിന്റെ ഭാഗമായിരുന്ന മറാട്ട്‌വാഢയില്‍ കാണാന്‍ കഴിഞ്ഞേക്കും. കോണ്‍ഗ്രസ്സിന് ഒരു തിരിച്ചുവരവിന് ഇന്നും സാധ്യതയുള്ള സംസ്ഥാനമാണ് മറാഠ്‌വാഢ ഉള്‍പ്പെടുന്ന മഹാരാഷ്ട്ര.

നാലാമത്തെ പാഠം, ബിജെപിയുടെ സംഘടനാ സംവിധാനത്തിന്റെ കെട്ടുറപ്പാണ്. സി.പി.എം. ഒക്കെ പോലെയൊരു കാഡര്‍പാര്‍ട്ടിയാണ് ബിജെപി. തങ്ങളുടെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്കപ്പുറം പാര്‍ട്ടിയുടെ താല്പര്യം സംരക്ഷിക്കാന്‍ 24/7 പണിയെടുക്കുന്ന വലിയൊരു പറ്റം കാഡര്‍മാരും നേതാക്കളും ആ പാര്‍ട്ടിക്കുണ്ട്. ആര്‍.എസ്.എസ്സിന്റെ പ്രത്യയശാസ്ത്ര പരിസരം അതിന് അവരെ പ്രേരിപ്പിക്കുന്നുണ്ട്. ആ തയ്യാറെടുപ്പിന്‍മേല്‍ പാര്‍ട്ടി സംഘടന കെട്ടിപ്പടുത്തിരിക്കുന്നു. അതിലേക്കാണ് മോദി നിര്‍മ്മിത രാഷ്ട്രീയം ഇറങ്ങിച്ചെല്ലുന്നത്. കോണ്‍ഗ്രസ്സ് വിജയം ഉറപ്പാക്കിയിരുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി ജയിച്ചത് ഈ സംഘടനാ മിടുക്കുകൊണ്ടാണ്. പണമൊഴുക്കിയും പാര്‍ട്ടി അച്ചടക്കം കൈവിടാതെയും തങ്ങളുടെ പ്രത്യയശാസ്ത്രപരിസരത്തിനനുസൃതമായി സിവില്‍ സമൂഹവുമായി കൈകോര്‍ത്തുകൊണ്ട് ബിജെപി മത്സരിക്കുന്നു. ദേശീയതയും അന്തര്‍ദേശീയതയും മുസ്‌ലിം വിരോധവും ദേശതാല്പര്യമായിട്ട് അവര്‍ പ്രചരിപ്പിക്കുന്നു. അത് പ്രതിരോധിക്കാന്‍ വേണ്ടുന്ന പ്രത്യയശാസ്ത്രസ്ഥൈര്യമോ ഭാഷയോ സംഘടന തന്നെയോ ഇന്ന് കോണ്‍ഗ്രസ്സിന്റെ കൈയ്യിലില്ല. കൈയ്യിലുള്ളതാകട്ടെ പഴയ മുഖങ്ങള്‍, വായിച്ചുകഴിഞ്ഞ താളുകള്‍; അവയ്ക്കാകട്ടെ വിശ്വാസ്യത വളരെക്കുറവും. എന്നിരിക്കിലും സംഘടനയും നേതാക്കളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ മൂന്നിടത്തും ഒരുപക്ഷേ ജയിക്കാമായിരുന്നു. അശോക് ഹെഗ്‌ലോട്ട് സച്ചിന്‍ പൈലറ്റ് തര്‍ക്കം രാജസ്ഥാനില്‍, കമല്‍നാഥിന്റെ അപ്രമാദിത്യം മധ്യപ്രദേശില്‍, ഭൂപേഷ് ബാഗേലിന്റെ താന്‍പോരിമ ഛത്തീസ്ഗഢില്‍. തോല്‍വിക്ക് ബിജെപിയുടെ സംഘടനാമികവുകള്‍ പോലെ തന്നെ ഇക്കാര്യങ്ങളും കാരണഹേതുക്കളാണ്.

തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ജയപരാജയങ്ങള്‍ക്കപ്പുറത്ത് പ്രതിപക്ഷം ആലോചിക്കേണ്ടത് തങ്ങളുടെ രാഷ്ട്രീയ ഭാഷയെക്കുറിച്ചാണ്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയത്തിനൊരു ആശയദാരിദ്ര്യമുണ്ട്. ബിജെപിക്ക് മറുപടി പറയുക എന്നതാണ് പലപ്പോഴും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയവര്‍ത്തമാനം. എന്നാല്‍, മോദിയുടെ രാഷ്ട്രീയത്തിന്റെ ഒരു ധാര മാത്രമാണ് കോണ്‍ഗ്രസ്സ്/പ്രതിപക്ഷ വിമര്‍ശനം. മോദി രാഷ്ട്രീയം ഹിന്ദി മേഖലയില്‍ നേടിയിരിക്കുന്ന സ്വാധീനത്തിന്റെ മുഖ്യകാരണം അതിലടങ്ങിയിരിക്കുന്ന അഭിലാഷ പ്രത്യാശാ രാഷ്ട്രീയമാണ്. ഭാവി ഇന്ത്യയുടേതാണ്, ഭാവി നിങ്ങളുടേതാണ് എന്നാണ് മോദി പറയുന്നത്. അതിന് തടയിടുന്നത് പ്രതിപക്ഷവും. പ്രതിപക്ഷമെന്നാല്‍ തനിക്ക് തടയിടുന്ന എല്ലാവരും: മുസ്‌ലിങ്ങള്‍, ഇടതുപക്ഷക്കാര്‍, വിമത ചിന്തകര്‍, കോണ്‍ഗ്രസ്സുകാര്‍, അങ്ങനെ എല്ലാവരും. പ്രത്യാശയുടെ രാഷ്ട്രീയം രാഷ്ട്രീയമെന്നത് ഭരണാധികാരത്തെ ഒരു ബ്യൂറോക്രാറ്റിക് പ്രക്രിയയായിട്ടാണ് അവതരിപ്പിക്കുന്നത്. ഭൗതികജീവിതം മെച്ചപ്പെടുത്തുന്ന ഭരണ പരിഷ്‌ക്കാരങ്ങള്‍ വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്. എന്നുമാത്രമല്ല, ഭൗതികജീവിതം മെച്ചപ്പെടുത്താന്‍ മറ്റേതിനേക്കാളും ഹിന്ദി മേഖലയില്‍ ഇന്ന് ജനത ആശ്രയിക്കുന്നത് സര്‍ക്കാരിനെയാണ്. തൊഴില്‍ ഇല്ലായിരിക്കാം എന്നാല്‍ റേഷനുണ്ട്, ചെറിയ പെന്‍ഷന്‍ സഹായങ്ങളുണ്ട്. ഫോണില്‍ കൂടിയും ബാങ്കില്‍ കൂടിയും ഇടനിലക്കാരില്ലാതെ അത് ജനങ്ങള്‍ക്ക് ലഭിക്കുന്നു. കാരണക്കാരനോ അന്നദാതാവായ മോദിയും.

ഈ ഭരണമോഡലിന്റെ പ്രത്യേകത ഭൗതിക സാഹചര്യം മോശമാകുമ്പോള്‍ നിങ്ങള്‍ വീണ്ടും സ്‌റ്റേറ്റിന്റെ, മോദിയുടെ, ആശ്രിതനാകുന്നു എന്നുള്ളതാണ്. കോവിഡ്കാലത്ത് ദിനരാത്രങ്ങള്‍ നടന്ന് ഗ്രാമങ്ങളിലെത്തിയവര്‍ ഇന്നും ഓര്‍ക്കുന്നത് അവര്‍ക്ക് ലഭിക്കുന്ന റേഷന്‍ ധാന്യമാണ്. മഹാനഗരത്തിന്റെ അരക്ഷിതത്വത്തേക്കാള്‍ സ്വന്തം ഗ്രാമത്തിലെ കസ്ബകളിലെ ധാന്യസുരക്ഷ അവരെ തൃപ്തനാക്കുന്നു. അതിനവര്‍ മോദിയോട് നന്ദി പറയുന്നു. അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിക്കുന്ന വര്‍ഗ്ഗീയ കലാപങ്ങളോ സ്‌ഫോടനങ്ങളോ ഒന്നുമിപ്പോള്‍ ഇല്ലല്ലോ എന്ന് ആശ്വസിക്കുകയും ചെയ്യുന്നു. അതിനും അവന്‍ ‘യോഗിയും”ത്യാഗി’യുമായ മോദിക്ക് നന്ദി പറയുന്നു. ഈ ‘സ്വസ്ഥത’യെ തകര്‍ക്കുന്ന ദാരിദ്ര്യവും അരക്ഷിതാവസ്ഥയും ഭീഷണിപ്പെടുത്തുമ്പോള്‍ മാത്രമേ ഈ രാഷ്ട്രീയത്തെ അവന്‍ ചോദ്യം ചെയ്യാന്‍ തയ്യാറാവുകയുള്ളൂ എന്ന് വരാം.

ഏഴില്‍പരം ശതമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തുന്ന ഒരു സമ്പദ്ഘടനയില്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമുണ്ട്. ക്ഷേമ പദ്ധതികള്‍ക്കായി ആ പണം ധാരാളമായി ചെലവഴിക്കപ്പെടുന്നുണ്ട്. റേഷന്‍ സംവിധാനവും മറ്റും മോശമായ അവസ്ഥയില്‍ നടപ്പിലാക്കപ്പെട്ടിരുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ടെക്‌നോളജി ഇതില്‍ പങ്കുവഹിച്ചിട്ടുണ്ട്. പഴയ ഇടനിലക്കാരെ മാറ്റിക്കൊണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുന്നു. റേഷന്‍കടകളില്‍ അരി ലഭ്യമാകുന്നു. കര്‍ഷകര്‍ക്കുള്ള സബ്‌സിഡികളും അക്കൗണ്ടുകളില്‍ എത്തുന്നു. പ്രധാനമന്ത്രിയുടെ പേരിലാണ് ഈ ക്ഷേമ പദ്ധതികളും സഹായങ്ങളും സബ്‌സിഡികളും ബ്രാന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്.

ലാഭാര്‍ത്ഥി എന്നൊരു വോട്ട് ഗണം തന്നെ ഇന്ന് തെരഞ്ഞെടുപ്പ് വിശകലനങ്ങളില്‍ കേള്‍ക്കാം. സര്‍ക്കാരിന്റെ ക്ഷേമ സഹായങ്ങള്‍ കൈപ്പറ്റുന്ന വിഭാഗത്തെയാണ് ലാഭാര്‍ത്ഥി എന്ന് വിളിക്കുന്നത്. സ്ത്രീകളാണ് ലാഭാര്‍ത്ഥി ചര്‍ച്ചകളിലെ പ്രധാനപ്പെട്ടവര്‍. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഒക്കെ സ്ത്രീ വോട്ടര്‍മാരുടെ ഇടയില്‍ ലാഭാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. അവര്‍ പലരും ഇന്ന് ബിജെപി വോട്ടര്‍മാരാണ്. ലാ ഭാര്‍ത്ഥി രാഷ്ട്രീയം ഏറ്റവും കൂടുതല്‍ പറയുന്നതും മോദി തന്നെ ആയതുകൊണ്ട് അതിന്റെ ക്രെഡിറ്റില്‍ ഭൂരിപക്ഷവും ബിജെപിക്ക് ലഭിക്കുന്നു. 18 കൊല്ലമായി മുഖ്യമന്ത്രിയായി തുടരുന്ന ശിവരാജ് ചൗഹാന്റെ ജനപിന്തുണയും ക്ഷേമപദ്ധതികളും സ്ത്രീ വോട്ടര്‍മാരുടേതാണെന്ന് പറയാറുണ്ട്. കാര്‍ഷിക രംഗത്ത് ചൗഹാന്റെ കാലത്ത് ഉണ്ടായ കുതിപ്പും ചൗഹാന്റെ നിലനില്‍പ്പിനെ സഹായിച്ചിട്ടുണ്ട്. ബിജെപി രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്ന ഈ ഭരണ മികവുകള്‍ തെരഞ്ഞെടുപ്പുകളില്‍ വലിയ ഘടകം തന്നെയാണ്.

ഈ ഭരണ മാതൃക രാജസ്ഥാനില്‍ ഗഹ് ലോട്ട് നടപ്പിലാക്കിയിരുന്നു. കുറെയൊക്കെ ഛത്തീസ്ഗഡിലും ബാര്‍ഗേല്‍ സര്‍ക്കാര്‍ ഇതേ പാതയാണ് പിന്തുടരുന്നത്. എന്നാല്‍ സംഘടനാ പ്രശ്‌നങ്ങളും ജനലക്ഷങ്ങളുമായി വിനിമയം നടത്തുന്നതിലുള്ള പരിമിതികളും കോണ്‍ഗ്രസിന്റെ ജനസമ്പര്‍ത്തെ ഗണ്യമായി ബാധിച്ചു. ക്ഷേമ പദ്ധതികളെ ഹിന്ദുത്വ ദേശീയതയുടെ പ്രകാശനമായി അഭിലാഷാ രാഷ്ട്രീയത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന മോദിക്ക് സമാനമായ ഒരു നേതാവില്ലാത്തത് കോണ്‍ഗ്രസിന്, പ്രതിപക്ഷത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഇങ്ങനെയിരിക്കിലും ഹിന്ദി ബെല്‍റ്റ് രാഷ്ട്രീയത്തിന്റെ ആധാര ശ്രുതിയായി തുടരുന്നത് ഹിന്ദുത്വ വര്‍ഗീയത തന്നെയാണ്. ഹിന്ദു എന്ന സ്വത്വത്തെ അഭിലാഷിഗണമായി (ആസ്പിരേഷണല്‍ ഐഡന്റിറ്റി ) അവതരിപ്പിക്കുന്ന രാഷ്ട്രീയം സംഘപരിവാര്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഗര്‍വ്വ് സെ കഹോ ഹം ഹിന്ദു ഹെ (അഭിമാനത്തോടെ പറയുക, നമ്മള്‍ ഹിന്ദുക്കളാണെന്ന്) എന്ന മുദ്രാവാക്യം ഓര്‍ക്കുന്നുണ്ടാകുമല്ലോ. ഈ ഹിന്ദു സ്വത്വ ബോധത്തിന്റെ അസ്ഥിവാരത്തിലാണ് ബിജെപിയുടെ രാഷ്ട്രീയം പടുത്തുയര്‍ത്തിയിരിക്കുന്നത്.

രാജസ്ഥാനിലും മധ്യപ്രദേശത്തിലും ഛത്തീസ്ഗഡിലും ഒക്കെ ഇതിന് മോദിപ്രഭാവം തുടങ്ങുന്നതിനു മുന്‍പേ വേരുകള്‍ ഉണ്ട്. മധ്യഭാരതമാണ് ഇന്ത്യയിലെ ഹിന്ദുരാഷ്ട്രീയത്തിന്റെ ആരൂഢം. കുശുഭാവ് താക്കറെയെ പോലുള്ള പ്രവര്‍ത്തകര്‍ ആര്‍എസ്എസിന് പ്രാദേശികമായി സ്വാധീനം ഉണ്ടാക്കികൊടുക്കുന്നത് 1960 കളിലാണ്. നാട്ടുരാജാക്കന്മാരില്‍ നിന്നും ഈ രാഷ്ട്രീയത്തിന് വലിയ പിന്തുണയും ലഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലെ രാഷ്ട്രീയ ഭൂമികയല്ല ഇത്. ജാതി സെന്‍സസിനും ഒബിസി രാഷ്ട്രീയത്തിനും ഗംഗാ തടത്തിലെപ്പോലെ ഇവിടെ സ്വാധീനം ചെലുത്താന്‍ കഴിയില്ല. ജാതി ഇല്ലാത്തതു കൊണ്ടല്ല. ഗംഗാതടത്തിലെപ്പോലെ ജാതിയെ മുന്‍നിര്‍ത്തിയുള്ള ഒരു രാഷ്ട്രീയ വിശകലനധാര, ലോഹ്യാ രാഷ്ട്രീയം മധ്യ ഇന്ത്യയില്‍ ഒരു കാലത്തും പ്രബലമായിരുന്നില്ല. അതുകൊണ്ടുതന്നെ ഡിഎംകെയുടെ സനാതനധര്‍മ്മ വിമര്‍ശനം പ്രതിപക്ഷത്തിനെതിരെ ആയുധമാക്കാന്‍ ബിജെപി പ്രയാസപ്പെടേണ്ടി വന്നില്ല. ഗ്രാമീണ മേഖലയില്‍ സന്ത് / സന്യാസി പരമ്പരകളെ കൂട്ടുപിടിച്ച് സനാതന ധര്‍മ്മ വിരുദ്ധരായി പ്രതിപക്ഷത്തെ ബിജെപി ആക്ഷേപിക്കുകയും ചെയ്തു. പ്രതിപക്ഷമാകട്ടെ ബിജെപിയുടെ വിമര്‍ശത്തെ നേരിട്ടത് ബിജെപിയുടെ തന്നെ രാഷ്ട്രീയം പറഞ്ഞുകൊണ്ട് പ്രത്യേകിച്ചും കമലനാഥും ബാഗേലും. കമല്‍നാഥ് രാമക്ഷേത്ര നിര്‍മ്മാണത്തിന് ക്രെഡിറ്റ് നല്‍കേണ്ടത് കോണ്‍ഗ്രസിനാണെന്ന് അവകാശപ്പെടുകയും സനാതനധര്‍മ്മവിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ത്യമുന്നണിയുടെ റാലി നടത്താന്‍ വിസമ്മതിക്കുകയും ചെയ്തു. ബഗേല്‍ ആകട്ടെ ബിജെപിയുടെ രാമ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി തീര്‍ത്ഥപദങ്ങളും മറ്റും തുടങ്ങി. പ്രത്യക്ഷത്തില്‍ തന്നെ രണ്ടുപേരും ബിജെപിയുടെ രാഷ്ട്രീയത്തെ അംഗീകരിക്കുകയാണ് ചെയ്തത്. എന്നുമാത്രമല്ല തങ്ങളുടെ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളെ തള്ളിപ്പറയുന്നുമുണ്ട് അവര്‍.

മതവിരുദ്ധ രാഷ്ട്രീയം പറയണമെന്നല്ല ഇവിടെ വിവക്ഷ. പക്ഷേ തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗിയുടെ രാഷ്ട്രീയത്തെ നിരുപാധികമായി പിന്തുണയ്‌ക്കേണ്ടതില്ല. തങ്ങള്‍ എന്താണ് എന്ന് സ്വയം തിരിച്ചറിയാനോ ആ രാഷ്ട്രീയം പറയാനോ വിമുഖത കാണിക്കുന്ന ഒരു കോണ്‍ഗ്രസ് നേതൃത്വം പ്രത്യക്ഷത്തില്‍ ബിജെപി രാഷ്ട്രീയത്തെ സഹായിക്കുകയാണ് ചെയ്യുന്നത്.

പ്രതിപക്ഷ രാഷ്ട്രീയമെന്നാല്‍ ബിജെപിയെ അനുകരിക്കലോ ബിജെപിയുടെ നിലപാടുകള്‍ക്ക് മറുപടി പറയല്‍ മാത്രമോ അല്ല. മറിച്ച് തങ്ങളുടെ വേറിട്ട ഒരു രാഷ്ട്രീയ കാഴ്ചപ്പാട് അവതരിപ്പിക്കല്‍ കൂടിയായിരിക്കണം. ഭാരത് ജോഡോ യാത്രയില്‍ അവതരിപ്പിച്ച രാഷ്ട്രീയം, തെരഞ്ഞെടുപ്പുകളില്‍ പറയാന്‍ ശ്രമിച്ച ക്ഷേമ രാഷ്ട്ര വാഗ്ദാനങ്ങള്‍, ജാതി സെന്‍സസുമായി ബന്ധപ്പെട്ട് നടത്തുന്ന പരാമര്‍ശങ്ങള്‍ ഇവ മൂന്നും രാഹുല്‍ഗാന്ധി നിരന്തരം പറയുന്നുണ്ട്. ദേശീയത, ക്ഷേമം, സാമൂഹികം എന്നിവ മൂന്നും ചേര്‍ന്ന ഒരു പുതിയ രാഷ്ട്രീയ സങ്കല്പം കോണ്‍ഗ്രസിന്, പ്രതിപക്ഷത്തിന് അവതരിപ്പിക്കാന്‍ കഴിയേണ്ടതാണ്. ഗാന്ധി-നെഹ്‌റു -അംബേദ്കര്‍-ലോഹ്യ-പെരിയാര്‍ രാഷ്ട്രീയ പാരമ്പര്യത്തില്‍നിന്നും ഈ രാഷ്ട്രീയം പറയാനുള്ള ഊര്‍ജ്ജം പ്രതിപക്ഷത്തിന് ലഭിക്കേണ്ടതാണ്. ദേശീയ പ്രസ്ഥാനത്തിന്റെയും സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും പിന്തുടര്‍ച്ചയും ‘ഇന്ത്യ’യ്ക്ക് അവകാശപ്പെടാവുന്നതാണല്ലോ. ഇപ്പറഞ്ഞത് താല്‍ക്കാലിക തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കായുള്ള ഒരു തന്ത്രമോ നയമോ ആയിട്ടല്ല പ്രത്യയശാസ്ത്ര കാഴ്ചപ്പാടായി തന്നെ കോണ്‍ഗ്രസ്സും ഇന്ത്യ മുന്നണിയും സ്വീകരിക്കണം.

സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ പൊതുനിരഞ്ഞെടുപ്പിന്റെ കണ്ണാടി ഒന്നുമല്ല. എങ്കിലും ഈ പരാജയങ്ങള്‍ കോണ്‍ഗ്രസിനെയും ‘ഇന്ത്യ’ മുന്നണിയെയും പരിക്ഷീണരാക്കും. കര്‍ണാടക-തെലുങ്കാന വിജയങ്ങളുടെ സ്വാധീനം മഹാരാഷ്ട്രയില്‍ ഉണ്ടാകും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വാസ്തവത്തില്‍ വലിയൊരു രാഷ്ട്രീയ വിടവ് ഇന്ത്യയില്‍ രൂപപ്പെട്ടിട്ടുണ്ട്. നര്‍മ്മദയ്ക്കു താഴെയുള്ള പ്രദേശങ്ങളിലും കിഴക്കന്‍ യുപിക്ക് പടിഞ്ഞാറോട്ട് ഉള്ള കിഴക്കേ ഇന്ത്യയിലും രാഷ്ട്രീയം ഇപ്പോഴും ഹിന്ദുത്വ പരിപ്രേക്ഷ്യത്തിന്റെ സമ്പൂര്‍ണ്ണ സ്വാധീനത്തില്‍ അല്ല. മോദിയുടെ തെരഞ്ഞെടുപ്പ് ഭാഷ ഹിന്ദി മേഖലയില്‍ എന്നപോലെ ഇവിടെ വിജയിക്കുന്നില്ല. പ്രാദേശിക രാഷ്ട്രീയ ധാരകളുടെ സ്വാധീനവും ഉപദേശീയതാ സ്വത്വരാഷ്ട്രീയത്തിന് ഹിന്ദുത്വത്തിന്റെ കേന്ദ്രീകൃത സ്വഭാവത്തോടുള്ള വിമുഖതയും ഹിന്ദു സമൂഹത്തിന്റെ ഘടനാപരമായ വ്യത്യസ്തതകളും ഇതിന് കാരണമാണ്. നര്‍മ്മദക്ക് മുകളില്‍ 11 സംസ്ഥാനങ്ങളിലായി 207 ലോകസഭ സീറ്റുകള്‍ ഉണ്ട്. അതില്‍ പഞ്ചാബിലെ 13 ലും കാശ്മീരിലെ ഏഴിലും ഒഴിച്ച് മറ്റിടങ്ങളില്‍ ബിജെപിക്ക് അപ്രമാദിത്വമുണ്ട്. ബീഹാര്‍ ഉള്‍പ്പെടെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ 142 സീറ്റുകളിലും നര്‍മ്മദയ്ക്ക് താഴെ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള 150 സീറ്റുകളിലും ആണ് പ്രതിപക്ഷത്തിന് ബിജെപിയെ ശക്തമായി പ്രതിരോധിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയുക. പക്ഷേ ഇത്തരം കണക്കുകളെ രാഷ്ട്രീയ നറേറ്റീവുകള്‍ക്ക് തകിടം മറിക്കാന്‍ സാധിക്കും എന്നത് മറക്കരുത്. ബിജെപി വിരുദ്ധവികാരം കണ്ട കര്‍ണാടകത്തിലും തെലങ്കാനയിലും പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മോദിക്ക് അനുകൂലമായി വോട്ട് ചെയ്തുകൂടുന്നില്ല. ഉപദേശീയതാ രാഷ്ട്രീയത്തിന് പൊതു തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ ഇനിയും കഴിയുമോ? ഈ ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുന്നു.

വലിയ ക്യാന്‍വാസില്‍ കാണുമ്പോള്‍ ലോകമെമ്പാടും വലതുപക്ഷ സേച്ഛാധിപത്യ പ്രവണതയുള്ള രാഷ്ട്രീയത്തിന്റെ വലിയ തിര നമുക്ക് കാണാവുന്നതാണ്. അമേരിക്കയിലും യൂറോപ്പിലും അര്‍ജന്റീനയിലും ഒക്കെ ഇതിന് ഉദാഹരണങ്ങളുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ പിന്‍മടക്കം എന്നത് ലിബറല്‍ രാഷ്ട്രീയത്തിന്റെ പിന്‍മടക്കം കൂടിയായിട്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഥവാ ആഗോളവല്‍ക്കരണത്തിനോടും അതിനെ പിന്താങ്ങിയ ലിബറല്‍ രാഷ്ട്രീയത്തോടുമുള്ള പ്രതിഷേധം കൂടിയാണ് സങ്കുചിതമായ ദേശീയതാ വാദത്തിന് ശക്തി നല്‍കിയിരിക്കുന്നത്. മതവും സങ്കുചിത പ്രാദേശികവാദവും ഈ രാഷ്ട്രീയത്തിന് ഊര്‍ജ്ജം പകരുന്നുണ്ട്. കമ്മ്യൂണിസവും സോഷ്യലിസവും പോലെയുള്ള വലിയ ബദല്‍ ആശയങ്ങളുടെ തിരയടങ്ങിയിരിക്കുന്നു. ഈ രാഷ്ട്രീയ സന്ദര്‍ഭവും ഓര്‍ത്തുകൊണ്ട് വേണം ഇന്ത്യന്‍ ബദല്‍ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍.

തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ആദ്യ പ്രതിഫലനങ്ങളില്‍ ഒന്ന് ഇന്ത്യ മുന്നണിക്ക് അകത്ത് രൂപപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ് വിരുദ്ധ വികാരമാണ്. ഡിസംബര്‍ 6 ന് ദില്ലിയില്‍ നടക്കേണ്ടിയിരുന്ന യോഗം മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു. മുന്നണി രാഷ്ട്രീയം കൊണ്ട്‌നടക്കാന്‍ കോണ്‍ഗ്രസിന് എത്ര കഴിയുമെന്ന ആലോചന മധ്യപ്രദേശിലെയും രാജസ്ഥാനിലെയും അനുഭവത്തിന്റെ വെളിച്ചത്തില്‍ പ്രതിപക്ഷം ഉയര്‍ത്തും. പക്ഷേ എല്ലാവരുടെയും നിലനില്‍പ്പാണ് പ്രശ്‌നം. അതുകൊണ്ടുതന്നെ ഈ മുന്നണി തുടര്‍ന്നേ പറ്റൂ. അതിന്റെ രാഷ്ട്രീയമെന്തെന്ന് അവര്‍ വ്യക്തതയോടെ പറഞ്ഞേ പറ്റൂ. തെലുങ്കാനയിലെ കോണ്‍ഗ്രസ് വിജയത്തിന് പ്രധാന കാരണങ്ങളില്‍ ഒന്ന് മുസ്ലിം വോട്ട് ആ പാര്‍ട്ടിയിലേക്ക് മടങ്ങിയതാണ്. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ഇത് സംഭവിച്ചേക്കാം. മുസ്ലിം അവസ്ഥയെ ഒരു തെരഞ്ഞെടുപ്പ് സന്ദര്‍ഭമായി മാത്രം കാണുന്ന സാഹചര്യം ഇന്ത്യ മുന്നണിയിലുണ്ട്. ഭാരത് ജോഡോ ധ്രുവീകരണത്തിന് സാധ്യമാകാത്ത ഭാഷയില്‍ മുസ്ലീം രാഷ്ട്രീയാവസ്ഥ പറയുകയുണ്ടായി. എന്ത് പറയുന്നു എന്നത് പോലെ തന്നെ പ്രധാനമാണല്ലോ എങ്ങനെ പറയുന്നു എന്നതും.

വ്യതിരിക്തമായ എന്നാല്‍ വ്യക്തതയുള്ള ഒരു രാഷ്ട്രീയ ഭാഷ ഇന്ത്യ മുന്നണിക്ക് ആവശ്യമുണ്ട്. ബിജെപിയുടെ ദേശീയതാ സങ്കല്‍പ്പത്തെയും വികസന പരിപ്രേക്ഷ്യത്തെയും ക്ഷേമ രാഷ്ട്രീയതയെയും എങ്കില്‍ മാത്രമേ പ്രതിരോധത്തിലാക്കാന്‍ മുന്നണിക്ക് കഴിയൂ.

കടപ്പാട് പാഠഭേദം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply