കര്‍ഷകസമരത്തിനു സമാനമാണ് മത്സ്യത്തൊഴിലാളി സമരവും

ആഴക്കടല്‍ മത്സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി കെഎസ്‌ഐഎന്‍സി ഒപ്പുവെച്ച കരാര്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 400 ട്രോളറുകളുടെ നിര്‍മ്മാണത്തിനായി 2950 കോടിയുടെ കരാറാണ് റദ്ദാക്കിയത്. എന്നാല്‍ അതുകൊണ്ടായില്ല. കേരളത്തിന്റെ കടല്‍തീരത്തെ ആഗോളകുത്തകകള്‍ക്ക് കൈമാറാനുള്ള വലിയൊരു പാക്കേജിന്റെ ഭാഗം മാത്രമാണ് ഈ കരാര്‍ എന്നാണ് വ്യക്തമാകുന്നത്. ഇഎംസിസിക്ക ഭക്ഷ്യസംസ്‌കരണത്തിനായി ചേര്‍ത്തല പള്ളിപ്പുറത്ത് നാലേക്കര്‍ സ്ഥലം അനുവദിച്ചത് റദ്ദാക്കിയിട്ടില്ല. നിക്ഷേപകസംഗമമായ അസന്റില്‍ ഒപ്പുവെച്ച 5000 കോടിയുടെ ധാരണാപത്രവും റദ്ദാക്കിയിട്ടില്ല. ആഴക്കടലില്‍ നിന്ന് വന്‍തോതില്‍ മീന്‍ പിടിക്കാനും അവ വിവിധ കേന്ദ്രങ്ങളില്‍ സംസ്‌കരിക്കാനും രാജ്യത്തും പുറത്തും വിപണനം നടത്താനുമുള്ള അവകാശം ഇഎംസിസിക്ക് നല്‍കാനാണ് നീക്കം. ഇവയെല്ലാം റദ്ദാക്കണമെന്നും കടലിന്റെ അവകാശികള്‍ മത്സ്യത്തൊഴിലാളികളാണെന്ന് അസന്നിഗ്ധമായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് 27ന് ഹര്‍ത്താല്‍ നടക്കുന്നത്.

ഫെബ്രുവരി 27ന് വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന തീരദേശഹര്‍ത്താല്‍ വിജയിപ്പിക്കേണ്ടത് ഏതൊരു ജനാധിപത്യവിശ്വാസിയുടേയും സാമൂഹ്യപ്രവര്‍ത്തകരുടേയും കടമയാണ്. മൂന്നുമാസമായി രാജ്യമാകെ അലയടിക്കുന്ന കര്‍ഷകസമരത്തിലൂടെ ഉന്നയിക്കപ്പെടുന്ന പ്രധാന വിഷയങ്ങള്‍ കര്‍ഷകരുടേത് മാത്രമല്ല, മുഴുവന്‍ ജനങ്ങളുടേതുമാണല്ലോ. അതുപോലെ ഈ സമരത്തിലൂടെ ഉന്നയിക്കപ്പെടുന്ന വിഷയങ്ങള്‍ മത്സ്യത്തൊഴിലാളികളുടേത് മാത്രമല്ല, മുഴുവന്‍ പേരുടേതുമാണ്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ സംസ്‌കരണവും വിപണനവും കോര്‍പ്പറേറ്റുകള്‍ കൈക്കലാക്കുന്നതാണ് കര്‍ഷകസമരത്തിന്റെ അടിസ്ഥാനകാരണമെങ്കില്‍ ഇവിടെ സംസ്‌കരണവും വിപണനവുംമാത്രമല്ല, മത്സ്യോല്‍പ്പാദനവും അവര്‍ കയ്യടക്കാന്‍ പോകുകയാണ്.

ആഴക്കടല്‍ മത്സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി കെഎസ്‌ഐഎന്‍സി ഒപ്പുവെച്ച കരാര്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 400 ട്രോളറുകളുടെ നിര്‍മ്മാണത്തിനായി 2950 കോടിയുടെ കരാറാണ് റദ്ദാക്കിയത്. എന്നാല്‍ അതുകൊണ്ടായില്ല. കേരളത്തിന്റെ കടല്‍തീരത്തെ ആഗോളകുത്തകകള്‍ക്ക് കൈമാറാനുള്ള വലിയൊരു പാക്കേജിന്റെ ഭാഗം മാത്രമാണ് ഈ കരാര്‍ എന്നാണ് വ്യക്തമാകുന്നത്. ഇഎംസിസിക്ക ഭക്ഷ്യസംസ്‌കരണത്തിനായി ചേര്‍ത്തല പള്ളിപ്പുറത്ത് നാലേക്കര്‍ സ്ഥലം അനുവദിച്ചത് റദ്ദാക്കിയിട്ടില്ല. നിക്ഷേപകസംഗമമായ അസന്റില്‍ ഒപ്പുവെച്ച 5000 കോടിയുടെ ധാരണാപത്രവും റദ്ദാക്കിയിട്ടില്ല. ആഴക്കടലില്‍ നിന്ന് വന്‍തോതില്‍ മീന്‍ പിടിക്കാനും അവ വിവിധ കേന്ദ്രങ്ങളില്‍ സംസ്‌കരിക്കാനും രാജ്യത്തും പുറത്തും വിപണനം നടത്താനുമുള്ള അവകാശം ഇഎംസിസിക്ക് നല്‍കാനാണ് നീക്കം. ഇവയെല്ലാം റദ്ദാക്കണമെന്നും കടലിന്റെ അവകാശികള്‍ മത്സ്യത്തൊഴിലാളികളാണെന്ന് അസന്നിഗ്ധമായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് 27ന് ഹര്‍ത്താല്‍ നടക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

5000 കോടിയുടെ ധാരണാപത്രവും ഇപ്പോള്‍തന്നെ റദ്ദാക്കുന്നില്ലെങ്കില്‍ എപ്പോള്‍ വേണണെങ്കിലും സര്‍ക്കാരിന് പൊടിത്തട്ടിയെടുക്കാനാകും. ഒരുപക്ഷെ വീണ്ടും അധികാരത്തിലെത്തിയാല്‍ അതിനായിരിക്കും നീക്കമെന്നുറപ്പ്. തങ്ങള്‍ക്കൊന്നുമറിയില്ല എന്ന മുഖ്യമന്ത്രിയുടേയും ഫിഷറീസ് മന്ത്രിയുടേയും വ്യവസായമന്ത്രിയുടേയും വാക്കുകള്‍ പച്ചക്കള്ളമാണെന്നു വ്യക്തമാണ്. 2018ല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല ഇക്കാര്യം പുറത്തുവന്നതുതന്നെ നാം മുന്നോട്ട് എന്ന ഭരണനേട്ടങ്ങളെ കുറിച്ചുള്ള സര്‍ക്കാര്‍ പരസ്യങ്ങളിലൂടെയാണ്. മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് ശക്തരാക്കുന്നു എന്ന രീതിയിലാണ് ആ പരസ്യം. ഇക്കാര്യം തന്നെ തെറ്റാണ്. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ആഴക്കടലില്‍ പോയി മത്സ്യം പിടിക്കുന്നവരാണ്. മാസങ്ങളോളം കടലില്‍ പോയി മത്സ്യം പിടിക്കുന്നവരാണ്. അങ്ങനെപോയി പാക്കിസ്ഥാന്‍ ജയിലില്‍ പോലും എത്തിയവരുണ്ടല്ലോ. ആഴക്കടലില്‍ പോയി മത്സ്യം പിടിക്കുന്നതിനാലാണല്ലോ പലപ്പോഴും വലിയ കപ്പലുകള്‍ വന്ന് കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത്. അതുമാത്രമല്ല പ്രശ്‌നം. കേരളതീരത്തെ മത്സ്യസമ്പത്തിനെ കുറിച്ച് പഠിച്ച മീന കുമാരി കമ്മീഷന്‍ പറഞ്ഞിട്ടുള്ളത് പരമാവധി 270 യാനങ്ങളേ മത്സ്യബന്ധനത്തിനായി ഉപയോഗിക്കാവൂ എന്നാണ്. പിന്നെങ്ങിനെയാണ് പുതുതായി 400 യാനങ്ങള്‍ നിര്‍മ്മിക്കാനാവുക? കേരളതീരത്തുനിന്നും ഇപ്പോള്‍തന്നെ അമിതമായ അളവിലാണ് മത്സ്യബന്ധനം നടക്കുന്നത് എന്നതിന് എത്രയോ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യാതൊരു ശാസ്ത്രീയ പഠനവും നടത്താതെയാണ് ഇപ്പോള്‍തന്നെ വിദേശകമ്പനികളടക്കം ആഴക്കടലില്‍ നിന്ന് മത്സ്യം പിടിക്കുന്നത്, അതിനവര്‍ക്ക് അനുമതി നല്‍കുന്നത്. ആസിയാന്‍ കരാറും മറ്റും നിലവില്‍ വന്നത് ഈ വിഷയത്തെ ഗൗരവമായി പഠിക്കാതെയായിരുന്നു.

ഇതുമായി നേരിട്ടു ബന്ധപ്പെട്ട മറ്റൊരു വിഷയമാണ് മത്സ്യത്തൊഴിലാളി സ്ത്രീകളുടെ തൊഴില്‍ പ്രശ്‌നം. വിദേശകപ്പലുകള്‍ ആഴക്കടല്‍ മതസ്യബന്ധനം ആരംഭിച്ച കാലം മുതലെ അവരുടെ തൊഴില്‍ നഷ്ടപ്പെടാനാരംഭിച്ചിരുന്നു. എത്രയോ മത്സ്യസംസ്‌കരണ കേന്ദ്രങ്ങള്‍ പൂട്ടിയിരിക്കുന്നു. പുതിയ നീക്കം നടക്കുകയാണെങ്കില്‍ വന്‍കിട ട്രോളറുകളില്‍ പിടിക്കുന്ന മത്സ്യവുമായി ബന്ധപ്പെട്ട സംസ്‌കരണവും വിപണനവുമൊന്നും അവര്‍ക്ക് ലഭിക്കാതാകും. അവയെല്ലാം ഹാര്‍ബറുകള്‍ വഴി കുത്തകകളുടെ നിയന്ത്രണത്തില്‍ തന്നെയാകും. അവര്‍ക്കാകട്ടെ വേണമെങ്കിലവ പൂഴ്ത്തിവെക്കാനും മത്സ്യം കുറഞ്ഞകാലത്ത് വന്‍വിലക്ക് വില്‍ക്കാനും കഴിയും. ഇപ്പോള്‍തന്നെ പലപ്പോഴും മത്സ്യബന്ധനം കുറഞ്ഞാലും കെമിക്കലുകള്‍ ചേര്‍ത്ത മത്സ്യം മാര്‍ക്കറ്റില്‍ ലഭിക്കാറുണ്ടല്ലോ. മാത്രമല്ല പലവിധ തെറ്റായ വികസനപദ്ധതികള്‍ മൂലം കേരളത്തിലെ തീരദേശം നാമാവശേഷമാകുകയാണ്. അതുമൂലം മതസ്യത്തൊഴിലാളി കുടുംബങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണ്. പ്രഖ്യാപിത വര്‍ഗ്ഗനിലപാടുകളില്‍ നിന്ന് വ്യതിചലിച്ചുള്ള സര്‍ക്കാര്‍ നീക്കം ഈയവസ്ഥയെ കൂടുതല്‍ രൂക്ഷമാക്കാനേ സഹായിക്കൂ. പിന്നെ ഫിഷറീസ് വകുപ്പ് എന്ന ഒന്നിന്റെ ആവശ്യം വരില്ല എന്നാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മനസ്സിലാക്കേണ്ടത്. വിഴിഞ്ഞം പദ്ധതിയിലൂടെ നമുക്കൊരു കാര്യം വ്യക്തമായിട്ടുണ്ടല്ലോ. അദാനിക്കാവശ്യം പോര്‍ട്ടല്ല, ഭൂമിയാണ് എന്ന്. അതിനു സമാനമാണ് ഈ വിഷയവും. കേരളത്തിന്റെ നീണ്ടുകിടക്കുന്ന കടല്‍തീരം സ്വന്തമാക്കുകയാണ് കോര്‍പ്പറേറ്റുകളുടെ പ്രാഥമികലക്ഷ്യം എന്നുറപ്പ്. അതിലൂടെ കടലിലേക്കുള്ള പ്രവേശനം പോലും മത്സ്യത്തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെടാം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പടുത്ത വേളയില്‍ തന്നെ ഈ വിഷയം പുറത്തുവന്നത് നന്നായി. കേരളത്തിന്റെ തീരദേശനിവാസികളില്‍ ഭൂരിപക്ഷവും എല്‍ഡിഎഫിനൊപ്പമാണെന്നതിന് കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുപോലും തെളിവാണ്. എന്നാല്‍ ആ അവസ്ഥമാറാന്‍ അധികസമയം വേണ്ട. എത്രയും വേഗം തെറ്റു തിരുത്താനും ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും റദ്ദാക്കാനും സര്‍ക്കാര്‍ തയ്യാറാകണം. കടലിന്റെ പ്രാഥമിക അവകാശികള്‍ മത്സ്യത്തൊഴിലാളികളാണെന്ന് അംഗീകരിച്ച് ഇനിയും ഇത്തരം നീക്കങ്ങള്‍ ഉണ്ടാകില്ലെന്നും പ്രഖ്യാപിക്കണം. അല്ലാത്തപക്ഷം കര്‍ഷകസമരംപോലെ കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രക്ഷോഭത്തിനായിരിക്കും വരുംദിനങ്ങളില്‍ കേരളം സാക്ഷിയാകാന്‍ പോകുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply