മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍ അന്യമാകുമ്പോള്‍

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് ഉയര്‍ത്തികൊണ്ടുവന്ന ആരോപണത്തില്‍ കഴമ്പുണ്ട് എന്നുതന്നെ വേണം കരുതാന്‍. യു.എസ്. കമ്പനിയായ ഇ.എം.സി.സിയും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും (കെ.എസ്.ഐ.എന്‍.സി) തമ്മിലുള്ള ധാരണാപത്രം റദ്ദാക്കി തലയൂരാനാണ് സര്‍ക്കാര്‍ നീക്കം. ഒപ്പം എം.ഡി: എന്‍. പ്രശാന്തിനെ മാത്രം ബലിയാടാക്കാനാണ് നീക്കമെന്നും സംശയിക്കപ്പെടുന്നു. ഒരാഴ്ചയിലധികം ആഴക്കടലില്‍ തങ്ങി മീന്‍പിടിക്കാന്‍ കഴിയുന്ന ചെറുകപ്പലുകള്‍ (ട്രോളറുകള്‍) നിര്‍മിക്കാനും അവയില്‍ തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ നിയോഗിച്ചു പിടിക്കുന്ന മത്സ്യം സംസ്‌കരിച്ച് കയറ്റുമതി ചെയ്യാനുമായിരുന്നു ഇ.എം.സി.സിയുടെ പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യനയപ്രകാരം ആഴക്കടല്‍ ട്രോളറുകള്‍ അനുവദനീയമല്ല. എന്നിട്ടും ട്രോളറുകള്‍ നിര്‍മിക്കാനുള്ള സംരംഭത്തില്‍ കെ.എസ്.ഐ.എന്‍.സി. പങ്കുചേര്‍ന്നത് എങ്ങനെയെന്നതില്‍ ഇപ്പോഴും കൃത്യമായ വിശദീകരണമില്ല.

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ എത്രയോ കാലമായി നടത്തിയ ജീവന്മരണ പോരാട്ടത്തിലൂടെയാണ് തൊഴില്‍ മേഖലയില്‍ കുറച്ചൊക്കെ സുരക്ഷിതത്വം നേടിയെടുത്തിട്ടുള്ളത്. അതുപോലും തകര്‍ക്കുന്ന നീക്കമാണ് നടന്നത് എന്നതില്‍ സംശയമില്ല. കേരളത്തിലെ കാടുകളിലെ ആദിവാസികളുടേയും മലമുകളിലെ തോട്ടം തൊഴിലാളികളുടേയും അവസ്ഥയില്‍ നിന്നു ഒട്ടും വ്യത്യസ്ഥമല്ല തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ അവസ്ഥ. നമ്പര്‍ വണ്‍ സംസ്ഥാനമെന്നഹങ്കരിച്ച് നമ്മള്‍ നടപ്പാക്കുന്ന തലതിരിഞ്ഞ വികസനപദ്ധതികളുടെ ഇരകളില്‍ ഏറ്റവും ദയനീയാവസ്ഥയിലാണ് ഇന്നുമവരുടെ ജീവിതം. പ്രളയസമയത്ത് കേരളത്തിന്റെ സൈന്യമെന്നൊക്കെ വിശേഷിപ്പിച്ച് അവരുടെ ജീവന്മരണ പ്രശ്‌നങ്ങളെ അവഗണിക്കുകയാണ് നാം. ആദിവാസികളെ പോലെ തദ്ദേശവാസികളായാണ് മത്സ്യത്തൊഴിലാളികളേയും പരിഗണിക്കേണ്ടത്. എന്നാലങ്ങനെ പരിഗണിക്കുന്നില്ല.

രാജ്യത്തെ മത്സ്യസമ്പത്തിന്റെ 15 ശതമാനത്തില്‍പരം കരയിലെത്തിക്കുന്നത് കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ്. കേരളത്തിന്റെ കടലോരം 7.5 ശതമാനം മാത്രമാണെങ്കിലും ഇന്ത്യയിലെ മൊത്തം കടലോര മത്സ്യ തൊഴി ലാളികളില്‍ 17 ശതമാനവും കേരളീയരാണ്. ഇവരില്‍ വലിയൊരു ഭാഗത്തിനു ഇപ്പോഴും സ്വന്തമായി ഭൂമിയില്ല. ഉള്ളവര്‍ക്കാകട്ടെ മൂന്നോ നാലോ സെന്റ്. ആദിവാസി – ദളിത് വിഭാഗങ്ങളുടെ ഭൂപ്രശ്‌നം ഗൗരവമായി ചര്‍ച്ച ചെയ്യുന്ന കേരളം ഇവരുടെ ഈ പ്രശ്‌നം പൊതുവില്‍ അവഗണിക്കുകയാണ്. പൂന്തുറ പോലുള്ള പ്രദേശങ്ങളില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ 2000ലധികം വീടുകളാണ്. ഒറ്റവീട്ടില്‍ മൂന്നും നാലും കുടുംബങ്ങളും. വികസനപ്രവര്‍ത്തനങ്ങളാകട്ടെ ഇവരുടെ പൊതുയിടങ്ങളും എന്തിന് കടലിലേക്കുള്ള മാര്‍ഗ്ഗങ്ങളും കൊട്ടിയടക്കുന്നു. ജീവിതനിലവാരത്തിന്റെ കാര്യം പറയാനില്ല. വിദ്യാഭ്യാസപരമായും പുറകില്‍. സ്വന്തമായി തൊഴിലുപകരണങ്ങള്‍ ഉള്ളവരും കുറവ്. എന്നാലിവരുടെ പ്രശ്‌നങ്ങള്‍ സംഘടിത പ്രസ്ഥാനങ്ങളുടെ അജണ്ട യില്‍ ഒരിക്കലും ഉണ്ടാകാറില്ല. സ്വതന്ത്രസംഘടനകളാണ് മിക്കവാറും ഇവര്‍ക്കായി രംഗത്തിറങ്ങിയിട്ടുള്ളത്. പലപ്പോഴും മതസംഘടനകളും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആധുനികവല്‍ക്കരണം ഒരു തൊഴില്‍മേഖലയേയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ജീവിതനിലവാരത്തേയും മെച്ചപ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍ മത്സ്യമേഖലയില്‍ തിരിച്ചാണ് സംഭവിച്ചത്. ഈ മേഖലയിലെ ആധുനികവല്‍ക്കരണത്തിന്റേയും യന്ത്രവല്‍ക്കരണത്തിന്റെയും ഗുണങ്ങള്‍ വന്‍കിടക്കാരും കുത്തകകളും കൈക്കലാക്കിയപ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പൂര്‍ണ്ണമായി തകരുകയായിരുന്നു. മാത്രമല്ല യന്ത്രവല്‍ക്കരണവും വന്‍തോതിലുള്ള മീന്‍പിടുത്തവും കടലിനോടും മറ്റുജലാശയങ്ങളോടും ചേര്‍ന്നുളള വികസനപദ്ധതികളും ഈ മേഖലയുടെ തകര്‍ച്ചയിലേക്കാണ് വഴിതെളിയിക്കുന്നത്. ഇതു തിരിച്ചറിയാന്‍ വികസനവാദികള്‍ക്കാവുന്നില്ല എന്നതാണ് വസ്തുത. യന്ത്രവല്‍കൃത ബോട്ടുകളും പഴ്‌സീനിംഗ്, ട്രോളിംഗ് നെറ്റ്, ട്രോളര്‍ എന്നിവയുമൊക്കെ വന്‍തോതില്‍ മത്സ്യസമ്പത്ത് ഊറ്റിയെടുക്കാന്‍ തുടങ്ങിയപ്പോള്‍ പാരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കൂലിക്കാരായി മാറി. പുതിയ സാഹചര്യം മുതലെടുത്ത കുത്തകകള്‍ മത്സ്യസമ്പത്ത് ചൂഷണം ചെയ്യാനുള്ള മത്സരം ശക്തമാക്കി. ഈ അമിത ചൂഷണം സൃഷ്ടിച്ച പ്രത്യാഘാതങ്ങളിലാണ് ഇപ്പോഴും മത്സ്യമേഖല. മത്സ്യമേഖലയിലെ ശക്തമായ സമരങ്ങള്‍ക്ക് കാരണമായതും ഈ അമിതമായ ചൂഷണമായിരുന്നു. എഴുപതുകളോടെ തന്നെ അത്തരം സമരങ്ങള്‍ ആരംഭിച്ചിരുന്നു.

നാടന്‍ വള്ളങ്ങളും പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനവുമായി ജീവിതം തള്ളിനീക്കിയ മത്സ്യത്തൊഴിലാളികള്‍ കടലിനെ ജീവിത ഉപാധിയും എന്നാല്‍ അമിതമായി നശിപ്പിക്കപ്പെടാന്‍ പാടില്ലാത്ത പൊതുമുതലുമായി കണ്ടു. ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ചു വന്ന കുത്തകകളാകട്ടെ കടലിനെ പരമാവധി ചൂഷണം ചെയ്തു ലാഭം കൂട്ടേണ്ട ഒന്നായും കണ്ടു. ട്രോളിംഗ് വലകള്‍ ഉപയോഗിച്ച് മീന്‍ പിടിക്കുമ്പോള്‍ ചത്തുപോകുന്ന ചെറുമത്സ്യങ്ങളുടെ കണക്ക് ഞെട്ടിപ്പിക്കും. പാരമ്പര്യ മത്സ്യതൊഴിലാളികള്‍ ഈ മത്സ്യങ്ങളെ കടലില്‍ ജീവനോടെ വിടും. അതാണ് ജീവിതവും കച്ചവടവുമായുള്ള വ്യത്യാസം. 1985ല്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ ”മത്സ്യ സമ്പത്ത് സംരക്ഷിക്കൂ, കേരളത്തെ രക്ഷിക്കൂ” എന്ന മുദ്രാവാക്യതതിലൂന്നിയ സമരം ഏറെ ശ്രദ്ധേയമായി. ആലപ്പുഴയില്‍ നാല് മത്സ്യതൊഴിലാളികള്‍ പരിധി ലംഘിച്ചുവന്ന ബോട്ടിടിച്ച് കൊല്ലപ്പെട്ടത് സമരത്തെ ആളിക്കത്തിച്ചു. കന്യാസ്ത്രീകളടക്കമുള്ളവര്‍ സജീവമായി സമരരംഗത്തിറങ്ങി. അങ്ങനെയാണ് 1989 ല്‍ ട്രോളിംഗ് നിരോധനം എന്ന വിപ്ലവകരമായ തീരുമാനം നിലവില്‍ വന്നത്. തൊഴിലാളികള്‍ക്ക് തങ്ങളോടുമാത്രമല്ല, സമൂഹത്തോടും പ്രതിബദ്ധതയുണ്ടെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ആ സമരം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പിന്നീട് 1991ല്‍ നരസിംഹറാവു സര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ നടപടികളുടെ ഭാഗമായി പുതിയൊരു ആഴക്കടല്‍ മത്സ്യബന്ധന നയത്തിന് രൂപം നല്‍കുകയും സാമൂഹ്യനിയന്ത്രണങ്ങളൊന്നും കൂടാതെ ആഴക്കടല്‍ മേഖല വിദേശ കോര്‍പറേറ്റുകള്‍ക്ക് മത്സ്യബന്ധനത്തിന് തുറന്നുകൊടുക്കുകയും ചെയ്തു. അവിടെനിന്നിങ്ങോട്ട് ഈ പ്രശ്‌നം പരിഹാരമില്ലാതെ തുടരുകയാണ്. തീരദേശങ്ങള്‍ പലപ്പോഴും സംഘര്‍ഷഭരിതവുമായി. തുടര്‍ന്ന് 2004ലെ ആഴക്കടല്‍ മത്സ്യബന്ധനനയം പുനഃപരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് കേന്ദ്ര ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ബി മീനാകുമാരി അദ്ധ്യക്ഷയായ ഒരു ഏഴംഗ വിദഗ്ദ സമിതിയെ നിയോഗിച്ചു. 200 നോട്ടിക്കല്‍മൈല്‍ വരെയുള്ള ഇന്ത്യയുടെ ആഴക്കടലില്‍ 200 മുതല്‍ 500 മീറ്റര്‍വരെ ആഴമുള്ള സമുദ്രമേഖല ഒരു ‘ബഫര്‍ സോണാ’യി കരുതി മത്സ്യബന്ധനം കുറയ്ക്കുക, 500 മീറ്ററിന് അപ്പുറമുള്ള മേഖലയിലെ 2.5 ലക്ഷം ടണ്‍ മത്സ്യവിഭവശേഷി വ്യാവസായികാടിസ്ഥാനത്തില്‍ ചൂഷണം ചെയ്യുന്നതിന് 270 ആധുനിക കപ്പലുകള്‍ തയ്യാറാക്കുക, വിദേശ കപ്പലുകളില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ വിദഗ്ധരായ വിദേശക്രുവിന്റെ സേവനം ലഭ്യമാക്കുക, 12 നോട്ടിക്കല്‍ മൈലിന് അപ്പുറമുള്ള ആഴക്കടലിലെ മത്സ്യബന്ധനം നിയന്ത്രിക്കുന്നതിന് സമഗ്രമായ ആഴക്കടല്‍ മത്സ്യബന്ധന നിയമനിര്‍മാണം നടത്തുക, ആഴക്കടല്‍ ചൂരകളുടെയും അതുപോലുള്ള മത്സ്യങ്ങളുടെയും പ്രജനനകാലം കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ മത്സ്യ ബന്ധന നിരോധന കാലയളവില്‍ അല്ലാത്തിനാല്‍ ആഴക്കടല്‍ മത്സ്യ ബന്ധന കപ്പലുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള മണ്‍സൂണ്‍കാലത്തെ നിരോധനം പുനഃപരിശോധനയ്ക്ക് വിധേയമാക്കുക തുടങ്ങിയവയൊക്കെയായിരുന്നു കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍. കടലില്‍നിന്ന് മീന്‍പിടിച്ച് ഉപജീവനം നടത്തുന്ന ലക്ഷകണക്കിന് മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുകയാണ് മീനാകുമാരി കമ്മിറ്റി ചെയ്തത്. അതിനെതിരെയും ശക്തമായ പോരാട്ടങ്ങള്‍ നടന്നു. അതിനിടയിലാണ് മത്സ്യത്തൊഴിലാളികളുടെ ജീവിതെ തകര്‍ക്കുന്ന പുതിയ നീക്കങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. സ്വാഭാവികമായും കേരളത്തിന്റെ തീരപ്രദേശം സംഘര്‍ഷഭരിതമാക്കാനേ ഇതു സഹായിക്കൂ. 27നു തീരദേശ ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍ അന്യമാകുമ്പോള്‍

  1. Great article! Thank you for the insightful information.

Leave a Reply