വിലക്കപ്പെട്ട കനി ഭക്ഷിച്ചതാണ് ആദ്യത്തെ സ്വാതന്ത്ര്യപ്രഖ്യാപനം

മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ഈ വേര്‍പെടല്‍ ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. ജൈവപരിണാമത്തിലൂടെയുള്ള മനുഷ്യരുടെ ആവിര്‍ഭാവവും അവരുടെ മസ്തിഷ്‌കത്തിലുണ്ടായ വളര്‍ച്ചയുമാണ് ഇതില്‍ സുപ്രധാനം. മറ്റു ജീവികളെപോലെ പ്രകൃതിയില്‍ നിന്നു ലഭ്യമാകുന്നവ അതേപടി ആഹരിച്ചിരുന്ന മനുഷ്യര്‍ തീയുടെ ഉപയോഗത്തിലൂടെ അവ വേവിച്ചു കഴിക്കാന്‍ തുടങ്ങിയതും വേട്ടയാടലിനും മറ്റും ചില ആയുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതും ആശയവിനിമയത്തിന് ഭാഷ ഉപയോഗിച്ചു തുടങ്ങിയതുമൊക്കെ ഈ വേര്‍പെടല്‍ പ്രക്രിയയെ ത്വരിതപ്പെടുത്തിയിട്ടുണ്ടാകാം. അങ്ങനെ മറ്റു ജീവികളില്‍ നിന്നു ഭിന്നമായ ഒരു മാനസിക തലം മനുഷ്യരില്‍ രൂപം കൊണ്ടു. അതോടെ പ്രകൃതിയുടെ ഭാഗമായിരിക്കുമ്പോള്‍ തന്നെ, ബൗദ്ധികമായി പ്രകൃതിയില്‍ നിന്നും വേറിട്ട ഒരസ്തിത്വം മനുഷ്യര്‍ക്കു കരഗതമായി. തന്‍മൂലം സംജാതമായ അല്‍മസംഘര്‍ഷങ്ങളാണ് മനുഷ്യരുടെ അന്വേഷണത്വരയ്ക്കു ഉത്തേജനമേകിയത്.മനുഷ്യരുടെ ഈ അന്വേഷണ ത്വരയില്‍ നിന്നാണ് ശാസ്ത്രവും മതവുമെല്ലാം ഉത്ഭവിച്ചത്.

യേശുവിന്റെ ജന്മദിനമാണല്ലോ ക്രിസ്മസ്. വിലക്കപ്പെട്ട കനി ഭക്ഷിച്ചു പറുദിശ നഷ്ടപ്പെടുത്തിയ മനുഷ്യരെ അവരുടെ ആദിപാപത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനു വേണ്ടിയാണു ദൈവപുത്രനായ യേശു മനുഷ്യനായി അവതരിച്ചതെന്നാണ് ക്രൈസ്തവ വിശ്വാസം. ബൈബിളിലെ’ ആദിപാപ’ത്തെക്കുറിച്ചു ഒട്ടനവധി വ്യഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതൊരു സ്വാതന്ത്ര്യപ്രഖ്യാപനം തന്നെ ആയിരുന്നില്ലേ. ”ഏദന്‍തോട്ടം കൃഷി ചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവ് മനുഷ്യനെ അവിടെയാക്കി. അവിടുന്നു അവനോടു കല്പിച്ചു. തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും”[ഉല്പത്തി 2; 15 -17]. മരണഭയം മൂലം ആ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാതിരുന്ന മനുഷ്യരെ അതിനു പ്രേരിപ്പിച്ചത് സര്‍പ്പമാണ്. ”സര്‍പ്പം സ്ത്രീയോടു പറഞ്ഞു. നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്മയും തിന്മയും അറിഞ്ഞു നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം. ആ വൃക്ഷത്തിന്റെ ഫലം ആസ്വാദ്യവും കണ്ണിനു കൗതുകകരവും, അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട് അവള്‍ അതു പറിച്ചു തിന്നു. ഭര്‍ത്താവിനും കൊടുത്തു. അവനും തിന്നു. ഉടനെ ഇരുവരുടെയും കണ്ണുകള്‍ തുറന്നു. തങ്ങള്‍ നഗ്‌നരാണെന്നു അവരറിഞ്ഞു.” [ഉല്പത്തി 3; 4-7 ].

ഇത് ഖുര്‍ ആനില്‍ പരാമര്‍ശിക്കുന്നത് ഇപ്രകാരമാണ് അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്നു രുചി നോക്കിയതോടെ അവര്‍ക്കു അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിച്ചേര്‍ത്തു അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി… ദൈവം ഭയപ്പെടുത്തിയിരുന്നതുപോലെ മരിക്കുന്നതിനു പകരം തങ്ങള്‍ നഗ്‌നരാണെന്ന തിരിച്ചറിവാണുണ്ടായത്. ”ദൈവമായ കര്‍ത്താവു തോലുകൊണ്ടു ഉടയാടയുണ്ടാക്കി ആദത്തെയും അവന്റെ ഭാര്യയേയും ധരിപ്പിച്ചു. അനന്തരം അവിടുന്നു പറഞ്ഞു. മനുഷ്യനിതാ നന്മയും തിന്മയും അറിഞ്ഞു നമ്മിലൊരുവനെപോലെയായിരിക്കുന്നു. ഇനി അവന്‍ കൈനീട്ടി ജീവന്റെ വൃക്ഷത്തില്‍ നിന്നുകൂടി പറിച്ചു തിന്ന് അമര്‍ത്യനാകാന്‍ ഇടയാകരുത്. കര്‍ത്താവ് അവരെ ഏദന്‍ തോട്ടത്തില്‍ നിന്നു പുറത്താക്കി.” [ഉല്പത്തി 3; 21-23].

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മനുഷ്യര്‍ അറിവാര്‍ജിക്കുന്നതും അവര്‍ അമര്‍ത്യനാകാന്‍ ശ്രമിക്കുന്നതുമെല്ലാം ദൈവത്തിനു എത്രമാത്രം അപ്രിയമാണെന്നാണ് ഇതു വെളിവാക്കുന്നത്. അമര്‍ത്യനാവുക എന്ന മനുഷ്യരുടെ ആഗ്രഹം ഇതുവരെ സഫലീകരിക്കപ്പെട്ടിട്ടില്ലെങ്കിലും അറിവാര്‍ജിക്കുന്നതില്‍ നാം വളരെയധികം
മുന്നേറിയിട്ടുണ്ട്. അതിനവരെ പ്രാപ്തരാക്കുന്നതില്‍ തങ്ങള്‍ നഗ്‌നരാണെന്ന തിരിച്ചറിവ് സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആദിപാപം എന്നു അറിയപ്പെടുന്ന ബൈബിള്‍ കഥ, മനുഷ്യരുടെ ആദ്യത്തെ സ്വാതന്ത്ര്യപ്രഖ്യാപനമാണെന്നു വിശേഷിപ്പിക്കാം. ബൈബിളില്‍ പ്രതിപാദിക്കും പോലെ ഏതെങ്കിലും വൃക്ഷത്തിന്റെ ഫലം കഴിച്ചതുകൊണ്ടുള്ള മാറ്റമല്ലിത്. മനുഷ്യരുടെ പരിണാമപ്രക്രിയയിലൂടെയാണ് ഉത്തരമൊരു അവസ്ഥ സംജാതമായത്. മനുഷ്യരല്ലാതെ മറ്റൊരു ജീവിക്കും തങ്ങള്‍ നഗ്‌നരാണെന്ന തോന്നല്‍ ഉണ്ടായിട്ടില്ല. ബാക്കിയെല്ലാ ജീവികളും പ്രകൃതിയുമായി പൂര്‍ണമായി താതാല്‍മ്യപ്പെട്ടു നില്‍കുമ്പോള്‍, മനുഷ്യര്‍ക്കു
പ്രകൃതിയില്‍ നിന്നുള്ള വേര്‍പെടല്‍ സംഭവിച്ചതു കൊണ്ടുകൂടിയാണ് നഗ്‌നത
അനുഭവപ്പെടുന്നത്. പ്രകൃതിയില്‍ നിന്ന് പൂര്‍ണമായ വിച്ഛേദനം മനുഷ്യരുള്‍പ്പെടെ ഒരു ജീവജാലത്തിനും സാധ്യമല്ല. പ്രകൃതിയുടെ ഭാഗമായിരിക്കുമ്പോള്‍ തന്നെ, ബോധതലത്തില്‍ പ്രകൃതിയില്‍ നിന്നുള്ള വേര്‍പെടല്‍ സംഭവിച്ചതോടെ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള വൈരുധ്യവും ആരംഭിച്ചു. മനുഷ്യരുടെ അസ്തിത്വം തന്നെ ഈ വൈരുധ്യത്തിലാണ് നിലനില്‍ക്കുന്നത്. ശാസ്ത്രമാകട്ടെ, ദര്‍ശനമാകട്ടെ , മതമാകട്ടെ മനുഷ്യരുടെ എല്ലാവിധ അന്വേഷണങ്ങളും അറിവുകളും പ്രകൃതിയും നമ്മളും തമ്മിലുള്ള വൈരുധ്യവുമായി ബന്ധപ്പെട്ടവയാണ്.

മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ഈ വേര്‍പെടല്‍ ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. ജൈവപരിണാമത്തിലൂടെയുള്ള മനുഷ്യരുടെ ആവിര്‍ഭാവവും അവരുടെ മസ്തിഷ്‌കത്തിലുണ്ടായ വളര്‍ച്ചയുമാണ് ഇതില്‍ സുപ്രധാനം. മറ്റു ജീവികളെപോലെ പ്രകൃതിയില്‍ നിന്നു ലഭ്യമാകുന്നവ അതേപടി ആഹരിച്ചിരുന്ന മനുഷ്യര്‍ തീയുടെ ഉപയോഗത്തിലൂടെ അവ വേവിച്ചു കഴിക്കാന്‍ തുടങ്ങിയതും വേട്ടയാടലിനും മറ്റും ചില ആയുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതും ആശയവിനിമയത്തിന് ഭാഷ ഉപയോഗിച്ചു തുടങ്ങിയതുമൊക്കെ ഈ വേര്‍പെടല്‍ പ്രക്രിയയെ ത്വരിതപ്പെടുത്തിയിട്ടുണ്ടാകാം. അങ്ങനെ മറ്റു ജീവികളില്‍ നിന്നു ഭിന്നമായ ഒരു മാനസിക തലം മനുഷ്യരില്‍ രൂപം കൊണ്ടു. അതോടെ പ്രകൃതിയുടെ ഭാഗമായിരിക്കുമ്പോള്‍ തന്നെ, ബൗദ്ധികമായി പ്രകൃതിയില്‍ നിന്നും വേറിട്ട ഒരസ്തിത്വം മനുഷ്യര്‍ക്കു കരഗതമായി. തന്‍മൂലം സംജാതമായ അല്‍മസംഘര്‍ഷങ്ങളാണ് മനുഷ്യരുടെ അന്വേഷണത്വരയ്ക്കു ഉത്തേജനമേകിയത്.മനുഷ്യരുടെ ഈ അന്വേഷണ ത്വരയില്‍ നിന്നാണ് ശാസ്ത്രവും മതവുമെല്ലാം ഉത്ഭവിച്ചത്. ആദിമ കാലഘട്ടങ്ങളില്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളെല്ലാം മനുഷ്യര്‍ക്കൊരു വിസ്മയമായി തോന്നിയിട്ടുണ്ടാകും. പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചും തന്റെ തന്നെ അസ്തിത്വത്വത്തെക്കുറിച്ചുമുള്ള ഒട്ടനവധി ചോദ്യങ്ങള്‍ മനുഷ്യരില്‍ അങ്കുരിച്ചു. രോഗവും മരണവും പേമാരിയും കൊടുങ്കാറ്റും വരള്‍ച്ചയും എല്ലാം ഉത്തരമില്ലാത്ത സമസ്യകളായി. സ്വാഭാവികമായും അവയെ പ്രീതിപ്പെടുത്തി, മോശമായ അവസ്ഥകളെ നേരെയാക്കാമെന്നും ആപത്തുകളില്‍നിന്നും രക്ഷ നേടാനുകുമെന്നും ഉള്ള ചിന്ത ഉണ്ടായിട്ടുണ്ടാവാം. അതില്‍നിന്നാവാം പ്രകൃതി ശക്തികളെ ആരാധിക്കുന്ന പ്രവണത ഉണ്ടായത്. പിന്നീടത് ഇവയെയെല്ലാം നിയന്ത്രിക്കുന്ന ഏതോ ഒരു ശക്തിയുണ്ടെന്ന വിചാരത്തിലേക്കു വികസിച്ചു. അതിന്റെ തുടര്‍ച്ചയായിട്ടാവാം ആദികാല ദൈവസങ്കല്പങ്ങള്‍ ഉദയം ചെയ്തത്. അങ്ങനെ വിവിധ പ്രദേശങ്ങളില്‍ അവരവരുടേതായ ദൈവസങ്കല്പങ്ങളും മതങ്ങളും ആവിര്‍ഭവിച്ചു. മനുഷ്യ ബുദ്ധിയില്‍ ഉദയം കൊണ്ടതുകൊണ്ടുതന്നെ അവരുടെ ദൈവസങ്കല്പങ്ങളും മനുഷ്യന്റെ പ്രതിരൂപമായി, മാതൃദൈവമോ പിതൃദൈവമോ ആയി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മനുഷ്യരെപ്പോലെ അസൂയയും പ്രതികാര ദാഹവുമുള്ള, സ്വന്തം ജനതയെ മാത്രം പരിപാലിക്കുകയും മറ്റുള്ളവരെയെല്ലാം കിഴ്‌പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്ന ദൈവസങ്കല്പമായിരുന്നു അക്കാലത്തുണ്ടായിരുന്നത്.ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാവരുതെന്ന കല്പനയൊക്കെ ദൈവങ്ങള്‍ തമ്മിലുണ്ടായിരുന്ന മത്സരത്തിന്റെ പ്രതിഫലനമായിരുന്നു. ക്രമേണ കരുണ, ദയ, സ്‌നേഹം, സാഹോദര്യം തുടങ്ങിയവയൊക്കെ മത ചിന്തകളുടെ ഭാഗമായി. എന്നു മാത്രമല്ല, സംപൂര്‍ണനായ ദൈവത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും ഉടലെടുത്തു. പൂര്‍ണത കൈവരിക്കാനുള്ള ആഗ്രഹങ്ങളും അമര്‍ത്യനാവാനുള്ള അഭിലാഷങ്ങളുമാവാം സമ്പുര്‍ണ്ണനായ ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പടുത്തുയര്‍ത്താന്‍ മനുഷ്യരെ പ്രേരിപ്പിച്ചത്.

പ്രപഞ്ചപ്രതിഭാസങ്ങളെക്കുറിച്ചുള്ള അജ്ഞത ഒരു വിഭാഗത്തെ ദൈവ സങ്കല്പങ്ങളിലേക്കും മതചിന്തകളിലേക്കും നയിച്ചപ്പോള്‍ തന്നെ മറ്റൊരു വിഭാഗം അതിന്റെ കാരണങ്ങള്‍ തേടിയുള്ള അന്വേഷണങ്ങളും നടത്തിയിരുന്നു. അത്തരം അന്വേഷണങ്ങളാണ് ശാസ്ത്രത്തിന്റെ
വികാസത്തിനു വഴിതെളിച്ചത്. തീയുടെ കണ്ടുപിടിത്തവും ശിലായുധങ്ങളുടെ ഉപയോഗവും ശാസ്ത്രാന്വേഷണങ്ങളുടെ തുടക്കമായി അനുമാനിക്കാം. ക്രമേണ വെങ്കലം, ഇരുമ്പു തുടങ്ങിയ ലോഹായുധങ്ങളുടെ ഉപയോഗം, വസ്ത്രത്തിന്റെ ഉപയോഗം, കൃഷി, സംസാരഭാഷയില്‍ നിന്നും
ലിഖിതഭാഷയിലേക്കുള്ള വികാസം എന്നിവയെല്ലാം ശാസ്ത്രവികാസത്തിന്റെ തുടര്‍ച്ചയായി പരിഗണിക്കാം. അതോടൊപ്പം തങ്ങള്‍ക്കു ഭീഷണിയായിരുന്ന പല പ്രകൃതി ശക്തികളെയും മെരുക്കി തങ്ങള്‍ക്ക് ഉപയോഗപ്രദമാക്കി മാറ്റാനോ, അവയുമായി താതാല്‍മ്യപ്പെട്ടു ജീവിക്കാനോ ഉള്ള മെയ്വഴക്കവും മനുഷ്യര്‍ സ്വായത്തമാക്കി. അധ്വാനം ലഘൂകരിക്കാനുള്ള ഉപകരണങ്ങള്‍,
സഞ്ചാരം സുഗമമാക്കാനുള്ള വാഹനങ്ങള്‍, ആശയവിനിമയത്തിനുള്ള നൂതന സംവിധാനങ്ങള്‍, രോഗമുക്തിക്കും രോഗപ്രതിരോധത്തിനുമുള്ള ചികിത്സാ മാര്‍ഗങ്ങള്‍, സ്വയം പ്രവര്‍ത്തക യന്ത്രങ്ങള്‍,കൃത്രിമബുദ്ധി തുടങ്ങി ആധുനിക മനുഷ്യന്റെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒട്ടനവധി കണ്ടുപിടുത്തങ്ങള്‍ക്കും ശാസ്ത്രാന്വേഷണങ്ങള്‍ പ്രചോദനമായി. നമുക്കജ്ഞാതമായിരുന്ന പല
പ്രപഞ്ചരഹസ്യങ്ങളുടെയും കാരണങ്ങള്‍ കണ്ടെത്താനും അവയുടെ ഉള്ളറകളിലേക്കു കടന്നുചെല്ലാനും മനുഷ്യനു സാധിച്ചു. ചില പ്രത്യേക സന്ദര്‍ഭങ്ങളിലൊഴികെ അതാതുകാലത്തു നിലനിന്നിരുന്ന മതസങ്കല്പങ്ങളോട് കാര്യമായ വൈരുധ്യം ഉണ്ടാകാത്ത വിധമാണ് ശാസ്ത്രാന്വേഷണങ്ങള്‍ വികസിച്ചിരുന്നത്. ഭൂമി ഉരുണ്ടതാണെന്ന കണ്ടെത്തലും മനുഷ്യോല്പത്തിയെക്കുറിച്ചുള്ള പരിണാമ സിദ്ധാന്തവും മതങ്ങളുടെ പ്രപഞ്ച വീക്ഷണങ്ങള്‍ക്കു കനത്ത വെല്ലുവിളിയായി. എങ്കിലും ഭൂമിയില്‍ നിറഞ്ഞു അതിനെ കീഴടക്കുവിന്‍. കടലിലെ മല്‍സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല
ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ എന്ന ബൈബിള്‍ കാഴ്ചപ്പാടാണ് ശാസ്ത്രാന്വേഷണങ്ങളെ നയിച്ചിരുന്നത്.

ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന ബൈബിള്‍ ചിന്ത, തങ്ങളാണ് ഏറ്റവും ശ്രേഷ്ഠരായ ജീവികളെന്നും ഈ പ്രപഞ്ചത്തിലെ സകലതും തങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കപ്പെട്ടവയാണെന്നുമുള്ള അവബോധം ശക്തമാക്കി. ക്രമേണ പ്രപഞ്ച രഹസ്യങ്ങള്‍ മുഴുവന്‍ അനാവരണം ചെയ്തു പ്രപഞ്ചത്തെ കീഴ്‌പ്പെടുത്താനാവുമെന്ന ചിന്ത പ്രബലമായി. പ്രപഞ്ചോല്പത്തിയെക്കുറിച്ചും ജീവോല്പത്തിയെക്കുറിച്ചുമുള്ള മനുഷ്യരുടെ അന്വേഷണത്വര നൂതനമായ ഒട്ടേറെ കണ്ടുപിടുത്തങ്ങള്‍ക്കും അതിലൂടെ പുതിയ പുതിയ തിരിച്ചറിവുകള്‍ക്കും പ്രേരണയായി.

അമർത്യനാവുക എന്നതു മനുഷ്യരുടെ ഏറ്റവും വലിയ ആഗ്രഹമാണ്. പുരാണങ്ങളിൽ പറയുന്ന അമൃതും മൃതസഞ്‌ജീവനിയും ബൈബിളിൽ വിവരിക്കുന്ന നിത്യജീവനും എല്ലാം പണ്ടുമുതലേ
മനുഷ്യരിൽ നിലനിൽക്കുന്ന അമർത്യതക്കു വേണ്ടിയുള്ള മോഹങ്ങളാണ് വെളിവാക്കുന്നത്. ഈ ആഗ്രഹമാണ് മരണാന്തരമുള്ള ജീവിതത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കു ഹേതു. എല്ലാ
മതങ്ങളുടെയും നിലനിൽപ് തന്നെ മരണാന്തര ജീവിതത്തെക്കുറിച്ചു അവ നൽകുന്ന പ്രതീക്ഷകളിലാണ്‌. മതങ്ങൾ ഉയത്തിപ്പിടിച്ചിരുന്ന പ്രപഞ്ചസങ്കല്പങ്ങൾ മിക്കതും അബദ്ധജടിലമാണെന്നു അന്വേഷണങ്ങളിലൂടെ ബോധ്യമായെങ്കിലും മരണശേഷം എന്താണു
സംഭവിക്കുക എന്ന മനുഷ്യരുടെ ജിജ്ഞാസയാണ് ബഹുഭൂരിപക്ഷവും മതവിശ്വാസികളോ ഈശ്വരവിശ്വാസികളോ ആയി തുടരാനുള്ള പ്രധാന കാരണം. ശാസ്ത്രത്തിൻറെ വികാസത്തിലൂടെ പ്രപഞ്ചത്തെ തന്നെ നിയന്ത്രണത്തിലാക്കാമെന്നു വ്യാമോഹിക്കുന്നവർക്കാകട്ടെ മരണത്തെ അതിജീവിക്കാനുള്ള മാർഗങ്ങളൊന്നും കണ്ടെത്തുക സാധ്യവുമല്ല. അറിയുംതോറും അറിയാനുള്ളവ കൂടിക്കൊണ്ടിരിക്കുന്ന സവിശേഷ പ്രതിഭാസമാണ് പ്രകൃതി. പ്രകൃതിയുടെ വലിപ്പത്തെക്കുറിച്ചു നാം മനസിലാക്കുന്നതിനനുസരിച് അതിൻറെ വലിപ്പം വർധിക്കുന്നു. ഏറ്റവും ചെറിയ സൂഷ്മാണുവിനെ കുറിച്ചു നാം പഠിക്കുന്നതിനനുസരിച്ചു അതിനേക്കാൾ ചെറുത് പ്രത്യക്ഷപ്പെടുന്നു. അങ്ങനെ സ്ഥൂല – സൂക്ഷ്മ അനന്തതയിൽ വിലയിക്കുകയാണ് പ്രകൃതി. അതുപോലെ അനശ്വരത എന്നതും പ്രകൃതിയിലില്ല. ജനനവും മരണവും പോലെ, ഉണ്ടാകലും നശിക്കലും പ്രകൃതിയുടെ നിയമമാണ്. നിരന്തര പരിവത്തനവും പരിണാമവുമാണ് അതിൻറെ ശൈലി. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കി അതിനനുസരിച്ചു മാറാൻ സന്നദ്ധമാകുന്നവയ്ക്കു കൂടുതൽ കാലം അതിജീവിക്കാനാവും. അതുകൊണ്ടുതന്നെ പ്രകൃതിയെ കീഴടക്കുക എന്നതിനു പകരം പ്രകൃതിയെ മനസിലാക്കാനും അതിൻറെ യടിസ്ഥാനത്തിൽ പ്രകൃതിയുമായി രമ്യതപ്പെട്ടു ജീവിക്കാനുമാണ് നാം സന്നദ്ധമാവേണ്ടത്. പ്രകൃതിയുമായി പൂർണമായ തതാൽമ്യപ്പെടലൊ, പ്രകൃതിയിൽ നിന്നുള്ള പൂർണമായ വിച്ഛേദനമോ മനുഷ്യർക്കു അസാധ്യമാണ്. മനുഷ്യരുടെ അസ്തിത്വത്തിൻറെ അടിസ്ഥാനം തന്നെ ഇത്തരമൊരു തിവിശേഷത്തിലാണ്. തൻമൂലം പ്രകൃതിയെ മനസിലാക്കാനുള്ളശ്രമങ്ങളിലും മനുഷ്യർക്കു പൂർണത കൈവരിക്കാനാവില്ല. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള വൈരുദ്ധ്യത്തോടൊപ്പം പൂർണനാകണമെന്ന ആഗ്രഹവും അപൂർണതയും തമ്മിലും, അനശ്വരനാകണമെന്ന അഭിലാഷവും നശ്വരതയെന്ന യാഥാർഥ്യവും തമ്മിലും ഉളവാകുന്ന സംഘർഷങ്ങക്കു നടുവിലാണ് മാനവസമൂഹം. അവർ അഭിമുഖീകരിക്കുന്ന ആത്മീയ / അസ്തിത്വ പ്രതിസന്ധിയുടെ അടിസ്ഥാനവും ഇതാവാം. ഇതിൽ നിന്നെല്ലാം മുക്തിനേടി കൈമോശം വന്ന 'പറുദിസ' തിരിച്ചുപിടിക്കാമെന്ന മോഹം അവർ മനുഷ്യരായി തുടരുവോളം അപ്രാപ്യമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply