സിനിമ / കല ഒരു പ്രാര്‍ത്ഥന

പ്രത്യേകിച്ചും, കേരളത്തിന്റെ സവിശേഷ വിചാരസംസ്‌കാരത്തില്‍നിന്ന് ഈ തലക്കെട്ടില്‍ ഒരു ലേഖനമോ പ്രഭാഷണമോ ചെയ്യുന്നത് അല്പം ദുഷ്‌കരമാണ് എന്നതില്‍ തര്‍ക്കമില്ല. മറ്റ് പല കാര്യങ്ങളിലുമെന്ന പോലെ, പ്രാര്‍ത്ഥന എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സജീവമാകുന്ന മുന്‍വിധികളാണ് പ്രശ്‌നം. ഒരു നിര്‍വചനവും ആവശ്യമില്ലാത്തത്ര പരിചിതമായ കാര്യങ്ങളാണ് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന സാമാന്യബോധമാണ് ഇതേ സംബന്ധിച്ച്, മറ്റു പലതിലുമെന്നപോലെ, ഒരു തുറന്ന ചര്‍ച്ച ശ്രമകരമാക്കുന്നത്. അത് പള്ളിയും അമ്പലവും മറ്റു മതസ്ഥാപനങ്ങളും ചിഹ്നങ്ങളും വിശ്വാസസംഹിതകളുമായി കെട്ടുപിണഞ്ഞ് കിടക്കുന്നതാണ്. അത്തരം കള്ളികളില്‍ നിന്നെല്ലാം പുറത്തു കടന്നുള്ള ആലോചനയില്‍ തുറന്നു കിട്ടുന്ന, ദമിതമായ അനുഭവതലങ്ങളിലാണ് ഇവിടെ ഊന്നുന്നത്. പ്രകടവും ശക്തവുമായ അതിന്റെ മതാത്മകതയെ (Religiousness) നിഷേധിക്കാതെ തന്നെ.

പ്രാര്‍ത്ഥിക്കാറുണ്ടോ? തീര്‍ച്ചയായും, വല്ലപ്പോഴും, ഒരിക്കലുമില്ല. ആ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ പലതായിരിക്കും. പ്രാര്‍ത്ഥന ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയിട്ടുള്ളവരാണ് വലിയൊരു വിഭാഗം ജനങ്ങളും. ഏതു മതവിഭാഗങ്ങളില്‍ പെട്ടവരായാലും ഒന്നിലും പെടാത്തവരായാലും. ആദ്യമായി തന്റെ വിരല്‍ തുമ്പ് വിട്ട് ലോകത്തേക്കിറങ്ങുന്ന മകള്‍, കുട്ടികളുടെ നിര്‍ണായകമായ പരീക്ഷകള്‍, ആശുപത്രിയിലുള്ള പ്രിയപ്പെട്ട, അത്യാസന്ന നിലയിലുള്ള രോഗികള്‍ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന അവസ്ഥ അഭിമുഖീകരിക്കുമ്പോള്‍, കൗമാരത്തിലെ പ്രഥമ പ്രണയത്തിന്റെ ഉല്‍ക്കണ്ഠയുടെ മൂര്‍ഛകളില്‍, കോവിഡ് ബാധിതരായി ആശുപത്രിയിലെ വെന്റിലേറ്ററില്‍ കിടക്കുന്നവര്‍….. സമാനമായ ഇത്തരം എണ്ണിയാലൊടുങ്ങാത്ത ജീവിത സന്ദര്‍ഭങ്ങളില്‍ പ്രാര്‍ഥനാനിര്‍ഭരമാവാത്ത മനസ്സുകളുണ്ടാകില്ല. സാങ്കേതികമായി അതൊക്കെ പ്രാര്‍ത്ഥനയാണോ എന്ന് കുതര്‍ക്കിക്കുന്ന യുക്തിവാദിയുടേയും സെക്യൂലറിസ്റ്റിന്റേതുമടക്കം. ‘ഒരു യുഗം ഞാന്‍ തപസ്സിരിക്കാം ഒന്നു കാണുവാന്‍’ എന്ന് പ്രാര്‍ത്ഥിക്കാത്ത കൗമാരം ഉണ്ടാകില്ല. ഏറ്റവും കടുത്ത അഗ്നിപരീക്ഷകളുടെ നിമിഷങ്ങളില്‍ ‘ഇല്ല ഒന്നും വരില്ല’ എന്ന മനസ്സിന്റെ തനിയാവര്‍ത്തനത്തിലുള്ളതും പ്രാര്‍ത്ഥന തന്നെ. മനസ്സ് ഒരു മെഴുകുതിരിനാളം പോലെ ഏകാഗ്രമായി ഒരു ബിന്ദുവിലേക്ക് കൂമ്പുകയാണ്. പ്രാര്‍ത്ഥനയായി സ്വയം ഉരുകുകയാണ്. അതുകൊണ്ടാണ് പ്രാര്‍ത്ഥന കവിതയ്ക്ക് സഹജമായിരിക്കുന്നത്. ഏറ്റവും പ്രാര്‍ത്ഥനാനിര്‍ഭരമായിരിക്കുന്ന രണ്ട് രൂപങ്ങളാണ് കവിതയും സംഗീതവും. ഒരു മഞ്ഞുകട്ട അതിന്റെ സ്വന്തം ഉരുക്കത്തില്‍, ആത്മാഹുതിയില്‍ സ്വയം ചലിക്കുന്നതുപോലെയാണ് കവിതയും എന്ന് മേതില്‍. കവിതയും സ്വന്തം ഉരുക്കത്തിലൂടെയാണ് ചലിക്കുന്നതും അന്യമനസ്സുകളെ ചലിപ്പിക്കുന്നതും. എല്ലാ കലകളും സ്വന്തം ഉള്ളുരുക്കത്തിലൂടെയാണ് പ്രകാശം പരത്തുന്നത്. ബുദ്ധന്‍, യേശുക്രിസ്തു, നാരായണഗുരു, മഹാത്മാഗാന്ധി, രമണമഹര്‍ഷി……. ഇതപര്യന്തമുള്ള മഹാത്മാക്കളും ഗുരുക്കന്മാരും അങ്ങനെ തന്നെയാണ്. സ്വയമുരുകി ചുറ്റിനുമുള്ള ലോകത്ത് പ്രകാശം പരത്തുകയാണ്. സ്വന്തം ഉരുക്കത്തിലൂടെ ദൈവികത പ്രാപിച്ചവരാണ്. അഗ്‌നിപോലെ സ്വയം എരിഞ്ഞ് പ്രകാശം പരത്തുക. പ്രാര്‍ത്ഥനയും പ്രേരണയുമാണ്, പ്രകോപനവും പ്രതികാരവുമല്ല അവരുടെ മാര്‍ഗങ്ങള്‍. ഗാന്ധിക്ക് പ്രാര്‍ത്ഥന ഒരു സമരായുധം തന്നെയായിരുന്നു. മന പരിവര്‍ത്തനത്തിലൂടെയാണ് അവര്‍ ശത്രുവിനെ ‘ഉന്മൂലനം’ ചെയ്തത്. നമുക്ക് മോക്ഷം നല്‍കിയത്. ചൈനീസ് തടവറയിലെ ബുദ്ധഭിക്ഷുവിനെ പോലെ, ‘ദൈവമേ ചൈനീസ് അധികാരികളെ വെറുക്കാന്‍ തോന്നിപ്പിക്കല്ലേ’ എന്നാണ് അവര്‍ പ്രാര്‍ത്ഥിച്ചത്. അനുവാചകരില്‍ മഹത്തായ കലയും സാഹിത്യവും ഉണ്ടാക്കുന്ന പ്രത്യാഘാതവും സമാനമാണ്. ഉദാത്തതയിലേക്ക് അവരെ ചേര്‍ത്തുനിര്‍ത്തുക. സ്വതസിദ്ധമായ ദൈവികതയിലേക്ക് ഉണര്‍ത്തുക.

പ്രാര്‍ത്ഥനയെന്നത് അപരനിലേക്കും അപരത്തിലേക്കുമുള്ള ഉണര്‍ച്ചയാണ്. നീള്‍ച്ചയും പ്രയാണവുമാണ്. ‘ഇതില്‍’ നിന്ന് ‘അതിലേക്കുള്ള’ ഉന്മുഖത്വം. രണ്ടിനുമിടയിലുള്ള ഭേദഭാവത്തിന്റെ തിരസ്‌കാരം. ‘തത് ത്വം അസി’ പോലെ. ഒരു കണക്ടിവിറ്റിയുടെ പ്രശ്‌നമാണത്. ഞാനും നീയും, അതും ഇതും എല്ലാം ഒന്ന് തന്നെ എന്ന ബോധത്തിലേക്കുള്ള വെളിച്ചപ്പെടല്‍. അകത്താണ് അത് സംഭവിക്കുക. പുറം അക്ഷോഭ്യവും ശാന്തവുമായിരിക്കും. കലക്കവും ഇളക്കവും തുടര്‍ന്നുവരുന്ന തെളിച്ചവും അകമേയാണ് സംഭവിക്കുക. യഥാര്‍ത്ഥ വിപ്ലവം ഇതാണ്. അല്ലെങ്കില്‍ ഇതായിരിക്കണം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പള്ളിയും പട്ടക്കാരും ആചാര അനുഷ്ഠാനങ്ങളുമടങ്ങുന്ന, സ്ഥാപനസംബന്ധിയായ നിബന്ധനകളുടെ അലങ്കാരങ്ങള്‍ പ്രാര്‍ത്ഥനയുടെ അനിവാര്യഘടകങ്ങളല്ല. ഒരു ആല്‍മരത്തിന്റെ തണല്‍ മതി പ്രാര്‍ത്ഥനക്ക്. മഹത്തായ എല്ലാ പ്രയാണങ്ങള്‍ക്കും സഞ്ചാരങ്ങള്‍ക്കും. അറിവിന്റെ തുലോം തുച്ഛമായ തുരുത്തിനു ചുറ്റും അറിയാത്തതിന്റെ അനന്തവും അനാദിയുമായ പരപ്പുണ്ട്. അതിനെ തൊടാനുള്ള മനുഷ്യന്റെ തൃഷ്ണയല്ലാതെ മറ്റെന്താണ് പ്രാര്‍ത്ഥന? അറിയാത്തതിനെ അറിയാന്‍ ശാസ്ത്രം പോരെ? പോരല്ലോ എന്നാണ് ഉത്തരം. അനുഭവവും. അല്പം ജ്ഞാനത്തില്‍ നിന്ന് ശാസ്ത്രം തരുന്ന ‘അല്പം കൂടി’ ജ്ഞാനത്തിലേക്ക് കയറിനിന്ന് നോക്കുമ്പോഴും, അജ്ഞാതത്തിന്റെ ചക്രവാളവും പരപ്പും അല്പം കൂടി നീളുന്നതേയുള്ളൂ. അതുകൊണ്ട് എല്ലാതരം അന്വേഷണങ്ങളും പരിശ്രമങ്ങളും സഹവസിക്കുന്നതാണ് ഉത്തമം. പ്രത്യേകിച്ചും ‘ഒരു നിശ്ചയമില്ല ഒന്നിനും വരുമോരോ ദശ വന്നപോല്‍ പോം’ എന്ന മഹദ് വാക്യം ഓര്‍ക്കുമ്പോള്‍. ഒരു ഒറ്റവാതില്‍ പ്രപഞ്ചത്തിലല്ല മനുഷ്യന്റെ വാഴ്‌വ്. അതുകൊണ്ടാണ് ശാസ്ത്രത്തിന്റെ / യുക്തിയുടെ, കൂട്ടത്തില്‍ ഏറ്റവും ഇളയതായ ആധുനികശാസ്ത്രത്തിന്റെ താക്കോല്‍ മാത്രം മതിയാകാതെ വരുന്നത്.

പ്രാര്‍ത്ഥന സ്വേഛയാലുള്ള ഒരു സഞ്ചാരമാണ്. തന്നില്‍ കുടുങ്ങിക്കിടക്കാതെ പുറത്തേക്കുള്ള ഒരു പുറപ്പാടാണ്. ‘മുറിയില്‍ ഇനി ആരൊക്കെയുണ്ട് ബാക്കിയായി’ എന്ന് തിരക്കിയപ്പോള്‍ ‘ഇനി ഞാന്‍ മാത്രമെ ബാക്കിയുള്ളു’ എന്നുപറഞ്ഞ ശിഷ്യനോട് രമണമഹര്‍ഷി ‘ആ ഞാന്‍ കൂടി പോണം’ എന്ന് പറഞ്ഞതുപോലെ. തികച്ചും സ്വാഭാവികവും ആനുഭവികവുമാണത്. യുക്തിക്കോ ബുദ്ധിക്കോ അത് പൂര്‍ണമായും ഗ്രഹിക്കാനായിക്കൊള്ളണമെന്നില്ല. അങ്ങനെ വേണമെന്ന വാശിയും വേണ്ട. തനിക്ക് പുറത്തുള്ളതിനോട് കട്ട സൗഹൃദം. ഏകാന്തതയില്‍ അതിനോടുള്ള നിരന്തരമായ സംഭാഷണം എന്നാണ് പ്രാര്‍ത്ഥനയെ സെന്റ് തെരേസ എന്ന മധ്യകാല സ്പാനിഷ് മിസ്റ്റിക് മനസ്സിലാക്കിയത്. ഒരു ഉള്‍രോദനമാണത്. പലപ്പോഴും ആവിഷ്‌കൃതമാകാതെ ഉള്ളിലേക്കൊതുങ്ങുന്ന വിലാപം. മനുഷ്യസൃഷ്ടമായ കലയും സാഹിത്യങ്ങളും അതിനെ ആവിഷ്‌കരിക്കാനുള്ള പരിശ്രമങ്ങളാണ്. മനുഷ്യനെ പുതഞ്ഞ് നില്‍ക്കുമ്പോഴും അതിനെ കവിഞ്ഞു പോകുന്ന നിഗൂഢ അനുഭൂതികളെ ആവിഷ്‌കരിക്കുക. മനുഷ്യജ്ഞാനത്തിന്റെ സ്ഥൂല പ്രത്യക്ഷ ങ്ങളില്‍നിന്ന് സൂക്ഷ്മവും ഗഹനവുമായ അവയുടെ തന്നെ അതീതമാനങ്ങളെ തൊടാനാണ് കലയുടെ ശ്രമം. പ്രാര്‍ത്ഥനയും ഇതേ ദിശയിലാണ് സഞ്ചരിക്കുന്നത്. അന്തസ്സത്തയില്‍ അവ രണ്ടും ഒന്നായിരിക്കുന്നത് അതുകൊണ്ടാണ്. ഇതിനും അതിനുമിടയ്ക്ക്, എനിക്കും തനിക്കുമിടയിലൊരു പാലം.

മനുഷ്യന്‍ ഇന്നേവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും ആനന്ദകരമായ തൊഴിലാണ് കലാ/സാഹിത്യ സൃഷ്ടി എന്ന് വില്യം ഫോക്‌നര്‍. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളും ഗുലാഗുകളും നാസി-കമ്മ്യൂണിസ്റ്റ് ഭീകരതകളും എല്ലാതരം ഖാപ്പ് കൂട്ടായ്മകളും അതിജീവിച്ച് മനുഷ്യന്‍ എന്തുകൊണ്ട് കവിതയും സിനിമയും ഉണ്ടാക്കുന്നു. ഒരുപക്ഷേ ഈ ചോദ്യത്തിന് ഏറ്റവും നല്ല ഉത്തരം തന്നിട്ടുള്ളത് പാബ്‌ളോ നെരൂദയാണ്. ‘വേലിപ്പൊത്തിലൂടെയുള്ള കൈ’ എന്ന പ്രതീകത്തെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം അത് വിശദീകരിക്കുന്നത്. നെരൂദയുടെ കുട്ടിക്കാലം. വീടിന്റെ പുറകിലെ തൊടിയില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ വേലിക്കെട്ടിനിടയിലെ ഒരു ദ്വാരം കാണുന്നു. അതിലൂടെ നോക്കുമ്പോള്‍ കാടുപിടിച്ച് കിടക്കുന്ന വിശാലമായ ഒരു തൊടിയാണ് കുട്ടിയായ നെരൂദ കാണുന്നത്. പൊടുന്നനെ ആ വേലിപ്പൊത്തില്‍ അപ്പുറത്തുനിന്ന് ഒരു കുഞ്ഞുകൈ കാണപ്പെടുന്നു. അടുത്തെത്തുമ്പോഴേക്കും അത് മറയുന്നു. പക്ഷേ ആ സ്ഥാനത്ത് വെളുത്ത രോമവസ്ത്രം ധരിച്ച ഒരു കളിപ്പാട്ടം – ആട്ടിന്‍കുട്ടി. ശരവേഗത്തില്‍ കുട്ടിയായ നെരൂദ വീട്ടിലേക്ക് ഓടുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു കളിപ്പാട്ടവുമായി തിരിച്ചു വന്ന് വേലിപ്പൊത്തില്‍ അതേ സ്ഥാനത്തുവെച്ചു. ആട്ടിന്‍ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങി. ആ കുഞ്ഞുകൈയിന്റെ ഉടമയെ നെരൂദ പിന്നീടൊരിക്കലും കണ്ടിട്ടില്ല. പക്ഷേ ഈ അപൂര്‍വ്വ സമാഗമത്തില്‍ നിന്ന് നെരൂദയിലെ കലാകാരന്‍ ആഴത്തിലുള്ള ഒരു സത്യം മനസ്സിലാക്കുന്നു. പാരസ്പര്യത്തിനായി, സൗഹൃദത്തിനായി ഉള്ള അദമ്യമായ ആഗ്രഹമാണ് മനുഷ്യനെ കലാസൃഷ്ടി യിലേക്ക് പ്രേരിപ്പിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

”നാം സ്‌നേഹിക്കുന്നവരില്‍നിന്ന് തിരിച്ചു ലഭിക്കുന്ന സ്‌നേഹാനുഭൂതിയാണ് നമ്മുടെ ജീവിതത്തിന്റെ നിലനില്‍പ്പിനാവശ്യമായ ഊര്‍ജ്ജം പകരുന്നത്. നമ്മുടെ ഉറക്കത്തിലും ഏകാന്തതയിലും ദൗര്‍ബല്യങ്ങളിലും നമുക്കുണ്ടാവുന്ന അപകടങ്ങളിലുമെല്ലാം നമ്മെ കരുതലോടെ നിരീക്ഷിക്കുന്ന അജ്ഞാതരായ അനവധി പേരുടെ സ്‌നേഹം അനുഭവിക്കാനാവുന്നത് അതിലും എത്രയോ വലുതാണ്, സുന്ദരമാണ്. കാരണം അത് നമ്മുടെ ഉണ്മയുടെ അതിരുകള്‍ വികസിപ്പിക്കുകയും സകല ജീവജാലങ്ങളുമായി ഐക്യപ്പെടുത്തുകയും ചെയ്യുന്നു.” നെരൂദ കുട്ടിക്കാല അനുഭവത്തെ വിശദീകരിക്കുകയാണ്. വിലപിടിച്ചതെന്തെങ്കിലും, ലഭിച്ച സ്‌നേഹത്തിന് പകരമായി തന്റെ സഹജീവികള്‍ക്ക് നല്‍കണം എന്ന തോന്നല്‍ അദ്ദേഹത്തിനുള്ളില്‍ ശക്തമാകുന്നത് അങ്ങനെയാണ്. പൊടുന്നനെ മനസ്സിലുണര്‍ന്ന ഈ വെളിപാടിന്റെ ആളലിലാണ് കുട്ടിയായ നെരൂദ തന്റെ പ്രിയപ്പെട്ട കളിപ്പാട്ടം, ആ വേലിപ്പൊത്തില്‍, അജ്ഞാതനായ കൂട്ടുകാരനു വേണ്ടി സമര്‍പ്പിച്ചത്. (തിരിച്ച്) കൊടുക്കുന്നതിലെ ശുദ്ധ ആനന്ദമാണ് നെരൂദയുടെ ബാല്യം തിരിച്ചറിഞ്ഞ അഗാഥമായ സത്യം. തുടര്‍ന്ന് എന്റെ ജീവിതത്തിലുടനീളം, തടവുപുള്ളികളും വേട്ടയാടപ്പെട്ടവരും ഏകാകികളുമൊക്കെയായ എത്രയോ അജ്ഞാതരായ മനുഷ്യരുടെ വാതില്‍ക്കല്‍ എന്റെ വാക്കുകള്‍ ഞാന്‍ സമര്‍പ്പിച്ചു കൊണ്ടേയിരുന്നു എന്നാണ് ഈ സംഭവത്തെ നെരൂദ ഉപസംഹരിക്കുന്നത്. അതുകൊണ്ടാവണം കവി ഭൗതികാതീത ശക്തിയുടെ ഏജന്റാണ് എന്ന് വാള്‍ട്ട് വിറ്റ്മാന്‍ പറഞ്ഞിട്ടുണ്ടാകുക. നെരൂദ സൂചിപ്പിച്ച സമര്‍പ്പണവും കരുതലും തന്നെയാണ് പ്രാര്‍ത്ഥനയുടെയും കാതല്‍.

‘കവി ആത്മാവിനെ ഇളക്കി മറിക്കണം’ (poet must stirr the soul) എന്നതായിരുന്നു തര്‍ക്കോവ്‌സ്‌കിയുടെയും ബോദ്ധ്യം. അതിഗഹനമായ വികാര-വിചാരങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ ഭാഷ പലപ്പോഴും പരാജയപ്പെടാറുണ്ട്. ആ പരിമിതി മറികടക്കുന്ന, സ്വന്തമായ ഒരു ദൃശ്യഭാഷ കണ്ടെത്തിക്കാണ്ടാണ് അദ്ദേഹം അതിനെ അതിജീവിച്ചത്. പ്രാര്‍ത്ഥനാനിര്‍ഭരമായിരുന്നു ആ ഭാഷ. ദൃശ്യ പരിചരണം. ചലച്ചിത്രബിംബങ്ങളില്‍ ലീനമായ, അവയുടെ തന്നെ അതീതമാനങ്ങളിലേക്ക് ഉണര്‍ത്തിയെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രചനാതന്ത്രം. ഓരോ ഫ്രെയിമും ദൃശ്യഖണ്ഡവും, അനന്യവും പ്രാര്‍ത്ഥനയുടെ വെളിച്ചം (luminosity) പ്രസരിപ്പിക്കുന്നതുമാണ്. ആവര്‍ത്തനം കൊണ്ട് വിരസമായ ആംഗിളുകളോ കോമ്പോസിഷനോ അദ്ദേഹത്തിന്റെ സിനിമകളില്‍ നാം കാണുന്നില്ല. ചൈതന്യം തുളുമ്പുന്നതും, ജീവന്‍ മിടിക്കുന്നവയുമായിരുന്നു ആ ദൃശ്യങ്ങള്‍. വികൃതവും, യാന്ത്രികവും, നിര്‍വികാരീകരിക്കപ്പെട്ടതുമായ, ഇന്ന് സര്‍വ്വസാധാരണമായ ‘ഇമോജി’കളായിരുന്നില്ല.

‘ദൈവമേ എനിക്ക് എന്താണ് സംഭവിക്കുന്നത്’ എന്ന, പ്രാര്‍ത്ഥനയുടെ ഉല്‍ക്കണ്ഠയും അന്വേഷണവുമായിരുന്നു ഓരോ താര്‍ക്കോവ്‌സ്‌കി സിനിമയും. ആത്മാന്വേഷണത്തിന്റെ ബഹുതലമാനങ്ങളിലേക്ക് പടരുകയായിരുന്നു അവ. അദ്ദേഹത്തിന്റെ ഒരു കഥാപാത്രം ചോദിക്കുകയാണ്. ”എന്തുകൊണ്ടാണ് മനുഷ്യന്‍ എപ്പോഴും തന്റെതന്നെ ആഗ്രഹങ്ങള്‍ക്ക് നേര്‍വിപരീതമായി പ്രവര്‍ത്തിക്കുന്നത്? ഒരാളെ പ്രണയിക്കുന്നു, മറ്റൊരാളെ വിവാഹം കഴിക്കുന്നു.” സമാധാനവും ശാന്തിയും ആഗ്രഹിക്കുന്നു. ന്യൂക്ലിയര്‍ ബോംബുകളും യുദ്ധങ്ങളും സൃഷ്ടിക്കുന്നു. അനാവശ്യമായത് എന്തോ അതാണ് പാപം. (sin is what is unnecessary). പരിണാമ പ്രയാണത്തില്‍ മനുഷ്യന് എവിടെയോ വെച്ച് വഴി തെറ്റിയിരിക്കുന്നു. അവിടേക്ക് മടങ്ങണം, ഒരു യൂ ടേണ്‍ ആണ് അത്യാവശ്യമായിരിക്കുന്നത്. അതിലേക്കുള്ള പ്രാര്‍ത്ഥനയും പ്രേരണയുമാണ് കല. അതിലൂടെ മനുഷ്യനും പ്രപഞ്ചത്തിനുമിടയിലുണ്ടായിരുന്ന സ്വാരസ്യം തിരിച്ചുപിടിക്കണം. കലയും സാഹിത്യവും അതിനേക്കാള്‍ ലഘുവും തുച്ഛവുമായ ലക്ഷ്യങ്ങളില്‍ അഭിരമിക്കുന്നത് അഭിലഷണീയമല്ല.

‘ഉല്‍കൃഷ്ടമായ സാഹിത്യത്തില്‍ സിദ്ധാന്തമുക്തവും തെളിഞ്ഞതുമായ ഒരു ദൈവശാസ്ത്രം (theology) സന്നിഹിതമാണ്… കല ഒരു സര്‍ഗ്ഗാത്മക പ്രാര്‍ത്ഥനയാണ്.’ മെലീസ്സ പ്രിച്ചാര്‍ഡ് പറയുന്നു. വാന്‍ഗോഗ്, താര്‍ക്കോവ്‌സ്‌കി, ഡോസ്‌റ്റോയേവ്‌സ്‌കി, ടോള്‍സ്‌റ്റോയ്, ഒ വി വിജയന്‍, മേതില്‍ രാധാകൃഷ്ണന്‍ തുടങ്ങിയ പ്രതിഭാധനര്‍ക്കും ക്രിസ്തു, ഗാന്ധി, നാരായണഗുരു, രമണമഹര്‍ഷി തുടങ്ങിയ ഗുരുക്കന്മാര്‍ക്കും മിസ്റ്റിക്കുകള്‍ക്കും ഇടയിലുള്ള പാരസ്പര്യത്തിന്റെ അടിസ്ഥാനമാണത്. ഏതു കൊടിയ പീഡനങ്ങളിലും കടുത്ത ഏകാന്തതയിലും ഒറ്റപ്പെടലിലും അവര്‍ക്ക് തുണയാകുന്നത് ഈ ഉള്‍വെളിച്ചമാണ്. ദൈവവുമായി നേരിട്ടാണ് അവരുടെ ഇടപാട്. ഇടനിലകളോ ഇടനിലക്കാരോ ഇല്ലാതെ അവര്‍ക്കുമുന്നില്‍ ദൈവവും ദൈവത്തിനു മുന്നില്‍ അവര്‍ക്കും പ്രത്യക്ഷമാകാന്‍ കഴിയുന്നു.

‘എന്തുകൊണ്ട് കല?’ ഇഹലോകം അപൂര്‍ണം (imperfect) ആയതുകൊണ്ട് എന്നാണ് താര്‍ക്കോവ്‌സി്കിയുടെ മറുപടി. ‘ലോകം പൂര്‍ണം എങ്കില്‍ കല ഉപയോഗശൂന്യമാണ്. കാരണം അത്തരം ഒരു ലോകത്തില്‍ മനുഷ്യന്‍ ഹാര്‍മണി തേടേണ്ടതില്ല. അതില്‍ ജീവിച്ചാല്‍ മാത്രം മതി. മോശം മാതൃകയില്‍ സൃഷ്ടിക്കപ്പെട്ട ലോകത്തിലാണ് കല ഉയിരെടുക്കുന്നത്’ ആന്ദ്രേ റുബ്‌ളേവ് എന്ന തര്‍ക്കോവ്‌സ്‌കി സിനിമയുടെ കേന്ദ്രപ്രമേയം തന്നെ അതാണ്. ഒരുപാട് പരാധീനതകളും അപൂര്‍ണതകളുമുള്ള ജീവിയാണ് മനുഷ്യന്‍. ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്ന ഒരു അവസ്ഥയുടെ / ജീവിയുടെ പേരല്ല മനുഷ്യന്‍. എത്തിച്ചേരാനുള്ള ആഗ്രഹവും ലക്ഷ്യവുമാണ് മനുഷ്യന്‍. കലയാണ് ആ ലക്ഷ്യത്തിലേക്ക് മനുഷ്യനെ കൂടുതല്‍ അടുപ്പിച്ച് നിര്‍ത്തുന്നത്. പ്രകാശ ഗോപുരങ്ങളായ അസംഖ്യം മഹത്തുക്കള്‍ ദാര്‍ശനിക തലത്തില്‍ കലാകാരന്മാര്‍ തന്നെയാണ്. സൗന്ദര്യവും ഹാര്‍മണിയും സൃഷ്ടിക്കുന്നതെന്തും കലയാണ്. അവയുടെ സൃഷ്ടാക്കള്‍ കലാകാരന്മാരും. ബുദ്ധനും ക്രിസ്തുവും ഗാന്ധിയും പോലുള്ളവര്‍ കലാകാരന്മാരാണ്. അവരുടെ മാധ്യമം അവര്‍ തന്നെയായിരുന്നു. സ്വയം, സ്വന്തം ജീവിതം തന്നെ ഒരു ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടാക്കി മാറ്റിയവര്‍ ! കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും ഭാവനയില്‍, ഭാഷയില്‍, ചിത്രമെഴുത്തില്‍….. സൃഷ്ടിക്കുകയായിരുന്നില്ല, അവര്‍ തന്നെ കഥയും കഥാപാത്രവും സന്ദര്‍ഭവുമായി, പ്രതിഷ്ഠാപനങ്ങളായി മാറുകയായിരുന്നു. അവര്‍ക്ക് വേണ്ട ലോകം അവര്‍ സൃഷ്ടിച്ചു. അവരുടെ ആത്മീയോത്കര്‍ഷങ്ങളുടെ വെളിച്ചത്തില്‍ പുതുവഴികള്‍ നമുക്ക് തെളിഞ്ഞു കിട്ടുകയായിരുന്നു. പുതുവെളിച്ചങ്ങള്‍, മൂല്യങ്ങള്‍, നന്മയിലേക്കുള്ള, സമാധാനത്തിലേക്കുള്ള ശാന്തിപഥങ്ങള്‍ മഹത്തായ കലാസൃഷ്ടികളില്‍ നിന്ന് വെളിപ്പെടും പോലെ. കലയുടെ ഗുരുത്വാകര്‍ഷണത്തില്‍ പെടുന്ന ഒരാളില്‍് സംഭവിക്കുന്ന ആത്മീയ ഉത്കര്‍ഷങ്ങള്‍ക്ക് സമാനമാണത്.

കലയുമായുള്ള അത്തരം ആപത്കരമായ മുഖാമുഖങ്ങള്‍ക്ക് സന്നദ്ധമാകുകയാണ് പ്രധാനം. കലയും സാഹിത്യവും നേരമ്പോക്കിനോ ലാഭമുണ്ടാക്കാനോ വിപ്ലവത്തിന്റെ നടത്തിപ്പിന് പോലുമോ ഉള്ള ഉപകരണങ്ങളല്ല. ആയിക്കൂട. ലാഭം ലക്ഷ്യമാകുമ്പോഴാണ്, അല്ലെങ്കില്‍ അത് മാത്രം ലക്ഷ്യമാകുമ്പോഴാണ് എന്തും കെട്ടതാകുന്നത്. മാരകമാകുന്നത്. കള്ളവാറ്റും കലയുമടക്കം എല്ലാം വിഷമയമാകുന്നത് അവയില്‍ വിഷം ചേര്‍ക്കുന്നതു കൊണ്ടല്ല. അമിതലാഭം ലക്ഷ്യമാക്കുന്നത് കൊണ്ടാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിഷലിപ്തമാകുന്നത്. അതുകൊണ്ടാണ് ഗാന്ധി മാര്‍ഗ്ഗത്തെ മുന്നിലേക്ക് നീക്കി നിര്‍ത്തിയത്. മാര്‍ഗ്ഗവും ലക്ഷ്യവും അദ്വൈതമാക്കിയത്. അവയ്ക്കിടയിലെ സ്വാരസ്യം പ്രധാനമാണ്. വിപ്ലവങ്ങള്‍ എപ്പോഴും ലക്ഷ്യങ്ങളിലാണ് ഊന്നുന്നത്. ധൃതിയും തിടുക്കവുമാണ് അതിന്റെ ശാപം. അവധാനത, ആലോചന, ധ്യാനം അതിന് അന്യമാണ്. പരിണാമം ധ്യാനാത്മകമാണ്. പ്രാര്‍ത്ഥനാനിര്‍ഭരമാണ്. എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന, നിലനിര്‍ത്തുന്ന, അടുത്തതിലേക്ക് പകരുന്ന നൈരന്തര്യം. വിപ്ലവങ്ങള്‍ക്ക് ഇല്ലാതെ പോകുന്നത് ഈ ധ്യാനാത്മകതയാണ്. എത്ര ലക്ഷം വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനക്കും ധ്യാനത്തിനുമൊടുവിലാണ് ഒരു ജീവകണം ഉയിരെടുക്കുന്നതും അതു പരിണമിച്ച് മനുഷ്യനിലേക്ക് എത്തുന്നതും. അമ്പരപ്പിക്കുന്ന അവധാനത, ക്ഷമ, സഹനം, കാത്തിരിപ്പ്. ഒരു പൂ വിരിയാന്‍ അതിന്റെ സ്വാഭാവിക സമയം അനുവദിക്കാത്ത അക്ഷമയാണ് വിപ്ലവം. പരാജയം അതിന്റെ ഗര്‍ഭത്തില്‍ തന്നെയുണ്ട്.

താര്‍ക്കോവ്‌സ്‌കി സൂചിപ്പിക്കും പോലെ ഈ തിരക്കാണ്, നെട്ടോട്ടമാണ് മനുഷ്യജാതിയുടെ ആദിമമായ വഴിതെറ്റലിന് അടിസ്ഥാനം. ഒട്ടും ധൃതിയില്ലാത്ത, അവധാനതയോടെയുള്ള ക്യാമറാചലനങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകളുടെ മൗലികസ്വഭാവമാകുന്നത് ഒരുപക്ഷേ അതുകൊണ്ടായിരിക്കാം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയിമുകളോട് അദ്ദേഹത്തിനുള്ള പ്രണയത്തിന്റെ അബോധ പ്രേരണയായും ഇത് പ്രവര്‍ത്തിച്ചിട്ടുണ്ടാകണം. കളര്‍ സിനിമകളില്‍ പോലും ധാരാളം ബ്ലാക്ക് ആന്‍ഡ് വൈറ്റ് സീക്വന്‍സുകള്‍ അദ്ദേഹം ഉപയോഗിക്കാറുണ്ടെന്നതും ഈ ചിന്തയോടൊപ്പം പരിശോധിക്കപ്പെടേണ്ടതാണ്. കറുപ്പ് / വെളുപ്പ് ചിത്രങ്ങള്‍ക്ക് സ്വതസിദ്ധമായ ഒരു അവധാനതയുണ്ട്. നിറങ്ങള്‍ക്ക് കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള അമിതോത്സാഹമുണ്ട്. ഞാന്‍ ആദ്യം ഞാന്‍ ആദ്യം എന്ന ഒരു മത്സരം നിറങ്ങള്‍ക്കിടയില്‍ അന്തസ്ഥിതമാണ്. എക്‌സാജറേഷനും. കളര്‍ ഫ്രെയ്ം വാചാലമാണ്. കറുപ്പും വെളുപ്പും മൗനസാന്ദ്രവും പ്രാര്‍ത്ഥനാനിര്‍ഭരവുമായിരിക്കും. ബര്‍ഗ്മാന്‍ – കുറസോവ ചിത്രങ്ങള്‍ നോക്കിയാല്‍ മതി ഇത് മനസ്സിലാക്കാന്‍. കളര്‍ ഫ്രെയിമുകള്‍ കാണികളെ കണ്ണഞ്ചിപ്പിക്കും. കറുപ്പും വെളുപ്പും അതിലെ ആഴങ്ങളിലേക്ക്, സന്നിഗ്ദതകളിലേക്ക്, ശ്രദ്ധയോടെ അതിന്റെ കാഴ്ചക്കാരെ കൈപിടിച്ച് നടത്തും. താര്‍ക്കോവ്‌സ്‌കിയുടെ കളര്‍ സിനിമകള്‍ പോലും ഇതിന് ഉദാഹരണങ്ങളാണ്. ഒട്ടും പളപളപ്പോ അതിഭാവുകത്വമോ അനുവദിക്കാത്ത, കീഴ്സ്ഥായിയിലുള്ള ഒരു ടോണ്‍ ആയിരിക്കും അവയിലെല്ലാം. സൂക്ഷിച്ചു നോക്കിയാല്‍ മാത്രം കളറാണെന്ന് മനസ്സിലാക്കാനാവും വിധം ബ്ലാക്ക് ആന്‍ഡ് വൈറ്റിലേക്കാണ് അവ ഉന്മുഖമായിരിക്കുന്നതെന്നുകാണാം. ഡിജിറ്റല്‍ ശബ്ദത്തിന്റെ മാരക പ്രഭാവം വരുന്നതിനു മുമ്പാണ് അദ്ദേഹത്തിന്റെ സിനിമകള്‍ ഉണ്ടായത് എന്നതുകൊണ്ട്, ചെവി അടച്ചുപിടിച്ച് കാണുകയും കേള്‍ക്കുകയും ചെയ്യേണ്ട അവസ്ഥയുമില്ല. വളരെ ബോധപൂര്‍വ്വം സ്വീകരിക്കപ്പെട്ട, പ്രാര്‍ത്ഥനാനിര്‍ഭരവും ധ്യാനാത്മകവുമായ ഒരു സൗന്ദര്യ സമീപനമാണ് നാം താര്‍ക്കോവ്‌സ്‌കി സിനിമകളില്‍ കാണുന്നത്. അവസാന ചിത്രമായ ‘സാക്രിഫൈസി’ല്‍ അദ്ദേഹത്തിന്റെ ആള്‍ട്ടര്‍ ഈഗോ എന്നുപറയാവുന്ന നായകകഥാപാത്രം അലക്‌സാണ്ടറുടെ ദീര്‍ഘമായ പ്രാര്‍ത്ഥന ആ സമീപനത്തിന്റെ അന്തര്‍ധാരയാണ്. ആ പ്രാര്‍ത്ഥനയുടെ ചുരുക്കം ഇങ്ങനെ :

‘ദൈവമേ, ഭയാനകമായ ഈ കാലത്തില്‍നിന്ന് ഞങ്ങളെ രക്ഷിക്കുക… പ്രതീക്ഷയും ഭാവിയും ജീവിതവും നഷ്ടപ്പെട്ട് അകം തിങ്ങുന്ന ഭീതിയില്‍ കഴിയുകയും, അന്ത്യം അടുത്തെത്തിയിരിക്കുന്നു എന്ന് അറിയുമ്പോഴും തങ്ങള്‍ക്ക് വേണ്ടിയല്ലാതെ അവര്‍ സ്‌നേഹിക്കുന്നവരെയോര്‍ത്ത് സങ്കടപ്പെടുന്ന മുഴുവന്‍പേരെയും, നിനക്കല്ലാതെ മറ്റാര്‍ക്കും സംരക്ഷിക്കാനാവാത്ത മുഴുവന്‍ പേരേയും. കാരണം ഈ യുദ്ധം അവസാനത്തെ യുദ്ധമാണ്. ഇതിനുശേഷം ജയിച്ചവരും കീഴടക്കപ്പെട്ടവരും ഇല്ല. പട്ടണങ്ങളും നഗരങ്ങളും, പുല്ലും വൃക്ഷങ്ങളും, കിണറുകളില്‍ ജീവജലവും ആകാശത്ത് പറവകളും ഉണ്ടായിരിക്കില്ല. മുമ്പുണ്ടായിരുന്നതുപോലെ, ആദ്യപ്രഭാതത്തിലെന്നപോലെ എല്ലാറ്റിനേയും പുനസ്ഥാപിച്ചാലും….. ഭയാനകവും, മനംപിരട്ടലുണ്ടാക്കുന്നതും, മൃഗീയവുമായ ഈ ഭീതിയില്‍ നിന്ന് എന്നെ മോചിപ്പിക്കുക.’ തൊള്ളായിരത്തി മുപ്പതുകളുടെ കെട്ടകാലത്തില്‍, പ്രതീക്ഷയുടെ വിപ്ലവജ്വാലയായി പടര്‍ന്ന, ‘ഗ്രേറ്റ് ഡിക്ടേറ്ററി’ന്റെ അവസാനം ചാപ്ലിന്‍ നടത്തുന്ന ദീര്‍ഘമായ പ്രസംഗത്തിന്റെ തിരിച്ചിടലായി താര്‍ക്കോവ്‌സ്‌കിയുടെ ഈ പ്രാര്‍ത്ഥനയെ മനസ്സിലാക്കുന്നതില്‍ അനൗചിത്യമില്ല.

(തൃശൂര്‍ ‘ശ്രദ്ധ’യില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply