ആദ്യകാല ഫെമിനിസ്റ്റുകള്‍ ആദരിക്കപ്പെടുമ്പോള്‍..

ലിംഗനീതി എന്ന വിഷയത്തില്‍ ഇനിയും കാര്യമായി മുന്നോട്ടുപോകാനോ ഒരു ആധുനിക സമൂഹമാകാനോ നമുക്കായിട്ടില്ല എന്നതാണ് വാസ്തവം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലുണ്ടായ ഏതാനും സംഭവങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും.

വളരെ പ്രസക്തമായ ഒരു പരിപാടി ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് നടക്കുന്നു. കേരളത്തില്‍ നവഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കവും തുടര്‍ച്ചയും നല്‍കി, അതിജീവനത്തിന്റെ സമരവീര്യത്തോടെ പൊതുമണ്ഡലത്തില്‍ സ്വന്തം ഇടം സൃഷ്ടിച്ചെടുത്ത സ്ത്രീനേതൃത്വങ്ങളേയും അവരുടെ സംഭാവനകളേയും കൃത്യമായി അടയാളപ്പെടുത്തേണ്ടതും അവയെ കൊണ്ടാടേണ്ടതും ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ കേരള ഫെമിനിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കൂടിച്ചേരലാണ് സൂചിപ്പിക്കുന്നത്. വ്യത്യസ്ത തലങ്ങളില്‍ കേരളത്തിലെ സ്ത്രീകളുടെ ജീവിതങ്ങളെയും അവകാശങ്ങളെയും അഭിസംബോധന ചെയ്ത, സംഘടനാ രംഗത്തും സര്‍ഗ്ഗാത്മക – ബൗദ്ധിക മേഖലകളിലും പ്രകാശിച്ചു പോന്ന എഴുപതു വയസ്സ് പിന്നിട്ട ആറു വ്യക്തിത്വങ്ങളെ ആദരിക്കുന്നു എന്നതാണ് പരിപാടിയുടെ ഹൈലൈറ്റ്. അവര്‍ സാറാ ജോസഫ്, കെ. അജിത, ഏലിയാമ്മ വിജയന്‍, വി.പി. സുഹറ, നളിനി ജമീല, നളിനി നായക് എന്നിവരാണ്. മുന്‍ കാല ഫെമിനിസ്റ്റ് പോരാട്ടങ്ങളുടെ അനുഭവ ജ്ഞാനങ്ങളോടും അതിജീവന സമരങ്ങളോടും പുതിയകാലത്തെ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകള്‍ക്കും അക്കാദമിക – സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കും സംവദിക്കാനുള്ള അവസരവും കൂടിയാണിതെന്ന് സംഘാടകര്‍ പറയുന്നു. കേരളത്തിന്റെ സമകാലിക മുഖ്യധാരാ ഫെമിനിസ്റ്റ് രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ബോധപൂര്‍വ്വം രൂപപ്പെടുത്തേണ്ട ഫെമിനിസ്റ്റ് ഐക്യപ്പെടലിനും മൈത്രിക്കും ഈ പരിപാടി തുടക്കം കുറിക്കുമെന്നും പ്രതീക്ഷിക്കുന്നു.

മേല്‍സൂചിപ്പിച്ചവരും അവരുടെ സഹപ്രവര്‍ത്തകരുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ കേരളത്തിലെ നവഫെമിനിസ്റ്റ് പ്രസ്ഥാനം സജീവമായി നാലുപതിറ്റാണ്ടോളമായി. അതിന്റെ ഭാഗമായി നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. തങ്കമണിയിലെ പോലീസ് അഴിഞ്ഞാട്ടം, കുഞ്ഞീബി, ബാലാമണി, പി ഇ ഉഷ, സൂര്യനെല്ലി, കന്യാസ്ത്രീ സമരം, അഭയകേസ്, ഐസ്‌ക്രീം പാര്‍ലര്‍ കേസ്, മേരിറോയ്, WCC, ശബരിമല ലിംഗനീതി പോരാട്ടം, നഴ്‌സ് സമരം, അടുക്കള ബഹിഷ്‌കരമ സമരം, മൂന്നാര്‍, ഇരിപ്പുസമരം, കാമ്പസുകളിലെ കര്‍ഫ്യൂ, മി ടൂ, പ്രീതാഷാജി, അനുപമ, വാളയാര്‍, ലൈംഗികതൊഴിലാളികള്‍, ചുംബനസമരം, ക്യൂര്‍ രാഷ്ട്രീയം എന്നിങ്ങനെ പല പോരാട്ടങ്ങള്‍ക്കും കേരളം സാക്ഷിയായി. അതിന്റെയെല്ലാം ഫലമായി കുറെ മാറ്റങ്ങളെല്ലാം ഉണ്ടായി. ഇപ്പോഴിതാ കേരളത്തിലെ ഒരു വിഭാഗം ഫെമിനിസ്റ്റുകള്‍ നിയമസഭയിലേക്കും ലോകസഭയിലേക്കും തുല്ല്യപ്രാതിനിധ്യം വേണമെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മൂന്നിലൊന്നു സീറ്റുകളിലെങ്കിലും സ്ത്രീകളെ മത്സരിപ്പിക്കണമെന്നും പാര്‍ട്ടി നേതൃത്വങ്ങളില്‍ സ്ത്രീകളെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിലാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും ലിംഗനീതി എന്ന വിഷയത്തില്‍ ഇനിയും കാര്യമായി മുന്നോട്ടുപോകാനോ ഒരു ആധുനിക സമൂഹമാകാനോ നമുക്കായിട്ടില്ല എന്നതാണ് വാസ്തവം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലുണ്ടായ ഏതാനും സംഭവങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ഇടുക്കി, വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസാണ് അവസാന ഉദാഹരണം. കുട്ടികള്‍്‌ക്കെതിരായ ലൈംഗിക കടന്നാക്രമണങ്ങളില്‍ വളരെ മുന്നിലാണ് കേരളം. അവയില്‍ വലിയൊരു ഭാഗം കുടുംബങ്ങള്‍ക്കുള്ളില്‍ തന്നെ. പിന്നെ വിദ്യാലയങ്ങളില്‍. പ്രതികള്‍ ഭൂരിഭാഗവും ബന്ധുക്കളും അയല്‍പക്കക്കാരും അധ്യാപകരുമൊക്കെ തന്നെ. പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ വളറെ കുറവ്. മിക്കപ്പോഴും കേസുകള്‍ അനന്തമായി നിളുന്നതിനാല്‍ നീതി ലഭിക്കുന്നില്ല. വണ്ടിപെരിയാര്‍ സംഭവത്തില്‍ വിധി വരാന്‍ അധിക താമസമുണ്ടായില്ലെന്നത് ശരി. എന്നാല്‍ കേസ് അട്ടിമറിക്കപ്പെട്ടു എന്നു പറയുന്നത് കോടതി തന്നെയാണ്. കുട്ടിയെ പ്രതി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്നായിരുന്നു കണ്ടെത്തല്‍. കുട്ടിക്കു മൂന്നുവയസുള്ളപ്പോള്‍ മുതല്‍ പീഡിപ്പിച്ചിരുന്നതായി പ്രതി മൊഴി നല്‍കിയെന്നും പോലീസ് വെളിപ്പെടുത്തിയിരുന്നു. കൊലപാതകം, ബലാത്സംഗക്കുറ്റങ്ങള്‍, പോക്സോ പ്രകാരമുള്ള വിവിധ വകുപ്പുകള്‍ എന്നിവയാണു പ്രതിക്കെതിരേ ചുമത്തിയിരുന്നത്. പക്ഷെ സംഭവം കൊലപാതകംതന്നെ എന്നംഗീകരിച്ച കോടതി അന്വേഷണത്തിലും തെളിവുശേഖരണത്തിലും വീഴ്ചയുണ്ടായതായി നിരവധി ഉദാഹരണങ്ങലൂടെ വിശദീകരിച്ചാണ് പ്രതിയെ വെറുതെവിട്ടത്. പ്രതിയുടെ രാഷ്ട്രീയമാണ് കേസന്വേഷണത്തിലെ വീഴ്ചക്ക് കാരണമെന്ന ആരോപണമുണ്ട്. സമൂഹത്തിലെ അടിത്തട്ടിലുള്ളവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത് ആവര്‍ത്തിക്കപ്പെടുന്നു. വാളയാര്‍ മറക്കാറായിട്ടില്ലല്ലോ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പോയവാരത്തില്‍ ഭര്‍തൃവീടുകളിലെ പീഡനങ്ങളുുമായി ബന്ധപ്പെട്ട് സംശയാസ്പദമായ രീതിയില്‍ പല മരണങ്ങളും പ്രബുദ്ധമെന്നും ലിംഗനീതി കേരളമെന്നും കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ സംസ്ഥാനത്തുനിന്നു തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അവയില്‍ പലതും കുറ്റകൃത്യമായ സ്ത്രീധനവുമായി ബന്ധപ്പെട്ടുതന്നെ. വിവാഹത്തിനു മുമ്പെ സ്ത്രീധനവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയില്‍ ഒരു ലേഡീ ഡോക്ടര്‍ ആത്മഹത്യ ചെയ്ത ഞെട്ടിപ്പിക്കുന്ന വാര്‍ത്തക്കും കേരളം സാക്ഷിയായി. നമ്മുടെ കുടുംബങ്ങളെയെല്ലാം ഇപ്പോഴും നയിക്കുന്നത് പുരുഷാധിപത്യ – മനുസ്മൃതി മൂല്യങ്ങളാണെന്നതാണ് യാഥാര്‍ത്ഥ്യം. കുടുംബങ്ങള്‍ മാത്രമല്ല മതങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളടക്കം എല്ലാവിധ സംഘടനകളും അങ്ങനെതന്നെ. ഇവയിലൊന്നും അടിസ്ഥാനപരമായ മാറ്റുണ്ടാക്കാന്‍ ഇത്രയും കാലത്തെ ഫെമിനിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേകുറിച്ചുള്ള അവലോകനങ്ങള്‍ക്കും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഈ കൂടിച്ചേരല്‍ സഹായകരമാകുമെങ്കില്‍ അത്രയും നന്ന്.

തീര്‍ച്ചയായും നവോത്ഥാനകാലഘട്ടം എന്നു പൊതുവില്‍ വിശേഷിപ്പിക്കപ്പെടുന്ന കാലത്ത് കേരളത്തില്‍ നിരവധി സ്ത്രീമുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതേസമയം സ്ത്രീവിമോചനം എന്ന ആശയം അസന്നിഗ്ധമായി പ്രഖ്യാപിച്ച് കേരളത്തില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ രൂപപ്പെടുന്നത് 1980കളിലാണ്. പല രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും സ്ത്രീവിഭാഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം മറ്റു പല സംഘടനകളേയും പോലെ പാര്‍ട്ടികളുടെ പോഷകസംഘടനകളായിരുന്നു. സ്ത്രീകളുടെ തനതായ പ്രസ്ഥാനം വര്‍ഗ്ഗസമരത്തെ തുരങ്കം വെക്കുമെന്നായിരുന്നു ഇടതുപക്ഷ നിലപാട്. ഇതില്‍ നിന്ന് വ്യത്യസ്ഥമായി മാനുഷി, മാനവി, ചേതന, ബോധന, അന്വേഷി, പ്രചോദന തുടങ്ങി നിരവധി സ്വതന്ത്ര ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ സംസ്ഥാനത്ത് രൂപം കൊണ്ടു. അവയില്‍ പലതിന്റേയും നേതൃത്വത്തില്‍ ഈ സമ്മേളനത്തില്‍ ആദരിക്കപ്പെടുന്നവര്‍ തന്നെയായിരുന്നു. ഈ സംഘടനകള്‍ അധികകാലം പ്രവര്‍ത്തിച്ചില്ല എങ്കിലും അതു നല്‍കിയ സന്ദേശമേറ്റെടുത്ത് പല മേഖലകൡും സ്ത്രീസംഘടനകള്‍ രൂപംകൊണ്ടു. 1990ല്‍ കോഴിക്കോട് വെച്ചു നടന്ന ഫെമിനിസ്റ്റ് സംഘടനകളുടെ അഖിലേന്ത്യാസമ്മേളനവും അതിനു പ്രചോദനമായി. കോട്ടയം കുറിച്ചിയിലെ ദളിത് വിമന്‍ സൊസൈറ്റി, കുടമാളൂര്‍ സ്ത്രീപഠനകേന്ദ്രം, തിരുവനന്തപുരം കേന്ദ്രീകരിച്ച് രൂപം കൊണ്ട സേവ, സഖി, തീരദേശ മഹിളാവേദി, സ്ത്രീവേദി, സമത, നിസ, സഹജ, പെണ്‍കൂട്ട്് തുടങ്ങി പല സ്ത്രീസംഘടനകളും തുടര്‍ന്ന് സജീവമായി. മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ”സംഘഗാന”വും കേരളത്തിലെ തന്നെ ”പാഠഭേദ”വും സ്ത്രീപതിപ്പുകള്‍ പ്രസിദ്ധീകരിച്ച് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. എ കെ രാമകൃഷ്ണനും കെ എം വേണുഗോപാലും ചേര്‍ന്നെഴുതിയ സ്ത്രീ വിമോചനം ചരിത്രം സിദ്ധാന്തം സമീപനം എന്ന പുസ്തകവും ഏറെ ശ്രദ്ധേയമായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളും നിരവധി സ്ത്രീവിഷയങ്ങളില്‍ ഇടപെട്ടു.

വൈവിധ്യമാര്‍ന്ന പല മേഖലകളിലും സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങള്‍ കേരളത്തിന്റെ ജനകീയ സമര ചരിത്രത്തിന്റെ ഭാഗമാണ്. സി കെ ജാനു, മയിലമ്മ, വിനയ, ചിത്രലേഖ, ജസീറ, ഗോമതി, ലിസി,  ജയശ്രി, സിസ്റ്റര്‍ ആലീസ്, മാഗ്ലിന്‍, സിസ്റ്റര്‍ ജസ്മി, വിജി പെണ്‍കൂട്ട്, സിസ്റ്റര്‍ ലൂസി, പി ഗീത, കെ കെ രമ, വിനയ, വി സി ജെന്നി, രേഖാരാജ്, കുസുമം ജോസഫ്, സുള്‍ഫത്ത് , സോണിയ ജോര്‍ജ്,  ശ്രീജ നെയ്യാറ്റിന്‍കര എന്നിങ്ങനെ ഈ പട്ടിക നീളുന്നു.കേരളത്തിലിന്നു സജീവമായ പരിസ്ഥിതി സംരക്ഷണസമരങ്ങളിലും ക്വാറികള്‍ക്കെതിരായ പോരാട്ടങ്ങളിലും വികസനത്തിന്റെ പേരില്‍ നടപ്പാക്കുന്ന അന്യായമായ കുടിയൊഴിപ്പിക്കലുകള്‍ക്കെതിരായ സമരങ്ങളിലും മത്സ്യത്തൊഴിലാളി സമരങ്ങളിലും മുഖ്യശക്തി സ്ത്രീകള്‍ തന്നെ. സൈബര്‍ രംഗത്താകട്ടെ പുരുഷാധിപത്യത്തിനും വര്‍ണ്ണാധിപത്യത്തിനുമെതിരെ ശക്തമായി പോരാടുന്ന പെണ്‍കുട്ടികളുടെ ഒരു നിരതന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. മറുവശത്ത് സാഹിത്യം, കല, നാടകം പോലുള്ള മേഖലകളിലെ സ്ത്രീപോരാട്ടങ്ങളും ശക്തമായിരുന്നു. പെണ്ണെഴുത്ത് എന്ന പദം തന്നെ സാഹിത്യത്തില്‍ രൂപം കൊണ്ടു. ദളിത് ഫെമിനിസവും മുസ്ലിം ഫെമിനിസവും ശക്തിപ്പെടുന്നു. അതേസമയം മുഖ്യധാരയില്‍ ഉണ്ടായ ഒരു പ്രധാന മുന്നേറ്റം ഒരുപാട് പരിമിതികളോടെയാണെങ്കിലും കുടുംബശ്രീ മാത്രമാണ്. മേല്‍ സൂചിപ്പിച്ച ഈ പോരാട്ടങ്ങളില്‍ മിക്കവയോടും നമ്മുടെ കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചത് നിഷേധാത്മക നിലപാടാണ്. നടികളും കന്യാസ്ത്രീകളും കാണിച്ച ആര്‍ജ്ജവം പോലും പാര്‍ട്ടി വനിതകള്‍ കാണിക്കാത്തത് അത്ഭുതകരമാണ്. നമ്മുടെ പ്രസ്ഥാനങ്ങളിലെ പുരുഷാധിപത്യത്തിന്റെ രൂക്ഷതയാണത് വെളിവാക്കുന്നത്. മമതയേയോ ജയലളിതയേയോ മായാവതിയേയോ സുഷമാസ്വരാജിനേയോ വൃന്ദാകാരാട്ടിനേയോ പോലെയുള്ള നേതാക്കളൊന്നും ഇവിടെയുണ്ടാകാത്തതിനു കാരണം മറ്റൊന്നല്ല. ഈ സാഹചര്യത്തിലാണ് 70 കഴിഞ്ഞ ഈ പോരാളികളെ ആദരിക്കുന്നത് ഏറെ പ്രസക്തമാകുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply