കാര്‍ഷികബില്ലുകള്‍ തകര്‍ക്കുന്നത് ഫെഡറല്‍ സംവിധാനത്തേയും

നഗ്‌നമായ ഈ ഭരണഘടന ലംഘനങ്ങളെ ഭരണഘടന അധികാരങ്ങള്‍ ഉപയോഗിച്ച് തന്നെയാണ് സംസ്ഥാന സര്‍ക്കാരുകളും നിയമനിര്‍മാണ സഭകളും നേരിടേണ്ടത്, പ്രതിരോധിക്കേണ്ടത്. സുപ്രീം കോടതിയില്‍ കര്‍ഷകവിരുദ്ധ ബില്ലുകളെ ചോദ്യം ചെയ്യുവാനുള്ള കേരള സര്‍ക്കാരിന്റെ നീക്കങ്ങള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ കോടതി വ്യവഹാരങ്ങളെ മാത്രം ആശ്രയിക്കുന്ന പ്രതികരണങ്ങള്‍ ആയിരിക്കരുത് ഒരു ഭരണഘടന സ്ഥാപനത്തിന്റെത്. നിയമനിര്‍മാണം എന്ന സംസ്ഥാന അധികാരം ഉപയോഗിച്ച് കൊണ്ടായിരിക്കണം ഭരണഘടനാ ലംഘനങ്ങളോട് സംസ്ഥാനങ്ങള്‍ പ്രതികരിക്കേണ്ടത്.

ലോകസഭയിലും, ഭരണഘടന സാധുതയില്ലാത്ത മാര്‍ഗങ്ങളിലൂടെ രാജ്യസഭയിലും പാസ്സാക്കപ്പെട്ട മൂന്ന് കര്‍ഷക വിരുദ്ധ ബില്ലുകള്‍ , കാര്‍ഷികമേഖലയുടെയും ഭക്ഷ്യസുരക്ഷയുടെയും അടിത്തറയെ തന്നെ തകര്‍ക്കുവാന്‍ പര്യാപ്തമായവയാണ്. എന്നാല്‍, കാര്‍ഷിക മേഖലയെ മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ ഫെഡറല്‍ സംവിധാനത്തെ തന്നെ തകര്‍ക്കുവാന്‍ രൂപകല്പന ചെയ്യപ്പെട്ടവയാണ്, കേന്ദ്രസര്‍ക്കാറിന്റെ ഈ മൂന്ന് ബില്ലുകളും.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് ബില്ലുകളും പ്രാഥമികമായി സംസ്ഥാന സര്‍ക്കാരിന്റെ നിയമനിര്‍മ്മാണ പരിധിക്കുള്ളില്‍ വരുന്ന കൃഷി എന്ന വിഷയത്തെപ്പറ്റി ഉള്ളതാണ്. ഭരണഘടനാ പ്രകാരം സംസ്ഥാനങ്ങള്‍ക്കും മാത്രം നിയമനിര്‍മാണം നടത്തുവാന്‍ അധികാരമുള്ള സംസ്ഥാന പട്ടികയിലെ പതിനാലാം ഇനമാണ് കൃഷി എന്ന വിഷയം. സമവര്‍ത്തി പട്ടികയിലെ (concurrent list) 33-മത്തെ വിഷയത്തിന്റെ അടിസ്ഥാനത്തില്‍ കൃഷിയുമായി ബന്ധപ്പെട്ട നിയമനിര്‍മാണം നടത്തുവാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം. എന്നാല്‍ കൃഷി എന്ന വിഷയവുമായി ബന്ധപ്പെട്ട പൊതുവായ യാതൊരുവിധ അധികാരങ്ങളും മുപ്പത്തിമൂന്നാം നമ്പര്‍ വിഷയത്തിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നില്ല എന്നുള്ളത് പ്രഥമദൃഷ്ട്യാതന്നെ വ്യക്തമാകുന്ന ഒരു വസ്തുതയാണ്.

സമവര്‍ത്തി പട്ടികയിലെ 33-ാംഇനമെന്നത് ഭക്ഷണപദാര്‍ത്ഥങ്ങളുടെ വ്യാപാരത്തെയും വിപണനത്തെയും പറ്റിയുള്ളതാണ്. കാര്‍ഷികവിഭവങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും വ്യത്യസ്തമായ രണ്ട് വിഭാഗങ്ങളാണ്. എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും കാര്‍ഷികവിഭവങ്ങളല്ല, അതു പോലെ തന്നെ സംസ്‌കരിക്കാത്ത എല്ലാ കാര്‍ഷികവിഭവങ്ങളും ഭക്ഷണപദാര്‍ഥങ്ങളുമല്ല. അത് കൊണ്ട് തന്നെയാണ് ഭരണഘടന ഇവയെ രണ്ട് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിരിക്കുന്നത്. കാര്‍ഷികവിഭവങ്ങളെ പറ്റിയുള്ള നിയമ നിര്‍മ്മാണാധികാരം സംസ്ഥാനങ്ങള്‍ക്കും ഭക്ഷണപദാര്‍ഥങ്ങളെപറ്റിയുള്ള നിയമ നിര്‍മ്മാണാധികാരം കേന്ദ്രത്തിനുമാണ് നല്‍കിയിട്ടുള്ളത്. കോര്‍പ്പറേറ്റ് കൊള്ളകളെ സഹായിക്കുവാനായി ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നത് കാര്‍ഷികവിഭവങ്ങളാണെന്ന് ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട്, അധികാരങ്ങളെ മുഴുവന്‍ ഏകീകരിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് ബില്ലുകളും കൈകാര്യം ചെയ്യുന്ന അതീവ പ്രധാനപ്പെട്ടതായ മറ്റൊരു വിഷയമാണ് മാര്‍ക്കറ്റ് അഥവാ വിപണി. സംസ്ഥാന പട്ടികയിലെ ഇരുപത്തിയെട്ടാം ഇനമായ ഈ വിഷയത്തിലും നിയമനിര്‍മാണം നടത്തുവാനുള്ള പരമാധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിയമനിര്‍മ്മാണസഭകള്‍ക്കും മാത്രമാണ്. ട്രേഡ് ഏരിയ എന്ന പുതിയ വാക്ക് ഉപയോഗിച്ചുകൊണ്ട് , മാര്‍ക്കറ്റിനെ പറ്റി നിയമനിര്‍മാണം നടത്തുകയാണ്, കേന്ദ്രസര്‍ക്കാര്‍ (സെക്ഷന്‍ 2 എം). APMC മാര്‍ക്കറ്റുകള്‍ എന്താണെന്ന് പുനര്‍ നിര്‍വചിക്കുകയും ട്രേഡ് ഏരിയ എന്ന പേരില്‍ പുതിയൊരു ഒരു മാര്‍ക്കറ്റ് വിഭാഗം അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഭരണഘടനാ പ്രകാരം മാര്‍ക്കറ്റുകള്‍ എന്താണെന്ന് നിര്‍വചിക്കാനും പുതിയ മാര്‍ക്കറ്റ് വിഭാഗങ്ങളെ രൂപപ്പെടുത്തുവാനുമുള്ള, പൂര്‍ണമായ അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാത്രമാണ്. കാര്‍ഷികവിഭവങ്ങള്‍ എന്നത് ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആണെന്നും കാര്‍ഷിക മാര്‍ക്കറ്റുകള്‍ എന്നത് ഭക്ഷണപദാര്‍ത്ഥങ്ങളുടെ ട്രേഡ് സ്ഥലമാണെന്നുമാണ് സര്‍ക്കാര്‍ നയങ്ങളെ കോര്‍പ്പറേറ്റ് അഴിമതിയുടെ പര്യായപദം ആക്കി മാറ്റിയ, കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്.

ഫെഡറല്‍ തത്വങ്ങളെ നിഷേധിച്ചുകൊണ്ടുള്ള നിരവധി നിബന്ധനകളാണ് , കേന്ദ്രസര്‍ക്കാരിന്റെ ഈ മൂന്ന് ബില്ലുകളിലുമുള്ളത്. അന്തര്‍സംസ്ഥാന വിപണനങ്ങള്‍ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ആയിരിക്കുമ്പോള്‍ തന്നെ, ഒരു സംസ്ഥാനത്തിന് അകത്തുള്ള വിപണനവുമായി ബന്ധപ്പെട്ട നിയമനിര്‍മാണ അവകാശം അതാത് സംസ്ഥാനങ്ങള്‍ക്കാണ്. എന്നാല്‍ ഈ ബില്ലുകളോടു കൂടി ,കാര്‍ഷിക വിളകളുടെ സംസ്ഥാനങ്ങള്‍ക്ക് അകത്തുള്ള വിപണനത്തെ പറ്റിയുള്ള നിയമ നിര്‍മ്മാണാവകാശവും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ് (സെക്ഷന്‍ 2 എഫ് ). കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ഒരു ആജ്ഞാനുവര്‍ത്തി ഭരണസംവിധാനമായിട്ടാണ് സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാരിന്റെ ബില്ലില്‍ വിവക്ഷിച്ചിരിക്കുന്നത് (സെക്ഷന്‍ 12).

നഗ്‌നമായ ഈ ഭരണഘടന ലംഘനങ്ങളെ ഭരണഘടന അധികാരങ്ങള്‍ ഉപയോഗിച്ച് തന്നെയാണ് സംസ്ഥാന സര്‍ക്കാരുകളും നിയമനിര്‍മാണ സഭകളും നേരിടേണ്ടത്, പ്രതിരോധിക്കേണ്ടത്. സുപ്രീം കോടതിയില്‍ കര്‍ഷകവിരുദ്ധ ബില്ലുകളെ ചോദ്യം ചെയ്യുവാനുള്ള കേരള സര്‍ക്കാരിന്റെ നീക്കങ്ങള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ കോടതി വ്യവഹാരങ്ങളെ മാത്രം ആശ്രയിക്കുന്ന പ്രതികരണങ്ങള്‍ ആയിരിക്കരുത് ഒരു ഭരണഘടന സ്ഥാപനത്തിന്റെത്. നിയമനിര്‍മാണം എന്ന സംസ്ഥാന അധികാരം ഉപയോഗിച്ച് കൊണ്ടായിരിക്കണം ഭരണഘടനാ ലംഘനങ്ങളോട് സംസ്ഥാനങ്ങള്‍ പ്രതികരിക്കേണ്ടത്. ഭരണഘടനാ പ്രകാരം കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും നിയമപരമായ സംരക്ഷണവും ഉത്തരവാദിത്വവും , സംസ്ഥാന ഗവണ്‍മെന്റ്കള്‍ക്കും നിയമനിര്‍മ്മാണസഭ സഭകള്‍ക്കുമാണ് . അതുകൊണ്ടുതന്നെ കൃഷി, വിപണി തുടങ്ങിയ സംസ്ഥാന വിഷയങ്ങളുടെ അടിസ്ഥാനത്തില്‍, കാര്‍ഷിക വിപണിയെ താങ്ങിനിര്‍ത്തുന്ന, കോര്‍പ്പറേറ്റുകളെ നിയമപരമായി നിയന്ത്രിക്കാന്‍ കഴിയുന്ന, ഒരു പുതിയ നിയമ നിര്‍മ്മാണത്തിന് എല്ലാ സംസ്ഥാന സര്‍ക്കാരുകളും തയ്യാറാകേണ്ടതുണ്ട്.

കൃഷി എന്ന വിഷയത്തില്‍ നിയമനിര്‍മാണം നടത്തുവാനുള്ള അധികാരം , സംസ്ഥാനങ്ങള്‍ക്കു ഭരണഘടനാപരമായ കല്പിച്ചു നല്‍കിയിട്ടുള്ളതാണ് . ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ, ആ അധികാരങ്ങളെ നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കുന്ന ചില ബില്ലുകളിലൂടെ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ നിയമനിര്‍മ്മാണ അധികാരം റദ്ദു ചെയ്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ ബില്ലുകളുടെ ദൂരവ്യാപക വിപരീതഫലങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന, കര്‍ഷകര്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പു നല്‍കുന്ന , താങ്ങുവിലപോലെയുള്ള കാര്‍ഷികമേഖലയിലെ സര്‍ക്കാര്‍ ഇടപെടലുകളെ പുനസ്ഥാപിക്കുന്ന പുതിയ ഒരു സംസ്ഥാന നിയമനിയമനിര്‍മ്മാണത്തിന്, എല്ലാ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളും മുന്‍പോട്ടു വരേണ്ടതാണ് . ഭരണഘടന അധികാരങ്ങളുടെ ശരിയായ ഉപയോഗത്തിലൂടെ മാത്രം കേന്ദ്ര സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗം, വരുംകാലങ്ങളില്‍ നമുക്ക് തടയിടുവാന്‍ സാധിക്കുകയുള്ളൂ .

ജനാധിപത്യരാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന സംഘാടക സമിതിക്ക് വേണ്ടി,
സണ്ണി എം കപിക്കാട്, ജനറല്‍ കണ്‍വീനര്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply