വിജയന്‍ നായന്മാരില്‍ നിന്ന് നിയമങ്ങളെ രക്ഷിച്ചെടുക്കാനുള്ള പുതു സമരമാണിത്‌

ഇത് ഒരു ചരിത്ര നിമിഷമാണ്. അതായത് ആണ്‍ ചരിത്രത്തെ വിച്ഛേദിച്ചു കൊണ്ട് സ്ത്രീകള്‍ സ്വന്തം പ്രതിരോധ ചരിത്രം തുടരുന്ന സന്ദര്‍ഭം. സര്‍വാഭരണ വിഭൂഷിതകള്‍ ദേശീയ പ്രസ്ഥാനത്തിനു വേണ്ടി ആഭരണങ്ങള്‍ ഊരി നല്കിയതിന്റെ, കുല കുടുംബിനികള്‍ വീടുവിട്ടിറങ്ങി തെരുവില്‍ സമരം ചെയ്തതിന്റെ തങ്കമണിയില്‍ ആക്രമിച്ച പോലീസുകാരന്റെ കൈ വെട്ടിയതിന്റെ സൂര്യനെല്ലിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഒരുവന്റെ കൈ വെട്ടിയതിന്റെ ഒക്കെ പെണ്‍വീര്യത്തുടര്‍ച്ച. പട്ടാമ്പിയിലെ മാനുഷിയും കോഴിക്കോട്ടെ അന്വേഷിയും തെരുവില്‍ അലമുറയിട്ടു സമരം ചെയ്തതിന്റെ തുടര്‍ച്ച. മുടി മുറിക്കപ്പെട്ട ഉമ്മക്കും മകള്‍ക്കും വേണ്ടി മലപ്പുറം പടിഞ്ഞാറ്റുംമുറിയില്‍ അലയടിച്ച പെണ്‍ സമുദ്രത്തിന്റെ തുടര്‍ച്ച. രക്തസാക്ഷിയുടെ ഭാര്യ ആസ്ഥാന വിധവപ്പട്ടത്തെ വകവെക്കാതിരുന്നതിന്റെ തുടര്‍ച്ച. വീടകങ്ങളില്‍ നിന്ന് കൂട്ടത്തോടെ സ്ത്രീകള്‍ കളിക്കളത്തിലെത്തിയതിന്റെയും പെണ്‍പുലികളായി അലറിയതിന്റെയും തുടര്‍ച്ച .

20 20 സെപ്തംബര്‍ 26 ന് കേരളത്തിലെ ജനാധിപത്യവിശ്വാസിനികളായ, പ്രതികരണ ശേഷിയുള്ള സ്ത്രീകള്‍ വളരെ സന്തോഷിച്ച ദിവസമാണ്. കാരണം യൂട്യൂബ് ചാനലിലൂടെ ഫെമിനിസ്റ്റുകളെ ഒന്നടങ്കം അധിക്ഷേപിച്ച ഒരു പുരുഷനെ മൂന്നു സ്ത്രീകള്‍ – ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ – നേരിട്ടു ചെന്ന് പരസ്യമായി മാപ്പു പറയിച്ചു. അയാളുടെ മേല്‍ കരിഓയില്‍ ഒഴിക്കുകയും അയാളുടെ ഷര്‍ട്ടിനു കുത്തിപ്പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തുകൊണ്ടാണവര്‍ അയാളെ നേരിട്ടത്. അതു ലൈവായി മൊബൈലിലൂടെ പരസ്യമാക്കുകയും ചെയ്തു. ഇതേച്ചൊല്ലി സ്ത്രീകളുടെ അഭിനന്ദന പ്രവാഹം ഒഴുകിയപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ മറുവാദങ്ങള്‍ ഉയര്‍ന്നു. കാര്യം എന്തായാലും നിയമം കൈയിലെടുക്കാമോ, മറ്റു ചില സ്ത്രീ പ്രശ്‌നങ്ങളില്‍ ഈ സ്ത്രീകളുടെ നിലപാട് എന്തായിരുന്നു എന്നു തുടങ്ങിയ മറുവാദങ്ങള്‍.

ഈ മാന്യദേഹത്തിന്റെ യൂട്യൂബ് ചാനല്‍ ലൈക്കു ചെയ്ത ആയിരങ്ങളില്‍ ആര്‍ക്കൊക്കെയോ അങ്ങനെ തോന്നിയതാവാം. എന്തൊക്കെയായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണങ്ങള്‍ എന്നല്ലേ ? അതാവര്‍ത്തിക്കുന്നത് അത്ര അഭികാമ്യമല്ലെങ്കിലും സന്ദര്‍ഭവും സാഹചര്യവും ആവശ്യപ്പെടുന്നതിനാല്‍ അതില്‍ മുഖ്യമായ ചിലതു സൂചിപ്പിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ മുഖ്യ ആരോപണം ഫെമിനിസ്റ്റുകള്‍ ജെട്ടി ഇടുന്നില്ല എന്നതാണ്. വ്യക്തിപരമായ ഉദാഹരണ സഹിതം അതിന്റെ കാര്യകാരണങ്ങള്‍ നിരത്തലാണ് തുടര്‍ന്നദ്ദേഹം ചെയ്യുന്നത്. പ്രധാന കാരണം ഫെമിനിസ്റ്റുകളെല്ലാം ”വെടി”കളാണ് എന്നതാണ്. എപ്പോഴും ജെട്ടി ഊരാന്‍ വിഷമമായതുകൊണ്ട് അതും ‘മറ്റു പലതും ‘ ധരിക്കാറില്ലത്രെ അവര്‍.

ഹൗ എത്ര കൃത്യമായി കാര്യങ്ങള്‍ കണ്ടറിഞ്ഞിരിക്കുന്നു ഈ മഹാന്‍ എന്നു നോക്കൂ ബേണ്‍ ദ ബ്രാ സമരത്തിന്റെ ചരിത്രമൊന്നും മൂപ്പരെ ബാധിച്ചിട്ടില്ല. മൂപ്പരിപ്പോഴും ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കയാണ്. പെണ്ണുങ്ങള്‍ ജെട്ടിയിട്ടിട്ടുണ്ടോ ഇല്ലയോ എന്ന്. ജെട്ടിയിട്ടവര്‍ കുലസ്ത്രീകളും ജെട്ടിയിടാത്തവര്‍ വെടികളും. ഫെമിനിസ്റ്റിന്റെ പര്യായപദമായിട്ടാണ് മൂപ്പര്‍ വെടിയെ കാണുന്നത്. മുപ്പരുടെ ശബ്ദതാരാവലിയില്‍ വെടി എന്ന വാക്കിനര്‍ഥം ഫെമിനിസ്റ്റ് എന്നാണ്. ആദ്യത്തെ വനിതാ കമ്മിഷന്‍ അധ്യക്ഷ , ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ശബരിമല കയറിയവര്‍ എന്നിങ്ങനെ പലരും ജെട്ടിയിടാത്തവരാണെന്നു മാത്രമല്ല, അവരില്‍ ചിലര്‍ കെ എസ് ആര്‍ ടി സി കക്കൂസു പോലെയാണെന്നുള്ള കണ്ടെത്തലും അദ്ദേഹത്തിന്റെ വകയായിട്ടുണ്ട്.
ഇവരുടെയൊക്കെ പരപുരുഷ ബന്ധത്തിലൂന്നിയാണ് വീഡിയോ മുമ്പോട്ടു പോകുന്നത്.

ഒന്നാലോചിച്ചു നോക്കൂ വേണ്ട ചുറ്റും നോക്കൂ. ആരാണിയാള്‍? നമുക്കു ചുറ്റും അയാള്‍ ആണ്. അതെ എത്തിനോട്ടക്കാരനായ ഒരു / ഏതു ശരാശരി മലയാളി പുരുഷന്റെയും പേരാണ് വിജയന്‍ നായര്‍ എന്നത്. ഇപ്പോള്‍ തിരിച്ചറിഞ്ഞോ ആളെ? കേരളത്തില്‍ എവിടെയുമുള്ള ഏതു സ്ത്രീയുടെയും ചുറ്റും ഒന്നോ അതിലേറെയോ വിജയന്‍ നായരുണ്ട്. ഈ വിജയന്‍ നായര്‍ സ്വയം ജെട്ടി ഇട്ടിട്ടുണ്ടോ എന്നത് ഒരു ഫെമിനിസ്റ്റിന്റെയും ഉത്കണ്ഠയല്ല. പക്ഷേ ജെട്ടിയെ ഒരു സദാചാരകവചമായി കാണുന്ന ഏതു വിജയന്‍ നായരുടെയും എക്കാലത്തെയും ഉത്കണ്ഠയാണ് സ്ത്രീകളുടെ ജെട്ടി. പെണ്‍കുഞ്ഞുങ്ങള്‍ പിറന്നു കഴിഞ്ഞാല്‍ അവരുടെ യോനി കൂട്ടിത്തുന്നി ഫെമിനിസ്റ്റ്‌വത്കരണത്തില്‍ രക്ഷിക്കലാണ് വിജയന്‍ നായരുടെ ജന്മ / ജീവിത ദൗത്യം. ഏറ്റവും പുതിയ സാങ്കേതികത ഉപയോഗിച്ച് ഒളിഞ്ഞു നോക്കിയും സദാചാര പോലീസു ചമഞ്ഞും വിജയന്‍ നായര്‍ കാത്തു പോരുന്ന ഭരണഘടനയും ഇന്ത്യന്‍ ശിക്ഷാ നിയമവും ഏതാവും?

എന്തൊക്കെയായാലും സ്ത്രീകള്‍ നിയമം കൈയിലെടുക്കാമോ എന്നതാണ് വിജയന്‍ നായരുടെ പ്രേക്ഷകരെ അലട്ടുന്ന ധാര്‍മ്മിക പ്രശ്‌നം. ഇവിടെ നമ്മള്‍ ആലോചിക്കേണ്ടതുണ്ട് ഏതു നിയമം ആരുടെ നിയമം എന്ന്. വിജയന്‍ നായരുടെ സൈബര്‍ അധിക്ഷേപത്തെപ്പറ്റി സിറ്റി പോലീസ് കമ്മിഷണര്‍ക്കു ഭാഗ്യലക്ഷ്മിയെപ്പോലൊരാള്‍ പരാതി നല്കിയിരുന്നുവത്രെ. എന്നിട്ടോ? ഏതു നിയമമാണ് അവരുടെ നീതി ഉറപ്പാക്കിയത്? സൈബര്‍ പരാതിയുമായി പോലീസിനെ സമീപിക്കുന്നവര്‍ക്കറിയാം ഈ ദുര്യോഗം. വകുപ്പില്ല എന്നാണ് 66 A എടുത്തു കളഞ്ഞതിനു ശേഷം അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. അക്രമികളാവട്ടെ തുടരെത്തുടരെ ആക്രമിച്ച് അര്‍മാദിക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം സൈബര്‍ഗുണ്ടാസംഘങ്ങളെ തീറ്റിപ്പോറ്റുന്നുണ്ട്. രാഷ്ട്രീയത്തിലെന്ന പോലെ സിനിമയിലെ ഫാന്‍സ് അസോസിയേഷനും ”സാംസ്‌കാരിക ”നിരീക്ഷക സംഘവും സ്ത്രീകള്‍ക്കെതിരെ ഇത്തരം സദാചാര പി ആര്‍ ഏജന്‍സിപ്പണി നടത്തുന്നുണ്ട്. കൃത്യമായി പ്രതിഫലം പറ്റി ഇതുപോലുള്ള സംഘങ്ങള്‍ നടത്തുന്ന കൊട്ടേഷന്‍ ആക്രമണങ്ങള്‍ക്ക് ഒരേ സ്വഭാവമാണ്. കെ കെ രമക്കെതിരെയും ശബരിമല സ്ത്രീ പ്രവേശനത്തിനനുകൂലരായ സ്ത്രീകള്‍ക്കെതിരെയും മലയാള മനോരമയിലെ നിഷാ പുരുഷോത്തമനെതിരെയും നടി പാര്‍വതിക്കെതിരെയും ഉപയോഗിക്കപ്പെട്ടത് ഒരേ തരം ആയുധങ്ങളായിരുന്നു. ഒരേ ഭാഷ ഒരേ പ്രയോഗം ഒരേ ലക്ഷ്യം.

എഫ് ബി ടൈംലൈനില്‍ പോയി നോക്കിയാല്‍ എത്രയോ വിജയന്‍ നായര്‍മാരെ കാണാം. അശ്ലീലം പറഞ്ഞില്ലല്ലോ പേരു പറഞ്ഞില്ലല്ലോ ശരീരത്തില്‍ തൊട്ടില്ലല്ലോ അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഇല്ലേ… എന്നിങ്ങനെ നിരവധി ന്യായങ്ങള്‍ ഈ അപവാദ വ്യവസായികള്‍ നടത്തും. ഇത്തരം അധിക്ഷേപങ്ങളും തെറിവിളികളും നുണപ്രചരണങ്ങളും ഇവര്‍ക്ക് സാമൂഹ്യ പ്രവര്‍ത്തനവും അഭിപ്രായ പ്രകടനവുമാണ്. ചില സംഘങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അതാണ്. ഈ ദൗത്യം ഏറ്റെടുത്ത പല സംഘം വിജയന്‍ നായര്‍മാരെ പല പേരുകളില്‍ സൈബറിടത്തില്‍ വെറുതെ ഒന്നു പരതിയാല്‍ കാണാം. ഇവരെ സംബന്ധിച്ച നിരവധി പരാതികള്‍ പോലീസ് സ്റ്റേഷനിലും കാണാം. പക്ഷേ പോലീസുകാര്‍ക്കുള്ളിലും വിജയന്‍ നായര്‍മാര്‍ ഒളിച്ചിരിക്കുന്നതു കൊണ്ട് ഈ പരാതികള്‍ അലംഭാവത്തോടെ കൈകാര്യം ചെയ്യപ്പെടുന്നു. ചില പരാതികള്‍ സൈബര്‍ പോലീസ് സ്റ്റേഷനുകളില്‍ എത്തിപ്പെടുന്നു, മറ്റു ചിലത് കോടതികളിലും . എന്നാല്‍ വര്‍ധിത വീര്യത്തോടെ വിജയന്‍ നായര്‍മാര്‍ പലയിടങ്ങളിലിരുന്ന് സ്ത്രീകളെ അധിക്ഷേപിക്കുന്നതു തുടരുന്നു.

ഈ വിധം പ്രതികരണ ശേഷിയുള്ള മിക്ക സ്ത്രീകളും ഭേദമെന്യേ ആക്രമിക്കപ്പെടുന്ന ഒരിടമാണ് കേരളത്തിലെ വിജയന്‍ നായന്മാരുടെ സൈബര്‍ രാജ്യങ്ങള്‍. അങ്ങനെയൊരു രാജ്യത്തെയും രാജാവിനെയും പ്രതിരോധിക്കുകയായിരുന്നു ഭാഗ്യലക്ഷ്മിയും കൂട്ടരും . നിയമം അവര്‍ക്കു നീതി ഉറപ്പാക്കിയിരുന്നുവെങ്കില്‍ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നു. അള മുട്ടിയപ്പോള്‍ ചേര കടിച്ചതാണ്. അതു മനസിലാക്കാനുള്ള ബാധ്യതയെന്നും വിജയന്‍ നായരുടെ ആണ്‍ നാടിനില്ല. പക്ഷേ സ്ത്രീകളുടെ സഹനത്തിന്റെയും അപമാനത്തിന്റെയും പരിധി കവിഞ്ഞിരിക്കുന്നുവെന്നു ഭരണാധികാരികള്‍ തിരിച്ചറിയണം. ദുഖം തീര്‍ന്നു പോകാം പക്ഷേ അപമാനത്തിന്റെ തീ അവള്‍ക്കുള്ളില്‍ അണയാതെ ജ്വലിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ ഈ ഭാഗ്യലക്ഷ്മി ഒരു ഭാഗ്യലക്ഷ്മി മാത്രമല്ല , സൈബര്‍ലിഞ്ചിങ് നേരിട്ട ഏതു പെണ്ണുമാണ്. അതുകൊണ്ടാണ് ” നിയമം” വിട്ട കളിയെന്നറിഞ്ഞിട്ടും സ്ത്രീകള്‍ വിജയന്‍ നായരുടെ മേല്‍ വീണ കരി ഓയിലിനെ ആഹ്ലാദപൂര്‍വം പിന്തുണക്കുന്നത്. പിന്നെ ജാമ്യമില്ലാത്ത വകുപ്പ്! ആണധികാരത്തിന്റെ ഈ അപരദേശത്തില്‍ എന്താണ് ഒരു പെണ്ണിനു പ്രതീക്ഷിക്കുകയും ലഭിക്കുകയും ചെയ്യാവുന്ന നീതി ?!

ഇത് ഒരു ചരിത്ര നിമിഷമാണ്. അതായത് ആണ്‍ ചരിത്രത്തെ വിച്ഛേദിച്ചു കൊണ്ട് സ്ത്രീകള്‍ സ്വന്തം പ്രതിരോധ ചരിത്രം തുടരുന്ന സന്ദര്‍ഭം. സര്‍വാഭരണ വിഭൂഷിതകള്‍ ദേശീയ പ്രസ്ഥാനത്തിനു വേണ്ടി ആഭരണങ്ങള്‍ ഊരി നല്കിയതിന്റെ, കുല കുടുംബിനികള്‍ വീടുവിട്ടിറങ്ങി തെരുവില്‍ സമരം ചെയ്തതിന്റെ തങ്കമണിയില്‍ ആക്രമിച്ച പോലീസുകാരന്റെ കൈ വെട്ടിയതിന്റെ സൂര്യനെല്ലിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഒരുവന്റെ കൈ വെട്ടിയതിന്റെ ഒക്കെ പെണ്‍വീര്യത്തുടര്‍ച്ച. പട്ടാമ്പിയിലെ മാനുഷിയും കോഴിക്കോട്ടെ അന്വേഷിയും തെരുവില്‍ അലമുറയിട്ടു സമരം ചെയ്തതിന്റെ തുടര്‍ച്ച. മുടി മുറിക്കപ്പെട്ട ഉമ്മക്കും മകള്‍ക്കും വേണ്ടി മലപ്പുറം പടിഞ്ഞാറ്റുംമുറിയില്‍ അലയടിച്ച പെണ്‍ സമുദ്രത്തിന്റെ തുടര്‍ച്ച. രക്തസാക്ഷിയുടെ ഭാര്യ ആസ്ഥാന വിധവപ്പട്ടത്തെ വകവെക്കാതിരുന്നതിന്റെ തുടര്‍ച്ച. വീടകങ്ങളില്‍ നിന്ന് കൂട്ടത്തോടെ സ്ത്രീകള്‍ കളിക്കളത്തിലെത്തിയതിന്റെയും പെണ്‍പുലികളായി അലറിയതിന്റെയും തുടര്‍ച്ച . ഏകരേഖീയമല്ലാത്ത പെണ്‍ പ്രതിരോധങ്ങള്‍ക്ക് കാലാനുസൃതമായി സംഭവിച്ച ഈ അനിവാര്യ ത്തുടര്‍ച്ചയിലേക്ക് സ്വാതന്ത്ര്യബോധവും സമത്വ സ്വപ്നവുമുള്ള പെണ്ണുങ്ങള്‍ മാനസികമായി കണ്ണി ചേര്‍ന്നതിന്റെ ആരവങ്ങളാണു ഇപ്പോള്‍ കേള്‍ക്കുന്നത്.

ഇനിയാണു വലിയ വെല്ലുവിളി. ആങ്ങള സംഘങ്ങള്‍ റാഞ്ചാന്‍ വരും. പല പേരുകളാണതിന്. അതു തിരിച്ചറിഞ്ഞു ചെറുക്കുകയെന്നതു മാത്രമേ വഴിയുള്ളൂ ലക്ഷ്യത്തിലെത്താന്‍. അല്ലെങ്കില്‍ ഈ ചരിത്ര സമരം വ്യക്തിനിഷ്ഠമായി മാറും. ആയതിനാല്‍ കൂട്ടുകാരികളേ ജാഗ്രത്തായിരിക്കുക. സൈബര്‍ ഗുണ്ടായിസവും വോയറിസവും വിജയന്‍ നായന്മാരുടെ സുരക്ഷിത സങ്കേതങ്ങളാണ്. ആ സുരക്ഷിതത്തിന്റെ വേലി പൊളിക്കുന്നതു വരെ, എല്ലാ സൈബര്‍ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതുവരെയാണ് ഈ സമരം. അതിനു പോലീസുകാരെ നിയമം പഠിപ്പിക്കണമെങ്കില്‍ അങ്ങനെ, 66 A പുന:സ്ഥാപിച്ചുകൊണ്ടോ തത്തുല്യമായ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടോ നിയമഭേദഗതികള്‍ ആവശ്യമെങ്കില്‍ അങ്ങനെ നീതി ഉറപ്പാക്കും വരെയാണ് ഈ സമരം. കോടതിയിലും പുറത്തും ഒരേ സമയം സമാന്തരമായി തുടരേണ്ട സമരമാണിത്. സൈബി റിടത്തില്‍ സ്ത്രീയുടെ അന്തസിനും അഭിമാനത്തിനും കോട്ടം വരുത്തുന്നവന്‍ ബലാത്സംഗിയോളം തന്നെ ക്രിമിനലാണെന്ന് വ്യവസ്ഥയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.നിയമം കൈയിലെടുക്കല്‍, കുടുംബം, ജോലി, ജനാധിപത്യം, അഭിപ്രായപ്രകടന സ്വാതന്ത്ര്യം എന്നിങ്ങനെ പല അവകാശ വാദങ്ങളുമായി വിജയന്‍ നായന്മാര്‍ വരും. അവരോടു പറയാനുള്ളത് ഇന്നത്തെ ഒരു പൊതുവിടമാണ് സൈബറിടങ്ങള്‍ . പെണ്ണിനും അതങ്ങനെയാണ്. അതിനാല്‍ ആ ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി എന്നിവര്‍ ഇവിടെ പൊതുവിടങ്ങളില്‍ അവമതിക്കപ്പെട്ട സ്ത്രീകളുടെ പ്രതിനിധികളാണ്. വിജയന്‍ നായര്‍ സൈബര്‍ ബലാത്സംഗികളുടെയും പ്രതിനിധിയാണ്.

നിയമം കൈയിലെടുത്ത് സദാ സ്ത്രീകളെ ആക്രമിച്ചുകൊണ്ടിരിക്കുന്ന വിജയന്‍ നായന്മാരില്‍ നിന്ന് നിയമങ്ങളെ രക്ഷിച്ചെടുക്കാനുള്ള പുതു സമരമാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും തുടങ്ങി വെച്ചിരിക്കുന്നത്. അതേ സാറമ്മാരേ, ശരിക്കും സത്യമാണ്. സ്ത്രീകള്‍ നിയമം കൈയിലെടുക്കുന്നത് അതിനെ രാജ്യദ്രോഹികളില്‍ നിന്നു രക്ഷിക്കാനാണ്, ജനാധിപത്യത്തില്‍ നീതി ഉറപ്പാക്കാനാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply