പ്രിയ ആനന്ദ്, മരുഭൂമികളുണ്ടാകുന്നത് ഇങ്ങനെയാണോ?

ആനന്ദ് കേരളത്തിലെ ഏറ്റവും ബുദ്ധിജീവിയായ എഴുത്തുകാരനാണ്. ആനന്ദ് ടെല്‍തുമ്പ്‌ദെ പറയുന്ന പോലെ അങ്ങനെയുള്ളവര്‍ അധികാരശക്തികളുടെ വിരുദ്ധ ചേരിയിലാകണം – ആരുതന്നെ ഭരിച്ചാലും. ഈ സാഹചര്യത്തില്‍ പുരസ്‌കാര സ്വീകരണം നല്‍കുന്ന സന്ദേശം മറിച്ചായിരിക്കും.

കേരളസര്‍ക്കാരിന്റെ ഏറ്റവും വലിയ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം നിരസിക്കാന്‍ സീനിയര്‍ എഴുത്തുകാരന്‍ ആനന്ദ് തയ്യാറാകണമെന്നു പറയാന്‍ ആര്‍ക്കാണവകാശം? വ്യക്തിപരമായി ആര്‍ക്കുമില്ല. എന്നാല്‍ എഴുത്തിനും വായനക്കുമൊക്കെ ഒരു സാമൂഹ്യവശവുമുണ്ട് എന്നതിനാല്‍ അതേകുറിച്ച് അഭിപ്രായം പറയാന്‍ വായനക്കാര്‍ക്കും അവകാശമുണ്ട്. പ്രതേകിച്ച് സാമൂഹ്യവിഷയങ്ങളിലെല്ലാം ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഒരു എഴുത്തുകാരന്റെ വിഷയത്തില്‍. അതാകട്ടെ ഒരിക്കലും വ്യക്തിപരമല്ല താനും.
അടുത്തയിടെ തൃശൂരില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ പ്രശസ്തചിന്തകനും എഴുത്തുകാരനുമായ ആനന്ദ് ടെല്‍തുമ്പ്ദെ ഇങ്ങനെ പറയുകയണ്ടായി. ‘ബുദ്ധിജീവികളും എഴുത്തുകാരും സമൂഹത്തില്‍ സൈദ്ധാന്തിയകമായും പ്രായോഗികമായും ഇടപെടുന്നവരായിരിക്കണം. നയപരമായി സര്‍ക്കാരുകള്‍ നടപ്പാക്കുന്ന കൂട്ടകുരുതികളെ ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കുന്നവരായിരിക്കണം. തങ്ങളുടെ വൈജ്ഞാനികമായ കഴിവുകള്‍ അധികാരമില്ലാത്ത ജനങ്ങളുടെ ഭാഗത്തു നില്‍ക്കാന്‍ ഉപയോഗിക്കണം. ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും തങ്ങളുടെ ഭൗതിക സാഹചര്യങ്ങളേക്കാള്‍ രാജ്യത്തിന്റെ ബഹുസ്വരതക്ക് വേണ്ടി നിലകൊള്ളുകയും വേണം. അധികാര വ്യവസ്ഥയോടും അതിന്റെ അനൂകൂല്യങ്ങളോടും വിട്ടു നില്‍ക്കണം. അധികാര കേന്ദ്രവുമായി ചേര്‍ന്ന് നില്‍കുന്നവരെ ബുദ്ധിജീവി എന്നു വിളിക്കാനാവില്ല. അവരെന്നും അധികാര ശക്തികളുടെ വിരുദ്ധ ചേരിയിലാകണം’ ഇത്തരമൊരു നിലപാടില്‍ നിന്നാണ് ആനന്ദ് പുരസ്‌കാരം നിരസിക്കണമെന്ന് അഭിപ്രായപ്പെടുന്നത്.
രാജ്യം ഭരിക്കുന്ന സംഘപരിവാറിന്റെ നയങ്ങളുമായി ബന്ധപ്പെട്ടാണ് ആനന്ദ് ടെല്‍തുമ്പ്ദെ മേല്‍പറഞ്ഞ അഭിപ്രായം പറഞ്ഞത്. എന്നാല്‍ എഴുത്തുകാരും ബുദ്ധിജീവികളും ഏതു ഭരണകൂടത്തോടും അകലം പാലിക്കുക തന്നെയാണ് വേണ്ടത്. ആനന്ദാകട്ടെ കേരളത്തിലെ ഏറ്റവും ബുദ്ധിജീവിയായ എഴുത്തുകരനാണ്. ആനന്ദ് ടെല്‍തുമ്പ്ദെ പറയുന്ന പോലെ അങ്ങനെയുള്ളവര്‍ അധികാരശക്തികളുടെ വിരുദ്ധ ചേരിയിലാകണം – ആരുതന്നെ ഭരിച്ചാലും. അത്തരം സാഹചര്യത്തില്‍ പുരസ്‌കാര സ്വീകരണം നല്‍കുന്ന സന്ദേശം മറിച്ചായിരിക്കും.
വാസ്തവത്തില്‍ സര്‍ക്കാര്‍ പുരസ്‌കാരം നല്‍കേണ്ടത് മികച്ച സേവനം നടത്തുന്ന വില്ലേജ് ഓഫീസര്‍, തഹസീല്‍ദാര്‍, കളക്ടര്‍, പോലീസ്, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ്. അങ്ങനെ സര്‍ക്കാരിനയേും ജനങ്ങളെയും സേവിക്കാനുള്ള അവരുടെ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ എഴുത്തുകാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും മറ്റുംപ്രധാന കടമ സര്‍ക്കാരിനെ സേവിക്കലല്ല. വിമര്‍ശിക്കലാണ്. ആരു ഭരിച്ചാലും പ്രതിപക്ഷത്തിലിരിക്കലാണ്. വൈലോപ്പിള്ളി പറഞ്ഞപോലെ സൗവര്‍ണ്ണ പ്രതിപക്ഷം. അവിടെ പുരസ്‌കാരത്തിന് എന്തു വില? എന്നാല്‍ എതു ഭരണകൂടവും ധിഷണാശാലികളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. രാജാവ് നല്‍കിയിരുന്ന പട്ടും വളയുമൊക്കെ അതിന്റെ ഭാഗമായിരുന്നു. അതിന്റെ തുടര്‍ച്ചതന്നെയല്ലേ ഇപ്പോഴത്തെ പുരസ്‌കാരങ്ങളും?

[widgets_on_pages id=”wop-youtube-channel-link”]

മനുഷ്യസമൂഹത്തിന്റെ ചരിത്രമെന്നു പറയുന്നത് വ്യക്തിയും സമൂഹവും തമ്മിലുള്ള ഐക്യത്തിന്റേയും സമരത്തിന്റേയും ചരിത്രമാണല്ലോ. ഒറ്റ വ്യക്തി മാത്രമേ ഉള്ളു എങ്കില്‍ അവിടെ പ്രശ്നമൊന്നുമില്ലല്ലോ. ഭരണകൂടത്തിന്റെ ആവശ്യവുമില്ല. ഒന്നില്‍ കൂടുതല്‍ വ്യക്തികളായാല്‍ അതിനൊരു സാമൂഹ്യ സ്വഭാവമായി. അതനുസരിച്ച് ചില ചട്ടങ്ങളും നിയന്ത്രണങ്ങളും ആവശ്യമായി. വ്യക്തിയുടേയും സമൂഹത്തിന്റേയും സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ ഭരണകൂടത്തിന്റെ ആവശ്യവുമായി. ഭരണകൂടം കൊഴിയുമെന്ന സങ്കല്‍പ്പമൊക്കെ ഉട്ടോപ്യ മാത്രം. ചെയ്യാവുന്നത് ഈ ഭരണകൂടത്തെ പരമാവധി സുതാര്യവും ജനാധിപത്യപരവും വ്യക്തികളുടെ സ്വാതന്ത്ര്യത്തി്ല്‍ ഏറ്റവും കുറവ് ഇടപെടുന്നതുമാക്കി തീര്‍ക്കുക എന്നതാണ്. ഈ സംഘര്‍ഷത്തില്‍ ഭരണകൂടത്തെ ശക്തമാക്കാന്‍ ആധിപത്യശക്തികള്‍ എന്നും ശ്രമിക്കും. അതിനു വിപരീതമായി ജനകീയശക്തികളും. ഇതില്‍ ജനകീയപക്ഷത്തുിനില്‍ക്കേണ്ടവരാണ് സാമൂഹ്യപ്രതിബദ്ധതയുള്ള എഴുത്തുകാരും കലാകാരന്മാരും ഫോര്‍ത്ത് എസ്റ്റേറ്റ് എന്നു വിളിക്കപ്പെടുന്ന മാധ്യമങ്ങളും മറ്റും. അപ്പോള്‍ ഭരണകൂടത്തില്‍ നിന്ന് സ്വീകരിക്കുന്ന പുരസ്‌കാരങ്ങളുടെ റോള്‍ എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളു. അതൊരു ധൃതരാഷ്ട്രാലിംഗനമല്ലാതെ മറ്റൊന്നല്ല. ആനന്ദിനെ പോലുള്ള എഴുത്തുകാര്‍ ആ ആലിംഗനത്തിനു നിന്നു കൊടുക്കണോ?
ഇനി ആനന്ദിനു പുരസ്‌കാരം ലഭിച്ചിരിക്കുന്ന സമയം നോക്കുക. വാളയാറിലെ രണ്ടു കൊച്ചു ദളിത് സഹോദരിമാരെ കൊലചെയ്തവരെ രക്ഷിക്കുന്നതില്‍ ഭരണകൂടം വഹിച്ച പങ്ക് പകല്‍ പോലെ പ്രകടമാണ്. അതിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളമാകെ നടക്കുന്നത്. മറുവശത്ത് എല്ലാ നിയമവ്യവസ്ഥയേയും അട്ടിമറിച്ച് മാവോയിസ്റ്റുകളായതിന്റെ പേരില്‍ നാലുപേരെ നീചമായി വെടിവെച്ചുകൊന്നിരിക്കുന്നു. അവിടേയും സാമാന്യബുദ്ധിയുള്ളവരെ പരിഹസിച്ച് ഏറ്റുമുട്ടല്‍ കൈാലയാണെന്ന് അവകാശപ്പെടുന്നു. സര്‍ക്കാര്‍ പറയുന്നത് വാസ്തവവിരുദ്ധമാണെന്ന് ആദിവാസികളടക്കമുള്ള നാട്ടകാര്‍ പറയുന്നു. തങ്ങളുടെ ജീവിതത്തിനു ഭീഷണി തണ്ടര്‍ബോള്‍ട്ടെന്ന പോലീസ് സേനയാണെന്നും അവര്‍ പറയുന്നു. കഴിഞ്ഞില്ല, വ്യാജഏറ്റുമുട്ടല്‍ കൊലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലും യു എ പി എ എന്ന കരിനിയമമുപയോഗിക്കുന്നു. ഈ നടപടികളെല്ലാം സ്വീകരിക്കുമ്പോഴാണ് അതിനിടയില്‍ കൂടി സര്‍ക്കാര്‍ ഈ പുരസ്‌കാരവും പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അതു സ്വീകരിക്കുകയോ നിരസിക്കുകയോ ആനന്ദിനാകാം. പക്ഷെ അതില്‍ നിന്ന് അദ്ദേഹത്തിന്റെ പക്ഷം ജനങ്ങള്‍ക്ക് ബോധ്യപ്പെടും. ഒപ്പം മരുഭൂമികളുണ്ടാകുന്നത് എങ്ങനെയെന്നും വ്യക്തമാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പ്രിയ ആനന്ദ്, മരുഭൂമികളുണ്ടാകുന്നത് ഇങ്ങനെയാണോ?

  1. കേരളത്തിലെ ബുദ്ധിജീവികളേക്കുറിച്ച് വിജയൻ മാഷ് പറഞ്ഞത് അവർ സ്വർണ്ണമൽസ്യങ്ങൾ സ്വപ്നം കാണുന്നവർ ആണെന്നാണ്. ആനന്ദ് അവരിൽ ഒരാളായി കാണാൻ എനിക്കാകില്ല. ആനന്ദ് തന്നെ സ്വയം നിഷേധിക്കുമെന്ന് ഞാൻ കരുതുന്നില്ല. മറിച്ചാണ് സംഭവിക്കുന്നത് എങ്കിൽ നമുക്ക് നമ്മുടെ വിശ്വാസം തിരുത്തേണ്ടി വരും.

Leave a Reply