ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ രംഗത്തിറങ്ങണം

‘സംവരണം, സാമൂഹ്യനീതി, പ്രാതിനിധ്യം’ എന്ന വിഷയത്തില്‍ തൃശൂരില്‍ സമദര്‍ശി സംഘടിപ്പിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണത്തിന്റെ ഒരു ഭാഗം.

സംവരണത്തിന് സാമ്പത്തികമായ മാനദണ്ഡം എന്നത് ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന സാമൂഹ്യവിഭാഗങ്ങള്‍ക്കാണ് ഭരണഘടന സംവരണം ഉറപ്പുവരുത്തുന്നത്. ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള EWS എന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സവര്‍ണ്ണവിഭാഗങ്ങള്‍ക്കുള്ള സംവരണം ഭരണഘടനാവിരുദ്ധമാണ്. The constitution ensures reservation for the socially and educationally backward sections of the society. Reservation for EWS is unconstitutional. ഒരു തരത്തിലുമുള്ള സ്ഥിതിവിവരണ കണക്കുകളും ശേഖരിക്കാതെയാണ് അത് നടപ്പാക്കിയത്. പല പരീക്ഷകളിലും കട്ട് ഓഫ് മാര്‍ക്ക് ഏറ്റവും കുറഞ്ഞിരിക്കുന്നത് EWS കാര്‍ക്കാണ് എന്നതു തന്നെ അതിനുള്ള തെളിവാണ്. ഇത് ഭരണഘടനാ മൂല്യവ്യവസ്ഥക്കും അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ക്കും നിരക്കുന്നതല്ല. അതനുവദിക്കാന്‍ പാടില്ല. എന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ മാറ്റിയെഴുതാനുള്ള ശ്രമം നടക്കുന്ന വേളയില്‍ ഇതിനപ്പുറവും സംഭവിക്കും. അതേസമയം കര്‍ണ്ണാടക തെരഞ്ഞെടുപ്പുവേളയില്‍ കേന്ദ്രമന്ത്രി അമിത് ഷാ മുസ്ലിം വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നത് ഭരണഘടനാനുസൃതമായ ഒന്നല്ല എന്ന പ്രഖ്യാപനം നടത്തിയിരുന്നു. കര്‍ണ്ണാടക ജനത തെരഞ്ഞെടുപ്പിലൂടെ അതിനു മറുപടി നല്‍കുകയും ചെയ്തു.

ഭരണഘടന തിരുത്തിയെഴുതുക എന്ന ലക്ഷ്യത്തോടെ കുറെ സന്യാസിമാര്‍ യോഗം ചേര്‍ന്ന് കരട് തയ്യാറാക്കിയതായും വാര്‍ത്ത കണ്ടു. അവര്‍ വിഭാവനം ചെയ്യുന്ന പുതിയ ഭരണഘടനയനുസരിച്ച് ഹിന്ദുക്കള്‍ക്ക് മാത്രമാണ് വോട്ടാവകാശം ഉണ്ടാകുക എന്ന വാര്‍ത്തയും കണ്ടു. അതെല്ലാം തമാശയാണെന്നു പലരും കരുതിയിരിക്കാം. എന്നാല്‍ പുതിയ പാര്‍ലിമെന്റ് ഉദ്ഘാടനവും അതിനകത്ത് പ്രദര്‍ശിപ്പിച്ച ചിത്രങ്ങളും കണ്ടവര്‍ക്ക് ആ ധാരണ മാറിയിരിക്കും. ഭരണഘടന മാത്രമല്ല, രാജ്യത്തിന്റെ അതിരുകള്‍ തന്നെ മാറ്റിയെഴുതാനാണ് നീക്കം. അഖണ്ഡഭാരതത്തെ കുറിച്ചുള്ള അവരുടെ സങ്കല്‍പ്പത്തിന്റെ പ്രതീകങ്ങള്‍ പുതിയ പാര്‍ലിമെന്റിലുണ്ട്. അതറിഞ്ഞ ബംഗ്ലാദേശ് ഭരണാധികാരികള്‍ ഈ അഖണ്ഡ ഭാരത സങ്കല്‍പ്പത്തെ ചോദ്യം ചെയ്തിട്ടുണ്ട്.

തീര്‍ച്ചയായും ഭരണഘടന എല്ലാ കാലത്തും നിലനില്‍ക്കുന്ന, മതപരമായ, വിശുദ്ധമായ, മാറ്റങ്ങള്‍ പാടില്ലാത്ത ഒന്നല്ല. മാറ്റങ്ങള്‍ ഉണ്ടാകാം, ഉണ്ടായിട്ടുണ്ട്. സാമൂഹ്യനീതി എന്ന സങ്കല്‍പ്പമാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ. അതെ കുറിച്ച് വളറെ കൃത്യമായി തന്നെ ഭരണഘടന വിശദീകരിക്കുന്നുണ്ട്. തെറ്റായ ഭരണാധികാരികളുടെ കൈയില്‍ ഭരണഘടനയുടെ മേന്മ നഷ്ടപ്പെടുമെന്ന് അംബേദ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതാണ് നാം ഇപ്പോള്‍ കാണു്ന്നത്. ഇന്ത്യയുടെ രാഷ്ട്രീയസ്വാതന്ത്ര്യം ദീര്‍ഘമായ അനേകം പോരാട്ടങ്ങളില്‍ നിന്നു നേടിയതാണ്. നമ്മുടെ ഭരണഘടനയും സ്വാതന്ത്ര്യസമരങ്ങളുടെ മഹത്തായ മൂല്യങ്ങള്‍ സ്വാംശീകരിച്ചതാണ്. എന്നാലിപ്പോള്‍ നടക്കുന്നതോ? പാര്‍ലിമെന്റില്‍ നടന്ന ചെങ്കോല്‍ നാടകം തന്നെ ഉദാഹരണം. ഇന്ത്യന്‍ കോടതികളില്‍ നിലനില്‍ക്കുന്ന കൊളോയണിയല്‍ സ്വാധീനത്തിനെതിരെ പ്രതികരിച്ച ജസ്റ്റിസ് രാമസ്വാമി നേരിട്ടത് ഇംപീച്ച്‌മെന്റ് അടക്കമുള്ള നടപടികളായിരുന്നു എന്നോര്‍ക്കണം.

ചരിത്രത്തെ തിരുത്താനും പുനര്‍നിര്‍മ്മിക്കാനുമായി ദുര്‍വ്യാഖ്യാനങ്ങളെ പുതിയ പാത്രങ്ങളില്‍ വിളമ്പാനാണ് ഇന്നു ഭരണകൂടം ശ്രമിക്കുന്നത്. മറാഠകള്‍ക്കുള്ള സംവരണവിഷയത്തില്‍ സാമൂഹ്യനീതിയെ കുറിച്ചുള്ള ഭരണഘടനയിലെ ശരിയായ സമീപനത്തെ അട്ടിമറിക്കുകയാണ് മുന്‍സര്‍ക്കാരിനെ പണമൊഴുക്കി അട്ടിമറിച്ച് അധികാരത്തിലെത്തിയ മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്തത്, മുസ്ലിമുകളുടെ വിഷയത്തിലാണെങ്കില്‍ അവരുടെ എല്ലാ മേഖലകളിലുമുശള്ള പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച സച്ചാര്‍ കമ്മീഷന്‍ സംവരണത്തിനായി ശുപാര്‍ശ ചെയ്തിരുന്നു എന്നത് മറച്ചുവെക്കുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല. സാമൂഹ്യവും വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണത് നല്‍കേണ്ടത്. പിന്നോക്കവിഭാഗങ്ങളെ സംബന്ധിച്ച് അംബേദ്കര്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പിന്നോക്കവിഭാഗങ്ങളെ കുറിച്ച് ഖണ്ഡിതമായ നിര്‍വ്വചനം നല്‍കിയില്ലെങ്കില്‍ കോടതികളില്‍ കേസുകള്‍ കുന്നുകൂടുമെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. ജനങ്ങള്‍ കോടിതിയിലെത്തട്ടെ എന്നായിരുന്നു അംബേദ്കറുടെ മറുപടി. 20 ശതമാനം വരുന്ന വരേണ്യവിഭാഗങ്ങള്‍ അധികാരവും പദവിയും ഉന്നതവിദ്യാഭ്യാസവുമൊക്കെ കയ്യടക്കിവെച്ചിരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നു തിരിച്ചറിഞ്ഞുവേണം ഇക്കാര്യത്തില്‍ നിലപാടെടുക്കാന്‍. ചരിത്രപ്രധാനമായ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ വി പി സിംഗ് സര്‍ക്കാരിന്റെ നടപടിയും അട്ടിമറിക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നതായും മറക്കരുത്.

ഭരണഘടനയിലെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് ആര്‍ട്ടിക്കിള്‍ 15. അതേപേരില്‍ സിനിമയെടുത്ത സംവിധായകന്‍ പറഞ്ഞത് മനുസ്മൃതിയുടെ നൈതികബോധത്തില്‍ നിന്നു വിഛേദിക്കുന്ന ഒന്നാണ് ആ വകുപ്പെന്നാണ്. 16-ാം വകുപ്പാകട്ടെ സാമൂഹ്യനീതിയുടേയും തൊഴിലിന്റേയും മേഖലകളിലുള്ള സമത്വം ഉറപ്പുവരുത്തുന്നു. ഇവക്കെല്ലാം പിന്നീട് ധനാത്മകമായ ഭേദഗതികള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ്. അതേസമയം ഇപ്പോള്‍ അതിനെയെല്ലാം തകര്‍ക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. അടുത്തയിടെ ഗുജറാത്തിലെ ഒരു ജഡ്ജി വിധിച്ചത് സംവരണം 10 വര്‍ഷത്തേക്കാണ് വിഭാവനം ചെയ്യപ്പെട്ടത് എന്നായിരുന്നു. നിയമനിര്‍മ്മാണ സഭയിലേക്ക് അത്രയും മതി എന്ന ചര്‍ച്ച നടന്നിരുന്നു. എന്നാലത് മറ്റുമേഖലകളിലേക്കല്ല. പിന്നീട് വിവാദമായപ്പോള്‍ വിധിന്യായത്തിലെ ആ ഭാഗം അദ്ദേഹം വെട്ടിമാറ്റുകയായിരുന്നു.

എല്ലാ പൗരന്മാരും ഭരണഘടനയെ കുറിച്ച് വിശദമായി അറിയേണ്ട കാലമാണിത്. പ്രത്യകിച്ച മനുസമൃതി കാലത്തേക്ക് നമ്മെ തിരിച്ചുകൊണ്ടുപോകാനുള്ള നീക്കം സംഘടിതമായി നടക്കുമ്പോള്‍. ഭഗവത്ഗീതയേയും മനുസ്മൃതിയേയും രാമായണത്തേയും ധര്‍മ്മസംഹിതകളേയും മറ്റും ഉദ്ധരിച്ച് വിധി പറയുന്ന ജഡ്ജിമാരുടെ എണ്ണം കൂടിവരുകയാണ്. വ്യത്യസ്ഥജാതികളിലുള്ള ദമ്പതിമാര്‍ക്ക് ജനിച്ച കുഞ്ഞിന്റെ സംവരണപ്രശ്‌നത്തില്‍ ഒരു കോടതി പറഞ്ഞത് മനുസ്മൃതിപ്രകാരം അവനെ ചണ്ഡാളനായി കാണണമെന്നാണ്. മനുസ്മൃതിയുടെതന്നെ പേരില്‍ ശൈശവവിവാഹത്തെ ന്യായീകരിച്ച വിധിയും നമ്മള്‍ കണ്ടു. ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് ചൊവ്വാദോഷമുണ്ടോ എന്നു പരിശോധിക്കാന്‍ അലഹബാദ് ഹൈക്കോടതി ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി ജ്യോതിഷ വിഭാഗം തലവനോട് ആവശ്യപ്പെട്ടതും വാര്‍ത്തയായല്ലോ. ജുഡീഷ്യറിയില്‍ തന്നെ ഭരണഘടനാവിരുദ്ധമായ വ്യതിയാനങ്ങള്‍ ശക്തമാകുമ്പോള്‍ എങ്ങോട്ടാണ് നാം നയിക്കപ്പെടുന്നത് എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. എല്ലാ മേഖലയിലും ഭരണഘടനാമൂല്യങ്ങള്‍ അട്ടിമറിക്കപ്പെടുമ്പോള്‍ ഭരണഘടനയെ കുറിച്ച് കൃത്യമായി പഠിക്കാനും സംരക്ഷിക്കാനും ഓരോരുത്തരും തയ്യാറാകേണ്ട കാലമാണിതെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply