മിഷന്‍ 2024 : ബീഹാറില്‍ നിന്നുള്ള പ്രതിപക്ഷ പടയൊരുക്കം

പഴയ അടിയന്തരാവസ്ഥയിലെ വില്ലന്മാരായിരുന്ന കോണ്‍ഗ്രസ്സ് ഈ മുന്നേറ്റത്തില്‍ ഭാഗഭാക്കാണെന്നതും അന്നത്തെ നായകന്മാരില്‍ ഉള്‍പ്പെട്ടിരുന്ന ജനസംഘത്തിന്റെ പിന്‍ഗാമികളാണ് ഇപ്പോഴത്തെ വി്ല്ലന്മാരെന്നതും ചരിത്രത്തിന്റെ കാവ്യനീതിയായിരിക്കാം.

അന്നത്തേക്കാള്‍ എത്രയോ ഭയാനകമായ ഫാസിസത്തിന്റെ അട്ടഹാസം കൂടുതല്‍ കൂടുതല്‍ ശക്തമാകുന്ന രാഷ്ട്രീയ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥയുടെ ഒരു ഓര്‍മ്മദിനം കൂടി കടന്നു വരുന്നത്. അപ്പോഴും മറുവശത്ത് മറ്റൊരു പ്രതീക്ഷയും ഉടലെടുക്കുന്നു എന്നത് കാണാതിരുന്നില്ല. അന്നത്തെ അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിന്റെ പ്രധാന കേന്ദ്രം ബീഹാറായിരുന്നെങ്കില്‍ ഇപ്പോഴിതാ അതേ ബീഹാറില്‍ നിന്നു ഫാസിസത്തിനെതിരെ വിശാലസഖ്യം രൂപപ്പെടുന്നു എന്ന വാര്‍ത്തയാണത്. അന്ന് ജയപ്രകാശ് നാരായണനാണ് അതിനു ചുക്കാന്‍ പിടിച്ചതെങ്കില്‍ ഇപ്പോള്‍ നിതീഷ് കുമാറും. If Bihar was the main center of the struggle against emergency then, now it is news that a broad coalition against fascism is being formed from the same Bihar. If Jayaprakash Narayanan was at the helm then, Nitish Kumar is also at the helm now.

പലപ്പോഴും പലരും ചൂണ്ടികാട്ടിയിട്ടുള്ളതാണെങ്കിലും ആവര്‍ത്തിക്കട്ടെ. അന്നത്തെ അടിയന്തരാവസ്ഥയും ഇപ്പോള്‍ നമുക്കുമുന്നില്‍ അട്ടഹാസം മുഴക്കുന്ന ഹിന്ദുത്വ പാസിസവും തമ്മില്‍ ഒരു താരതമ്യം പോലും അര്‍ഹിക്കുന്നില്ല. അധികാരം നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ഇന്ദിരാഗാന്ധി എന്ന വ്യക്തി അത് ഊട്ടിയുറപ്പിക്കാന്‍ പ്രഖ്യാപിച്ച ഒന്നായിരുന്നു 1975ലെ അടിയന്തരാവസ്ഥ. പിന്നീട് രണ്ടുവര്‍ഷത്തോളം രാജ്യത്ത് നടന്നത് നരനായാട്ടായിരുന്നു എന്നതില്‍ സംശയമില്ല. അപ്പോഴും ശക്തമായ ഒരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രമോ സംഘടനയോ അതിനു പുറകിലുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അത് അധികകാലം തുടരില്ല എന്നു വ്യക്തമായിരുന്നു. എന്നാല്‍ നവഫാസിസത്തിന്റെ അവസ്ഥ അതല്ല. ഒരുപക്ഷെ ഔദ്യോഗികമായ അടിയന്തരാവസ്ഥാ പ്രഖ്യാപനം സംഭവിക്കണമെന്നില്ല. എന്നാല്‍ 2024 ലെ ലോകസഭാതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം ലഭിക്കുകയാണെങ്കില്‍ നടപ്പാക്കാന്‍ പോകുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥ പഴയതുമായി താരതമ്യം പോലും അര്‍ഹിക്കാത്തതാകുമെന്നതില്‍ സംശയം വേണ്ട. കാരണം അതൊരു വ്യക്തി പ്രഖ്യാപിക്കുന്ന ഒന്നായിരിക്കില്ല. ഒരു രാജ്യത്തിന്റെ പട്ടാളത്തേക്കാള്‍ കരുത്തുള്ള ഒരു ഫാസിസ്റ്റ് സംഘടന, അതിന്റെ മുഖമായ പാര്‍ട്ടിയിലൂടെ, ലോകം ഇന്നോളം കണ്ടിട്ടുള്ളതില്‍ ഏറ്റവും ഭീകരമായ ഒരു പ്രത്യയ ശാസ്ത്രത്തിന്റെ പിന്തുണയോടെ, മതരാഷ്ട്രം ലക്ഷ്യമിട്ട്് നടപ്പാക്കുന്ന ഒന്നായിരിക്കും എന്നതാണ്. ഈ നവഫാസിസത്തിനുമുന്നില്‍ ഹിറ്റ്‌ലര്‍ പോലും തല കുനിക്കാനാണിട.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ദിരാഗാന്ധിയോട് ലോകസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രാജ് നാരായണന്‍ അവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കൃത്രിമം, സര്‍ക്കാര്‍ വസ്തുവകകള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് അലഹബാദ് ഹൈക്കോടതിയില്‍ കേസുകൊടുക്കുകയായിരുന്നു. 1975 ജൂണ്‍ 12-നു ജസ്റ്റിസ് ജഗ്മോഹന്‍ലാല്‍ സിന്‍ഹ ഈ കേസില്‍ ഇന്ദിരാഗാന്ധിയെ കുറ്റക്കാരിയായി വിധിക്കുകയും തിരഞ്ഞെടുപ്പും ലോകസഭാ സീറ്റും റദ്ദാക്കുകയും ചെയ്തു. അടുത്ത ആറു വര്‍ഷത്തേക്ക് ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി മത്സരിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു. തുടര്‍ന്ന് അവരുടെ രാജിക്കായുള്ള പ്രക്ഷോഭങ്ങള്‍ രാജ്യമെങ്ങും വ്യാപിച്ചു. അതിന്റെ ഫ്രഭവകേന്ദ്രവും ശക്തികേന്ദ്രവും ബീഹാറായിരുന്നു. പ്രക്ഷോഭങ്ങളുടെ അനിഷേധ്യനേതാവ് ജയപ്രകാശ് നാരായണനും. തുടര്‍ന്നാണ് ഇന്ദിരാഗാന്ധിയുടെ ഉപദേശം അനുസരിച്ച് രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

തുടര്‍ന്ന് രാജ്യം കണ്ടത് ഏകാധിപത്യത്തിന്റെ യഥാര്‍ത്ഥ മുഖമായിരുന്നു. പോലീസിനെ ഉപയോഗിച്ച് ആയിരക്കണക്കിന് നേതാക്കളെയും ജനങ്ങളെയും അറസ്റ്റ് ചെയ്തു. ഒരുപാട് പേര്‍ ലോക്കപ്പില്‍ പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തു. നിരവധി സംഘടനകള്‍ നിരോധിക്കപ്പെട്ടു. മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിട്ടു. പാര്‍ലമെന്റിനെ പൂര്‍ണ്ണമായി കവച്ചുവെക്കുന്ന തരത്തില്‍ രാഷ്ട്രപതിയെക്കൊണ്ട് അസാധാരണമായ നിയമങ്ങള്‍ പുറപ്പെടുവിച്ചു. മറ്റു പാര്‍ട്ടികള്‍ ഭരിച്ചിരുന്ന ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഭരണം അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. മകന്‍ സഞ്ജയ് ഗാന്ധിയായിരുന്നു അന്നു ഇന്ദിരയുടെ ഉപദേഷ്ടാവ്. ഇരുപതിന – അഞ്ചിന പരിപാടികളുടെ പേരില്‍ നടന്ന ക്രൂരതകളും ജനാധിപത്യ ധ്വംസനങ്ങളും ഇന്നു ചരിത്രത്തിന്റെ ഭാഗമാണ്. നിര്‍ബന്ധിത വന്ധ്യംകരണവും ചേരികള്‍ ഇടിച്ചുതകര്‍ക്കലുമൊക്കെ അതിന്റെ ഭാഗമായിരുന്നു.

അതിനിടയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പു നടത്തിയാല്‍ വിജയിക്കുമെന്ന ഔദ്യോഗിക ഇന്റലിജന്‍സ് സ്രോതസ്സുകളുടെ റിപ്പോര്‍ട്ട് വിശ്വസിച്ച് ഇന്ദിര തെരഞ്ഞെടുപ്പിനു തയ്യാറാകുകയായിരുന്നു. എന്നാല്‍ പിന്നീട് നടന്നത് ആരും പ്രതീക്ഷിക്കാതിരുന്ന രാഷ്ട്രീയ സംഭവങ്ങളായിരുന്നു. ബീഹാറും ജെപിയുമായിരുന്നു അതിന്റെ കേന്ദ്രബിന്ദുക്കള്‍. അടിയന്തരാവസ്ഥക്കുമുമ്പുതന്നെ സമ്പൂര്‍ണ്ണവിപ്ലവത്തിനുള്ള ജെപിയുടെ ആഹ്വാനം ബീഹാറിനേയും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേയും ഇളക്കി മറിച്ചിരുന്നു. വിദ്യാര്‍ത്ഥികളായിരുന്നു ഈ മുന്നേറ്റത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനു ഈ പ്രക്ഷോഭവും പ്രധാനകാരണമായിരുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ജയപ്രകാശിന്റെ കാര്‍മ്മികത്വത്തില്‍ രൂപീകരിച്ച ജനതാപാര്‍ട്ടിയും സഖ്യകക്ഷികളും ചേര്‍ന്ന് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയായിരുന്നു. കേരളം അന്ന് അടിയന്തരാവസ്ഥക്കൊപ്പം നിന്നു എന്നുകൂടി പറഞ്ഞുവെക്കട്ടെ. ബീഹാറടക്കമുള്ള സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തെ സ്വാതന്ത്ര്യസമരമായി പ്രഖ്യാപിച്ചിട്ടും കേരളം അതിനു തയ്യാറായിട്ടില്ല എന്നും.

ഇപ്പോഴിതാ ഒരിക്കല്‍ കൂട്ി ബീഹാര്‍ ശ്രദ്ധേയമാകുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ട ഒരുപാട് ചരിത്രമുണ്ട്. ലോകചരിത്രത്തില്‍ തന്നെ ജനാധിപത്യത്തിനു മൂലരൂപങ്ങള്‍ സമ്മാനിച്ച ബുദ്ധന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രം ബീഹാറായിരുന്നല്ലോ. അദ്ദേഹത്തിനു ബോധോദയമുണ്ടായതും ഗയയിലായിരുന്നു എന്നാണല്ലോ സങ്കല്‍പ്പം. നളന്ദയെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. അശോക ചക്രവര്‍ത്തിയുടെ കാലത്ത് പ്രശസ്തമായ മഗധയും അതിന്റെ തലസ്ഥാനമായ പാടലീപുത്രവും ബിഹാറിലായിരുന്നു. മുഹമദ് കില്‍ജിയുടെ ആക്രമണമാണ് ബുദ്ധമതത്തിന്റെ തകര്‍ച്ചക്ക് കാരണമായത്. മുഗള്‍ ഭരണകാലത്തും തുടര്‍ന്നും ബീഹാര്‍ വീണ്ടും പ്രതാപം വീണ്ടെടുത്തിരുന്നു. 1764 ലാണ് ബ്രിട്ടീഷുകാര്‍ ബിഹാര്‍ പിടിച്ചെടുത്തത്.

അടിയന്തരാവസ്ഥക്കുശേഷവും ബീഹാര്‍ ഇന്ത്യയുടെ ജനാധിപത്യചരിത്രത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ജയപ്രകാശ് നാരായണന്റെ അടുത്ത അനുയായിയായിരുന്ന ലാലു പ്രസാദ് യാദവിന്റെ ഭരണകാലം പ്രത്യേകം പരാമര്‍ശിക്കണം. മാവോയിസ്റ്റുകള്‍ ഉന്നയിച്ചിരുന്ന പല ആവശ്യങ്ങളും അംഗീകരിച്ച് ജന്മികള്‍ക്കും അവരുടെ സായുധസേനയായിരുന്ന രണ്‍വീര്‍സേനക്കും ഒരുപരിധിവരെയെങ്കിലും കടിഞ്ഞാണിടാന്‍ അദ്ദേഹത്തിനായി. 1990 ല്‍ ഹിന്ദുത്വ വര്‍ഗ്ഗീയ വിഷം വാരിവിതറി അദ്വാനി നടത്തിയ രഥയാത്രയെ തടയാനുള്ള ധൈര്യം കാണിച്ച ഏക ഭരണാധികാരി മറ്റാരുമായിരുന്നില്ല. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാനത്ത് നടപ്പാക്കാന്‍ അദ്ദേഹം കാണിച്ച ജാഗ്രതയും പരാമര്‍ശിക്കേണ്ടതാണ്. കേന്ദ്രമന്ത്രിയായപ്പോള്‍ റെയില്‍വേയെ ലാഭകരമാക്കാനും ലാലുവിനായി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പോഴിതാ രാജ്യം മറ്റൊരു ഫാസിസ്റ്റ് ഭീഷണി നേരിടുമ്പോള്‍ ബീഹാര്‍ വീണ്ടും ശ്രദ്ധേയമാകുകയാണ്. ആര്‍ എസ് എസ് 1925ല്‍ നടത്തിയ പ്രഖ്യാപനമനുസരിച്ച് 100-ാം വര്‍ഷം 2025ല്‍ ഇന്ത്യ ഹിന്ദുത്വ രാഷ്ടമാകേണ്ടതാണ്. ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 50-ാം വര്‍ഷവുമാണത്. ആ നീക്കത്തെ തടയാനുള്ള ഏകസാധ്യതയാണ് അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പ്. 1977ലെ മഹത്തായ ഇന്ത്യന്‍ ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് ലോകം തന്നെ ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കപ്പെടുക എന്നത് ലോകജനതയുടെ തന്നെ രാഷ്ട്രീയ ആവശ്യമായി മാറികഴിഞ്ഞ സാഹചര്യമാണിത്. ആ ഉത്തരവാദിത്തം ഏറ്റെടുത്ത്, മറ്റഭിപ്രായ ഭിന്നതകളും അധികാരമോഹങ്ങളും മാറ്റിവെച്ച് പ്രതിപക്ഷകക്ഷികള്‍ ഒന്നിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അന്നു ഇത്തരമൊരു നീക്കത്തിനു ചുക്കാന്‍ പിടിച്ചത് ജെ പി ആയിരുന്നെങ്കില്‍ ഇന്നതിനു ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ ശിഷ്യനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണെന്നത് നല്‍കുന്നത് ചരിത്രം ആവര്‍ത്തിക്കുമെന്ന ശുഭസൂചനയായിതന്നെ കാണണം. കര്‍ണ്ണാടകം നല്‍കുന്നതും ശുഭസന്ദേശം തന്നെ.

16 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗശേഷം നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനം ജനാധിപത്യവിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി (ടിഎംസി), ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (എഎപി), തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ (ഡിഎംകെ), സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ (ശിവസേന-യുബിടി). യെച്ചൂരി (സി.പി.ഐ.എം), ഡി രാജ (സി.പി.ഐ), പി.ഡി.പി, സി.പി.ഐ (എം.എല്‍), നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ തുടങ്ങിയവരൊക്കെ യോഗത്തില്‍ പങ്കെടുത്തു എന്നത് തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നു. ഷിംലയില്‍ നടക്കാന്‍ പോകുന്ന അടുത്ത യോഗത്തില്‍ മറ്റു പാര്‍ട്ടികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പഴയ അടിയന്തരാവസ്ഥയിലെ വില്ലന്മാരായിരുന്ന കോണ്‍ഗ്രസ്സ് ഈ മുന്നേറ്റത്തില്‍ ഭാഗഭാക്കാണെന്നതും അന്നത്തെ നായകന്മാരില്‍ ഉള്‍പ്പെട്ടിരുന്ന ജനസംഘത്തിന്റെ പിന്‍ഗാമികളാണ് ഇപ്പോഴത്തെ വി്ല്ലന്മാരെന്നതും ചരിത്രത്തിന്റെ കാവ്യനീതിയായിരിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply