കൊവിഡ് കാലത്തെ പരിസ്ഥിതിദിനം

പരിസ്ഥിതി നശീകരണവും വന്യജീവികളുടെ ആവാസവ്യവസ്ഥകളിലേക്ക് മനുഷ്യരുടെ വന്‍തോതിലുള്ള കടന്നുകയറ്റവും കൊറോണപോലുള്ള വൈറസുകളുടെ വ്യാപനത്തിനു കാരണമാണെന്ന് പൊതുവില്‍ അംഗീകരിക്കപ്പെടുന്നുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ ഇറച്ചിക്കോഴി, താറാവ്, പന്നി തുടങ്ങിയവയെ വളര്‍ത്തലും വന്യജീവികളുടെ മാംസവ്യാപാരവും വൈറസുകള്‍ക്ക് മനുഷ്യരിലേക്ക് പടരാന്‍ കാരണമാണെന്നു വൈറോളജിസ്റ്റുകളെല്ലാം അംഗീകരിക്കുന്നു. ചൈനയിലെ മാംസമാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് കൊവിഡിന്റെ ഉത്ഭവം എന്നാണ് ഇതുവരെയുള്ള വിശ്വാസം. ഇത്തരത്തിലുള്ള സാധ്യതകളെ കുറിച്ച് പല വിദ്ഗധരും കാലാകാലങ്ങളായി ലോകത്തിനു മുന്നറിയിപ്പു നല്‍കുന്നുണ്ട്. എന്നാല്‍ കാലാവസ്ഥവ്യതിയാനത്തെയെന്നപോലെ അവ എന്നും അവഗണിക്കപ്പെട്ടിട്ടേയുള്ളു.

കൊവിഡ് ഭീഷണി ഒഴിഞ്ഞുമാറാത്ത സാഹചര്യത്തിലാണ് ലോകം ഒരു പരിസ്ഥിതിദിനം കൂടി ആചരിക്കുന്നത്. വൈറസുകളുടെ വ്യാപനവും പരിസ്ഥിതിയുമായുള്ള ബന്ധം വളരെ പ്രകടമായതിനാല്‍ തന്നെ ഈ വര്‍ഷത്തെ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയാണ്. അത് കുറെ ചെടികള്‍ നടുന്ന പതിവുപരിപാടിയില്‍ ഒതുങ്ങുന്നതല്ല. ലോക് ഡൗണ്‍ വന്നതിനാല്‍ ആകാശം തെളിഞ്ഞു, ഹാമാലയം കാണാം, മൃഗങ്ങള്‍ സുരക്ഷിതരായി എന്നൊക്കെയുള്ള രീതിയില്‍ ലളിതവല്‍ക്കരിക്കാനല്ല പറയുന്നത്. ഇതൊക്കെ ശരിയാകാം. എന്നാല്‍ മനുഷ്യന്, മൃഗങ്ങള്‍ക്കും, എന്നും ലോക് ഡൗണില്‍ ഇരിക്കാനാവില്ല എന്നതിനാല്‍ ഈ പ്രതിഭാസങ്ങളെ അമിതമായി ഉദാത്തവല്‍ക്കരിക്കുന്നതില്‍ അര്‍ത്ഥമില്ല. മറിച്ച് അവയെ ചില സൂചനകള്‍ മാത്രമായി കാണാം.

പരിസ്ഥിതി നശീകരണവും വന്യജീവികളുടെ ആവാസവ്യവസ്ഥകളിലേക്ക് മനുഷ്യരുടെ വന്‍തോതിലുള്ള കടന്നുകയറ്റവും കൊറോണപോലുള്ള വൈറസുകളുടെ വ്യാപനത്തിനു കാരണമാണെന്ന് പൊതുവില്‍ അംഗീകരിക്കപ്പെടുന്നുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ ഇറച്ചിക്കോഴി, താറാവ്, പന്നി തുടങ്ങിയവയെ വളര്‍ത്തലും വന്യജീവികളുടെ മാംസവ്യാപാരവും വൈറസുകള്‍ക്ക് മനുഷ്യരിലേക്ക് പടരാന്‍ കാരണമാണെന്നു വൈറോളജിസ്റ്റുകളെല്ലാം അംഗീകരിക്കുന്നു. ചൈനയിലെ മാംസമാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് കൊവിഡിന്റെ ഉത്ഭവം എന്നാണ് ഇതുവരെയുള്ള വിശ്വാസം. ഇത്തരത്തിലുള്ള സാധ്യതകളെ കുറിച്ച് പല വിദ്ഗധരും കാലാകാലങ്ങളായി ലോകത്തിനു മുന്നറിയിപ്പു നല്‍കുന്നുണ്ട്. എന്നാല്‍ കാലാവസ്ഥവ്യതിയാനത്തെയെന്നപോലെ അവ എന്നും അവഗണിക്കപ്പെട്ടിട്ടേയുള്ളു. ലാഭത്തിലധിഷ്ഠിതമായ സാമൂഹ്യക്രമത്തില്‍ – അതിന്റെ പേര് മുതലാളിത്തമെന്നായാലും കമ്യൂണിസമെന്നായാലും – അതു സ്വാഭാവികം മാത്രം. എന്നാലിന്നിതാ അതിന്റെ ഉല്‍പ്പന്നം ഏതൊരു സാമൂഹ്യക്രമത്തേയും തകര്‍ക്കുന്ന രീതിയില്‍ എത്തിയിരിക്കുന്നു.

ഒരു സൂക്ഷ്മാണു ഭൂമിയേക്കാള്‍ വളര്‍ന്നിരിക്കുന്നു. ഭൂമിയേക്കാള്‍ വളര്‍ന്നിരുന്ന മനുഷ്യന്‍ സ്വന്തം വിരലുകളെ പോലും ഭയന്ന്, വ്യക്തിത്വം നഷ്ടപ്പെട്ട് മുഖംമൂടികളിലൊതുങ്ങിയിരിക്കുന്നു. എല്ലാവര്‍ക്കും ആവശ്യത്തിനുള്ളത് പ്രകൃതിയിലുണ്ട്, ആര്‍ത്തിക്കുള്ളതില്ല എന്ന ഗാന്ധിവചനത്തെയും പരിസ്ഥിതി ജാഗ്രതാ നിര്‍ദേശങ്ങളെയും അവഗണിച്ച് ധൂര്‍ത്തമായ ജീവിതശൈലി എന്നും തുടരാമെന്ന ആധുനിക നാഗരികതാ സങ്കല്‍പ്പത്തെയാണ് കൊവിഡ് തകര്‍ത്തിരിക്കുന്നത്. അതാകട്ടെ ഈ സാമൂഹ്യക്രമത്തിന്റെ ഏറ്റവും വലിയ പ്രതീകമായ അമേരിക്കയെയാണ് ഈ വൈറസ് ഏറ്റവും കൂടതല്‍ വിറപ്പിച്ചുക്കൊണ്ടിരിക്കുന്നത്. ഈ ഭൂമിയെ പലപ്രാവശ്യം നശിപ്പിക്കാനുള്ള ആയുധങ്ങള്‍ മനുഷ്യന്റെ കൈയ്യിലുണ്ടെങ്കിലും രക്ഷിക്കാനാവശ്യമുള്ളത് ഇല്ലെന്നാണ് ഈ വൈറസ് തെളിയിച്ചിരിക്കുന്നത്. എങ്ങനെ നിഷേധിക്കാന്‍ ശ്രമിച്ചാലും വികസനതീവ്രവാദത്തിന് ഈ അവസ്ഥ സൃഷ്ടിച്ചതില്‍ പ്രധാന പങ്കുണ്ട്. അതിനെതിരെ സ്ഥൂലപ്രകൃതി പലപ്പോഴും മുന്നറിയിപ്പുകള്‍ തന്നിട്ടുണ്ട്. എന്നാലവയെല്ലാം നാം അവഗണിച്ചു. ഇപ്പോഴിതാ സൂക്ഷ്മപ്രകൃതി തന്നെ രംഗത്തെത്തിയിരിക്കുന്നു. നമ്മുടെ വികസനസങ്കല്‍പ്പം ഉടച്ചുവാര്‍ക്കണമെന്നുതന്നെയാണ് അതു നല്‍കുന്ന മുന്നറിയിപ്പ്. അതിനാല്‍ തന്നെ ആ ദിശയിലുള്ള ചിന്തകളാണ് ഈ പരിസ്ഥിതി ദിനത്തില്‍ പ്രസക്തമാകുന്നത്.

തീര്‍ച്ചയായും വികസന മൗലികവാദത്തിന്റെ മറുവശമാണ് പരിസ്ഥിതി മൗലികവാദം. എല്ലാ മൃഗങ്ങളേയും പോലെ മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ്. എന്നാലതേസമയം മാറിനിന്ന് പ്രകൃതിയെ വീക്ഷിക്കാനും ഇടപെടാനും മനുഷ്യന് കഴിയും. അങ്ങനെ ഇടപെടുമ്പോള്‍ മുകളില്‍ പറഞ്ഞ ഗാന്ധിവചനം ഓര്‍ക്കണമെന്നുമാത്രം. മൃഗങ്ങളോടുള്ള മനുഷ്യരുടെ ഇടപെടലില്‍ തന്നെയാണ് ആദ്യനിയന്ത്രണം അനിവാര്യമാകുന്നത്. മനുഷ്യരും മൃഗങ്ങളുമെല്ലാം എത്രയോ സൂക്ഷ്മജീവികളുടെ ആവാസകേന്ദ്രങ്ങളാണ്. വിവിധ മൃഗങ്ങളുടേയും പക്ഷികളുടേയും പേരിലറിയപ്പെടുന്ന പനികളുടെ നാട്ടിലാണല്ലോ നാം തന്നെ ജീവിക്കുന്നത്. മനുഷ്യന്‍ മാംസം ഭക്ഷിക്കരുതെന്നൊന്നും പറയുന്നില്ലെങ്കിലും തുടക്കത്തില്‍ സൂചിപ്പിച്ചപോലെ വന്‍കിട മാംസവ്യാപാര കേന്ദ്രങ്ങള്‍ അപകടകരം തന്നെയാണ്. ഇനിയെങ്കിലും അവക്ക് നിയന്ത്രണം അനിവാര്യമാണ്. അതുപോലെ തന്നെ പ്രധാനമാണ് പരിസ്ഥിതി സംരക്ഷണവും. കേരളം പോലുള്ള പ്രദേശത്ത് ജീവിക്കുന്ന നമുക്കു വരുന്ന മേല്‍പറഞ്ഞ പനികളില്‍ പലതിന്റേയും ഉത്ഭവം അതില്ലാത്തതിന്റേതാണല്ലോ. പല അപകടകാരികളായ മൃഗങ്ങളും പെറ്റുപെരുകുന്നതും അതില്ലാത്തതിനാലാണ്. അതുപോലെതന്നെ പ്രധാനമാണ് വന്യജീവികളുടെ നാട്ടിലേക്കുള്ള വരവും സംഘര്‍ഷങ്ങളും. ആത്യന്തികമായി അതിന്റെ കാരണം നാം അവരുടെ ആവാസകേന്ദ്രം കയ്യടക്കുന്നതാണെന്ന് ആര്‍ക്കുമറിയാം. എന്നാലതിനെ നമ്മള്‍ എത്ര ക്രൂരമായാണ് നേരിടുന്നതെന്ന് പാലക്കാട് കൊല്ലപ്പെട്ട ആനയുടെ ദുരന്തം വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ മനുഷ്യരും മൃഗങ്ങളുമായുള്ള ബന്ധത്തില്‍ അടിസ്ഥാനപരമായ പൊളിച്ചെഴുത്താണ് കൊവിഡ് പശ്ചാത്തലത്തിലെ പരിസ്ഥിതിദിനം നല്‍കുന്ന പ്രധാന സന്ദേശം.

മറ്റനവധി പാരിസ്ഥിതിക പ്രശ്‌നങ്ങളും കൊവിഡ് കാലം ഉയര്‍ത്തുന്നുണ്ട്. അതിലൊന്ന് യാത്രകളുടേതാണ്. തീര്‍ച്ചയായും അനിവാര്യമല്ലാത്ത യാത്രകള്‍ കുറയാനിടയുണ്ട്. അതിനാല്‍ തന്നെ ഏറ്റവുമധികം മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളുടെ എണ്ണം കുറയേണ്ടതാണ്. പക്ഷെ പൊതുഗതാഗതം നിരുത്സാഹപ്പെടുത്തുന്നതിനാല്‍ സ്വകാര്യവാഹനങ്ങള്‍ വന്‍തോതില്‍ നിരത്തിലിറങ്ങാനിടയുണ്ട്. കാര്‍ കമ്പനികളെല്ലാം അതിനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ട്. ഡെല്‍ഹിയില്‍ പലപ്പോഴും കാണുന്ന അവസ്ഥയിലേക്ക് നഗരങ്ങളെല്ലാം മാറുന്ന അവസ്ഥയായിരിക്കും ഇതിലൂടെ സംജാതമാകുക. അതുതടയാനുള്ള നടപടികള്‍ക്ക് ഭരണകൂടങ്ങള്‍ ഇപ്പോള്‍ തന്നെ രൂപം നല്‍കേണ്ടതാണ്. അതിലൊന്നാണ് സൈക്കിള്‍ ഉപയോഗം. കഴിഞ്ഞ ദിവസം ലോക സൈക്കിള്‍ ദിനമായിരുന്നല്ലോ. നഗരങ്ങളിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിച്ച്, സൈക്കിള്‍ ഉപയോഗം വ്യാപകമാക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ചില രാജ്യങ്ങളിലെങ്കിലും അത്തരം നയങ്ങളുണ്ട്. എന്നാല്‍ പ്രധാനപാതകളില്‍ സൈക്കിളുകള്‍ക്ക് ട്രാക്കുകള്‍ പോലുമില്ലാത്ത പ്രദേശമാണ് നമ്മുടേത് എന്നതാണ് വസ്തുത.

ഇത്തരത്തില്‍ മനുഷ്യസമൂഹം അടിയന്തിരമായി പരിഹരിക്കേണ്ട നിരവധി വിഷയങ്ങള്‍ കൊവിഡ് കാലത്തെ പരിസ്ഥിതിദിനം ഓര്‍മ്മിപ്പിക്കുന്നു എങ്കിലും ആ ദിശിയിലുള്ള നാക്കങ്ങളൊന്നും കാര്യമായി കാണുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മറിച്ച് പല ഭരണകൂടങ്ങളും കൂടുതല്‍ പരിസ്ഥിതി നാശത്തിനുതകുന്ന നടപടികളാണ് സ്വീകരിക്കുന്നത്. വനനശീകരണത്തിനെതിരെയുള്ള എല്ലാ നിയമങ്ങളും ലഘൂകരിച്ച കേന്ദ്ര സര്‍ക്കാരിന്റെ നീക്കം തന്നെ ഉദാഹരണം. കേരളത്തില്‍ തന്നെ കരിമണല്‍ ഖനനവും ക്വാറിയുമായി ബന്ധപ്പെട്ട സമരങ്ങള്‍ ഈ കൊവിഡ് കാലത്തും നടക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചു സംസാരിക്കുന്നവര്‍ക്കെതിരെ സംഘടിതമായ അക്രമണം നടക്കുന്ന ഒരു പ്രദേശം കൂടിയാണ് കേരളം. അതാകട്ടെ ഒരു മൂന്നാം പ്രളയം കൂടി അഭിമുഖീകരിക്കേണ്ടിവരുമോ എന്ന ഭീഷമി നിലനില്‍ക്കുമ്പോള്‍. നമ്മുടെ പാരസ്ഥിതിക ബോധത്തില്‍ ഒരു പൊളിച്ചെഴുത്തിന് ഈ കൊവിഡ് കാല പരിസ്ഥിതി ദിനം കാരണമാകുമെന്ന് പ്രതീക്ഷിക്കുക മാത്രമേ തല്‍ക്കാലം നിര്‍വ്വാഹമുള്ളു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply