നരബലി : ഉത്തരവാദി പ്രബുദ്ധ കേരളം

പ്രധാന പ്രശ്‌നം ആന്തരികമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടാംപകുതിയിലും ഇരുപതാം നൂറ്റാണ്ടിലെ ആദ്യപകുതിയിലുമൊക്കെ കേരളത്തില്‍ നടന്ന നവോത്ഥാന മുന്നേറ്റങ്ങളുടെ ധാര പിന്നീട് നമ്മള്‍ കൈയൊഴിഞ്ഞു എന്നതാണ് അതില്‍ പ്രധാനം. പകരം എല്ലാം കേവല കക്ഷിരാഷ്ട്രീയത്തിലൊതുങ്ങുകയായിരുന്നു. ഇക്കാര്യത്തില്‍ ഇടതുപക്ഷമടക്കം ഉത്തരവാദികളാണ്. നവോത്ഥാന മുന്നേറ്റങ്ങളെ തങ്ങളുടെ വളര്‍ച്ചക്ക് മൂലധനമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പക്ഷെ പിന്നീട് ആ ധാര കൈവിട്ടു.

കൊട്ടിഘോഷിക്കപ്പെടുന്ന, എന്നാല്‍ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കേരളത്തിന്റെ പ്രബുദ്ധതക്കു നേരെയുള്ള മറ്റൊരു ചൂണ്ടുവിരലാണ് കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്നു പുറത്തുവന്ന നരബലിയെ കുറിച്ചുള്ള വാര്‍ത്തകള്‍. നാഴികക്കു നാല്‍പ്പതുവട്ടം ഉത്തരേന്ത്യക്കാരെ അധിക്ഷേപിക്കുകയും ഉത്തരേന്ത്യയല്ല കേരളം, കേരളം രാഷ്ട്രീയപ്രബുദ്ധമാണ് എന്നൊക്കെ അവകാശപ്പെടുകയും ചെയ്യുന്നതാണല്ലോ നമ്മുടെ സ്ഥിരം പരിപാടി. ഇപ്പോഴിതാ അവിടങ്ങളില്‍ പോലും സംഭവിക്കാത്ത രീതിയിലുള്ള ക്രൂരമായ മനുഷ്യബലിയാണ് ഇവിടെ നടന്നിരിക്കുന്നത്. അതിലുള്‍പ്പെട്ട ഒരാളാകട്ടെ ഇടതുപക്ഷ ചിന്താഗതിക്കാരനും നാട്ടിലെ സമ്മതനായ പൊതുപ്രവര്‍ത്തകനും. എന്നിട്ടുപോലും എന്താണ് കേരളം നേരിടുന്ന പ്രശ്‌നമെന്നു രാഷ്ട്രീയമായി പരിശോധിക്കാന്‍ ശ്രമിക്കാതെ ഉത്തരവാദിത്തം മുഴുവന്‍ മറ്റാരുടെയെങ്കിലും തലയില്‍ കെട്ടിവെക്കാനുള്ള നീക്കം തന്നെയാണ് നടക്കുന്നത് എന്നതാണ് ഖേദകരം.

ഉദാഹരണമായി സംഭവവുമായി ബന്ധപ്പെട്ട ഡി വൈഎഫ് ഐയുടെ പ്രസ്താവനയില്‍ നിന്നുള്ള ഒരു ഭാഗം നോക്കൂ. ‘സാമൂഹിക വിദ്യാഭ്യാസത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് വാര്‍ത്തകളില്‍ മാത്രം കേട്ട് ശീലിച്ച ഇത്തരം കൃത്യങ്ങള്‍ കേരളത്തിലെ മണ്ണില്‍ എങ്ങനെ നടന്നു എന്നത് സാംസ്‌കാരിക കേരളം ഗൗരവത്തിലെടുക്കേണ്ടതാണ്. കേരളത്തില്‍ വലത്പക്ഷ വല്‍കരണത്തിന് വേണ്ടി നടത്തപ്പെടുന്ന ആശയ പ്രചരണമാണ് ഇത്തരം പിന്തിരിപ്പന്‍ ശക്തികള്‍ക്ക് വളമാവുന്നത്. അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും ഉയര്‍ത്തെഴുന്നറ്റു നില്‍ക്കുകയും അതിന് രാഷ്ടീയവും സാമൂഹികരവുമായ പിന്തുണ നല്‍കാന്‍ സ്വത്വ രാഷ്ട്രീയ ആശയഗതിക്കാര്‍ മത്സരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കേരളം പതിറ്റാണ്ടുകളുടെ ശ്രമ ഫലമായി നേടിയെടുത്ത സാമൂഹിക പുരോഗതിയുടേയും നവോത്ഥാന മൂല്യങ്ങളുടെയും പിന്‍ നടത്തമാണ് സംഭവിക്കുന്നത്.’ വലതുപക്ഷ രാഷ്ട്രീയവും സ്വത്വരാഷ്ട്രീയവുമാണത്രെ ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നത്. എങ്കിലതെന്തു കൊണ്ടുതടയാന്‍ ഇടതുപക്ഷത്തിനാകുന്നില്ല, അല്ലെങ്കില്‍ ഇടതുപക്ഷക്കാര്‍ പോലും എന്തുകൊണ്ട് അത്തരക്കാരാകുന്നു എന്ന വിഷയം പ്രസ്താവനയില്‍ പരിശോധിക്കുന്നതേയില്ല. സോഷ്യല്‍ മീഡിയിയിലെ അറിയപ്പെടുന്ന പല ഇടതുപക്ഷക്കാരും ഇതിനേക്കാള്‍ മുന്നോട്ടുപോകുന്നതായി കാണാം. നാമിന്ന് ജീവിക്കുന്നത് നവലിബറല്‍ മുതലാളിത്തത്തിന്റെ കാലഘട്ടത്തിലാണെന്നും അതും പിന്തിരിപ്പന്‍ ശക്തികളും തമ്മിലുള്ള ബന്ധമാണ് പ്രശ്‌നമെന്നും വിപണിക്കും ഇതിലുത്തരവാദിത്തമുണ്ടെന്നുമുള്ള വാദവും കണ്ടു. മാത്രമല്ല, ഇതൊരു അന്താരാഷ്ട്ര പ്രതിഭാസമാണത്രെ. സാമ്രാജ്യത്വം പല രാഷ്ട്രങ്ങളിലും വര്‍ഗ്ഗീയ ശക്തികളെ പിന്തുണക്കുന്നതാണ് ആ വാദത്തിനുള്ള ന്യായീകരണമായി ചൂണ്ടികാട്ടുന്നത്. കൂടാതെ അമേരിക്കന്‍ സാസ്‌കാരിക മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാണത്രെ. കോണ്‍ഗ്രസും ബിജെപിയും ഇതര ന്യൂനപക്ഷ വര്‍ഗീയവാദികളും ചേര്‍ന്നാല്‍ കേരള ജനസംഖ്യയുടെ 55 ശതമാനം വരും. അവര്‍ക്കാണ് ഭൂരിപക്ഷം. അതാണ് പ്രശ്‌നം എന്നിങ്ങനെ പോകുന്ന വാദഗതിയും കണ്ടു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വാസ്തവത്തില്‍ ഇടതുപക്ഷക്കാര്‍ എന്നവകാശപ്പെടുന്നവര്‍ അവരുടെ ഏറ്റവും വലിയ ആചാര്യനായ കാറല്‍ മാക്‌സിനെ പോലും തള്ളിക്കളയുകാണ്. ഒരു സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കുള്ള പ്രധാനകാരണമായി മാര്കസ് ചൂണ്ടികാട്ടുന്നത് ആന്തരിക സംഘര്‍ഷങ്ങളാണ്. പുറത്തുള്ള ഘടകങ്ങള്‍ അവയെ സ്വാധീനിക്കുമെന്നുമാത്രം. അതിനായി നിരവധി ഉദാഹരണങ്ങളും മാര്‍ക്‌സ് ചൂണ്ടികാണിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ക്‌സിസ്റ്റുകള്‍ എന്നവകാശപ്പെടുന്നവര്‍ പോലും ഈ ആശയത്തെ എന്നും തള്ളിക്കളഞ്ഞിട്ടേയുള്ളു. കമ്യൂണിസ്റ്റ് എന്നവകാശപ്പെട്ടിരുന്ന രാഷ്ട്രങ്ങള്‍ തകരാനുണ്ടായ കാരണങ്ങളില്‍ പ്രധാനം ആന്തരിക പ്രശ്‌നങ്ങളാണെന്നംഗീകരിക്കാതെ, സാമ്രാജ്യത്വ ഇടപെടലാണ് എന്നതാണല്ലോ അവരെന്നും ഉന്നയിക്കുന്ന വാദം. അതിന്റെ പുതിയ രൂപം തന്നെയാണ് നരബലിക്കു പുറകില്‍ പോലും സാമ്രാജ്യത്വത്തിന്റെ കൈകളെ കാണുന്നതിനു പുറകിലുള്ളത്. കാലഹരണപ്പെട്ട അനാചാരങ്ങളും മൂല്യങ്ങളും തിരിച്ചുകൊണ്ടുവരുന്നതില്‍ ഇവര്‍, ഇവരാക്ഷേപിക്കുന്ന ബിജെപിയേക്കാളും കോണ്‍ഗ്രസ്സിനെക്കാളും പുറകിലാണോ? അല്ല എന്നതിനു തെളിവല്ലേ ശബരിമല കലാപകാലത്തു കണ്ടത്? ഒരു കൂട്ടര്‍ അക്രമസമരവും മറ്റൊരു കൂട്ടര്‍ അക്രമരഹിത സമരവും നടത്തിയപ്പോള്‍ ഇടതുപക്ഷം ഭരിക്കുന്ന സര്‍ക്കാരെന്താണ് ചെയ്തത്? ഒരു വശത്ത് നവോത്ഥാനത്തേയും ലിംഗനീതിയേയും ഭരണഘടനാ മൂല്യങ്ങളേയും കുറിച്ച് പ്രസംഗിക്കുമ്പോള്‍ തന്നെയായിരുന്നു ശബരിമല കറാന്‍ വന്നിരുന്ന സ്ത്രീകളെ വിമാനത്താവളത്തില്‍ വെച്ചും എരുമേലിയില്‍ വെച്ചും പമ്പയില്‍ വെച്ചും എന്തിന്, സന്നിധാനത്തിനു തൊട്ടടുത്തുവെച്ചും പോലീസിനെ ഉപയോഗിച്ച് തിരിച്ചയത്. എന്തിനേറെ, ശ്രീകൃഷ്ണ ജയന്തി മുതല്‍ ബലിയിടല്‍ വരെ പാര്‍ട്ടി സംഘടിപ്പിക്കുന്ന അവസ്ഥയിലെത്തിയതും കേരളം കണ്ടതാണല്ലോ.

തുടക്കത്തില്‍ പറഞ്ഞപോലെ പ്രധാന പ്രശ്‌നം ആന്തരികമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടാംപകുതിയിലും ഇരുപതാം നൂറ്റാണ്ടിലെ ആദ്യപകുതിയിലുമൊക്കെ കേരളത്തില്‍ നടന്ന നവോത്ഥാന മുന്നേറ്റങ്ങളുടെ ധാര പിന്നീട് നമ്മള്‍ കൈയൊഴിഞ്ഞു എന്നതാണ് അതില്‍ പ്രധാനം. പകരം എല്ലാം കേവല കക്ഷിരാഷ്ട്രീയത്തിലൊതുങ്ങുകയായിരുന്നു. ഇക്കാര്യത്തില്‍ ഇടതുപക്ഷമടക്കം ഉത്തരവാദികളാണ്. നവോത്ഥാന മുന്നേറ്റങ്ങളെ തങ്ങളുടെ വളര്‍ച്ചക്ക് മൂലധനമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പക്ഷെ പിന്നീട് ആ ധാര കൈവിട്ടു. അതേസമയം ആ നവോത്ഥാന മുന്നേറ്റങ്ങളെല്ലാം നടത്തിയത് തങ്ങളാണെന്നു വാദിക്കുന്ന സഖാക്കളെ കേരളമെമ്പാടും കാണാം. എന്നാലവ മിക്കവാറും നടന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിനു മുമ്പായിരുന്നു എന്നതാണ് വാസ്തവം. പല നവോത്ഥാന നായകരെയും ബൂര്‍ഷ്വാസിയെന്നും വര്‍ഗ്ഗീവാദികളെന്നും ബ്രിട്ടീഷ് ചാരന്മാരെന്നും പാര്‍ട്ടി ആക്ഷേപിച്ചിട്ടുണ്ട്. സമൂഹത്തിന്റെ അടിത്തട്ടില്‍ പീഡനവും വിവേചനവുമനുഭവിച്ചിരുന്നവരില്‍ നിന്ന് ഉയര്‍ന്നുവന്നവയായിരുന്നു ആ പോരാട്ടങ്ങള്‍. തീര്‍ച്ചയായും അവക്കു വഴികാട്ടിയായി ഇന്നു നവോത്ഥാന നായകര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ചിലരുണ്ടായി. മാറുമറക്കാനുള്ള പോരാട്ടവും കല്ലുമാല പൊട്ടിച്ചെറിയലും എന്നാണ് നടന്നത്? പൊതുതെരുവിലൂടെ നടക്കാനവകാശമില്ലാതിരുന്നപ്പോള്‍ തലപ്പാവും ധരിച്ച് വില്ലുവണ്ടിയില്‍ സഞ്ചരിക്കുകയും പ്രവേശനമില്ലാതിരുന്ന സ്‌കൂളിലേക്ക് പഞ്ചമിയുടെ കൈയും പിടിച്ച് കടന്നു ചെല്ലുകയും ഞങ്ങള്‍ക്ക് പഠിക്കാനാവില്ലെങ്കില്‍ ഞങ്ങള്‍ കൊയ്യുകയില്ല എന്നു പ്രഖ്യാപിക്കുകയുമൊക്കെ ചെയത അയ്യന്‍ കാളിക്ക് ഇ എം എസിന്റെ കേരള ചരിത്രത്തില്‍ ഇടം കിട്ടാതിരുന്നത് പ്രശസ്തമാണല്ലോ. വിവിധജാതിയില്‍ പെട്ടവര്‍ക്ക് ഒന്നിച്ചിരിക്കാന്‍ പോലും പാടില്ലാത്തപ്പോള്‍ സഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനം സംഘടിപ്പിച്ചു. ബ്രാഹ്മണ സമൂഹത്തില്‍ ഭര്‍ത്താവ് മരിച്ചാല്‍ വിവാഹം പാടില്ലാത്ത കാലത്ത് വിധവാ വിവാഹം നടത്തിയായിരുന്നു പോരാട്ടത്തിനു തിരി കൊളുത്തിയത്. ബ്രാഹ്മണര്‍ക്കുമാത്രം വിഗ്രഹപ്രതിഷ്ഠക്ക് അനുമതിയുള്ളപ്പോള്‍ ഈഴവശിവനെ പ്രതിഷ്ഠിക്കുകയായിരുന്നല്ലോ ഗുരു ചെയ്തത്. ക്ഷേത്രത്തിലും പരിസരത്തും പ്രവേശനമില്ലാതിരുന്നവര്‍ നടത്തിയ പ്രശസ്തമായ വൈക്കം സത്യാഗ്രഹവും ഗുരുവായൂരില്‍ അകത്ത് കയറി മണിയടിച്ച കൃഷ്ണപിള്ളയുടെ ചരിത്രവും നമുക്കറിയാം. സ്ത്രീകള്‍ അടുക്കളയില്‍ തളക്കപ്പെടേണ്ടവര്‍ മാത്രമെന്ന മനുസ്മൃതിമൂല്യം കൊടികുത്തി വാഴുമ്പോഴായിരുന്നല്ലോ അവരിലൊരു വിഭാഗം അവിടെനിന്നിറങ്ങി അരങ്ങത്തേക്കു വന്നത്. ഇവയെല്ലാം നടന്നതിനു ശേഷമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിപോലും രൂപീകരിച്ചത്.

നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യത്തിനും ഐക്യകേരളത്തിനും ശേഷം ഈ ധാരയെ മുന്നോട്ടുകൊണ്ടുപോകാന്‍ ആരുമുണ്ടായില്ല. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കു പ്രധാനം കക്ഷിരാഷ്ട്ീയവും അധികാരവുമായിരുന്നു. കേരള നവോത്ഥാനത്തെ കുറിച്ച് ഊറ്റം കൊള്ളുന്ന ഇടതുപക്ഷക്കാരെ നയിച്ചത് വര്‍ഗ്ഗസമരസിദ്ധാന്തമായിരുന്നു. ഇതിനെയെല്ലാം മറികടക്കുന്ന ഒരു പ്രസ്ഥാനം സിവില്‍ സമൂഹത്തില്‍ നിന്നുമുണ്ടായതുമില്ല. അത്തരം സാഹചര്യത്തിലാണ് ആ വിടവിലേക്ക് മനുസ്മൃതി മൂല്യങ്ങള്‍ എന്നു തന്നെ വിളിക്കാവുന്ന ആശയങ്ങള്‍ കടന്നു വന്നതും ഇന്ന് നരബലിയിലെത്തിയതും. രാജ്യത്തു ശക്തമാകാനാരംഭിച്ച ഹിന്ദുത്വരാഷ്ട്രീയവും അതിനെ സ്വാധീനിച്ചു എന്നുറപ്പ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തെ കുറിച്ച് ഊറ്റം കൊള്ളുന്നവര്‍ പരിശോധിക്കേണ്ട ചില വസ്തുതകള്‍ ചൂണ്ടികാട്ടട്ടെ. മിശ്രഭോജനത്തിന്റെ തുടര്‍ച്ചയായി ഇവിടെ മിശ്രവിവാഹങ്ങള്‍ വ്യാപകമാകേണ്ടതായിരുന്നില്ലേ? എന്നാലത് ഏറെക്കുറെ പ്രണയവിവാഹങ്ങളിലൊതുങ്ങുകയല്ലേ ഉണ്ടായത്? ദുരഭിമാനകൊലകള്‍ പോലും കേരളത്തില്‍ നടക്കുന്നില്ലേ? ഇത്രയധികം ജാതിവിരുദ്ധ പോരാട്ടങ്ങള്‍ നടന്നിട്ടും സവര്‍ണ്ണ ജാതിവാലുകള്‍ കൊണ്ടുനടക്കുന്നവരുടെ എണ്ണം കുറഞ്ഞോ? ക്ഷേത്രപ്രവേശനവിളംബരത്തിന്റെ തുടര്‍ച്ചയായി ക്ഷേത്രത്തിനകത്തെ ആചാരങ്ങളിലും പൂജകളിലും കലാരൂപങ്ങളിലും എല്ലാവര്‍ക്കും പ്രവേശനം ലഭിച്ചോ? എല്ലാ ജാതി മത വിഭാഗങ്ങളുടെ മുന്നിലും എല്ലാ ആരാധനാലയങ്ങളും തുറന്നോ? ആരാധനാലയങ്ങളില്‍ പല രീതിയിലും നിലനില്‍ക്കുന്ന സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങള്‍ക്കറുതിവന്നോ? അടുക്കളയില്‍ നിന്ന് അരങ്ങിലെത്തിയ സ്ത്രീകള്‍ക്ക് അധികാരമേഖലയിലും അതിനെ നിയന്ത്രിക്കുന്ന പ്രസ്ഥാനങ്ങളിലും കാര്യമായ പങ്കാളിത്തം ലഭിച്ചോ? തൊഴില്‍ മേഖലയിലും അതു തന്നെയല്ലേ അവസ്ഥ? സ്ത്രീധനകൊലപാതകങ്ങള്‍ പോലും ആവര്‍ത്തിക്കുകയല്ലേ? കല്ലുമാല പൊട്ടിച്ചവര്‍ ഇന്നു സ്വര്‍ണ്ണമാലയില്‍ കുടുങ്ങികിടക്കുകയല്ലേ? വഴി നടക്കാനുള്ള അവകാശം എല്ലാവര്‍ക്കുമായി എന്നു പറയുമ്പോള്‍ സ്ത്രീകള്‍ക്ക് അതുണ്ടോ? മാറുമറക്കാനവകാശം നേടിയവര്‍ക്ക് സ്വന്തം താല്‍പ്പര്യമനുസരിച്ചുള്ള വസ്ത്രധാരണം സാധ്യമാണോ? സംവരണം നിലനിന്നിട്ടുപോലും നിര്‍ണ്ണായക സ്ഥാനങ്ങളില്‍ ദളിതരെത്തിയോ? ആദിവാസികളുടെ അവസ്ഥ മിക്ക സംസ്ഥാനങ്ങളേക്കാള്‍ പുറകിലല്ലേ? ലൈംഗികതയുമായി ബന്ധപ്പെട്ട കപട സദാചാരമൂല്യങ്ങളും സദാചാരപോലീസിംഗും വര്‍ദ്ധിക്കുകയല്ലേ? ഇന്നും ആണ്‍, പെണ്‍ പള്ളിക്കൂടങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമല്ലേ കേരളം? ലൈംഗിക ലിംഗ ന്യൂനപക്ഷങ്ങളോടുള്ള അയിത്തത്തില്‍ കാര്യമായ മാറ്റമുണ്ടായിട്ടുണ്ടോ? ഈ പട്ടികക്ക് അവസാനമുണ്ടാകില്ല. അപ്പോള്‍ പിന്നെ നരബലിയൊക്കെ തിരിച്ചുവന്നതില്‍ ഞെട്ടേണ്ടതുണ്ടോ? (രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന നരബലികള്‍ തല്‍ക്കാലം മറക്കാം). എന്തുകൊണ്ട് ആള്‍ദൈവങ്ങളിലേക്കും (ആത്മീയതയില്‍ മാത്രമല്ല, രാഷ്ട്രീയമടക്കം പല മേഖലകളിലും) മന്ത്രവാദങ്ങളിലേക്കും ധ്യാനകേന്ദ്രങ്ങളിലേക്കും ലഹരികളിലേക്കും ലോട്ടറിയിലേക്കും പലവിധ തട്ടിപ്പുകളില്‍ ഇരകളാകുന്നതിലേക്കും പലവിധ വിശ്വാസങ്ങളുടെ പേരില്‍ കൊലകള്‍ പോലും നടത്തുന്നതിലേക്കും മാനസികാരോഗ്യപ്രശ്നങ്ങളിലേക്കും കുറച്ചുകാലമായി മലയാളികള്‍ കൂടുതലെത്തുന്നു എന്നതിനും കാരണം വേറെയെവിടേയും തിരയേണ്ടതില്ല.

ഇനിയെന്ത് എന്ന ചോദ്യമാണ് സ്വാഭാവികമായും ഉയുന്നത്. അടിയന്തിരമായി ചെയ്യേണ്ടത് പലപ്പോഴും ഉന്നയിക്കപ്പെട്ട അന്ധവിശ്വാസ – അനാചാര നിരോധന നിയമം പാസാക്കുക എന്നതാണ്. കര്‍ണ്ണാടകവും മഹാരാഷ്ട്രയുമൊക്കെ അതിനു തയ്യാറായിട്ടും ‘പ്രബുദ്ധ’കേരളം തയ്യാറായിട്ടില്ല എന്നതാണ് തമാശ. അതുകൊണ്ട് പ്രശ്‌നങ്ങള്‍ മുഴുവനായും പരിഹരിക്കപ്പെടുമെന്നല്ല. പക്ഷെ ജനാധിപത്യ ഭരണകൂടത്തിന്റെ പ്രാഥമികമായ ഉത്തരവാദിത്തമാണത്. അതേസമയം അതിനേക്കാള്‍ പ്രധാനമായ നിരവധി വിഷയങ്ങളുമുണ്ട്. രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അജണ്ടയില്‍ അധികാരത്തേക്കാള്‍ പ്രധാന്യം കേരളത്തിന്റെ നവോത്ഥാനത്തിനു കൊടുക്കുക എന്നതാണ്. ഏറ്റവും പ്രധാനം. പുരോഗമനവാദികളെന്നു അഹങ്കരിക്കുന്നവര്‍ക്കാണ്. വീടിനു പുറത്തുപോകുമ്പോള്‍ പുരോഗമനത്തിന്റേയും അകത്തെത്തുമ്പോള്‍ ജീര്‍ണ്ണമൂല്യങ്ങളുടേയും ചെരിപ്പുകള്‍ ധരിക്കുന്ന പരിപാടി ഉപേക്ഷിക്കണം. പ്രധാന പ്രശ്‌നം കേരളത്തിന്റെ ആന്തരികമാണെന്നംഗീകരിക്കാനും അതിനെ അഭിസംബോധന ചെയ്യാനും പരിഹരിക്കാനുമുള്ള ആര്‍ജ്ജവം ഭരണകൂടവും രാഷ്ട്രീയപ്രസ്ഥാനങ്ങളും സിവില്‍ സമൂഹവും പ്രകടിപ്പിക്കുമോ എന്നതാണ് പ്രധാന ചോദ്യം. അല്ലെങ്കില്‍ നമ്മളെത്താന്‍ പോകുന്നത് പൂര്‍ണ്ണമായും മനുസ്മൃതി യുഗത്തിലേക്കായിരിക്കും എന്നതില്‍ സംശയം വേണ്ട.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply