അതിരുകളില്ലാത്ത ലോകത്തേക്ക് സഞ്ചരിച്ച എട്ടു നാടകദിനങ്ങള്‍

തൃശൂരില്‍ നടന്ന അന്താരാഷ്ട്ര നാടകോത്സവം, ഇറ്റ്‌ഫോക്കില്‍ താന്‍ കണ്ട പതിനഞ്ചോളം നാടകങ്ങളെ കുറിച്ച് ഡോ ആസാദ് എഴുതുന്നു.

റൂമിയാന

റൂമിയാന റൂമിയുടെ യാത്രയോ റൂമിയിലൂടെയുള്ള സഞ്ചാരമോ ആണ്. ശാന്തമാകാന്‍ എത്ര കലുഷമാകണം കടല്‍ എന്ന് പ്രതിസന്ധികളുടെ അകം വകഞ്ഞുവരുന്ന വെളിച്ചം നമ്മെ സ്തംഭിപ്പിക്കുന്നു. മനുഷ്യരുടെ അകവും പുറവും വെളിച്ചംകൊണ്ടു വരക്കുന്ന റൂമി ആകാശങ്ങളിലേക്കു വിരിയുന്ന ചിറകുകളായി, ആകാശങ്ങളെ ആശ്ലേഷിക്കുന്ന കൈവിടരലുകളായി നാം കാണുന്നു. ഉടലാട്ടങ്ങളുടെ അരങ്ങില്‍ വിരലുകളെ കണ്ണുകളാക്കുന്ന സൂക്ഷ്മതയില്‍ കണ്ണീര്‍കടല്‍ തെളിവും ഉടല്‍മുറിവുകള്‍ സാക്ഷികളുമായി ഒരു വിസ്താരം നടക്കുന്നു. അത് തിരശ്ചീനവും ലംബമാനവുമായ അനുഭവരാശികളില്‍ ആടിയുലയുന്ന സഞ്ചാരമാകുന്നു.

ഞാന്‍ നാടകം കാണുകയാണ്. റൂമിയാനയാണ് അരങ്ങില്‍. ഭാവത്തെ ഭാവനിത്യതയുടെ പ്രശാന്തിയിലേക്കു വിരിയിക്കുന്ന സൂക്ഷ്മമായ ആഖ്യാനം. തത്വചിന്തയുടെ മേല്‍ത്തടം. അകസംഘര്‍ഷങ്ങളുടെ ആരവം പിന്‍ചുമരില്‍ തെളിഞ്ഞുമായും. അത് കഥയുടെ പശ്ചാത്തലമോ ചരിത്രത്തിന്റെ വേര്‍പ്പടര്‍പ്പോ പ്രണയത്തിന്റെ മോഹപ്പിണച്ചിലോ ആണ്. ഭൂമിയില്‍നിന്ന് അഭൗമമായ ആനന്ദത്തിന്റെ ഛായാസന്ധികളിലേക്ക് നോട്ടത്തെ ഉയര്‍ത്തിച്ചിതറിക്കുന്നു. ഉണ്മയുടെ ഇടം അകത്തോ പുറത്തോ അല്ലെന്ന് ആകാശത്തോ ഭൂമിയിലോ അല്ലെന്ന്, ഉടലിലോ ഉയിരിലോ അല്ലെന്ന് നാം വിസ്മയത്തോടെ അറിയുന്നു.

എനിക്ക് റൂമിയെ അറിയില്ല. മൊഴിമാറ്റം ചെയ്യപ്പെട്ട കുറെ കവിതകളുടെ വിങ്ങലുകളും തുറസ്സുകളും അനുഭവിച്ചിട്ടുണ്ട്. കണ്‍മുന്നില്‍ ഉണ്ടായിട്ടും കാണാതെപോയ വാക്കിന്റെ വയലുകള്‍ അയാളുടെ സ്പര്‍ശത്തില്‍ പൂത്തുനില്‍ക്കുന്നത് കണ്ടിട്ടുണ്ട്. സൂഫി ഗാനങ്ങളുടെ ഭാവലോകത്തേക്കു മുമ്പു നടത്തിയ സഞ്ചാരങ്ങളെ അയാള്‍ ആഴപ്പെടുത്തിയിട്ടുണ്ട്. ആ അനുഭവ മണ്ഡലത്തിലാണ് റൂമിയാനയുടെ അരങ്ങാട്ടം ത്രസിപ്പിക്കുന്നത്. ദില്ലിയിലെ ഇഷാര പപ്പറ്റ് തിയേറ്ററാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യത്തിലുള്ള നാടകം അരങ്ങിലെത്തിച്ചത്. പാവയാണ് പലകായപ്രവേശങ്ങള്‍ സാദ്ധ്യമാക്കുന്ന റൂമി. പാവയാട്ടത്തെ ഭാവപ്രകൃതം പകര്‍ന്നുള്ള രാഷ്ട്രീയ ആട്ടമാക്കാന്‍ ദില്ലിഗ്രൂപ്പ് ശ്രമിച്ചു. അത് ജീവിതത്തെ കൂടുകളിലാക്കുന്ന, മനുഷ്യരെ അടിമകളാക്കുന്ന സകല അധീശത്വങ്ങളെയും വെല്ലുവിളിക്കുന്നു. പാവകള്‍ വീറുറ്റ ചരിത്ര രൂപകങ്ങളായി മാറുന്നു. നല്ല നാടകാനുഭവം. ബഹുമാദ്ധ്യമ കൗശലങ്ങളുടെ സംവേദന സാദ്ധ്യതകളിലേക്ക് അരങ്ങുകള്‍ വളര്‍ന്നിരിക്കുന്നു. ഭിന്നദൃശ്യങ്ങളെ ചേര്‍ത്തുവെച്ചു സൃഷ്ടിക്കുന്ന ചിത്രാഘാതങ്ങള്‍ ആട്ടത്തറയെ ഇളക്കിമറിക്കുന്നു.

അപ്പാര്‍ടിഡാസ്

ലോകം എത്ര മനോഹരം എന്നാനന്ദിക്കുന്ന സ്വസ്ഥജീവിതങ്ങള്‍ കാണാന്‍ മടിക്കുന്ന ഒരു ലോകമുണ്ട്. വികസനത്തിന്റെ വസന്തകാലം വന്നൂ എന്ന തിമര്‍പ്പില്‍ മുങ്ങിപ്പോവുന്ന ഒരു ലോകം. ലാറ്റിനമേരിക്കന്‍ നാടക വേദികള്‍ക്ക് അതു കാണാതെ വയ്യ. രാജ്യമില്ലാത്ത ജനത, ആട്ടിയോടിക്കപ്പെട്ട ഭ്രഷ്ടസമൂഹങ്ങള്‍, അവകാശങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തപ്പെട്ടവര്‍, ജീവിതത്തില്‍നിന്നു പുറംതള്ളപ്പെട്ടവര്‍, വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്നവര്‍, ഭൂരഹിതര്‍, തൊഴില്‍രഹിതര്‍, ഭവനരഹിതര്‍ എന്നിങ്ങനെ ഭയപ്പെടുത്തുംവിധം നീളുന്ന പട്ടികയാണത്. ലോകജനതയുടെ വലിയ ശതമാനം. ഭൂഖണ്ഡങ്ങളിലെങ്ങും ഭൂരിപക്ഷ സമൂഹം.

അപ്പാര്‍ടിഡാസ് എന്ന നാടകം രാജ്യമില്ലാത്ത ജനതയുടെ വീര്‍പ്പുകളാണ്. അതിന്റെ കഥയും ആഖ്യാനവും സവിശേഷ ഘടനയില്‍ വാര്‍ന്നു കൂടിയതാണ്. ലോകത്തെങ്ങും ഒരേ ഭാഷയിലുള്ള ഉടല്‍മിടിപ്പുകളായി ഒരു ക്രമം. സംസ്‌കാരത്തിന്റയും അദ്ധ്വാനത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും ചരിത്രമുറയുന്ന അകഘടന. അതാണ് ആഖ്യാനത്തിന്റെ സവിശേഷത. കസാന്ദ്രെയും ഹെക്കുബയും ഹെര്‍ക്കുലീസും പ്രൊമിത്യൂസും മനുഷ്യവംശത്തിന്റെ ആഴങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്നു. പുതിയ കാലത്തെ നിഷ്‌കാസിതരോടും പീഡിതസമൂഹത്തോടും അനുകമ്പാപൂര്‍വ്വം ചേര്‍ന്നു നില്‍ക്കുന്നു. മുറിവേറ്റ അനേകരുടെ സഹനവും സങ്കടവും അമര്‍ഷവുമായി പൊട്ടിത്തെറിക്കുന്നു.

ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലും ലാവണ്യചിന്തയിലും എപ്പോഴും ഈ ആഴത്തില്‍ പൊട്ടുന്ന അനുഭവ വേരുകള്‍ കാണാം. നെരൂദയുടെ ജനങ്ങള്‍ എന്ന കവിത ഓര്‍ത്തുപോകുന്നു. മാര്‍ക്വേസിന്റെ നോബല്‍സമ്മാനം വാങ്ങിയുള്ള പ്രസംഗവും. ഓരോ വാക്കും എത്ര ആഴത്തില്‍നിന്നാണ് അതിന്റെ ഊര്‍ജ്ജം സമാഹരിക്കുന്നതെന്ന് ലാറ്റിനമേരിക്കന്‍ എഴുത്തുകള്‍ നമ്മെ വിസ്മയിപ്പിക്കാറില്ലേ? ആ അനുഭവ വിതാനം അരങ്ങിലെ ഉടലാഖ്യാനമായി ഈ നാടകത്തില്‍ കാണുന്നു.

നാടകങ്ങള്‍ വിനോദങ്ങളായി മാറിയിട്ടുണ്ട് നമുക്ക്. ജീവിതത്തിലില്ലാത്ത ഒരു ശാന്തത അതു കൊണ്ടുവരുമെന്ന് നാം പ്രത്യാശിക്കുന്നു. ഭരണകൂടങ്ങളുടെ പൊതുബോധത്തെ ആവര്‍ത്തിച്ചുത്പ്പാദിപ്പിക്കുന്ന അക്കാദമിക ചേരുവകള്‍കൊണ്ട് സമൃദ്ധമാകുന്നുണ്ട് സമീപകാലത്ത് നമ്മുടെ നാടകം. എന്നാല്‍ അപ്പാട്രിഡാസ് എല്ലാ സമൂഹങ്ങളിലെയും മുറിവേറ്റ മനുഷ്യരുടെ ഭാഷയില്‍ സംസാരിക്കുന്നു. ദൈവത്തില്‍നിന്ന് അഗ്‌നി കൊണ്ടു വന്നവന്‍ ദൈവത്തെ (അധികാരത്തെ) എരിച്ചുകളയാന്‍ പഠിപ്പിച്ചില്ല. അതിനാല്‍ എപ്പോഴും കരള്‍ കൊത്തിക്കീറുന്ന വേദനയില്‍ കോര്‍ക്കപ്പെടുന്നു. ചെറുത്തു നില്‍ക്കുന്നവര്‍ ഒറ്റയ്ക്കല്ല.

സ്ത്രീകള്‍ ഏത് അധികാരവ്യവസ്ഥയിലും പീഡിത സമുദായമാണ്. അവര്‍ക്ക് ഏതാണ് രാജ്യം? ഉടലിന്റെ അതിരുകളില്‍ ശത്രു കാത്തു നില്‍ക്കുന്നു. ഉടല്‍ഭേദിക്കും വിധം പൊട്ടിത്തെറിക്കാതെ സ്ത്രീക്കു സംസാരിക്കാനാവില്ല. അപ്പാര്‍ട്രിഡാസ് സ്ത്രീകളുടെ അവകാശ പ്രഖ്യാപനമാണ്. രാജ്യമില്ലാത്ത ജനതയുടെ സായുധമാകുന്ന പരക്കം പാച്ചിലുകളാണ്. ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും പ്രതിരോധ വീറില്‍ തലപൊക്കുന്ന ലോകമെങ്ങുമുള്ള ചൂഷിത സമൂഹങ്ങളുടെ ഉണര്‍വ്വുകളാണ്.

നാടകം അത്ഭുതപ്പെടുത്തുന്ന ചലന വേഗം കൈവരിച്ചിട്ടുണ്ട്. അത് ബഹുതല മാദ്ധ്യമ വികാസത്തിന്റെ വിചിത്ര സന്നിവേശങ്ങള്‍കൊണ്ട് കാലത്തെയും ദേശത്തെയും മറികടക്കുന്നുണ്ട്. ശബ്ദവിന്യസനത്തിന്റെയും വെളിച്ച വിതാനത്തിന്റെയും ഉടലാട്ടത്തിന്റെയും ഡിജിറ്റല്‍ ഛായാപ്രസരത്തിന്റെയും അത്ഭുതകരമായ സംയോജനകലയായി നാടകം മാറിയിരിക്കുന്നു. നാല് കഥാപാത്രങ്ങള്‍ അനുഭവങ്ങളുടെ നാല് ഒറ്റക്കാല്‍ അരങ്ങുകളായി നിറഞ്ഞാടുന്ന വീറുറ്റ പ്രകടനം ഈ നാടകത്തെ ശ്രദ്ധേയമാക്കുന്നു.

ബ്രസീലിയന്‍ നാടകത്തിന് ശക്തവും ശ്രദ്ധേയവുമായ ചരിത്രവും പാരമ്പര്യവുമുണ്ട്. അതിന്റെ അസാധാരണമായ സംവേദന മികവില്‍ നാം പ്രജ്ഞയറ്റ് നിന്നുപോകും. ഈ ലോകത്തെ ഇങ്ങനെ കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഖേദം നമ്മുടെ രാഷ്ട്രീയ നിശ്ചയങ്ങളെ അട്ടിമറിക്കും. അമ്പത്തിയഞ്ചു മിനിട്ടേയുള്ളു നാടകം. അതു പക്ഷേ, അവിടെ അവസാനിക്കില്ല. നമ്മെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. ലെനേഴ്‌സണ്‍ പോളോണിനിയാണ് സംവിധായകന്‍.

ഉബു റോയി

ആസ്വാദനം അന്വയങ്ങളുടെ കലയാണ്. അത് അഴിച്ചെടുക്കലും രസവിചാരണയ്ക്ക് വിധേയമാക്കലുമാണ് നിരൂപണം. ഞാന്‍ കാഴ്ച്ചയുടെയും വായനയുടെയും കേവലാസ്വാദനമാണ് സാധിക്കുന്നത്. നാടകം ലിപികള്‍ക്കു വഴങ്ങാത്ത ഭാഷയുടെ സാര്‍വ്വലൗകിക വ്യവഹാരങ്ങളെ നിരന്തര പരിവര്‍ത്തിയായ രാഷ്ട്രീയ മണ്ഡലത്തില്‍ അന്വയിക്കുകയാണ്. അതു തേടലും തിരിച്ചറിയലുമാണ് എന്റെ ആസ്വാദനം.

നമ്മുടെ കാലത്തെ മികച്ച നാടകപ്രവര്‍ത്തകനാണ് ദീപന്‍ ശിവരാമന്‍. ഖസാക്കിന്റെ ഇതിഹാസത്തിനു ചെയ്ത രംഗഭാഷ്യം മുതല്‍ എന്റെ സമീപസൗഹൃദമാണ്. ആ ആനന്ദത്തോടെയാണ് ദീപന്റെ പുതിയ നാടകം കാണാന്‍ കയറിയത്. ‘ഉബു റോയി’ തൃശൂരിലെ ഓക്‌സിജന്‍ തിയേറ്റര്‍ ഗ്രൂപ്പാണ് അരങ്ങിലെത്തിച്ചത്. മികച്ച കലാകാരന്മാരുടെ ഗ്രൂപ്പാണത്.

ഉബു റോയി രാഷ്ട്രീയ നാടകമാണ്. ഫാഷിസത്തിനെതിരായ കലാ പ്രതിരോധം. ഒ വി വിജയന്റെ ധര്‍മ്മപുരാണം മുതല്‍ പസോളിനി സിനിമകള്‍വരെയുള്ള സ്വേച്ഛാധികാര വാഴ്ച്ചകള്‍ക്കെതിരായ കലാപങ്ങളുടെ സ്മൃതിപഥത്തിലാണ് ആട്ടത്തറ തിളയ്ക്കുന്നത്. ആ പഴയ പസോളിനിയന്‍ പ്രതീകങ്ങളുടെ ആവര്‍ത്തനക്ഷമത സംശയാസ്പദമാകുന്നു. എങ്കിലും മറ്റൊന്ന് പിറക്കുംവരെ അതു നിലനിന്നേക്കും. ദീപന് പുതിയ രൂപകഭാഷയിലേക്കു കുതിക്കാന്‍ പ്രയാസമുണ്ടാവില്ലെന്നാണ് എന്റെ വിശ്വാസം. അത് അദ്ദേഹം കണ്ടെത്തണം. ഏത് ഭാഷയിലും കലഹങ്ങളുടെ ഒരു അധോലോകമുണ്ട്. അത് ഉടല്‍ഭാഷയുടെ രംഗാവിഷ്‌കാരങ്ങളായും ഉബു റോയിയില്‍ മാറുന്നു.

പശ്ചാത്തലമായും അകപ്രമേയമായും മുറുകിവരുന്ന ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ധ്വനികളും ഊറിക്കൂടുന്ന രൂപകങ്ങളും മുഖ്യ സംഘര്‍ഷത്തെ തീവ്രമാക്കുന്നില്ല. മിക്കപ്പോഴും അവ വഴുതിപ്പോകാന്‍ ഇടനല്‍കുന്നു. ജനാധിപത്യം, ജനസഞ്ചയ രാഷ്ട്രീയം, തൊഴിലാളി വര്‍ഗ രാഷ്ട്രീയം, സോഷ്യലിസം, സ്റ്റാലിനിസ്റ്റ് കാലം, സ്വേച്ഛാധികാര വാഴ്ച്ച, തെരുവുയുദ്ധങ്ങള്‍, ഹിംസ, ഫാഷിസം എന്നിങ്ങനെ തെളിയുന്ന രാഷ്ട്രീയ പ്രയോഗത്തിന്റെ രൂപകങ്ങള്‍ നാടകവികാസത്തെ ആരോഗ്യകരമായി ഉത്തേജിപ്പിക്കുന്നില്ല. ചുരുക്കത്തില്‍ ഭാഷയിലും വേഗച്ചുവടിലും പ്രോപ്പര്‍ട്ടി സംബന്ധമായ സൂക്ഷ്മതയിലും പ്രകടിപ്പിച്ച ശ്രദ്ധ രാഷ്ട്രീയാന്വയത്തില്‍ ചോര്‍ന്നു പോകുന്നതുപോലെ തോന്നി.

ഉബുറോയി കലയുടെ പൊലിമകളുരിഞ്ഞ് ജീവിതത്തിന്റെ സംഘര്‍ഷങ്ങളിലേക്ക് ചാടാന്‍ നിയുക്തമാകുന്നു. അത് നിര്‍വ്വഹിക്കപ്പെടേണ്ടത് അതിന്റെ രാഷ്ട്രീയാന്വയ ശേഷിയിലൂടെയാണ്. അവിടെയാണ് ചില ചേരായ്മകളോ പിളര്‍പ്പുകളോ നമ്മെ ആശങ്കപ്പെടുത്തുന്നത്. പോരാളിയും അധികാരം നുരയുന്ന കോമാളിയും ഒരേ ഭാഷയിലേക്ക് ഒതുക്കപ്പെട്ടുകൂടാ. പ്രതിരോധത്തിന്റെ സമരരൂപം ജനസഞ്ചയ രാഷ്ട്രീയമാവാം. അതു പക്ഷേ, മറ്റു പ്രതിരോധങ്ങളെ അപഹസിക്കുംവിധം മലിനമാകരുത്. അത് ഒരു ജനാധിപത്യവാദിയുടെ ഇച്ഛയാണ്. കലാകാരന് അതിനപ്പുറം സ്വാതന്ത്ര്യമുണ്ടെന്ന് സമ്മതിക്കുന്നു. എന്നാല്‍ അന്വയങ്ങളിലെ പിളര്‍പ്പ് രാഷ്ട്രീയബോധത്തെ മാത്രമല്ല ആസ്വാദനത്തെയും സ്തംഭിപ്പിക്കും.
രാഷ്ട്രീയ അസംബന്ധങ്ങളുടെ ഹിംസ കലര്‍ന്ന ആഘോഷം പക്ഷേ, ഇത്ര തീവ്രമായി മറ്റൊരു സമീപകാല നാടകത്തിലും തുറന്നുകാട്ടപ്പെട്ടിട്ടില്ല. അത്രത്തോളം അത് വര്‍ത്തമാനത്തിന്റെ ഇന്ത്യന്‍ സ്‌കെച്ചാണ്. തീവ്രമായ അന്വയ സാദ്ധ്യതകളിലേക്ക് ചേര്‍ത്തു നിര്‍ത്തി മൂര്‍ച്ച കൂട്ടിയാല്‍ ശക്തമായ സര്‍ഗാത്മക പ്രതിരോധമാകും. തീര്‍ച്ച.

ലെ ഫോ

വെളിച്ചം ഇരുട്ടു പുതച്ചു വരുന്നു. ഇരുട്ട് വെളിച്ചവും. വൈരൂപ്യം സൗന്ദര്യത്തിന്റെ വേഷമിട്ടു വരും. സൗന്ദര്യം തിരിച്ചും. എങ്കിലും ചിലര്‍ക്ക് അതു മനസ്സിലാവും. അവര്‍ ഏതെങ്കിലും ഒന്നിനെ പഴിക്കില്ല.  കവിയുടെ ആത്മാവ് ഹൃദയത്തിലാണ്. ചിന്തകരുടേത് യുക്തിയില്‍. നര്‍ത്തകരുടേത് ഉടല്‍ മുഴുവനും. ആടി വേണം കാണിക്കാന്‍ ഉടലിന്റെ ഉണ്മകള്‍. രൂപങ്ങളില്‍ ഉറഞ്ഞുകൂടുന്ന അധികാര വ്യവഹാരങ്ങളെ ഭേദിക്കാന്‍ ഉണ്മയുടെ ആ പ്രകാശനം കൂടിയേ തീരൂ. അത് ഉന്മാദത്തിന്റെ ജ്വലനമാണ്. മാലാഖയും ചെകുത്താനും ഒരേ പ്രകാശത്തില്‍ ഒന്നിക്കുമ്പോള്‍ തെളിയുന്ന സത്യദര്‍ശനത്തിന്റെ ജ്വാലകള്‍.

രൂപവും ഛായയും അതിരു വകഞ്ഞു വളരുന്ന അന്യോന്യാദേശത്തിന്റെ അലിഞ്ഞുചേരല്‍ ജിബ്രാന്റെ കാവ്യചിത്രംപോലെ നിവരുന്നു. തൗഫീഖ് ജബാലി എന്ന ടുണീഷ്യന്‍ നാടക സംവിധായകന്‍ അരങ്ങില്‍ കാവ്യമെഴുതുന്നു. ഖലീല്‍ ജിബ്രാന്റെ കാവ്യലാവണ്യത്തിന്റെ ദാര്‍ശനിക സമസ്യകളെ ആത്മാവിലലിയിച്ചു തുടര്‍ച്ചയേകുന്നു. ലെ ഫോ എന്ന നാടകാനുഭവം ഉന്മാദത്തിന്റെ ഊര്‍ജ്ജ ഉറവകളുടെ പൊട്ടിത്തെറിയാണ്. അത് ഇരുട്ടും പ്രകാശവുമായി നടക്കുന്ന നിരന്തര സംവാദമാകുന്നു.

”എന്റെ ഭ്രാന്തില്‍, ഞാന്‍ സ്വാതന്ത്ര്യവും അതിജീവനവും കണ്ടെത്തി. ആളുകള്‍ എന്റെ അസ്തിത്വത്തില്‍ എത്തുമ്പോള്‍ ഏകാന്തതയില്‍ നിന്നും അതിജീവനത്തില്‍ നിന്നും മോചനം. വിജയിക്കുന്നവര്‍ നമ്മുടെ ഒരു ഭാഗത്തെ അടിമയാക്കുന്നു”. എല്ലാം അതിന്റെ വിപരീതത്തില്‍ സ്വീകാര്യമാക്കുന്ന തിരിച്ചറിവുകൂടിയാണ് ഈ കാവ്യോന്മാദം.

സ്ത്രീകളുടെ ശബ്ദത്തില്‍ ജിബ്രാനും അവരുള്‍പ്പെട്ട അരങ്ങുപങ്കാളികളുടെ ഉടലാട്ടത്തില്‍ തൗഫീഖും ഒരേ കാവ്യത്തെ പൂര്‍ത്തീകരിക്കുന്നു. ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ആകാശം. ആഴങ്ങളില്‍നിന്നും ഉയരങ്ങളില്‍നിന്നും വന്നു അരങ്ങില്‍ സന്ധിക്കുന്ന ശബ്ദം. ഛായയായും രൂപമായും മാഞ്ഞും തെളിഞ്ഞും തീവ്രവേഗം കൈവരിക്കുന്ന ഉടല്‍ക്കുതിപ്പുകള്‍. അതിന്റെ വിന്യാസലീലകള്‍. രസത്തിളപ്പുകള്‍. ലെ ഫോ എന്നതിന് ഉന്മാദം എന്നാണര്‍ത്ഥം. അത് തന്നെത്തന്നെ കീഴ്‌പ്പെടുത്തി പരക്കുന്ന പ്രകാശമാണ്. അഥവാ അന്ധകാരം. രൂപത്തെ അലിയിച്ചുകളയുന്ന ആത്മാവിന്റെ ഉന്മാദം.

എഴുത്തുപോലെ ജിബ്രാന്റെ വരകളും പെയിന്റിംഗുകളും അതീതഭാവങ്ങളുടെ മേഘാഖ്യാനങ്ങളാണ്. അത് ഡിജിറ്റല്‍ ആഖ്യാനകലയുടെ വേഗസൂക്ഷ്മങ്ങളില്‍ സന്ധിക്കുന്ന വൈഭവമാണ് ആട്ടത്തറയില്‍ കണ്ടത്. രൂപങ്ങള്‍ അധികാരങ്ങളുടെ രൂപകങ്ങളാകുമ്പോള്‍ അവ ഉരുക്കി പ്രവഹിപ്പിക്കുന്ന ഊര്‍ജ്ജപ്രഭാവമാണ് ഉന്മാദത്തിന്റെ ലാവണ്യം. കീഴ്‌പ്പെടുത്തുന്ന സകലതില്‍നിന്നുമുള്ള മോചനവും മറ്റൊന്നല്ല. നിഷ്‌കാസിതരും അശരണരുമായ മനുഷ്യരുടെ വേദനകളെ തൗഫീഖ് അഭിസംബോധന ചെയ്യുന്നു. തിയേറ്ററിനെ വിമോചനത്തിന്റെ പ്രാര്‍ത്ഥനയാക്കുന്നു. മുഖംമൂടികളില്‍നിന്നു പുറത്തു കടന്ന് വാസ്തവഭ്രാന്തിന്റെ കരുത്തും സൗന്ദര്യവും അറിയാന്‍ പ്രേരിപ്പിക്കുന്നു.

ലെ ഫോ (Le Fou) എല്‍ തിയത്രോയുടെ പുതിയ നാടകമാണ്. 1987ല്‍ തൗഫീഖ് ജെബാലി രൂപം കൊടുത്ത ഗ്രൂപ്പാണിത്. സമ്പന്നമായ ചരിത്രവും പാരമ്പര്യവുമാണ് ടുണീഷ്യന്‍ നാടക വേദിക്കുള്ളത്. അതില്‍ നിഗൂഢതയുടെ ആനന്ദം പകരുന്ന ക്ലാസിക് സ്വഭാവമാര്‍ന്ന നാടകരൂപമായി ഉന്മാദം അഥവാ ലെ ഫോ മാറി. പിന്‍തിരശ്ശീല മനോഹരമായ ക്യാന്‍വാസായി, സദാ സഞ്ചരിക്കുന്ന ദൃശ്യപരമ്പരയുടെ അസാമാന്യമായ സംയോജന മികവായി നാം അറിയുന്നു. അത്ഭുതകരമായ നാടകാനുഭവമെന്നേ പറയാനാവൂ.

മോണ്‍ട്രാഷ്

ഒരുവന്‍ അകത്തേക്കു നടന്നു തുടങ്ങുമ്പോള്‍ ലോകം അകമ്പുറം മറിയുന്നപോലെ തോന്നും. അമൂര്‍ത്തമായ കാഴ്ച്ചകളും അസ്പഷ്ടമായ ശബ്ദങ്ങളും വകഞ്ഞേ കടന്നുപോകാനാവൂ. തന്റെതന്നെ അനേകം ആവരണങ്ങള്‍ ഉരിഞ്ഞുകളയണം. ചോര പൊടിയുന്ന വേദനാകരമായ അനുഭവമാണത്. ഓരോ ആവരണവും പുറത്തുകടന്ന് തനിക്കു ചുറ്റും നൃത്തം വെക്കുന്നതുപോലെ തോന്നാം. ഉന്മാദത്തിന്റെ നീറ്റുന്ന ആനന്ദങ്ങളും ആത്മവിലയനങ്ങളുടെ സാഹസികമായ ഉടല്‍പ്രവേശങ്ങളും നാം അറിയുന്നു. ധാക്കയിലെ സ്പര്‍ദ്ധ നാടകവേദി 4.48 മൊണ്‍ട്രാഷ് എന്ന നാടകത്തിലൂടെ നടത്തുകയാണ് നമ്മെ.

വാസ്തവത്തില്‍ സാറാ കെയ്ന്‍ എന്ന അനുഭവത്തിലൂടെ പൊള്ളുകയാണ് നാം. അവര്‍ ഇരുപത്തിയെട്ടാം വയസ്സില്‍ ആത്മഹത്യ ചെയ്ത നാടക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ്. ആശുപത്രിയില്‍ കഴിഞ്ഞ അവസാന നാളുകളില്‍ അവര്‍ രാവിലെ 4.48ന് എഴുന്നേല്‍ക്കുകയും എഴുതിക്കൊണ്ടിരിക്കുകയും ചെയ്തു. 4.48 സൈക്കോസിസ് എന്ന് അവരതിനൈ വിളിച്ചു. ബംഗ്ലാദേശിലെ വിഖ്യാതനായ നാടക സംവിധായകനും അക്കാദമിഷ്യനുമായ ഡോ. സെയ്ദ് ജമീല്‍ അഹ്മദ് ആ രചനക്കു നല്‍കിയ അരങ്ങാവിഷ്‌കാരമാണ് 4.48 മോണ്‍ട്രാഷ്.

ഒറ്റപ്പെട്ടുപോകുന്ന മനുഷ്യര്‍ നിസ്സഹായരായ കേവല സാക്ഷികളാണ്. അവര്‍കൂടി ഉള്‍പ്പെട്ട ലോകത്തിലെ ദൗര്‍ഭാഗ്യമനുഭവിക്കുന്ന വെറും കാഴ്ച്ചക്കാര്‍. വിഷാദരോഗത്തിന്റെ അനേക തട്ടുകളില്‍ അവര്‍ പൊന്തിയും താഴ്ന്നും ചരിക്കുന്നു. ഒരു പ്രണയത്തിന്, ഒരു ആത്മ സൗഹൃദത്തിന്, പ്രതിബദ്ധമായ ഒരു പങ്കാളിത്ത ഹസ്തത്തിന് അവരില്‍ ധാരാളം ചെയ്യാന്‍ കാണും. എന്നാല്‍ ഏകാകികളുടെ അകവഴികളിലൂടെയുള്ള സഞ്ചാരത്തിന് അവര്‍ നിയുക്തരാകുന്നു. മനോരോഗത്തിന് ചികിത്സ തേടുന്നവരായി, ഒറ്റപ്പെട്ട തടവുശിക്ഷ അനുഭവിക്കുന്നവരായി അധികാരത്തിന്റെ കരുണാരഹിതമായ ഘടന അവരെ തള്ളുന്നു.

അനുഭവങ്ങളുടെ കാവ്യാത്മകമായ കൊളാഷുകള്‍ രംഗത്തവതരിപ്പിക്കുന്നു. ബോധത്തിന്റെ ഒളിമറകളുള്ള സഞ്ചാരത്തിന്റെ കേറ്റിറക്കങ്ങള്‍. അമൂര്‍ത്ത രൂപങ്ങളോടുള്ള പോരാട്ടങ്ങള്‍. ഉന്മാദത്തില്‍ കണ്ടെത്തുന്ന ദാര്‍ശനികമായ ഉള്‍ക്കാഴ്ച്ചകള്‍. ബാഹ്യലോകത്തോടുള്ള ശമനമില്ലാത്ത പോരുകള്‍. പുതുസത്യങ്ങളുടെ വെളിപ്പെടലുകള്‍. ഉടല്‍ ഓടിത്തളരണം. അധികലിപികളില്‍ ആരും എഴുതാത്ത വിധം കവിതകള്‍ ചമയ്ക്കണം. രാഷ്ട്രീയാധികാരത്തെ കീറി മുറിക്കുന്ന ദര്‍ശനങ്ങളുടെ ഉടലെഴുത്തുകള്‍ സ്വകാര്യമായ അനുഭവങ്ങളുടെ അതിരുകള്‍ ഛേദിക്കുന്നു.

ഒരു വ്യക്തി പുറത്തു നേരിടുന്ന വ്യവഹാര നിര്‍ബന്ധങ്ങളെക്കാള്‍ കഠിനമാണ് അകത്ത് നേരിടേണ്ടി വരുന്ന അവയുടെതന്നെ ഛായകള്‍. സാറാ കെയ്ന്‍ അനുഭവിച്ചത് മൊഹ്‌സിനാ അക്തറിന്റെ അസാമാന്യമായ നടന പാടവത്തില്‍ ആവര്‍ത്തിക്കുന്നു. അരങ്ങില്‍ അവര്‍ പൊള്ളിപ്പിടയുന്നത് ആ അകദൂരങ്ങളെ ആത്മാവില്‍ ആവഹിച്ചാവണം. നൂറു മിനിറ്റോളം നീണ്ട പരീക്ഷണമാണത്. ഒരു ആത്മഹത്യാ കുറിപ്പ് അരങ്ങുഭാഷയില്‍ ദൃശ്യപ്പെടുന്നു.

ആത്മവും അപരവും തമ്മിലുള്ള സംഘര്‍ഷമാണ് മൊണ്‍ട്രാഷ്. ഒരു യുവതിയുടെ ആത്മഭാഷണവും ഇടകലരുന്ന പുറംവാദമുഖങ്ങളും ബോധധാരയുടെ പ്രവാഹങ്ങളും വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ശബ്ദത്തിന്റെയും വേറിട്ട വിന്യസനങ്ങളും തത്വചിന്താ തെളിനോട്ടങ്ങളും ഉടലിന്റെ പിടച്ചിലുകളും ആ സംഘര്‍ഷത്തെ മൂര്‍ച്ഛിപ്പിക്കുന്നു. സമൂഹത്തിലെ ഹിംസകള്‍, ബലാല്‍ക്കാരങ്ങള്‍, ലിംഗവേട്ടകള്‍, മതവൈരങ്ങള്‍, കൊലപാതകങ്ങള്‍, വിവേചനങ്ങള്‍ – ഒക്കെയും വ്യഷ്ടിവിഷാദത്തിന്റെ അകമായി മാറുന്നു. ഓരോന്നും അനേകം ഇഴകളായി വരിയുന്നു. രംഗാവിഷ്‌കാരം എളുപ്പമല്ലാത്ത അകഭാവങ്ങളുടെ സങ്കീര്‍ണതകളെ രംഗത്തെത്തിക്കുന്നു എന്നതാണ് മൊണ്‍ട്രാഷിന്റെ സവിശേഷത.

കോര്‍ണര്

കോര്‍ണര്‍ കാണാന്‍ പോകുമ്പോള്‍ എനിക്കു ചില മുന്‍വിധികള്‍ ഉണ്ടായിരുന്നിരിക്കണം. പുറത്ത് ദിലീപന്‍ മാഷെ കണ്ടപ്പോള്‍ ആ മുന്‍വിധികള്‍ അല്‍പ്പംകൂടി ഉറച്ചുപോയതാവണം. എന്റെ കാഴ്ച്ചയും ആസ്വാദനവും എവിടെയോ സ്തംഭിച്ചതുമാവാം. നാടകം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല.

രാജ്യമില്ലാത്ത ജനതയുടെ സംഘര്‍ഷം പോലെ ഉടലില്ലാത്ത ഉയിരുകളുടെ സംഘര്‍ഷവും കുറെ കാലമായി നമ്മുടെ കലകളിലും സര്‍ഗഭാവനകളിലും നിറയുന്നുണ്ട്. മറ്റൊരു ഉടലില്‍ മറ്റൊരു പേരില്‍ അപരവേഷങ്ങളും ഭാഷയുമായി ഇണങ്ങിയും പിണങ്ങിയും ഇറങ്ങിയോടിയും കലഹിക്കുന്ന ഏറെപ്പേരുണ്ട്. രണ്ടു പതിറ്റാണ്ടിലേറെയായി ആ ഇടച്ചിലുകളിലൂടെ നാം സഞ്ചരിക്കാന്‍ തുടങ്ങിയിട്ട്. രാജ്യമില്ലാത്ത ജനതയുടെ രാഷ്ട്രീയ യുദ്ധംപോലെ ബഹളമയമല്ല ഉടലിനു വേണ്ടിയുള്ള ഉയിരുകളുടെ പോരുകള്‍. അതു നിശ്ശബ്ദതയുടെ സൂക്ഷ്മങ്ങളില്‍ പൊടിഞ്ഞു പൊട്ടി പോരുകൂട്ടുന്ന ഏകാന്തയുദ്ധങ്ങളാണ്.

ഉടലിലെ ഇടച്ചിലുകള്‍ അത്യന്തം സാവധാനമേ പ്രകാശിതമാവൂ. അത് ബഹളമയമല്ല. അത് വേഗചലനങ്ങളല്ല. അത് ഉത്സവ മേളങ്ങളുമല്ല. സ്വന്തം നേരും വിലാസവും തേടിയുള്ള ആത്മായനത്തിന്റെ അകക്കുനിവുകളുള്ള അലച്ചിലുകളില്‍ തുടങ്ങുന്നതാണത്. ഓരോ ചുവടു വെക്കാനും അനവധി ധ്യാനനിലങ്ങളെ മറികടക്കണം. ആഗ്രഹിക്കുന്ന പേരു പതുക്കെയൊന്ന് ഉച്ചരിക്കാന്‍ അത്രയേറെ വിക്കണം. ഓരോ കോശവും തൊട്ടു നോക്കി വീര്‍പ്പുകളിലുലച്ച് ആത്മവിശ്വാസം നേടണം. അത്ര സാവകാശത്തില്‍ നടക്കേണ്ട ചലനങ്ങളെ അതിവേഗതയിലും ശബ്ദ കോലാഹലങ്ങളിലും ലളിത യുക്തികളിലും മുക്കി അര്‍ത്ഥംകളഞ്ഞ് പ്രദര്‍ശിപ്പിച്ചതുപോലെ തോന്നി കോര്‍ണര്‍ കണ്ടപ്പോള്‍. ആട്ടത്തറയിലും പുറത്തും കണ്ട വേഗത്തോട് ഐക്യപ്പെടണമെങ്കില്‍ എത്രദൂരം ചലനമറ്റ്, ശബ്ദമടക്കി പിടഞ്ഞിരിക്കണം അവ്വിധമുള്ള ട്രാന്‍സ് ജീവിതങ്ങളെന്ന് ആലോചിച്ചുപോയി. ബഹളം ഹിംസയാണ് ചില ഘട്ടങ്ങളില്‍. വേഗം പടയോട്ടങ്ങളാവും. അത് അനേക വളവുകള്‍ കടന്നെത്തേണ്ട തീര്‍പ്പുകളുടെ പൊതുപോര്‍നിലമാണ്.

കോര്‍ണര്‍ എന്ന നാടകത്തിനു പിന്നില്‍ ക്ലേശകരമായ അലച്ചിലും അദ്ധ്വാനവുമുണ്ട്. അത് കാണാതെ വയ്യ. കോകിലയായി രംഗത്തു വന്ന പ്രശാന്ത് ആ ഇച്ഛകളുടെ മുറിവുകള്‍ കോശങ്ങളില്‍ തെളിയിച്ചു മികവു കാണിക്കുന്നു. സ്റ്റേജിന്റെ ചിട്ടവട്ടങ്ങളെ ഛേദിക്കാനുള്ള പ്രവണത തെറ്റല്ല. പക്ഷേ, അത് ഏതധികാര വലയങ്ങളെ ഛേദിക്കുന്ന ഉടല്‍ഭാഷാ സ്‌ഫോടനമാണെന്ന് പ്രേക്ഷകര്‍ക്കു മനസ്സിലാവണം. പ്രൊസീനിയം സ്റ്റേജില്‍ അവതരിപ്പിക്കുന്ന നാടകങ്ങളില്‍ കലാകാരന്മാര്‍ക്കും പ്രേക്ഷകര്‍ക്കും ധാരാളം പരിമിതികളുണ്ട്. അത് കണക്കിലെടുത്തില്ലെങ്കില്‍ ആഖ്യാനം ചിതറും. മുറുകേണ്ടത് മുറിഞ്ഞുപോകും.

ഉത്സാഹികളായ നാടക പ്രവര്‍ത്തകരാണ് കടമ്പഴിപ്പുറത്തെ നാട്യശാസ്ത്ര നാടകസംഘത്തിലുള്ളത്. അവര്‍ക്ക് അരങ്ങില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള സര്‍ഗസമ്പത്തുണ്ട്. വരുണ്‍മാധവന് അതിനു നേതൃത്വം നല്‍കാന്‍ കഴിയും. നരിപ്പറ്റ രാജുവിനെപ്പോലെയും ദിലീപന്‍മാഷെപ്പോലെയുമുള്ള വഴികാട്ടികളുണ്ട്. മുകളില്‍ വിയോജിപ്പുകളോടെ കുറിച്ച നാടകക്കാഴ്ച്ച എന്റെ മാത്രം കാഴ്ച്ചാദോഷമാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

പാരിജാത

ശ്രീകൃഷ്ണ പാരിജാതം കര്‍ണാടകയുടെ ക്ലാസിക് പാരമ്പര്യത്തിന്റെ കലാമുഖമാണ്. അതിനു പുതിയ ആവിഷ്‌കാരം നല്‍കാന്‍ ‘സ്പന്ദന’ ശ്രമിക്കുന്നു. സന്നതയുടെ അരങ്ങു ചിട്ടവട്ടങ്ങളില്‍ ചിലതു ഛേദിച്ചും കൂട്ടിച്ചേര്‍ത്തും പുതുക്കിയിട്ടും അതിന്റെ സഹജതാളം മാറുന്നില്ല. ക്ലാസിക് കലാലാവണ്യബോധത്തെ നെറുകയില്‍ ചൂടിയുള്ള നൃത്തസംഗിത ആവിഷ്‌കാരം എന്നേ തോന്നിയുള്ളു.

1973ല്‍ ദില്ലിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ബിരുദമെടുത്ത ബി ജയശ്രീ 1975ല്‍ ആരംഭിച്ച നാടക സംഘമാണ് സ്പന്ദന. അമ്പതാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍, ശ്രീകൃഷ്ണപാരിജാതത്തിന് പുതുകാലപാഠം നല്‍കാനുള്ള ഏറെ കാലമായുള്ള ആഗ്രഹം പൂര്‍ത്തീകരിക്കുകയാണ് ജയശ്രീ. കവിയും നാടകകൃത്തുമായ കെ വൈ നാരായണസ്വാമിയുടെതാണ് സ്‌ക്രിപ്റ്റ്.

ദേവന്മാരെ അമൃതം നല്‍കി മരണമില്ലാത്തവരാക്കിയ ശ്രീകൃഷ്ണന് പാല്‍ക്കടല്‍ കടയുമ്പോള്‍ കിട്ടിയ പാരിജാതം ഭൂമിയിലേക്കു കൊണ്ടുവരാന്‍ ഇന്ദ്രനോടു യുദ്ധം ചെയ്യേണ്ടി വരുന്നു. പാരിജാതം തന്റെ വീട്ടുമുറ്റത്ത് എത്തിക്കണമെന്നത് സത്യഭാമയുടെ ആഗ്രഹമായിരുന്നു. അതിനു വഴങ്ങുന്നു കൃഷ്ണന്‍. ഈ കഥാ സന്ദര്‍ഭത്തെയാണ് സാധാരണ മനുഷ്യരുടെ വികാരവിചാരങ്ങളുടെ സംഘര്‍ഷങ്ങളായി ജയശ്രീ മൊഴിമാറ്റുന്നത്. ക്ലാസിക്‌നാടകങ്ങളുടെ എന്നേ ഭേദിക്കപ്പെട്ട ശീലങ്ങള്‍ വീണ്ടും മുറിച്ചു കടക്കുന്നു എന്നത് വലിയ വിപ്ലവമല്ലല്ലോ. സൂത്രധാരനും നാരദനുമില്ലാതെ എന്തു പുരാണകഥ!

നാടകം ഡിജിറ്റല്‍ ഛായാതലത്തില്‍ ബഹുമാദ്ധ്യമ ഭാഷയിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെട്ട ഒരു കാലത്താണ് പ്രേക്ഷകസമൂഹമുള്ളത്. വികസിത രാഷ്ട്രീയ ജീവിതത്തെയും അതിന്റെ പ്രേരണകളെയും അഭിസംബോധന ചെയ്യാന്‍ പഴയ മാദ്ധ്യമരൂപത്തിന് പരിമിതികളുണ്ട്. ആ മീറ്ററില്‍ ചുറ്റിത്തിരിയുന്ന പരീക്ഷണങ്ങള്‍ക്ക് അതിന്റെ അര്‍ത്ഥോത്പാദന ശീലങ്ങളെയും നിര്‍ബന്ധങ്ങളെയും അതിജീവിക്കുക എളുപ്പമല്ല. അദൃശ്യ വലയങ്ങളായി ഒരു ഭൂതലാവണ്യധാര അരങ്ങിനെ പൊതിയുന്നുണ്ട്. പ്രവചനാത്മകമല്ലാത്ത ഒരു ചുവടുപോലും മുന്നോട്ടുവെക്കാന്‍ ഈ കലാശ്രമത്തില്‍ സാദ്ധ്യമാവില്ല. അതിനാല്‍ വഴിയിലിറങ്ങുന്ന യാത്രികരായി പുതിയ പ്രേക്ഷകര്‍ മാറുന്നു. കളരിപ്പയറ്റ് ഉള്‍പ്പെടെയുള്ള പാരമ്പര്യ നാടോടി കലാരൂപങ്ങളുടെ ശകലങ്ങളോ ഘടകങ്ങളോ സ്വീകരിച്ചിട്ടും നാടകത്തിന്റെ ഭൂതപാരിജാത ഗന്ധം മാറുന്നില്ല.

അരനൂറ്റാണ്ടു മുമ്പ് പുതിയ ലാവണ്യാന്വേഷണങ്ങളുടെ ധീരതയുമായി രംഗത്തുവന്ന ജയശ്രീ രാജ്യത്തിനകത്തും പുറത്തും ധാരാളം അരങ്ങുകള്‍ തീര്‍ത്തിട്ടുണ്ട്. വളരെ പ്രശസ്തയാണവര്‍. കന്നട നാടകത്തിലെയും ഇന്ത്യന്‍ തിയേറ്ററിലെയും പ്രമുഖരായ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങളുടെ കരുത്തുണ്ട് അവര്‍ക്ക്. പാരിജാത പക്ഷേ, ആ കരുത്തിന്റെ പുതുവെട്ടം പ്രസരിപ്പിക്കുന്നില്ലെന്ന് ഖേദപൂര്‍വ്വം പറയേണ്ടിവരുന്നു. സംഭാഷണത്തിലും കോറിയോഗ്രാഫിയിലും പാത്രസൃഷ്ടിയിലുമൊക്കെ പുതുകാലം പൊരുതി നില്‍ക്കുന്നത് കാണാതിരിക്കുന്നില്ല. അതതിന്റെ പൊതുപ്രകടനത്തില്‍ ചെറുതാവുന്നു.

ഊര്‍മ്മിള

ഊര്‍മ്മിള ഒരിക്കല്‍കൂടി കാണണമെന്ന് കരുതിയതാണ്. കഴിഞ്ഞില്ല. ആദ്യകാഴ്ച്ച ബ്ലാക് ബോക്‌സില്‍ കൊടുംചൂടില്‍ വിങ്ങിയും വിയര്‍ത്തുമായിരുന്നു. നിറയെ പ്രേക്ഷകര്‍. ചൂടും വിങ്ങലും തലവേദനയും എന്നെ കുഴപ്പിച്ചു. ഊര്‍മ്മിളയുടെ രസനൂലുകളില്‍ പിടിച്ചു പലവിതാനങ്ങളില്‍ സ്വയം വിട്ടയക്കാന്‍ കഴിയാതെ ഞാന്‍ പരുങ്ങിയത് സത്യം. എങ്കിലും ഊര്‍മ്മിള നാടകത്തിന്റെ ആഴവും മുറുക്കവും ഭാവദാര്‍ഢ്യവും താളവും വിസ്മയിപ്പിച്ചു.

പൗരാണിക സന്ദര്‍ഭങ്ങളെ കണ്ടെടുത്ത് വര്‍ത്തമാനകാല രാഷ്ട്രീയ ജീവിതത്തിലും യുക്തിയിലും അന്വയിക്കുന്ന വിരുതാണ് ഇവിടെ തിയേറ്ററിന്റെ കല. അത് വളരെ സമര്‍ത്ഥമായി നിര്‍വ്വഹിക്കപ്പെട്ടു. ഊര്‍മ്മിളയില്‍ ഊന്നി ഒരു വിസ്താരം പൂര്‍ത്തീകരിക്കുകയാണ് സംവിധായിക. ഉടലിനും ഉയിരിനും അധികാരിയാര് എന്നത് കേന്ദ്രവിഷയമാണ്. പിറകെ ചരിക്കുന്ന പതിവ്രതയില്‍നിന്ന്, എതിരാട്ടത്തില്‍ തിളച്ചു പൊങ്ങുന്ന സ്ത്രീസ്വത്വത്തിന്റെ അവകാശപ്രഖ്യാപനംപോലെ ഊര്‍മ്മിള ഉയരുന്നു. ഉറക്കം, വഴങ്ങലോ വഴുതലോ ആവരുതെന്ന നിശ്ചയം അനുസരണയുടെ പതിവു ശിക്ഷണങ്ങളെ രാഷ്ട്രീയ യുക്തികള്‍കൊണ്ട് നേരിടാനുള്ള പ്രാപ്തി നല്‍കുന്നു. ഉടലാട്ടവും ഉയിരാട്ടവും ഒരിടത്ത് സന്ധിക്കുന്നതിന്റെ ഉന്മാദമാണ് ആട്ടത്തിന്റെ ലാവണ്യം.

കാലത്തെ കടന്നാളുന്ന ഒരു പ്രശ്‌നത്തിന്റെ സാന്ദര്‍ഭിക പാഠങ്ങളിലൂടെ ഊര്‍മ്മിള നമ്മെ കൊണ്ടുപോകുന്നു. അയോദ്ധ്യയിലും രാമനിലും ചുറ്റിത്തിരിയുന്ന സമ്മതികളെ അവയത്രയും ഭസ്മമാക്കാന്‍ പോന്ന മൗനത്തിന്റെ കലാപങ്ങളിലേക്ക് തുറന്നുവിടുകയാണ് നിമ്മിയും മീതു മിറിയവും. സൂരജും വിനയ്കുമാറും അതിന്റെ ഊര്‍ജ്ജ ധാരയെ പോഷിപ്പിക്കുന്നു. ആദിശക്തി പോണ്ടിച്ചേരിക്ക് തിയേറ്റര്‍ ശമനമില്ലാത്ത അന്വേഷണമാകുന്നു.

പതിനാലു വര്‍ഷത്തെ കാനനവാസം രാമന്റെ ‘വിധി’യാണ്. അത് സീതയുടെയും ലക്ഷ്മണന്റെയും ഊര്‍മ്മിളയുടെയും ജീവിതത്തെ കാട്ടിലെത്തിച്ചു. ദീര്‍ഘപ്രവാസം. രാമനെയും സീതയെയും കണ്‍പോള പൂട്ടാതെ കാക്കണമെന്നാണ് ലക്ഷ്മണശാസന. ഒടുവില്‍ അയോദ്ധ്യയില്‍ തിരിച്ചെത്തുമ്പോള്‍ ലക്ഷ്മണന്‍ ഉറക്കം ആശംസിക്കുന്നു. ഇതാണ് ഊര്‍മ്മിളയെ അസ്വസ്ഥമാക്കുന്ന സന്ദര്‍ഭം. താനാരാണ്, തന്റെ ഉടലിനും ഉയിരിനും താനല്ലാതെ ആരാണവകാശി എന്ന മട്ടുള്ള വിമര്‍ശ വിചാരങ്ങളിലേക്ക് ഊര്‍മ്മിള ഉണരുന്നു. ഇത് എക്കാലത്തെയും സ്ത്രീവിമര്‍ശത്തിന്റെ കാതലാവുന്നു. പല പാഠങ്ങളായി ആളുന്ന ആഖ്യാനഭേദങ്ങളിലേക്ക് സ്ത്രീവിചാരത്തിന്റെ കലകള്‍ പാകപ്പെടുന്നു. ചിന്താവിഷ്ടയായ സീതപോലെ ആണ്‍ലോകത്തെ സ്തംഭിപ്പിക്കുകയും തിരുത്തിക്കുകയും ചെയ്യാന്‍പോന്ന പാഠനിര്‍മ്മിതിയാണിത്.

ഘണ്ട ഘണ്ട

രണ്ടുപേര്‍ക്കിടയില്‍ അവരുടെ മാത്രമായ ഭാഷ രൂപപ്പെടാം. പ്രണയ കാലത്ത് തീര്‍ച്ചയായും പുതു പദങ്ങളും പദചേരുവകളും ശബ്ദസൂചകങ്ങളും രൂപപ്പെടാം. ബന്ധം പിരിയുമ്പോള്‍ ആ ഭാഷയ്ക്ക് എന്തു സംഭവിക്കും? അടുത്ത ബന്ധത്തിലേക്ക്, (പ്രണയത്തിലേക്കോ ദാമ്പത്യത്തിലേക്കോ) ആ ഭാഷാപദങ്ങളും പ്രയോഗങ്ങളും കടന്നു കയറുമോ? സൂക്ഷ്മദേശങ്ങളുടെ ഭൂപടം അധിനിവേശ ഇടംതിരിവുകള്‍ക്കു വിധേയപ്പെടുമോ? വ്യക്തിപരമായതിന്റെ രാഷ്ട്രീയം അധികാരബദ്ധ രാഷ്ട്രീയ യുക്തികള്‍ക്കു കീഴ്‌പ്പെടുമോ?

മറാത്തി നാടക ട്രൂപ്പായ ആസക്തയുടെ ഘണ്ട ഘണ്ട എന്ന നാടകം ദേശരാഷ്ട്രത്തിന്റെ സൂക്ഷ്മ ഘടനകളെ അഴിച്ചു പരിശോധിക്കുന്നു. അധികാരം ഏതിലൂടെയെല്ലാം അരിച്ചുകയറുന്നു എന്ന്, അതെങ്ങനെ പ്രണയത്തിലും പ്രണയികളിലും ദാമ്പത്യത്തിലും ദമ്പതികളിലും ദ്വന്ദ്വ ഭാവനകളും വിചാരങ്ങളും വിളയിക്കുന്നുവെന്ന് ഈ നാടകം പരിശോധിക്കുന്നു. ഭാഷ മുഖ്യ പ്രശ്‌നമണ്ഡലമാണ് ഈ നാടകത്തില്‍.

ഭരണകൂടം വ്യക്തികളില്‍ ഇടപെടുന്ന ഒരു ഘട്ടമാണ് കഥാസന്ദര്‍ഭം. ഒരു പൗരന്‍ ഒരു ദിവസം നൂറ്റിനാല്‍പ്പത് വാക്കുകളില്‍ കൂടുതല്‍ സംസാരിക്കുന്നത് വിലക്കിയുള്ള നിയമം വന്നിരിക്കുന്നു. പൊരുത്തമില്ലാത്ത, കലഹികളായ ദമ്പതികളാണ് സംഗീതജ്ഞനായ ആദിത്യയും നിയമജ്ഞയായ ഫിറോസയും. അവരെ ഈ ഭാഷാനിയന്ത്രണ നിയമം എങ്ങനെ ബാധിച്ചു എന്നതാണ് നാടകത്തെ പ്രശ്‌നവല്‍ക്കരിക്കുന്നത്.

അന്യോന്യം അത്യധികം സ്‌നേഹിക്കുമ്പോഴും വിയോജിപ്പുകളും പൊട്ടിത്തെറികളും നിറഞ്ഞ ജീവിതമാണ് അവരുടെ ദാമ്പത്യം. പിറന്ന വര്‍ഗത്തിന്റെ കറയോ അടയാളമോ ഓരോ വ്യക്തിയിലും കാണുമെന്ന് ആദിത്യ കരുതുന്നു. മദ്ധ്യവര്‍ഗജയാണ് ഫിറോസ. അവര്‍ക്ക് തൊഴിലാളി വര്‍ഗത്തില്‍ പിറന്നവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാവാന്‍ വിഷമമാണ്. അവരുടെ വര്‍ഗത്തിന്റെ പരിമിതിയാണത്. തൊഴിലാളിവര്‍ഗത്തെ കെട്ട ആപ്പിളിന്റെ കെട്ടഭാഗം ചെത്തിമാറ്റുന്നതുപോലെ മാറ്റിനിര്‍ത്തുന്ന വര്‍ഗനിലപാടുള്ള വിഭാഗങ്ങള്‍ക്ക് അടിത്തട്ടു സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാവില്ല. അക്കാര്യത്തില്‍ തന്റെ അനുഭവബോദ്ധ്യം തുറന്നടിച്ചുകൊണ്ട് ഫിറോസയോടു വിയോജിക്കുന്നു ആദിത്യ. പക്ഷേ, തന്നെ തന്റെ പിറന്ന വര്‍ഗപശ്ചാത്തലത്തില്‍നിന്ന് വേറിട്ടു കാണണമെന്ന് ഫിറോസ വാദിക്കുന്നു. iam not my background എന്നാണ് അവരുടെ വിശദീകരണം.

ഭാഷാനിയന്ത്രണം വന്നതോടെ സംവാദങ്ങളും ഏററുമുട്ടലുകളും അസാദ്ധ്യമായി. മറികടക്കാനുള്ള കൗശലങ്ങള്‍ കണ്ടെത്താതെ രണ്ടു പേര്‍ക്കും മുന്നോട്ടു പോവുക വിഷമമായി. പുതിയ പദങ്ങളും പദചേരുവകളും ചുരുക്കെഴുത്തുകളും സൂചകങ്ങളും രൂപകങ്ങളും ശബ്ദ സങ്കേതങ്ങളും വിന്യസന ശൈലികളും കണ്ടെത്താന്‍ അവര്‍ ഉത്സാഹികളായി. അതോടെ അവര്‍ക്കിടയില്‍ സവിശേഷമായ ഒരു സൂക്ഷ്മഭാഷ രൂപംകൊള്ളുന്നു. ഭരണകൂടം ഭാഷയെ കോയ്മാകുടിലതകള്‍ക്കു വശപ്പെടുത്തുമ്പോള്‍ ഒരു പ്രതിരോധഭാഷ രൂപം കൊള്ളുന്നു. ഫാഷിസത്തിനെതിരെ ഒരു ജനാധിപത്യ ദേശീയത അതിന്റെ സൂക്ഷ്മഛായയില്‍ വ്യക്തികള്‍ക്കകത്തു രൂപംകൊള്ളുന്നു.

വാക്കുകളുടെ നിര്‍മ്മാണവും ശബ്ദകോശപ്രവേശവും നിയോലോഗിസത്തിന്റെ വിഷയമാണ്. വ്യക്തികള്‍ക്കകത്തോ രണ്ടുപേര്‍ക്കിടയിലോ നടക്കുന്ന പദകോശ സൃഷ്ടി മതിയാവില്ല അതിന്. പുറത്തുകടന്ന് പൊതു സമൂഹത്തിന്റെ പ്രതിരോധപദമായി രൂപപ്പെടണം. ഇവിടെ അതിനുള്ള ശ്രമമുണ്ട്. Please explain എന്നതിന്റെ ചുരുക്കെഴുത്തായി plexain എന്ന പദമോ i love you എന്നതിന് lou എന്നോ i dont know എന്നതിന് idunno എന്നോ ഒക്കെ പകരം പദങ്ങള്‍ കണ്ടെത്തുമ്പോള്‍ അതൊരു ഉപഭാഷയിലേക്കുള്ള പ്രവേശനമായി കരുതാം. കൂടുതല്‍ ശ്രമകരമായ പ്രതിരോധത്തിനുള്ള തയ്യാറെടുപ്പായി കാണാം. 2024നു ശേഷമുള്ള കാലം ഇതുപോലെയാവില്ല എന്ന മട്ടുള്ള പരാമര്‍ശങ്ങള്‍ വ്യക്തമായ രാഷ്ട്രീയ ദിശയിലുള്ളതാണ്. വ്യക്തികള്‍ക്കകത്ത് ദേശത്തിന്റെ പിടച്ചിലുണ്ട്. മോചനത്തിനുള്ള വെമ്പലുണ്ട്. ലോകത്തെ തിരിച്ചറിയുമ്പോഴാണ് നാം ഒന്നാവുക എന്ന പ്രണയത്തിന്റെ അപൂര്‍വ്വ തിരിച്ചറിവുണ്ട്.

സാം സ്റ്റെയ്‌നര്‍ എന്ന ഇംഗ്ലീഷ് എഴുത്തുകാരന്റെ ലെമണ്‍സ് ലെമണ്‍സ് ലെമണ്‍സ് ലെമണ്‍സ് എന്ന കൃതിയുടെ മറാത്തിയിലേക്കുള്ള ഭാഷാന്തരമാണ് ഘണ്ട ഘണ്ടയുടെ മൂലരൂപം. നിരഞ്ജന്‍ പെഡനേക്കറാണ് പരിഭാഷ നിര്‍വ്വഹിച്ചത്. മോഹിത് തകല്‍ക്കര്‍ അതിന്റെ തിയേറ്റര്‍ ആഖ്യാന ഘടനയും അഥവാ സംവിധാനവും നിര്‍വ്വഹിച്ചു. മല്ലികാ സിംഗും ലളിത് പ്രഭാകറും മുഖ്യ കഥാപാത്രങ്ങള്‍ക്കു മിഴിവു പകര്‍ന്നു.

രംഗവിധാനം ലളിതവും മനോഹരവുമാണ്. തൂങ്ങിക്കിടക്കുന്ന മേഘരൂപം നിറഭേദങ്ങളോടെ സന്ദര്‍ഭത്തെയും സംഘര്‍ഷത്തെയും ചടുലമാക്കി. കസേരകളുടെയും മേശയുടെയും രംഗനിലയും ചലനത്തിന്റെയും ഉടല്‍ക്രമീകരണത്തിന്റെയും സൂക്ഷ്മ ശ്രദ്ധയും എടുത്തു പറയണം. സംഭാഷണപ്രാധാന്യമുള്ള ഒരു നാടകം ഇംഗ്ലീഷിലുള്ള ഉപശീര്‍ഷകങ്ങളെ ആശ്രയിച്ചു പിന്തുടരല്‍ ക്ലേശകരമാണ്. ഗൗരവപൂര്‍വ്വം നാടകത്തില്‍ പ്രവേശിക്കുന്നവര്‍ ആ ക്ലേശമനുഭവിക്കുന്നത് വെറുതെയാവുന്നില്ല. അപൂര്‍വ്വവും ദര്‍ശനത്തെളിമയുള്ളതും രാഷ്ട്രീയ പ്രതിബദ്ധതയാര്‍ന്നതുമായ ഒരു നാടകാനുഭവം ലഭിക്കുന്നു. സ്വേച്ഛാധികാര പാതയില്‍ മുന്നേറുന്ന ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിരോധ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ശക്തമായ നാടകമാണിത്.

അല്ലെ ആര്‍മി

വസ്തുവിന്യസനത്തിനും വിനിമയത്തിനും പ്രാധാന്യമുള്ള ഒബ്ജക്റ്റ് ആനിമേഷന്‍ തിയേറ്ററിന്റെ സാങ്കേതിക മികവാര്‍ന്ന പ്രദര്‍ശനമാണ് അല്ലെ ആര്‍മി. ആയുധ വ്യാപാരത്തിന്റെയും യുദ്ധ സംഘര്‍ഷ വിളവെടുപ്പുകളുടെയും അന്തിമ ദുരന്തത്തെ ആവിഷ്‌കരിക്കാനാണ് ശ്രമം. കളിക്കോപ്പില്‍നിന്ന് ആയുധക്കോപ്പിലേക്കു വ്യാപരിക്കുന്ന മനുഷ്യവാഞ്ഛകളുടെ കറുത്ത കുസൃതികള്‍ (ഹാസ്യം) ആഖ്യാനത്തില്‍ ഉടനീളമുണ്ട്.

കളിക്കോപ്പുകളുടെ സൂപ്പര്‍മാര്‍ക്കറ്റിലാണ് തുടക്കം. എപ്പോഴും തുറന്നിരിക്കുന്ന കടയാണത്. ആഴ്ച്ചയില്‍ ഏഴുദിവസവും ഇരുപത്തിനാലു മണിക്കൂര്‍ സ്വാഗതം എന്നു മുകളിലെഴുതിയിട്ടുണ്ട്. ചക്രങ്ങള്‍ ഘടിപ്പിച്ച വലിയ മൂന്നു ഷെല്‍ഫുകളില്‍ കളിക്കോപ്പുകള്‍. കുട്ടികളുടെ കൗതുകത്തോടെ കാഴ്ച്ചയിലേക്കു പ്രവേശിക്കാം. വസ്തു കേന്ദ്രത്തിലും അഭിനേതാക്കള്‍ പാര്‍ശ്വങ്ങളിലുമായി നിറയുന്ന രംഗസംവിധാനം. നമ്മുടെ ആസ്വാദന ശീലം പാത്രങ്ങളുടെ ഉടലിലും വാക്കിലുമാണ് ചുറ്റിത്തിരിയുക. ആ മട്ട് പോയാല്‍ തുടക്കത്തിലേ വഴി തെറ്റും. ആളുകളില്‍നിന്ന് ലോകം വസ്തുക്കളിലേക്ക് മാറിയിരിക്കുന്നു. അവയുടെ വിപണിവീറും മൂല്യവും പ്രയോഗസാദ്ധ്യതകളും ലോകത്തെ മാറ്റുന്നു. പലനിറത്തിലുള്ള ബില്‍ഡിംഗ്‌ബ്ലോക്കുകള്‍ എടുത്തു പണിയുകയും അഴിക്കുകയും തകര്‍ക്കുകയും ചെയ്യാം. കുഞ്ഞുങ്ങള്‍ക്ക് അത് ശീലിച്ചു തുടങ്ങാം.

ഈ കളിക്കോപ്പുകളുടെ വിന്യസനം ആയുധങ്ങളുടേതായി മാറുന്നു. കളിക്കോപ്പുകളില്‍ ആയുധവും പ്രയോഗബോധവും കടത്താം. സംഘര്‍ഷത്തിന്റെയും ഹിംസയുടെയും ബോധതലം വിടര്‍ത്താം. ഭാവനയിലും ജീവിതത്തിലും യുദ്ധങ്ങള്‍ നയിക്കാം. ഇറ്റലിയിലിരുന്ന് ആയുധ വ്യാപാരങ്ങളുടെ അകദൃശ്യങ്ങളിലേക്ക് നോട്ടമെത്തിക്കുന്നു. നിര്‍മ്മിക്കുന്ന ആയുധങ്ങളുടെ സിംഹഭാഗവും വാങ്ങിക്കൂട്ടുന്നത് വിമോചന പോരാളികളോ രാഷ്ട്രങ്ങളോ അല്ല. ലോകത്തെങ്ങുമുള്ള സ്വകാര്യ ഭീകര സംഘങ്ങളാണ്. സംഘര്‍ഷങ്ങളില്‍ ആസക്തരാകുന്ന ആര്‍ക്കും വിപണിയില്‍ ആയുധം ലഭ്യമാകുന്നു. കളിക്കോപ്പില്‍ തുടങ്ങുന്ന യുദ്ധോത്സാഹം രക്തത്തിലും ചാരത്തിലും ചെന്നൊടുങ്ങുന്നു.

ശത്രുക്കളെ നശിപ്പിക്കുക എന്നത് കുഞ്ഞുങ്ങള്‍ക്കുള്ള കളികളായിരിക്കുന്നു. ആ കളി ലോകത്തിലെ ഏറ്റവും വലിയ വ്യാപാരവും രാഷ്ട്രീയവുമായി മാറിയിട്ടുണ്ട്. ഒരേ സൂപ്പര്‍മാര്‍ക്കറ്റില്‍ ആയുധമെടുക്കാനെത്തുന്ന ശത്രു രാഷ്ട്രങ്ങളുടെ സൈനിക മേധാവികള്‍ നമ്മെ കറുത്ത ഹാസ്യത്തിന്റെ ഉച്ചിയിലെത്തിക്കുന്നു. ക്രൂരമായ രാഷ്ട്രീയ ഫലിതമാണത്. സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരുടെ വേഷങ്ങള്‍ നമ്മോട് ആദ്യം വളരെ മയത്തില്‍ തൊഴിലിന്റെ ധൃതിയില്‍ സംസാരിക്കും. പിന്നീട് സൈനിക വേഷങ്ങളിലേക്ക്, ഗ്യാസ് മാസ്‌ക്കുകളിലേക്ക്, ബുള്ളറ്റ് പ്രൂഫ് വേഷങ്ങളിലേക്ക് അവരുടെ വേഷം മാറുന്നു. സൂപ്പര്‍മാര്‍ക്കറ്റും സ്റ്റേജും യുദ്ധക്കളമാകുന്നു. സ്റ്റേജിലെ മണല്‍പ്പെട്ടിയില്‍ കളിസൈനികരും ടാങ്കുകളും ഇരമ്പുന്നു. ലൈവ് കാഴ്ച്ചകളും ആര്‍ക്കൈവ് ശകലങ്ങളും കാഴ്ച്ചയെ തീവ്രതരമാക്കുന്നു.

വാക്കുകള്‍ ഇല്ലാതാവുകയും ഇച്ഛകളും വസ്തുക്കളും കളം നിറയുകയും ചെയ്യുന്ന കാലത്തിന്റെ പരിഛേദമാണ് രംഗത്ത്. സൂപ്പര്‍മാര്‍ക്കറ്റില്‍ ആദ്യനേരത്ത് തെളിയുന്ന എല്‍ ഇ ഡി സ്വാഗതബോര്‍ഡ് നാടകാവസാനം സൈനിക ചെലവുകളും ബജറ്റും കാണിക്കുന്നു. സ്‌ക്രോളിംഗ് സംഭാഷണമായി അതു നിങ്ങിക്കൊണ്ടിരിക്കുന്നു. ഒബ്ജക്റ്റ് തിയേറ്ററില്‍ മനുഷ്യന്‍ അപ്രസക്തമാകുന്ന ഒരു കാലത്തിന്റെ താക്കീതും മുന്നറിയിപ്പുമുണ്ട്. കലയുടെ സൗന്ദര്യം അതിന്റെ സംവേദന തീവ്രതയും എരിഞ്ഞു നീറുന്ന അകപ്പടര്‍പ്പുമാണ്. പുതുകാല ഹിംസയുടെയും സ്വേച്ഛാധികാരത്തിന്റെയും സൈനിക സമ്പദ്ഘടനയുടെയും ശക്തമായ വിമര്‍ശമാണ് അല്ലെ ആര്‍മി.

റിക്കാര്‍ഡോ റീനയാണ് സംവിധായകന്‍. വെളിച്ചവും സംഗീതവും ഡിജിറ്റല്‍ സൂക്ഷ്മതയും സവിശേഷമാണ്. വ്യക്തികളില്‍നിന്ന് വസ്തുക്കളിലേക്ക് നീങ്ങുന്ന പുതിയ തിയേറ്റര്‍ വിനിമയം നമുക്ക് പരിചിതമല്ല. പാവകളിയുടെ വൈവിദ്ധ്യമുള്ള പാരമ്പര്യമുണ്ടെങ്കിലും അതിലെ അദ്ധ്യാരോപങ്ങള്‍ ജന്തുലോകത്തിലേതാണ്. വസ്തുക്കള്‍ നമ്മെ കീഴ്‌പ്പെടുത്തുംവിധം ഭയാനകമായിട്ടുണ്ട് വ്യാപാരമുതലാളിത്തമെന്ന് പറയാന്‍ പുതിയ രംഗഭാഷ തേടുകയായിരുന്നിരിക്കും ഈ ഇറ്റാലിയന്‍ സംഘം. കൗതുകപൂര്‍വ്വം അതു പിന്തുടരാന്‍ ശ്രമിക്കുകയാണ് ഞാന്‍. വ്യത്യസ്തവും ശക്തവുമായ രാഷ്ട്രീയ കലാനുഭവം.

ബേച്ചറ ബിബി

വര്‍ഷങ്ങള്‍ക്കുശേഷം ബ്രതോള്‍ട് ബ്രഹ്ത് അരങ്ങ് ഉഴുതു മറിക്കുന്നതു കണ്ടു. ആകാശങ്ങളില്‍ ഇടി മുഴങ്ങുന്നതു കേട്ടു. മനുഷ്യരുടെ ശബ്ദം എല്ലാറ്റിനും മീതെ ഉയരുമെന്നും ഏകാധിപതികള്‍ നിലംപൊത്തുമെന്നും ഒരിക്കല്‍കൂടി വിശ്വാസമുറച്ചു.

സുമന്‍ മുഖോപാദ്ധ്യായ എന്ന ഇന്ത്യന്‍ സംവിധായകന് ബ്രഹ്തിനെയും ബ്രഹ്തിന്റെ കലാപങ്ങളെയും കയ്യൊഴിയാനാവില്ല. 2002ല്‍ ഗുജറാത്ത് വംശഹത്യയില്‍ പ്രതിഷേധിച്ച് ‘മെഫിസ്റ്റോ’ അരങ്ങിലെത്തിച്ച സംവിധായകനാണ്. ഒരു വ്യാഴവട്ടത്തിനു ശേഷം ബംഗാളിലും ഇന്ത്യയിലും ഭീകരവാഴ്ച്ചയുടെ ശൗര്യമേറിയപ്പോള്‍ മെഫിസ്റ്റോ എന്ന നാസിവിരുദ്ധ നാടകം കാലികമാക്കി കലഹിക്കുന്ന അരങ്ങു കാണിച്ചവനാണ്. ഇപ്പോള്‍ ഇന്ത്യനവസ്ഥയുടെ സംഘര്‍ഷാത്മക രാഷ്ട്രീയ അരങ്ങുകളില്‍ ബ്രഹ്തിന്റെ ഓര്‍മ്മയ്ക്കു വലിയ സന്ദേശം നല്‍കാനുണ്ടെന്ന് സുമന്‍ തിരിച്ചറിയുന്നു.

ബ്രഹ്തിന്റെ നൂറ്റിയിരുപത്തഞ്ചാം ജന്മവാര്‍ഷികമാണ് പിന്നിടുന്നത്. നമ്മള്‍ സംസാരിച്ചില്ലെങ്കില്‍ കാലം നമ്മെ വിഴുങ്ങും. പരാജയഭീതിയില്‍ മൗനം പാലിക്കുന്നവര്‍ എന്നേ പരാജയപ്പെട്ടവരാണ്. ‘ഒരു നെടുവീര്‍പ്പെങ്കിലും അയച്ച് ഈ നിശ്ശബ്ദതയെ ഭഞ്ജിക്കൂ’ എന്ന കവിവാക്യം നമുക്കുമേല്‍ ആജ്ഞയായി പതിക്കണം. സുമന്‍ മുഖോപാദ്ധ്യായയുടെ തിയേറ്റര്‍ ബ്രഹ്തിന്റേതാണ്. ജനങ്ങളുടേതാണ്. കോര്‍പറേറ്റുകളുടെ മൂലധനത്തിനു യാചിച്ചു നില്‍ക്കുന്നവനല്ല സുമന്‍. ജനങ്ങളുടെ മോചനഗാഥ പാടാന്‍ പണക്കൊഴുപ്പില്‍ പണിതെടുക്കുന്ന സാധനസാമഗ്രികള്‍ (പ്രോപ്പര്‍ട്ടി) വേണ്ടെന്ന് ബേച്ചറ ബിബി എന്ന നാടകം ഓര്‍മ്മിപ്പിക്കുന്നു.

രാജ്യത്തെ ബഹുഭൂരിപക്ഷംവരുന്ന തൊഴിലാളികളുടെയും പുറംതള്ളപ്പെട്ടവരുടെയും ശബ്ദത്തിന് വീണ്ടുപിറവി. ‘എല്ലാ സ്വേച്ഛാധിപത്യ ഗവണ്‍മെന്റുകളും ഭയത്തിന്റെയും ഉത്കണ്ഠയുടെയും ഒരു സാഹചര്യം സൃഷ്ടിക്കുന്നു, സംസാരിക്കാതിരിക്കാന്‍ ആളുകളെ നിര്‍ബന്ധിക്കുന്നു. അതിനാല്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കും’ എന്നതാണ് സുമന്റെ നാടകവേദി പറയുന്നത്.

ബേച്ചറ ബിബി (പാവം ബിബി) ഇതിഹാസ നാടകകൃത്തായ ബ്രതോള്‍ത് ബ്രെഹ്റ്റിന്റെ തിരഞ്ഞെടുത്ത രചനകളിലൂടെ ബ്രഹ്തിന്റെ നാടകസങ്കല്‍പ്പങ്ങളിലേക്കും വിമോചനരാഷ്ട്രീയ ബോദ്ധ്യങ്ങളിലേക്കും ധീരമായി നടത്തുന്ന സഞ്ചാരമാണ്. ദി ലൈഫ് ഓഫ് ഗലീലിയോ, മദര്‍ കറേജ് ആന്‍ഡ് ഹര്‍ ചില്‍ഡ്രന്‍, ദി ത്രീപെന്നി ഓപറ, ദ മെഷേഴ്സ് ടേക്കണ്‍, യഹൂദന്റെ ഭാര്യ, എന്നീ നാടകങ്ങളിലൂടെ കടന്നു പോകുന്നു. യഹൂദന്റെ ഭാര്യ എന്ന നാടകം ഇന്ത്യനവസ്ഥയില്‍ മുസല്‍മാന്റെ ഭാര്യയെന്ന് തിരുത്തപ്പെടുമ്പോള്‍ നാടകം സൃഷ്ടിക്കുന്ന നടുക്കവും ക്ഷോഭവും സമകാലിക ഇന്ത്യന്‍ പ്രതിരോധമാകുന്നു.

കൊല്‍ക്കൊത്ത സെന്റര്‍ ഫോര്‍ ക്രിയേറ്റിവിറ്റിയാണ് ഈ നാടകം അരങ്ങിലെത്തിക്കുന്നത്. പ്രശസ്ത നാടക – സിനിമാ സംവിധായകനായ സുമന്‍ മുഖോപാദ്ധ്യായ കലയുടെ പ്രതിരോധലാവണ്യം ഉയര്‍ത്തിപ്പിടിക്കുന്നു. ഹെര്‍ബര്‍ട്, നസര്‍ബന്ദ്, അസമാപ്ത തുടങ്ങിയ പ്രശസ്ത സിനിമകളെല്ലാം അധികാരത്തോട് നിര്‍ദ്ദയം കലഹിച്ചവയാണ്. നാടകമായാലും സിനിമയായാലും പൊതുബോധത്തെ ഉഴുതുമറിക്കുന്ന സര്‍ഗനിഷേധമാണ് സുമന്റെ കല. കഥാപാത്രങ്ങള്‍ സൈനിക ചടുലതയോടെയും ആത്മവീര്യത്തോടെയും ആദ്യന്തം പ്രത്യക്ഷപ്പെടുന്നു. ലളിതവും ശക്തവുമായ രംഗഭാഷ. കലയുടെ സര്‍ഗാത്മക സമരമുഖം.

സ്റ്റുപ്‌റോസ

ശബ്ദത്തിന്റെയും ശരീരത്തിന്റെയും വിങ്ങലും വിതുമ്പലും പൊട്ടിത്തെറിയും അനുഭവിപ്പിക്കുന്ന മരണാനന്തര നേരങ്ങളുടെ ആചാരബദ്ധമായ അനുഷ്ഠാനങ്ങളാണ് സ്റ്റുപ്‌റോസയുടെ വ്യവഹാരപഥം. മരണം അഥവാ ഇല്ലാതാകലോ നഷ്ടമാകലോ ഉണ്ടാക്കുന്ന കഠിനവ്യഥകളുടെ അനുഭവ നാരുകളാണ് കൂടിക്കലരുന്നത്. അടയുന്ന കരച്ചിലും അകവിങ്ങലും ശരീരത്തെയും ശബ്ദത്തെയും ചില ആവര്‍ത്തനക്രമങ്ങളിലൂടെ നടത്തുന്നു. സൂക്ഷ്മങ്ങളായ ഇടച്ചിലുകളിലൂടെ, ക്രമബദ്ധമായ ചുവടുകളിലൂടെ ഉടലും ശബ്ദവും അതിന്റെ ഊര്‍ജ്ജവും ഉണര്‍വ്വും സാവകാശം വീണ്ടെടുക്കുന്നു.

സ്റ്റുപ്‌റോസ പ്രാചീനമായ മന്ത്രസൂത്രങ്ങളും പാരമ്പര്യാനുഷ്ഠാനങ്ങളും സമകാലിക വ്യഥകളും കലരുന്ന സംഘര്‍ഷനിര്‍ഭരമായ അരങ്ങുപാഠമാണ്. ആഴത്തില്‍നിന്ന് വലിച്ചു കയറ്റി സ്വന്തം ഉയിരിനെ വീണ്ടെടുക്കുന്ന അതിജീവന യത്‌നമാണ്. മരണം ആരുടേതാണെങ്കിലും എല്ലാവരുടെയും നഷ്ടമാകുന്നു. വിലാപം ആ വേര്‍പാടിന്റെ ആന്തരികവത്കരണവും വ്യഥയുടെയും ഏകാന്തതയുടെയും ശക്തമായ പുറന്തള്ളലുമാണ്. അത് മൗനശ്രുതികളായി മന്ത്രോച്ചാരണങ്ങളായി, സംഗീതമായി, ഉടല്‍ക്ഷോഭങ്ങളായി വരിഞ്ഞുമുറുകുന്നു. താളാത്മകവും ചടുലവും തീവ്രവുമായ രംഗാഖ്യാനമായി ഫ്രാന്‍സിസ് മാരിലുങ്കെയുടെ സ്റ്റുപ്‌റോസെ അടയാളപ്പെടുന്നു.

ദുഖം സാമൂഹികമാണ്. അതിനാല്‍ ദുഖത്തെ ലഘൂകരിക്കുന്ന സാമൂഹിക സമ്പ്രദായങ്ങളും വൈയക്തിക പ്രകടനങ്ങളും മുമ്പുണ്ടായിരുന്നു. സമീപകാലത്ത് അതിന്റെ സാമൂഹികമാനം ഇല്ലാതാവുകയും വ്യക്തിയിലേക്ക് സാമൂഹിക ഭാരങ്ങള്‍ കുമിയുകയും ചെയ്തു. സമൂഹത്തിന്റെ സൂക്ഷ്മത്തിലേക്ക് എല്ലാ ദുഖവും അടിഞ്ഞുകൂടുന്നു എന്നു പറയാം. അത് കുടഞ്ഞെറിയാന്‍ പുതിയകാലത്ത് പണിപ്പെടുകയാണ് വ്യക്തികള്‍. അത്തരം അലച്ചിലുകളുടെ അനുഷ്ഠാനചര്യയും നടനരൂപവുമായി സ്റ്റുപ്‌റോസ മാറുന്നു. കറുത്ത വേഷമണിഞ്ഞ് മന്ത്രോച്ചാരണം നടത്തുന്ന സ്ത്രീകളുടെ അനുഷ്ഠാനച്ചുവടുകളില്‍ ആരംഭിച്ചു പുരോഗമിക്കുന്ന കളി ഭൂതാവേശിതമായ ഒരു വിലാപോച്ചാടനം അരങ്ങിലെത്തിക്കുകയാവണം.

വളരെ വ്യത്യസ്തവും ആകര്‍ഷകവുമായ അവതരണമാണ് കണ്ടത്. വേഗങ്ങളെ ഉടലിലൊതുക്കിയും തുറന്നുവിട്ടും നിറഞ്ഞു നില്‍ക്കുകയാണ് നാലു സ്ത്രീകള്‍. ഉള്ളുലയ്ക്കുന്നു ഈ കാവ്യാഖ്യാനം.

ഹൗ ടു മേക്ക് എ റെവലൂഷന്‍

ഡോക്യുമെന്ററി നാടകത്തിനും ചിലതു ചെയ്യാനുണ്ട്. ചരിത്രത്തെ ശരിയായി അടയാളപ്പെടുത്താനും വര്‍ത്തമാന സംഘര്‍ഷങ്ങളുടെ വേരും വീറും അറിയാനും ഉതകുന്ന ഒരു ഘടനയുണ്ട് അതിന്. പലസ്തീന്റെ രക്തം ചിന്നുന്ന ദിവസങ്ങളെ അഭിസംബോധന ചെയ്യാന്‍ സമീപ ഭൂതകാലാനുഭവങ്ങള്‍ പുനരാഖ്യാനനം ചെയ്യപ്പെടുന്നു.

ഇസ്രായേലുകാരിയായ ഐനാത്ത് വൈസ്മാന്‍ എന്ന യുവതി പലസ്തീന് ഒപ്പം നില്‍ക്കുന്ന ആക്റ്റിവിസ്റ്റും നാടക പ്രവര്‍ത്തകയുമാണ്. ഹൗ ടു മേക്ക് എ റെവലൂഷന്‍ എന്നത് പലസ്തീന്റെ വിമോചന പോരാളിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഇസാ അമ്രോയുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രമേയമാണ്. പലസ്തീനിലെ മനുഷ്യത്തിന്റെ നിരീക്ഷകനും കാവല്‍ക്കാരനുമായാണ് യു എന്‍ ഇസ്സായെ കാണുന്നത്. ഇസ്രായേലിന്റെ കണ്ണിലാവട്ടെ, അദ്ദേഹം ഭീകര പ്രവര്‍ത്തകനുമാണ്. ഇസ്രായേല്‍ സേന ഇസ്സായെ നിരന്തരം വേട്ടയാടുന്നു. ഇസ്രായേലിന്റെ മിലിട്ടറി കോടതിയില്‍ ഇസ നേരിടേണ്ടിവന്ന വിചാരണയുടെ നാടകപ്പകര്‍പ്പാണ് അരങ്ങില്‍ നാം കാണുന്നത്.

ആഖ്യാനം വളരെ ലളിതവും ഋജുവുമാണ്. വളച്ചുകെട്ടലുകളോ ഭാവനാലീലകളോ ഇല്ല. പലസ്തീനെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റാനുള്ള ശ്രമത്തെ നേരിടുന്ന ഒരാളും കുടില നിയമങ്ങളെ ഭയപ്പെടില്ല. ഇസ്സയുടെ പോരാട്ടവും തടവുശിക്ഷയും ലോകം ശ്രദ്ധിക്കണം. പലസ്തീന്‍ വിമോചനത്തിന് ലോകസമൂഹത്തിന്റെ പിന്തുണയുണ്ടാവണം. ഐനാത്ത് വൈസ്മാന്‍ ആ വഴിക്കുള്ള രാഷ്ട്രീയവും സര്‍ഗാത്മകവുമായ സമരമാണ് നയിക്കുന്നത്. ഇസ്രായേലിന് ലോകരാജ്യങ്ങളുടെ പിന്തുണ നേടിക്കൊടുക്കുന്ന ഒരച്ചുതണ്ട് പ്രബലമാണ്. പലസ്തീനില്‍ ബോംബുവര്‍ഷിച്ച് ഒരു സമൂഹത്തെ ഇല്ലാതാക്കുന്ന വംശഹത്യ നടക്കുമ്പോള്‍ ഇന്ത്യപോലും ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിലെ ഖേദവും അമര്‍ഷവും പൊട്ടിത്തെറിക്കുന്നു.

ആഗോളവത്കരണം ലോക സാമ്പത്തിക ശക്തികളുടെ അക്രാമകമായ അധിനിവേശത്തിലേക്കു നയിച്ച ദിനങ്ങളിലാണ് ഇന്ത്യ ആദ്യമായി ഇസ്രായേലിന് ഔദ്യോഗിക അംഗീകാരം നല്‍കിയത്. കോര്‍പറേറ്റിസം ഫാഷിസമാകുന്ന നാളുകളില്‍ ഇസ്രായേലിന്റെ ഉപജാപ മാഫിയാ കൂട്ടുകെട്ടുകളില്‍ ഇന്ത്യ ലജ്ജയില്ലാതെ പങ്കാളികളാകുന്നു. ഐനാത്തിന്റെ നാടകം നമ്മുടെ നാട്ടില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അതു നമുക്കും നമ്മുടെ കുറ്റകരമായ നിസ്സംഗതക്കും എതിരായ വിചാരണകൂടിയാകുന്നു.

ഒരു ഡോക്യുപ്ലേ ഇത്ര ആവേശകരമായി സ്വീകരിക്കപ്പെടുന്നത് അപൂര്‍വ്വമാണ്. വസ്തുതാഖ്യാനത്തിന് നമ്മുടെ വൈകാരികസ്പന്ദങ്ങളെ ജ്വലിപ്പിക്കാന്‍ സാദ്ധ്യമാകുന്നു. രാഷ്ട്രീയ വിചാരത്തെ വിമോചനയുക്തികളിലേക്കു തുറന്നു വിടാന്‍ പ്രേരണയാകുന്നു. ജീവന്മരണ പോരാട്ടം നടത്തുന്ന ഒരു സമൂഹത്തോട് ഐക്യപ്പെടാന്‍ നാടകം ആഹ്വാനം ചെയ്യുന്നു. തൃശൂരിലെ പ്രേക്ഷകര്‍ എഴുന്നേറ്റു നിന്നാണ് ആത്മാര്‍ത്ഥമായ ഐക്യം ഉറപ്പു നല്‍കിയത്. ആവേശകരമായിരുന്നു ആ രംഗം.

ഫ്യൂഗോ റോജ

ഫ്യൂഗോ റോജോ ചുവന്ന തീയാണ്. അത് ആത്മാവില്‍ വഹിക്കുന്ന ഒരു ജനസമൂഹം ലാറ്റിനമേരിക്കയിലുണ്ട്. ആ ചൂടിലേക്ക് ഇത്‌ഫോക് പ്രേക്ഷകരെ ചിലിയന്‍ നാടകസംഘം കൂട്ടിയണയ്ക്കുന്നു.

യൂറോപ്യന്‍ അധിനിവേശങ്ങള്‍ക്കു ശേഷമുള്ള സൈനികമുന്നറ്റങ്ങളാണ് ലാറ്റിനമേരിക്കയുടെ ചരിത്രം എന്നു സ്ഥാപിക്കാന്‍ പലരും ശ്രമിക്കുന്നു. ആയിരത്താണ്ടുകളുടെ വിഭ്രമാത്മകവും ധീരവുമായ അതിജീവനത്തിന്റെ അനേക ധാരകളുണ്ട്. എല്ലാ കാലത്തും അധിനിവേശങ്ങളോടും അടിമപ്പെടുത്തുന്ന എല്ലാറ്റിനോടും നേര്‍ക്കു നില്‍ക്കാന്‍ പ്രകൃതിയില്‍നിന്ന് ആവാഹിച്ച ഊര്‍ജ്ജമുണ്ടായിരുന്നു. അത് കലയുടെയും സംഗീതത്തിന്റെയും കായികലീലകളുടെയും ആന്തരികശക്തിയായി മാറി. ചിലിയില്‍നിന്നു വന്ന ഫ്യൂഗോ റോജോ എന്ന തിയേറ്റര്‍ അനുഭവം അതു നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

ഒരു ശവപ്പെട്ടിയിലാണ് തുടക്കം. ഭൂതകാലത്തിലേക്കു തുറന്നിട്ട വാതിലാണത്. ഒപ്പം വര്‍ത്തമാനത്തിലേക്കും. ലാ പെറ്റിഗൊല്ലിന എന്ന നാട്ടുനാടക സംഘം സര്‍ക്കസും സംഗീതവും പ്രാചീനമായ ആചാരാനുഷ്ഠാന ശകലങ്ങളും ഇണക്കിയുണ്ടാക്കിയ ഒരു കലാശില്പത്തിലേക്കു പ്രവേശിക്കുകയാണ് നാം. ശവപ്പെട്ടിയില്‍ എല്ലും തലയോടുമുണ്ട്. അവ എടുത്ത് വിശുദ്ധപ്പെടുത്തി വെക്കുന്ന ആചാരം ചില ജനവര്‍ഗങ്ങളിലുണ്ട്. ഇവിടെ എല്ലും തലയോടും അവ സഹിച്ച പീഡാനുഭവങ്ങളിലേക്കും അന്നത്തെ ത്യാഗനിര്‍ഭരമായ അതിജീവനങ്ങളിലേക്കും നമ്മെ ഉടലിളക്കങ്ങളുടെയും രംഗസംവിധാനത്തിന്റെയും സംഗീതേന്ദ്രജാലത്തിന്റെയും അകമ്പടിയോടെ കൊണ്ടുപോകുന്നു. അധിനിവേശങ്ങളുടെ ചരിത്രവും രാഷ്ട്രീയവും ശക്തമായി ധ്വനിക്കുന്നു.

അവര്‍ ബൈബിളുമായി വന്നു. ഞങ്ങള്‍ കണ്ണടച്ചു സ്വീകരിച്ചു. കണ്ണു തുറന്നപ്പോള്‍ ഞങ്ങളുടെ ഭൂമി അവരുടെ കൈവശമായിരുന്നു. ബൈബിള്‍ ഞങ്ങളുടെ കൈയിലും. യൂറോപ്യന്‍ അധിനിവേശത്തിന്റെ ആരംഭം ഇതിലും കൃത്യമായി എങ്ങനെ പറയണം? വാഴ്ത്തുകള്‍ കാപട്യങ്ങളാവുന്നു. മാജിക്കല്‍ റിയലിസം വഞ്ചനയാണ്. ആഗോളവത്കരണം എന്ന വാക്കില്‍ ക്രൂരമായ സാമ്രാജ്യത്വം മാഞ്ഞുപോവില്ല. തുടങ്ങിയ സഹനങ്ങളുടെ രക്തം പുരണ്ട, നെരൂദയുടെ ഉപ്പു പുരണ്ട, അലന്‍ഡെയുടെ സ്വപ്നം കലര്‍ന്ന ചടുല വേഗങ്ങളുടെ ഒരു ഭാവലോകമാണ് ഞാന്‍ കണ്ടത്.

മാച്ചുപിച്ചുവിലേക്ക്, അറക്കേനിയനിലേക്ക്, അറ്റകാമ മാപ്പൂച്ചെ ജനവര്‍ഗങ്ങളിലേക്ക്, ക്ഷോഭവും രക്തവും ചിതറുന്ന, മൃഗങ്ങളും പക്ഷികളും ഭൂതഗണങ്ങളും നിറയുന്ന പ്രാചീനാനുഷ്ഠാനങ്ങളിലേക്ക് കടന്നുപോയി പാരമ്പര്യത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും അകപ്രവാഹങ്ങളെ ആവാഹിച്ചുകൊണ്ടുവരുന്ന മാന്ത്രികസ്പര്‍ശമുള്ള ചുവടുകളാണ് അരങ്ങെഴുതുന്നത്. മണ്ണാണ് വീടും ഭാഷയുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു. അധീശകള്ളങ്ങള്‍ ഏതുടുപ്പിട്ടു വന്നാലും തിരിച്ചറിയാനുള്ള സിദ്ധിയുണ്ടെന്ന് തെളിയിക്കുന്നു.

സംഭാഷണങ്ങളും വിശദീകരണങ്ങളും തീരെ കുറവാണ്. ഉടലും വസ്തുവും വെളിച്ചവും സംഗീതവും ചേര്‍ന്ന് സൃഷ്ടിക്കുന്ന അതിരുകളില്ലാത്ത ഏകഭാഷയിലേക്ക് നാം പ്രവേശിക്കുന്നു. മത ആത്മീയതകളും ഭരണകൂടങ്ങളും ഉടലിനെക്കുറിച്ചും ഉയിരിനെക്കുറിച്ചും സ്ഥാപിച്ച പാഠങ്ങളെ അരങ്ങ് വെട്ടിക്കീറുന്നു. ഉടല്‍ പാപമല്ല സ്വാതന്ത്ര്യമാണെന്ന് ആടി പഠിപ്പിക്കുന്നു. പ്രേക്ഷകര്‍ ഒന്നടങ്കം ആ മാന്ത്രിക അനുഷ്ഠാനത്തിലേക്ക് വഴുതുന്നു. എഴുന്നേറ്റു നിന്നുള്ള മിനിറ്റുകളോളം നീണ്ട കയ്യടി മറ്റൊരു ഇത്‌ഫോക് നാടകത്തിനും ലഭിച്ചിട്ടില്ല. ലാറ്റിനമേരിക്കയും ചിലിയും ഭൂതപരമ്പരകളുടെ അന്തസ്സോടെ കലയുടെ വര്‍ത്തമാനക്കൊടി ഉയര്‍ത്തി പാറിക്കുന്നു.

ഹൗ ലോങ് ഈസ് ഫെബ്രുവരി ?

‘ഹൗ ലോങ് ഈസ് ഫെബ്രുവരി ? എ ഫാന്റസി ഇന്‍ ത്രീ പാര്‍ട്‌സ്’ എന്ന ഡിജിറ്റല്‍ പ്ലേ ഇത്‌ഫോക്കില്‍ കണ്ടു. കോവിഡ് പകര്‍ച്ചവ്യാധി കാലത്ത് തയ്യാറാക്കിയ ഒരു അന്താരാഷ്ട്ര കലാ പദ്ധതിയുടെ നിര്‍വ്വഹണ ഭാഗമാണിത്.

2020 ഫെബ്രുവരിയില്‍ ദില്ലിയില്‍ നടന്ന അതിക്രമങ്ങളും കലാപങ്ങളും പതിനഞ്ചു വര്‍ഷത്തിനുശേഷം എങ്ങനെ വിലയിരുത്തപ്പെടുമെന്ന രാഷ്ട്രീയ വിചാരമാണ് പ്ലേ. നടന്ന യഥാര്‍ത്ഥസംഭവത്തെ സംബന്ധിച്ച സാങ്കല്‍പ്പിക ഭാവി നിശ്ചയങ്ങള്‍ വാസ്തവത്തില്‍ അധികാരത്തെയും നിഷ്‌ക്രിയത്വത്തെയും എങ്ങനെ കീറിമുറിക്കുമെന്ന് അരങ്ങില്‍ കാണിക്കുന്നു. നാടകം രംഗാവതരണത്തില്‍നിന്ന് സ്‌ക്രീനിംഗിലേക്ക് മാറുമ്പോള്‍ രൂപപരമായഒരു വിച്ഛേദമുണ്ടാകുന്നു. ഇതു നാടകമോ എന്ന സന്ദേഹവും ആക്ഷേപവും ഉയരാം. പാന്‍ഡമിക് കാലത്തെ തിയേറ്ററിന് പുതുമാതൃകകള്‍ സൃഷ്ടിക്കാതെ കഴിയില്ലായിരുന്നു. ഒപ്പം ബഹുമാദ്ധ്യമ തലത്തിലേക്ക് തുറന്നു കിടന്ന സാദ്ധ്യതകളെ കോവിഡാനന്തര കലാ രാഷ്ട്രീയ പ്രയോഗങ്ങളായി വികസിപ്പിക്കുക എന്നതും ക്വബിലയുടെ അന്വേഷണമായിരുന്നിരിക്കും.

ദില്ലി കലാപം എന്തായിരുന്നുവെന്ന്, വിഭജനങ്ങളുടെയും വിവേചനങ്ങളുടെയും ഹിംസയുടെയും രക്തം ദില്ലിയെയും രാജ്യത്തെയും വിഴുങ്ങുമ്പോള്‍ ഡിജിറ്റലായ ഒരു ഡോക്യുമെന്ററിപ്ലേ തുറന്നു കാണിക്കുന്നു. അതിനാല്‍ നാടകം അതുള്‍ക്കൊണ്ട വിമോചന രാഷ്ട്രീയത്തിന്റെ പേരില്‍ ഇക്കാലത്ത് കൊണ്ടാടപ്പെടണം. കിഴക്കന്‍ ദില്ലിയില്‍ കലാപത്തിനിരയായവരെ ഓര്‍ക്കുമ്പോള്‍ ഭരണകൂടത്തിന്റെ നീതി കിട്ടാതെ ചവിട്ടിമെതിക്കപ്പെട്ട, ക്രൂരമായി ബലിനല്‍കപ്പെട്ട രാജ്യത്തെങ്ങുമുള്ള അനേകരുടെ ഓര്‍മ്മയുണരും.

നാടകത്തില്‍ ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളുണ്ട്. ഒരു ബഹുഭാഷാ ശില്പമാണ് അരങ്ങില്‍. മാപ്പിളപ്പാട്ടിന്റെ ശീലില്‍ ചരിത്രം വരയ്ക്കപ്പെടുന്നു. ബഹുസ്വര സമൂഹത്തിന്റെ ഐക്യവും സ്‌നേഹവും പൊതു ഓര്‍മ്മകളും നിലനിര്‍ത്തുകയും ആഘോഷിക്കപ്പെടുകയും വേണം. ക്വബിലയുടെ നാടകപ്രവര്‍ത്തനത്തില്‍ ആ പ്രതിബദ്ധതയുണ്ട്. നിഷ അബ്ദുള്ളയുടെ നേതൃത്വം നിരന്തരമായ സ്വാതന്ത്ര്യാന്വേഷണവും സ്വാഭിമാന ജീവിതതൃഷ്ണയും ഉയര്‍ത്തിപ്പിടിക്കുന്നു. അറുപതു മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൗ ലോങ് ഈസ് ഫെബ്രുവരി ഏതു ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്ന ചര്‍ച്ചഉയര്‍ത്തിയേക്കാം. നമ്മുടെ പരിചിത നാടക സങ്കല്‍പ്പത്തിനു പുറത്താണ് അതിന്റെ ആഖ്യാനനില. ഡിജിറ്റല്‍ പ്ലേ അതിന്റെ പ്രമേയത്തില്‍ ശക്തവും ലക്ഷ്യവേധിയുമാണെന്നത് കാഴ്ച്ചയുടെ അനുഭവം. ആ ആഹ്ലാദമേ ഇവിടെ പങ്കുവെക്കാനുള്ളു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply