ജനാധിപത്യവും (അ)രാഷ്ട്രീയകൊലകളും

ചെറിയ ഒരിടവേളക്കുശേഷം കേരളത്തില്‍ വീണ്ടും രാഷ്ട്രീയത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ അരങ്ങേറുകയാണോ? കഴിഞ്ഞ ദിവസങ്ങളില്‍ ചാവക്കാടും പാലക്കാടും തിരുവല്ലയിലുമൊക്കെ നടന്ന അറുംകൊലകള്‍ നല്‍കുന്ന സൂചന മറ്റെന്താണ്? മൂന്നിടത്തും കൊലചെയ്യപ്പെട്ടത് സിപിഎം പ്രവര്‍ത്തകരായിരുന്നു. കൊന്നത് എസ് ഡി പി ഐ, ബി ജെ പി പ്രവര്‍ത്തകരും. ഇത്തരത്തില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ വളരെ ഭീതിദമായ അവസ്ഥയിലേക്കായിരിക്കും കേരളം നീങ്ങുന്നതെന്ന് പറയാതിരിക്കാനാവില്ല.

വാസ്തവത്തില്‍ രാഷ്ട്രീയകൊലപാതകമെന്ന പദം അര്‍ത്ഥശൂന്യമാണ്. ജനാധിപത്യസംവിധാനത്തില്‍ അത്തരമൊരു പദത്തിന് ഒരു സാംഗത്യവുമില്ല. ജനാധിപത്യസംവിധാനത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ടത് ഭരണത്തിലൂടേയും സമരത്തിലൂടേയും സംവാദങ്ങളിലൂടേയുമാണ്. കൊലപാതകങ്ങളിലൂടെയല്ല. മുമ്പ് കേരളത്തില്‍ ചില രാഷ്ട്രീയകൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. നക്‌സലൈറ്റുകള്‍ ചില ജന്മികളെ ഉന്മൂലനം ചെയ്ത സംഭവങ്ങളാണ് ഉദ്ദേശിക്കുന്നത്. അതവരുടെ പ്രഖ്യാപിത രാഷ്ട്രീയ പരിപാടിയായിരുന്നു. നിലവിലെ ജനാധിപത്യസംവിധാനത്തെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും അതിനെ സായുധമായി അട്ടിമറിക്കുകയാണ് ലക്ഷ്യമെന്നും പ്രഖ്യാപിച്ചാണ് അവര്‍ ആ കൊലകള്‍ നടത്തിയത്. ആ അര്‍ത്ഥത്തില്‍ അവ രാഷ്ട്രീയ കൊലപാതകങ്ങളാണ്. അത് ശരിയോ തെറ്റോ എന്നത് വേറെ ചോദ്യം. ജനാധിപത്യത്തിലൂടെയല്ലാതെ ഒരു സാമൂഹ്യമാറ്റം സാധ്യമാണെന്നു വിശ്വസിക്കുന്നവര്‍ ഏതു ലോകത്താണ് ജീവിക്കുന്നത് എന്നു ചോദിക്കാതിരിക്കാനാവില്ല. അവരുടെ പിന്‍ഗാമികളായ മാവോയിസ്റ്റുകളും അതേ പാതയിലാണ്. എങ്കിലും കേരളത്തില്‍ അവര്‍ കൊലപാതകങ്ങളൊന്നും നടത്തിയിട്ടില്ല. പകരം അവരെ നിയമവിരുദ്ധമായി കൊന്നുകളയുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്.

കേരളത്തില്‍ ഈ കൊലകള്‍ നടത്തുന്ന ആരും കൊലപാതകങ്ങളോ സായുധസമരമോ തങ്ങളുടെ രാഷ്ട്രീയപരിപാടിയായി പ്രഖ്യാപിച്ചിട്ടില്ല. അപ്പോള്‍ പിന്നെ അവര്‍ നടത്തുന്ന കൊലപാതകങ്ങള്‍ എങ്ങനെയാണ് രാഷ്ട്രീയകൊലകളാകുന്നത്. ഒരു സംശയവുമില്ല, തികച്ചും അരാഷ്ട്രീയമായ കൊലകളാണ് കേരളത്തില്‍ അരങ്ങേറുന്നത്. വര്‍ഗ്ഗീയ കലാപങ്ങളിലും മറ്റും പുറകിലാണെങ്കിലും ഈ അരാഷ്ട്രീയകൊലകളിലും സംഘട്ടനങ്ങളിലും കേരളം ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണെന്നതാണ് വസ്തുത. അവയാകട്ടെ നമ്മുടെ കലാലയങ്ങളില്‍ നിന്നുതന്നെ ആരംഭിക്കുന്നു. തികച്ചും ജനാധിപത്യവിരുദ്ധമായ സംഘടനാ പ്രവര്‍ത്തനമാണ് മിക്കവാറും കോളേജുകളില്‍ നടക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അതേസമയം മിക്ക പാര്‍ട്ടികളും ഇത്തരം കൊലകള്‍ നടത്തിയിട്ടുണ്ടെങ്കിലും രാഷ്ട്രീയനിലപാടുകളില്‍ ഇപ്പോഴും കാപട്യം കൊണ്ടുനടക്കുന്നവരാണ് ഇത്തരം കൊലപാതകങ്ങളില്‍ മുന്നില്‍ എന്നതു ശ്രദ്ധേയമാണ്. സംസ്ഥാനത്ത് കൊലപാതകങ്ങള്‍ ആരംഭിക്കുന്നതില്‍ തീര്‍ച്ചയായും കോണ്‍ഗ്രസ്സിനു പ്രധാന പങ്കുണ്ട്. പല കൊലകളും അവര്‍ ചെയ്തിട്ടുമുണ്ട്. അപ്പോഴും കോണ്‍ഗ്രസ്സ്, ലീഗ്, സിപിഐ, കേരള കോണ്‍ഗ്രസ്സ് പോലുള്ള പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ വളരെ പുറകിലാണെന്നു കാണാം. മറുവശത്ത് കൊലപാതകങ്ങളില്‍ മുന്നില്‍ സിപിഎമ്മും ബിജെപിയും തന്നെ. സമീപകാലത്തായി എസ് ഡി പി ഐയും ആ നിരയിലുണ്ട്. കുറച്ചുകാലമായി പല പ്രവര്‍ത്തകരും കൊല ചെയ്യപ്പെട്ടിട്ടും പകരം കൊല ചെയ്യാനായി സിപിഎം തയ്യാറാകുന്നില്ല എന്നത് സ്വാഗതാര്‍ഹമാണ്. അപ്പോഴും ഇത്തരമൊരവസ്ഥയില്‍ കേരളത്തെ എത്തിച്ചതില്‍ അവര്‍ക്കുള്ള പങ്ക് ചെറുതല്ല. അതാകട്ടെ എത്രയോ തവണ ഭരണത്തിനു നേതൃത്വം കൊടുത്ത പാര്‍ട്ടിയും. അടുത്ത കാലത്തുതന്നെ പെരിയയില്‍ നടന്ന ക്രൂരമായ ഇരട്ടകൊലയില്‍ നിന്ന് പാര്‍ട്ടി നേതാക്കളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചിലവാക്കിയത് കോടികളാണല്ലോ. എന്നിട്ടും കാസര്‍ഗോട്ടെ പ്രമുഖ നേതാവുപോലും പ്രതിസ്ഥാനത്താണ്. അദ്ദേഹത്തെ പ്രതിപട്ടികയില്‍ ചേര്‍ത്തതിനെതിരെ പാര്‍ട്ടി പ്രകടനം നടത്തുന്നു. ബിജെപിയാകട്ടെ കുറെ വര്‍ഷങ്ങളായി രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുമാണ്.

(അ)രാഷ്ട്രീയ കൊലകളില്‍ മുന്നിലുള്ള ഈ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയപരിപാടികളില്‍ ഒളിച്ചുവെച്ചിരിക്കുന്ന കാപട്യത്തെ കുറിച്ചു പറഞ്ഞല്ലോ. അതുതന്നെയാണ് ഏറ്റവും ഗൗരവപരമായ പ്രശ്‌നം. ജനാധിപത്യത്തെ അംഗീകരിക്കുന്നവര്‍ക്ക് ഇത്തരം കൊലകള്‍ നടത്താനാവില്ല എന്നു പറഞ്ഞല്ലോ. എന്നാല്‍ ഈ പ്രസ്ഥാനങ്ങള്‍ അതംഗീകരിക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. തീര്‍ച്ചയായും മൂന്നു കൂട്ടരും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നുണ്ട്. സിപിഎം കേരളവും ബംഗാളുമൊക്കെ ഭരിച്ചിട്ടുണ്ട്. ബിജെപി രാജ്യവും. എസ് ഡി പി ഐ തദ്ദേശ സ്ഥാപനങ്ങളെങ്കിലും ഭരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ ആത്യന്തിക രാഷ്ട്രീയ ലക്ഷ്യം എന്താണെന്നു പരിശോധിക്കണം. അവിടെയാണ് കാപട്യം ഒളിച്ചുവെച്ചിരിക്കുന്നത്. മൂന്നു കൂട്ടരുടേയും ലക്ഷ്യം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള സര്‍വ്വാധിപത്യ രാഷ്ട്രമാണ്. ഒരു കൂട്ടര്‍ കമ്യൂണിസമാണ് ലക്ഷ്യം വെക്കുന്നത്. അത്തരമൊരു ലക്ഷ്യത്തിലും അതിനുള്ള മാര്‍ഗ്ഗത്തിലും ജനാധിപത്യത്തിന് എന്തു സ്ഥാനം? ഒരു സ്ഥാനവുമില്ല എന്നതിന് കഴിഞ്ഞ നൂറ്റാണ്ടിലെ ലോകചരിത്രം സാക്ഷി. അതില്‍ നിന്നു പാഠം പഠിച്ച് തെറ്റുതിരുത്താന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല എന്നതിന് അവരുടെ പരിപാടിയും ഭരണഘടനയുമൊക്കെ സാക്ഷി. സിപിഐ ജനാധിപത്യത്തിലൂടെ സോഷ്യലിസമെന്നു പറയുമ്പോള്‍ സിപിഎം ഇപ്പോഴും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തേയും അതിന്റെ മുന്നണിപോരാളികളായ തങ്ങളുടെ പാര്‍ട്ടിയെ കുറിച്ചുമാണ് പറയുന്നത്. അതിനുള്ള ശക്തിയില്ലാത്തതിനാല്‍ തന്ത്രപരമായി ഇവിടത്തെ ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുന്നു എന്നു മാത്രം. മറുവശത്ത് മതരാഷ്ട്രം ലക്ഷ്യം വെക്കുന്നവര്‍ക്ക് ജനാധിപത്യത്തില്‍ ഒരു വിശ്വാസവുമില്ല എന്നതിന് കൂടുതല്‍ വിശദീകരണം ആവശ്യമില്ലല്ലോ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനാധിപത്യത്തില്‍ സത്യസന്ധമായി വിശ്വസിക്കാതിരിക്കുകയും തങ്ങളുടെ ലക്ഷ്യം നേടാനുള്ള ഒരു തന്ത്രമായി മാത്രം അതിനെ കാണുകയും ചെയ്യുന്നവര്‍ക്ക് ഇത്തരം കൊലപാതകങ്ങള്‍ നിഷിധമാകില്ലല്ലോ. മാവോയിസ്റ്റുകള്‍ തങ്ങളുടെ ലക്ഷ്യവും മാര്‍ഗ്ഗവുമൊക്കെ സത്യസന്ധമായി വിളിച്ചുപറയുമ്പോള്‍ ഇവര്‍ അതുചെയ്യാതെ ജനങ്ങളെ വഞ്ചിക്കുകയാണ്. അതിനാലാണ് ഈ പാര്‍ട്ടികള്‍ക്ക് രഹസ്യപ്രവര്‍ത്തനവും പരസ്യപ്രവര്‍ത്തനവും സാധ്യമാകുന്നത്. ജനാധിപത്യത്തില്‍ രഹസ്യപ്രവര്‍ത്തനങ്ങള്‍ക്കോ ആയുധപരിശീലനത്തിനോ എന്തു പ്രസ

ക്തിയാണുള്ളത്? എന്നാല്‍ ഇവര്‍ക്ക് വളരെ പരിശീലനം നേടിയ സേനകള്‍ തന്നെയുണ്ട്. ഇവര്‍ നടത്തുന്ന കൊലകളുടെ രീതിതന്നെ അത് വിളിച്ചു പറയുന്നു. മാത്രമല്ല വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് ഓരോ കൊലയും നടക്കുന്നത്. പലപ്പോഴും കൊല ചെയ്യുന്നവരാകില്ല ജയിലില്‍ പോകുന്നത്. അതിനുള്ളവര്‍ വേറെയുണ്ടാകാം. കൊലയാളികളേയും കൊലചെയ്യപ്പെട്ടവരുടേയും കുടുംബങ്ങളുടെ സംരക്ഷണമൊക്കെ ഉറപ്പാണ്. അടുത്തകാലത്തായി ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായവും തേടുന്നുണ്ട്. ഈ പാര്‍ട്ടികളില്‍ നിലനില്‍ക്കുന്ന കേഡര്‍ സംവിധാനവും ജനാധിപത്യത്തിനു അനുയോജ്യമല്ല. പല നിറത്തിലുള്ള യൂണിഫോമുകള്‍ ധരിച്ച വളണ്ടിയര്‍മാരും അവരുടെ റൂട്ട് മാര്‍ച്ചുകളുമൊക്കെ സമഗ്രാധിപത്യ പ്രസ്ഥാനങ്ങളുടെ സ്വഭാവങ്ങളാണ്. പാര്‍ട്ടിക്കുവേണ്ടി ജീവിതം മാറ്റി വെക്കുന്ന മുഴുവന്‍ സമയപ്രവര്‍ത്തകരുടെ കാര്യവും അങ്ങനെ തന്നെ. അങ്ങനെ കുറെ പേര്‍ മുഴുവന്‍ സമയം ചെയ്യേണ്ടതല്ല, എല്ലാവരും ഭാഗഭാക്കാകേണ്ടതാണ് ജനാധിപത്യത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനം. ജനാധിപത്യത്തിലെ പാര്‍ട്ടികള്‍ക്ക് രഹസ്യങ്ങളോ ജനങ്ങളില്‍ നിന്നു മറച്ചുവെക്കേണ്ടതോ ആയ ഒന്നുമുണ്ടാവരുത്. പാര്‍ട്ടിയുടെ ബാരവാഹികളേയും ജനപ്രതിനിധികളേയും തെരഞ്ഞെടുക്കുന്നതില്‍ പോലും ജനാഭിപ്രായം ആരായുകയാണ് വേണ്ടത്. മറ്റു പല പാര്‍ട്ടി പ്രവര്‍ത്തകരും കൊലകള്‍ നടത്താറുണ്ടെങ്കിലും അവ ഇത്രമാത്രം ആസൂത്രിതമല്ല. അതിനായി ശക്തമായ സംവിധാനമൊന്നും അവര്‍ക്കുള്ളതായി അറിയില്ല. അപ്പോഴും ഈ പ്രവണത ജനാധിപത്യത്തിനു വെല്ലുവിളിയാണ്. നൂറു ശതമാനവും അവസാനിപ്പിക്കേണ്ട പ്രവണതയുമാണ്. ഈ പ്രസ്ഥാനങ്ങളുടെ ശൈലി പിന്തുടര്‍ന്ന് കോണ്‍ഗ്രസ്സിനേയും കേഡര്‍ പാര്‍ട്ടിയാക്കാനുള്ള നീക്കം കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ കൂടുതല്‍ കലുഷിതമാക്കുകയേ ഉള്ളു എന്നതാണ് വസ്തുത.

നിര്‍ഭാഗ്യവശാല്‍ അതിശക്തമായ പ്രതിരോധമൊന്നും ഈ വിഷയത്തില്‍ കേരളത്തില്‍ ഉയരുന്നില്ല എന്നതാണ് വസ്തുത. സ്വന്തം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമാണ് പ്രതിഷേധമുയരുന്നത്. അഴിക്കോടന്‍ രാഘവന്‍, ടി പി ചന്ദ്രശേഖരന്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍, അഭിമന്യു, ഷുഹൈബ്, സുധീഷ്, ഷുക്കൂര്‍, ഫസല്‍ തുടങ്ങി അപൂര്‍വ്വം ചിലര്‍ കൊല്ലപ്പെട്ടപ്പോള്‍ മാത്രമാണ് പൊതുസമൂഹത്തില്‍ നിന്ന് കാര്യമായ പ്രതിഷേധം ഉയര്‍ന്നത്. പൊതുവില്‍ ഇതെല്ലാം രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന പൊതുബോധമാണ് നിലനില്‍ക്കുന്നത്. തങ്ങള്‍ പ്രതിരോധിക്കുകയാണെന്നാണ് ഓരോരുത്തരുടേയും അവകാശവാദം. .എന്നാല്‍ നടക്കുന്നത് കൃത്യമായി പ്ലാന്‍ ചെയ്ത കൊലപാതകങ്ങളാണ്. . ഇത്തരത്തില്‍ പ്രതിരോധിക്കാന്‍ ജനാധിപത്യത്തിലും അതിന്റെ ഭാഗമായ നീതിന്യായ സംവിധാനത്തിലും വിശ്വസിക്കുന്ന ഏതെങ്കിലും പാര്‍ട്ടിക്ക് അവകാശമുണ്ടോ? കുറ്റവാളികളെ പിടികൂടി ശിക്ഷിക്കാന്‍ പോലീസും കോടതിയുമടക്കമുള്ള സംവിധാനം പിന്നെന്തിനാണ്? മുകളില്‍ സൂചിപ്പിച്ചപോലെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല എന്നതാണ് അടിസ്ഥാനകാരണം. മാത്രമല്ല, ഇത്തരത്തില്‍ കൊലപാതകങ്ങളിലൂടെ ഏതെങ്കിലും പ്രസ്ഥാനത്തെ തകര്‍ക്കാന്‍ പറ്റിയതായി ലോകചരിത്രത്തില്‍ കാണുമോ? ഇല്ല. സത്യത്തില്‍ ഇതിലൂടെ പരസ്പരം വളര്‍ത്തുകയാണ് ഇവര്‍ ചെയ്യുന്നത് എന്നാണ് തിരിച്ചറിയേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply