ദല്‍ഹി : ദുരിത വൈവിധ്യങ്ങളുടെ തലസ്ഥാന നഗരി

എം മുകുന്ദന്റെ ‘ദല്‍ഹി ഗാഥകള്‍’ എന്ന നോവലിനെ ആസ്പദമാക്കിയുള്ള പഠനം. ചരിത്രത്തിന്റെ ഓര്‍മ്മകളാല്‍ വര്‍ത്തമാനം അട്ടിമറിക്കപ്പെടേണ്ടതുണ്ടെന്ന സര്‍ഗാത്മക ആഹ്വാനമാണ് നോവലിന്റെ ചാലക ശക്തി. ആകുലമായ സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇന്നിത് ഏറെ പ്രസക്തം.

‘Those who don’t know history are destined to repeate it’ – Edmund Burke

രാജാക്കന്മാരുടെയും ഭരിക്കുന്നവരുടേതുമായിരുന്ന ചരിത്രം ജനാധിപത്യത്തിന്റേതായ ആകാര സവിശേഷതകള്‍ ആര്‍ജ്ജിച്ചു തുടങ്ങിയിട്ട് അധികമായിട്ടില്ല. ചരിത്രത്തിന്റെ ജനാധിപത്യവല്‍ക്കരണം ഇന്നും പരിണാമ പാതയിലുമാണ്. അത്തരമൊരു സാഹചര്യത്തില്‍ സാമാന്യജനതയുടെ ചരിത്ര വ്യവഹാരങ്ങളെ സര്‍ഗ്ഗരൂപത്തില്‍ ആവിഷ്‌കരിക്കാനുള്ള ശ്രമമാണ് എം മുകുന്ദന്‍ ദല്‍ഹി ഗാഥകള്‍ എന്ന നോവലിലൂടെ നടത്തുന്നതെന്ന് സാമാന്യമായി പറയാം. ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സാക്ഷ്യം വഹിച്ച തലസ്ഥാനനഗരിയാണ് ഇതിനുള്ള പശ്ചാത്തലമായി രചയിതാവ് തിരഞ്ഞെടുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നുചേര്‍ന്ന് നഗരത്തിന്റെ ആവാസവ്യവസ്ഥയില്‍ കലര്‍ന്നു ജീവിക്കുന്ന ബഹുസ്വര സമൂഹത്തിന്റെ സംഘര്‍ഷങ്ങള്‍ അതിന്റെ എല്ലാ വൈവിധ്യങ്ങളോടും കൂടി നോവലില്‍ ആവിഷ്‌കരിക്കപ്പെടുന്നതായി കാണാം.
രാജ്യത്തെ പിടിച്ചുകുലുക്കിയ സംഭവപരമ്പരകള്‍ ദല്‍ഹിയിലെ ജനജീവിതത്തിന്മേല്‍ ഏല്‍പ്പിക്കുന്ന ചെറുതും വലുതുമായ ആഘാതങ്ങളിലൂടേയും അതില്‍നിന്നുള്ള അതിജീവന ശ്രമങ്ങളിലൂടെയുമാണ് ഈ രചന വികസിക്കുന്നത്.

 

 

 

 

 

 

 

 

1959 ല്‍ തന്റെ ഇരുപതാം വയസ്സില്‍, ദല്‍ഹിയില്‍ തൊഴിലന്വേഷിച്ചെത്തിയ സഹദേവനാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. ദല്‍ഹിയില്‍ കുടിയേറിയ ആളും തൊഴിലാളി സംഘടനാ നേതാവുമായ ശ്രീധരനുണ്ണിയാണ് സഹദേവനെ ദല്‍ഹിയിലേക്ക് ക്ഷണിക്കുന്നത്. എന്നാല്‍ സഹദേവന്‍ അവിടെയെത്തി കാലമേറെയെത്തുന്നതിനു മുന്‍പ് ശ്രീധരനുണ്ണി മരണപ്പെടുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള യുദ്ധം ഏല്‍പ്പിച്ച വൈകാരിക ആഘാതമാണ് ഇടതുപക്ഷ വിശ്വാസിയായ ശ്രീധരനുണ്ണിയുടെ ഹൃദയം തകര്‍ക്കുന്നത്. ചൈനയുമായി ഉണ്ടായ യുദ്ധത്തിന് ശേഷം രണ്ടു വര്‍ഷം തികയുന്നതിനു മുന്‍പ് പാകിസ്ഥാനുമായും യുദ്ധമുണ്ടാകുന്നുണ്ട്.
ഈ യുദ്ധങ്ങള്‍ ഭരണസിരാകേന്ദ്രമെന്ന നിലയില്‍ ദല്‍ഹിയെ സാരമായി ബാധിക്കുന്നു. ആളുകള്‍ മുറിയില്‍ സദാനേരവും ലൈറ്റണച്ചിരിക്കുകയും ആകാശത്തുനിന്നു പതിക്കുന്ന ബോംബുകളില്‍ നിന്നു രക്ഷനേടാന്‍ കിടങ്ങുകള്‍ കുഴിക്കുകയും ചെയ്യുന്ന ദല്‍ഹിയാണ് പിന്നീട് ദൃശ്യമാകുന്നത്.

യുദ്ധകാലം ഒരു രാജ്യത്തെ മനുഷ്യരെയൊക്കെ ഒന്നുപോലെ ബാധിക്കുകയും ഒന്നാക്കി നിര്‍ത്തുകയും ചെയ്യുകയാണ് സാധാരണനിലയില്‍ സംഭവിക്കുക. എന്നാല്‍ ഇവിടെ സ്ഥിതി മറിച്ചാണ്. മുസ്ലിമായതിന്റെ പേരില്‍ നിരവധി ഇന്ത്യന്‍ പൗരന്മാരെ രാജ്യത്തിന്റെ തന്നെ സുരക്ഷാ സേനകള്‍ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന കാഴ്ച്ചക്കാണ് യുദ്ധകാല ദല്‍ഹി സാക്ഷ്യം വഹിക്കുന്നത്. ചായ വിറ്റു ജീവിക്കുന്ന മനുഷ്യര്‍ പോലും പാക്കിസ്താന്‍ ചാരനെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് യുദ്ധം സംജാതമാക്കിയത്. വര്‍ത്തമാനകാല ഇന്ത്യയില്‍ ഭരണകൂട ആശിര്‍വാദത്തോടെ തുടരുന്ന ന്യൂനപക്ഷ വിരുദ്ധതയുടെ മുന്‍കാല മുകുളങ്ങളായും ഇതിനെ കണക്കാക്കാവുന്നതാണ്. മുസ്ലിം ഇതര ജനവിഭാഗങ്ങള്‍ക്കു നേരെയും യുദ്ധകാല സവിശേഷതകളിലൊന്നായ മനുഷ്യാവകാശലംഘനങ്ങള്‍ തീവ്രമായിത്തന്നെ അരങ്ങേറുന്നുണ്ട്. അവരില്‍ കൂടുതലും സാധാരണക്കാരാണ് എന്ന വസ്തുത തള്ളിക്കളയാനാവുന്നതല്ല. യുവ കലാകാരനായ വാസു, സ്വന്തമായി സ്ത്രീധനം സമ്പാദിക്കാനായി ദല്‍ഹിയില്‍ വന്നു ശരീരം വില്‍ക്കുന്ന റോസക്കുട്ടി, ശ്രീധരനുണ്ണിയുടെ ഏകമകനായ സത്യനാഥന്‍ എന്നിവര്‍ ഈ നിലയില്‍ പോലീസ് പിടിയിലാകുന്നവരാണ്. തെരുവില്‍ പ്രത്യക്ഷപ്പെട്ടു എന്ന ഒരേയൊരു കാരണത്താലാണ് അവര്‍ തടവിലാക്കപ്പെട്ടത്. അവരെ ഒരുമിപ്പിക്കുന്ന ഒരേയൊരു ഘടകം പ്രത്യക്ഷമായ ദാരിദ്ര്യവുമാണ്. രാജ്യത്തിലെ തന്നെ സാമാന്യജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ ഭരണകൂടം നടത്തുന്ന യുദ്ധകാല അധിനിവേശങ്ങളുടെ നേര്‍ ചിത്രങ്ങളായാണ് നോവലില്‍ ഇവ വിവരിക്കപ്പെടുന്നത്.

 

 

 

 

 

 

 

 

നമുക്ക് പാകിസ്ഥാനെയും പാക്കിസ്ഥാന് നമ്മളെയും യുദ്ധം ചെയ്യാന്‍ ആവശ്യമുണ്ടെന്ന സഹദേവന്റെ ആത്മഗതം യുദ്ധങ്ങളെ സംബന്ധിച്ചുള്ള രചയിതാവിന്റെ തന്നെ അഭിപ്രായങ്ങളുടെ ചുരുക്കെഴുത്താണ്. ‘രാജാവിനെതിരെ ജനവികാരമുണ്ടാകുമ്പോള്‍ അതിര്‍ത്തിയില്‍ യുദ്ധമുണ്ടാകുന്നത് രാജ തന്ത്രമാണ്’ എന്ന ഒ.വി വിജയന്റെ വാക്കുകള്‍ ഈ രചനാസന്ധിയോടും വര്‍ത്തമാനകാല രാജ്യ സാഹചര്യങ്ങളോടും ഒരുപോലെ ചേര്‍ത്തുവായിക്കാവുന്നതാണ്. ഗ്രാമങ്ങളിലെ പട്ടിണിമരണങ്ങള്‍, വരള്‍ച്ച, പകര്‍ച്ചവ്യാധികള്‍ എന്നിവയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കെയാണ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. യുദ്ധം വളരെയെളുപ്പം മേല്‍പ്പറഞ്ഞ ആഭ്യന്തര വൈരുധ്യങ്ങളെയെല്ലാം റദ്ദ് ചെയ്യുകയും അയല്‍പക്ക വൈരാഗ്യത്തിലേക്ക് നിര്‍ബന്ധിതമായ ശ്രദ്ധാകര്‍ഷണം നടത്തുകയും ചെയ്യുന്നു. ‘രാജ്യ സ്‌നേഹത്തിന് ഇടയ്ക്കിടെ യുദ്ധങ്ങള്‍ ആവശ്യമാണ് മനുഷ്യസ്‌നേഹമാണെങ്കില്‍ എല്ലാ യുദ്ധങ്ങള്‍ക്കും എതിരാണ്. അപ്പോള്‍ ഏത് സ്‌നേഹമാണ് വലുത്’ എന്ന സഹദേവന്റെ തന്നെ വാക്കുകള്‍ യുദ്ധങ്ങളുടെ അര്‍ത്ഥശൂന്യതയും മനുഷ്യവിരുദ്ധതയും അടിവരയിടുന്നതായി കാണാം.

യുദ്ധത്തിനുശേഷം കടുത്ത ക്ഷാമമാണ് രാജ്യത്തെ കാത്തിരുന്നത്. സമ്പന്നരെ ഒഴികെ മറ്റെല്ലാ മനുഷ്യജീവിതങ്ങളേയും അത് സാരമായി തന്നെ ബാധിച്ചു. ശ്രീധരനുണ്ണി യുടെ ഭാര്യയായ ദേവി ചന്തയില്‍ ഉപേക്ഷിക്കപ്പെട്ട പച്ചക്കറിക്കായി രാത്രിയില്‍ തിരച്ചില്‍ നടത്തുന്ന ദൃശ്യം നോവലില്‍ കാണാം. അതുപോലെ തന്നെ രാത്രിയില്‍ മകന്റെ പ്രായമുള്ള അപരിചിതര്‍ വാതിലില്‍ മുട്ടി അവള്‍ക്കായി വിലപേശുന്നതും. യുദ്ധവും അതേ തുടര്‍ന്നുള്ള സാമ്പത്തിക അസന്തുലിതാവസ്ഥകളും മനുഷ്യരുടെ ആത്മാഭിമാനത്തെ ചവിട്ടിയരക്കുന്നതിന്റെ നേര്‍ചിത്രങ്ങളായി ഇവയെ പരിഗണിക്കാവുന്നതാണ്. പഞ്ചാബിലെ ഗുരുദ്വാരകളില്‍ നിന്ന് ദിനവും ദാനമായി ലഭിച്ചിരുന്ന ആഹാരം കഴിച്ച് വിശപ്പു മാറ്റിയിരുന്ന വാസുവിന് പഞ്ചാബ് വിടേണ്ടി വരുന്നതും വിശപ്പിന്റെ ആഴം കൂട്ടുന്ന ദല്‍ഹിയിലെ വിശപ്പില്‍ അലയേണ്ടിവരുന്നതും യുദ്ധത്തിന്റെ പരിണിത ഫലങ്ങള്‍ കൊണ്ടുതന്നെയാണ്. സഹദേവന്റെ പിതാവ് മരണക്കിടക്കയില്‍ കിടന്ന് പറയുന്ന വാക്കുകളില്‍ ഒരു ജനതയുടെ നിസ്സഹായത നിഴലിക്കുന്നുണ്ട്. ‘ഞാന്‍ പോകാ, ഒരാളുടെ ചെലവ് കൊറഞ്ഞല്ലോ’ എന്നാണ് ആ വൃദ്ധന്‍ തന്റെ അന്ത്യമൊഴിയായി പറയുന്നത്. രാജ്യത്തെ യാകെ മൂടിനില്‍ക്കുന്ന നിസ്സഹായതയുടെ വാഗ്മയീകരണങ്ങള്‍ തുടര്‍ന്ന് നോവലില്‍ കാണാം. ‘ദില്ലിയിലെ ആടുകളുടെ സ്വപ്നം അറവു കത്തി കഴുത്തിലാടുന്നതിനു മുന്‍പ് പരുത്തിക്കുരു ഇട്ട് കലക്കിയ പിണ്ണാക്കാണ്’- എന്ന വാചകങ്ങളില്‍ തെളിഞ്ഞുനില്‍ക്കുന്നത് സ്വപ്നങ്ങളെ അതിന്യൂനമാക്കുന്ന ദാരിദ്ര്യ തീവ്രതയാണ്.

കുഞ്ഞികൃഷ്ണന്‍ എന്ന പത്രപ്രവര്‍ത്തകനാണ് ഈ നോവലില്‍ ശക്തവും വസ്തുനിഷ്ഠവുമായ രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറഞ്ഞു കാണുന്നത്. മധ്യപ്രദേശിലെ ആദിവാസി കുഞ്ഞുങ്ങള്‍ വിശപ്പ് സഹിക്കവയ്യാതെ മണ്ണ് വാരി തിന്നുന്ന വാര്‍ത്ത ‘വിശപ്പിന്റെ റിപ്പബ്ലിക്’ എന്ന പേരില്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുഞ്ഞികൃഷ്ണന്റെ തുടരെഴുത്തുകളും ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവയാണ്. ‘മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും ഗ്രാമങ്ങള്‍ കാലാകാലങ്ങളായി മാറാതെ നില്‍ക്കുന്നു. മഹാത്മാഗാന്ധി കണ്ടതായ അതേ ഗ്രാമങ്ങളാണ് ജവഹര്‍ലാല്‍നെഹ്‌റു കണ്ടത്. നെഹ്‌റു കണ്ടതായ അതേ ഗ്രാമങ്ങളാണ് ഇപ്പോള്‍ ഇന്ദിരാഗാന്ധി കാണുന്നതും. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ ഘടികാരങ്ങള്‍ക്ക് സൂചികള്‍ ഇല്ല’ – എന്ന് കുഞ്ഞികൃഷ്ണന്‍ എഴുതുമ്പോള്‍ സമകാലിക സാഹചര്യങ്ങളും അവയുടെ ചരിത്രപരമായ തുടര്‍ച്ചയും സംവ്യക്തമാണ്. മനുഷ്യര്‍ തെരുവുകളില്‍ ഉറങ്ങുകയും അതേ തെരുവില്‍ വിസര്‍ജിക്കുക യും ചെയ്യുന്ന ദല്‍ഹിയുടെ ആന്തരിക വൈരുദ്ധ്യങ്ങളെ ഏറ്റവുമധികം തിരിച്ചറിയുന്ന കഥാപാത്രവും ഈ നിലയില്‍ കുഞ്ഞികൃഷ്ണന്‍ തന്നെയായിരിക്കും. താജ്മഹലും കുത്തബ്മിനാറും കാണാനെന്ന പേരില്‍ എത്തുന്ന വിദേശികള്‍ക്കു മുന്‍പില്‍ ദല്ലാളുകള്‍ വിളമ്പുന്ന ആദിവാസികളുടെ ബാലികാശരീരങ്ങളുടെ നേര്‍ചിത്രങ്ങള്‍ അറിയാനിടവന്നിരുന്നെങ്കി ല്‍ രാജ്യ മനസാക്ഷിയെ ചോദ്യംചെയ്യാന്‍ അയാളുടെ പേനതുമ്പ് അനുസ്യൂതം ചലിക്കുമായിരുന്നെന്നതും തീര്‍ച്ചയാണ്.

അടിയന്തരവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ദേവിയുടെ മകള്‍ വിദ്യയെ കാണാതാകുന്നത്. ഉന്നതജാതിയില്‍ ഉള്‍പ്പെടുന്ന ഒരു യുവാവുമായി ദിവ്യ പ്രണയത്തിലായിരുന്നു. വീട് കയറിയുള്ള ഭീഷണിക്ക് ശേഷവും വിദ്യ ആ ബന്ധത്തില്‍ നിന്ന് പിന്മാറാതെ വന്നപ്പോഴാണ് കാമുകന്റെ കുടുംബം അവളെ തട്ടിക്കൊണ്ടു പോവുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നത്. ജാതീയതയുടെ അനേകം ഉദാഹരണങ്ങള്‍ നോവലില്‍ കാണാവുന്നതാണ് കലാകാരനെന്ന നിലയില്‍ വാസു ഉയര്‍ന്ന ശേഷവും ഇടനിലക്കാരനായ ഹരിലാല്‍ ശുക്ല വാസുവിന്റെ ജാതിയെ പ്രതി ഉത്കണ്ഠാകുലനാകുന്നതായി കാണാം. വാസു അയാളുടെ ജാതി വെളിപ്പെടുത്തിയിരുന്നില്ല എന്നതാണ് ഹരിലാലിന്റെ സംശയങ്ങള്‍ക്ക് കാരണം. വാസു അവര്‍ണ്ണനായതിനാലാണ് തന്റെ ജാതി മറച്ചുവയ്ക്കുന്നത് എന്ന അനുമാനത്തിലാണ് അയാള്‍ എത്തിച്ചേരുന്നത്. തെരുവില്‍ വെച്ച് തൂപ്പുകാരിയെ സ്പര്‍ശിച്ച ശേഷം ഓടിക്കിതച്ചെത്തി കുളിച്ചു ശുദ്ധി വരുത്തുന്ന ഹരിലാല്‍ ശുക്ല ദല്‍ഹിയെ ആകമാനമായി ബാധിച്ചു നില്‍ക്കുന്ന ജാതി ബോധത്തിന്റെ പ്രതീകമാണ്. എന്നാല്‍ മലയാളികളായ സഹദേവനും വാസുവും സവര്‍ണര്‍ ആയിരുന്നിട്ടു പോലും സ്വജാതി പ്രസിദ്ധപ്പെടുത്താതിരിക്കുകയും വിവേചനരഹിതമായി സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതായും കാണാം. ദാരിദ്ര്യം നല്‍കുന്ന ഒരുമയും അന്യ ദേശത്തിന്റെ അപരിചിതത്വവും അവരുടെ പുരോഗമന ദര്‍ശനങ്ങളെ ഉറപ്പിച്ചു നിര്‍ത്തുന്ന ഘടകങ്ങളായിരുന്നിരിക്കണം.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ തിരോധാനങ്ങളുടെ നൈരന്തര്യത്തിനാണ് തലസ്ഥാനം സാക്ഷിയായത്. അടിയന്തരാവസ്ഥ തിരോധാനങ്ങളുടെ കൂടി അവസ്ഥയായിരുന്നു എന്നാണ് നോവല്‍ പറയുന്നത്. വിദ്യയുടെ തിരോധാനം തിരോധാന പ്രവാഹങ്ങളില്‍ അപ്രസക്തമാക്കപ്പെട്ടു. ദല്‍ഹിയില്‍ കാണാതെ പോകുന്നവരെ കണ്ടെത്തണമെങ്കില്‍ അവര്‍ സ്വയം തിരിച്ചുവരിക മാത്രമേ വഴിയുള്ളൂ എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരുന്നു. പത്രപ്രവര്‍ത്തകരും ബുദ്ധിജീവികളും അധ്യാപകരും സാഹിത്യകാരന്മാരുമായിരുന്നു അപ്രത്യക്ഷമായവരില്‍ ഏറിയ പങ്കും. കുഞ്ഞി കൃഷ്ണനും, അദ്ദേഹത്തിന്റെ സുഹൃത്തും പ്രമുഖ വിപ്ലവകാരിയായ കുഞ്ഞിക്കണ്ണനും അപ്രത്യക്ഷമായവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ മറവില്‍ നിരവധി ഒഴിപ്പിക്കലുകള്‍ ദല്‍ഹിയിലാകെ നടന്നു. പലയിടങ്ങളും തച്ചു തകര്‍ക്കപ്പെട്ടു. അതില്‍ സഹദേവന്‍ വളരെ കാലമായി കെട്ടിപ്പടുത്ത ബിസിനസ് സ്ഥാപനവും ഉണ്ടായിരുന്നു. നിരവധി മനുഷ്യരാണ് അടിയന്തരാവസ്ഥക്കാലത്ത് നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരായത്. അതില്‍ യുവാക്കളും കൗമാരക്കാരും പോലുമുണ്ടായിരുന്നു. നിര്‍ബന്ധിത വന്ധ്യംകരണം എതിര്‍ക്കാന്‍ പുറപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സത്യനാഥന്‍ പിടിക്കപ്പെടുകയും വന്ധ്യംകരിക്കപ്പെടുകയും ചെയ്യുകയുണ്ടായി. അടിയന്തരാവസ്ഥയ്‌ക്കൊ ടുവില്‍ നിരവധി മനുഷ്യര്‍ അനധികൃത കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. കുഞ്ഞിക്കണ്ണന്‍ മാഷ് ഇത്തരത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരാളായി മാറി. കുഞ്ഞികൃഷ്ണന് ഇരുകൈകളുടെയും ശേഷി നഷ്ടപ്പെട്ടു.

അടിയന്തരാവസ്ഥയ്ക്കുശേഷം ദല്‍ഹിയെ ഇളക്കി മറിച്ചത് ഇന്ദിരാ ഗാന്ധിയുടെ കൊലപാതകമാണ്. നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരായവര്‍ പോലും ഒരു മാത്രയില്‍ അതെല്ലാം മറന്ന് ആവേശത്തള്ളിച്ചയിലേക്ക് കൂപ്പുകുത്തി. അവര്‍ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി സിക്കുകാരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് ആക്രമണം അഴിച്ചുവിട്ടു. അതിനും അവര്‍ക്ക് തുണയായത് ഇന്ത്യയിലെ മറ്റ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു സമാനമായി കണക്കെടുപ്പ് രേഖകളാണ്. (കാനേഷുമാരി കണക്കെടുപ്പ്) നിരവധി മനുഷ്യര്‍ ആ കലാപത്തില്‍ കൊല്ലപ്പെട്ടു. ശേഷിച്ചവര്‍ പലായനം ചെയ്യുകയോ സ്വന്തം രൂപം മാറ്റുകയോ ചെയ്തു. മൂന്നു ദിവസത്തിനുള്ളില്‍ ഏകദേശം ആറായിരം സിക്കുകാരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ വാസുവും ഉണ്ടായിരുന്നു. അയാള്‍ സിഖുകാരനെന്നു തെറ്റിദ്ധരിക്കപ്പെട്ടാണ് കൊലചെയ്യപ്പെട്ടത്. വാസുവിന്റെ സാമൂഹ്യ അവബോധത്തിന്റെ കുറവു തന്നെയാണ് അയാളെ മരണത്തിലും കൊണ്ടെത്തിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തുന്ന വാസു, ഗൃഹനാഥനായ ലളിതയോട് കുഞ്ഞികൃഷ്ണന്‍ ഫോണ്‍ ചെയ്യാറില്ലേ എന്ന് ചോദിക്കുന്നുണ്ട്. അത്രയും തുച്ഛമായ സാമൂഹിക ബോധം മാത്രമേ അയാള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. അതീവ സര്‍ഗാത്മകനായ അയാള്‍ മുഴുവന്‍ സമയവും തന്റെ ബൗദ്ധിക വ്യവഹാരങ്ങളില്‍ ആയിരുന്നു താനും. കലാപത്തിന്റെ ഗൗരവത്തെക്കുറിച്ചോ തന്റെ ജീവന്റെ പ്രാധാന്യത്തെക്കുറിച്ചു തന്നെയോ അജ്ഞനായിരുന്ന അയാള്‍ ഭൗതിക യാഥാര്‍ത്ഥ്യങ്ങളുടെതന്നെ ഇരയായിത്തീര്‍ന്നു.

ഇതിനെല്ലാമൊടുവില്‍ മനുഷ്യര്‍ കല്ലുകള്‍ക്കിടയില്‍ പുല്ലുകള്‍ എന്നപോലെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഒരു വക്കീല്‍ ഓഫീസില്‍ ടൈപ്പിങ്ങ് സ്റ്റാഫായി ജോലി നോക്കിയിരുന്ന സഹദേവന്‍ പിന്നീട് മുന്‍പരിചയമുള്ള ഒരു തൊഴിലുടമയുടെ സഹായത്താല്‍ മെച്ചപ്പെട്ട ജോലി കരസ്ഥമാക്കി. റോസിലി നാട്ടിലേക്ക് തിരിച്ചു പോവുകയും ആഗ്രഹിച്ച വിധം ജീവിതം ആരംഭിക്കുകയും ചെയ്തു. ലളിതയുടെ സഹായത്താല്‍ കുഞ്ഞികൃഷ്ണന്‍ എഴുത്ത് തുടര്‍ന്നു. സത്യനാഥന്റെ ജീവിതം അഭിവൃദ്ധി പ്രാപിച്ചു. കുഞ്ഞിക്കണ്ണന്‍ മാഷിന്റെ മകളുടെ മകളും ജെഎന്‍യു വിദ്യാര്‍ത്ഥിയായിരുന്ന ജാനകിക്കുട്ടി ഇറോം ശര്‍മിളക്കൊപ്പമുള്ള ചിത്രമായി പത്രത്തില്‍ പ്രത്യക്ഷപ്പെട്ടു. ആദര്‍ശങ്ങളെല്ലാം വെടിഞ്ഞുള്ള മകന്റെ അഭിവൃദ്ധികളിലും ജീവിതസൗകര്യങ്ങളിലും പക്ഷേ ദേവിക്കു പൊരുത്തപ്പെട്ടില്ല. അറിയപ്പെടുന്ന ഒരു കലാകാരനായി മാറിയിട്ടും, സൗകര്യങ്ങള്‍ ഏറിയിട്ടും അവയൊന്നും തന്നെ ചേര്‍ത്തുനിര്‍ത്താനാവാതിരിരുന്ന വാസുവിനെതിന്റേതിന് സമാനമായിരുന്നു ദേവിയുടെ അവസ്ഥ. അവര്‍ സ്വന്തം തീരുമാനപ്രകാരം നാട്ടിലേക്ക് തിരിച്ചു. സഹദേവന്‍ തന്റെ ദല്‍ഹി ജീവിതം ഏകാന്തനായി തന്നെ തുടര്‍ന്നു. വാര്‍ദ്ധക്യത്തില്‍ എഴുതി പൂര്‍ത്തിയാക്കി സഹദേവന്‍ എം മുകുന്ദനെ ഏല്‍പ്പിച്ച നോവലാണ് നിങ്ങള്‍ വായിക്കുന്നത് എന്നാണ് നോവലിന്റെ ഒടുവില്‍ രചയിതാവ് മുന്നോട്ടുവയ്ക്കുന്ന കല്‍പ്പന.

സമകാലിക മനുഷ്യാവസ്ഥകളുടെ മുന്‍പില്‍ അവതരിപ്പിക്കപ്പെടുന്ന പൂര്‍വ്വകാല ദുരിതങ്ങളുടെ ഓര്‍മപ്പെടുത്തലാണ് ദല്‍ഹിഗാഥകളില്‍ വായിച്ചെടുക്കാനാവുക. ചരിത്രം വികാരരഹിതമായ വിവരണങ്ങങ്ങളാകരുതെന്ന താക്കീതായും ഈ നോവലിനെ മനസ്സിലാക്കാവുന്നതാണ്. ചരിത്രബോധമില്ലാത്ത ജനതയാണ് ചരിത്രത്തിലെ ശരികേടുകള്‍ സമാന രൂപത്തില്‍ ആവര്‍ത്തിക്കുക. അക്രമാസക്തമായ ആള്‍ക്കൂട്ടവും ദാരിദ്ര്യത്തിന്റെ നാനാത്വവും പതിറ്റാണ്ടുകള്‍ക്കു മുന്‍പേ ഇന്ത്യന്‍ വ്യവഹാരങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു. അവയെല്ലാം അതേപടി മറ്റൊരു രൂപത്തില്‍ ഇന്നും തുടരുകയുമാണ്. ‘അധികാരത്തിനെതിരെയുള്ള സമരമെന്നാല്‍ മറവിക്കെതിരെയുള്ള ഓര്‍മ്മകളുടെ സമരമാണെ’ന്ന മിലന്‍ കുന്ദേരയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. ചരിത്രത്തിന്റെ ഓര്‍മ്മകളാല്‍ വര്‍ത്തമാനം അട്ടിമറിക്കപ്പെടേണ്ടതുണ്ടെന്ന സര്‍ഗാത്മക ആഹ്വാനം ദല്‍ഹി ഗാഥകള്‍ നോവലിന്റെ ചാലക ശക്തിയായിത്തീരുകയും ചെയ്യുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply