അടിയന്തരാവശ്യം സ്മാര്‍ട്ട് റൂമകളല്ല, മനുഷ്യത്വമാണ്.

പണം ചിലവഴിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചോ സ്മാര്‍ട്ട് റൂമുകള്‍ ഉണ്ടാക്കിയോ ഒന്നും പരിഹരിക്കാവുന്നതല്ല നമ്മുടെ യഥാര്‍ത്ഥ പ്രതിസന്ധി. ആദ്യപടി ഡോക്ടറായാലും അധ്യാപകനായാലും മറ്റാരായാലും മനുഷ്യരാകുക എന്നതാണ്, മനുഷ്യത്വമുണ്ടാകുക എന്നതാണ്, സഹജീവികളോട് സ്‌നേഹമുണ്ടാകുക എന്നതാണ് – പൊതുമേഖലയായാലും സ്വകാര്യമേഖലയായാലും. അതില്ലാത്തതിന്റെ പ്രതിസന്ധിയാണ് കേരളം ഇപ്പോള്‍ നേരിടുന്നത്.

കേരളത്തെ കുറിച്ചുള്ള പൊങ്ങച്ചവും കാപട്യവും നിറഞ്ഞ അവകാശവാദങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷികളാണ് ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പൊതുവിദ്യാലയങ്ങളെല്ലാം ഹൈടെക്കായി എന്നവകാശപ്പെട്ടുള്ള പ്രചാരണത്തില്‍ വിശ്വസിച്ചായിരിക്കും അവര്‍ തങ്ങളുടെ മകളെ ഈ വര്‍ഷം ആ വിദ്യാലയത്തില്‍ ചേര്‍ത്തത്. സംഭവിച്ചതോ? മലയാളി എപ്പോഴും പുച്ഛിക്കുന്ന യുപിയില്‍ പോലും നടക്കാത്ത വിധം ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിക്കുക. കുട്ടിയും കൂട്ടുകാരികളും കരഞ്ഞു പറഞ്ഞിട്ടും പിതാവ് വരുന്നതുവരെ കുട്ടിയെ അവിടെതന്നെ ഇരുത്തുക. അതിനുശേഷം ആരോഗ്യമേഖലയില്‍ ഒന്നാം സ്ഥാനത്തെന്നവകാശപ്പെടുന്ന സംസ്ഥാനത്ത് നാലു ആശുപത്രികളിലെത്തിയിട്ടും ചികിത്സ ലഭിക്കാതെ കുഞ്ഞു മരിക്കുക. ഇതൊക്കെയാണോ നമ്പര്‍ വണ്‍ സംസ്ഥാനത്തിന്റെ ലക്ഷണങ്ങള്‍?
ക്ലാസ് മുറിയില്‍വച്ചു പാമ്പുകടിയേറ്റ് മകളെ ആശുപത്രിയില്‍ എത്തിക്കാന്‍ താന്‍ സ്‌കൂളില്‍ എത്തുന്നതുവരെ കാത്തിരുന്നത് ഗുരുതര വീഴ്ചയാണെന്ന് ഷഹ്ല ഷെറിന്റെ പിതാവ് അഡ്വ. അസീസ് പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. മുറിവേറ്റ ഭാഗം നീലിച്ചതായി കണ്ടപ്പോള്‍ തന്നെ പാമ്പു കടിയേറ്റതാണെന്ന് തനിക്ക് വ്യക്തമായിരുന്നു എന്നുമദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും ആരോപണവിധേയനായ സയന്‍സ് അധ്യാപകനും അതു മനസ്സിലാകാതിരിക്കാന്‍ സാധ്യതയില്ലല്ലോ. മുറിവിനുമീതെ കെട്ടുകയും ചെയ്തിരുന്നു. എന്നിട്ടും ഒന്നര കിലോമീറ്ററകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല എന്നതില്‍ നിന്നാരംഭിക്കുന്നു തെറ്റുകള്‍. പിന്നീട് സംഭവിച്ചത് അതിനേക്കാള്‍ ഭീകരമായ സംഭവങ്ങളായിരുന്നു. ആദ്യമെത്തിയ അസംപ്ഷന്‍ ആശുപത്രിയില്‍ ആന്റിവെനം ഇല്ലാത്തതിനാല്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെ ആന്റിവെനം ഉണ്ടായിരുന്നു. പക്ഷേ, നല്‍കിയില്ല എന്നതായിരുന്നു കുഞ്ഞിന്റെ മരണം ഉറപ്പാക്കിയത്. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ കുഞ്ഞു ജീവിച്ചിരിക്കില്ല എന്നു മനസ്സിലാക്കാന്‍ എം ബി ബി എസൊന്നും പഠിക്കേണ്ട കാര്യമില്ല. അക്കാര്യം മനസ്സിലാക്കിയ കുട്ടിയുടെ പിതാവ് ആന്റിവെനം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും റിസ്‌ക്ക് ഏറ്റെടുത്തു കൊള്ളാം എന്നു ഉറപ്പു നല്‍കിയിട്ടും നല്‍കിയില്ല. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതരമായ കൃത്യവിലോപം തന്നെയാണ്. അവിടെ ചികിത്സിക്കുമ്പോള്‍ ഉണ്ടാകുന്ന റിസ്‌കും മണിക്കൂറുകള്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന റിസ്‌കും താരതമ്യം ചെയ്താല്‍ റിസ്‌ക് കുറഞ്ഞത് ഏതാണെന്നു ആര്‍ക്കും എളുപ്പം മനസ്സിലാകും. എന്നാല്‍ ഡോക്ടര്‍ക്കത് മനസ്സിലായില്ല. മനസ്സിലായിട്ടുണ്ടെങ്കില്‍ തന്നെ ചെയ്തില്ല.
കേരളത്തിലെ വിദ്യാഭ്യാസമേഖലയും ആരോഗ്യമേഖലയും നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്നതിനു പ്രതീകങ്ങളാണ് ആ അധ്യാപകനും ആ ഡോക്ടറും. കോടികള്‍ ചിലവഴിച്ച് കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയും സ്മാര്‍ട്ടാക്കിയുമൊന്നും നമ്മുടെ വിദ്യാഭ്യാസ – ആരോഗ്യമേഖലകള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. അതിനേക്കാള്‍ അനാരോഗ്യകരമായ പ്രവണതയാണ് യുപിയും മറ്റ് പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത് പൊങ്ങച്ചം വിളിച്ചു പറയുന്നത്. ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടുതന്നെ നമ്മുടെ പ്രാഥമിക വിദ്യാഭ്യാസമേഖലയും ആരോഗ്യമേഖലയും മുന്നില്‍ തന്നെയാണ്. ദേശീയപ്രസ്ഥാനവും നവോത്ഥാന മുന്നേറ്റങ്ങളും മിഷണറി പ്രവര്‍ത്തനങ്ങളും ഇടതുപക്ഷ പ്രവര്‍ത്തനവുമൊക്കെ അതിനു കാരണമാണ്. കേരളപിറവിക്കുശേഷം മാറി മാറി ഭരിച്ച ഇരുമുന്നണികളും അക്കാര്യത്തില്‍ സംഭാവനകള്‍ നല്‍കിയിട്ടുമുണ്ട്. എന്നാല്‍ അതെല്ലാം പ്രാഥമികതലത്തില്‍ തന്നെ ഒതുങ്ങി എന്നതുവേറെ കാര്യം. ഗുണകരമായ ഉന്നതവിദ്യാഭ്യാസം ലഭിക്കണമെങ്കില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനം വിട്ടുപോകേണ്ട ഗതികേടാണ്. ആരോഗ്യരംഗത്തും പ്രാഥമികമായ നേട്ടങ്ങള്‍ നേടിയെന്നല്ലാതെ നവീനമായ ജീവിതചര്യരോഗങ്ങളാല്‍ രോഗാതുരമായ സമൂഹമായി നാം മാറികഴിഞ്ഞിരിക്കുന്നു. അതിനിടയില്‍ ഇരുമേഖലകളിലും നേടിയ പ്രാഥമിക നേട്ടങ്ങളില്‍ പോലും നാം പുറകോട്ടുപോയി. ഒരു വശത്ത് സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത വിഭാഗങ്ങളായി സര്‍ക്കാര്‍ അധ്യാപകരും ഡോക്ടര്‍മാരും മാറി. മറുവശത്ത് കേരളത്തിലെ ഈ രണ്ടു മേഖലകളും രാജ്യത്തെ തന്നെ ഏറ്റവും കച്ചവടവല്‍ക്കരിക്കപ്പെട്ട മേഖലകളായി മാറി. അക്കാര്യത്തിലും ഇരുമുന്നണികളും തങ്ങളുടെ പങ്കുവഹിച്ചു. സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കൊള്ളയടിക്കാനുള്ള മേഖലകളായി നമ്മുടെ വിദ്യാഭ്യാസ – ആരോഗ്യ മേഖലകള്‍ മാറി. പൊതുമേഖലക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്നവരും ചികിത്സക്കും സ്വന്തം കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്വാകാര്യ മേഖലയെ തന്നെ ആശ്രയിച്ചു. പൊതുമേഖല ഏറെക്കുറെ തകര്‍ന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇതിന്റെ ഭീകരത പൊതുസമൂഹത്തിനും പ്രസ്ഥാനങ്ങള്‍ക്കും ബോധ്യമായത്. അതിന്റെ പ്രതിഫലനമാണ് ഇരുമേഖലകളേയും കുറിച്ച് സമീപകാലക്ക് കേള്‍ക്കുന്ന വാചാടോപങ്ങള്‍. ഇരുമേഖയിലേയും പ്രാഥമികരംഗത്ത് കോടികളാണ് സര്‍ക്കാര്‍ ചിലവഴിക്കുന്നത്. എന്നാല്‍ പണം ചിലവഴിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചോ സ്മാര്‍ട്ട് റൂമുകള്‍ ഉണ്ടാക്കിയോ ഒന്നും പരിഹരിക്കാവുന്നതല്ല നമ്മുടെ യഥാര്‍ത്ഥ പ്രതിസന്ധി. പൊതുമേഖലോടുള്ള അന്ധമായ വിധേയത്വവും ഗുണം ചെയ്യില്ല. ഈ സംഭവങ്ങളുണ്ടായത് സ്വകാര്യസ്ഥാപനങ്ങളിലായിരുന്നു എങ്കില്‍ നാമവ അടിച്ചു തകര്‍ക്കുമായിരുന്നു. പൊതുമേഖലക്ക് ഒരു പരിധിവരെ മാപ്പുനല്‍കുന്ന മനോഭാവം വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആദ്യപടി ഡോക്ടറായാലും അധ്യാപകനായാലും മറ്റാരായാലും മനുഷ്യരാകുക എന്നതാണ്, മനുഷ്യത്വമുണ്ടാകുക എന്നതാണ്, സഹജീവികളോട് സ്‌നേഹമുണ്ടാകുക എന്നതാണ് – പൊതുമേഖലയായാലും സ്വകാര്യമേഖലയായാലും. അതില്ലാത്തതിന്റെ പ്രതിസന്ധിയാണ് കേരളം ഇപ്പോള്‍ നേരിടുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply