അമേരിക്കയിലെ ‘സ്വാമി നാരായണ മന്ദിര്‍’ എന്ന സവര്‍ണ്ണ ഹിന്ദുക്ഷേത്ര നിര്‍മ്മാണത്തിന് ഇന്ത്യന്‍ ദളിത് അടിമകള്‍….?

കന്നുകാലികളെക്കാള്‍ തുച്ഛമായ വിലക്ക് വില്പനയ്ക്ക് വയ്ക്കപ്പടുന്ന സ്ത്രീകളും പെണ്‍കുട്ടികളും ഉത്തരേന്ത്യയില്‍ അടിമ ജീവിതം തുടരുന്നു. മോഷ്ടിച്ചത് എന്നര്‍ഥം വരുന്ന ‘പാറോ’ എന്ന പേരില്‍ വിളിക്കപ്പെടുന്ന ഇവരെ വെറും പതിനായിരം രൂപക്ക്, അല്ലെങ്കില്‍ വീട്ടുകാരുടെ ദാരിദ്ര്യം അനുസരിച്ച് ഏറ്റവും കുറഞ്ഞ തുകക്കും കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. എല്ലാ വിധത്തിലുമുള്ള ചൂഷണങ്ങള്‍ക്കും ഉപയോഗപ്പെടുത്തലുകള്‍ക്കും വിധേയപ്പെട്ട് ഏറ്റവും ക്രൂരമായ അടിമജീവിതം.

ഇന്ത്യയില്‍ അപപ്രദേശവത്കരണത്തിന്റെ (Deterritorialization) ഇരകളായി ഇടുങ്ങിയ ലോകത്തേക്ക് തള്ളിത്താഴ്ത്തപ്പെട്ട് ഭരണകൂടത്തിന്റെ അനുഭാവപൂര്‍വമായ നോട്ടങ്ങള്‍ പോലുമില്ലാതെ ലോകത്തിന്റെ മറുകരയില്‍ ജീവിക്കേണ്ടി വരുന്നവര്‍ക്ക് ചരിത്രം രക്തം ചീറ്റുന്ന മുറിവുകളുടെയും ചൂഷണങ്ങളുടെയും ആവര്‍ത്തനം മാത്രമായി അനുഭവപ്പെടും. ആഗ്രഹങ്ങള്‍ വിലക്കപ്പെട്ട അടിമവര്‍ഗത്തിന് വിമോചനത്തിന്റെ സ്വപ്നം പോലും കാണാന്‍ അനുവാദമില്ല. അധികാരവ്യവസ്ഥയുടെ അധാര്‍മികവും അവിഹിതവുമായ ക്രയവിക്രയങ്ങള്‍ ഇന്ത്യന്‍ ദളിത് ഓരവാസികളെ അഴുക്കുചാലില്‍ തള്ളി വിടുന്ന വാര്‍ത്തകള്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്.

എണ്ണമറ്റ സഹനങ്ങളിലൂടെ നിത്യവും കടന്നുപോയ, മനുഷ്യക്കടത്തില്‍ വഞ്ചിക്കപ്പെട്ട കുറെ ഇന്ത്യന്‍ ദളിത് അടിമകളുടെ ആന്തരികവ്യഥകളുടെ നിലവിളികളാണ് ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് കേള്‍ക്കുന്നത്. അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ കെട്ടിപ്പൊക്കിയ ‘സ്വാമി നാരായണ മന്ദിര്‍’ എന്നറിയപ്പെടുന്ന ഘോരത വിളിച്ചോതുന്ന അതിഭീമന്‍ സവര്‍ണ്ണ ഹിന്ദുക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത് ഇന്ത്യന്‍ ദളിത് അടിമകളെയെന്ന് റിപ്പോര്‍ട്ട്. BAPS (Bochasanwasi Akshar Purushottam Swaminarayan Sanstha) എന്നറിയപ്പെടുന്ന സവര്‍ണ്ണ ഹിന്ദു സംഘടനയാണ് ഈ ക്ഷേത്ര നിര്‍മാണം നിര്‍വഹിക്കുന്നത്. ‘സ്വാമി നാരായണ മന്ദിര്‍’ എന്ന പേരില്‍ ഇങ്ങനെ ഏകദേശം 1100 ക്ഷേത്രങ്ങള്‍ ലോകവ്യാപകമായി ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ടത്രേ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അമേരിക്കയിലെ ക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി വന്‍തോതില്‍ ദളിത് അടിമകളെ ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോയി ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനകം 200 ദളിത് അടിമ തൊഴിലാളികളെ മൃഗസമാനമായി പണിയെടുപ്പിച്ചതിന് അമേരിക്കന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ് ബി ഐ) നടപടി സ്വീകരിച്ചുവരികയാണ്.. 162 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന, നിഗൂഢതകളും രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്ന അളന്നു തീര്‍ക്കുവാന്‍ കഴിയാത്ത നിര്‍മ്മാണച്ചിലവ് വരുന്ന പടുകൂറ്റന്‍ ക്ഷേത്രത്തിന്റെ നിര്‍മ്മിതിക്കാണ് ഇന്ത്യയില്‍ നിന്ന് ദളിതരെ അടിമ സമാനമായി ഉപയോഗിച്ചിരിക്കുന്നത്.

ആര്‍ വണ്‍ (R-1) എന്ന സന്നദ്ധ സേവന പ്രവര്‍ത്തനത്തിനുള്ള വിസ ഉപയോഗിച്ചാണത്രേ ക്ഷേത്രനിര്‍മ്മാണത്തിന് ഇന്ത്യയില്‍നിന്ന് ദളിത് അടിമകളെ അമേരിക്കയിലെത്തിച്ചത്. ഏറ്റവും തുച്ഛമായ അടിമക്കൂലി, ഒരു മണിക്കൂറിന് 1.2 ഡോളര്‍, എന്ന നിലയില്‍ ദിവസം 12 മണിക്കൂറോളം
പിഡാകരമായ, ഏറ്റവും കഠിനമായ ജോലികള്‍ക്ക് അവര്‍ നിര്‍ബന്ധിതരായി. അതായത് 450 ഡോളര്‍ മാത്രമാണ് പ്രതിമാസം ഈ 12 മണിക്കൂര്‍ അടിമപ്പണിക്ക് നല്‍കിവന്നത്. അതില്‍ 50 ഡോളര്‍ മാത്രമാണ് പണമായി കൊടുത്തിരുന്നത്. ബാക്കി അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. അവര്‍ക്ക് ക്ഷേത്രസമുച്ചയത്തില്‍ നിന്ന് പുറത്തുപോകാനോ മറ്റുള്ളവരുമായി ബന്ധപ്പെടാനോ അനുവാദമുണ്ടായിരുന്നില്ല

24 മണിക്കൂറും സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിലായിരുന്ന അടിമ തൊഴിലാളികള്‍ക്ക് അപൂര്‍വ്വമായി മാത്രം പുറത്തു പോകുന്നതിന് ക്ഷേത്രനിര്‍മ്മാണ സംഘടനയുടെ സുരക്ഷാഭടന്മാരുടെ കാവലുണ്ടായിരുന്നു. പൂര്‍ണ്ണമായും ഇറ്റാലിയന്‍ – ഇന്ത്യന്‍ മാര്‍ബിളില്‍ കൊത്തിയെടുത്ത ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് 4.7 മില്യണ്‍ മനുഷ്യശക്തി ഉപയോഗിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. എന്താണ് വന്‍ മതില്‍ക്കെട്ടിനകത്ത് നടക്കുന്നത് എന്നു പോലും പുറംലോകമറിയാത്ത ഈ അത്യാഡംബര ക്ഷേത്ര നിര്‍മ്മിതിയെ അമേരിക്കന്‍ അറ്റോണി ഡാനിയല്‍ വര്‍ണര്‍ അതിശക്തമായാണ് അപലപിച്ചത്. ക്ഷേത്രമതിലിനകത്ത് വര്‍ഷങ്ങളായി നടന്നുവരുന്ന അടിമ പീഡനം ഇന്ന് പുറത്തുവന്നിരിക്കുന്നു എന്നാണദ്ദേഹം പറഞ്ഞത്.

അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ഭീകരവും കിരാതവുമായ തൊഴില്‍ നിയമ – അവകാശ ലംഘനവും കൊടും അടിമത്തവുമാണ് ക്ഷേത്രസമുച്ചയത്തില്‍ ഉണ്ടായത്. അവരുടെ പാസ്‌പോര്‍ട്ട് പോലും പിടിച്ചുവെച്ച ഈ സവര്‍ണ ഹൈന്ദവ സംഘടന തൊഴിലാളികളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ച് പൂര്‍ണ്ണമായും തടവിലാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ അടിമ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയോ മറ്റു പരിഗണനകളോ ആനുകൂല്യങ്ങളോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ഇതിനകം 17 വയസ്സായ ഒരു കൗമാരക്കാരന്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ വീണ് മരിക്കുകയുമുണ്ടായി.
അത് അതീവരഹസ്യമായി ഒത്തുതീര്‍പ്പാക്കപ്പെട്ടുവെന്ന് പറയുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ക്ഷേത്രത്തിന്റെ പ്രധാന നിര്‍മ്മാണ കരാര്‍ കമ്പനിയായ കുന്‍ഹാ (Cunha Construction) ഇതുവരെ പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടില്ല. ഈ ഹിന്ദു സവര്‍ണ്ണ സംഘടനയുടെ വെബ്‌സൈറ്റില്‍ ‘ത്യാഗസന്നദ്ധതയുടെ ദൃഷ്ടാന്തം’ (epitome of volunteerism) എന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. അയോദ്ധ്യ രാമ ക്ഷേത്ര നിര്‍മ്മാണത്തിന് 2,90,000 ഡോളറാണ് ഇവര്‍ സംഭാവന ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദിയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ഈ സവര്‍ണ ഹിന്ദു സംഘത്തിന് ബിജെപി ഭരണകൂടത്തില്‍ വലിയ സ്വാധീനമുണ്ട്. ഇന്ത്യന്‍ ഫാസിസ്റ്റ് ഭരണകൂടത്തില്‍നിന്ന് നാളിതുവരെ ഒരു പ്രതികരണം പോലും ഭരണഘടനാ പരിരക്ഷയുള്ള ദളിത് വിഭാഗത്തിനുവേണ്ടി ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല.

അധികാരത്തിന്റെയും സ്വാധീനത്തിന്റെയും വിന്യാസശൃംഖല സവര്‍ണ്ണ ഹിന്ദു ഫാസിസം നിരന്തരം വിപുലപ്പെടുത്തുകയാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ അടിമസമാന ജീവിതം നയിക്കുന്നവര്‍ ഇന്ത്യയിലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഒരു കോടി 40 ലക്ഷം പേരാണ് അടിമസമാനമായ ജീവിതം നയിക്കുന്നത്. ലോകത്ത് മൂന്ന് കോടി അറുപത് ലക്ഷത്തോളം പേര്‍ ഇപ്പോഴും അടിമകളാണെന്ന് അടിമത്തവിരുദ്ധ പ്രചാരണം നടത്തുന്ന വാക് ഫ്രീ എന്ന സംഘടനയുടെ ഗ്ലോബല്‍ സ്ലേവറി ഇന്‍ഡകസ് റിപ്പോട്ടില്‍ പറയുന്നു.

കന്നുകാലികളെക്കാള്‍ തുച്ഛമായ വിലക്ക് വില്പനയ്ക്ക് വയ്ക്കപ്പടുന്ന സ്ത്രീകളും പെണ്‍കുട്ടികളും ഉത്തരേന്ത്യയില്‍ അടിമ ജീവിതം തുടരുന്നു. മോഷ്ടിച്ചത് എന്നര്‍ഥം വരുന്ന ‘പാറോ’ എന്ന പേരില്‍ വിളിക്കപ്പെടുന്ന ഇവരെ വെറും പതിനായിരം രൂപക്ക്, അല്ലെങ്കില്‍ വീട്ടുകാരുടെ ദാരിദ്ര്യം അനുസരിച്ച് ഏറ്റവും കുറഞ്ഞ തുകക്കും കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. എല്ലാ വിധത്തിലുമുള്ള ചൂഷണങ്ങള്‍ക്കും ഉപയോഗപ്പെടുത്തലുകള്‍ക്കും വിധേയപ്പെട്ട് ഏറ്റവും ക്രൂരമായ അടിമജീവിതം.

2016 ലെ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 33,855 സ്ത്രീകളെ വടക്ക്പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്നും തട്ടിക്കൊണ്ടുപോകുകയോ വില്‍പ്പന നടത്തുകയോ ചെയ്തു. ഇതില്‍ പകുതിയും 18 വയസ്സിന് താഴെയുള്ളവരായിരുന്നു. പ്രായമാകുന്നതോടെ ഉപേക്ഷിക്കപ്പെടുന്ന ‘പാറോ’ കള്‍ ഭിക്ഷാടനത്തിലേക്കാണ് പിന്നീട് ചവിട്ടി വീഴ്ത്തുന്നത്. ജീവിത കാലം മുഴുവന്‍ അടിമയായി ജീവിച്ച് അവസാനം തെരുവുകളില്‍ അജ്ഞാത ജഢമായി ഒടുങ്ങേണ്ടിവരുന്നതാണ് പാറോകളുടെ ജീവിതം. അടിമകളുടെ സ്വത്വപരമായ വികാസം എന്തുവില കൊടുത്തും തടയേണ്ടത് ഉടയോന്മാരുടെ എക്കാലത്തെയും പരമപ്രധാനമായ ലക്ഷ്യമായിരുന്നു.

ഫാസിസത്തിന്റെ വിത്തുകള്‍ മുളച്ചു വളര്‍ന്നു വ്യാപിക്കുന്ന കലുഷിത ലോകത്ത് ജാതി, വര്‍ഗം, സാമൂഹ്യ നീതി, രാഷ്ട്രീയശരി എന്നീ പദങ്ങള്‍ ചരിത്രനിഘണ്ടുവില്‍ പുറത്തു കടക്കാനാവാതെ ശീതീകരിക്കപ്പെട്ട പദങ്ങളാവുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply