കൊവിഡ് : ആരാണ് ആയുര്‍വ്വേദത്തെ ഇനിയും മഴയത്ത് നിര്‍ത്തുന്നത്?

കേരളത്തില്‍ സാധാരണക്കാരായ മനുഷ്യരില്‍ വലിയൊരുപങ്ക് ഇതിനകം ആയുര്‍വ്വേദ പ്രതിരോധ ഔഷധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അത്തരക്കാരില്‍ രോഗബാധ ഉണ്ടായോ എന്നതിനെ സംബന്ധിച്ച് ശരിയായ ഒരു പഠനം സ്റ്റേറ്റ് ആയുര്‍വ്വേദ കോവിഡ് റെസ്‌പോണ്‍സ് സെല്ലിന്റെ കീഴിലുള്ള ഗവേഷണ സംഘം നടത്തുമെന്നുതന്നെയാണ് കരുതേണ്ടത്. പുതിയ സാഹചര്യത്തില്‍ രോഗികളുടെ എണ്ണം പെട്ടെന്നുകൂടാന്‍ തുടങ്ങുന്നതുവരെ കേരളത്തിലെ രോഗികളുടെ എണ്ണം/ രോഗവ്യാപനം പിടിച്ചുനിര്‍ത്തുന്നതില്‍ ഈ പ്രതിരോധ ഔഷധങ്ങളും നിര്‍ണ്ണായകപങ്ക് വഹിച്ചിട്ടുണ്ടാകണം.

കോവിഡ്-19 രോഗത്തിന്റെ ചികിത്സയ്ക്ക് എന്തുകൊണ്ടാണ് ഇനിയും ആയുര്‍വ്വേദം ഉപയോഗപ്പെടുത്താത്തത്? കോവിഡിന് മരുന്നു കണ്ടുപിടിച്ചിട്ടില്ല എന്ന് ആദരണീയരായ ഭരണാധിപന്മാര്‍ പറയുന്നുണ്ട്. ഒരു സംവിധാനത്തിലും മരുന്നുകളില്ലാതിരിക്കുമ്പോഴും നമ്മള്‍ ചിലതെല്ലാം പരീക്ഷിച്ചു നോക്കുന്നുണ്ടല്ലോ. അത്തരം പരീക്ഷണങ്ങള്‍ നടത്തുന്ന കാര്യത്തിലെങ്കിലും നമുക്ക് ഒരു പക്ഷപാതമില്ലായ്മ കാണിച്ചുകൂടെ? എനിക്കു തോന്നുന്നു അത്തരം ഒരു അവസരം ആയുര്‍വ്വേദത്തിന് ഇനിയും ലഭിച്ചിട്ടില്ല എന്ന്. നമ്മള്‍ ഒരു വിഷമസന്ധിയിലൂടെ കടന്നുപോകുകയാണ്. മറ്റുപായങ്ങളില്ലാത്ത ഈ സന്ദര്‍ഭത്തില്‍ മുന്‍ വിധികള്‍ മാറ്റി വച്ച് നമ്മള്‍ ചില തീരുമാനങ്ങള്‍ എടുക്കണം. ആയുര്‍വേദം ചിട്ടയായി ഉപയോഗിച്ചുനോക്കുന്നതിന് ഒട്ടും വൈകാതെ പരിശ്രമം ഉണ്ടാകണം. ആയുര്‍വ്വേദത്തിന്റെ പ്രായോഗികത ഈ നാട്ടിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് അവകാശപ്പെട്ടതല്ലേ? പ്രമേഹത്തിനും കാന്‍സറിനും ശ്വാസരോഗങ്ങള്‍ക്കും ഒക്കെ ഇവിടെ ആയുര്‍വ്വേദ മരുന്നുകള്‍ ഉപയോഗിക്കുന്നില്ലേ? ആയുര്‍വ്വേദ മരുന്നുകള്‍ മാത്രം തങ്ങളുടെ ആരോഗ്യാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന എത്രയോ പേരുണ്ട് ഈ നാട്ടില്‍? അത്തരം സന്ദര്‍ഭങ്ങളിലൊന്നും ഇല്ലാത്ത എന്തു പതിതത്വമാണ് ഇപ്പോള്‍ ആയുര്‍വേദത്തിനു കല്‍പ്പിക്കുന്നത്?

പൊതുവില്‍ നോക്കിയാല്‍, ആയുര്‍വ്വേദത്തെ ഏറ്റവും പ്രയോജനകരമായി ഉപയോഗിക്കാന്‍ വേണ്ട പല നടപടികളും ഏടുത്തിട്ടുള്ള സര്‍ക്കാരാണിത്. എന്നാല്‍ ഈ അപകട സന്ധിയില്‍ ജനങ്ങള്‍ക്കവകാശപ്പെട്ട ആയുര്‍വ്വേദ ചികിത്സ നിഷേധിക്കുന്നത് നീതിയല്ല. ആയുര്‍വ്വേദ സ്ഥാപനങ്ങളില്‍ കോവിഡ് ചികിത്സയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങളില്ല, ആയുര്‍വ്വേദ ചികിത്സകര്‍ ഇക്കാര്യങ്ങളില്‍ വേണ്ടത്ര പരിശീലനം ഉള്ളവരല്ല എന്നൊക്കെ ന്യായം പറയുന്നത് മനുഷ്യന്റെ അടിസ്ഥാന ശേഷികളെ ചോദ്യം ചെയ്യുന്നതുപോലെയാണ്. എന്തു അടിസ്ഥാന സൗകര്യമാണ് കേരളത്തില്‍ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ ഏര്‍പ്പാടാക്കാന്‍ സാധിക്കാത്തത്? എന്തുപരിശീലനമാണ് ആയുര്‍വ്വേദ ചികിത്സകര്‍ക്കു വഴങ്ങാത്തത്? കേരളത്തിലെ ആയുര്‍വ്വേദമേഖലയിലെ ആള്‍ വിഭവശേഷി അമ്പെ പരാജയമാണ് എന്ന് ലോകത്തിലാരെങ്കിലും വകവച്ചുതരുമെന്നു തോന്നുന്നില്ല. അവര്‍ക്ക് സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള അവസരവും സൗകര്യവും സാവകാശവും നല്‍കാതിരിക്കുന്നതിന് എന്താണ് വിശദീകരണം?

കേരളത്തില്‍ സാധാരണക്കാരായ മനുഷ്യരില്‍ വലിയൊരുപങ്ക് ഇതിനകം ആയുര്‍വ്വേദ പ്രതിരോധ ഔഷധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അത്തരക്കാരില്‍ രോഗബാധ ഉണ്ടായോ എന്നതിനെ സംബന്ധിച്ച് ശരിയായ ഒരു പഠനം സ്റ്റേറ്റ് ആയുര്‍വ്വേദ കോവിഡ് റെസ്‌പോണ്‍സ് സെല്ലിന്റെ കീഴിലുള്ള ഗവേഷണ സംഘം നടത്തുമെന്നുതന്നെയാണ് കരുതേണ്ടത്. പുതിയ സാഹചര്യത്തില്‍ രോഗികളുടെ എണ്ണം പെട്ടെന്നുകൂടാന്‍ തുടങ്ങുന്നതുവരെ കേരളത്തിലെ രോഗികളുടെ എണ്ണം/ രോഗവ്യാപനം പിടിച്ചുനിര്‍ത്തുന്നതില്‍ ഈ പ്രതിരോധ ഔഷധങ്ങളും നിര്‍ണ്ണായകപങ്ക് വഹിച്ചിട്ടുണ്ടാകണം. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറ്റം വന്നിരിക്കുന്നു. അന്ന് ആയുര്‍വ്വേദം പ്രതിരോധത്തിന് മുന്തൂക്കം നല്‍കിയാണ് ഉപയോഗിച്ചതെങ്കില്‍ ഇന്ന് ക്വാറന്റൈനിലുള്ള ആളുകള്‍ക്ക് ഔഷധങ്ങള്‍ നല്‍കുന്നുണ്ട്. ഇതിലും ലഭ്യമാകുന്ന ആദ്യസൂചനകള്‍ പ്രതീക്ഷാനിര്‍ഭരമാണ്. വെറുതെ പറഞ്ഞതുകൊണ്ടായില്ലല്ലോ. പഠനഫലങ്ങള്‍ക്ക് കാത്തിരിക്കാം.

ഏതു സന്ദര്‍ഭത്തിനും അനുയോജ്യമായ രീതിയില്‍ ഔഷധങ്ങള്‍ നിശ്ചയിക്കാനുള്ള വഴക്കവും കരുത്തും ആയുര്‍വേദത്തിനുണ്ടെന്നുതന്നെയാണ് ഇതെല്ലാം കാണിക്കുന്നത്. അതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതോടൊപ്പം ഇനിയും ഒട്ടും വൈകാതെ കോവിഡ് പോസിറ്റീവായ ആളുകളില്‍ ആയുര്‍വ്വേദ ചികിത്സ നല്‍കാന്‍ തയ്യാറായേ മതിയാകൂ. അക്കാര്യത്തില്‍ എന്തു പോരായ്മകളുണ്ടെങ്കിലും അതു പരിഹരിക്കുക തന്നെ വേണം. ഇപ്പോള്‍ നിലവിലുള്ള ആയുര്‍വ്വേദ ചികിത്സാകേന്ദ്രങ്ങളില്‍ സൗകര്യക്കുറവുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അതുണ്ടാക്കണം. അതിന് സമയമെടുക്കുമെങ്കില്‍ എവിടെയാണോ സൗകര്യമുള്ളത് അവിടെ ചികിത്സ ലഭ്യമാക്കണം. ആയുര്‍വ്വേദചികിത്സകര്‍ക്ക് അടിസ്ഥാന പരിശീലനക്കുറവുണ്ടെങ്കില്‍ അക്കാര്യം പറഞ്ഞ് അവരെ മാറ്റിനിര്‍ത്താതെ അവര്‍ക്ക് പരിശീലനം നല്‍കണം. അതെല്ലാം വെറും സാങ്കേതികപ്രശ്‌നങ്ങള്‍ മാത്രമാണെന്നു മറക്കരുത്. അവര്‍ക്ക് വെടുപ്പായി ചികിത്സിക്കാനറിയാം എന്നതിനപ്പുറമൊനും ഇത്തരുണത്തില്‍ പരിഗണിക്കേണ്ടതില്ല. അതിന് അവര്‍ക്ക് അവസരമൊരുക്കുക. പകരം അവരില്‍ അപകര്‍ഷതാബോധമുണ്ടാക്കുന്നതുകൊണ്ട് എന്തു പ്രയോജനം? (യാതൊരുചികിത്സയും ചെയ്യാനില്ലാത്തവര്‍ സാങ്കേതികവിദ്യയുടെ മേനിയില്‍ സര്‍വ്വജ്ഞരായി നടക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ഇക്കൂട്ടര്‍ ഭേദമാകും). മാലിന്യ നിര്‍മ്മാര്‍ജ്ജനം, ആത്മരക്ഷക്കുള്ള ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള പരിചയക്കുറവ് എന്നീ കാര്യങ്ങളിലാകും ആയുര്‍വ്വേദസംവിധാനങ്ങള്‍ തത്ക്കാലം പിന്നോക്കാവസ്ഥ അനുഭവിക്കുന്നത്. പരമാവധി അഞ്ചു പ്രവൃത്തിദിവസങ്ങള്‍ കൊണ്ട് തീരാവുന്നതേയുള്ളൂ ഇപ്പറഞ്ഞതെല്ലാം. മാലിന്യ സംവിധാനത്തിന് കേന്ദ്രീകൃത സംവിധാനങ്ങള്‍ ഉണ്ടാക്കാനും സാധിക്കാവുന്നതാണ്.

മികച്ച സൗകര്യങ്ങളുള്ള മൂന്നോ നാലോ സ്ഥലത്തു മാത്രമേ ഇത് തുടങ്ങേണ്ടിവരികയുള്ളൂ. അല്ലാതെ എല്ലാ പഞ്ചായത്ത് ഡിസ്‌പെന്‍സറികളും കോവിഡ് ചികിത്സാ കേന്ദ്രങ്ങളാവേണ്ടതില്ലല്ലോ. തെളിവ് പ്രവൃത്തിയിലൂടെ ഉണ്ടാക്കിയെടുക്കേണ്ടതാണ്. ഉപയോഗിക്കുന്ന മരുന്നുകള്‍ ഏതൊക്കെയെന്ന് കൃത്യമായി നിശ്ചയിക്കാനും പ്രസിദ്ധപ്പെടുത്താനും സാധിക്കുന്നതാണ്. ഒരു വിദഗ്ധസമിതിയ്ക്ക് ഓരോ അഞ്ച് കേസിന്റെയും (അല്ലെങ്കില്‍ എത്രയാണോ അത്ര) അടിസ്ഥാനത്തില്‍ ഔഷധനിര്‍ണ്ണയം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിലയിരുത്തുകയും പുനര്‍നിര്‍ണ്ണയം ചെയ്യപ്പെടുകയും ആവാം. യഥാര്‍ഥത്തില്‍ കാലാകാലങ്ങളായി ഉപയോഗത്തിലിരിക്കുന്നതും അതുകൊണ്ടുതന്നെ സുരക്ഷയെ സംബന്ധിച്ച് യാതൊരു ആശങ്കയും ആവശ്യമില്ലാത്തതും ആയ ഔഷധങ്ങളേ ഇക്കാര്യത്തില്‍ ഉപയോഗിക്കേണ്ടതായി വരികയുള്ളൂ. അത്തരം ഔഷധങ്ങളുടെ ഉപയോഗത്തിന് പ്രത്യേകിച്ച് ക്ലിനിക്കല്‍ റ്റ്രയല്‍ ആവശ്യമില്ല. അല്ലാതെതന്നെ റീ പര്‍പ്പസിങ് (re-purposing) നടത്തി ഉപയോഗിക്കാനാകും. ലോകാരോഗ്യ സംഘടന അസാധാരണ സന്ദര്‍ഭങ്ങളില്‍ ഉള്ള ഔഷധോപയോഗങ്ങള്‍ക്ക് യാതൊരു തെളിവുകളുടേയും ആവശ്യമില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, തദ്ദേശീയ-പരമ്പരാഗത വൈദ്യങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുക എന്നത് സംഘടനയുടെ പ്രഖ്യാപിത നയവുമാണ്. അതിനാല്‍ തന്നെ മറ്റെല്ലാ സാങ്കേതികത്വങ്ങളെക്കുറിച്ചും മറക്കാവുന്നതേയുള്ളൂ.

ഇത്തരം ഇടപെടലുകളില്‍ രോഗനിര്‍ണ്ണയവും രോഗമുക്തി നിര്‍ണ്ണയവും അന്താരാഷ്ട്ര മാനദണ്ഡങ്ങളില്‍തന്നെയായിക്കൊള്ളട്ടെ. എല്ലാ വിശകലനങ്ങളും സംസ്ഥാനത്തെയും ഇന്ത്യന്‍ വൈദ്യ ഗവേഷണ കൗണ്‍സിലിന്റേയും നേതൃത്വത്തിലായിക്കൊള്ളട്ടെ. എന്തിനാണ് ഇതിനിനിയും മടിച്ചുനില്‍ക്കുന്നത്! സ്വഭാവം കൊണ്ടുതന്നെ ഈ രോഗം അത്ര അപകടകാരിയല്ല. ബാധിതരാകുന്നവരില്‍ മഹാഭൂരിപക്ഷവും യാതൊരുചികിത്സയും കൂടാതെ മുക്തി നേടുന്നുണ്ട്. തീരെ ചെറിയ ഒരു പങ്കുമാത്രമാണ് അപായഘട്ടങ്ങളിലേയ്ക്ക് പോകുന്നത്. അത് രോഗത്തിന്റെ തീവ്രതയേക്കാള്‍ അത്തരക്കാരിലുള്ള അനുബന്ധ രോഗങ്ങളാലാണെന്നും വ്യക്തമായിട്ടുണ്ട്. ലക്ഷണങ്ങളില്ലാതെ രോഗബാധ വഹിക്കുന്നവരെ പറ്റി, അവര്‍ രോഗബാധ പരത്താനുള്ള സാധ്യതകളെ പറ്റി, കൃത്യമായ വിവരങ്ങളില്ല. തുടക്കം മുതല്‍ ആയുര്‍വ്വേദ ചികിത്സ നടത്തുന്ന പക്ഷം രോഗം ഗുരുതരമായ അവസ്ഥയിലേയ്ക്കു മുന്നേറുന്നത് തടയാനായേക്കുമെന്നുകരുതാന്‍ ന്യായമുണ്ട്. മാത്രമല്ല, ആശുപത്രിവാസം നല്ലൊരളവ് കുറക്കാനും ചികിത്സാ ചിലവ് കുറയ്ക്കാനും ഇതുമൂലം കഴിയുമെന്ന് സമാന സാഹചര്യങ്ങളില്‍ നിന്നുള്ള ചൈനീസ്| അനുഭവം തെളിയിക്കുന്നു. ഇത്രയൊക്കെയായിട്ടും എന്തിനാണ് ഇതിനിനിയും മടിക്കുന്നത്? കയ്യിലൊതുങ്ങാത്തവിധം കാര്യങ്ങള്‍ വഷളാവാന്‍ നമ്മള്‍ കാത്തുനില്‍ക്കുന്നത് എന്തിനാണ്?

ആയുര്‍വ്വേദത്തിനുമേല്‍ ആരോപിക്കുന്ന കഴിവുകേടുകള്‍ എല്ലാം തന്നെ വെറും ‘പെറ്റി’ വിഷയങ്ങള്‍ക്കാണ്. വ്യത്യസ്ത തലങ്ങള്‍ തമ്മില്‍ ഏകോപനം കുറവാണ്, സമൂഹമാധ്യമത്തില്‍ പടമിടാനാണ് കാര്യങ്ങള്‍ ചെയ്യാനല്ല താത്പര്യം, താന്‍പോരിമ മൂലം കാര്യങ്ങള്‍ നടക്കുന്നില്ല, റിസ്‌ക്ക് എടുക്കാന്‍ വയ്യ, ഇങ്ങനെ പലതും. ഇതിലെ ശരിതെറ്റുകള്‍ വിചാരണ ചെയ്യുന്നതിനേക്കാല്‍ പ്രധാനപ്പെട്ട സംഗതി മറ്റൊന്നാണ്. ഇതൊന്നും ഈ നാടിന് അര്‍ഹതപ്പെട്ട ഒരു സംവിധാനം അതേറ്റവും ആവശ്യമുള്ള സമയത്ത് നിഷേധിക്കുന്നതിനെ ന്യായീകരിക്കുന്നില്ല എന്നതാണത്. കുറവുകളുണ്ടെങ്കില്‍ അതു തീര്‍ക്കണം. മനോഭാവം മാറണമെങ്കില്‍ മാറണം. യഥാര്‍ഥത്തില്‍ നമ്മള്‍ മറന്നുപോകുന്ന ഒരു സംഗതി ആയുര്‍വ്വേദം കൈകാര്യം ചെയ്യുന്നവരും ഭരണാധികാരികളും ഒന്നും ആയുര്‍വ്വേദത്തിന്റെ ഉടമകളല്ല, ട്രസ്റ്റിമാര്‍ മാത്രമാണ് എന്നതത്രേ. ജനത്തിനാണ് ഇതിന്റെ ഉടമസ്ഥാവകാശം. അവര്‍ക്കത് നിഷേധിക്കപ്പെട്ടുകൂടാ.

ഇതൊക്കെയാണ് കാര്യങ്ങള്‍ എന്നിരിക്കിലും ആരാണ് ആയുര്‍വ്വേദത്തെ ഇനിയും മഴയത്ത് നിര്‍ത്തുന്നത്?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “കൊവിഡ് : ആരാണ് ആയുര്‍വ്വേദത്തെ ഇനിയും മഴയത്ത് നിര്‍ത്തുന്നത്?

  1. ഔഷധക്കൂട്ടിൽ മുക്കിയ നൂല് കൊണ്ട് മാസ്ക് ഉണ്ടാക്കുക, പ്രതിരോധശേഷി കൂട്ടാനായി സമൂഹത്തിനാകെ മരുന്ന് കൊടുക്കുക ഇങ്ങിനെയുള്ള തമാശകൾ നിർത്തി ആയുർവേദമെന്നത് Second FIddle അല്ല മറിച്ചു പൂർണ്ണമായ മറ്റൊരു ജ്ഞാനവ്യവസ്ഥ ആണെന്ന തിരിച്ചറിവോടെ കോവിഡ് രോഗികളെ പരിശോധിക്കാൻ ആയുർവേദ ഡോക്ടർമാർ അനുവാദം നേടണം. പരിശോധിച്ചു രോഗിയുടെ പ്രകൃതിയും അസുഖത്തിന്റെ സ്വഭാവവും മനസ്സിലാക്കി ചികിസ്തയിലേക്കു കടക്കേണ്ടതായിട്ടുണ്ട്. ഒരു ശാസ്ത്രം എന്ന നിലയിൽ അറിവുകളെ സമ്പുഷ്ടമാക്കാൻ കഴിയുന്ന വലിയ ഒരു അവസരമാണിത്. ഈ രോഗകാലം കഴിയുമ്പോൾ ആയുർവേദം പുതിയതായി ഒന്നും പഠിച്ചില്ലെങ്കിൽ നഷ്ടം ആയുര്വേദത്തിന് തന്നെയാകും. പൂച്ചക്ക് മണികെട്ടാൻ തയ്യാറായ ഡോ പ്രസാദിന് അഭിവാദ്യങ്ങൾ.

    • Avatar for ഡോ എം പ്രസാദ്

      Vaidya M. Prasad

      അനുകൂലിക്കുന്നു. ഒരുപക്ഷേ അംഗീകരിക്കപ്പെടാനുള്ള അമിതവ്യഗ്രതയിൽ സ്വയം അപഹാസ്യരാകുന്ന ചതിക്കുഴികൾ കാണാതെ പോകുന്നതാവാം. എന്തായാലും ഇക്കാര്യത്തിൽ സമൂഹത്തിന്റെ ജാഗ്രത പ്രധാനം. ആയുർവ്വേദത്തിന്റെ സൂക്ഷിപ്പുകാരിൽ നിന്ന്‌ യഥാർത്ഥ ആയുർവ്വേദം ആവശ്യപ്പെടാനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ട്‌. അല്ലാത്തപക്ഷം ഈ സമ്പ്രദായം തന്നെ നഷ്ടപ്പെടാനും മതി.

Leave a Reply