കൊവിഡ് കാലത്തും വേണോ ശീതയുദ്ധം?

കൊവിഡിനെതിരെ ലോകം മുഴുവന്‍ ഒന്നിച്ചുനിന്ന് പോരാടേണ്ട ഘട്ടത്തിലാണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നതെന്നത് മാനവസമൂഹം എവിടെയെത്തിയിരിക്കുന്നു എന്നതിന് തെളിവാണ്. കൊവിഡിനു അതിര്‍ത്തികളില്ലെങ്കിലും മനുഷ്യര്‍ക്ക് അതിര്‍ത്തികളില്ലാത്ത കാലം അതിവിദൂരമായിരിക്കാം. പക്ഷെ അതിര്‍ത്തിയടക്കമുള്ള ഏതുതര്‍ക്കവും പരസ്പര ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതല്ലേ ശരി? ആദ്യമായി മൂന്നാം കക്ഷിയെ തന്നെ അതില്‍ നിന്നൊഴിവാക്കണം. അതായത് ആദ്യം അമേരിക്കയെ ഈ തര്‍ക്കത്തില്‍ നിന്നു മാറ്റിനിര്‍ത്തുകയാണ് വേണ്ടത്. ഇന്ത്യ – പാക് തര്‍ക്കങ്ങളില്‍ മറ്റുരാജ്യങ്ങള്‍ ഇടപെടരുതെന്ന് നാം പറയാറുണ്ടല്ലോ. അത്തരമൊരു സമീപനം ഇവിടെ സ്വീകരിക്കുകയാണ് വേണ്ടത്. പാക്കിസ്ഥാനല്ലല്ലോ ചൈന എന്നതായിരിക്കാം മറുപടി. പക്ഷെ സംഘര്‍ഷങ്ങളുടെ പരമാവധി ലഘൂകരണമല്ലേ ആവശ്യം?

ഇന്ത്യയും ചൈനയും അമേരിക്കയുമടങ്ങുന്ന ത്രികോണം ലേകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുകയാണ്. സമീപകാലത്തുണ്ടായ ഇന്ത്യാ – ചൈന സംഘര്‍ഷവും കൊവിഡുമായി ബന്ധപ്പെട്ടുണ്ടായ അമേരിക്ക – ചൈന പ്രശ്‌നങ്ങളുമാണ് ഇത്തരമൊരവസ്ഥ സംജാതമാക്കിയിരിക്കുന്നത്. നിലവില്‍ ലോകത്തെ വന്‍ശക്തികളാമെന്നു കരുതപ്പെടുന്നവരാണ് ഈ രാജ്യങ്ങള്‍. ഒന്നാം സ്ഥാനത്ത് അമേരിക്ക തുടരുമ്പോള്‍ രണ്ടാം സ്ഥാനത്ത് തങ്ങളാണെന്ന് ചൈന കരുതുന്നു. മുന്നാം സ്ഥാനത്ത് തങ്ങളാണെന്ന് ഇന്ത്യയും കരുതുന്നു. സൈനികശക്തിയുടെ അളവാണ് ഇതിനു മാനദണ്ഡമെങ്കില്‍ ശരിയായിരിക്കാം.  ജനജീവിതത്തിന്റെ നിലവാരമാണ് കണക്കാക്കുന്നതെങ്കില്‍ അതെല്ലാം മാറും.
എന്തായാലും രണ്ടാം ശക്തിക്കെതിരെ ഒന്നും മൂന്നു ശക്തികള്‍ തമ്മിലുള്ള സഖ്യം വളരുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയും ചൈനയുമായി കാലങ്ങളായി പ്രശ്‌നങ്ങളുണ്ടെങ്കിലും സംഘര്‍ഷം പട്ടാളക്കാരുടെ കൂട്ടക്കൊലയിലെത്തിയത് ദശകങ്ങള്‍ക്കുശേഷം ഇപ്പോഴാണല്ലോ. മറുവശത്ത് പുറമേക്കുള്ള രാഷ്ട്രീയഘടനയിലൊഴികെ മറ്റൊന്നിലും വ്യത്യാസമില്ലാത്ത ചൈനയും അമേരിക്കയും തമ്മില്‍ വ്യാപാരമത്സരം തുടരുകയായിരുന്നു. അതാണ് കൊവിഡിലെ തര്‍ക്കത്തോടെ രൂക്ഷമായത്. മാത്രമല്ല, ഏതു രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലും ലോകപോലീസ് ചമയുക അവരുടെ സ്ഥിരം പരിപാടിയാണല്ലോ. ഇത്തവണ ഇന്ത്യക്കനുകൂലമാണെന്നുവെച്ച് അതു ശരിയായ സമീപനമാണെന്നു പറയാനാകില്ല. കൊവിഡാനന്തരലോകത്ത് ചൈന നമ്പര്‍ വണ്‍ ആകുമോ എന്നതാണ് അമേരിക്കയുടെ യഥാര്‍ത്ഥ ആധി. അല്ലാതെ ഇന്ത്യയോടുള്ള സ്‌നേഹമൊന്നുമല്ല.

ഇന്ത്യയില്‍ 47 ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതാണ് ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ അവസാനത്തേത്. നേരത്തെ ടികി ടോക് അടക്കം 59ഓളം ആപ്പുകള്‍ നിരോധിച്ചിരുന്നല്ലോ. ദേശീയ താല്‍പ്പര്യവും സുരക്ഷയും പരിരക്ഷിക്കുന്നതിനായാണ് ഈ നിരോധനമെന്നാണ് സര്‍ക്കാര്‍ വാദം. നിരോധിച്ചവയില്‍ പ്രസിദ്ധമായ പബ്ജി മൊബൈല്‍ ഗെയിമിംഗ് ആപ്ലിക്കേഷനും ഉള്‍പ്പെടുമെന്നാണ് വാര്‍ത്ത. മറുവശത്ത് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാന്‍ ഫ്രാന്‍സില്‍ നിന്ന് റാഫാല്‍ യുദ്ധവിമാനങ്ങള്‍ വരുന്നു. ഇവ ലഡാക്ക് മേഖലയില്‍ വിന്യസിക്കുമെന്നാണ് റിപ്പോര്‍ ട്ടുകള്‍. ചൈനീസ് അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെ ഇന്ത്യയും ചൈനയും വ്യോമസേനയെ വിന്യസിച്ചിട്ടുണ്ട്. അമേരിക്കയാകട്ടെ ചൈനക്കുസമീപത്തുകൂടി യുദ്ധവിമാനങ്ങളെ നിരന്തരമായി പറത്തുന്നു. ഇരുരാജ്യങ്ങളും കോണ്‍സുലേറ്റുകള്‍ അടച്ചുപൂട്ടുന്നു. ജര്‍മനിയില്‍നിന്ന് പിന്‍വലിക്കുന്ന പതിനായിരത്തോളം സേനാംഗങ്ങളെ ചൈനയെ നേരിടാന്‍ നിയോഗിക്കുമെന്ന് അമേരിക്കന്‍ വിദേശസെക്രട്ടറി പ്രഖ്യാപിച്ചിരുന്നു.

കൊവിഡിനെതിരെ ലോകം മുഴുവന്‍ ഒന്നിച്ചുനിന്ന് പോരാടേണ്ട ഘട്ടത്തിലാണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നതെന്നത് മാനവസമൂഹം എവിടെയെത്തിയിരിക്കുന്നു എന്നതിന് തെളിവാണ്. കൊവിഡിനു അതിര്‍ത്തികളില്ലെങ്കിലും മനുഷ്യര്‍ക്ക് അതിര്‍ത്തികളില്ലാത്ത കാലം അതിവിദൂരമായിരിക്കാം. പക്ഷെ അതിര്‍ത്തിയടക്കമുള്ള ഏതുതര്‍ക്കവും പരസ്പര ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതല്ലേ ശരി? ആദ്യമായി മൂന്നാം കക്ഷിയെ തന്നെ അതില്‍ നിന്നൊഴിവാക്കണം. അതായത് ആദ്യം അമേരിക്കയെ ഈ തര്‍ക്കത്തില്‍ നിന്നു മാറ്റിനിര്‍ത്തുകയാണ് വേണ്ടത്. ഇന്ത്യ – പാക് തര്‍ക്കങ്ങളില്‍ മറ്റുരാജ്യങ്ങള്‍ ഇടപെടരുതെന്ന് നാം പറയാറുണ്ടല്ലോ. അത്തരമൊരു സമീപനം ഇവിടെ സ്വീകരിക്കുകയാണ് വേണ്ടത്. പാക്കിസ്ഥാനല്ലല്ലോ ചൈന എന്നതായിരിക്കാം മറുപടി. പക്ഷെ സംഘര്‍ഷങ്ങളുടെ പരമാവധി ലഘൂകരണമല്ലേ ആവശ്യം? ‘ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ അമേരിക്കക്ക് രക്ഷിക്കണമത്രെ. ഇതുകേട്ടാല്‍ തോന്നുക റഷ്യയും അമേരിക്കയും തമ്മിലുണ്ടായിരുന്ന പഴയ ശീതയുദ്ധകാലം തിരിച്ചുവരുന്നു എന്നതാണ്. രണ്ടുവ്യവസ്ഥയുടെ പേരിലാണെങ്കിലും ഇരുകൂട്ടരുടേയും സാമ്രാജ്യത്വനയമാണെന്ന് അന്നുതന്നെ നിലപാടെടുത്തവര്‍ നിരവധിയായിരുന്നു. ഇപ്പോഴാകട്ടെ ആ അന്തരം പോലും ചൈനയും അമേരിക്കയും തമ്മിലുള്ള. കമ്യൂണിസത്തിന്റേ പേരില്‍ ഏകാധിപത്യപരമായ രാഷ്ട്രീയസംവിധാനം ചൈന നിലനിര്‍ത്തുന്നു. എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്നു എന്നവകാശപ്പെടുന്ന എല്ലാ ചൂഷണങ്ങളും ഏറ്റവുമധികം നടക്കുന്ന രാജ്യമാണ് ചൈന. അതിന്റെ മുകളിലാണ് ആയുധങ്ങളും സമ്പത്തുമൊക്കെ ആ രാജ്യം കെട്ടിപ്പടുക്കുന്നത്. അമേരിക്കയാകട്ടെ സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും സ്വര്‍ഗ്ഗമാണത്രെ. അവിടെനിന്നാണ് ജോര്‍ജ്ജ് ഫ്‌ലോയിഡിനുണ്ടായ അനുഭവങ്ങള്‍ എന്നു മറക്കരുത്. ജനാധിപത്യം അംഗീകരിക്കുന്ന ഒരു രാജ്യത്തിനും മറ്റു ജനാധിപത്യരാജ്യങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ എന്തവകാശമാണുള്ളത്. എന്നാല്‍ അമേരിക്ക കാലങ്ങളായി ചെയ്യുന്നത് മറ്റെന്താണ്? കൊവിഡിനെ നേരിടാന്‍ കഴിയാതെ ഈ ഭൂമിയിലെ സ്വര്‍ഗ്ഗം നരകമായിരിക്കുകയുമാണ്. ഇന്ത്യയിലെ സമീപകാല ചരിത്രവും ഫാസിസത്തിന്റെ വളര്‍ച്ചയുടേതുതന്നെ. ഈ മൂന്നു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഈ മാഹാമാരി കാലത്തു ലോകസമാധാനത്തിനു ഭീഷണിയായിരിക്കുന്നത്. സ്പാനിഷ് ഫ്‌ളൂവെന്ന മഹാമാരിയുടെ വ്യാപനമായിരുന്നു ഒന്നാം ലോകമഹായുദ്ധം അവസാനിക്കാന്‍ ഒരു കാരണമായത് എന്നെങ്കിലും ഈ സമയം ഓര്‍ക്കുന്നത് നന്ന്.

1950 മുതല്‍ സോവിയറ്റ് യൂണിയന്‍ തകരുന്നത് വരെ നിലനിന്ന അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള സംഘര്‍ഷാത്മക രാഷ്ട്രീയത്തെ സൂചിപ്പിക്കുന്നതിനാണല്ലോ ശീതയുദ്ധം എന്ന പദം ഉപയോഗിക്കുന്നത്. അവര്‍ തമ്മില്‍ നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയില്ല. ആഫ്രിക്കയിലെയും ഏഷ്യയിലെയും മധ്യേഷ്യയിലെയും ലാറ്റിനമേരിക്കയിലെയും സാമാന്യജനങ്ങളാണ് ശീതയുദ്ധത്തിന്റെ എല്ലാ ദുരിതങ്ങളും അനുഭവിച്ചത്. ഹിംസാത്മക കാലത്തെയാണ് ശീതയുദ്ധം എന്ന് വിളിക്കുന്നത്. തീര്‍ച്ചയായും ആദ്യകാലത്ത് പല രാജ്യങ്ങളിലേയും വിമോചനസമരങ്ങളെ സോവിയറ്റ് യൂണിയന്‍ പിന്താങ്ങിയിരുന്നു. എന്നാല്‍ പിന്നീടവരും സാമ്രാജ്യത്വശക്തിയായ മാറുകയായിരുന്നു. എണ്‍പതുകളില്‍ സോവിയറ്റ് യൂണിയന്‍ ഒരു ലോകശക്തി അല്ലാതായി. കമ്യൂണിസമെന്നു വിശേഷിക്കപ്പെട്ടിരുന്ന സാമൂഹ്യസംവിധാനം തന്നെ ലോകം മുഴുവന്‍ തകര്‍ന്നു. അതോടെ അമേരിക്കന്‍ സാമ്രാജ്യത്വം വര്‍ദ്ധിതവീര്യത്തോടെ ലോകമെങ്ങും അധിനിവേശ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടി. എന്നാല്‍ അധിനിവേശം നടത്താനും ആയുധകച്ചവടം വ്യാപിപ്പിക്കാനും ഹിംസകളെ ന്യായീകരിക്കാനും എല്ലാകാലത്തും ഒരു പ്രഖ്യാപിതശത്രു ആവശ്യമാണല്ലോ. അങ്ങനെയാണ് മുസ്ലിം ഭീകരസംഘടനകള്‍ ഉയര്‍ന്നു വരുന്നത്. അവയുടെ സൃഷ്ടിയില്‍ അമേരിക്കക്കുള്ള പങ്ക് എന്നും ചര്‍ച്ചാവിഷയവും തര്‍ക്കവിഷയവുമാണ്. സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനം എന്ന സംജ്ഞയും ഉയര്‍ന്നുവന്നു. അതുമായി ബന്ധപ്പെട്ട് എത്രയോ യുദ്ധങ്ങളും കൂട്ടക്കൊലകളും ലോകം കണ്ടു. വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണമടക്കം. ഈ സംഘര്‍ഷങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ആ പരമ്പരയിലെ അവസാന സംഭവമാണ് ഇറാനും അമേരിക്കയുമായി അടുത്തുണ്ടായ സംഘര്‍ഷം. അതിനിടയിലാണ് ഈ പുതിയ സംഭവവികാസങ്ങള്‍.

ചൈനയും ഇന്ത്യയും തമ്മിലാണ് സംഘര്‍ഷമുണ്ടായതെങ്കിലും സത്യത്തിലത് അമേരിക്കയുമായി ബന്ധപ്പെട്ടതു തന്നെയാണ്. ഒരു വശത്ത് മുസ്ലിം ഭീകരവാദം ദുര്‍ബലമാകുന്നു. അമേരിക്ക കൂടുതല്‍ കരുത്തരാകുന്നു. എന്നാല്‍ പ്രതീക്ഷിക്കാതെ പ്രത്യക്ഷപ്പെട്ട കൊവിഡ് കാര്യങ്ങളെ തകിടം മറക്കുന്നു. ഇപ്പോള്‍ തന്നെ വളരെ മുന്നിലായ ചൈന സൈനിക ശക്തിയിലും മറ്റെല്ലാ ആധിപത്യത്തിലും ഒന്നാം സ്ഥാനത്തെത്താണ് ശ്രമിക്കുന്നത്. അതിന്റെ ടെസ്റ്റ് ഡോസാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടത്തിയ അക്രമം എന്ന വിശദീകരണമാണ് പൊതുവില്‍ കേള്‍ക്കുന്നത്. ചൈനയുടെ ഉള്ളിലിരിപ്പു തിരിച്ചറിഞ്ഞാണ് ട്രംമ്പും രംഗത്തിറങ്ങിയത്. കൊവിഡിന്റെ പേരില്‍ ചൈനക്കൊപ്പം നില്‍ക്കുന്നു എന്നോരോപിച്ച് ലോകാരോഗ്യസംഘടനക്കുള്ള സഹായം പോലും അമേരിക്ക റദ്ദാക്കി. പിന്നീട് പരസ്യമായി തന്നെ ഇന്ത്യക്കൊപ്പം നില്‍ക്കുന്ന നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. അത്രയും ചൈന പ്രതീക്ഷിച്ചിരുന്നോ എന്നറിയില്ല. അമേരിക്കന്‍ പിന്തുണ ലഭിച്ച ഇന്ത്യയും കടുത്ത നടപടികള്‍ സ്വീകരിച്ചു. ഇത്രകടുത്ത സാമ്പത്തിക യുദ്ധത്തിനു ഇന്ത്യ തയ്യാറാകുമെന്നും ചൈന പ്രതീച്ചിരുന്നില്ല എന്നു വേണം കരുതാന്‍. അമേരിക്കക്കാകട്ടെ നേരത്തെ പറഞ്ഞപോലെ ഒരു ശത്രു ആവശ്യമാണ്. ഇനിയുള്ള കാലം അത് ചൈനയാകാം. ആ മത്സരത്തിലെ കരുവാകുകയാണോ ഇന്ത്യ എന്നും സംശയിക്കണം.

ചരിത്രത്തിലുടനീളം യുദ്ധങ്ങള്‍ മനുഷ്യവംശത്തിന് നഷ്ടങ്ങള്‍ മാത്രമെ സമ്മാനി ച്ചിട്ടുള്ളൂ .. കൂട്ടമരണങ്ങള്‍, തലമുറകളിലേക്ക് പടരുന്ന ജനിതക രോഗങ്ങള്‍, അനാഥത്വം, സമ്പത്തിന്റെയും ജീവനോപാധികളുടെയും നാശം, പലായനങ്ങള്‍, ബലാല്‍സംഗങ്ങള്‍ ഇവയൊക്കെയാണ് യുദ്ധങ്ങള്‍ മാനവസമൂഹത്തിന് സമ്മാനിച്ചത്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ നല്‍കിയ വലിയ പാഠങ്ങളില്‍ നിന്നാണ് ലോക രാഷ്ട്രങ്ങള്‍ യുദ്ധത്തെ ഒഴിവാക്കാനുള്ള ധാരണകളിലേക്കും അന്താരാഷ്ട്ര സംവിധാനത്തിലേക്കും തിരിഞ്ഞത്. തുടര്‍ന്ന് ഐക്യ രാഷ്ടസഭയും നിരവധി സര്‍വ്വദേശീയ പ്രഖ്യാപനങ്ങളും രൂപം കൊണ്ടു. എന്നാല്‍ അവയൊന്നും കാര്യമായ ഗുണഫലമുണ്ടാക്കിയില്ല. ഐക്യരാഷ്ട്രസഭയില്‍ പോലും ശരിയായ ജനാധിപത്യം നിലവില്‍ വന്നില്ല. പകരം ചില രാജ്യങ്ങള്‍ക്ക് വീറ്റോ അധികാരം നല്‍കി. ഇന്ത്യയും വാദിക്കുന്നത് ആ അധികാരത്തിനാണ്. വീറ്റോ അധികാരം മൂലമാണ് പല യുദ്ധങ്ങളും തടയാമായിരുന്ന പ്രമേയങ്ങള്‍ പരാജയപ്പെട്ടത് എന്നതും ചരിത്രം. ഇന്നാകട്ടെ ലോകം മുഴുവന്‍ നശിപ്പിക്കാന്‍ കഴിവുള്ള ആണവായുദ്ധങ്ങളുടെ മുകളിലിരുന്ന്, ഒരു സൂക്ഷ്മ ജീവകണത്തിനെതിരായ യുദ്ധത്തില്‍ പോലും വിജയം നേടാന്‍ കഴിയാതെ അവസ്ഥയിലാണ് ഈ സംഭവവികാസങ്ങള്‍ എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply