പൗരത്വനിയമവും ചോദ്യങ്ങളും

രാജ്യത്ത് അഭയം പ്രാപിച്ച കുടിയേറ്റക്കാര്‍ക്കും പൗരന്മാര്‍ക്കുള്ളത് പോലെ അവരില്‍ തുല്യമായി പരിഗണിക്കപ്പെടാനുള്ള മൗലികാവകാശം ഉണ്ട്. നിയമപരമായ ഇളവ് നല്‍കുമ്പോള്‍ മുസ്ലീങ്ങളെ മാത്രമായി ഒഴിവാക്കുന്നത് ഭരണഘടനാ ലംഘനമാണ്. മുസ്ലീങ്ങളെയും അമുസ്ലീങ്ങളെയും വേര്‍തിരിച്ചു കാണുന്ന സ്വതന്ത്ര ഇന്ത്യയിലെ ഒരുപക്ഷേ ആദ്യ നിയമനിര്‍മ്മാണമാണ് ഇത്. ഭരണഘടനയുടെ പ്രാഥമിക തത്വങ്ങളുടെ ലംഘനം.

? എന്താണ് പൗരത്വ നിയമം 1955?

ആര്‍ക്കാണ് ഇന്ത്യന്‍ പൗരനാകാന്‍ യോഗ്യതയുള്ളത്, ആരാണ് നിയമവിരുദ്ധ കുടിയേറ്റക്കാരന്‍ എന്നത് വ്യക്തമാക്കുന്ന നിയമമാണ് പൗരത്വ നിയമം. നിയമവിരുദ്ധ കുടിയേറ്റക്കാരന് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനെ ഈ നിയമം വിലക്കുന്നു.

?ആരാണ് നിയമവിരുദ്ധ കുടിയേറ്റക്കാരന്‍?

പാസ്‌പോര്‍ട്ട്, വിസ പോലുള്ള നിയമരേഖകള്‍ ഇല്ലാതെ ഇന്ത്യയില്‍ കയറുകയോ, രേഖയില്‍ അനുവദിക്കപ്പെട്ടതിലും കൂടുതല്‍ ദിനം ഇന്ത്യയില്‍ തങ്ങുകയോ ചെയ്യുന്ന കുടിയേറ്റക്കാരനാണ് നിയമവിരുദ്ധ കുടിയേറ്റക്കാരന്‍. 1946 ലെ വിദേശി നിയമപ്രകാരവും, 1920 ലെ പാസ്സ്‌പോര്‍ട്ട് നിയമപ്രകാരവും ഓരോ നിയമവിരുദ്ധ കുടിയേറ്റക്കാരനെയും നാട് കടത്തുകയോ ജയിലില്‍ ഇടുകയോ വേണം.
എന്നാല്‍, 2015 സെപ്റ്റംബര്‍ 7 നു കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ചട്ടഭേദഗതിയിലൂടെ പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ മതങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ എന്നിവയിലെ മനുഷ്യര്‍ക്ക് അതത് രാജ്യങ്ങളില്‍ മതഭീതി നേരിടുന്നതിനാല്‍ ഇന്ത്യയെ അഭയകേന്ദ്രമായി കാണേണ്ട സ്ഥിതിയുള്ളതിനാല്‍, 2014 ഡിസംബര്‍ 31 നു മുന്‍പ് ഇന്ത്യയില്‍ വന്ന അത്തരക്കാര്‍ക്ക്, പാസ്‌പോര്‍ട്ട് നിയമമോ വിദേശി നിയമമോ പ്രകാരമുള്ള ശിക്ഷ നേരിടേണ്ടി വരില്ല.2016 ജൂലൈ 18 നു കൊണ്ടുവന്ന ചട്ടഭേദഗതിയിലൂടെ, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നിവയോടൊപ്പം അഫ്ഗാനിസ്ഥാന്‍കാര്‍ക്കും ഇളവ് വ്യാപിപ്പിച്ചു.

?എന്താണ് പൗരത്വനിയമ ഭേദഗതി ബില്‍ 2019? എന്താണ് പ്രാധാന്യം?

1955 ലെ നിയമത്തില്‍ ചില നിര്‍ണ്ണായക ഭേദഗതി വരുത്തിക്കൊണ്ട് 2016 ല്‍ പാര്‍ലമെന്റില്‍ ഒരു ബില്‍ അവതരിപ്പിച്ചു. മേല്‍ സൂചിപ്പിച്ച 3 രാജ്യങ്ങളിലെ 6 മതക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനുകൂടി അനുമതി നല്‍കാനുള്ള വ്യവസ്ഥ അടങ്ങിയ ബില്ലാണിത്. ഈ ബില്‍ വഴി പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മതഭീതി നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് 2014 ഡിസംബര്‍ 31 നു മുന്‍പായി ഇന്ത്യയില്‍ വന്നതിനു തെളിവ് കാണിച്ചാല്‍, ഇന്ത്യന്‍ പൗരത്വത്തിനു അര്‍ഹത ഉണ്ടാകും. 2019 ജനുവരി 8 നു ഇത് ലോകസഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ പാസാകത്തിനാല്‍ അസാധുവായി. ഈ ബില്ലില്‍ ഭേദഗതി വരുത്തിയാണ് 2019 ല്‍ അവതരിപ്പിച്ചത്. ലോക്‌സഭ പാസാക്കി. നോര്‍ത്ത് ഈസ്റ്റിലെ ചില പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഈ ഇളവ് ബാധകമല്ലെന്നും ബില്ലില്‍ പറയുന്നു.
‘പ്രവാസി ഇന്ത്യന്‍ പൗരന്മാര്‍’ എന്ന പരിഗണന ലഭിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ സഞ്ചരിക്കുകയും, താമസിച്ച് ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യാനും വ്യവസ്ഥയുണ്ട്. ഇത് ലഭിക്കാന്‍, മാതാപിതാക്കളില്‍ ആരെങ്കിലും ഇന്ത്യയില്‍ ജനിച്ചവരോ, ഇന്ത്യയില്‍ ജനിച്ചയാളെ പങ്കാളിയാക്കിയ ആളോ ആയിരിക്കണം. എന്നാല്‍ ഭേദഗതിയോടെ, കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന ഏതെങ്കിലും നിയമം ലംഘിക്കുന്നവര്‍ക്ക് ഈ ഇളവ് റദ്ദാക്കപ്പെടും. അപ്രകാരം റദ്ദാക്കുംമുന്‍പ് ആ ആള്‍ക്ക് പറയാനുള്ളത് കേള്‍ക്കും. ഏത് നിയമം ലംഘിച്ചാലാണ് റദ്ദാക്കുക എന്നു പിന്നീട് പറയും.
11 വര്‍ഷമായി ഇന്ത്യയില്‍ തുടരുന്ന നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനു അപേക്ഷിക്കാം. എന്നാല്‍ മേല്‍പറഞ്ഞ 3 രാജ്യങ്ങളിലെ 5 മതവിഭാഗങ്ങള്‍ക്ക് 5 വര്‍ഷം ആയാല്‍ത്തന്നെ പൗരത്വത്തിനു അപേക്ഷിക്കാം.

? എന്തൊക്കെയാണ് ഈ ബില്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍?

1.രാജ്യത്ത് അഭയം പ്രാപിച്ച കുടിയേറ്റക്കാര്‍ക്കും പൗരന്മാര്‍ക്കുള്ളത് പോലെ അവരില്‍ തുല്യമായി പരിഗണിക്കപ്പെടാനുള്ള മൗലികാവകാശം ഉണ്ട്. നിയമപരമായ ഇളവ് നല്‍കുമ്പോള്‍ മുസ്ലീങ്ങളെ മാത്രമായി ഒഴിവാക്കുന്നത് ഭരണഘടനാ ലംഘനമാണ്. മുസ്ലീങ്ങളെയും അമുസ്ലീങ്ങളെയും വേര്‍തിരിച്ചു കാണുന്ന സ്വതന്ത്ര ഇന്ത്യയിലെ ഒരുപക്ഷേ ആദ്യ നിയമനിര്‍മ്മാണമാണ് ഇത്. ഭരണഘടനയുടെ പ്രാഥമിക തത്വങ്ങളുടെ ലംഘനം.

2.മതഭീതി നേരിടുന്ന സമീപരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ അഭയം തേടേണ്ടി വരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്നതാണ് ഈ നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ അയല്‍രാജ്യമല്ല. (പാക്അധീന കശ്മീരിന്റെയാണ്) 2015 ലെ ചട്ടഭേദഗതിയില്‍ അഫ്ഗാനിസ്ഥാന്‍ ഉണ്ടായിരുന്നില്ല. 2016 ല്‍ കൂട്ടിച്ചേര്‍ത്തതാണ്. ഇന്‍ഡ്യാവിഭജനത്തിനു മുന്‍പ് ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പാക്കിസ്ഥാനിലും ബംഗ്‌ളാദേശിലും അധിവസിക്കേണ്ടി വന്നുവെന്ന് പറയുന്നുണ്ടെങ്കിലും അഫ്ഗാനിസ്ഥാനില്‍ പോയതായി പറയുന്നില്ല. ഈ ലിസ്റ്റില്‍ അഫ്ഗാന്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്ന കാരണത്തെപ്പറ്റി നിയമം മിണ്ടുന്നേയില്ല.

3.തൊട്ടടുത്ത രാജ്യമായ ശ്രീലങ്കയില്‍ ഔദ്യോഗിക ഭാഷയായ സിംഹളയെ എതിര്‍ക്കുന്ന ഭാഷാന്യൂനപക്ഷവും, മതഭീതി നേരിടുന്നവരും ഇന്ത്യയില്‍ അഭയം പ്രാപിച്ചവരുമായ തമിഴ് വംശജരുടെ കാര്യം നിയമം മിണ്ടുന്നില്ല. അയല്‍രാജ്യമായ മ്യാന്‍മറില്‍ ന്യൂനപക്ഷവും മതഭീഷണി നേരിടുന്നവരും, ഇന്ത്യയില്‍ അഭയം പ്രാപിച്ചവരുമായ റോഹിന്‍ക്യകളോടും വിവേചനം കാണിക്കുന്നത് എന്തെന്ന് നിയമം പറയുന്നില്ല.

4.പാക്കിസ്ഥാനില്‍ മുസ്ലീങ്ങളായി പരിഗണിക്കപ്പെടാത്ത, അതിന്റെ പേരില്‍ കൊടിയ ഭീതി നേരിടുന്ന അഹമ്മദീയ മുസ്ലിം വിഭാഗക്കാര്‍ ഇന്ത്യയില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും യുക്തിവാദികളും അക്രമിക്കപ്പെടുകയോ ഭീതി നേരിടുകയോ ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ അഭയം തേടിയിട്ടുണ്ട്. എന്തുകൊണ്ട് ഇളവ് 5 മതങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു എന്നു പറയുന്നില്ല.

5. 2014 ഡിസംബര്‍ 31 നു വന്ന കുടിയേറ്റക്കാരനും അതിനു ശേഷം വന്ന കുടിയേറ്റക്കാരനും തമ്മില്‍ വേര്‍തിരിക്കുന്നത്, ആ തീയതിക്ക് ശേഷം വന്നവരെ ജയിലില്‍ ഇടുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് എന്നു നിയമം പറയുന്നില്ല. ഇതും മൗലികാവകാശത്തിന്റെ ലംഘനം.

6.ആസാം, മേഘാലയ, മിസോറാം, തൃപുര എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ വികസനം കൊണ്ടുവരുന്നതിന്റെ ഭാഗമായി അത്തരം പ്രദേശങ്ങള്‍ ആറാം ഷെഡ്യുളില്‍ പെടുത്തി സംരക്ഷിക്കുന്നുണ്ട്. ആ പ്രദേശങ്ങളിലെ സാമൂഹിക സംസ്‌കാരികാവസ്ഥ സംരക്ഷിക്കുന്നതിന് മാത്രമാണ് ആറാം പട്ടികയുടെ സംരക്ഷണം. എന്നാല്‍ ആ പ്രദേശങ്ങളില്‍ ഉള്ളവരെ ഇളവില്‍നിന്ന് ഒഴിവാക്കിയതിന്റെ കാരണം നിയമത്തില്‍ വ്യക്തമല്ല. അതും തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ്.

7.പ്രവാസി ഇന്ത്യന്‍ പൗരന്മാരുടെ status റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാറിനും ഉദ്യോഗസ്ഥര്‍ക്കും അപരിമിതമായ, ദുരൂപയോഗസാധ്യമായ അധികാരമാണ് ഈ നിയമം നല്കുന്നത്. ഇത് അമിതാധികാര നല്‍കല്‍ (excessive delegation) എന്ന ഭരണഘടനാ വിരുദ്ധതയാണ്.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply