ചെലവൂര്‍ വേണു കോഴിക്കോട് നഗരത്തിലുണ്ട്.

തൃശൂര്‍ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിലൂടെ ആദരിക്കപ്പെട്ട ചെലവൂര്‍ വേണുവിനെ കുറിച്ച് ഡോ കെ ഗോപിനാഥന്‍

അരനൂറ്റാണ്ടിലേറെയായി സാമൂഹ്യ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കോഴിക്കോടിന്റെ സമകാലീന ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് ശ്രീ. ചെലവൂര്‍ വേണു. സര്‍ക്കാരിന്റേയോ മറ്റ് ഏതെങ്കിലും സ്വകാര്യ ഏജന്‍സികളുടെയോ അനുഗ്രഹാശിസ്സുകളോടെയോ പിന്‍ബലത്തോടെയോ അല്ല, കേരളമൊട്ടുക്ക് പടര്‍ന്നു കിടക്കുന്ന തന്റെ സൗഹൃദ ശൃംഖലകളുടെ ഊര്‍ജ്ജമാണ് ഒറ്റയാനായ ഈ മനുഷ്യനെ സ്വയം ഒരു സ്ഥാനപമാക്കി മാറ്റിയത്. വേണുവിന്റെ ജീവിതം അനന്യമാകുന്നതും അങ്ങിനെയാണ്. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിലെ നിര്‍ണ്ണായകമായ രണ്ട് ദശാബ്ദങ്ങളാണ് അറുപതുകള്‍ – എഴുപതുകള്‍. മുന്‍കാലഘട്ടങ്ങളില്‍ നിന്ന് സാഹിത്യ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെല്ലാം സമഗ്രമായ ഒരു വിച്ഛേദം സാധിച്ച ദശകങ്ങളാണിവ. ആ കാലത്തിന്റെ ജീവിത കാമനകളും മൂല്യബോധങ്ങളുമാണ് വേണുവിനെയും പ്രചോദിപ്പിച്ചിട്ടുള്ളത്. ആ തലമുറയുടെ സര്‍ഗ്ഗാത്മകമായ ഒരുമ്പെടലുകളുടെയും അനുസരണക്കേടുകളുടെയും കേന്ദ്രത്തില്‍ ഈ മെലിഞ്ഞ് കുറുകിയ മനുഷ്യനും ഉണ്ടായിരുന്നു. തിരമാലകള്‍പോലെ ചുറ്റിനും വന്നുംപോയുമിരുന്ന ചങ്ങാതിക്കൂട്ടങ്ങളുടെ നടുവിലായിരുന്നു ഈ മനുഷ്യന്‍. സാക്ഷിയും, പങ്കാളുയുമായി. രാപകല്‍ ഭേദമില്ലാതെ തിളച്ചുമറിഞ്ഞ അരനൂറ്റാണ്ടു കാലത്തെ കോഴിക്കോടന്‍ നഗരജീവിതത്തിന്റെ ത്രസിപ്പിക്കുന്ന ഒരു അദ്ധ്യായമാണ് ചെലവൂര്‍ വേണുവിന്റെ ജീവിതം. കെട്ടുപാടുകളും ഔപചാരികതകളുമില്ലാത്ത സൗഹൃദങ്ങളായിരുന്നു അതിന്റെ ഊടും പാവും. നഗരത്തില്‍ സ്ഥിരതാമസമാക്കിയവരും, അതിനെ താത്കാലിക താവളമാക്കിയവരും, പ്രശസ്തരും, അപ്രശസ്തരും അതില്‍ പങ്കാളികളായിരുന്നു. വടക്കോട്ടും തെക്കോട്ടുമുള്ള യാത്രകളില്‍ കോഴിക്കോടിനെ തൊട്ടുരുമ്മി പോയവരും ചെലവൂരിന്റെ ആപ്പീസില്‍ ഒരു രാത്രിയെങ്കിലും വിശ്രമിച്ചു കാണും. അല്ലെങ്കില്‍ കുറച്ച് മണിക്കൂറുകളുടെ ലഹരിപകരുന്ന സൗഹൃദം പങ്കുവെച്ചുകാണും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എം. ഗോവിന്ദന്‍, കടമ്മനിട്ട, കാക്കനാടന്‍, എസ്.കെ. പൊറ്റേക്കാട്, എം.ടി., അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, തിക്കൊടിയന്‍, ചിന്തരവി, സക്കറിയ, ജോണ്‍ എബ്രഹാം, പവിത്രന്‍, ബക്കര്‍, കെ.പി. കുമാരന്‍, കെ.ജി. ജോര്‍ജ്, ടി.വി. ചന്ദ്രന്‍, ശശികുമാര്‍ തുടങ്ങി വ്യത്യസ്ഥ തലമുറകളിലും മേഖലകളിലുംപെട്ട പ്രശസ്തരും അപ്രശസ്തരുമായുള്ള സൗഹൃദങ്ങളിലൂടെ പടര്‍ന്നുപന്തലിച്ചതായിരുന്നു ചെലവൂര്‍ വേണുവിന്റെ ജീവിതം. ആര്‍ക്കും സഹായത്തിനായി ആശ്രയിക്കാവുന്ന ഒരു ചങ്ങാതി, ചുമടിറക്കാനായി നഗരത്തില്‍ സദാസന്നദ്ധമായി നില്‍ക്കുന്ന ഒരു അത്താണി, അതായിരുന്നു വേണു. കുടുംബ ജീവിതം, സാമ്പത്തികമായ ലാഭനഷ്ടങ്ങള്‍, തുടങ്ങിയ പരിഗണനകള്‍ അത്തരമൊരു ജീവിത ഉന്മാദത്തിന്റെ പരിധിക്ക് പുറത്തായിരുന്നു. തന്റെ കാലഘട്ടത്തിന്റെ സര്‍ഗ്ഗാത്മക ലഹരികള്‍ക്കൊപ്പം നീന്തുകയായിരുന്നു വേണു. കോഴിക്കോട് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ മാറിമാറി അവതരിക്കുന്ന ചെലവൂര്‍ വേണുവിന്റെ ഓഫീസ്സിന്റെ വാതിലുകള്‍ ഏത് ചങ്ങാതിക്കൂട്ടത്തിനും തുറന്നു വെച്ചിരുന്നു. ഒരു തുറന്ന അഡ്ഡ. സാഹിത്യവും, സിനിമയും, രാഷ്ട്രീയവും, സഭ്യവും അസഭ്യവുമടക്കം ജീവിത ലഹരികളെല്ലാം അവിടെ പകര്‍ന്നാടുകയായിരുന്നു. ചര്‍ച്ചകളും സംഭാഷണങ്ങളും സൗഹൃദങ്ങളും സ്‌നേഹവും കലഹവും ശത്രുതയും അസൂയയും ഒന്നും അവിടെ അന്യമായിരുന്നില്ല. ഇത്തരം ഭൗതിക ഇടങ്ങള്‍ പിന്‍വാങ്ങുകയും, സൈബര്‍ സ്‌പേസുകളും കൂട്ടായ്മകളും പ്രാമാണികമാവുകയും ചെയ്തു കഴിഞ്ഞ ഒരു ഡിജിറ്റല്‍ യുഗത്തില്‍ അല്പം ഗൃഹാതുരതയോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ഒരു ജീവിതമായിരുന്നു അത്. ഇത്തരം ചില തുരുത്തുകളെപോലും നിഷ്‌കരുണം ഇല്ലാതാക്കിയ കോവിഡ് കാലത്തിന്റെ ഏകാന്തതയില്‍ പ്രത്യേകിച്ചും ചെലവൂര്‍ വേണുവിന്റേതുപോലെയുള്ള മറു ജീവിതങ്ങള്‍, അവയുടെ ഓര്‍മ്മകള്‍ പ്രസക്തമാണ്.

ജ്ഞാനപീഠ ജേതാവായ എസ്.കെ. പൊറ്റേക്കാടിന്റെ ജന്മഗൃഹമായ ഇലഞ്ഞിപൊയിലില്‍ 1944 മാര്‍ച്ച് ഒന്നിനാണ് ശ്രീ. വേണുവിന്റെ ജനനം. കോഴിക്കോട് നഗരത്തില്‍ നിന്ന് അല്പം മാറിയുള്ള ചെലവൂരില്‍. സ്‌കൂള്‍ പഠനകാലത്തുതന്നെ രാഷ്ട്രീയ-സാഹിത്യ-സാംസ്‌കാരിക മേഖലകളുമായുള്ള ആഭിമുഖ്യം പ്രകടമായിരുന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, അക്കാലത്തെ പ്രശസ്ത മലയാള ചലച്ചിത്രം ‘ഉമ്മ’യെ കുറിച്ച് നിരൂപണം എഴുതി ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ സ്ഥിരം നിരൂപകനായി മാറി. പിന്നീട് പല സിനിമകളുടെയും നിരൂപണങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഇതിന്റെയെല്ലാം തുടര്‍ച്ചയായിട്ടാണ് ഒരു ഡസനിലധികം പുസ്തകങ്ങള്‍ ഇന്ന് വേണുവിന്റേതായി പ്രസിദ്ധീകൃതമായിട്ടുള്ളത്. പഠനകാലത്തുതന്നെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായിരുന്ന വേണു ഇടതുപക്ഷ വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ സംസ്ഥാന നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സജീവമായ രാഷ്ട്രീയ താല്‍പര്യവും നിരീക്ഷണവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തന്റെ ഒരു പ്രധാന ഘടകമാണ്. പക്ഷേ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ചിട്ടവട്ടങ്ങള്‍ക്കകത്ത് കുരുങ്ങിക്കിടക്കാനാവുന്ന പ്രകൃതമായിരുന്നില്ല വേണുവിന്റേത്. വ്യത്യസ്ത ഊന്നലുകളോടു കൂടിയ ആഴ്ചപ്പതിപ്പുകളും മാസികകളും തുടങ്ങുകയെന്ന സംരംഭകത്വ വാസനയും അദ്ദേഹത്തില്‍ തുടക്കം മുതല്‍ തന്നെ കാണാന്‍ സാധിക്കും. എന്തു ചെയ്താലും അതില്‍ ഒരു പുതുമ ഉണ്ടാകണം എന്ന് വേണുവിന് നിര്‍ബന്ധമായിരുന്നു. ഏതിന്റെയെങ്കിലും ആവര്‍ത്തനമാകരുത് താന്‍ ചെയ്യുന്നത് എന്ന വാശി വേണുവിന്റെ കൂടപ്പിറപ്പായിരുന്നു.

1965-ല്‍ തുടങ്ങിയ ‘യുവഭാവന’ എന്ന സാഹിത്യ-സാംസ്‌കാരിക ദ്വൈവാരികയോടെയാണ് പത്രപ്രവര്‍ത്തന മേഖലയിലേക്ക് കടന്നുവരുന്നത്. കഷ്ടങ്ങളും നഷ്ടങ്ങളും സഹിച്ച് മുന്നോട്ട് കൊണ്ടുപോയ വാരികയ്ക്കും അല്‍പായുസ്സ് മാത്രമെ ഉണ്ടായുള്ളു. അതിന്റെ പ്രസിദ്ധീകരണം വൈകാതെ നിലച്ചുപോയി. തുടര്‍ന്ന് കോഴിക്കോട് ആകാശവാണിയില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ വേണു കുറച്ച്കാലം ജോലി ചെയ്തു. എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഒക്കെയായി വിപുലമായ സൗഹൃദങ്ങള്‍ ഉണ്ടാകുന്നതിന് ഈ ജോലി നിമിത്തമായി. പക്ഷേ ഒരിടത്തു മാത്രമായി, ഏതെങ്കിലും ഒന്നില്‍ മാത്രമായി കുരുങ്ങിക്കിടക്കാന്‍ സാധിക്കാത്ത വേണു ആകാശവാണിയില്‍ നിന്ന് പുറത്ത് കടന്നു. പിന്നീട് നാം വേണുവിനെ കാണുന്നത് മദിരാശിയിലാണ്. രാമുകാര്യാട്ടിന്റെ സഹായിയായിട്ട്. ‘ചെമ്മീന്‍’ന്റെ പ്രശസ്തിയിലായിരുന്നു കാര്യാട്ട്. ബഷീറിന്റെ ‘ന്റെപ്പൂപ്പക്കോരാനേണ്ടാര്‍ന്നു’ എന്ന കൃതി സിനിമയാക്കാനുള്ള തയ്യാറെടുപ്പിന്റെ സമയത്താണ് വേണു എത്തിപ്പെടുന്നത്. തിരക്കഥയുടെ പകര്‍പ്പ് എഴുതുന്ന ജോലിയാണ് വേണു പ്രധാനമായും ചെയ്തിരുന്നത്. പല കാരണങ്ങളാല്‍ ആ സിനിമ നടന്നില്ല. ഒരു കൊല്ലത്തോളം മദിരാശിയില്‍ തുടര്‍ന്നു. അവിടുന്നും കുതറിച്ചാടി കോഴിക്കോട് നഗരത്തില്‍ തിരിച്ചെത്തി. പക്ഷേ വെറും മനസ്സോടെയായിരുന്നില്ല വേണു മദിരാശിയില്‍ നിന്ന് വണ്ടികയറിയത്. ലോകോത്തര നിലവാരമുള്ള നല്ല സിനിമകളുടെ സ്വപ്നങ്ങളുമായിട്ടായിരുന്നു മടക്കം. എല്ലാ ഞായറാഴ്ചകളിലും സത്യജിത് റായ്, ഘട്ടക്ക്, സെന്‍ തുടങ്ങിയവരുടെ ഇന്ത്യന്‍ ക്ലാസ്സിക്കുകളുടെയും വിദേശ ക്ലാസ്സിക്കുകളുടെയും പ്രദര്‍ശനങ്ങള്‍ കാണുവാനുള്ള അവസരം മദിരാശിയില്‍ ഉണ്ടായിരുന്നു. സിനിമയോട് സ്വാഭാവികമായി ഉണ്ടായിരുന്ന ആഭിമുഖ്യം ഇതോടെ നല്ല സിനിമയോടുള്ള ആവേശമായി മാറി. അത്തരം നല്ല സിനിമകള്‍ ചെയ്യണം, അതിനെ പ്രോത്സാഹിപ്പിക്കണം എന്ന ചിന്തയുമായാണ് മദിരാശിയില്‍ നിന്ന് തിരിച്ച് കോഴിക്കോട് എത്തുന്നത്. ഈ ലക്ഷ്യത്തിലേക്കുള്ള ധനസമാഹരണത്തിന് വേണ്ടിയാണ് വീണ്ടും പത്രപ്രവര്‍ത്തനത്തിലേക്ക് തിരിയുന്നത്. അപ്പോഴേക്കും സിനിമ വേണുവിന്റെ താല്‍പര്യങ്ങളുടെ കേന്ദ്രത്തില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരുന്നു എന്ന് ചുരുക്കം. ഇത്തവണ സ്‌പോര്‍ട്‌സ് മാസിക തുടങ്ങാനിരുന്നു തീരുമാനം. ‘സ്റ്റേഡിയം’ എന്ന് പേരിട്ടു. കേരളത്തിലെ ആദ്യ സ്‌പോര്‍ട്‌സ് മാസിക. കാലം 1967. മലബാറിലെ ഫുട്ബാള്‍ ജ്വരത്തെ ലക്ഷ്യമിട്ടാണ് മാസികക്ക് തുടക്കമിട്ടത്. ആയിരക്കണക്കിന് വരുന്ന കാണികളില്‍ പത്ത് ശതമാനം പേര്‍ മാസിക വാങ്ങിയാല്‍ തന്നെ വന്‍ വിജയം എന്നായിരുന്നു കണക്കുകൂട്ടല്‍! ലളിതവും നിഷ്‌കളങ്കവുമായ ചിന്ത! അതിന്റെ ലാഭത്തില്‍ നല്ല സിനിമയെടുക്കുക. പക്ഷേ കളിയോടുള്ള പ്രണയം ആളുകള്‍ മാസികയോട് കാണിച്ചില്ല. കടബാദ്ധ്യതകള്‍ അവശേഷിപ്പിച്ച് ‘സ്റ്റേഡിയം’ അടച്ചുപൂട്ടി.

രണ്ട് കൊല്ലങ്ങളുടെ ഇടവേള. 1969-ല്‍ ‘സൈക്കോ’ എന്ന മനശ്ശാസ്ത്ര മാസികയുമായി വേണു കളംപിടിച്ചു. മലയാള പത്രപ്രവര്‍ത്തന ചരിത്രത്തിലെ തിളക്കമുള്ള ഒരു അദ്ധ്യായമായി ഇന്നും ‘സൈക്കോ’ ഓര്‍മ്മിക്കപ്പെടുന്നു. മനോഹരമായി പ്രിന്റു ചെയ്ത കറുപ്പിലും വെളുപ്പിലുമുള്ള കവറായിരുന്നു വായനക്കാരെ ഏറ്റവും ആകര്‍ഷിച്ചത്. ചിന്തരവി അടക്കമുള്ള സുഹൃത്തുക്കള്‍ മാസികയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളികളായിരുന്നു. മനശ്ശാസ്ത്ര മാസികകള്‍ സജീവമല്ലാതിരുന്ന, മുന്‍ മാതൃകകള്‍ ഇല്ലാതിരുന്ന ഒരു കാലത്താണ് ഇത് സംഭവിക്കുന്നത് എന്ന് ഓര്‍ക്കണം. ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. മാസിക വന്‍ വിജയമായി. സാമ്പത്തികമായും നല്ല നേട്ടമുണ്ടായി. പുതുമയെ കണ്ടെത്താനുള്ള വേണുവിന്റെ മനസ്സിനും, സംരംഭകത്വ ധൈര്യത്തിനുമുള്ള ഉത്തമ ഉദാഹരണമായിരുന്നു ‘സൈക്കോ’. അതിന് ലഭിച്ച സ്വീകരണം അത്ഭുതാവഹമായിരുന്നു. അനവധി പരാജയങ്ങള്‍ക്കു ശേഷം സംഭവിച്ച ഒരു വിജയം! അര്‍ഹതപ്പെട്ടത്. കടംവാങ്ങിയും വിറ്റുപെറുക്കിയും ഉണ്ടാക്കിയ മൂലധനമായിരുന്നു ഈ പരിശ്രമങ്ങളുടെയെല്ലാം പുറകില്‍ എന്നതും ഓര്‍ക്കേണ്ടതുണ്ട്. മാതൃഭൂമി പ്രസ്സിലാണ് ‘സൈക്കോ’ അച്ചടിച്ചിരുന്നത് എന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. ‘സൈക്കോ’ക്ക് മുമ്പും പിന്‍പും മാതൃഭൂമിയില്‍ പുറത്തുനിന്നുള്ള പ്രസിദ്ധീകരണങ്ങള്‍ അച്ചടിച്ചിരുന്നില്ല! അനവധി പുതിയ എഴുത്തുകാര്‍ വേണുവിന്റെ മാസികയിലൂടെ സൃഷ്ടിക്കപ്പെട്ടു. പ്രത്യേകിച്ചും ഡോക്ടര്‍മാരെപോലുള്ള പ്രൊഫഷണലുകള്‍. ‘സൈക്കോ’യുടെ വിജയം വേണുവിനെ അലസനാക്കിയില്ല. മദിരാശി വാസത്തില്‍ ഉള്ളില്‍ കയറിയ സിനിമയുടെ കനല്‍ എരിയുന്നുണ്ടായിരുന്നു. പ്രധാന ലക്ഷ്യം സിനിമയായിരുന്നു. മാസിക അതിലേക്കുള്ള മാര്‍ഗ്ഗമായിരുന്നു. കച്ചവട സിനിമക്ക് സമാന്തരമായി വികസിക്കാന്‍ തുടങ്ങിയിരുന്ന സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ വിജയത്തിനായി എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. പില്‍ക്കാലത്തെപോലെ ഫിലിം സൊസൈറ്റികള്‍ സജീവമല്ലാതിരുന്ന, അപൂര്‍വ്വം സൊസൈറ്റികള്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന കാലമായിരുന്നു അത്. തിരുവനന്തപുരത്ത് അടൂര്‍ ഗോപാലകൃഷ്ണനും സംഘവും തുടങ്ങിയിരുന്ന ‘ചിത്രലേഖ’ ഫിലിം സൊസൈറ്റിയാണ് ഒരു മാതൃകയായി നോക്കിക്കാണാനുണ്ടായിരുന്നത്. വേണു അടൂരുമായി ബന്ധപ്പെട്ടു. കോഴിക്കോടും സമാനമായ ഒന്ന് ആരംഭിക്കണം എന്നതായിരുന്നു ഉദ്ദേശം. പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോയിരുന്ന ‘അശ്വിനി’ എന്ന ഒരു ഫിലിം സൊസൈറ്റി കോഴിക്കോട് ഉള്ള കാര്യം അടൂര്‍ വേണുവിനെ ധരിപ്പിച്ചു. അത് പുനരുജ്ജീവിപ്പിച്ച് സജീവമാക്കാനുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശം വേണു ഏറ്റെടുത്തു. ‘സൈക്കോ’യുടെ ഓഫീസ്സും വിഭവങ്ങളും ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രമായി. ‘അശ്വിനി’ കേരളത്തില്‍ ഏറ്റവും പഴക്കമുള്ള സൊസൈറ്റികളിലൊന്നായി ഇന്നും വേണുവിന്റെ സാരഥ്യത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് വിസ്മയാവഹമാണ്. മാതൃകയാക്കിയിരുന്ന ‘ചിത്രലേഖ’ പോലും എത്രയോ മുന്‍പ് നിലച്ചു പോയി. 1980-ല്‍ കല്ലായി പുഷ്പ തിയ്യേറ്ററില്‍ 14 ദിവസങ്ങള്‍ നീണ്ട, പെട്ടിയില്‍ വരുന്ന പ്രിന്റുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വന്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തുന്ന തലത്തിലേക്ക് വേണു ‘അശ്വിനി’യെ വളര്‍ത്തിയെടുത്തു. വേണുവിന്റെ വിപുലമായ സൗഹൃദങ്ങള്‍ തന്നെയായിരുന്നു ഇതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത്. മെഡിക്കല്‍ കോളേജ്, ആര്‍.ഇ.സി. തുടങ്ങിയ പ്രൊഫഷണല്‍ കോളേജുകളില്‍ നിന്ന് ധാരാളമായി വിദ്യാര്‍ത്ഥികളും പ്രൊഫസ്സര്‍മാരും അടക്കം ‘അശ്വിനി’യുടെ അംഗസംഖ്യ വര്‍ദ്ധിച്ചുവന്നു. മെമ്പര്‍ഷിപ്പ് കുത്തനെ കൂടി. ‘അശ്വിനി’ ഫിലിം സൊസൈറ്റി കോഴിക്കോട്ടെ വലിയ ഒരു സംസ്‌കാരിക സാന്നിദ്ധ്യമായി മാറി. പ്രശസ്തരും ആപ്രശസ്തരുമായ നൂറുകണക്കിനാളുകള്‍ ഫിലിം സൊസൈറ്റിയുടെ പ്രദര്‍ശങ്ങള്‍ക്ക് വരിനിന്നു. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വേണുവിനെ തിരക്കി അന്വേഷണങ്ങള്‍ വരാന്‍ തുടങ്ങി. അവിടങ്ങളിലും സൊസൈറ്റികള്‍ ആരംഭിക്കണം. മലബാറിലെ ഫിലിം സൊസൈറ്റികളുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും വേണു തന്റേതായ പങ്ക് നിര്‍വഹിച്ചിരുന്നു. ‘അശ്വിനി’ അതിനെല്ലാം ഒരു പ്രചോദനമായി നിലകൊണ്ടു. ‘സൈക്കോ’യും ‘അശ്വിനി’യും ചേര്‍ന്ന് വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളുടെ ഒരു കാലമായിരുന്നു അത് വേണുവിന് സമ്മാനിച്ചത്. ഇതിനെല്ലാമിടയിലും രാഷ്ട്രീയ-സാഹിത്യ-സാംസ്‌കാരിക ചര്‍ച്ചകളും, പില്‍ക്കാലത്ത് പ്രശസ്തരായ പല സംവിധായകരുടെയും സിനിമാ നിര്‍മ്മാണങ്ങളുടെ പ്രാരംഭ ചര്‍ച്ചകളും, പ്രവര്‍ത്തനങ്ങളുമൊക്കെയായി ചെലവൂര്‍ വേണുവിന്റെ ഓഫീസ്സ് രാപകല്‍ സജീവമായിരുന്നു. കോഴിക്കോട് അക്കാലത്ത് പ്രസ്സ്‌ക്ലബ്ബ് ഉണ്ടായിരുന്നില്ല. നഗരത്തിലെ പത്രപ്രവര്‍ത്തകരില്‍ വലിയൊരുപങ്കും വേണുവിന്റെ ഓഫീസ്സിനെയാണ് അനൗപചാരിക പ്രസ്സ്‌ക്ലബ്ബായി കരുതിയിരുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എഴുപതുകളിലെ രാഷ്ട്രീയ താപനില അനുദിനം ഉയരുന്ന കാലംകൂടിയായിരുന്നു അത്. അതിന്റെ കമ്പനങ്ങള്‍ വേണുവിന്റെ ആപ്പീസും സുഹൃദ് സംഘങ്ങളും ഏറ്റുവാങ്ങിയിരുന്നു. എന്തെങ്കിലും ചെയ്‌തേ പറ്റൂ. വേണുവിന്റെ ഈ ചിന്ത എത്തിനിന്നത് പൊളിറ്റിക്കല്‍ വീക്കിലി എന്ന ആശയത്തിലാണ്. ‘സര്‍ച്ച്‌ലൈറ്റ്’ എന്ന പേരിലാണ് ഈ വാരിക തുടങ്ങിയത്. ആവേശത്തിന് തുല്യം പിടിക്കുന്ന മൂലധന പിന്‍ബലമോ, മാര്‍ക്കറ്റിംഗ് മെക്കാനിസമോ ഇല്ലാതിരുന്നതിനാല്‍ വൈകാതെ ‘സര്‍ച്ച്‌ലൈറ്റ്’ അണഞ്ഞുപോയി. മറ്റ് പല മുന്‍ സംരംഭങ്ങളെയും പോലെ അകാലചരമം. പക്ഷേ വേണു ഇനിയും പിന്തിരിയുന്ന മട്ടില്ല. ഇത്തവണ വനിത മാഗസിനിലാണ് കൈ വെച്ചത്. ‘ഫെമിന’ പോലെ ഒന്ന്. ഫെമിനിസ്റ്റ് ആശയങ്ങളോ മറ്റോ കേരളത്തില്‍ തീരെ സജീവമല്ലാതിരുന്ന കാലമാണെന്നോര്‍ക്കണം. ചെയ്യുന്നതെന്തിലും ഒരു പുതുമ വേണം എന്ന വേണുവിന്റെ വാശിയില്‍ നിന്നാണ് ഇതെല്ലാം സംഭവിക്കുന്നത്. ‘രൂപകല’ എന്നായിരുന്നു പേരിട്ടത്. അകാലത്തില്‍ ചരമമടയാനായിരുന്നു അതിന്റെയും യോഗം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിനെല്ലാമിടയിലും അശ്വിനി സൊസൈറ്റിയുടെ സിനിമ പ്രദര്‍ശനങ്ങള്‍ നിരന്തരം പുരോഗമിക്കുന്നുണ്ടായിരുന്നു. പ്രദര്‍ശനങ്ങള്‍ നടന്നിരുന്ന അളകാപുരി ഹോട്ടലിന്റെ ഹാള്‍ പലപ്പോഴും നിറഞ്ഞ് കവിഞ്ഞുള്ള പങ്കാളിത്തമുണ്ടായിരുന്നു. കേവലം മാസികകള്‍ നടത്തലും സിനിമാ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കലും മാത്രമായിരുന്നില്ല ചെലവൂര്‍ വേണുവിന്റെ ആപ്പീസില്‍ നടന്നിരുന്നത്. കെ.ജി. ജോര്‍ജ്, പി.എ. ബക്കര്‍, പവിത്രന്‍, ജോണ്‍ എബ്രഹാം, ചിന്തരവി, ടി.വി. ചന്ദ്രന്‍ തുടങ്ങിയവരുടെ സിനിമകള്‍ക്കു വേണ്ടിയുള്ള പല പ്രവര്‍ത്തനങ്ങള്‍ക്കും സൈക്കൊ ആപ്പീസ് കേന്ദ്രമായിരുന്നു. ഇക്കൂട്ടത്തില്‍ പലരും നമുക്കിടയില്‍ നിന്ന് അപ്രത്യക്ഷരായി. പഴയ രീതിയിലുള്ള സൗഹൃദ സംഘങ്ങളുടെ കൂടിച്ചേരലുകള്‍ ഓര്‍മ്മകളായി. കാലം മാറി. വ്യക്തികള്‍ കൂടുതലായി ഒറ്റപ്പെട്ട് തുരുത്തുകളിലേക്കോ സൈബര്‍ ഇടങ്ങളിലേക്കോ പുനഃക്രമീകരിക്കപ്പെട്ടു. എല്ലാത്തിനും സാക്ഷിയായി ചെലവൂര്‍ വേണുവും അശ്വിനി ഫിലിം സൊസൈറ്റിയും തുടരുന്നു. പഴയ പ്രതാപങ്ങള്‍ പലതും നഷ്ടമായെങ്കിലും, അശ്വിനി ഫിലിം സൊസൈറ്റി അര നൂറ്റാണ്ടിലേറെയായി ഇന്നും പ്രവര്‍ത്തിക്കുന്നു.

ഇന്ത്യയില്‍, ഒരുപക്ഷേ ലോകത്തില്‍തന്നെ, ഒരു ഫിലിം സൊസൈറ്റിയും തുടര്‍ച്ചയായി അരനൂറ്റാണ്ടിലെറേ പ്രവര്‍ത്തിക്കുകയും ഇന്നും സജീവമായി തുടരുന്നുമുണ്ടാകുമോ എന്നത് സംശയമാണ്. അതിന് നാം കടപ്പെട്ടിരിക്കുന്നത് ശ്രീ. ചെലവൂര്‍ വേണുവിനോടാണ്. പ്രായം എഴുപതുകളുടെ രണ്ടാം പകുതിയിലെത്തിയിട്ടും പത്രപ്രവര്‍ത്തനവും അദ്ദേഹം തുടരുകതന്നെയാണ്. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡണ്ടായ ശ്രീ. വേണുവാണ് കഴിഞ്ഞ നാല് കൊല്ലങ്ങളായി അതിന്റെ മുഖമാസിക ‘ദൃശ്യതാളം’ പബ്ലിഷ് ചെയ്യുന്നതും, അതിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നതും! തിരമാലകള്‍പോലെ വന്നുംപോയുമിരുന്ന സൗഹൃദ സംഘങ്ങളുടെ അഭാവത്തിലും പുതിയ കാലത്തിന്റെ ഏകാന്തതയിലും, മിണ്ടാനും പറയാനും കൂടാനും സാധിക്കുന്ന സുഹൃദ് സദസ്സുകളുടെ ദാരിദ്ര്യത്തിലും, വാര്‍ദ്ധക്യം ഏല്‍പിക്കുന്ന ചില്ലറ പീഢകള്‍ക്കിടയിലും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഈ കാരണവര്‍ ചെലവൂര്‍ വേണു സിനിമ-പത്രപ്രവര്‍ത്തനങ്ങള്‍ ആവുംവിധം ഇന്നും തുടരുകതന്നെയാണ്. ഏറെ വൈകിയാണെങ്കിലും ജീവിതപങ്കാളിയായി ശീമതി സുകന്യ വന്നുചേര്‍ന്നതാണ് വേണുവിന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ചിരിക്കുന്ന ഏക ധാരാളിത്തം! അപൂര്‍വ്വമായെങ്കിലും എത്തുന്ന ചില ചങ്ങാതിമാരെ കാത്ത് ചെലവൂര്‍ വേണു കോഴിക്കോട് നഗരത്തിലുണ്ട്.

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply