വംശനാശമുനമ്പിലെ മനുഷ്യവംശം

ജര്‍മ്മന്‍ – അമേരിക്കന്‍ കവി Charles Bukkowski യുടെ Dinosauria We എന്ന കവിത, പരിഭാഷ : സനല്‍ ഹരിദാസ്

ഇതുപോലെ ജനിച്ചു.
ഇതിനകത്തേക്ക്.
മരമുഖങ്ങള്‍ പുഞ്ചിരിക്കും പോലെ,
ശ്രീമതി മരണം പൊട്ടിച്ചിരിക്കും പോലെ.
യന്ത്രഗോവണികള്‍ തകരും പോലെ.
രാഷ്ട്രീയ ഭൂമികകള്‍ ബലഹീനമാകും പോലെ.
കടയിലെ എടുത്തുകൊടുപ്പുകാര്‍ ബിരുദധാരികളാകുമ്പോള്‍,
എണ്ണമയമാര്‍ന്ന മത്സ്യം എണ്ണമയമാര്‍ന്ന ഇരയെ തുപ്പുമ്പോള്‍
സൂര്യന്‍ മുഖം മൂടിയണിഞ്ഞതു പോലെ
ഞങ്ങള്‍ ഇതുപോലെ ജനിച്ചു
ഇതിലേക്ക്
ശ്രദ്ധയാര്‍ന്നൊരീ ഭ്രാന്തന്‍ യുദ്ധങ്ങളിലേക്ക്
തകര്‍ന്ന തൊഴില്‍ശാലാ ജാലകങ്ങളുടെ ശൂന്യമായ കാഴ്ചയിലേക്ക്
മനുഷ്യര്‍ പരസ്പരം ഉരിയാടാത്ത
മദ്യശാലകളിലേക്ക്
വെടിവയ്പും കത്തിക്കുത്തു മായവസാനിക്കുന്ന
മുഷ്ടി യുദ്ധങ്ങളിലേക്ക്

മരണം കേവലമാകയാല്‍
ചിലവേറിയ ആശുപത്രികളിലേക്ക്
കുറ്റസമ്മതം തുച്ഛമാകയാല്‍
അമിതലാഭമീടാക്കുന്ന അഭിഭാഷകരിലേക്ക്
തടവറകള്‍ നിറഞ്ഞതും
ഭ്രാന്താശുപത്രികള്‍ അടഞ്ഞു ‘കിടക്കുന്നതുമായ
ഒരു രാജ്യത്തേക്ക്
വിഡ്ഢികളെ ധനിക നായകരാക്കി
ഉയര്‍ത്തുന്ന ജനസാമാന്യമുള്ളിടത്തേക്ക്

ഇതിലേക്ക് ജനിച്ചു.
ഇതിലൂടെ നടക്കുകയും ജീവിതം
തുടരുകയും ചെയ്യുന്നു.
ഇതിനാല്‍ മരിച്ചു വീഴുന്നു.
ഇതിനാല്‍ നിശബ്ദരാക്കപ്പെടുന്നു.
വരിയുടക്കപ്പെടുന്നു
നെറികെടുന്നു.
നിരാകരിക്കപ്പെടുന്നു.
ഇതിലൂടെ തന്നെ
ഇതിനാല്‍ വഞ്ചിതരായി
ഇതിനാല്‍ ഉപയോഗിക്കപ്പെട്ട്
ഇതിനാല്‍ അസ്വസ്ഥമാക്കപ്പെട്ട്
ഇതിനാല്‍ ഭ്രാന്തനും രോഗിയുമാക്കപ്പെട്ട്
അക്രമാസക്തമായിത്തീര്‍ന്ന്
മനുഷ്യത്വരഹിതമായിത്തീര്‍ന്ന്.
ഇതിലൂടെ തന്നെ.
ഹൃദയം ഇരുണ്ടുപോയി
വിരലുകള്‍ കഴുത്തിനുമേലെത്തുന്നു.
തോക്ക്
കത്തി
സ്‌ഫോടക വസ്തു
വിരലുകള്‍ പ്രതികരിക്കാനൊരു
ദൈവത്തെ തിരയുന്നു
വിരലുകള്‍ മദ്യക്കുപ്പി തിരയുന്നു
മയക്കുമരുന്നും
മയക്കുപൊടിയും
ദു:ഖാര്‍ദ്രമായ ഈ അന്ത്യനേരത്താണു നാം ജനിച്ചത്
അറുപതു വര്‍ഷങ്ങളുടെ കടബാധ്യതയുള്ളൊരു ഭരണ സംവിധാനത്തിലേക്കാണു നാം ജനിച്ചത്
ആ കടങ്ങളുടെ പലിശ നല്‍കാനുള്ള ശേഷി പോലും ഉടനില്ലാതാകും
ധനകാര്യസ്ഥാപനങ്ങള്‍ കത്തിയമരും
പണം ഉപയോഗശൂന്യമാകും.
തെരുവില്‍ നഗ്‌നവും ശിക്ഷാരഹിതവുമായ
കൊലകള്‍ അരങ്ങേറും
അത് തോക്കുകളും അലറിവിളിക്കുന്ന ആള്‍ക്കൂട്ടവുമായിത്തീരും
നിലം ഉപയോഗശൂന്യവുമാകും
ആഹാരം നശിച്ചു തീരുന്ന ഒരു വരമായിത്തീരും
ആണവോര്‍ജം അനേകരാല്‍
പങ്കുവക്കപ്പെടും
സ്‌ഫോടനങ്ങള്‍ നിരന്തരം ഭൂമിയെ വിറപ്പിക്കും
വികിരണ ബാധിതരായ മനുഷ്യയന്ത്രങ്ങള്‍ പരസ്പരം പിന്‍തുടരും.
സമ്പന്നരും തിരഞ്ഞെടുക്കപ്പെട്ടവരും
ബഹിരാകാശ കേന്ദ്രങ്ങളില്‍
നിന്നിതു കാണും
ഡാന്റേയുടെ ‘ഇന്‍ഫേര്‍ണോ’ കുട്ടികളുടെ കളിസ്ഥലമായി മാറും.
സൂര്യനെ കാണുകയുണ്ടാവില്ല.
സര്‍വ്വനേരവും രാത്രിയായിരിക്കും.
മരങ്ങള്‍ മരിച്ചു പോകും
എല്ലാ സസ്യജാലങ്ങളും
മരിച്ചുതീരും
വികിരണ ബാധിതരായ മനുഷ്യര്‍ വികിരണ ബാധിതരായ മനുഷ്യരുടെ
മാംസം ഭക്ഷിക്കും.
സമുദ്രം വിഷമയമായിരിക്കും
തടാകങ്ങളും നദികളും
അപ്രത്യക്ഷമാകും
‘മഴ’ സ്വര്‍ണ്ണത്തെ പകരം വയ്ക്കും
ഇരുണ്ട കാറ്റില്‍, ഇരുകാലികളുടേയും ഇതര ജന്തുക്കളുടേയും
ദേഹം ചീഞ്ഞ ഗന്ധം വമിക്കും
അതിജീവിച്ച അവസാന മനുഷ്യരെ
ആധുനികവും അതി മാരകവുമായ
രോഗങ്ങള്‍ കീഴ്പ്പെടുത്തും
ബഹിരാകാശ കേന്ദ്രങ്ങള്‍ തേഞ്ഞുരഞ്ഞ് നശിച്ചു തീരും.
വിഭവങ്ങളുടെ ഇല്ലാതാവല്‍
സര്‍വ്വനാശത്തിന്റെ സ്വാഭാവികമായ
പ്രത്യാഘാതങ്ങള്‍
പിന്നെ ഒരിക്കലും കേട്ടിട്ടില്ലാത്ത
തരം മനോഹരമായ നിശബ്ദതയുണ്ടാകും.
അതില്‍ നിന്നും ജനനമുണ്ടാകുന്നു
സൂര്യന്‍ അപ്പോഴും അവിടെ മറഞ്ഞിരിക്കുകയാണ്.
അടുത്ത അദ്ധ്യായത്തെ കാത്ത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply