പുതുപ്പള്ളിയുടെ സന്ദേശം

ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹം മാത്രമല്ല ഈ തെരഞ്ഞെടുപ്പുഫലത്തിനു കാരണം. ഏതൊരു ഉപതെരഞ്ഞെടുപ്പും പോലെ ഈ തെരഞ്ഞെടുപ്പും സര്‍ക്കാരിന്റെ ഒരു വിലയിരുത്തല്‍ കൂടിയാണ്. ഒരു ഘട്ടത്തില്‍ എം വി ഗോവിന്ദന്‍ തന്നെ അതു പറഞ്ഞെങ്കിലും പിന്നീട് നിശബ്ദനായി. ഇടതുപക്ഷത്തുള്ളവര്‍പോലും രഹസ്യമായും പരസ്യമായും പറയുന്നപോലെ തുടര്‍ഭരണം കിട്ടിയതോടെ സിപിഎമ്മും ഭരണവും ഏറെ ജീര്‍ണ്ണിച്ചു എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. രണ്ട് പൊതുതെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ ഭരണകൂടത്തോട് പ്രതികരിക്കാന്‍ ജനങ്ങള്‍ക്കുകിട്ടുന്ന അവസരമാണല്ലോ ഉപതെരഞ്ഞെടുപ്പ്. അത് ഫലപ്രദമായി പുതുപ്പള്ളിക്കാര്‍ നിര്‍വ്വഹിച്ചിരിക്കുന്നു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ്‌ വിജയം പ്രതീക്ഷിച്ചതുതന്നെ. എന്നാല്‍ ഭൂരിപക്ഷം കേരളത്തിലെ ഒരാളും പ്രതീക്ഷിച്ചതാണ് എന്നു കരുതാനാവില്ല. പുറത്തേക്ക് എന്തുപറഞ്ഞാലും കോണ്‍ഗ്രസ്സുകാര്‍ പോലും ഇത്തരമൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. സിപിഎമ്മും.. തീര്‍ച്ചയായും ഈ വിജയത്തിന്റെ പ്രധാന ഘടകം ഉമ്മന്‍ചാണ്ടി തന്നെ. എന്നാല്‍ അതില്‍ മാത്രം ഒതുക്കാവുന്ന ഒരു വിജയമല്ല ചാണ്ടി ഉമ്മന്‍ നേടിയിരിക്കുന്നത്. മറ്റനവധി ഘടകങ്ങളും ഈ വിജയത്തിനു കാരണമാണ്. ഒപ്പം ഈ തെരഞ്ഞെടുപ്പുഫലം നമുക്കു മുന്നില്‍ വെക്കുന്ന നിരവധി സൂചനകളും സന്ദേശങ്ങളുമുണ്ട്.

ഉമ്മന്‍ ചാണ്ടി തന്നെയാണ് ഇക്കുറിയും പുതുപ്പള്ളിയില്‍ മത്സരിച്ചതെന്നു പറയുന്നതില്‍ തെറ്റൊന്നുമില്ല. അപ്പയുടെ 13-ാം വിജയം എന്നാണല്ലോ ചാണ്ടി ഉമ്മന്‍ പറയുന്നത്. അപ്പോഴും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം അഞ്ചക്കം കടന്നില്ല എന്നു മറക്കരുത്. അതിന്റെ നാലിരട്ടി കടന്നിരിക്കുകയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം. ഒറ്റവാക്കില്‍ ഉമ്മന്‍ചാണ്ടിയോടുള്ള പുതുപ്പള്ളിക്കാരുടെ സ്‌നേഹം എന്നു പറയാം. എന്നാല്‍ അങ്ങനെ മാത്രം പറഞ്ഞാല്‍ പോര. പ്രത്യേകിച്ച് 50 വര്‍ഷത്തില്‍പരം എംഎല്‍എ ആയിട്ടും രണ്ടുതവണ മുഖ്യമന്ത്രിയായിട്ടും സ്വന്തം മണ്ഡലത്തിലേക്ക് കാര്യമായ വികസനമൊന്നും കൊണ്ടുവരാന്‍ അദ്ദേഹത്തിനായില്ല എന്ന വിമര്‍ശനം ശക്തമായി നിലനില്‍ക്കുമ്പോള്‍. അതായത് അതിനേക്കാള്‍ വലിയ പല കാരണങ്ങളാലുമാണ് ഉമ്മന്‍ചാണ്ടിയെ ജനം സ്‌നേഹിച്ചത്. അക്കാര്യം പരിശോധിച്ചാല്‍ ജനാധിപത്യ സംവിധാനത്തില്‍ കൂടുതല്‍ പ്രതീക്ഷ നല്‍കാവുന്ന മറുപടിയാണ് ലഭിക്കുക.

ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ജനാധിപത്യസംവിധാനത്തില്‍ അനിവാര്യമായ ജനകീയതയും ജനങ്ങളിലുള്ള വിശ്വാസവും സുതാര്യതയും പ്രതിപക്ഷ ബഹുമാനവുമാണ് ഉമ്മന്‍ചാണ്ടിയെ കേരളം കണ്ട മിക്ക രാഷ്ട്രീയനേതാക്കളില്‍ നിന്നും വ്യത്യസ്ഥനാക്കിയത്. അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്കിടയിലായിരുന്നല്ലോ ജീവിച്ചത്. തനിക്ക് ജനങ്ങളില്‍ വിശ്വാസമാണെന്നു അദ്ദേഹം എപ്പോഴും പറയാറുണ്ടല്ലോ. അതോടൊപ്പം പ്രധാനമായിരുന്നു ജനാധിപത്യത്തിന്റെ അടിത്തറയാണ് സുതാര്യത എന്ന അദ്ദേഹത്തിന്റെ ബോധ്യം. തന്റെ ഓഫീസില്‍ വെബ് ക്യാമറ വെച്ച് അവിടെ നടക്കുന്നതെല്ലാം ലോകത്തെവിടെയിരുന്നും ആര്‍ക്കും കാണാവുന്ന രീതിയില്‍ സജ്ജീകരിച്ച മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ജനങ്ങളില്‍ നിന്നു മറച്ചുവെക്കേണ്ടതായ ഒന്നും തനിക്കില്ലെന്ന പ്രഖ്യാപനം തന്നെയായിരുന്നു അത്. മുന്‍കൂട്ടിയുള്ള അപ്പോയ്മെന്റ് ഇല്ലാതെ, ഒരു നേതാവിനേയും ആശ്രയിക്കാതെ ആര്‍ക്കും അദ്ദേഹത്തെ കാണാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അതിന്റെ ഭാഗം തന്നെയായിരുന്നു ഏറെ പ്രകീര്‍ത്തിക്കപ്പെട്ട അദ്ദേഹത്തിന്റെ ജനസമ്പര്‍ക്ക പരിപാടി. ജനാധിപത്യത്തിന്റെ മറ്റൊരു അടിസ്ഥാന ഘടകമായ പ്രതിപക്ഷ ബഹുമാനത്തിലും അദ്ദേഹം മുന്‍നിരയിലായിരുന്നു. പ്രതിപക്ഷവും മാധ്യമങ്ങളും ഉണ്ടെങ്കിലേ ജനാധിപത്യം പൂര്‍ണ്ണമാകൂ എന്നദ്ദേഹം മനസ്സിലാക്കിയിരുന്നു. ജനകീയസമരങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനവും ജനാധിപത്യ സംവിധാനത്തിലെ ഒരു മുഖ്യമന്ത്രിക്കു മാതൃകയായിരുന്നു. ഇപ്പറഞ്ഞ എല്ലാ വിഷയങ്ങളും നമ്മെ ഭരിച്ച മറ്റു മുഖ്യമന്ത്രിമാരുടെ നടപടികളുമായി താരതമ്യം ചെയ്താല്‍ വ്യത്യാസം ബോധ്യമാകും. അങ്ങനെ പരിശോധിച്ചാല്‍ ഉമ്മന്‍ ചാണ്ടിയോടുള്ള കേവലമായ സ്‌നേഹമല്ല പുതുപ്പള്ളിക്കാര്‍ പ്രകടമാക്കിയത്, മറിച്ച് അതില്‍ ജനാധിപത്യത്തിന്റെ ഒരു രാഷ്ട്രീയം കൂടിയുണ്ടെന്നു പറയേണ്ടിവരും. യാതൊരു പ്രതിപക്ഷബ ഹുമാനവുമില്ലാതെ മുന്‍സര്‍ക്കാരും പാര്‍ട്ടിയും സോളാര്‍ വിഷയങ്ങളിലും മറ്റും ഉമ്മന്‍ചാണ്ടിയോട് ചെയ്തതും തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ചു എന്നതില്‍ സംശയമില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മക്കള്‍ രാഷ്ട്രീയം ജനാധിപത്യപരമാണോ എന്ന പ്രസക്തമായ ചോദ്യം സ്വാഭാവികമായും ഉയരാം. പൂര്‍ണ്ണമായും തള്ളിക്കളയാവുന്ന വിമര്‍ശനമല്ല അത്. കേരള, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല, ലോകരാഷ്ട്രീയത്തില്‍ തന്നെ കാണുന്ന പ്രവണതയാണത്. തങ്ങളുടെ മാതാപിതാക്കളുടെ മേഖലകളിലേക്ക് മക്കള്‍ കടന്നു വരുന്നത് സര്‍വ്വസാധാരണമാണല്ലോ. മറ്റുമേഖലകളെപോലെ രാഷ്ട്രീയത്തിലും അതാവാം. അതില്‍ തെറ്റൊന്നുമില്ല.. മക്കളെ രാഷ്ട്രീയത്തില്‍ ഇറക്കുന്നില്ല എന്ന് അഭിമാനത്തോടെ പറയുന്ന പല നേതാക്കളുമുണ്ട്. അവരോട് ചോദിക്കേണ്ട ചോദ്യം മക്കള്‍ക്കിറങ്ങാന്‍ കഴിയാത്തത്ര മോശപ്പെട്ട ഒന്നാക്കി നിങ്ങളൊക്കെ രാഷ്ട്രീയത്തെ മാറ്റിയോ എന്നാണ് മാത്രമല്ല, അങ്ങനെ പറയുന്നവരില്‍ പലരുടേയും മക്കളുടെയും ബന്ധുക്കളുടേയും പേരിലുള്ള അഴിമതി ആരോപണങ്ങളും അനര്‍ഹമായ സ്ഥാനങ്ങള്‍ നേടുന്നതായ വാര്‍ത്തകളും നാം കാണുന്നുണ്ട്. അതിനേക്കാള്‍ എത്രയോ ഭേദമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. പ്രശ്‌നം, അര്‍ഹിക്കുന്നവര്‍ ഉള്ളപ്പോള്‍ മക്കളും ബന്ധുക്കളുമാണെന്നതിന്റെ പേരില്‍ അനര്‍ഹമായ സ്ഥാനങ്ങള്‍ കൊടുക്കുന്നുണ്ടോ എന്നതാണ്. അത് പരിശോധിക്കേണ്ടതാണ്. മറ്റൊന്നുകൂടി. ത്രിപുരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎം മത്സരിപ്പിച്ചതും അന്തരിച്ച എംഎല്‍എയുടെ മകനെയായിരുന്നു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും ഗുണകരമായ വശം പ്രധാന സ്ഥാനാര്‍ത്ഥികള്‍ ചെറുപ്പക്കാരായിരുന്നു എന്നതാണ്. പലപല കാരണങ്ങളാലും ചെറുപ്പക്കാര്‍ പൊതുവില്‍ അരാഷ്ട്രീയവാദികളാകുകയും കഴിയുന്നത്രപേര്‍ കേരളം വിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ സ്ഥാനാര്‍ത്ഥിത്വങ്ങള്‍ പുരോഗമനപരമാണ്. രാഷ്ട്രീയം കൂടുതല്‍ കൂടുതല്‍ പ്രസക്തമായി വരുന്ന ഇക്കാലഘട്ടത്തില്‍ ചെറുപ്പക്കാരെ ഇത് പ്രചോദിപ്പിക്കുമെങ്കില്‍ നല്ലതാണ്. പക്ഷെ പ്രചാരണത്തിലൊന്നും അതിന്റെ പ്രതിഫലനമുണ്ടായില്ല എന്നതാണ് വാസ്തവം. ഇരുകൂട്ടരും കാര്യമായി രാഷ്ട്രീയം പറയുകയുണ്ടായില്ല. ചാണ്ടി ഉമ്മന്‍ പ്രധാനമായും സംസാരിച്ചത് പിതാവിനെ കുറിച്ചുതന്നെ. ജെയ്ക്കാകട്ടെ ഊന്നിയത് പുതുപ്പള്ളിയുടെ മാത്രം വികസനത്തില്‍. ആഗോളതലം മുതല്‍ സംസ്ഥാനതലം വരെയുള്ള രാഷ്ട്രീയപ്രശ്‌നങ്ങളൊന്നും കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഇടതുപക്ഷം പറഞ്ഞ വികസനവിഷയത്തില്‍ തന്നെ സത്യസന്ധത ഇല്ലായിരുന്നു. കേരളം ഭരിക്കുന്നത് ഇടതുപക്ഷം, മമണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളും ഭരിക്കുന്നതും അവര്‍ തന്നെ. അപ്പോള്‍ വികസനമുരടിപ്പുണ്ടെങ്കില്‍ അവരും ഉത്തരവാദികളല്ലേ? വികസനം വേണമെങ്കില്‍ ഭരണപക്ഷ എംഎല്‍ എ തന്നെ വേണമെന്ന നിലപാടാകട്ടെ ജനാധിപത്യവിരുദ്ധമാണ്. മറുവശത്ത് വളരെ മോശമായ രീതിയിലുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ അക്രമങ്ങള്‍ക്കും പ്രചാരണസമയം സാക്ഷ്യം വഹിച്ചു. കൂടാതെ സാമുദായിക ശക്തികളെ പ്രീണിപ്പിക്കാന്‍ ഇരുകൂട്ടരും മത്സരിക്കുന്നതിനും കേരളം സാക്ഷ്യം വഹിച്ചു.

ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹം മാത്രമല്ല ഈ തെരഞ്ഞെടുപ്പുഫലത്തിനു കാരണം. എം വി ഗോവിന്ദന്‍ പറയുന്നപോലെ സഹതാപം മാത്രമല്ല കാരണം. ഏതൊരു ഉപതെരഞ്ഞെടുപ്പും പോലെ ഈ തെരഞ്ഞെടുപ്പും സര്‍ക്കാരിന്റെ ഒരു വിലയിരുത്തല്‍ കൂടിയാണ്. ഒരു ഘട്ടത്തില്‍ എം വി ഗോവിന്ദന്‍ തന്നെ അതു പറഞ്ഞെങ്കിലും പിന്നീട് നിശബ്ദനായി. ഇടതുപക്ഷത്തുള്ളവര്‍പോലും രഹസ്യമായും പരസ്യമായും പറയുന്നപോലെ തുടര്‍ഭരണം കിട്ടിയതോടെ സിപിഎമ്മും ഭരണവും ഏറെ ജീര്‍ണ്ണിച്ചു എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. ഒരു വശത്ത് അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും വാര്‍ത്തകള്‍. മറുവശത്ത് വര്‍ദ്ധിച്ചുവരുന്ന പോലീസ് അതിക്രമങ്ങള്‍. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ നാടു കടന്നുപോകുന്നു. തോമസ് ഐസക് പോലും ഇക്കാര്യങ്ങള്‍ പരസ്യമായി പറഞ്ഞുകഴിഞ്ഞു. കര്‍ഷകരടക്കം സമൂഹത്തില്‍ താഴെക്കിടയിലുള്ള പല വിഭാഗങ്ങള്‍ക്കും അര്‍ഹതപ്പെട്ട അവകാശങ്ങള്‍ കൊടുക്കാനാവുന്നില്ല. കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിക്കുള്ള പണം കൊടുക്കുന്നില്ല. എല്ലാറ്റിനും കേന്ദ്രത്തെ പഴിച്ച് രക്ഷപ്പെടാനാണ് ശ്രമം. എന്നാല്‍ കേന്ദ്രത്തിനെതിരെ ശക്തമായ ഒരു സമരവും നടത്തുന്നില്ല. ദിനംപ്രതി മാധ്യമങ്ങളോട് സംസാരിച്ച് ചരിത്രം സൃഷ്ടിച്ചിട്ടുള്ള മുഖ്യമന്ത്രിയാകട്ടെ മാധ്യമങ്ങളിലൂടെ ജനങ്ങളുമായി സംവേദിച്ച് 200 ദിവസം കഴിഞ്ഞു. ഇവയൊടൊക്കെയുള്ള പ്രതികരണം കൂടിയാണ് ഉപതെരഞ്ഞെടുപ്പുഫലം. രണ്ട് പൊതുതെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ ഭരണകൂടത്തോട് പ്രതികരിക്കാന്‍ ജനങ്ങള്‍ക്കുകിട്ടുന്ന അവസരമാണല്ലോ ഉപതെരഞ്ഞെടുപ്പ്. അത് ഫലപ്രദമായി പുതുപ്പള്ളിക്കാര്‍ നിര്‍വ്വഹിച്ചിരിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ ഉപതെരഞ്ഞെടുപ്പുഫലത്തിലെ ഏറ്റവും ആഹ്ലാദകരമായ കാര്യം ബിജെപിയുടെ പരിപൂര്‍ണ തകര്‍ച്ചയാണ്. ലോകസഭാതെരഞ്ഞെടുപ്പ് ആസന്നമാകുന്ന വേളയില്‍, അതോടൊപ്പം നിയമസഭാതെരഞ്ഞെടുപ്പുകളും നടത്താനുള്ള നീക്കമുണ്ടെന്ന വാര്‍ത്തകള്‍ സജീവവമായ വേളയില്‍, ഇന്ത്യാ മുന്നണിയിലെ ഘടകങ്ങളായ യുഡിഎഫ്, എല്‍ഡിഎഫ് മുന്നണിക്കപ്പുറം ഹിന്ദുത്വരാഷ്ട്രീയത്തിന് കേരളത്തില്‍ ഒരു സ്ഥാനവുമില്ല എന്നതിന്റെ ഒരിക്കല്‍ കൂടിയുള്ള പ്രഖ്യാപനം കൂടിയാണ് ഈ ഫലം. കേരളത്തില്‍ എന്തെങ്കിലും സീറ്റുകിട്ടാനുള്ള തന്ത്രം എന്ന രീതിയില്‍ കൃസ്ത്യന്‍ വിഭാഗങ്ങളെ കൈയിലെടുക്കാനായിരുന്നു അവരുടെ സമീപകാല ശ്രമങ്ങള്‍. എന്നാല്‍ കൃസ്ത്യന്‍ ഭൂരിപക്ഷമുള്ള പുതുപ്പള്ളി അതിനൊരു പരിഗണനയും നല്‍കിയില്ല. അഥവാ അങ്ങനെ ചിന്തിച്ചിരുന്നവര്‍ തന്നെ മണിപ്പൂരിനു ശേഷം മനസ്സുമാറ്റി എന്നതാണ് വസ്തുത. തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്ന ഒന്നാണിത്. മാത്രമല്ല, മൊത്തത്തില്‍ പരിശോധിച്ചാല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും നമ്മുടെ ജനാധിപത്യപ്രക്രിയയെ പൊതുവില്‍ ചെറിയതോതിലെങ്കിലും മുന്നോട്ടുനയിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ നടന്നതെന്നു പറയുന്നതായിരിക്കും രാഷ്ട്രീയമായി ശരി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply