രാജ്യം വിറ്റുതുലക്കലിന്റെ സത്യാനന്തര പര്യായമായി ‘ആത്മനിര്‍ഭര്‍ ബജറ്റ്’!

2021- 22 ബജറ്റ് ലക്ഷ്യം വെക്കുന്നത് 1.75 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കലാണ്. സര്‍ക്കാരും കോര്‍പ്പറേറ്റുകളും തമ്മിലുള്ള ഒത്തുകളി പ്രകാരം, കുറക്കാവുന്നത്ര ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് (throwaway prices) പൊതു മേഖല ഓഹരികള്‍ വിറ്റു തുലച്ച് ‘ആത്മനിര്‍ഭര്‍’ കൈവരിക്കുന്നത്. പൊതു മേഖല വിറ്റുതുലക്കുന്നതിന് വാജ്‌പേയ് ഭരണത്തില്‍ ഒരു മന്ത്രാലയം (disinvestment ministry) തന്നെ രൂപവല്‍ക്കരിച്ച പാര്‍ട്ടിയാണ് ആര്‍എസ്എസ് നയിക്കുന്ന ബിജെപി. ഇപ്പോള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളതു പ്രകാരം, 2022-ഓടു കൂടി ഒട്ടുമിക്ക തന്ത്രപ്രധാന (strategic) സംരംഭങ്ങളും തന്ത്രപരമല്ലാത്ത (non-strategic) മുഴുവന്‍ പൊതുമേഖലാ സംരംഭങ്ങളും പൂര്‍ണമായും സ്വകാര്യവല്‍കരിച്ചിരിക്കും.

ആമുഖം

കൊളോണിയല്‍ ആധിപത്യത്തിനെതിരെ ഇന്ത്യന്‍ ജനത ജീവന്മരണ സമരത്തിലേര്‍പ്പെട്ടിരുന്ന കാലത്ത് ബ്രിട്ടീഷ് യജമാനന്റെ കാല്‍നക്കിയതിന്റെ തുടര്‍ച്ചയായി, രണ്ടാം ലോകയുദ്ധാനന്തരം നവകൊളോണിയല്‍ ക്രമത്തിനു നേതൃത്വം കൊടുക്കുന്ന അമേരിക്കന്‍ യജമാനന് വിടുപണി ചെയ്തുപോരുന്ന കാവി ശക്തികളുടെ നവഉദാര കാലത്തെ ദേശവിരുദ്ധതക്കു മറയിടാന്‍ കണ്ടുപിടിച്ച സത്യാനന്തര പ്രയോഗമാണ് ‘ആത്മനിര്‍ഭര്‍’. അതിന്‍ പ്രകാരം, ‘ആത്മനിര്‍ഭര്‍ ബജറ്റ്’ എന്ന വിശേഷണത്തോടു കൂടിയ, 2021-22 ലേക്കുള്ള കേന്ദ്രബജറ്റിലൂടെ രാജ്യത്തെ ആഗോള കോര്‍പ്പറേറ്റുകള്‍ക്കു തൂക്കി വില്‍ക്കുന്ന – അധികാരക്കൈമാറ്റത്തിനു ശേഷമുള്ള ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ തൂക്കി വില്പന – ദൗത്യമാണ് മോദി സര്‍ക്കാര്‍ ഇന്നേറ്റെടുത്തിട്ടുള്ളത്. ഈ രാജ്യദ്രോഹത്തിനുള്ള ഉപകരണങ്ങളിലൊന്നായി കേന്ദ്ര ബജറ്റ് മുന്നോട്ടുവെക്കുന്ന ഡവലപ്‌മെന്റ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍- ഡിഎഫ്‌ഐ (Development Finance Institution) എന്ന കോര്‍പ്പറേറ്റ് സ്ഥാപനം, കേരളം ആവിഷ്‌കരിച്ച കിഫ്ബി യുടെ മാതൃകയിലാണെന്ന് സംസ്ഥാന മുഖ്യന്‍ അഭിമാനം കൊള്ളുന്ന ദുരന്തകാലത്താണ് നാം ജീവിക്കുന്നതെന്നു കൂടി ഓര്‍ക്കുക.

‘ ആദ്യത്തെ കടലാസു രഹിത ബജറ്റ്’, ‘സാമ്പത്തിക ഉത്തേജക വാക്‌സിന്‍’, ‘അസാധാരണ സാഹചര്യത്തിലെ അസാധാരണ ബജറ്റ്’ ‘ ദശകത്തിന്റെ പ്രഥമ ബജറ്റ്’ തുടങ്ങിയ ഡക്കറേഷനുകളുള്ളതും, ഓഹരി വിപണിയിലെ കാളക്കൂറ്റന്മാരും ഊഹക്കുത്തകകളും കോര്‍പ്പറേറ്റ് ബോഡികളും നവ ഉദാര കേന്ദ്രങ്ങളും കോര്‍പ്പറേറ്റ് ചിന്താ സംഭരണികളും അവരുടെ പേനയുന്തികളും മുക്തകണ്ഠം പ്രശംസിക്കുന്നതുമായ ബജറ്റ്, രാജ്യം കോര്‍പ്പറേറ്റുകള്‍ക്കു വിറ്റുതുലക്കുകയെന്ന, മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ പിന്തുടരുന്ന, തീവ്ര വലതു കാവി ദൗത്യം (saffron mission) ഊര്‍ജ്ജിതമാക്കുകയെന്ന അജണ്ടയാണ് ഏറ്റെടുത്തിരിക്കുന്നത്. ആരോഗ്യ മേഖലക്കും കാര്‍ഷിക – ഗ്രാമീണ മേഖലകള്‍ക്കും സാമൂഹ്യ ക്ഷേമത്തിനും മറ്റും ബജറ്റു വിഹിതം വര്‍ദ്ധിപ്പിച്ചു എന്ന ഗീര്‍വാണത്തിന്റെ പുകമറക്കുള്ളില്‍, മോദി ഭരണകാലത്തെ ഏറ്റവും ജനവിരുദ്ധവും ദേശദ്രോഹ ഉള്ളടക്കമുള്ളതുമായ ബജറ്റാണിത്.

വാചാടോപങ്ങളുടെ ഉള്ളടക്കം

ഉദാഹരണത്തിന്, കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്രവിഷയമായി ബജറ്റ് മുന്നോട്ടു വെച്ചിട്ടുള്ള ‘ആരോഗ്യ ബജറ്റി’ ന്റെ കാര്യം തന്നെയെടുക്കുക. കഴിഞ്ഞ ബജറ്റിന്റെ ഇരട്ടിയോളം വരുന്ന 223846 കോടി രൂപ ആരോഗ്യ – ക്ഷേമകാര്യത്തിന് മാറ്റി വെച്ചു എന്നാണ് ഈ ബജറ്റ് അവകാശപ്പെടുന്നത്. എന്നാല്‍, കുടിവെള്ളത്തിനുള്ള 60030 കോടി രൂപ, ധനകാര്യ കമ്മീഷന്‍ ഗ്രാന്റായ 36022 കോടി രൂപ, കോവിഡ് വാക്‌സിനുള്ള 35000 കോടി രൂപ (വാക്‌സിന്‍ ജനങ്ങള്‍ വില കൊടുത്തു വാങ്ങേണ്ടിവരുമെന്നു സൂചന) തുടങ്ങി ബജറ്റ് വിഹിതത്തിനു പുറത്തു വരേണ്ട ചെലവുകള്‍ കൂടി ഉള്‍പ്പെട്ടതാണ് ഈ തുക. തന്നിമിത്തം, കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് ഈയിനത്തില്‍ കാര്യമായ വര്‍ധനവൊന്നുമില്ലെന്നും, ചുരുങ്ങിക്കൊണ്ടിരിക്കുന്ന മൊത്തം ദേശീയ വരുമാന (ജിഡിപി) ത്തിന്റെ 0:34 ശതമാനം മാത്രമാണ് ആരോഗ്യ മേഖലക്കുള്ള യഥാര്‍ത്ഥ വിഹിതമെന്നും പരിശോധിച്ചാല്‍ വ്യക്തമാകും. ഇനി തൊഴിലുറപ്പു പദ്ധതിയുടെ കാര്യമെടുക്കുക. 2020-21 ബജറ്റില്‍ 61500 കോടി രൂപ വകയിരുത്തിയ ഈയിനത്തില്‍ പുതുക്കിയ കണക്കുപ്രകാരം III000 കോടി രൂപ ചെലവു ചെയ്യേണ്ടി വന്നിടത്താണ്, ഗീര്‍വാണത്തിന് ഒരു കുറവുമില്ലാത്ത ഈ ബജറ്റ് 73000 കോടി രൂപ (42 ശതമാനം വെട്ടിക്കു വ് ) മാറ്റി വെച്ചിരിക്കുന്നത്. നോട്ടു നിരോധനം, ജിഎസ്ടി, ഫാസിസ്റ്റ് രീതിയില്‍ അടിച്ചേല്പിച്ച അശാസ്ത്രീയമായ ലോക് ഡൗണ്‍ തുടങ്ങിയവ മൂലം ജീവിതോപാധി പോലും നഷ്ടമായ, പൂര്‍ണമായും അസംഘടിത / അനൗപചാരിക മേഖലകളെ ഉപജീവനത്തിനായി ആശ്രയിക്കേണ്ടി വരുന്ന കോടാനു കോടി മനുഷ്യരെ മോദി സര്‍ക്കാര്‍ ഇതിലൂടെ പരിഹസിക്കുകയാണ്. സമാനമാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി മാറ്റി വെച്ചിരിക്കുന്ന തുകയുടെ കാര്യവും. കഴിഞ്ഞ ബജറ്റില്‍ 30007 കോടി രൂപയായിരുന്നത് ഈ ബജറ്റില്‍ 24430 കോടിയാക്കി കുറച്ചിരിക്കുന്നു. പുതുക്കിയ കണക്കുപ്രകാരം കഴിഞ്ഞ ബജറ്റില്‍ ചെലവാകുന്നത് 23165 കോടി രൂപ മാത്രമാണെന്നും ബജറ്റ് രേഖകള്‍ പറയുന്നു. അംഗപരിമിതരെ ബജറ്റ് കണ്ടതായി പോലും ബജറ്റ് നടിച്ചിട്ടില്ല. വിദ്യാഭ്യാസത്തിന് കഴിഞ്ഞ ബജറ്റ് 99312 കോടി രൂപ ചെലവഴിച്ചിടത്ത്, ആത്മനിര്‍ഭര്‍ ബജറ്റ് അത് 93224 കോടി രൂപയാക്കി – 6.13 % ശതമാനം കുറവ് – കുറച്ചിരിക്കുന്നു. വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കര്‍ഷക മാരണ നിയമങ്ങള്‍ക്കെതിരെ ഇന്ത്യന്‍ കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കെ, അവരുടെ മുറിവില്‍ ഉപ്പു തേക്കുന്ന സമീപനമാണ് ബജറ്റിന്റേത്. കര്‍ഷകരുടെ വരുമാനം അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്നു പറഞ്ഞ് 2014 ല്‍ അധികാരമേറ്റ മോദിയുടെ കാലത്ത് കര്‍ഷകരുടെ വരുമാനം പകുതിയായി ചുരുങ്ങുക മാത്രമല്ല,2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മാത്രം 58783 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പാര്‍ലമെന്ററിന്റെ ബജറ്റ് സമ്മേളനത്തെ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയച്ചത്. എന്നിട്ടും, ഒരുളുപ്പുമില്ലാതെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു ആവര്‍ത്തിച്ചു കൊണ്ട്, കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച്, കൃഷി, സഹകരണം, കര്‍ഷക ക്ഷേമം എന്നിവയുടെ മൊത്തം വിഹിതം 8.5 ശതമാനവും പിഎം കിസാന്‍ പദ്ധതി വിഹിതം 13 ശതമാനവും (10000 കോടി രൂപ) ഈ ബജറ്റില്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. 16 ലക്ഷം കോടി രൂപയുടെ വായ്പകള്‍ കാര്‍ഷികമേഖലക്കു മാറ്റി വെച്ചു എന്നൊക്കെ കേള്‍ക്കുമ്പോള്‍, ബജറ്റ് വിഹിതവുമായി അതിനൊരു ബന്ധവുമില്ലെന്ന എടുത്തു പറയേണ്ടതില്ലല്ലോ. അതേസമയം,’സാമ്പത്തിക സര്‍വേ’ യില്‍ കര്‍ഷക മാരണ നിയമങ്ങളെ മഹാനേട്ടമായി വ്യാഖ്യാനിച്ചതിന്റെ തുടര്‍ച്ചയായി, സ്വാമിനാഥന്‍ കമ്മീഷന്‍ മുന്നോട്ടുവെച്ച മാനദണ്ഡപ്രകാരം, മൂലധന ചെലവുകള്‍ കൂടി (C2+ 50%) ഉള്‍പ്പെടുംവിധം കര്‍ഷകര്‍ ആവശ്യപ്പെട്ട മിനിമം താങ്ങുവില നിഷേധിച്ച്, കര്‍ഷകര്‍ മുമ്പേ തള്ളിക്കളഞ്ഞ കൃഷിച്ചെലവിന്റെ 1.5 മടങ്ങു താങ്ങുവില വീണ്ടും ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മിനിമം താങ്ങുവില സര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും വിവേചനത്തിനും വിടാതെ നിയമപരമാക്കണമെന്ന കര്‍ഷകരുടെ ആവശ്യവും തള്ളിക്കളഞ്ഞിരിക്കുകയാണ് മോദി ഭരണം. കഴിഞ്ഞ ബജറ്റില്‍ പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് 6000 രൂപ ലഭ്യമാക്കിയിരുന്ന പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിക്ക് 75000 കോടി രൂപ വകയിരുത്തിയിരുന്നത് ഈ ബജറ്റ് 65000 കോടി രൂപയാക്കി കുറച്ചിരിക്കുന്നു. കാര്‍ഷിക അടിസ്ഥാന സൗകര്യവികസനത്തിനെന്ന പേരില്‍ പെട്രോളിന് 2.5 രൂപയും ഡീസലിന് 4 രൂപയും ജനങ്ങള്‍ക്കു മേല്‍ വീണ്ടും സെസ് ചുമത്തിയിരിക്കുന്നു.

തൊഴിലാളികളുടെ തൊഴിലുമായി ബന്ധപ്പെട്ട എല്ലാ ജനാധിപത്യാവകാശങ്ങളും കവര്‍ന്നെടുത്ത തൊഴില്‍ നിയമ ഭേദഗതികള്‍ കൊണ്ടുവന്നതും മഹാമാരിയെ മറയാക്കിയായിരുന്നു. തന്നിമിത്തം, മോദി ഭരണത്തില്‍ അംബാനിയും അദാനിയും പോലുള്ള കോര്‍പറേറ്റുകളുടെ സമ്പത്ത് നാലുമടങ്ങു വര്‍ദ്ധിപ്പിച്ച സാമ്പത്തിക ചലന നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം പകുതിയാക്കുകയും തൊഴിലാളികളെ, വിശേഷിച്ചും 45 കോടിയോളം വരുന്ന അസംഘടിത തൊഴിലാളികളെ പാപ്പരീകരിക്കുകയും ചെയ്തു. ഇവരെ സംബന്ധിച്ച് ബജറ്റ് ഒന്നും പറയുന്നില്ല. ബംഗാളിലെയും ആസ്സാമിലെയും തേയിലത്തോട്ടങ്ങളുമായി ബന്ധപ്പെട്ട (ആസാമിലെ 20 ശതമാനത്തോളവും ഒരളവില്‍ ബംഗാളിലെയും) ദരിദ്രരായ തൊഴിലാളി കുടുംബങ്ങള്‍ക്കായി 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നു. എന്നാല്‍, ‘തേയില ഗോത്രങ്ങള്‍’ (tea tribes) എന്നറിയപ്പെടുന്ന പരമ ദരിദ്രരായ ഇവര്‍ക്ക് 2000 രൂപ വീതം ഒരു വര്‍ഷത്തേക്ക് കൊടുക്കാനേ ഇതു തികയൂ. തെരഞ്ഞെടുപ്പു ലക്ഷ്യം വെച്ച് തൊലിപ്പുറമെ നടത്തുന്ന ചികിത്സ കൊണ്ട് ദാരിദ്ര്യം മാറ്റാനാവില്ലെന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. ഭീതിയുളവാക്കുന്ന കാര്യം, കഴിഞ്ഞ ബജറ്റില്‍ 422618 കോടി രൂപ ഭക്ഷ്യ സബ്‌സിഡിക്കു മാറ്റി വെച്ചിടത്ത്, ഈ ബജറ്റ്, കോവിഡ് കാലം കഴിഞ്ഞുവെന്ന പേരില്‍, 242836 കോടി രൂപയാക്കി കുറച്ചിരിക്കുന്നു!
ചുരുക്കത്തില്‍, മോദി സര്‍ക്കാരിന്റെ 2014 മുതലുള്ള കോര്‍പ്പറേറ്റ്-ഫാസിസ്റ്റ് നയങ്ങളും മഹാമാരിയുമെല്ലാം ജീവിതം താറുമാറാക്കിയ കര്‍ഷകരും തൊഴിലാളികളും സ്ത്രീകളും ദളിത്-ആദിവാസി വിഭാഗങ്ങടക്കം മര്‍ദ്ദിത ജനതകളും, മഹാ സംഭവമെന്ന് കോര്‍പ്പറേറ്റ് മീഡിയ കൊണ്ടാടുന്ന ഈ ബജറ്റില്‍ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നു മാത്രമല്ല, കോര്‍പ്പറേറ്റ് കൊള്ള അതിന്റെ പാരമ്യത്തിലേക്കെത്തിക്കുന്ന ‘ആത്മ നിര്‍ഭര്‍ ബജറ്റി’ ന്റെ മുഴുവന്‍ ഭാരവും ചുമക്കേണ്ടി വരികയും ചെയ്തിരിക്കുന്നു.

‘ആത്മനിര്‍ഭറി’ന്റെ തനി നിറം

വാസ്തവത്തില്‍, ജനങ്ങള്‍ വലിച്ചു താഴെയിടുന്നതിനു മുമ്പ്, രാജ്യത്തിന്റെ അടിസ്ഥാനശിലകള്‍ വരെ ഇളക്കിയെടുത്തു കോര്‍പ്പറേറ്റുകളെ ഏല്പിക്കുകയെന്ന ഫാസിസ്റ്റ് മോദി സര്‍ക്കാരില്‍ നിക്ഷിപ്തമായ കടമ തന്നെയാണ് ഈ ബജറ്റിന്റേതും. അവയോരോന്നും എണ്ണിപ്പറയുന്നതിനുള്ള സ്ഥല പരിമിതി മൂലം ബജറ്റിന്റെ പൊതു ദിശ വ്യക്തമാക്കുന്ന ചുരുങ്ങിയ വിശകലനത്തിനേ ഇവിടെ ഉദ്ദേശമുള്ളൂ. മഹാമാരിയുടെ മൂര്‍ദ്ധന്യത്തിലെത്തിയ 2020 മധ്യത്തില്‍ ലോക സമ്പദ്ഘടന ശരാശരി 7 ശതമാനം ചുരുങ്ങിയപ്പോള്‍ ഇന്ത്യന്‍ സമ്പദ്ഘടന 24 ശതമാനം കണ്ടാണ് ചുരുങ്ങിയത് (എന്നിട്ടും ഒരുളുപ്പുമില്ലാതെ, ലോക സമ്പദ്ഘടന തകര്‍ന്നടിഞ്ഞപ്പോള്‍, ഇന്ത്യ പിടിച്ചു നിന്നു എന്ന ആമുഖ വ്യാഖ്യാനത്തോടെയാണ് ബജറ്റവതരണം തുടങ്ങിയതു തന്നെ). ഇതിനിടയിലും മുമ്പു സൂചിപ്പിച്ചതു പോലെ, കോര്‍പ്പറേറ്റുകളുടെ സമ്പത്ത് പല മടങ്ങു വര്‍ദ്ധിക്കുകയും ഉല്പാദിപ്പിക്കപ്പെടുന്ന സമ്പത്തിന്റെ മുക്കാല്‍ ഭാഗവും ഏറ്റവും മുകള്‍ത്തട്ടിലെ ഒരു ശതമാനത്തിന്റെ കയ്യില്‍ കേന്ദ്രീകരിക്കുകയും ചെയ്തു. ഇതിന്റെ സൂചനയെന്നോണം ഇന്ത്യന്‍ ഓഹരി വിപണി ലോക്ഡൗണ്‍ കാലത്തു പോലും 87 ശതമാനം കണ്ടാണ് വീര്‍ത്തത്. എന്തിനധികം, ബജറ്റ് പ്രസംഗത്തിന്റെ ആവേശത്തില്‍, ഒറ്റ ദിവസത്തിനുള്ളില്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 5 ശതമാനത്തിലേറെ ഉയര്‍ന്നതെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഊഹക്കുത്തകകള്‍ 12 ലക്ഷം കോടി രൂപ വാരിക്കൂട്ടിയെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കോര്‍പറേറ്റ് നികുതി നിരക്ക് 15 ശതമാനത്തിലേക്കു കുറച്ചു കൊണ്ടുവന്നതടക്കം മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014 മധ്യം മുതല്‍ ഒരോ ബജറ്റിലും ശരാശരി 6 ലക്ഷം കോടി രൂപയുടെ നികുതിയിളവുകളാണ് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിപ്പോന്നത്. ലോകത്തേറ്റവും കുറഞ്ഞ ഈ നികുതി നിരക്കുകള്‍ വെച്ചു പോലും, ഈ ബജറ്റിലേക്കെത്തുമ്പോള്‍, 10.57 ലക്ഷം കോടി രൂപ കോര്‍പ്പറേറ്റ് നികുതിക്കുടിശ്ശിഖ പിരിച്ചെടുക്കാനുണ്ടെന്നാണ് കണക്ക്. അതു പിടിച്ചെടുക്കാനുള്ള ഒരു ശ്രമവും നടത്തുന്നില്ലന്നു മാത്രമല്ല, നികുതി – നികുതിയേതര വലയില്‍ പെടാത്ത വിധം കോര്‍പറേറ്റുകളെ സംരക്ഷിക്കുന്ന സമീപനം ബജറ്റ് ആവര്‍ത്തിച്ചിരിക്കുന്നു. കോര്‍പ്പറേറ്റ് നികുതിയിലൂടെ സമാഹരിക്കേണ്ട തുകയില്‍ 35 ശതമാനവും വ്യക്തിഗത ആദായ നികുതിയിലൂടെ സമാഹരിക്കേണ്ട തുകയില്‍ 25 ശതമാനവുമാണ് കുറവ്. നേരേ മറിച്ച്, കോര്‍പ്പറേറ്റ് നികുതി സമാഹരണത്തിലുണ്ടായ ഈ വമ്പിച്ച ഇടിവ്, നികുതിഭാരം സാധാരണ ജനങ്ങളുടെ ചുമലുകളില്‍ കെട്ടിവെച്ച് വിദഗ്ധമായി പരിഹരിക്കാനാണ് മോദി സര്‍ക്കാര്‍ അധികാരമേറിയതു മുതല്‍ ശ്രമിച്ചത്. ഇതിനു പുറമെ, പെട്രോള്‍ – ഡീസല്‍ എക്‌സൈസ് തീരുവ വര്‍ദ്ധനവിലൂടെ മാത്രം 2014 നും 2020നുമിടയില്‍ 20 ലക്ഷം കോടി രൂപയോളം ജനങ്ങളില്‍ നിന്നും ഊറ്റിയെടുത്തിരുന്നു. എന്നാല്‍, സമ്പദ്ഘടന കീഴോട്ടു പോയ പശ്ചാത്തലത്തില്‍, കോര്‍പ്പറേറ്റുകളെയും അതിസമ്പന്നരെയും നികുതി വിധേയമാക്കുന്നത് ഫാസിസ്റ്റ് ഭരണത്തെ സംബന്ധിച്ചിടത്തോളം നിഷിദ്ധമായിരിക്കുകയും ജനങ്ങളെ നേരിട്ടു പിഴിയുന്ന ദിശയിലുള്ള അധിക വിഭവ സമാഹരണ സാധ്യതകള്‍ സാധ്യമല്ലാതെ വരികയും ചെയ്തതോടെ, പുതിയ നികുതി സമാഹരണ പദ്ധതി കളൊന്നും മുന്നോട്ടു വെക്കാനാവാത്ത സ്ഥിതിയില്‍ ഈ ബജറ്റില്‍ സര്‍ക്കാര്‍ എത്തുകയായിരുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതു മറികടക്കുന്നതിന്, ഐഎംഎഫിന്റെ അനുമതിയോടെ തന്നെ നവ ഉദാര സാമ്പത്തിക സമീപനപ്രകാരം അതു തന്നെ നിര്‍ദ്ദേശിച്ച ധന ഉത്തരവാദിത്വ മാനദണ്ഡങ്ങളെല്ലാം (FRBM നിയമപ്രകാരം) മറികടക്കുന്ന ബൃഹത്തായ ഒരു കടം വാങ്ങലിനാണ് ബജറ്റ് തയ്യാറായിരിക്കുന്നത്. അതനുസരിച്ച്, ബജറ്റ് ചെലവിന്റെ 36 ശതമാനമാണ് (12 ലക്ഷം കോടി രൂപ) 2021-22 ലേക്ക് വിഭാവനം ചെയ്തിട്ടുള്ള കടം വാങ്ങല്‍. 2020 – 21 സാമ്പത്തിക വര്‍ഷത്തിന്റെ അവശേഷിക്കുന്ന പെബ്രുവരി – മാര്‍ച്ച് മാസങ്ങളിലേക്കു മാത്രമായി 80000 കോടി രൂപ വായ്പ വാങ്ങാനും തീരുമാനമുണ്ട്. ബജറ്റ് കണക്കുകളനുസരിച്ച്, ഇപ്പോള്‍ തന്നെ ചെലവിന്റെ 20 ശതമാനത്തിലെത്തി നില്‍ക്കുന്ന പലിശ ബാധ്യത, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ അഭിമുഖീകരിച്ച ‘കട പ്രതിസന്ധി ‘ (debt crisis) ക്കു സമാനമായ ഒരു സ്ഥിതിവിശേഷത്തിലേക്കു ഇന്ത്യയും കടക്കുന്നതിന്റെ സൂചനയാണ്. 2020 ഡിസംബര്‍ അവസാനം 90 ശതമാനം പിന്നിട്ട ഇന്ത്യയുടെ കട – ജിഡിപി അനുപാതം ( debt/GDP ratio) ഈ ബജറ്റോടെ നൂറു ശതമാനത്തിലേക്കെത്തുന്ന ദിവസം വിദൂരമല്ല. മറുവശത്ത്, ഭരണകൂടത്തിന്റെ സമ്പദ്ഘടനയിലെ സ്ഥാനം കോര്‍പ്പറേറ്റ് സഹായി (corporate facilitator) യുടേതാകണമെന്ന തീവ്ര വലതു നവ ഉദാര സമീപന പ്രകാരം, 2022 – ഓടു കൂടി അവശേഷിക്കുന്ന പൊതുമേഖലകള്‍ കൂടി വിറ്റഴിക്കാനും, റെയില്‍വേ, ഹൈവേകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഗതാഗതം , ഊര്‍ജ്ജ ഉല്പാദനവും വിതരണവും, വാര്‍ത്താ വിനിമയം, സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പിപിപി മോഡലില്‍ (ചെലവ് ജനങ്ങളില്‍ നിന്നു പിരിച്ചെടുക്കുന്ന രീതി) കോര്‍പറേറ്റുകള്‍ക്കു കൈമാറാനും തീരുമാനിച്ചിരിക്കുന്നു.

ഇതോടൊപ്പം, 2021- 22 ബജറ്റ് ലക്ഷ്യം വെക്കുന്നത് 1.75 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കലാണ്. സര്‍ക്കാരും കോര്‍പ്പറേറ്റുകളും തമ്മിലുള്ള ഒത്തുകളി പ്രകാരം, കുറക്കാവുന്നത്ര ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് (throwaway prices) പൊതു മേഖല ഓഹരികള്‍ വിറ്റു തുലച്ച് ‘ആത്മനിര്‍ഭര്‍’ കൈവരിക്കുന്നത്. പൊതു മേഖല വിറ്റുതുലക്കുന്നതിന് വാജ്‌പേയ് ഭരണത്തില്‍ ഒരു മന്ത്രാലയം (disinvestment ministry) തന്നെ രൂപവല്‍ക്കരിച്ച പാര്‍ട്ടിയാണ് ആര്‍എസ്എസ് നയിക്കുന്ന ബിജെപി. ഇപ്പോള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളതു പ്രകാരം, 2022-ഓടു കൂടി ഒട്ടുമിക്ക തന്ത്രപ്രധാന (strategic) സംരംഭങ്ങളും തന്ത്രപരമല്ലാത്ത (non-strategic) മുഴുവന്‍ പൊതുമേഖലാ സംരംഭങ്ങളും പൂര്‍ണമായും സ്വകാര്യവല്‍കരിച്ചിരിക്കും. എയര്‍ ഇന്ത്യ അതിലൊന്ന് മാത്രമാണ്. തന്ത്ര പ്രധാന പൊതുമേഖലകള്‍ വിറ്റഴിക്കുന്നതിനുള്ള ലിസ്റ്റ് കോര്‍പറേറ്റ് ചിന്താ സംഭരണിയായ നീതി ആയോഗ് തയ്യാറാക്കിത്തുടങ്ങിയിട്ടുണ്ട്. ഇതേ സംബന്ധിച്ച് നിരവധി വിശകലനങ്ങള്‍ ഇതോടകം വന്നു കഴിഞ്ഞിട്ടുള്ളതിനാല്‍ വിറ്റഴിക്കുന്ന ഓരോ സ്ഥാപനത്തിന്റെയും പേര് ഇവിടെ എടുത്തു പറയുന്നില്ല. എന്നാല്‍, ഒരു കാര്യം സൂചിപ്പിക്കേണ്ടതുണ്ട്. മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് പൊതുമേഖല വില്പനക്ക് ഒരു മറയുണ്ടായിരുന്നു. അന്ന് നഷ്ടത്തിലോടുന്നവയാണ് സ്വകാര്യവല്‍കരിക്കുന്നതെന്ന ഒരു പ്രതീതി സൃഷിക്കുന്നതിനുള്ള ശ്രമമെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുണ്ടായിരുന്നു. എന്നാല്‍, ഏറ്റവും ലാഭകരമായ പൊതുമേഖല സംരംഭങ്ങള്‍ വിറ്റുതുലക്കുന്നതിലാണ് മോദി സര്‍ക്കാരിനു താല്പര്യം. ‘മന്‍മോഹണോമിക്‌സി’ ന്റെ മറയൊന്നും ‘ആത്മനിര്‍ഭര്‍’ കൈവശമുള്ള ‘മോദിനോമിക്‌സി’ ന് ആവശ്യമില്ലല്ലോ?
ഈ ബജറ്റാകട്ടെ, പൊതുമേഖല തകര്‍ക്കലിന് പുതിയൊരു മാനം കൂടി നല്‍കിയിരിക്കുന്നു. ‘അസെറ്റ് മോണിറ്റൈസേഷന്‍’ എന്ന പേരില്‍ നടക്കാന്‍ പോകുന്ന കടും വെട്ടലാണത്. ഇതു വഴി, പ്രധാനമായും നഗര കേന്ദ്രിതമായ 10 ലക്ഷത്തിലധികം ഏക്കര്‍ ഭൂമിയും കെട്ടിടങ്ങളുമടക്കം കമ്പോളത്തില്‍ ലക്ഷക്കണക്കിനു കോടി രൂപ മൂല്യമുള്ള പൊതുമേഖലയുടെ / രാജ്യത്തിന്റെ ആസ്തികള്‍ കോര്‍പ്പറേറ്റ് ക്രോണികള്‍ക്കും വിദേശക്കുത്തകകള്‍ക്കും തുച്ഛ വിലയ്ക്ക് വിറ്റുതുലക്കുന്നതിന് അസെറ്റ് മാനേജ്‌മെന്റ് കമ്പനി രൂപം കൊടുക്കുന്നതടക്കമുള്ള അതിരുകളില്ലാത്ത കോര്‍പറേറ്റ് വല്‍കരണത്തിന്റെ ഘട്ടത്തിലേക്ക് കടക്കുകയാണ് രാജ്യ സ്‌നേഹത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തിട്ടുള്ള സംഘി ഭരണം.

വ്യവസായ സംരംഭങ്ങള്‍ പോലെ തന്നെയാണ് പൊതു മേഖലാ ധനകാര്യ സ്ഥാപനങ്ങളും കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതുന്നത്. മോദി അധികാരമേല്‍ക്കുമ്പോള്‍ 27 പൊതുമേഖലാ ബാങ്കുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 12 ആയി ചുരുങ്ങിയിരിക്കുന്നു. ഉടന്‍ തന്നെ അതു 4 ആക്കി ചുരുക്കണമെന്ന നവ ഉദാര കേന്ദ്രങ്ങളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഈ ബജറ്റ് രണ്ടു പൊതുമേഖലാ ബാങ്കുകള്‍ കൂടി സ്വകാര്യവല്‍കരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ് ഊഹക്കുത്തകകള്‍ക്ക് ബാങ്കിങ്ങ് ലൈസന്‍സ് കൊടുക്കുന്ന പ്രക്രിയ ഊര്‍ജ്ജിതമായി നടന്നു വരുന്നു. ഇത് ഇന്‍ഷുറന്‍സ് മേഖലക്കും ബാധകമാണ്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനിയെന്ന നിലയില്‍ ഇതോടകം ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതാണ്. 2019 ലെ കണക്കുപ്രകാരം, നാലേമുക്കാല്‍ ലക്ഷം കോടി രൂപയോളം ഇന്‍ഷുറന്‍സ് പ്രീമിയവും 26000 കോടി രൂപയിലധികം പ്രതിവര്‍ഷ ലാഭവും ഉള്ള സ്ഥാപനമാണ് എല്‍ഐസി. അതിന്‍ പ്രകാരം, 2698 കോടി രൂപയുടെ ഡിവിഡന്റാണ് എല്‍ഐസി ആ വര്‍ഷം കേന്ദ്ര സര്‍ക്കാരിനു നല്‍കിയത്. രാജ്യത്തുടെ നീളം ആയിരക്കണക്കിനു കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ക്കും ഗ്രാമീണ വികസന പരിപാടികള്‍ക്കും എല്‍ഐസി ഫണ്ടു നല്‍കുന്നതും, എന്തിനധികം, കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് കോടിക്കണക്കിനു രൂപയുടെ പരസ്യം എല്‍ഐസി നല്‍കിക്കൊണ്ടിരിക്കുന്നതടക്കമുള്ള കൊടിയ ധൂര്‍ത്തും മറ്റും ഇതിനു പുറമെയാണ്. ഈ പശ്ചാത്തലത്തിലാണ്, ഇന്‍ഷുറന്‍സ് മേഖലയിലേക്കുള്ള വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്നും ഒറ്റയടിക്ക് 74 ശതമാനക്കിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തെ നോക്കിക്കാണേണ്ടത്. ആഗോളവല്‍കരണ കാലത്തെ സ്വകാര്യവല്‍കരണമെന്നാല്‍, സാമ്രാജ്യത്വ മൂലധനത്തിന്റെ സര്‍വതന്ത്ര സ്വതന്ത്രമായ കടന്നുകയറ്റമെന്നു കൂടിയാണര്‍ത്ഥം.

ആമുഖമായി സൂചിപ്പിച്ച ഡവലപ്‌മെന്റ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്റെ പ്രസക്തി ഇവിടെയാണ്. ഊഹ സ്വഭാവത്തോടു കൂടിയ വിദേശ ധനകാര്യ നിക്ഷേപകരില്‍ (Foreign Institutional lnvestors – Flls)നിന്നും 5 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപ സമാഹരണം ലക്ഷ്യം വെക്കുന്ന ഈ സ്ഥാപനത്തിന്റെ രൂപവല്‍കരണത്തിന്, 20000 കോടി രൂപയാണ് ബജറ്റ് വകയിരുത്തിയിട്ടുള്ളത്. ഇപ്രകാരമുള്ള വിദേശ കോര്‍പ്പറേറ്റ് നിക്ഷേപത്തിന് 100 ശതമാനം നികുതി ഇളവുകളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വായ്പയില്‍ ഊന്നുന്ന ഈ മൂലധന സമാഹരണ (Debt Financing) ത്തിലൂടെ പശ്ചാത്തല വികസന പദ്ധതികള്‍ കെട്ടിപ്പൊക്കാമെന്ന ആകാശക്കോട്ട കെട്ടുകയാണ് ബജറ്റ്. എന്നാല്‍, നവ ഉദാര കാലത്ത് ഇന്ത്യയിലേക്കു ഇതിനകം കടന്നുവന്നിട്ടുള്ള ജീര്‍ണ്ണിച്ച വിദേശ മൂലധനം പെട്ടെന്ന് ലാഭം കടത്തിക്കൊണ്ടു പോകാവുന്ന ഓഹരി വിപണിയും റിയല്‍ എസ്റ്റേറ്റും പ്രകൃതിക്കൊള്ളയും പോലുള്ള ഊഹമേഖലകള്‍ ലക്ഷ്യമിട്ടാണെന്നും രാജ്യത്തെ ഉല്പാദന മുരടിപ്പിന്റെയും തൊഴിലില്ലായ്മയുടെയും മരുപ്പറമ്പാക്കുകയാണ് ചെയ്തു വരുന്നതെന്നുമുള്ളത് വര്‍ത്തമാന കാല യാഥാര്‍ത്ഥ്യമാണ്.

ഏറെ കൗതുകകരമായിരിക്കുന്നത്, പൂര്‍ണമായും കോര്‍പ്പറേറ്റ് വല്‍കരണം ലക്ഷ്യമിടുന്ന ആത്മനിര്‍ഭര്‍ ബജറ്റ് ഇതിനിടയില്‍ വോട്ടു സമാഹരണത്തിനും ഉപയോഗപ്പെടുത്തുന്നു എന്നതാണ്. ഫെഡറല്‍ ഘടനയെ തകര്‍ത്ത്, സംസ്ഥാന വിഭവസമാഹരണം അട്ടിമറിച്ച ജിഎസ്ടി സംസ്ഥാനങ്ങളെ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുത്തിക്കഴിഞ്ഞു. ഇതിനു പുറമെ, ഓരോ വര്‍ഷവും പ്രത്യക്ഷവും പരോക്ഷവുമായി നല്‍കി വരുന്ന കോര്‍പറേറ്റ് നികുതി ഇളവുകള്‍ വഴി രാജ്യത്തിനുണ്ടാകുന്ന ലക്ഷക്കണക്കിനു കോടി രൂപയുടെ നികുതി നഷ്ടത്തിന്റെ 41 ശതമാനവും പേറുന്നത് സംസ്ഥാനങ്ങളാണ്. ഗുരുതരമായ ഈ വിഷയങ്ങള്‍ അപരിഹാര്യമായി തുടരുമ്പോഴും, അസംബ്ലി തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കുന്ന തമിഴ്‌നാട്, കേരളം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കായി ഹൈവേ, മെട്രോ, വ്യവസായ ഇടനാഴി എന്നിവ നിര്‍മ്മിക്കുന്നതിനായി, യഥാക്രമം 1.03 ലക്ഷം കോടി രൂപ, 65000 കോടി രൂപ, 25000 രൂപ എന്നിപ്രകാരം മാറ്റി വെക്കുന്നതായാണ് പ്രഖ്യാപനം. കേരളത്തെ സംബന്ധിച്ചു പറയുകയാണെങ്കില്‍, 65000 കോടി രൂപയില്‍, 50000 കോടി രൂപ മുമ്പേ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും കുടിയൊഴിപ്പിക്കപ്പെടുന്നന്നന്ന ഭൂമിയുടെ വിലയായി പിണറായി സര്‍ക്കാര്‍ കേന്ദ്രത്തിനു നല്‍കുന്ന 5500 കോടി രൂപ ഇതില്‍ പെടുമെന്നും കുടിയൊഴിപ്പിക്കല്‍ വിരുദ്ധ സമിതിയുടെ നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിനപ്പുറം ആയുസ്സില്ലാത്ത വെറും വാചാടോപം മാത്രമാണ് വോട്ടു സമാഹരണം ലക്ഷ്യം വെക്കുന്ന ഈ പ്രഖ്യാപനങ്ങളെന്നര്‍ത്ഥം.

ഉപസംഹാരം

സ്ഥലപരിമിതിയുണ്ടെങ്കിലും, ഒരു കാര്യം കൂടി സൂചിപ്പിച്ചു കൊണ്ട് കുറിപ്പവസാനിപ്പിക്കാം. കോര്‍പ്പറേറ്റ് – കാവി ഫാസിസത്തിന് പ്രത്യയ ശാസ്ത്ര പിന്‍ബലമേകുന്ന പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് ഉന്നതവിദ്യാഭ്യാസ കമ്മീഷന്റെ രൂപവല്‍കരണം, വിമര്‍ശന വിധേയമായ ഭാഷാ നയം അടിച്ചേല്പിക്കാന്‍ ദേശീയ ഭാഷ പരിഭാഷ മിഷന്‍ എന്നിവയടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. കൂട്ടത്തില്‍, സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ 100 സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കുമെന്നും പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ ആര്‍എസ്എസ് നിയന്ത്രിക്കുന്ന വിദ്യാഭാരതി 2020 മുതല്‍ ഇന്ത്യന്‍ മിലിട്ടറി സ്‌കൂളിനു സമാനമായ ഔദ്യോഗിക സ്വഭാവമുള്ള (1937 ല്‍ മഹാരാഷ്ട്രയിലെ നാസിക്കിലാണ് ഇറ്റാലിയന്‍ മാതൃകയില്‍ സമാന്തര ഫാസിസ്റ്റ് സൈന്യം രൂപവല്‍കരിക്കാന്‍ ആര്‍എസ്എസ് മിലിട്ടറി സ്‌കൂള്‍ ആരംഭിച്ചത് ) സൈനിക സ്‌കൂളുകള്‍ക്കു തുടക്കമിടുമെന്ന തീരുമാനം നേരത്തെയുണ്ട്. ഈ സാഹചര്യത്തില്‍, സന്നദ്ധ സംഘടനകള്‍ സൈനിക സ്‌കൂളുകള്‍ ആരംഭിക്കുന്നുവെന്ന ബജറ്റ് പ്രഖ്യാപനം ആര്‍.എസ്എസിന്റെ ഫാസിസ്റ്റ് അജണ്ടക്ക് ബജറ്റിലൂടെ ഔദ്യോഗിക അംഗീകാരം വാങ്ങലായി തിരിച്ചറിയേണ്ടതുണ്ട്.

കോര്‍പ്പറേറ്റ് വല്‍കരണവും മഹാമാരിയും മൂലം ഉപജീവനം മുട്ടിയ താഴെ തട്ടിലുള്ള ജനസംഖ്യ യുടെ പകുതിയോളം വരുന്ന പരമ ദരിദ്രര്‍ക്ക് ഒരു സുരക്ഷാ കവചമെന്ന നിലയില്‍ 6 മാസത്തേക്കെങ്കിലും നിശ്ചിത തുക നിരുപാധികം കയ്യില്‍ പണമായി എത്തുന്ന ഒരു മിനിമം വരുമാന പദ്ധതി 2021-22 ബജറ്റ് പ്രഖ്യാപിക്കണമെന്ന് ജനപക്ഷത്തു നില്‍ക്കുന്ന പലരും ആവശ്യപ്പെട്ടിരുന്നു. കോവിഡ് മൂര്‍ദ്ധന്യത്തിലെത്തിയ 2020 മധ്യത്തില്‍, ലോക രാജ്യങ്ങള്‍ ദേശീയ വരുമാനത്തിന്റെ ശരാശരി 10 ശതമാനം ജനങ്ങളുടെ നിലനില്പിനായി മാറ്റി വെച്ചപ്പോള്‍ , ഇന്ത്യന്‍ ഭരണകൂടം ദേശീയ വരുമാനത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് അതിനായി മാറ്റി വെച്ചത്. നേരെ മറിച്ച്, കോവിഡ് കാലത്ത് കോര്‍പ്പറേറ്റുകള്‍ ആപേക്ഷികമായി ഏറ്റവും തടിച്ചു കൊഴുത്തത് ഇന്ത്യയിലായിരുന്നു. ഇതേ ഫാസിസ്റ്റ് സമീപനം കൂടുതല്‍ ഊര്‍ജ്ജിതമാക്കുകയാണ് ബജറ്റ് ചെയ്യുന്നത്. നീതിയുടെ പക്ഷത്തു നില്‍ക്കുന്നവര്‍ ഇതു തിരിച്ചറിയണമെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply