സി ബി ഹേമലത ടീച്ചറുടെ സമരനടനം ഇനിമുതല്‍ സമരപഠനം

വ്യക്തമായ ഗൂഡാലോചനയിലൂടെ ഔദ്യോഗിക പദവി ദുരുപയോഗപെടുത്തിയും ജാതിവിവേചനം കാട്ടിയും കോളേജധികൃതര്‍ നടത്തിയ ജാതി വിവേചനത്തിനെതിരെ ഹേമലത ടീച്ചര്‍ സാംസ്‌ക്കാരിക നഗരിയായ തൃപ്പൂണിണിത്തുറയില്‍ നടത്തിവരുന്ന സമരം കൊറോണ രൂക്ഷമായ സാഹചര്യത്തില്‍ സ്വന്തം വസതിക്കു മുന്നില്‍ തുടരുകയാണ്. ‘സമര നടനം ‘ എന്ന പേരില്‍ നൂറ് ദിവസമായി നടന്ന് വരുന്ന സമരം അടുത്ത ദിവസം മുതല്‍ കലാ വിദ്യാര്‍ത്ഥികള്‍ക്കും, കലാസ്വാദകര്‍ക്കും കൂടി ഉപയോഗപ്രദമാകുന്ന രീതിയില്‍ ‘സമര പഠനം’ എന്ന പേരില്‍ സര്‍ഗ്ഗാത്മകമായ ഒരു മാതൃകാ സമരമായി മാറുകയാണ്.

കലാ അദ്ധ്യയന രംഗത്ത് സാമൂഹ്യനീതി നിഷേധിക്കപ്പെട്ട ഒരു ഇരയാണ് C.B. ഹേമലത എന്ന നൃത്ത അദ്ധ്യാപിക ( കലാകാരി ). കഴിഞ്ഞ 6 വര്‍ഷത്തിലധികമായി അവര്‍ തൃപ്പൂണിത്തുറ RLV കോളേജിലെ അധികൃതരുടെ ജാതിവിവേചനത്തിനെതിരെയുള്ള സമരത്തിലാണ്. 2021 ഫെബ്രു.18 ന് ടീച്ചര്‍ ആരംഭിച്ച പ്രത്യക്ഷ സൂചന സമരവും പിന്നീട് മാര്‍ച്ച് 3 ന് ആരംഭിച്ച അനിശ്ചിതകാല സമരവും തുടരുകയാണ് . ടീച്ചര്‍ നീതിക്കുവേണ്ടി ഇങ്ങനെ സമരം നടത്തേണ്ടിവരുന്നത് സാക്ഷരകേരളത്തിന് അപമാനമാണ്. നമുക്ക് ജാതിയില്ല എന്ന് വിളംമ്പരം നടത്തിയ ഒരു സര്‍ക്കാരാണ് കേരളത്തിലേത്. എന്നിട്ടും മൂന്ന് മാസത്തോളമായി ഹേമലത ടീച്ചര്‍ നടത്തി വരുന്ന സമരത്തെ കാണാതിരുന്നത് എന്തുകൊണ്ടാണ് ? ടീച്ചറുമായുള്ള സംഭാഷണത്തില്‍ നിന്ന് മനസ്സിലാക്കിയ കുറച്ചുകാര്യങ്ങള്‍ കൂടി ഇവിടെ പോസ്റ്റു ചെയ്യുന്നു.

എന്താണ് സമരത്തിലൂടെ ഉന്നയിക്കുന്ന വിഷയങ്ങള്‍?

* RLV കോളേജിലെ ജാതി വിവേചനം അവസാനിപ്പിക്കുക.
* ഹേമലത ടീച്ചര്‍ ആ കോളേജില്‍ അദ്ധ്യാപികയാകാതിരിക്കാന്‍ വ്യാജരേഖ ചമച്ചവരെ സംരക്ഷിക്കുന്ന കോളേജ് ഡയറക്റ്ററുടെയും ഉദ്യോഗസ്ഥരുടെയും നിലപാട് തിരുത്തുക.
* വ്യാജരേഖ ചമച്ച അധ്യാപകര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുക.
* നീതിക്കുവേണ്ടി കോടതിയെ സമീപിച്ചത് തെറ്റാണ് എന്ന സര്‍ക്കാര്‍ നിലപാട് തിരുത്തുക.
* Sc/ST കമ്മീഷന്‍ ഉത്തരവ് നടപ്പിലാക്കുക.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ സമരത്തെ ജനാധിപത്യ കേരളം കാണാതെ പോകരുത്. ഈ നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തിയത് സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റും അന്നത്തെ വകുപ്പ് തലവനുമായ മാധവന്‍ നമ്പൂതിരിയാണെന്ന് ടീച്ചര്‍ പറയുന്നു. ഇയാള്‍ പട്ടികജാതിക്കാരായ പല അദ്ധ്യാപകരെയും അദ്ധ്യാപക വൃത്തിയില്‍ നിന്നും പട്ടികജാതി മറ്റു പിന്നോക്ക വിഭാഗത്തില്‍ പെട്ടവരെ കോളേജിലെ പരിപാടികളില്‍ നിന്നും ബോധപൂര്‍വം മാറ്റി നിര്‍ത്തുകയാണ് എന്നാണ് അറിഞ്ഞത്. അങ്ങനെയാണ് അയാള്‍ ജാതി വിവേചനം കാണിക്കുന്നത്. പ്രിന്‍സിപ്പാളിനെ നോക്കുകുത്തിയാക്കികൊണ്ട് അയാള്‍ ഗസ്റ്റ് അധ്യാപകരെക്കൊണ്ട് പല നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും ചെയ്യിക്കുന്നു. വിദ്യാര്‍ത്ഥികളെ കൊണ്ട് അധ്യാപകര്‍ക്കെതിരെ വ്യാജ പരാതികള്‍ കൊടുപ്പിക്കുക, 15 ദിവസത്തില്‍ കൂടുതല്‍ ക്ലാസ്സില്‍ അനധികൃതമായി വരാത്ത ചില കുട്ടികള്‍ക്ക് മെഡിക്കല്‍ ലീവ് പോലും ഇല്ലാതെ അറ്റന്‍ഡന്‍സ് കൊടുക്കണം എന്ന് പറയുക, ചിലര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്താലും അറ്റന്‍ഡന്‍സ് കൊടുക്കരുത് എന്ന് പറയുക… ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ വിസമ്മതിച്ച ഹേമലത ടീച്ചര്‍ പട്ടികജാതിക്കാരി കൂടി ആയതും ടിയാന് അനഭിമതയായി.

സവര്‍ണരായ ചില പാര്‍ട്ടി മെമ്പര്‍മാര്‍ ഇത്തരക്കാരെ പിന്തുണക്കുക കൂടി ചെയ്തതുകൊണ്ടാണ് നാലു പ്രാവശ്യം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിട്ടും കാണാന്‍ അനുവദിക്കാതിരുന്നത്. പി രാജീവ് പറഞ്ഞ പ്രകാരം പുത്തലത്തു ദിനേശനെ കണ്ടു കത്ത് കൊടുത്തിട്ടും അനുവാദം കിട്ടിയില്ല. അവസാനം മുഖ്യമന്ത്രിയുടെ സെക്രട്ടറിയോട് ഫോണില്‍ വിവരങ്ങള്‍ പറഞ്ഞെങ്കിലും ഗുണമുണ്ടായില്ല. 2020 ജൂലൈയില്‍ കിട്ടിയ sc/st കമ്മീഷന്റെ ഉത്തരവ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കോളേജിലേക്കും അയച്ചിരുന്നു. അതിനു യാതൊരു മറുപടിയും ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നോ ഡയറക്ടറേറ്റില്‍ നിന്നോ ലഭിച്ചില്ല. കോളേജില്‍ നിന്നും കോളേജ് ഡയറക്ടര്‍ക്ക് അയച്ചു കൊടുത്തിരിക്കുന്നു, മറുപടി വരുന്നത് പ്രകാരം അറിയിക്കും എന്നും കത്ത് വന്നു..

അറിയിപ്പ് കാത്തിരുന്ന ടീച്ചര്‍ കോളേജിലേക്ക് വിളിച്ചു ഇന്റര്‍വ്യു ഉണ്ടോയെന്നും അന്വേഷിച്ചു. കോളേജില്‍ ഈ വര്‍ഷം ഗസ്റ്റ് അദ്ധ്യാപകരെ എടുക്കുന്നില്ല എന്നായിരുന്നു മറുപടി. പക്ഷെ മുഖ്യധാരാ പത്രങ്ങളില്‍ പരസ്യം ചെയ്യാതെ ഇന്റര്‍വ്യൂവംു നിയമനവും നടത്തുകയായിരുന്നു. ഉടനെ വിവരാവകാശ നിയമപ്രകാരം ചോദിച്ചു പട്ടികജാതിക്കാരെ ആരെയും നിയമിച്ചിട്ടില്ല എന്നായിരുന്നു മറുപടി. അതായതു കമ്മീഷന്റെ ഉത്തരവും നടപ്പിലാക്കിയില്ല എന്ന്. പിന്നീട് ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്റ്ററുടെ കത്തും ലഭിച്ചു. നീതി ലഭിക്കില്ല എന്ന് ഉറപ്പായതിന് ശേഷമാണ് ടീച്ചര്‍ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോയത്. സമരത്തിലൂടെ മുഖ്യമന്ത്രിയെ കാണാന്‍ കഴിയുമെന്നും വിവരങ്ങള്‍ ധരിപ്പിച്ചാല്‍ നീതി കിട്ടുമെന്നും വിശ്വസിച്ചു. ഇപ്പോള്‍ ടീച്ചര്‍ അനിശ്ചിതകാല സമരം തുടങ്ങിയിട്ട് ഇന്ന് 100 ദിവസമായി.

ഹേമലത ടീച്ചര്‍ക്ക് ന്യായമായ നീതി ലഭിക്കുവാന്‍ അവകാശമുണ്ട്. ടീച്ചര്‍ക്കെതിരെ ഉയര്‍ന്ന പരാതികള്‍ക്കാധാരമായ വിവരാവകാശ രേഖകള്‍ ആ സത്യം പുറത്തു കൊണ്ടുവരും.

1.കോളേജ് അധികൃതര്‍ ടീച്ചറുടെ ഭാഗം കേള്‍ക്കാതെ കേട്ടു എന്ന് വ്യാജരേഖ ഉണ്ടാക്കി. ഏതൊരു പ്രതിക്കും തന്റെ ഭാഗം പറയുവാനുള്ള അവസരം ഉണ്ടാകണം. എന്നാല്‍ ഇവിടെ ആ അവസരം നിഷേധിക്കുകയും ടീച്ചറുടെ പരാതി കേട്ടു എന്ന് വ്യാജരേഖ ഉണ്ടാക്കുകയും ടീച്ചര്‍ കുറ്റക്കാരി ആണ് എന്നു തീരുമാനിക്കുകയും ചെയ്തു.

2 . കോളേജില്‍ ആര്‍ക്കെങ്കിലും എതിരെ പരാതി ഉണ്ടായാല്‍ കോളേജ് കൗണ്‍സിലോ, വനിതാ സെല്ലോ വിഷയം ചര്‍ച്ചചെയ്യുകയോ, പരാതി പരിഹാര സെല്ല് പരിശോധിക്കുകയോ ചെയ്യും. എന്നാല്‍ ഹേമലത ടീച്ചറുടെ കാര്യത്തില്‍ അങ്ങിനെ ഉണ്ടായിട്ടില്ല. ഇതില്‍ നിന്നും ജാതിവിവേചനം കാണിച്ചു പുറത്താക്കാന്‍ ശ്രമിച്ചു എന്ന് വ്യക്തമാണ്. ഇതു ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളതുമാണ്. ടീച്ചര്‍ കോളേജില്‍ ഉണ്ടെങ്കില്‍ പഠനം തുടരാന്‍ കഴിയില്ല എന്ന് പറഞ്ഞ പരാതിക്കാരി പിന്നീടുള്ള വര്‍ഷങ്ങളില്‍ ടീച്ചര്‍ കോളേജില്‍ ഇല്ലാതിരുന്നിട്ടും പഠനം തുടര്‍ന്നില്ല. അതിനാല്‍ ഈ വിദ്യാര്‍ഥിനിക്കും കാണിച്ച ജാതി വിവേചനത്തിലും ഗൂഡാലോചനയിലും പങ്കുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

3 . കോളേജ് യൂണിയന്‍ ടീച്ചറിനെതിരെ കൊടുത്ത പരാതിയാണ് നടപടിക്കു കാരണമായി പറയുന്നത്. 2015 ഡിസംമ്പര്‍ 31ന് അധികാരത്തില്‍ ഇല്ലാത്ത കോളേജ് യൂണിയന്റെ പരാതി ഉണ്ട് എന്ന് പ്രിന്‍സിപ്പല്‍ വാക്കാല്‍ പറയുകയാണ് ചെയ്തത്. എന്നാല്‍ ഈ പരാതി വിവരാവകാശം വഴി വാങ്ങിയപ്പോള്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്റെ പേരില്ലാത്ത ഒരു വെള്ള പേപ്പറില്‍ എഴുതിയ പരാതി ആണ് എന്നും വ്യക്തമായി.

4 . പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ക്ലാസിലെ വിദ്യാര്‍ഥികള്‍ നല്‍കി എന്ന് പറയപ്പെടുന്ന പരാതി മാധവന്‍ നമ്പൂതിരിയുടെ കൈപ്പടയില്‍ ഉള്ളതുമാണ്. ഇത് ടീച്ചര്‍ SC/ST കമ്മീഷന് സമര്‍പ്പിച്ചതും കമ്മീഷന് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്

5 . ടീച്ചര്‍ക്ക് നല്‍കിയ നടപടി ക്രമത്തില്‍ പറഞ്ഞിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭീമഹര്‍ജിയിലെ ഒപ്പുകള്‍ വ്യാജമാണ്. ചിലരെ തെറ്റുധരിപ്പിച്ചാണ് ഒപ്പുകള്‍ ശേഖരിച്ചിട്ടുള്ളത് എന്ന് വിദ്യാര്‍ഥികള്‍ തന്നെ വെളിപ്പെടിത്തിയിട്ടുണ്ട്.

ഹേമലത ടീച്ചര്‍ ഇതേ കോളേജില്‍ 12 വര്‍ഷം പഠിച്ചിട്ടുണ്ട്. അന്ന് SFI പ്രവര്‍ത്തകയും പിന്നീട് ഇടതുപക്ഷ സഹയാത്രികയുമാണ് സിപിഎം നേതൃത്വത്തിലുള്ള PKS നേതൃത്വം തന്നെ ഈ കോളേജില്‍ നടന്നിട്ടുള്ള ജാതി വിവേചനങ്ങളില്‍ ഇടപെട്ടിട്ടുള്ളതും ആണ്. എന്നാല്‍ ഇപ്പോള്‍ ടീച്ചര്‍ നടത്തുന്ന ഈ സമരത്തില്‍ എന്തുകൊണ്ടാണ് PKS ഇടപെടാത്തത്? രാഷ്ട്രീയക്കാരായ ചില വ്യക്തികള്‍ മന്ത്രിമാരുടെ ഓഫീസുകളില്‍ ഇടപെട്ടിട്ടുണ്ട് എന്ന സംശയം ശക്തമാക്കുന്നു. ഞാന്‍ RLV കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയാണ്. അത് കൊണ്ട് തന്നെ ടീച്ചര്‍ പറയുന്ന ജാതിവിവേചന കാര്യങ്ങള്‍ എനിക്ക് എളുപ്പത്തില്‍ മനസ്സിലാകും.

വ്യക്തമായ ഗൂഡാലോചനയിലൂടെ ഔദ്യോഗിക പദവി ദുരുപയോഗപെടുത്തിയും ജാതിവിവേചനം കാട്ടിയും കോളേജധികൃതര്‍ നടത്തിയ ജാതി വിവേചനത്തിനെതിരെ ഹേമലത ടീച്ചര്‍ സാംസ്‌ക്കാരിക നഗരിയായ തൃപ്പൂണിണിത്തുറയില്‍ നടത്തിവരുന്ന സമരം കൊറോണ രൂക്ഷമായ സാഹചര്യത്തില്‍ സ്വന്തം വസതിക്കു മുന്നില്‍ തുടരുകയാണ്. ‘സമര നടനം ‘ എന്ന പേരില്‍ നൂറ് ദിവസമായി നടന്ന് വരുന്ന സമരം അടുത്ത ദിവസം മുതല്‍ കലാ വിദ്യാര്‍ത്ഥികള്‍ക്കും, കലാസ്വാദകര്‍ക്കും കൂടി ഉപയോഗപ്രദമാകുന്ന രീതിയില്‍ ‘സമര പഠനം’ എന്ന പേരില്‍ സര്‍ഗ്ഗാത്മകമായ ഒരു മാതൃകാ സമരമായി മാറുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply