dalits lives matter, adivasis lives matter, muslims lives matter

വാസ്തവത്തില്‍ അക്ഷരാര്‍ത്ഥത്തിലെ കറുപ്പല്ല കേരളത്തിലെ പ്രശ്‌നം. കറുപ്പാണെങ്കിലും നമ്പൂതിരിയാണ് എന്നൊക്കെ നാം കേള്‍ക്കാറുണ്ടല്ലോ. അതായത് കറുപ്പ് എന്ന വംശീയത ഉണ്ടെങ്കിലും നമ്പൂതിരി ആവുമ്പോള്‍ അതിനെ മറികടക്കാന്‍ കഴിയുന്നു. ബ്രാഹ്മണിക്കല്‍ ധാര്‍മ്മിക ബോധം എന്നത് ജാതിയില്‍ അടിസ്ഥാനപ്പെടുത്തിയ ഒന്നാണ്. നിറത്തിന് അതില്‍ പങ്കുണ്ടെങ്കിലും അമേരിക്കയെപോലെ പൂര്‍ണ്ണമായും നിറത്തിനെയല്ല. അതുകൊണ്ടാണ് നമുക്ക് ഇവിടെ ഈ മുദ്രാവാക്യം വിളിക്കേണ്ടി വരുന്നത്.

അമേരിക്കന്‍ ഐക്യനാടുകളില്‍ ഒരു വെളുത്ത പോലീസുകാരന്‍ കൊലപ്പെടുത്തിയ ജോര്‍ജ് ഫ്‌ലോയ്ഡ് എന്ന കറുത്ത വംശജനും, അതിനൊപ്പം അവിടെ അവിടെ നീതി നിഷേധിക്കപ്പെട്ടിരിക്കുന്ന എല്ലാ കറുത്ത വംശജര്‍ക്കും വേണ്ടി ഈ കോവിഡിന്റെ കാലത്തും പ്രതിഷേധം ആളിപ്പടര്‍ന്നു. അതെ, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍. കോവിഡിനേകള്‍ പ്രധാനം കറുത്ത വംശജരോടുള്ള വംശീയ വിവേചനമാന്നെന്നും അത് നൂറ്റാണ്ടുകളായി തുടരുന്നതാണെന്നുമാണ് പ്രതിഷേധക്കാര്‍ വിളിച്ചു പറഞ്ഞത്. കോവിഡിനു ശേഷവും ഞങ്ങള്‍ താമസിക്കേണ്ടത് അമേരിക്കയിലാണെന്നും അവര്‍ ചൂണ്ടികാട്ടുന്നു. no justice, no peace എന്നുമവര്‍ ഉറക്കെ വിളിച്ചു. ലോകമെങ്ങുെ ഈ ശബ്ദം അലയലിച്ചു. നമ്മുടെ കേരളത്തിലടക്കം. എന്നാല്‍ മലയാളികള്‍ക്ക് black lives matter എന്നു വിളിച്ചുപറയാന്‍ എന്തവകാശമാണുള്ളതെന്ന് പരിശോധിക്കാതിരിക്കാന്‍ കഴിയില്ല.

ജനാധിപത്യ രാജ്യങ്ങളിലെല്ലാം സ്വത്വ (identity) ത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു വരുന്ന കാലമാണിത്. ഇന്ത്യയിലും കേരളത്തിലും ഈ പ്രവണത പ്രകടമാണ്. ഇവിടെ അടിച്ചമര്‍ത്തപ്പെടു്‌നന പ്രധാന സ്വത്വങ്ങള്‍ ദലിത്, മുസ്ലീം, ആദിവാസി വിഭാഗങ്ങളാണ്. കൂടാതെ ലിംഗപരമായ വിവേചനവും ശക്തമാണ്. സ്ത്രീകളും ലൈംഗികന്യൂനപക്ഷങ്ങളും പീഡിപ്പിപ്പെടുന്നു. അവിടത്തെ കറുപ്പ് ഇവിടെ ഈ വിഭാഗങ്ങളാണ്. എന്നാല്‍ ഇവര്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ, അതിനെതിരായ പോരാട്ടങ്ങളോട് കേരളം എങ്ങിനെയാണ് പ്രതികരിക്കുന്നത് എന്ന് പരിശോധിക്കേണ്ടതാണ്.

പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട സംഭവത്തോട്, ഭീം കൊരാഗവ് സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലുകളോട് എന്തായിരുന്നു പൊതുവില്‍ കേരളത്തിന്റെ നിലപാട് എന്നത് മറക്കാറായിട്ടില്ലല്ലോ. ഊരും പേരും ഇല്ലാത്തവരുടെ ഹര്‍ത്താല്‍ എന്നായിരുന്നു പലരുടേയും പ്രതികരണം. മുത്തങ്ങയിലെ വെടിവെപ്പിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ആ വെടിവെപ്പിനു ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷവും ഉത്തരവാദികളായിരുന്നു. പൗരത്വ ഭേദഗതി നിയമം പ്രത്യക്ഷമായി ബാധിക്കുന്ന മസ്ലിം വിഭാഗങ്ങള്‍ സമരത്തിനിറങ്ങിയപ്പോള്‍ അതിനെ വര്‍ഗ്ഗീയമെന്നാരോപിച്ചവരേയും ഓര്‍ക്കാവുന്നതാണ്.

കേരളത്തില്‍ കൊലചെയ്യപ്പെട്ട, കൊലക്കു തുല്ല്യമായി ആത്മഹത്യ ചെയ്ത ദളിത്, ആദിവാസി കോളനി നിവാസികളുടെ എണ്ണം എത്രയാണ്?. ചിലതെങ്കിലും സൂചിപ്പിക്കട്ടെ. പാവറട്ടി പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനറ്റതിനെ തുടര്‍ന്ന് എങ്ങണ്ടിയൂരിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത വിനായകന്‍. യാതൊരു കാരണവുമില്ലാതെ, ക്രൂരമായ മര്‍ദ്ദനത്തിന്റെ വേദനയും വിഷമവുമാണ് ആത്മഹത്യക്ക് കാരണമായത്. മുടി നീട്ടി വളര്‍ത്തിയതായിരുന്നതാണത്രെ വിനായകന്‍ ചെയ്ത കുറ്റം. അച്ഛനെ കൊലയാളിയാക്കാനുള്ള നീക്കം പോലും നടന്നു. പ്രതിേഷേധങ്ങള്‍ക്കൊടുവില്‍ പോലീസുകാര്‍ക്കെതിരെ നടപടി എടുത്തെങ്കിലും ഇതുവരെ ശിക്ഷകള്‍ ആയിട്ടില്ല. ലോക്കപ്പ് മര്‍ദ്ദനങ്ങളുടെ പേരില്‍ പോലീസുകാര്‍ ശിക്ഷിക്ക്‌പ്പെട്ട സംഭവങ്ങള്‍ കേരലത്തില്‍ അധികമില്ല എന്നുമോര്‍ക്കേണ്ടതാണ്. കോളനിയില്‍ താമസിക്കുന്ന ദലിതനായ ഒരാളോട് നിയമ സംവിധാനത്തിലെ സവര്‍ണ്ണ ബോധ്യങ്ങളാണ് ഈ സംഭവത്തിന്റെ അടിസ്ഥാനകാരണം. ജോര്‍ജ്ജ് ഫ്‌ലോയിഡിനു സമാനമാണ് വിനായകനും. ഭരണഘടന നിര്‍മ്മാണ സമയത്ത് കോണ്‍സ്റ്റന്‍സ് അസംബ്ലിയില്‍ ഡോ അംബേദ്കര്‍ പറയുന്നത് ‘ ഇനി മുതല്‍ നിയമപരമായി തുല്യ പൗരന്‍മാരായിരിക്കും എന്നാണ് ‘ എന്നാലതിപ്പോഴും നടപ്പാകുന്നുണ്ടോ എന്നതാണ് ചോദ്യം. കുറെ ദളിത് സംഘടനകളും മനുഷ്യാവകാശ സംഘടനകളുമല്ലാതെ ആരെങ്കിലും നിരത്തിലിറങ്ങിയോ?

ഇതുപോലെ ഒന്നാണ് കുണ്ടറയിലെ കുഞ്ഞുമോന്‍ സംഭവം. മദ്യം കഴിച്ച് വണ്ടി ഓടിച്ചു എന്ന പെറ്റി കേസിന്റെ പേരിലാണ് കുഞ്ഞുമോന്‍ കൊല്ലപ്പെട്ടത്. കെവിന്റെ കൊലപാതകത്തിലും പോലീസിന്റെ പങ്കു പുറത്തുവന്നതാണല്ലോ. ഇത്തരത്തിലുള്ള എത്രയോ സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നു. അവസാനം ദേവിക എന്ന പെണ്‍കുട്ടിയുടെ ഇന്‍സ്റ്റിട്യൂഷണല്‍ കൊലവരെ എത്തിയിരിക്കുന്നു. ഈ സംഭവത്തിലും ആ പെണ്‍കുട്ടിയെ കുറ്റവാളിയാക്കാനാണ് സര്‍ക്കാരും ഫ്‌ളോയിഡിന്റെ കൊലക്കെതിരെ പ്രതികരിക്കുന്നവരും ശ്രമിക്കുന്നത്. ഇനിയും ഭൂമി നിഷേധിച്ച് ദളിത് വിഭാഗങ്ങളെ കോളനികളിലൊതുക്കിയതിലും ഇവിടത്തെ പ്രമുഖപ്രസ്ഥാനങ്ങളുടെ പങ്ക് പ്രകടമാണല്ലോ.

ഹിന്ദുത്വശക്തികള്‍ അധികാരമേറ്റതോടെ രാജ്യത്തെ മുസ്ലിംജനത നേരിടുന്ന പീഡനപരമ്പര പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണല്ലോ. അതിനും കാരണം അവരുടെ സ്വത്വം തന്നെ. നിര്‍ഭാഗ്യവശാല്‍ ഹിന്ദുത്വ ശക്തികള്‍ക്ക് ഭരണമില്ലാത്ത കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ല എന്നതാണ്. എത്രയോ മുസ്ലിം യുവാക്കള്‍ അകാരണമായി .യു എ പി എ ചുമത്തപ്പെട്ട് ജയിലില്‍ കിടക്കുന്നു. സിപിഎം പ്രവര്‍ത്തകരെന്നറിയപ്പെടുന്ന അലനും താഹയുമടക്കം. ലൗ ജിഹാദെന്ന ഇല്ലാത്ത ഒന്നിന്റെ പേരില്‍ ഹാദിയ എന്ന പെണ്‍കുട്ടി എത്രമാത്രം പീഡിപ്പിക്കപ്പെട്ടു. കോടതി വിവാഹം റദ്ദാക്കിയ സംഭവം പോലുമുണ്ടായി. നിരന്തരമായി നടക്കുന്ന മുസ്ലിംവേട്ടയോടും ഇസ്ലാഫോബിയയോടും പ്രതിഷേധിക്കുന്നതിനു പകരം അവരെ മുഴുവന്‍ വര്‍ഗ്ഗീയവാദികളായി ചിത്രീകരിച്ച് ആക്ഷേപിക്കുകയും ഫലത്തില്‍ സംഘപരിവാറിനെ സഹായിക്കുകയുമാണ് കേരളത്തിലെ ഒരു വലിയ വിഭാഗം ചെയ്യുന്നത്. ്അവരും അമേരിക്കയിലെ സംഭവങ്ങളില്‍ പ്രതിഷേധിക്കുന്നു.

ആദിവാസികളുടെ പ്രശ്‌നവും വ്യത്യസ്ഥമല്ലല്ലോ. ആദിവാസികള്‍ക്ക് ഭൂമിയും സ്വയംഭരണവും നിഷേധിക്കാന്‍ ഭരണ – പ്രതിപക്ഷങ്ങള്‍ ഒന്നിച്ച കാഴ്ച കേരളം മറന്നിട്ടില്ലല്ലോ. അട്ടപ്പാടിയില്‍ കൊലചെയ്യപ്പെട്ട മധുവും ഇപ്പോഴും തുടരുന്ന നവജാത ശിശുമരണങ്ങളും ഇപ്പോഴും ദയനീയജീവിതം നയിക്കുന്ന ആദിവാസികളുടെ അവസ്ഥയുമൊന്നും ഇവരില്‍ ഒരു പ്രതിഷേധവുമുയര്‍ത്തുന്നില്ല. പൊതുസമൂഹത്തിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല. വനംവകുപ്പുദ്യോഗസ്ഥരുടെ മര്‍ദ്ദനവും മധുവിന് ഏറ്റിരുന്നതായി പരാതിയുണ്ടായിരുന്നു.

ദലിത്, ആദിവാസി, മുസ്ലിം വിഭാഗങ്ങളോട് ഭരണകൂടവും പൊതുസമൂഹവും പോലീസ് സംവിധാനവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വീകരിക്കുന്ന നിലപാട് പരിശോധിക്കുമ്പോള്‍ ഇവര്‍ക്ക് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ രാഷ്ട്രീയമായി എന്തവകാശമാണുള്ളത്? കേരളത്തിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും, അഭിഭാഷകനുമായ വ്യക്തി ഒരിക്കല്‍ പറഞ്ഞത് കോളനിയിലെ ആളുകള്‍ മദ്യപാനികളും ,ഗുണ്ടകളും ആണെന്നാണ്. ഇതുപോലെ തന്നെയാണ് സമീപകാലത്ത് ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ കോളനി വാണം വിളികളും. ഈ സാഹചര്യത്തിലാണ് അമേരിക്കയിലെ ബ്ലാക്‌സ് ലൈവ്‌സ് മാറ്റര്‍ ഇവിടെ ദലിത് ലൈവ്‌സ് മാറ്ററും ആദിവാസി ലൈവ്‌സ് മാറ്ററും മുസ്ലിം ലൈവ്‌സ് മാറ്ററുമൊക്കെയായി മാറുന്നത്. എന്നാല്‍ അത് ഉയര്‍ത്തുന്നതിനോടു എത്ര പേര്‍ ഐക്യപെടും എന്നാണ് ചോദ്യം.

അതിനിടയില്‍ തെമ്മാടികളായ സമരക്കാരെ നായകളെ കൊണ്ടും, ആയുധം ഉപയോഗിച്ചും ആക്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പിന്റെ ഒരു പ്രസ്താവന കാണുകയുണ്ടായി. അതിന് കേരളത്തില്‍ വ്യാപകമായ വിമര്‍ശനമുണ്ടായി. എന്നാല്‍ ചെങ്ങറയില്‍ ഭൂസമരം നടത്തുന്നവരെ റബര്‍ മോഷ്ടാക്കളാണെന്നാരോപിച്ച് നേരിട്ടതും ഉപരോധം ഏര്‍പ്പെടുത്തി പട്ടിണിക്കിട്ടതും മറക്കാറായിട്ടില്ലല്ലോ. അവരെ മുള്ളും മൂര്‍ച്ചയുള്ള പോലീസ് നേരിടുമെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നു. അരിപ്പയിലും സമാനസംഭവങ്ങളുണ്ടായി. മുത്തങ്ങ സമരക്കാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തിയപ്പോള്‍ അവിടമാകെ വൃത്തികേടാക്കി എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചങ്ങറക്കാരുടെ സമരത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റ് പരിസരം ചാണകവെള്ളം തളിച്ച് വൃത്തിയാക്കി. . അടുത്തു  നടന്ന തൊവരിമല ഭൂസമരത്തിനോടുള്ള സമീപനവും മറ്റൊന്നായിരുന്നിയില്ല.

ഇത്തരം പ്രശ്‌നങ്ങളില്‍ ദലിത് ജീവിത, ആദിവാസി ജീവിത, മുസ്ലിം ജീവിത പ്രശ്‌നങ്ങള്‍ എന്നൊന്നും പറയാന്‍ ഇടതുപക്ഷത്തിനോ, ലിബറല്‍സിനോ കഴിയാറില്ല. വിനായകന്റെ പ്രശ്‌നത്തെ മുടി വളര്‍ത്തുന്ന പ്രശ്‌നമാണെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാവരും മുടി വളര്‍ത്തുന്നത് പോലെയല്ല കോളനിയിലെ ദളിതരായ കുട്ടികള്‍ വളര്‍ത്തുന്നത് എന്നതാണ് പ്രശ്‌നം. അതായത് മുടിയല്ല, ദളിത് ജീവിതം തന്നെയാണ് പ്രശ്‌നം. മധുവിന്റെ പ്രശ്‌നം കേവലം വിശപ്പിന്റേതല്ല. അതിനു പുറകില്‍ വംശീയതയാണ്. ഒപ്പം ഭൂപ്രശ്‌നവും. ജിഷയുടെ കൊലയില്‍ ലൈംഗികാക്രമണം മാത്രമല്ല, ചേരിയിലെ ദളിത് ജീവിതം കൂടിയുണ്ട്. അലന്റേയും താഹയുടേയും അതുപോലെ മറ്റനവധി പേരുടേയും യുഎപിഎയില്‍ മുസ്ലിം സ്വത്വമാണ് പ്രധാനം. ഇതൊന്നും കാണാത്തവരാണ് ഇവിടെയിരുന്ന് ബ്ലാക് ലൈവ്‌സ് മാറ്റര്‍ എന്ന മുദ്രാവാക്യം വിളിക്കുന്നത്.

വാസ്തവത്തില്‍ അക്ഷരാര്‍ത്ഥത്തിലെ കറുപ്പല്ല കേരളത്തിലെ പ്രശ്‌നം. കറുപ്പാണെങ്കിലും നമ്പൂതിരിയാണ് എന്നൊക്കെ നാം കേള്‍ക്കാറുണ്ടല്ലോ. അതായത് കറുപ്പ് എന്ന വംശീയത ഉണ്ടെങ്കിലും നമ്പൂതിരി ആവുമ്പോള്‍ അതിനെ മറികടക്കാന്‍ കഴിയുന്നു. ബ്രാഹ്മണിക്കല്‍ ധാര്‍മ്മിക ബോധം എന്നത് ജാതിയില്‍ അടിസ്ഥാനപ്പെടുത്തിയ ഒന്നാണ്. നിറത്തിന് അതില്‍ പങ്കുണ്ടെങ്കിലും അമേരിക്കയെപോലെ പൂര്‍ണ്ണമായും നിറത്തിനെയല്ല. ചിലരാകട്ടെ ഈ ബോധ്യം വന്നു കഴിഞ്ഞാല്‍ അസ്പശ്യര്‍ക്ക് വേണ്ടി നാം എന്തെങ്കിലും ചെയ്യണം എന്നു വിലപിച്ച ഭാരം ഇറക്കിവെക്കുന്നതാണ് കാണാറുള്ളത്. ഇവരെ ഉദ്ധാരണം നടത്തിയാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാക്കും. എന്നാല്‍ സവര്‍ണ്ണ ജാതി ഹിന്ദുക്കളുടെ അവസ്ഥയില്‍ മാറ്റം വരാന്‍ ഒന്നും ചെയ്യേണ്ടതില്ല. അവര്‍ പൂര്‍ണ്ണരാണ് എന്ന ബോധ്യമാണ് ഇവരെ നയിക്കുന്നത്. ഉദ്ധാരണം നടത്തിയാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും എന്ന ബോധ്യത്തെ കുറിച്ചും, അസ്പൃശ്യരുടെ പ്രശ്‌നങ്ങള്‍ക്ക് ഞങ്ങളല്ല കാരണക്കാര്‍ എന്ന തോന്നലിനെ കുറിച്ച്ും ഡോക്ടര്‍ അംബേദ്കര്‍ പറയുന്നുണ്ട്. ‘നീ സ്വതന്ത്രനാണ്, പൗരന്റെ ഏല്ലാ അവകാശങ്ങളും നിനക്കുണ്ട് എന്നു പറയുകയും, അതേ സമയം തന്റെ അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ അവസരം നല്‍കാത്ത വിധം വരിഞ്ഞു മുറുക്കുകയും ചെയ്യുന്ന ക്രൂരമായ ചതിയും ആണ് സമൂഹം നടത്തുന്നത എന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ട് തന്നെ നമ്മള്‍ ദലിത് ലൈവ്‌സ് മാറ്ററെന്നും ആദിവാസി ലൈവ്‌സ് മാറ്ററെന്നും മുസ്ലിം ലൈവ്‌സ് മാറ്ററെന്നും ഉറക്കെ പറയുമ്പോള്‍ ബ്രാഹ്മണിക്കല്‍ ബോധത്തിന് അത് സഹിക്കാനാവാത്തത്. അവര്‍ക്കുതാല്‍പ്പര്യം മറ്റു രാജ്യങ്ങളിലെ സംഭവങ്ങളെ കുറിച്ച് അമൂര്‍ത്തമായി പറയാനാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply