ഭാരത് ജോഡോ യാത്ര ഫാസിസത്തിനെതിരായ അവസാന പ്രതീക്ഷ

ജനാധിപത്യ മതേതരവിശ്വാസികള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിയാണ് രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര മുന്നോട്ടുനീങ്ങുന്നത്. യാത്രയുടെ ലക്ഷ്യം അസന്നിഗ്ധമായിതന്നെ കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ ഒരിക്കല്‍ കൂടി രാഹുല്‍ പ്രഖ്യാപിച്ചിരുന്നു. വെറുപ്പിന്റെ രാഷ്ട്രീയത്താല്‍ രാജ്യത്തെ തകര്‍ക്കുന്ന ബിജെപി – ആര്‍ എസ് എസ് നയങ്ങള്‍ക്കെതിരെ രാജ്യത്തെ ഒന്നിപ്പിക്കുക എന്നുതന്നെയാണ് രാഹുല്‍ പറഞ്ഞത്. രാഹുലില്‍ നിന്ന് കേരളത്തിലെ സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ എന്തെങ്കിലും വീണുകിട്ടാന്‍ മാധ്യമപ്രവര്‍ത്തകരും ഇടതുപക്ഷക്കാരും മാത്രമല്ല ചില കോണ്‍ഗ്രസ്സുകാര്‍ പോലും ആഗ്രഹിച്ചിരുന്നു. അവരെയല്ലാം നിരാശരാക്കി എന്താണ് സമാകലിക രാഷ്ട്രീയപ്രവര്‍ത്തകരുടെ ഉത്തരവാദിത്തം എന്നു വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

ഈ യാത്രയുടെ പ്രധാനപ്പെട്ട മറ്റൊരു സവിശേഷത അത് പ്രധാനമായും ജനങ്ങളെ കേള്‍പ്പിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുകയല്ല, ജനങ്ങളില്‍ നിന്ന് കേള്‍ക്കുകയും പഠിക്കുകയും ചെയ്യുന്നു എന്നതാണ്. അടുത്തകാലത്തൊന്നും കാണാത്ത രീതിയാണത്. ജനങ്ങളെ പഠിപ്പിക്കാനാണല്ലോ സാധാരണ ഇത്തരം യാത്രകള്‍ സംഘടിപ്പിക്കാറുള്ളത്. ദക്ഷിണാഫ്രിക്കയില്‍ നിന്നു തിരിച്ചുവന്ന ഗാന്ധി സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടുന്നതിനു മുമ്പ് ഇന്ത്യയെ കണ്ടെത്താന്‍ നടത്തിയ യാത്രയെയാണ് ഈ യാത്ര ഓര്‍മ്മിപ്പിക്കുന്നത്. ഭരണകൂടങ്ങളുടെ സമകാലിക നടപടികളാല്‍ ജീവിതം ദുരിതമയമായവരുടെ പ്രശ്‌നങ്ങളാണ് യാത്രയിലുടനീളം രാഹുല്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഉദാഹരണമായി കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്രയില്‍ അദ്ദേഹം പ്രധാനമായും കേട്ടത് കര്‍ഷകരുടെ പ്രശ്‌നങ്ങളാണ്. പൊതുവില്‍ കാര്‍ഷികമായി വളരെ മുന്‍നിരയിലാണ് തമിഴ് നാട്. എന്നാല്‍ അവിടത്തെ ചെറുകിട കര്‍ഷകരുടെ അവസ്ഥ വളറെ മോശമാണ് എന്നതാണ് വസ്തുത. ഉല്‍പ്പന്നങ്ങള്‍ക്ക് വിലകിട്ടാത്തതുതന്നെ പ്രധാന കാരണം. അതിനുകാരണം സമകാലിക രാഷ്ട്രീയ, സാമ്പത്തിക നടപടികള്‍ തന്നെ. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ വളരെയധികം സമയം രാഹുല്‍ ചിലവഴിക്കുകയുണ്ടായി. യോഗേന്ദ്രയാദവിന്റേയും അരുണാറോയിയുടേയും മറ്റും സാന്നിധ്യം ശ്രദ്ധേയമായിരുന്നു. രാജ്യത്തെ അക്കാദമിക് മേഖലയിലെ നിരവധിപേര്‍ യാത്രയുടെ തുടക്കത്തില്‍ തന്നെ രാഹുലുമായി സംവദിച്ചിരുന്നു.

കേളത്തിലേക്കു കടന്നപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. ദിനംപ്രതി സമൂഹത്തിന്റെ വ്യത്യസ്ഥ തുറകളിലുള്ളവരുടെ പ്രശ്‌നങ്ങള്‍ രാഹുല്‍ കേട്ടു. ഒരുപക്ഷെ ഏറ്റവും കൂടുതല്‍ സമയം രാഹുല്‍ ചിലവഴിച്ചത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാകാം. തിരുവനന്തപുരത്തും ആലപ്പുഴയിലും അദ്ദേഹം അവരുമായി വിശദമായി സംസാരിച്ചു. കാലാവസ്ഥാവ്യതിയാനവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രകൃതിപ്രതിഭാസങ്ങളും തീരം കടലെടുക്കലും മറ്റും മൂലം ജീവിതം ദുരിതമയമായ അവസ്ഥയിലാണ് തങ്ങളെന്ന് അവര്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. കേരളത്തിലുടനീളം കടല്‍ കരയിലേക്കു കയറുന്നതുമൂലം ആയിരകണക്കിനു മത്സ്യത്തൊഴിലാളികള്‍ക്ക് വീടുകള്‍ ഇല്ലാതായി. പ്രകൃതിപ്രതിഭാസങ്ങള്‍ മൂലം വര്‍ഷത്തില്‍ പകുതി ദിവസംപോലും മീന്‍ പിടിക്കാനാവുന്നില്ല. ജോലിക്കുപോകുമ്പോഴും മീന്‍ ദുര്‍ല്ലഭം. വന്‍കിട കപ്പലുകള്‍ കടലിനെ കൊള്ളയടിക്കുന്നു. പിടിക്കുന്ന മീനിനു വില ലഭിക്കുന്നുമില്ല. അതിനുപുറമെയാണ് മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍. വിഴിഞ്ഞം തുറമുഖനിര്‍മ്മാണം എങ്ങനെയാണ് തങ്ങളുടെ ജീവിതം തകര്‍ക്കുന്നതെന്ന് അവിടെ നിന്നുള്ളവര്‍ വിശദീകരിച്ചു. ഒപ്പം പുതുവൈപ്പിനും ചെല്ലാനവുമടക്കമുള്ള പ്രദേശങ്ങളും പരാമര്‍ശിക്കപ്പെട്ടു. ആലപ്പുഴ – കൊല്ലം മേഖലകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ കരിമണല്‍ ഖനനം എങ്ങനെയാണ് തീരദേശത്തേയും തങ്ങളുടെ ജീവിതത്തേയും തകര്‍ക്കുന്നെന്നും വിശദീകരിച്ചു. ആലപ്പാട്ടെത്തി രാഹുല്‍ കാര്യങ്ങള്‍ നേരില്‍ മനസ്സിലാക്കുകയും ചെയ്തു. ഒരു വിഭാഗം എന്ന നിലയില്‍ ഇന്നു ഏറ്റവും വെല്ലുവിളികള്‍ നേരിടുന്ന വിഭാഗമാണ് മത്സ്യത്തൊഴിലാളികള്‍ എന്ന് രാഹുല്‍ മാത്രമല്ല, ഏതൊരു മലയാളിയും തിരിച്ചറിയേണ്ടതുണ്ട്. എന്നാലതുണ്ടാകുന്നില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നിലനില്‍പ്പിനായി പാടുപെടുന്ന ബാലരാമപുരത്തെ കൈത്തറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും രാഹുല്‍ കണ്ടു. പ്രസ്തുതമേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ കേട്ട രാഹുല്‍, നിങ്ങള്‍ നെയ്യുന്നത് ചരിത്രമാണെന്നും പോരാടി വിജയിക്കാനും അഭിപ്രായപ്പെടുകയും എല്ലാ പിന്തുണയും വാഗ്ദാന ംചെയ്യുകയും ചെയ്തു. വിവാദമായ കെ റെയിലിനെതിരെ സമരം ചെയ്യുന്ന സമരസമിതി പ്രവര്‍ത്തകരെ തിരുവനന്തപുരത്ത് രാഹുല്‍ വിശദമായിതന്നെ കേട്ടു. കൊല്ലത്ത് സ്വാഭാവികമായും പ്രതീക്ഷിക്കപ്പെടുന്നപോലെ കശുവണ്ടി, കയര്‍ മേഖലകളില്‍ നിന്നുള്ളവരാണ് രാഹുലിനെ കണ്ടത്. പരമ്പരാഗത മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങളും വിപണിയിലെ വെല്ലുവിളികളും കാലത്തിനനുസൃതമായി ആധുനീകരണത്തിനു വിധേയമാകാത്തതിന്റെ പ്രശ്‌നങ്ങളുമാണ് ചര്‍ച്ച ചെയ്തത് എന്നാണറിവ്. കശുവണ്ടിയുമായി ബന്ധപ്പെട്ട മൂല്യവര്‍ദ്ധിത പ്രക്രിയ നടക്കാത്തതും പരാമര്‍ശിക്കപ്പെട്ടു. തൊഴിലുറപ്പു മേഖലയിലുള്ളവരും കൊല്ലത്തുവെച്ച് രാഹുലിനെ കാണുകയുണ്ടായി.

കേരളത്തിന്റെ വികസനത്തിനായി കൊട്ടിഘോഷിക്കുന്ന ഒന്നാണല്ലോ ടൂറിസം. എന്നാല്‍ കൊട്ടിഘോഷിക്കുന്നപോലെ ഒരു കാലത്തും ടൂറിസമേഖല വളര്‍ന്നിട്ടില്ല എന്നതാണ് വസ്തുത. കേരളടൂറിസത്തിന്റെ ഒരു പ്രധാന കേന്ദ്രമാണ് കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ. അവിടത്തെ ഹൗസ് ബോട്ടുകള്‍ ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ രാഹുലിനെ സന്ദര്‍ശിച്ച് തങ്ങള്‍ നിരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച മറ്റൊരു വിഭാഗം ഈ മേഖലയില്‍ നിന്നുള്ളവരായിരുന്നു. ഹൗസ് ബോട്ടു ടൂറിസം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളടക്കം ചര്‍ച്ച ചെയ്യപ്പെട്ടു. ഒപ്പം മേഖലയിലെ കായലുകള്‍ നേരിടുന്ന മലിനീകരണ- ശോഷണ – കയ്യേറ്റ പ്രശ്‌നങ്ങളും വര്‍ഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കവും കുട്ടനാട്ടിലെ കാര്‍ഷികമേഖല നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ചാവിഷയമായി.

എറണാകുളത്ത് രാഹുലിനെ കണ്ടവരില്‍ പ്രധാനം ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന്റെ പ്രതിനിധികളായിരുന്നു. ആദ്യമായി ട്രാന്‍സ്‌ജെന്റര്‍ പോളിസി പാസാക്കിയ സംസ്ഥാനമായിട്ടും മറ്റു സംസ്ഥാനങ്ങളേക്കാല്‍ മോശമാണ് തങ്ങളുടെ അവസ്ഥ എന്നവര്‍ രാഹുലിനെ ധരിപ്പിച്ചു. കുടംബത്തും വിദ്യാലയങ്ങളിലും സമൂഹത്തിലും തൊഴില്‍ മേഖലയിലും പൊതുനിരത്തിലുമെല്ലാം തങ്ങള്‍ നേരിടുന്ന അവഗണനകളും അക്രമങ്ങളും വിശദീകരിച്ച അവര്‍ സമീപകാലത്തു തങ്ങളില്‍ പെട്ടവര്‍ കൊല്ലപ്പെട്ടതിന്റേയും ആത്മഹത്യ ചെയ്തതിന്റേയും കണക്കുകള്‍ വിശദീകരിച്ചു. രാജ്യത്തെമ്പാടും സമസ്തമേഖലകളിലും തങ്ങള്‍ക്ക് സംവരണം നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എറണാകുളത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച മറ്റൊരു വിഭാഗം ഐ ടി മേഖലയില്‍ നിന്നുള്ളവരായിരുന്നു. ഈ മേഖലയില്‍ ലോകനിലവാരത്തില്‍ തന്നെ മലയാളികള്‍ മുന്നിലായിട്ടും കേരളത്തില്‍ കാര്യമായ വികാസമില്ലാത്തതിന്റെ പ്രശ്‌നങ്ങളും മികച്ച വേതനത്തിനും തൊഴിലിനുമായി സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തായി പോകേണ്ടി വരുന്ന അവസ്ഥയും അവര്‍ രാഹുലിനെ ധരിപ്പിച്ചു. യാത്രയുലെ പല ഭാഗത്തും വെച്ച് താന്‍ സംസാരിക്കാനിടയായ വിദ്യാര്‍ത്ഥികളില്‍ മഹാഭൂരിപക്ഷവും തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെങ്കിലും ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനുമായി പുറത്തുപോകേണ്ട അവസ്ഥയാണെന്നു പറഞ്ഞതായി തൃശൂരിലെ പൊതുയോഗത്തില്‍ രാഹുല്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ അടിയന്തിരമായി അഭിമുഖീകരിക്കേണ്ട വിഷയമാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പട്ടാമ്പിയില്‍ രാഹുല്‍ ആശയവിനിമയം നടത്തിയത് വംശഹത്യയുടെ വക്കത്തെത്തിനില്‍ക്കുന്ന അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസികളുമായാണ്. നവജാതുശിശുക്കളുടെ മരണം കൊണ്ടും ദേശീയമ്മയെപോലെ ദേശീയപുരസ്‌കാരം നേടിയവരുടെ ഭൂമിപോലും തട്ടിയെടുക്കപ്പെടുകയും മധുവിനെപോലുള്ളവര്‍ തല്ലിക്കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഏറെ പ്രസക്തമായിരുന്നു ഈ കൂടിക്കാഴ്ച.

ഇതിനെല്ലാം പുറമെ സംസ്ഥാനത്തെ പല ജനകീയ സമരങ്ങളുടേയും പ്രതിനിധികളും മനുഷ്യാവകാശ – പരിസ്ഥിതി പ്രവര്‍ത്തകരും മതമേലധ്യക്ഷന്മാരും രാഹുലിനെ സന്ദര്‍ശിച്ചു. മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചതില്‍ യാത്രയിലെ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. അതേസമയം പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തൃശൂരില്‍ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരമായുള്ള കൂടിക്കാഴ്ചക്കും പൗര – വ്യാപാരമുഖ്യരുമായുള്ള സംഭാഷണത്തിന് സുരക്ഷാവിഭാഗം അനുമതി നിഷേധിച്ചു. പ്രസ്തുതദിവസവും പൊതുനിരത്തില്‍ കൂടി കടന്നുപോയ സാഹചര്യത്തില്‍ ഒരു ഹാളില്‍ ക്ഷണിക്കപ്പെട്ടവരുമായി സംസാരിക്കുന്നതില്‍ എന്താണ് സുരക്ഷാപ്രശ്‌നം എന്ന് യാത്രയിലുള്ളവര്‍ക്കുപോലും മനസ്സിലായില്ല. സംസ്ഥാനത്തെ പ്രമുഖ എഴുത്തുകാരെല്ലാം ഭരിക്കുന്നവരുമായി ചേര്‍ന്നു നിന്ന് പട്ടും വളയും സ്വന്തമാക്കുന്ന വേളയില്‍ വളരെ പ്രസക്തമായ കൂടികാഴ്ചയാണ് റദ്ദാക്കിയത്. വടക്കാഞ്ചേരിയില്‍ ജീവിതത്തിന്റെ നല്ലൊരു ഭാഗം രാജ്യത്തിനായി മാറ്റിവെച്ച വിമുക്തഭടന്മാരുമായി രാഹുല്‍ ആശയവിനിമയം നടത്തി. മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള കൂടിക്കാഴ്ചകളായിരിക്കും യാത്രയിലെ പ്രധാന ഭാഗം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരത്തില്‍ പരിശോധിച്ചാല്‍ ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ ശ്രദ്ധേയമായ ഒന്നായി ഭാരത് ജോഡോ യാത്ര മാറുമെന്നുറപ്പ്. താരതമ്യത്തില്‍ അര്‍ത്ഥമില്ലായിരിക്കാം, പക്ഷെ ഗാന്ധിയുടെ ദണ്ഡിയാത്ര സ്വാതന്ത്ര്യസമരത്തെ എങ്ങനെ മാറ്റിമറിച്ചു എന്ന് എല്ലാവര്‍ക്കുമറിയാം. ജനങ്ങളാണ് അധികാരികള്‍ എന്ന ജനാധിപത്യത്തിന്റെ ആദ്യപാഠം ജനമനസ്സുകളില്‍ സ്ഥാപിക്കപ്പെട്ടത് ദണ്ഡിയാത്രയ്ക്ക് ശേഷമാണ്. അത്തരമൊരു സമീപനം തന്നെയാണ് ഈ യാത്രയുടേയും പ്രധാന ആകര്‍ഷണം. വിനോബാ ഭാവേയുടെ ഭൂദാനയാത്രകള്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള ആലോചനകള്‍ ഉയര്‍ത്തിവിടുകയുണ്ടായി. കേരളത്തില്‍ വി ടിയും എ കെ ജിയുമൊക്കെ ഏറെ ശ്രദ്ധേയമായ ജാഥകള്‍ നടത്തിയിട്ടുണ്ട്. സമീപകാലത്ത് പിവി രാജഗോപാലിന്റെ നേതൃത്വത്തില്‍ ഏകതാ പരിഷത്തും സമാനമായ ജാഥകള്‍ നടത്തുകയുണ്ടായി.

അതേസമയം തീര്‍ച്ചയായും ഈ യാത്രക്ക് രാഷ്ട്രീയലക്ഷ്യം കൂടിയുണ്ട്. അത് വരുന്ന ലോകസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാനുള്ള അന്തരീക്ഷം ഒരുക്കുക എന്നതുതന്നെയാണ്. സ്വാതന്ത്ര്യാനന്തരം ആസൂത്രണം ചെയ്യപ്പെട്ട പല യാത്രകളും അധികാര രാഷ്ട്രീയത്തിന്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. ആന്ധ്രപ്രദേശില്‍ എന്‍.ടി.രാമറാവുവും രാജശേഖര്‍ റെഡ്ഢിയും മകന്‍ ജഗന്‍ റെഡ്ഢിയും ചന്ദ്രബാബു നായിഡുവും യാത്രകളില്‍ കൂടി അധികാരം നേടിയിട്ടുള്ളവരാണ്. ജനതാപാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ നടത്തിയ ഭാരതയാത്ര ഏറെ പ്രസിദ്ധമാണല്ലോ. രാഹുലിന്റെ നേതൃത്വത്തിലുള്ള ഈ യാത്ര ഇന്ത്യയെ മത ഫാസിസ്റ്റ് രാഷ്ട്രമാക്കാനുള്ള നീക്കങ്ങളെ തടയാനുള്ള അവസാന ശ്രമമാകാനിടയുണ്ട്. അതിന്റെ രാഷ്ട്രീയപ്രാധാന്യം തിരിച്ചറിഞ്ഞ് ഐക്യപ്പെടാനാണ് ഈ സാഹചര്യത്തില്‍ പ്രതിപക്ഷപാര്‍ട്ടികളും ഫാസിസത്തിനെതിരായ നിലപാടെടുക്കുന്ന വ്യക്തികളും തയ്യാറാകേണ്ടത്. പല പാര്‍ട്ടികളും അത് തിരിച്ചറിയുന്നു എന്നത് പ്രതീക്ഷ നല്‍കുന്നു. എക്കാലത്തും കോണ്‍ഗ്രസ്സ് വിരുദ്ധരായി നിലകൊണ്ടിട്ടുള്ള ആനന്ദ് പട്വര്‍ദ്ധനേയും ടി.എം.കൃഷ്ണയേയും മേധാപട്കറേയും പോലുള്ളവരുടെ പിന്തുണയും ആശാവഹമാണ്. അതൊക്കതന്നെയാണ് സംഘപരിവാര്‍ ശക്തികളെ പ്രകോപിതരാക്കിയിരിക്കുന്നത്‌ എന്നത് വ്യക്തം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply