ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ അദാനിയുടെ കൊയ്ത്ത്

വിപണികളില്‍ വന്‍കിട സ്വകാര്യ വ്യാപാരികള്‍ കടന്നുവന്നത് തുടക്കത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചുവെങ്കിലും, നിലവില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ചന്തകളെത്തന്നെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍ എന്ന് ഷിംലയിലെ മുന്‍ മേയറും ഹിമാചല്‍ കിസാന്‍ സഭയുടെ പ്രസിഡന്റും ആയിരുന്ന ടിക്കേന്ദര്‍ സിംഹ് പന്‍വര്‍ സൂചിപ്പിക്കുന്നു. മണ്ഡികളില്‍ എല്ലാ ഗ്രേഡിലും ഉള്ള ആപ്പിളുകള്‍ കര്‍ഷകര്‍ക്ക് വില്‍ക്കാന്‍ സാധിക്കുമ്പോള്‍, അദാനി, റിലയന്‍സ് പോലുള്ള വന്‍കിട കമ്പനികള്‍ എ ഗ്രേഡ് ആപ്പിളുകള്‍ മാത്രമാണ് കര്‍ഷകരുടെ പക്കല്‍ നിന്ന് സംഭരിക്കുന്നത്. ഇതാകട്ടെ ഹിമാചലിലെ മൊത്തം ആപ്പിള്‍ ഉല്പാദനത്തിന്റെ ഇരുപതു-മുപ്പതു ശതമാനം മാത്രമേ വരുന്നുള്ളു. ചെറുകിട ഇടത്തരം കര്‍ഷകരെ സംബന്ധിച്ചു ഈ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായി തന്നെ ബാധിക്കുന്നുണ്ട്. കര്‍ഷക അസ്വസ്ഥതകള്‍ കൂടുതല്‍ രൂക്ഷമാവുന്നവിധത്തിലാണ് വന്‍കിട അഗ്രി ബിസിനസ്സ് കമ്പനികളുടെ ഈ മേഖലയിലെ ഇടപെടലുകള്‍.

”2050-ല്‍ നിന്ന് ഏകദേശം 10,000 ദിവസങ്ങള്‍ അകലെയാണ് നമ്മള്‍. ഈ കാലയളവില്‍, ഏകദേശം 25 ട്രില്യണ്‍ യുഎസ് ഡോളര്‍ നമ്മുടെ സമ്പദ്വ്യവസ്ഥയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു . 2050-ഓടെ, പ്രവചിക്കുന്നതുപോലെ രാജ്യം 30-ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുകയാണെങ്കില്‍, എല്ലാത്തരം ദാരിദ്ര്യവും നമുക്ക് തുടച്ചുനീക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” ഈ ഏപ്രിലില്‍ ടൈംസ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ‘ഇന്ത്യ ഇക്കണോമിക് കോണ്‍ക്ലേവി’ല്‍ വെച്ച് ഗൗതം അദാനി പറഞ്ഞ വാക്കുകളാണിത്. പട്ടിണി തുടച്ചുനീക്കാന്‍ നാളിതുവരെ മുതലാളിത്തം മുന്‍പോട്ടുവെച്ചിട്ടുള്ള വഴികളെല്ലാം ആത്യന്തികമായി കോര്‍പ്പറേറ്റുകളുടെ മൂലധന വളര്‍ച്ചയെ മാത്രമേ സഹായിച്ചിട്ടുള്ളു എന്നത് നമ്മുടെ അനുഭവമാണ്. സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയെന്ന വ്യാജേന തങ്ങളുടെ സ്വകാര്യ/ലാഭാധിഷ്ഠിത അജണ്ടകള്‍ ഭരണകൂട നയ പിന്തുണയോടെ പൊതു അജണ്ടയായി മാറ്റാനുള്ള ശ്രമങ്ങളാണ് കോര്‍പറേറ്റുകള്‍ എക്കാലവും സ്വീകരിച്ചു പോന്നിട്ടുള്ളത്. ഫലം വരുമാനത്തിന്റെ കേന്ദ്രീകരണം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും സ്വകാര്യ കോര്‍പ്പറേറ്റ് അക്കൗണ്ടുകളിലേക്ക് അതിവേഗം കൈമാറ്റം ചെയ്യപ്പെട്ടു എന്നതാണ്. മറ്റു സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. ഇതില്‍ത്തന്നെ കോര്‍പ്പറേറ്റ് ലാഭത്തിന്റെ 65%വും ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന പത്തോ പതിനഞ്ചോ കമ്പനികളുടെ കൈകളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതായി കാണാം. വിവിധ വ്യാപാര മേഖലകളില്‍ ഇത്തരത്തിലുള്ള വിരലിലെണ്ണാവുന്ന വന്‍കിട കമ്പനികള്‍ക്ക് സമഗ്രാധിപത്യം സ്ഥാപിക്കാനും, തങ്ങളുടെ വരുമാനത്തെ/ലാഭവിഹിതത്തെ അവര്‍ക്കിടയില്‍ത്തന്നെ പുനര്‍വിതരണം ചെയ്യാനും കഴിയുന്നുണ്ട്. ഇതിന് ഏറ്റവും അനുകൂലമായ സാമ്പത്തിക നയങ്ങള്‍ മുമ്പോട്ടുവെച്ചുകൊണ്ട് ഭരണകൂടങ്ങള്‍ കൂടി കൈകോര്‍ക്കുമ്പോള്‍ കാര്യങ്ങള്‍ സുഗമമാകുന്നു. അദാനിയെന്ന പുത്തന്‍കൂറ്റ് കോര്‍പ്പറേറ്റിന്റെ അതിദ്രുത വളര്‍ച്ചയില്‍ കഴിഞ്ഞ ഏഴ് വര്‍ഷക്കാലയളവില്‍ മോദി നല്‍കിയ/നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ ചെറുതല്ലല്ലോ.

ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും അടിസ്ഥാനമാക്കി പട്ടിണി, ദാരിദ്ര്യം തുടങ്ങിയ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ലളിതമെന്നു തോന്നിയേക്കാവുന്ന വഴികള്‍ മുതലാളിത്തം എക്കാലത്തും മുമ്പോട്ടുവെച്ചുപോരുന്നുണ്ട്. അതില്‍ പ്രധാനം കാര്‍ഷിക മേഖലയുടെ ‘സമഗ്രമായ പരിവര്‍ത്തനങ്ങള്‍ക്ക്’ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പദ്ധതികള്‍ ആണ്. കാര്‍ഷിക മേഖലയുടെ സാങ്കേതികവല്‍ക്കരണം എന്ന ഒരൊറ്റ പോംവഴിയിലൂടെ മാത്രം നേടിയെടുക്കാവുന്ന ഒന്നായാണ് അവ അവതരിപ്പിക്കപ്പെടാറുള്ളത്. അതാകട്ടെ കാര്‍ഷിക വൈവിധ്യങ്ങളെ നിരാകരിച്ചുകൊണ്ട് ‘മുതലാളിത്ത മിച്ചമൂല്യ വിപ്ലവങ്ങള്‍’ ആയി വിള കൊയ്യുകയും ചെയ്യുന്നു. ലോകത്തെവിടെയുമുള്ള വമ്പന്‍ അഗ്രിബിസിനസ് കോര്‍പറേറ്റുകളുടെയെല്ലാം വളര്‍ച്ച ഈവിധം കാര്‍ഷിക വൃത്തിയെയും, കര്‍ഷകരെയും, കൃഷിഭൂമിയെയും അന്യവല്‍ക്കരിക്കുന്ന ‘ആധുനികാശയങ്ങളുടെ’ പൂര്‍ത്തീകരണത്തിലൂടെ സാധ്യമാക്കിയതാണ്.

ആഗോളീകരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടാക്കിയെങ്കിലും (പ്രതിശീര്‍ഷ വരുമാനം കണക്കുകൂട്ടുന്നതിന്റെ രീതിശാസ്ത്രം കൂടി മനസ്സിലാക്കുന്നത് നന്ന്) ഇന്ത്യന്‍ തൊഴില്‍ മേഖലയുടെ പകുതിയിലധികം വരുന്ന കര്‍ഷക- കര്‍ഷകത്തൊഴിലാളികളുടെ ‘വാങ്ങല്‍ശേഷി’ ഇടിഞ്ഞുവരികയും ചെയ്യുന്ന തരത്തിലുള്ള വിരോധാഭാസങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ശൈശവത്തില്‍, മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ അറുപത് ശതമാനത്തോളം സംഭാവന ചെയ്തിരുന്ന കാര്‍ഷിക മേഖല ഇന്ന് 14%ത്തിനും 12%ത്തിനും ഇടയിലേക്ക് ചുരുങ്ങിപ്പോയത് നമ്മുടെ നയരൂപീകരണങ്ങളിലെയും ആസൂത്രണങ്ങളിലെയും പിഴവുകള്‍കൊണ്ടാണ് എന്നത് വസ്തുതയാണ്. കാര്‍ഷികവൃത്തി ലാഭകരമല്ലാത്ത ഏര്‍പ്പാടായതിനും, ഭക്ഷ്യസുരക്ഷയ്ക്ക് മാത്രമായി പ്രത്യേക വകുപ്പുകളും മിഷനുകളും രൂപീകരിക്കേണ്ടി വന്നതിനും പിന്നിലെ ആസൂത്രണ പിഴവുകള്‍ക്കു നാളിതുവരെയുള്ള മുഴുവന്‍ സര്‍ക്കാരുകളും ഉത്തരവാദികളാണ് എന്ന് പറയേണ്ടതുണ്ട്. കാര്‍ഷിക ഗവേഷണങ്ങളും, പുത്തന്‍ സാങ്കേതിക വിദ്യകളുടെ പ്രയോഗവല്‍ക്കരണവും കാര്‍ഷിക മേഖലയ്ക്ക് ആവശ്യമാണെന്നതില്‍ തര്‍ക്കമില്ല. എന്നിരിക്കിലും ഉയര്‍ന്ന സാങ്കേതിക സഹായവും, മുതല്‍മുടക്കും ആവശ്യമുള്ള ഈ പരിഷ്‌കരണങ്ങള്‍ പൊതുഉടമസ്ഥതയില്‍ ആരംഭിക്കുന്നതിന് പകരം സ്വകാര്യ-ബഹുരാഷ്ട്ര കമ്പനികളുടെ സഹായമില്ലാതെ ഭരണകൂടങ്ങള്‍ക്ക് മുന്‍പോട്ടു കൊണ്ടുപോവാന്‍ സാധിക്കില്ലെന്ന അവസ്ഥ സൃഷ്ടിക്കുകയും അതിനനുസൃതമായ രീതിയിലുള്ള നയരൂപീകരണങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. ഇത് സ്വാഭാവികമായും വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കാര്‍ഷികോത്പന്നങ്ങളുടെയോ, വിത്തിന്റെയോ, കൃഷിയിടത്തിന്റെയോ, കാര്‍ഷിക രീതിയുടെയോ മേലുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനും ക്രമേണ അവരുടെ ആധിപത്യം ഉറപ്പിക്കാനും ഇടയാക്കുന്നു. കൃഷിഭൂമിയില്‍ കമ്പനിരാജിന് പരവതാനി വിരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ത്യന്‍ കര്‍ഷകര്‍ ഒന്നാകെ സംഘടിതരായി തെരുവിലിറങ്ങിയത് ഈ കാരണങ്ങള്‍ കൊണ്ട് തന്നെയാണ്. സര്‍ക്കാര്‍ നിയന്ത്രിത കര്‍ഷക കമ്പോളങ്ങളെ പൂര്‍ണ്ണമായും തകര്‍ക്കുകയും കാര്‍ഷിക മേഖലയെ വന്‍കിട കോണ്‍ട്രാക്ട് ഫാമിംഗ് കമ്പനികളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്യാന്‍ സാധിക്കുന്ന കാര്‍ഷിക നിയമഭേദഗതി തങ്ങളുടെ നിലനില്‍പ്പിനെ തന്നെ അപകടപ്പെടുത്തുമെന്നു കര്‍ഷകര്‍ക്കു തിരിച്ചറിയാന്‍ മുന്‍ മാതൃകകള്‍ തന്നെ ധാരാളം ഉണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് സര്‍ക്കാരിന്റെ ജനാധിപത്യ/കര്‍ഷക വിരുദ്ധ നയങ്ങള്‍ക്ക് എതിരെ എന്നതിനപ്പുറം, ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ശക്തികളായ അദാനി-അംബാനി കൂട്ടുകെട്ടുകള്‍ക്കെതിരെയുള്ള സമരമായി കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധ സമരം വ്യാപിപ്പിച്ചത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കാര്‍ഷിക നിയമങ്ങളുടെ ഭേദഗതികള്‍ അവതരിപ്പിക്കുന്നതിനു മുമ്പായി തന്നെ കോര്‍പ്പറേറ്റുകള്‍ക്കു അഗ്രി ബിസിനസ്സ് രംഗത്ത് ചുവടുറപ്പിക്കാനുള്ള നിലമൊരുക്കാന്‍ മോദി സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാവുന്നതാണ്. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമി കൈവശമുള്ള 86% കര്‍ഷകരും, 10 ഹെക്ടറിന് മുകളില്‍ കൃഷിഭൂമിയുള്ളവര്‍ 1%വും മാത്രമുള്ള ഇന്ത്യയിലെ, നിലനില്‍ക്കുന്ന ഭൂവുടമസ്ഥ സാഹചര്യങ്ങളും, കാര്‍ഷിക ഉല്പാദന രീതികളും, വിപണന സംവിധാനങ്ങളും തങ്ങള്‍ക്കു അനുകൂലമായ വിധം പുനര്‍നിര്‍മിച്ചുകൊണ്ട് മാത്രമേ അഗ്രി ബിസിനസ്സ് കമ്പനികള്‍ക്ക് വലിയ കാര്‍ഷിക ഫാമുകളും, ഉല്പാദന-സംഭരണ-വിപണന-വിതരണ ശൃംഖലകളും സ്ഥാപിക്കാന്‍ കഴിയൂ. വിപണിയില്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ള കാര്‍ഷികോല്പന്നങ്ങള്‍ വന്‍തോതില്‍ സംഭരിക്കുന്നതിന് അഗ്രിബിസിനസ്സ് കമ്പനികള്‍ക്ക് കര്‍ഷകരുമായി നേരിട്ട് തന്നെ വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നത് സഹായിക്കും. ഇതിനു സഹായകമാവുന്ന വിധം ഒരു മോഡല്‍ കോണ്‍ട്രാക്ട് ഫാര്‍മിംഗിന്റെ കരട് (The State / Union Territory Agricultural Produce and Livestock Contract Farming (Promotion and Facilitation) Act, 2018) അര,േ 2018 )2017-18 ബഡ്ജറ്റില്‍ തന്നെ കേന്ദ്ര കൃഷി മന്ത്രാലയം അവതരിപ്പിച്ചിരുന്നു. ഇത് നിയമമാക്കി മാറ്റാനാണ് 2020-ലെ കാര്‍ഷിക ബില്ലിലൂടെ മോദി സര്‍ക്കാര്‍ ശ്രമിച്ചത്. ഭക്ഷ്യോത്പന്നങ്ങളുടെ വന്‍തോതിലുള്ള സംഭരണത്തിനുള്ള പരിമിതികളാണ് കാര്‍ഷിക മേഖല നേരിടുന്ന മറ്റൊരു പ്രശ്നം. ഇത് പരിഹരിക്കാനായി വലിയ ഭക്ഷ്യോത്പന്ന സംഭരണ സംവിധാനങ്ങള്‍ നിര്‍മിക്കുന്നതിനായി സ്വകാര്യ പങ്കാളിത്തം ക്ഷണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതിനായി ഈ മേഖലയില്‍ നികുതി ഇളവുകളും, സൗജന്യങ്ങളും ധാരാളമായി അനുവദിക്കപ്പെട്ടു. ഭക്ഷ്യ-കാര്‍ഷിക അധിഷ്ഠിത സംസ്‌കരണ യൂണിറ്റുകള്‍ക്കും കോള്‍ഡ് സ്റ്റോറേജ് (ശീതീകരണ സംഭരണികള്‍) ചെയിനുകള്‍ക്കുമുള്ള വായ്പകള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ കീഴില്‍ വരുന്ന മുന്‍ഗണനാ വിഭാഗത്തിലെ വായ്പകള്‍ ആയി മാറ്റപ്പെട്ടു. ആധുനിക കാര്‍ഷികോല്‍പ്പന്ന സംഭരണ ശാലകളുടെ നിര്‍മ്മാണത്തിനായി സ്വകാര്യ നിക്ഷേപം വലിയ തോതില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടു. ഈ മേഖലയില്‍ എല്ലാം 100% വിദേശ നിക്ഷേപം അനുവദിക്കുകയുമുണ്ടായി. സ്വാഭാവികമായും ഇവയുടെയെല്ലാം വിതരണ സൗകര്യങ്ങള്‍ക്കായി റോഡ്-റെയില്‍-തുറമുഖ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായി വലിയ മുതല്‍മുടക്കുകള്‍ ഇറക്കാന്‍ സന്നദ്ധമായി നിലവില്‍ ഈ മേഖലയില്‍ സമഗ്രാധിപത്യം സ്ഥാപിച്ചിട്ടുള്ള കോര്‍പ്പറേറ്റ് കമ്പനികള്‍ തയ്യാറായി വരുകയും ചെയ്തു. ഈ ഒരു പശ്ചാത്തലത്തില്‍ കൂടിയാണ് അദാനി ഗ്രൂപ്പ് കാര്‍ഷിക വ്യവസായ മേഖലയിലേക്ക് കൂടി തങ്ങളുടെ അധികാരങ്ങള്‍ ഉറപ്പിക്കുവാന്‍ ദ്രുതഗതിയിലുള്ള ശ്രമങ്ങള്‍ വ്യാപിപ്പിക്കുന്നത് എന്ന് കാണാം.

അദാനിപ്പുരയിലെ ഇന്ത്യന്‍ ഭക്ഷണം

1980കളില്‍ ഗുജറാത്തില്‍ ചരക്ക് വ്യാപാര ബിസിനസ്സില്‍ നിന്ന് തുടങ്ങി അദാനി തന്റെ സംരംഭകത്വ യാത്ര കല്‍ക്കരി, ഷിപ്പിംഗ്, എയര്‍പോര്‍ട്ട്, വൈദ്യുതി-ഗ്യാസ് വിതരണം, ലോജിസ്റ്റിക്‌സ് തുടങ്ങി വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ചതിനും, 2022 സെപ്തംബര്‍ ആകുമ്പോഴേക്കും ലോകത്തിലെ തന്നെ രണ്ടാമത്തെ സമ്പന്നനെന്ന നിലയിലേക്ക് ഗൗതം അദാനി മാറിയതും ഭരണകൂടത്തിന്റെ നിര്‍ലോഭമായ പിന്തുണയോട് കൂടിയാണെന്നു സുവ്യക്തമാണ്. ദേശീയ സാമ്പത്തിക പ്രാധാന്യമുള്ള ആസ്തികള്‍ തന്നിലേക്ക് സ്വരുക്കൂട്ടിക്കൊണ്ടുള്ള ‘രാഷ്ട്ര നിര്‍മ്മാണം’ എന്ന അദാനിയുടെ കാഴ്ചപ്പാടിനെ സന്നിവേശിപ്പിച്ചുകൊണ്ട് തന്നെ കോര്‍പ്പറേറ്റ് വളര്‍ച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെയും, ഉല്പാദന ക്ഷമതയുടെയും തടസ്സങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വികസന നയങ്ങളായിരുന്നു മോദി സര്‍ക്കാര്‍ കൈക്കൊണ്ടുപോന്നത്. ഏറ്റവും ഒടുവിലായി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ പോലും നിരാകരിച്ചുകൊണ്ട് മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച കാര്‍ഷിക നിയമങ്ങള്‍, യഥാര്‍ത്ഥത്തില്‍ ആരുടെ വികസനമായിരുന്നു ലക്ഷ്യം വെച്ചിരുന്നത് എന്ന ചോദ്യത്തിനുത്തരവും ഈ ചങ്ങാത്ത മുതലാളിത്തത്തിന്റെ കണ്ണികളിലേക്ക് ചെന്നെത്തുന്നത് കാണാം.

ഏഷ്യയിലെ സുപ്രധാന ബിസിനസ് ഗ്രൂപ്പ് ആയ സിംഗപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വില്‍മര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ച് 1999ല്‍ അദാനി ഗ്രൂപ്പ് ആരംഭിച്ച ഭക്ഷ്യവ്യാപാര ബിസിനസ് സംരംഭത്തിലൂടെയാണ് (അദാനി-വില്‍മര്‍ ലിമിറ്റഡ്-AWL) കോര്‍പ്പറേറ്റ് അഗ്രി ബിസിനസ് മേഖലയിലേക്ക് അദാനി ചുവടുവെച്ചത്. Adani Wilmar Limited (AWL), Adani Agri Logistics Limited (AALL), Adani Agri Fresh Limited (AAFL) എന്നിവയിലൂടെ ഭക്ഷ്യ സംഭരണ-വിതരണ രംഗത്തും അതികായന്മാരായി അദാനി ഗ്രൂപ്പ് ഇക്കാലയളവില്‍ വളര്‍ന്നിട്ടുണ്ട്. 2018ല്‍ അദാനി ഗ്രൂപ്പിന്റെ അഗ്രി ബിസിനസ്സിന്റെ വാര്‍ഷിക വിറ്റുവരവ് ഏകദേശം 20,000 കോടി രൂപയായിരുന്നു.

1999ല്‍ ആരംഭിച്ചുവെങ്കിലും അദാനി-വില്‍മര്‍ ലിമിറ്റഡ് (Adani-Wilmar Ltd.) കാര്‍ഷിക ഭക്ഷ്യസംസ്‌കരണ മേഖലയിലേക്ക് വന്‍തോതില്‍ നിക്ഷേപം നടത്താന്‍ ആരംഭിച്ചത് 2015ന് ശേഷമായിരുന്നു. ഇന്ത്യയിലെമ്പാടും 40ഓളം യൂനിറ്റുകള്‍ അദാനി-വില്‍മറിന്റേതായി ഇന്നുണ്ട്. ഇതിന്റെ പ്രതിദിന സംസ്‌കരണ ശേഷി 16000 ടണ്ണോളം വരുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഭക്ഷ്യ എണ്ണയുടെയും, ധാന്യപ്പൊടികള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയുടെയും വ്യാപാരത്തില്‍ അദാനി-വില്‍മര്‍ ലിമിറ്റഡ് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ വിറ്റുവരവ് ലഭിക്കുന്ന കമ്പനിയായി മാറിയിരിക്കുകയാണ്. കണ്‍സ്യൂമര്‍ ഗുഡ്‌സ് ഓഫറുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാന ഭക്ഷ്യ വസ്തുക്കളുടെയും വിതരണ കമ്പനികളുടെയും ബ്രാന്‍ഡുകള്‍ ഏറ്റെടുക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അദാനി -വില്‍മാര്‍ ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ അദാനിയുടെ ഭക്ഷ്യോത്പന്ന ബിസിനസ് കമ്പനികളുടെ ഓഹരികള്‍ മൂന്നിരട്ടിയിലധികം വര്‍ധിച്ചതായി കമ്പനി അധികൃതര്‍ അവകാശപ്പെടുന്നുണ്ട്. യുഎന്നിന്റെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (FAO) കണക്കനുസരിച്ച്, അദാനി ഗ്രൂപ്പും അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും 400 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഭക്ഷ്യോത്പാദന വ്യവസായത്തില്‍ നല്ലൊരു പങ്കും പിടിച്ചടക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് സൂചന നല്കുന്നുണ്ട്. അദാനി-വില്‍മര്‍ അടുത്തിടെ McCormick സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് കോഹിനൂര്‍ പാചക ബ്രാന്‍ഡ് ഉള്‍പ്പെടെ നിരവധി ബ്രാന്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ കോഹിനൂരിന്റെ ബസുമതി അരി, റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് കറികള്‍, ഭക്ഷണം എന്നിവയുടെ വ്യാപാരത്തിനുള്ള പ്രത്യേക അവകാശം ഇതുവഴി അദാനി വില്‍മറിന് ലഭിച്ചു. ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ മേഖല അതിവേഗം വളരുന്ന പ്രവണതയും, ലാഭകരവും ആയി മുന്‍പോട്ടു പോവുന്നത് കൊണ്ട് തന്നെ ഈ മേഖലയിലെ കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വര്‍ദ്ധിക്കുന്നുണ്ട് എന്ന് കാണാം. Online വ്യാപാരം വഴി ഈ അനുകൂല സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അദാനി ഗ്രൂപ്പ് തങ്ങളുടെ ഭക്ഷ്യ വ്യവസായം വിപുലീകരിക്കാന്‍ തയ്യാറെടുക്കുന്നത്. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഓണ്‍ലൈന്‍ സേവന ദാതാക്കളുടെ പ്രവര്‍ത്തനം വ്യാപകമാക്കപ്പെട്ടതോടെ രാജ്യത്തെ ഭക്ഷണ വിതരണ വ്യവസായം വന്‍തോതിലുള്ള വളര്‍ച്ച നേടിയെടുത്തുകഴിഞ്ഞു.

കാര്‍ഷിക മേഖലയില്‍ വമ്പിച്ച പരിവര്‍ത്തനം ഉദ്ദേശിച്ചുകൊണ്ടുള്ള നിയമ ഭേദഗതികള്‍ അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന അതേ കാലയളവില്‍ തങ്ങളുടെ വ്യവസായ സാമ്രാജ്യം കാര്‍ഷിക മേഖലയില്‍ വിപുലമാക്കാനുള്ള നടപടി അദാനി ഗ്രൂപ്പ് ആരംഭിച്ചിരുന്നതായി കാണാം. 2007ല്‍ ആരംഭിച്ച, അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള, അദാനി അഗ്രി ലോജിസ്റ്റിക്‌സ് ലിമിറ്റഡ് (Adani Agri Logistics Limited- AALL), വിവിധ സംസ്ഥാനങ്ങളിലായി പത്തോളം കമ്പനികളാണ് അടുത്ത കാലങ്ങളില്‍ റജിസ്റ്റര്‍ ചെയ്തത്. ഭക്ഷ്യ ധാന്യ സംഭരണത്തിനും വിതരണത്തിനും രാജ്യത്താകമാനം വന്‍തോതില്‍ സംഭരണ കേന്ദ്രങ്ങളുടെ നിര്‍മാണം നേരത്തെ ഈ കമ്പനികള്‍ ആരംഭിച്ചിരുന്നു. അവശ്യ സാധന നിയമം (എസ്സന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട്) ഭേദഗതി ചെയ്ത് ഭക്ഷ്യധാന്യങ്ങളുടെയും എണ്ണക്കുരുക്കളുടെയും സംഭരണത്തിലെ സര്‍ക്കാര്‍ കുത്തക അവസാനിപ്പിക്കുവാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നയപരമായ തീരുമാനം നേരത്തെ മനസ്സിലാക്കിക്കൊണ്ടുള്ള വ്യവസായ വിപുലീകരണമാണ് അദാനി ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് ഇതിലൂടെ വ്യക്തമാണ്.

കര്‍ഷകര്‍ വിതയ്ക്കും സര്‍ക്കാര്‍ വളമിടും അദാനി കൊയ്യും

പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ കാര്‍ഷിക മേഖലയില്‍ വന്‍തോതിലുള്ള പശ്ചാത്തല സൗകര്യ നിര്‍മ്മാണം അദാനി ആഗ്രോ ലോജിസ്റ്റിക്‌സിന്റെയും അദാനി-വില്‍മാറിന്റെയും ഉടമസ്ഥതയില്‍ നടന്നുവരുന്നുണ്ട്. ഹരിയാനയില്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്കുവേണ്ടി ആധുനിക സംഭരണ കേന്ദ്രങ്ങള്‍ (Silos) നിര്‍മിക്കുവാനുള്ള കരാര്‍ നേടിയെടുക്കാനും അതിന് ഭൂവിനിയോഗ നിയമം മറികടന്ന് അനുമതി നേടിയെടുക്കാനും അദാനിക്ക് സാധിച്ചു. ഇരുപതു വര്‍ഷത്തേക്കുള്ള കരാറാണ് അദാനി ഗ്രൂപ്പ് എഫ്സിഐ യുമായി ഉണ്ടാക്കിയിരിക്കുന്നത്. 700 കോടി രൂപ മുടക്കി നിര്‍മിച്ച ഈ സംഭരണ കേന്ദ്രം പോലുള്ള, കൂടുതല്‍ സിലോസുകള്‍ രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിര്‍മ്മിക്കുന്നതിനും അദാനി ഗ്രൂപ്പ് ഉദ്ദേശിക്കുന്നുണ്ട്. എഫ്സിഐ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന സൈലോകള്‍ ഇന്ത്യയുടെ ഭക്ഷ്യ ധാന്യ സംഭരണ മേഖലയില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം ഉദ്ദേശിച്ചുതന്നെ നടപ്പിലാക്കിയ ഒന്നാണ്. 2.975 ദശലക്ഷം മെട്രിക ടണ്‍ ശേഷിയുള്ള സിലോസുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കാനും, അതില്‍ മൊത്തം സംഭരണ ശേഷിയുടെയോ/പ്രദേശത്തിന്റെയോ(249 ലൊക്കേഷന്‍സ് ) 15% വരെ കമ്പനികള്‍ക്ക് ഏറ്റെടുക്കാനുമുള്ള കരാര്‍ നിര്‍ദ്ദേശങ്ങള്‍ ആണ് ഉണ്ടായിരുന്നത്. പക്ഷെ മുന്‍പുണ്ടായിരുന്ന നിര്‍ദേശങ്ങളില്‍ നിന്ന് വ്യതിചലിച്ചു, ഒരു കമ്പനിക്ക് എത്ര പ്രൊജക്ടുകള്‍ വേണമെങ്കിലും ഏറ്റെടുക്കാം എന്ന വ്യവസ്ഥയിലേക്കു എഫ്സിഐ മാറിയത് സ്വാഭാവികമായും അദാനി ഗ്രൂപ്പ് പോലുള്ള കമ്പനികള്‍ക്ക് ഭക്ഷ്യ സംഭരണമേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ സഹായകമായ സാഹചര്യങ്ങള്‍ ഉണ്ടാക്കുക തന്നെ ചെയ്യും എന്ന് വ്യക്തമാണ്. നിലവില്‍ പഞ്ചാബ് ഹരിയാന തമിഴ്നാട് കര്‍ണാടക മഹാരാഷ്ട്ര പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലായി 5,75,000 മെട്രിക് ടണ്‍ ധാന്യ സംഭരണവും, മധ്യ പ്രദേശ് സര്‍ക്കാരിന് വേണ്ടി 3,00,000 മെട്രിക് ടണ്‍ ധാന്യ ശേഖരവും കൈകാര്യം ചെയ്യുന്നത് അദാനി അഗ്രി ലോജിസ്റ്റിക്‌സ് ആണ്. ഇത് കൂടാതെ ബീഹാര്‍, യു.പി., ഗുജറാത്ത് എന്നിവിടങ്ങളിലായി 4,00,000 മെട്രിക് ടണ്‍ ധാന്യ ശേഖരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള സംഭരണകേന്ദ്രങ്ങളുടെ നിര്‍മ്മാണ ആലോചനകളും സജീവമായി നടക്കുന്നുണ്ട്.

തദ്ദേശവാസികള്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയെന്ന വ്യാജേന വിവിധ സംസ്ഥാനങ്ങളില്‍ പൊതുഭൂമി ചുളുവിലയ്ക്ക് അനായാസം നേടിയെടുക്കാന്‍ അദാനിക്ക് സാധിച്ചു. ഒരൊറ്റ ഉദാഹരണം മാത്രം നോക്കുക. ഹരിയാനയിലെ പാനിപ്പത്ത് ജില്ലയില്‍ ഇസ്രാനാ താലൂക്കില്‍ 90015 ചതുരശ്ര മീറ്റര്‍ ഭൂമി (ഏകദേശം 23 ഏക്കര്‍) അദാനിയുടെ ഭക്ഷ്യസംഭരണ കേന്ദ്ര നിര്‍മ്മാണത്തിനായ് സര്‍ക്കാര്‍ അനുവദിച്ചു. ഇതിന് കണ്‍വേര്‍ഷന്‍ ചാര്‍ജ്ജ് എന്ന നിലയില്‍ അദാനിയില്‍ നിന്നും വാങ്ങിയത് കേവലം 27,00,469 രൂപയായിരുന്നു. അതായത് ഒരേക്കര്‍ ഭൂമിക്ക് ഏകദേശം 1,22,000 രൂപ! രാജ്യം മുഴുവന്‍ കോവിഡ് മഹാമാരിയുടെ പേരില്‍ അടച്ചുപൂട്ടപ്പെട്ട നാളുകളിലാണ് (2020 മെയ് മാസം) ഈ ഇഷ്ടദാനം നടന്നത്. ഇതേ വര്‍ഷം സെപ്തംബറില്‍ കര്‍ഷക മാരണ ബില്‍ ലോകസഭയില്‍ അവതരിപ്പിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഈ ഇടപാട് വ്യക്തമാക്കുന്നത് വരാനിരിക്കുന്ന കാര്‍ഷിക ഭേദഗതി നിയമങ്ങളെ സംബന്ധിച്ച് അദാനി ഗ്രൂപ്പിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നുവെന്ന് തന്നെയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബി.ജെ.പി സര്‍ക്കാരിന്റെ സഹായത്തോടെ കാര്‍ഷിക മേഖലയില്‍ വരുത്താനിരുന്ന നയപരിഷ്‌കാരങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ കമ്പനി ഒരുങ്ങുകയാണെന്ന് ലൈവ്മിന്റ് 2015ല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദാനിയുടെ കാര്‍ഷിക ബിസിനസുകളും രാജ്യത്തെ പശ്ചാത്തല സൗകര്യ വികസനവും തമ്മില്‍ വ്യക്തമായ ബന്ധമുണ്ട് എന്ന് കാണാവുന്നതാണ്. കാര്‍ഷിക പശ്ചാത്തല സൗകര്യങ്ങള്‍ (Agri Infrastructure Space) ഭാവിയില്‍ പ്രസക്തമാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് വിവിധ സംസ്ഥാനങ്ങളിലെ റോഡ്-റെയില്‍-തുറമുഖ സംവിധാനങ്ങള്‍ സര്‍ക്കാരിന്റെ ഒത്താശയോട് കൂടി തന്നെ വികസിപ്പിക്കാന്‍ അദാനി ഗ്രൂപ്പ് വലിയ നിക്ഷേപങ്ങള്‍ ഇറക്കുന്നത്. അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് (APSEZ) പ്രതിവര്‍ഷം 10 ദശലക്ഷം ചതുരശ്ര അടി വെയര്‍ഹൗസിംഗ് ആസ്തികള്‍ വാങ്ങാനും, അതുവഴി വെയര്‍ ഹൗസിംഗ് സംവിധാനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്
.
2003-ല്‍ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ഉത്പാദന വിപണന കമ്മറ്റി ആക്ട് ഭേദഗതി (Model APMC Act -2003) ചെയ്തിരുന്നു. കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി സമാന്തര സ്വകാര്യ വിപണികള്‍, കരാര്‍ കൃഷി എന്നീ ആശയങ്ങള്‍ മുന്‍പോട്ടു വെച്ച ഈ ഭേദഗതി സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ക്കപ്പുറത്തു സ്വകാര്യ സംരംഭകര്‍ക്കു നേരിട്ട് കര്‍ഷകരുമായി കരാറില്‍ ഏര്‍പ്പെടാനും, അവരുടെ ഉല്‍പ്പന്നങ്ങള്‍ ഏറ്റെടുക്കാനുമുള്ള തുറന്ന വിപണികള്‍ വിഭാവനം ചെയ്തു രൂപപ്പെടുത്തിയ ഒന്നായിരുന്നു. കാര്‍ഷിക വിപണികള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണ പരിധിയില്‍ ഉള്‍പ്പെട്ട കാര്യമായതുകൊണ്ടു തന്നെ, എല്ലാ സംസ്ഥാനങ്ങളോടും പുതിയ മോഡല്‍ ആക്ട് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പഞ്ചാബ് ഹരിയാന ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ അവരുടേതായ ഡയറക്റ്റ് മാര്‍ക്കറ്റിംഗ് സംവിധാനങ്ങള്‍ ഇതിനു പിന്നാലെ നടപ്പിലാക്കിയിരുന്നു. 2005-ല്‍ ഹിമാചല്‍ പ്രദേശ് H. P. Agricultural & Horticultural Produce Marketing (Development & Regulation)) ആക്ട് നടപ്പിലാക്കി. ഈ APMC പരിഷ്‌കാരങ്ങള്‍ക്കു ശേഷമാണു അദാനി അഗ്രിഫ്രഷ് ഹിമാചല്‍പ്രദേശില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ ആരംഭിച്ചത്. 2006-ല്‍ അദാനി ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ ‘അദാനി അഗ്രിഫ്രഷ് ലിമിറ്റഡ്’ ഹിമാചല്‍ പ്രദേശില്‍ സ്ഥാപിക്കപ്പെട്ടു. ഇവിടുത്തെ ആപ്പിള്‍ വിപണിയുടെ ഭൂരിഭാഗവും ഏറ്റെടുക്കാന്‍ പാകത്തില്‍ ഉള്ള സംയോജിത സംഭരണം, കൈകാര്യം ചെയ്യല്‍, ശീതീകരണ സംഭരണികള്‍, ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വ്യാപാര സംവിധാനങ്ങളുടെ വിപുലീകരണം ആണ് അദാനി അഗ്രിഫ്രഷ് നടപ്പിലാക്കിയത്. കാര്യങ്ങള്‍ പുരോഗമനാത്മകമെന്നു തോന്നാമെങ്കിലും, ഇത്തരം ഡയറക്റ്റ് മാര്‍ക്കറ്റിങ് സംവിധാനങ്ങളില്‍ വിപണി കീഴടക്കി കഴിഞ്ഞാല്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടുകള്‍ തന്നെ സ്വീകരിക്കുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പായ സംഗതിയാണ്. അത് തന്നെയാണ് ഹിമാചലില്‍ അദാനി അഗ്രി ഫ്രഷിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത് എന്ന് കാണാം.

ഡ്രോണ്‍ നിര്‍മ്മാണ മേഖലയിലേക്ക് അദാനി

ഹിമാചല്‍ പ്രദേശിലെ ഷിംല ആപ്പിള്‍ മാര്‍ക്കറ്റ് പ്രതിവര്‍ഷം 5000 കോടി രൂപയുടെ ആപ്പിള്‍ ബിസിനസ് നടക്കുന്ന സ്ഥലമാണ്. 2006 -ല്‍ അദാനി അഗ്രി ഫ്രഷ് കൂടാതെ, റിലയന്‍സ്, ഐ ടി സി എന്നീ സ്വകാര്യ കമ്പനികളും കര്‍ഷകരില്‍ നിന്ന് നേരിട്ട് ആപ്പിള്‍ ശേഖരിച്ചു വ്യാപാര വിതരണം ആരംഭിച്ചിരുന്നതിനാല്‍ തന്നെ, ആപ്പിള്‍ വിലയില്‍ ഏതാണ്ട് അമ്പതു ശതമാനത്തിലേറെ വര്‍ദ്ധനവ് ആണ് കര്‍ഷകര്‍ക്ക് ലഭിച്ചു തുടങ്ങിയത്. കൂടുതല്‍ കോള്‍ഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ പഴ വ്യാപാര വിപണി ഹിമാചലില്‍ ചലനാത്മകമാവുകയും, കര്‍ഷകര്‍ സംതൃപ്തരാവുകയും ചെയ്തിരുന്നു. പക്ഷെ കഴിഞ്ഞ വര്‍ഷം (2021) അദാനി ഗ്രൂപ്പ് എ-ഗ്രേഡ്, പ്രീമിയം ഗുണനിലവാരമുള്ള ആപ്പിളിന്റെ പ്രാരംഭ വില കിലോയ്ക്ക് 72 രൂപയായി പ്രഖ്യാപിച്ചു. ഇത് മുന്‍വര്‍ഷത്തേക്കാളും കുറവും (ഇതേ ആപ്പിളുകള്‍ കിലോയ്ക്ക് 250 രൂപാ നിരക്കില്‍ ആണ് വിപണിയില്‍ അദാനിയുടെ ‘ഫാം പിക്ക്’ ഉല്പന്നമായി വിറ്റഴിക്കപ്പെടുകയും ചെയ്യുന്നത്) അതേ സമയം സര്‍ക്കാര്‍ മണ്ഡികളില്‍ കിലോയ്ക്ക് 90-125 വരെ ലഭിക്കുകയും ചെയ്തിരുന്നു. ഉല്പാദന ചെലവ് വര്‍ദ്ധിച്ചതും, ആപ്പിള്‍ കാര്‍ട്ടന്റെ GST 12%-ല്‍ നിന്ന് 18%ആയി ഉയര്‍ന്നതും ഹിമാചല്‍ പ്രദേശിലെ ആപ്പിള്‍ കര്‍ഷകരെ വലിയ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. മുന്‍പ് സംസ്ഥാന ഗവണ്‍മെന്റ് ആപ്പിള്‍ കൃഷിക്ക് വേണ്ടി പല തലങ്ങളില്‍ സഹായങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കികൊണ്ടിരുന്നത് നിര്‍ത്തലാക്കിയതും, പാരിസ്ഥിതികവും, സാമ്പത്തികവുമായ പല കാരണങ്ങളാല്‍ ഉത്പാദനം ഇടിഞ്ഞതും നേരത്തെ തന്നെ ഇവിടുത്തെ കാര്‍ഷിക മേഖലയെ അസ്ഥിരപ്പെടുത്തിയിരുന്നു.

വിപണികളില്‍ വന്‍കിട സ്വകാര്യ വ്യാപാരികള്‍ കടന്നുവന്നത് തുടക്കത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചുവെങ്കിലും, നിലവില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ചന്തകളെത്തന്നെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍ എന്ന് ഷിംലയിലെ മുന്‍ മേയറും ഹിമാചല്‍ കിസാന്‍ സഭയുടെ പ്രസിഡന്റും ആയിരുന്ന ടിക്കേന്ദര്‍ സിംഹ് പന്‍വര്‍ സൂചിപ്പിക്കുന്നു. മണ്ഡികളില്‍ എല്ലാ ഗ്രേഡിലും ഉള്ള ആപ്പിളുകള്‍ കര്‍ഷകര്‍ക്ക് വില്‍ക്കാന്‍ സാധിക്കുമ്പോള്‍, അദാനി, റിലയന്‍സ് പോലുള്ള വന്‍കിട കമ്പനികള്‍ എ ഗ്രേഡ് ആപ്പിളുകള്‍ മാത്രമാണ് കര്‍ഷകരുടെ പക്കല്‍ നിന്ന് സംഭരിക്കുന്നത്. ഇതാകട്ടെ ഹിമാചലിലെ മൊത്തം ആപ്പിള്‍ ഉല്പാദനത്തിന്റെ ഇരുപതു-മുപ്പതു ശതമാനം മാത്രമേ വരുന്നുള്ളു. ചെറുകിട ഇടത്തരം കര്‍ഷകരെ സംബന്ധിച്ചു ഈ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായി തന്നെ ബാധിക്കുന്നുണ്ട്. കര്‍ഷക അസ്വസ്ഥതകള്‍ കൂടുതല്‍ രൂക്ഷമാവുന്നവിധത്തിലാണ് വന്‍കിട അഗ്രി ബിസിനസ്സ് കമ്പനികളുടെ ഈ മേഖലയിലെ ഇടപെടലുകള്‍.

സൈനിക ആവശ്യങ്ങള്‍ക്കായി ഡ്രോണ്‍ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങള്‍ നല്‍കുക ഉദ്ദേശ്യത്തോടെ 2015-ലാണ് അദാനി ഡിഫന്‍സ് സിസ്റ്റംസ് സ്ഥാപിതമായത്. 2022 മെയ് മാസത്തില്‍ അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് വിഭാഗം ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ജനറല്‍ എയ്റോനോട്ടിക്സ് എന്ന ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പിന്റെ 50 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. പ്രധാനമായും കാര്‍ഷിക മേഖലയിലെ ആപ്ലിക്കേഷനുകള്‍ക്കായി റോബോട്ടിക് ഡ്രോണുകള്‍ വികസിപ്പിക്കുന്നതില്‍ ആണ് ഈ സ്റ്റാര്‍ട്ടപ്പ് ഊന്നല്‍ നല്‍കിയിരുന്നത്. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വിള സംരക്ഷണ സേവനങ്ങള്‍, കൃഷി വിളകളുടെ രോഗ-നിവാരണ നിരീക്ഷണം, നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള വിളവ് നിരീക്ഷണം എന്നിവയ്ക്ക് ഉപയുക്തമാവുന്ന ഡ്രോണുകള്‍ ആയിരുന്നു ഈ സ്റ്റാര്‍ട്ട് അപ്പ് കമ്പനി നിര്‍മ്മിച്ചുകൊണ്ടിരുന്നത്. കാര്‍ഷിക മേഖലയിലെ സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് ഈ ഓഹരികള്‍ വാങ്ങുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്നായിരുന്നു അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിരുന്നത്. ട്രാക്ടര്‍ വ്യവസായത്തിന്റെ മാതൃകയില്‍ ഇന്ത്യയില്‍ ഡ്രോണുകള്‍ വില്‍ക്കാനുള്ള ഒരു പദ്ധതിയാണ് അദാനി ഗ്രൂപ്പിന്റേതെന്ന് വ്യക്തമാണെങ്കിലും, മുന്‍പുള്ള സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട വ്യാപാര ആവശ്യങ്ങളും ഒപ്പം ശക്തിപ്പെടാതിരിക്കില്ല. കാര്‍ഷിക ഡ്രോണുകള്‍ വികസിപ്പിക്കുന്നതിന് പുറമെ 120 കിലോഗ്രാം വരെ പേ-ലോഡ് വഹിക്കാന്‍ കഴിയുന്ന ലോജിസ്റ്റിക് ഡ്രോണുകള്‍ കൂടി നിര്‍മ്മിക്കാന്‍ അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്.

പ്രാദേശിക സംരംഭകര്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ (അത് ചിലപ്പോള്‍ കീടനാശിനി കമ്പനികള്‍ ആവാം) കീടനാശിനി സ്‌പ്രേ പോലുള്ള സേവനങ്ങള്‍ക്കായി ഡ്രോണുകള്‍ ലഭ്യമാക്കുക എന്നതായിരിക്കും പ്രാഥമികമായി ചെയ്യുക. ഡ്രോണുകളുടെ ഉപയോഗം പരമാവധിയാക്കാന്‍-കൃഷി മുതല്‍ ഇ-കൊമേഴ്‌സ് ഡെലിവറികള്‍ വരെ എല്ലാ മേഖലകളിലും ഡ്രോണുകളുടെ ഉപയോഗം ലഭ്യമാക്കുന്നതിന് അവയുടെ പ്രവര്‍ത്തനത്തിനും നിര്‍മ്മാണത്തിനുമുള്ള അനുമതികള്‍ നല്‍കികൊണ്ട് മോദി സര്‍ക്കാര്‍ ഡ്രോണ്‍ നയം 2021-ല്‍ കൂടുതല്‍ ഉദാരമാക്കിയിരുന്നു. അദാനിയുടെ സംയുക്ത സംരംഭം ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍ബിറ്റ് (Elbit) എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയില്‍ ഡ്രോണ്‍ നിര്‍മ്മാണത്തിനുള്ള കരാറുകള്‍ നേടിയെടുത്തത് എന്ന കാര്യവും ഇവിടെ അറിഞ്ഞിരിക്കേണ്ടതുണ്ട്. കാര്‍ഷിക മേഖലയിലെ ‘ഗെയിം ചേഞ്ചര്‍’ ആയി ഡ്രോണ്‍ മാറുമെന്നും ഒരു ഘട്ടത്തില്‍ മോദി പ്രഖ്യാപിക്കുന്നുണ്ട്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply