ഭഗവദ്ഗീത – ഹിംസയുടെ പടപ്പാട്ട്

‘ഒരായിരം സൂര്യന്മാര്‍ ഒരുമിച്ച് വാനിലേക്ക് പൊട്ടിത്തെറിക്കുന്നു. ഞാനിപ്പോള്‍ മരണമാകുന്നു. സകല ലോകങ്ങളുടെയും അന്തകന്‍.”

1945 ജൂലായ് 16 ന് ലോകത്തെ ആദ്യ അണുബോംബിന്റെ പരീക്ഷണ സ്‌ഫോടനം (Trinity എന്ന രഹസ്യ കോഡിലാണ് അതറിയപ്പെട്ടത്) കഴിഞ്ഞപ്പോള്‍ അമേരിക്കന്‍ ആണവ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന റോബര്‍ട്ട് ഓപ്പണ്‍ ഹൈമര്‍ (J Robert Oppen heimer) എന്ന ഭൗതിക ശാസ്ത്രജ്ഞന്‍ പ്രതികരിച്ചത് ഭഗവദ്ഗീത ഉദ്ധരിച്ചുകൊണ്ടാണ്. കുരുക്ഷേത്രത്തില്‍ യുദ്ധത്തിനിറങ്ങാന്‍ മടിച്ച് ചിന്താകുലനായി നിന്ന അര്‍ജുനനു മുന്നില്‍ വിശ്വരൂപം പൂണ്ട ശ്രീകൃഷ്ണനെയാണ് അണുബോംബിന്റെ സ്‌ഫോടനം കണ്ടപ്പോള്‍ ഓപ്പണ്‍ ഹൈമര്‍ ഓര്‍ത്തെടുത്തത്. ഭയാനകമായ കൂട്ടക്കൊലയെയും മനുഷ്യവംശ ഉച്ചാടനത്തെയും ഉപമിക്കാനും ഓര്‍ത്തെടുക്കാനും ഭഗവദ്ഗീതയോളം ഹിംസാത്മകമായ ആഖ്യാനം മറ്റൊന്നില്ലെന്ന് ഓപ്പണ്‍ ഹൈമര്‍ തീര്‍ച്ചയായും മനസ്സിലാക്കി കാണണം.

മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സംഹാരശക്തിയായ ബോംബുകളിലൊന്ന് ന്യൂക്ലിയര്‍ ഫിഷനിലൂടെ വികസിപ്പിച്ച ചരിത്രവുമായി വാണിജ്യ സിനിമയുടെ വിജയ സമവാക്യം എന്നറിയപ്പെടുന്ന ക്രിസ്റ്റഫര്‍ നോളന്‍ എത്തുമ്പോള്‍ ആ വര്‍ഗ്ഗ നശീകരണ അണുബോംബിന്റെ പിതാവായ ഓപ്പണ്‍ ഹൈമറിന്റെ വേഷമിടുന്നത് ഹോളിവുഡ് താരം സിലിയന്‍ മര്‍ഫിയാണ്. റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവിതം പറയുന്ന ചിത്രം പ്രഖ്യാപിച്ചതു മുതല്‍ രാജ്യാന്തരതലത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അതോടൊപ്പം ഭഗവദ്ഗീതയുടെ കൂട്ടക്കുരുതിയുടെ പ്രത്യയശാസ്ത്രം എന്ന നിലയിലുള്ള പ്രയോഗ സാധ്യതയും ചര്‍ച്ച ചെയ്യപ്പെടുകയാണ്.

നഗരങ്ങളെയും മനുഷ്യവാസ കേന്ദ്രങ്ങളെയും ചുടുകാടാക്കുന്ന അണുബോംബ് നിര്‍മ്മിച്ച ‘ഓപ്പണ്‍ ഹൈമറാകാന്‍’ തനിക്ക് പ്രചോദനമേകിയത് ഭഗവദ്ഗീതയാണെന്നാണ് ഹോളിവുഡ് താരം സിലിയന്‍ മര്‍ഫിയും പറയുന്നത്. കഥാപാത്രത്തിനായി താന്‍ ഭഗവദ്ഗീത മനഃപാഠമാക്കിയെന്നും അയാള്‍ പറയുന്നുണ്ട്. 1945ല്‍ ന്യൂ മെക്‌സിക്കോയിലെ മരുഭൂമിയില്‍ അതീവ രഹസ്യമായി ‘ട്രിനിറ്റി ടെസ്റ്റ് ‘ എന്ന രഹസ്യ പേരില്‍ നടത്തിയ ആദ്യ അണുബോംബ് പരീക്ഷണ സ്‌ഫോടനം പുനഃസൃഷ്ടിക്കുകയാണ് സിനിമയില്‍ എന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്.

ഭയവും ബീഭത്സതയും പ്രവചനാതീതമായ ജീവല്‍ നാശവും സൃഷ്ടിക്കുന്ന ആറ്റം ബോംബ് നിര്‍മിക്കാന്‍ ഓപ്പണ്‍ഹൈമറിനെ രൂപപ്പെടുത്തിയത് ഭഗവദ് ഗീതയാണെന്ന് ചരിത്രകാരന്‍ ജെയിംസ് എ ഹിജിയ (James A Hijiya) നിരീക്ഷിക്കുന്നുണ്ട്. ഓപ്പണ്‍ ഹൈമര്‍ ഗീത സംസ്‌കൃതത്തില്‍ വായിച്ചും, ഓരോ ശ്ലോകങ്ങള്‍ ആവര്‍ത്തിച്ച് ഗ്രഹിച്ചും ഉദ്ധരിക്കുകയും സുഹൃത്തുക്കളെ അത് ബോധിപ്പിക്കുകയും ചെയ്തുപോന്നു.

ചുടലക്രിയയില്‍ ഏര്‍പ്പെട്ട ഓപ്പണ്‍ ഹൈമറെ സംബന്ധിച്ചിടത്തോളം ഗീത ‘അറിയപ്പെടുന്ന ഏതൊരു ഭാഷയിലും നിലവിലുള്ള ഏറ്റവും മനോഹരമായ ദാര്‍ശനിക ഗാനം’ ആയിരുന്നു. ജനകീയ ധാരണയ്ക്ക് വിരുദ്ധമായി, ഓപ്പണ്‍ഹൈമര്‍ സ്വയം കൃഷ്ണനോട് (‘ലോകങ്ങളെ നശിപ്പിക്കുന്നവന്‍’) ഉപമിക്കുകയായിരുന്നില്ല, പകരം യോദ്ധാവിന്റെ ധര്‍മ്മം യുദ്ധമാണ് എന്ന് കൃഷ്ണന്‍ വിശദീകരിച്ച അര്‍ജ്ജുനനായിത്തീരുന്നതില്‍ സംപ്രീതനാവുകയാണ് ചെയ്തത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കൃഷ്ണന്‍ അര്‍ജ്ജുനനോട് ബന്ധുക്കള്‍ക്ക് നേരെ തന്റെ മാരകമായ വില്ല് ലക്ഷ്യമിടാന്‍ കല്പിച്ചതുപോലെ, രണ്ടാം ലോകമഹായുദ്ധസമയത്ത് ഒരു ശാസ്ത്രജ്ഞനെന്ന നിലയില്‍ തന്റെ കടമ മനുഷ്യനുള്‍പ്പെട്ട ജീവജാലങ്ങളെ കത്തിച്ചു കരിച്ചു കളയുന്ന അണുബോംബ് നിര്‍മ്മിക്കലാണെന്ന് ഓപ്പണ്‍ഹൈമര്‍ വിശ്വസിച്ചു. ഗീത ഹിംസയുടെ വ്യവഹാരത്തിന് പുറത്തുള്ളതല്ലെന്നു മാത്രമല്ല, ഹിംസയെ നീതീകരിക്കാന്‍ ഇത്രയും ശക്തമായ ഒരാഖ്യാനം ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നും പറയാന്‍ ഇതുപോലെ ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങള്‍ കാണാം.

യുദ്ധ നീതികരണത്തിന്റെ ഭയം നിറഞ്ഞ ദുഷ്ടത ഗീതയില്‍ നിറച്ചിരിക്കുന്നത് നാസി ജര്‍മ്മനിയില്‍ അതിന് കിട്ടിയ പ്രചാരത്തില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം. ഹിറ്റ്‌ലറുടെ ജര്‍മ്മനിയിലെ വംശശുദ്ധി രാഷ്ട്രീയത്തിനും ആര്യമേന്മാ സങ്കല്പങ്ങള്‍ക്കും ആധികാരിക അടിത്തറ ഒരുക്കാന്‍ തീര്‍ച്ചയായും ഭഗവദ്ഗീതയ്ക്ക് കഴിയും എന്നവര്‍ മനസ്സിലാക്കിയതു കൊണ്ടാണ് ഗീത അവര്‍ക്ക് അത്രമേല്‍ സ്വീകാര്യമായത്.

ഹിറ്റ്‌ലറുടെ നാസി പടയാളികളുടെ സേനാപതി ആയിരുന്ന ഹെന്റിച്ച് ഹിംലര്‍ (Heinrich Himmler) ലക്ഷക്കണക്കിന് ജൂതന്മാരെ കൊന്നൊടുക്കുന്നതിനെ ന്യായീകരിച്ചിരുന്നതും കുറ്റബോധരഹിതമായി കൂട്ടക്കൊല നിര്‍വഹിക്കാന്‍ നാസി സൈനികരെ പ്രാപ്തമാക്കിയിരുന്നതും ഭഗവദ്ഗീത വിശദീകരിച്ചു കൊടുത്തു കൊണ്ടാണത്രേ.

ബ്രാഹ്മണരുടെ പ്രതിവിപ്ലവത്തിന്റെ തത്വചിന്തയാണ് ഗീത. ബ്രാഹ്മണമതത്തെ പുന:സ്ഥാപിക്കാനായി ശങ്കരനെ സഹായിച്ചത് ഭഗവദ് ഗീതയാണ്. ഇപ്പോള്‍ ഇന്‍ഡ്യയെ ഹിന്ദുമതരാഷ്ട്രമാക്കുള്ള ശ്രമത്തിനും ഉപയോഗിക്കുന്നത് ഭഗവദ് ഗീതയാണ് എന്നത് യാദൃശ്ഛികമല്ല. ബ്രാഹ്മണ്യവാദികളുടെ ജാത്യാധിഷ്ഠിതവും ഹിംസാത്മകവുമായ കര്‍മ്മക്രമങ്ങളെ ന്യായീകരിക്കാനുള്ള എല്ലാ സവിശേഷതകളും ഭഗവദ്ഗീതയില്‍ ഉള്ളടങ്ങിയിട്ടുണ്ട്.

എഴുത്തച്ഛനെപ്പോലെയുള്ള ഭക്തി പ്രസ്ഥാനക്കാര്‍ പോലും ഗീതയെ പരിഗണിച്ചിരുന്നില്ല. അതേസമയം ഓറിയന്റലിസ്റ്റുകളാണ് ഗീതയെ കണ്ടെടുത്ത് ഇന്നത്തെ പ്രാധാന്യം അതിനുണ്ടാക്കിക്കൊടുക്കുന്നത്. ഇന്‍ഡോളജിസ്റ്റ് തിയോസഫിക്കല്‍ സൊസൈറ്റി (Indologists theosophical society)യുടെ ആനീബസന്റാണ് ഭഗവത്ഗീതയുടെ കോപ്പികള്‍ എടുത്ത് ലക്ഷക്കണക്കിന് കോപ്പി ഇന്‍ഡ്യയില്‍ വിതരണം ചെയ്തതത്രേ..

കര്‍മ്മം എന്നാല്‍ പ്രവൃത്തിയും ജ്ഞാനമെന്നാല്‍ അറിവുമായി ഇന്ന് ഹിന്ദുത്വ സവര്‍ണ്ണ ഫാക്ടറികളില്‍ നിന്ന് പുറത്തുവരുന്ന ഗീതയുടെ വ്യാഖ്യാനങ്ങള്‍ അതിലെ ഹിംസയെയും ജാതി മേല്‍ക്കോയ്മയെയും ന്യായീകരിക്കാനുള്ള മറ്റൊരു ഉപാധിയാണ്. കര്‍മ്മം യജ്ഞാദി കര്‍മ്മങ്ങളും ജ്ഞാനം വേദാന്ത ജ്ഞാന മാര്‍ഗ്ഗവുമാണ്. കുലത്തില്‍ നിന്ന് വര്‍ണ്ണത്തിലേക്കുള്ള മാറ്റം ചാതുര്‍വര്‍ണ്യത്തിനും യുദ്ധത്തിനും വംശഹത്യയ്ക്കും ന്യായീകരണം കൊടുക്കുന്നു.

നാരായണ ഗുരുവും എഴുത്തച്ഛനുള്‍പ്പടെയുള്ള ശൂദ്ര-കീഴാള സംസ്‌കൃത പണ്ഡിതര്‍ ആരും ഭഗവദ് ഗീതയെ ഉദാത്തീകരിച്ചിട്ടില്ല. കബീറോ, തുക്കാറാമോ ഗീത സ്പര്‍ശിക്കുന്നത് പോലുമില്ല. ‘ഗുണകര്‍മ്മ വിഭാഗശഹ’ എന്ന ഗീതയിലെ ഭാഗത്തെ നാരായണ ഗുരു നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ഗുണവും കര്‍മ്മവും മാറിക്കൊണ്ടിരിക്കുന്നതിനാല്‍ വര്‍ണ്ണം നിശ്ചയിക്കാനാവില്ലെന്ന് ഗുരു സമര്‍ത്ഥിക്കുന്നുണ്ട്.

ബൗദ്ധദര്‍ശനങ്ങള്‍ക്കെതിരെയുള്ള വൈദിക ബ്രാഹ്മണമതത്തിന്റെ ആശയപ്രചരണത്തിന്റെ ഭാഗമായാണ് ഗീത എന്ന രണഗീതം ആദ്യഘട്ടത്തില്‍ വായ്മൊഴിയായി രൂപം കൊള്ളുന്നത്. പിന്നീട് അത്യുക്തി കലര്‍ത്തി വിപുലീകരിച്ച ശേഷം മഹാഭാരതത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു. ബൗദ്ധദര്‍ശനമായ അഹിംസാധര്‍മ്മത്തെ ഹീനവും, അയുക്തികവുമായി ചിത്രീകരിക്കുകയാണ് ഭഗവദ്ഗീതയുടെ ലക്ഷ്യം എന്നിരിക്കെ ഉപനിഷത്തുകളുടെ സത്താസംഗ്രഹമാണ് ഗീതയെന്ന കീര്‍ത്തിതമായ നിര്‍വചനം അടിസ്ഥാനപരമായി തെറ്റാണെന്ന് മനസ്സിലാക്കാം.

അഹിംസയും പരിത്യാഗവും ബൗദ്ധദര്‍ശനങ്ങളുടെ അടിസ്ഥാന മൂല്യങ്ങളാകുമ്പോള്‍ അരിഞ്ഞുവീഴ്ത്തിയും കത്തിച്ച് ചാമ്പലാക്കിയും എന്തും ആക്രമിച്ച് കീഴടക്കാമെന്ന ഉദ്‌ബോധകശക്തിയായി ഹിംസാതത്വങ്ങള്‍ക്ക് വലിയ പ്രചരണം നല്‍കാന്‍ ഭഗവദ്ഗീതയിലൂടെ ബ്രാഹ്മണ മതത്തിന് കഴിഞ്ഞു. ജയിച്ചാല്‍ സമ്പത്തും രാജ്യവും അധികാരവും, മരിച്ചാല്‍ സ്വര്‍ഗ്ഗം എന്ന ഗീതാവാഗ്ദാനത്തിലൂടെ സാധ്യതാ മനഃശാസ്ത്ര (Chance psychology)ത്തില്‍ ജീവിക്കുന്ന സാമാന്യ ജനതയെ പെട്ടെന്ന് അധീനപ്പെടുത്താമെന്ന് അവര്‍ ചിന്തിക്കുന്നു.

ബുദ്ധമതത്തിനെതിരായ ബ്രാഹ്മണിസത്തിന്റെ പ്രതിവിപ്ലവത്തിന്റെ ദാര്‍ശനിക സുവിശേഷമാണ് ഭഗവദ്ഗീത എന്ന് ഡോ അംബേദ്കര്‍ പറയുന്നുണ്ട്.

ബ്രാഹ്മണിസത്തെ സംബന്ധിച്ചിടത്തോളം, ഒരു ക്ഷത്രിയനില്‍ അര്‍പ്പിക്കപ്പെട്ടിട്ടുള്ള ധര്‍മ്മം ഹിംസയാണ്. അവന്‍ ധര്‍മ്മവും ഹിംസയും വേര്‍പെടുത്താന്‍ പരിശീലിക്കപ്പെട്ടവനാണ്. ഗീത അതിന്റെ നിര്‍ണായകമായ ടെക്സ്റ്റ് ബുക്ക് ആകുന്നു.

ഭഗവദ്ഗീത എന്ന കൂട്ടക്കൊലപ്പാട്ട്

പരിണാമത്തില്‍ മനുഷ്യവംശം ഒരു സാമൂഹ്യ ജീവിയായിത്തീരുന്ന ഘട്ടത്തില്‍ അനിവാര്യമായി ഉണ്ടാകുന്ന ധാര്‍മിക ബോധവും മാനവിക മൂല്യങ്ങളും ചോദ്യങ്ങളായി ഉന്നയിക്കുന്നതാണ് ഭഗവദ്ഗീതയില്‍ അര്‍ജുനന്‍ ചെയ്യുന്ന തെറ്റ്. യുദ്ധത്തില്‍ സമ്പൂര്‍ണ്ണ വിജയം നേടിയിട്ടും യുദ്ധാനന്തര രാജ്യം കണ്ടു ഹൃദയം തകര്‍ന്ന അശോകന്റെ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന അര്‍ജ്ജുനനിലൂടെ പുനര്‍ നിര്‍മ്മിച്ച് അശോകന്റെ മനോവേദനയും മനസ്സാക്ഷിക്കുത്തും (prick of conscience) യുക്തിരഹിതമാണെന്ന് സ്ഥാപിച്ചെടുക്കുകയാണ് ഗീത. ചുരുക്കത്തില്‍ അഹിംസയും ബുദ്ധസന്ദേശവും പ്രചരിപ്പിച്ച അശോകന്റെ പരിവര്‍ത്തനത്തെ ഖണ്ഡിക്കാനും റദ്ദാക്കി കളയാനുമാണ് ഗീത എന്ന കൂട്ടക്കൊലപ്പാട്ട് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അണുബോംബിനോളം ശക്തിയുള്ള യുദ്ധോപകരണമായി അര്‍ജുനനെ അമാനവവല്‍ക്കരിച്ചെടുത്തു കൊണ്ടാണ് ഭഗവദ്ഗീത അത് നിര്‍വഹിക്കുന്നത്. ഗീതയില്‍ കൃഷ്ണന്റെ പ്രധാന ദൗത്യം എങ്ങനെ അര്‍ജുനന്റെ ധാര്‍മിക ബോധത്തെ നിര്‍മൂലനം ചെയ്യാം എന്നതാണ്.

ഗോള്‍വാള്‍ക്കറുടെ കൃതികള്‍ ഹിറ്റ്ലറോടും നാസി ദേശീയതയുടെ അടിസ്ഥാനമായ വംശ ശുദ്ധി രാഷ്ട്രീയത്തോടും ആഭിമുഖ്യം പുലര്‍ത്തുന്നതും ഇതോടപ്പം ചേര്‍ത്ത് വായിക്കണം.ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ മുന്‍ കൈയെടുത്ത് സൃഷ്ടിക്കുന്ന ഏതൊരു കലാപത്തിനും അക്രമത്തിനും പുറകില്‍ അവരുടെ ശവ നൃത്തത്തിന് (necrophilic dance) കരുത്ത് പകരാന്‍ ഭഗവദ്ഗീതയിലെ ഹിംസയുടെ തത്ത്വശാസ്ത്രം ഉണ്ട് എന്ന് നാം മനസ്സിലാക്കണം. Behind every riot and violence that Hindutva fascists create, we can see the philosophy of violence in Bhagavad Gita to fuel their necrophilic dance. അതാണ് ഇന്ന് ഇന്ത്യയില്‍ മുഴുവന്‍ പ്രത്യേകിച്ച് മണിപ്പൂരില്‍ നടക്കുന്ന നിഗ്രഹങ്ങളുടെ രാഷ്ട്രീയത്തില്‍ പതിഞ്ഞുകിടക്കുന്നത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , , , | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “ഭഗവദ്ഗീത – ഹിംസയുടെ പടപ്പാട്ട്

  1. വളരെ മികച്ച വിവരണം. ഓപ്പൻഹൈമറുടെ തത്വം എങ്ങനെ ഭഗവത്ഗീതയുമായി ഇഴചേർന്ന് കിടക്കുന്നുവെന്നത് വ്യക്തമാക്കുന്ന തരത്തിലുള്ള വളരെയധികം വിശദാംശങ്ങള്‍ നിറഞ്ഞ, കാലികപ്രസക്തമായ വിവരണം.

  2. Avatar for പി എ പ്രേംബാബു

    Useful article, thank you. Top article, very helpful.

Leave a Reply