സബാള്‍ടേണ്‍ ഫെസ്റ്റിവലില്‍ ഹിന്ദത്വവാദികള്‍ അനിവാര്യമോ പാഠഭേദം?

‘ഹിന്ദു മിലിടന്റ്സ്’ ആരാണ്? ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ പ്രോത്സാഹനത്തിലും പരിരക്ഷയിലും ഹിംസോന്മത്തരായ ഗോ രക്ഷാ സംഘങ്ങളും lynch mob കളും !? അങ്ങനെ എങ്കില്‍ അവരുമായി ഡയലോഗ് സംഘടിപ്പിച്ചു ‘കീഴാളതയുടെ ഉത്സവ’ങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ശ്രമിക്കുന്നവര്‍ സൗകര്യപൂര്‍വ്വം തമസ്‌കരിക്കാന്‍ നോക്കുന്നത് ഇന്ത്യയിലെ പാര്‍ശ്വവല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്ലീം ന്യൂനപക്ഷങ്ങളുടെ, ഭൂമിയും ഉപജീവനത്തിന് ആധാരമായ പ്രകൃതിവിഭവങ്ങളും കവര്‍ന്നെടുക്കപ്പെട്ട, നിരാലംബരായ ആദിവാസി ദലിത് ജനതകളുടെ യാതനകളും ആശങ്കകളും നിറഞ്ഞ വര്‍ത്തമാനെത്ത തന്നെയാണ്

വളരെ ശ്രദ്ധേയമായ ഒരു സാംസ്‌കാരിക ഉത്സവത്തിനാണ് പാഠഭേദം മാസിക മുന്‍കൈയടുക്കുന്നത്. പാഠഭേദം സബാള്‍ടേണ്‍ ഫെസ്റ്റിവല്‍. സബാള്‍ട്ടേണ്‍ എന്ന വാക്ക് സൂചിപ്പിക്കുന്ന കീഴാളരുടേയും മറ്റു പാര്‍ശ്വവത്കൃതരുടേയും ആലോചനകളും ആവിഷ്‌കാരങ്ങളും ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക തന്നെയാണ് ഫെസ്റ്റിന്റെ ലക്ഷ്യമെന്ന് പാഠഭേദം അവകാശപ്പെടുന്നു. അതേ സമയം തങ്ങള്‍ ഉദ്ദേശിക്കുന്നതിന് കടകവിരുദ്ധമായ പരിപാടികളും ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയതായ അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
‘ഇന്ത്യയുടെ കരുത്ത് ബഹുസ്വരതയും സാംസ്‌കാരിക വൈവിധ്യങ്ങളുമാണ്. അതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നതും ശ്രദ്ധേയവും ശക്തവും സബാള്‍ട്ടേണ്‍ സാംസ്‌കാരിക പാരമ്പര്യമാണ്. യഥാര്‍ഥത്തില്‍ ആ പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്തിയത് ആധുനികതയുടെ രൂപത്തില്‍ വന്ന സാംസ്‌കാരിക അധിനിവേശമാണ്. അത് തീര്‍ച്ചയായും വരേണ്യരുടെ താത്പര്യവുമായി ഒത്തു പോകുന്നതുമാണ്. അപ്പോള്‍ സബാള്‍ട്ടേണ്‍ രാഷ്ട്രീയം ഒരേ സമയം അധിനിവേശ സംസ്‌കാരത്തേയും രാജ്യത്ത് പിടിമുറുക്കിയ വരേണ്യ സംസ്‌കാരത്തേയും അധികാരത്തേയും നേരിടേണ്ടതുണ്ട്’ എന്ന് പാഠഭേദം അവകാശപ്പെടുന്നു. മാത്രമല്ല, ഏത് വിയോജിപ്പുകളോടും സംസാരിക്കാന്‍. സബാള്‍ട്ടേണ്‍ ഫെസ്റ്റ് ജനാധിപത്യത്തിന്റെ ഉത്സവമാക്കി മാറ്റാന്‍. നമുക്കു ചുറ്റുമുള്ള എല്ലാ ചിന്തകളേയും അറിയാന്‍, അവയോട് ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ – സബാള്‍ട്ടേണ്‍ ഫെസ്റ്റിലൂടെ നമുക്ക് കഴിയണമെന്നാണ് പാഠഭേദം ആശിക്കുന്നത്. അതുകൊണ്ടാണ് കശ്മീരിനേയും അസമിനേയും നോര്‍ത്ത് ഈസ്റ്റിനേയും തിബത്തന്‍ അഭയാര്‍ഥികളേയും ട്രാന്‍സിനേയും ദളിതുകളേയും ആദിവാസികളേയും, ന്യൂനപക്ഷങ്ങളേയും അണിനിരത്തിക്കൊണ്ട് ഹിന്ദുത്വ -ഇസ്ലാമിസ്റ്റ് – ഇടതു മിലിറ്റന്‍സിന്റെയും വ്യവസ്ഥാപിത രാഷ്ട്രീയത്തിന്റേയും പ്രതിനിധികളോട് നാം സബാള്‍ടേണ്‍ ഫെസ്റ്റിന്റെ ആദ്യ എഡിഷനില്‍ തന്നെ നേര്‍ക്കുനേര്‍ സംസാരിക്കാനൊരുങ്ങുന്നതെന്ന് പാഠഭേദം വിശദീകരണ കുറിപ്പില്‍ പറയുന്നു.
പാഠഭേദത്തിന്റെ ഈ നിലപാടാണ് വിമര്‍ശനവിധേയമായിരിക്കുന്നത്. വിമര്‍ശനങ്ങളെ തുടര്‍ന്ന് ‘ഡയലോഗിനെക്കുറിച്ചൊരു ഡയലോഗ് : ഹിന്ദുത്വ വാദികളും ഇസ്ലാമിസ്റ്റുകളും മാവോയിസ്റ്റുകളുമടക്കം പങ്കെടുക്കുന്നത്’ എന്ന രീതിയില്‍ മാറ്റം വരുത്തിയെങ്കിലും ഫലത്തില്‍ ഹിന്ദുത്വവാദികള്‍ക്കെതിരായ ഈ ഫെസ്റ്റിവലില്‍ അവര്‍ക്കെന്തു സ്ഥാനം എന്ന ചോദ്യം അവശേഷിക്കുന്നു. സമകാലിക ഇന്ത്യനവസ്ഥയില്‍ ഹിന്ദുത്വ വാദികളോട്് എന്താണ് സംസാരിക്കുക എന്നതാണ് ഉയരുന്ന ചോദ്യം. ഹിന്ദുത്വവാദികളും ഹിന്ദുത്വമില്‍റ്റന്‍സുമായി എന്താണ് അന്തം എന്നതും വ്യക്തമല്ല.
സാമൂഹ്യപ്രവര്‍ത്തകനായ കെ എം വേണുഗോപാലാണ് ഈ വിഷയം ആദ്യമുയര്‍ത്തിയത്. ഇതേകുറിച്ച അദ്ദേഹം പറയുന്നതിങ്ങനെ. ‘ഹിന്ദു മിലിടന്റ്സ്’ ആരാണ്? ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ പ്രോത്സാഹനത്തിലും പരിരക്ഷയിലും ഹിംസോന്മത്തരായ ഗോ രക്ഷാ സംഘങ്ങളും lynch mob കളും !? അങ്ങനെ എങ്കില്‍ അവരുമായി ഡയലോഗ് സംഘടിപ്പിച്ചു ‘കീഴാളതയുടെ ഉത്സവ’ങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ശ്രമിക്കുന്നവര്‍ സൗകര്യപൂര്‍വ്വം തമസ്‌കരിക്കാന്‍ നോക്കുന്നത് ഇന്ത്യയിലെ പാര്‍ശ്വവല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്ലീം ന്യൂനപക്ഷങ്ങളുടെ, ഭൂമിയും ഉപജീവനത്തിന് ആധാരമായ പ്രകൃതിവിഭവങ്ങളും കവര്‍ന്നെടുക്കപ്പെട്ട, നിരാലംബരായ ആദിവാസി ദലിത് ജനതകളുടെ യാതനകളും ആശങ്കകളും നിറഞ്ഞ വര്‍ത്തമാനെത്ത തന്നെയാണ് . കശ്മീരിലെയും അസമിലെയും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലെയും മുസ്ലീം ജനത, ലോകം ഇതുവരെ കണ്ടതിലും ഭയാനകമായ അളവില്‍ പൗരത്വ നിഷേധത്തിനും വര്‍ഗീയ കൂട്ടക്കൊലകള്‍ക്കളാകാന്‍ തക്കവണ്ണം ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയും ഫെഡറല്‍ – ബഹുസ്വരത വാഗ്ദാനം ചെയ്യുന്ന ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് നേരെയും വെല്ലുവിളി ഉയര്‍ത്താന്‍ സംഘപരിവാര്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് കഴിഞ്ഞിട്ടും subaltern festival നടത്തുന്നവരെ പറ്റി എന്താണ് പറയുക ? ‘മിലിടന്റ്’ എന്ന വിശേഷണം ഫാസിസ്റ്റ് ഭരണകൂട ശക്തികള്‍ക്ക് ഒരു തരത്തിലും ചേരില്ലെന്ന് അറിയാതെ അല്ല ഒരു പക്ഷേ ഇവിടെ ‘ഹിന്ദു’ മിലിടന്റ്സിനെ നിങ്ങളുടെ സംവാദത്തിലെ സ്വാഭാവിക പങ്കാളികള്‍ ആയോ stake holders ആയോ വിശേഷിപ്പിക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഇവിടെ ‘മുഖ്യധാരാ’ മാധ്യമങ്ങള്‍ പണ്ടേ പ്രചരിപ്പിച്ചു പോരുന്ന ‘സമദൂര സിദ്ധാന്തം’, കമ്മ്യൂണിസ്റ്റ് ഇതരമായ ‘വിശാല ജനാധിപത്യ ‘മുഖം മൂടി അണിഞ്ഞ ഫാസിസ്റ്റ് കൗശലം , ഇവയുടെയൊക്കെ മറ്റൊരു പ്രകടനം ആണോ subaltern festival ലിലൂടെ നടക്കാന്‍ പോകുന്നത് ?’
തീര്‍ച്ചയായും ഈ വിമര്‍ശനം സ്വീകരിച്ചാണ് പാഠഭേദം ഹിന്ദുത്വ മില്‍റ്റന്‍സ് എന്നതിനു പകരം ഹിന്ദുത്വവാദികള്‍ എന്ന വാക്കുപയോഗിക്കുന്നത്. എന്നാല്‍ ഹിന്ദുത്വ എന്ന വാക്കില്‍തന്നെ ഒളിച്ചിരിക്കുന്നത് ഫാസിസ്റ്റ് രാഷ്ട്രീയമാണ്. ഹിന്ദുവും ഹിന്ദുത്വവുമായി എന്തു ബന്ധമാണുള്ളത്? സമകാലിക ഇന്ത്യന്‍ സാമൂഹ്യ അവസ്ഥയില്‍ ഇസ്ലാമിസ്റ്റുകള്‍ക്കും മാവോയിസ്റ്റുകള്‍ക്കുമൊപ്പം ഹിന്ദുത്വ വാദികളെ ഒരേ നുകത്തില്‍ കെട്ടാനാകുമോ? ആദ്യരണ്ടു വിഭാഗത്തോടു നടത്തുന്ന പോലൊരു സംവാദം ഇവരോട് സാധ്യമാണോ? പ്രതിരോധവും ആക്രമണോത്സുകതയും ഒരുപോലെയാണോ? തുറന്ന സംവാദത്തിനായി ഒരു മേശക്കു ചുറ്റുമിരുന്നാല്‍ അവരെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന അഭിപ്രായവും ഇതോടാപ്പം ഉയര്‍ന്നിട്ടുണ്ട്. അതിന് പച്ചയായ യാഥാര്‍ത്ഥ്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ?

[widgets_on_pages id=”wop-youtube-channel-link”]

തീര്‍ച്ചയായും പാഠഭേദം അവകാശപ്പെടുന്ന പോലെ, മുഖ്യധാരയോട് മുഖാമുഖം ആത്മവിശ്വാസത്തോടും അന്തസ്സോടും ധീരതയോടും കൂടി സംസാരിക്കാന്‍ സബാള്‍ട്ടേണ്‍ സാംസ്‌കാരിക രാഷ്ട്രീയത്തിന്, സാധ്യമാകണം. എന്നാല്‍, ‘വ്യവസ്ഥാപിത ഇടതു – വലതു പക്ഷങ്ങളോട് ചിന്ത കൊണ്ടും ആവിഷ്‌കാരം കൊണ്ടും നേര്‍ക്കുനേര്‍ സംസാരിക്കാനുള്ള കരുത്ത് നമുക്കുണ്ട്, അതിനാല്‍ വ്യവസ്ഥാപിത രാഷ്ട്രീയ – മത സംഘടനകളുടെ പ്രതിനിധികളെ കൂടെ നമ്മള്‍ ഫെസ്റ്റിലേക്ക് ക്ഷണിക്കുന്നു. അവര്‍ തീവ്ര ഇടതുപക്ഷമോ, ഹിന്ദുത്വ വാദികളോ, ഇസ്ലാമിസ്റ്റുകളോ ആകുന്നത് നമ്മളെ ഒരു തരത്തിലും വേവലാതിപ്പെടുത്തുന്നില്ല’ എന്ന നിലപാടിനോട് യോജിക്കാനാവില്ല. കരുത്തോ വേവലാതിയില്ലാത്തതോ അല്ല പ്രശ്‌നം. ഇത്തരം സംസാരം സമകാലികാവസ്ഥയില്‍ ഹിന്ദുത്വഫാസിസ്റ്റുകള്‍ക്ക് വെള്ളപൂശികൊടുക്കലാകുമെന്നതുതന്നെയാണ്. അഥവാ അവര്‍ക്ക് നമ്മള്‍ സ്വീകാര്യത ഉണ്ടാക്കുന്നു എന്നതാണ്. അക്രമണത്തേയും പ്രതിരോധത്തേയും ഒന്നായി കാണുന്നു എന്നതാണ്. അതിനാല്‍ തന്നെ ഇന്നുവരെ അവരോടു നേര്‍ക്കുനേര്‍ സംസാരിക്കാന്‍ ശ്രമിക്കാത്ത നമ്മുടെ ജനാധിപത്യം കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാവുകയാണെന്ന നിലപാടും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പാഠഭേദം ചൂണ്ടികാട്ടുന്ന ഹിറ്റ്‌ലറെ Dear friend എന്ന് അഭിസംബോധന ചെയ്ത് സാംസ്‌കാരികമായി മേല്‍ക്കൈ നേടിയ ഗാന്ധിയേയും ഏതു തരം തീവ്രവാദത്തോടും തുടര്‍ സംവാദങ്ങളിലൂടെ ഇടപെടാന്‍ ശ്രമിച്ച ജെ പി യേയും ഇന്നു നമുക്ക് മാതൃകയാക്കാമോ? വളരുന്ന തീവ്രവാദങ്ങളെ കണ്ടില്ലെന്ന് നടിച്ച് അതിനെ ഇല്ലായ്മ ചെയ്യാമെന്ന് കരുതുന്നതും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന അവരെ മാറ്റി നിര്‍ത്തി മുന്നോട്ടു പോകാമെന്ന് കരുതുന്നതും ജനാധിപത്യത്തെ കൂടുതല്‍ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്ന് പാഠഭേദം പറയുമ്പോള്‍, അതല്ല വേണ്ടത്, ജനാധിപത്യരീതിയില്‍ അതിശക്തമായി അവരെ എതിര്‍ക്കുക തന്നെയാണ് വേണ്ടതെന്ന് പറയാതെ വയ്യ. അതിനാല്‍ തന്നെ വളരെ പ്രസക്തമായ ഈ ഫെസ്റ്റിവലില്‍ ഹിന്ദുത്വവാദികളുടെ സാന്നിധ്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply