അരപ്പട്ട കെട്ടിയ ആണുങ്ങളും അര കൊണ്ടു ജീവിക്കുന്ന പെണ്ണുങ്ങളും

പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍വാന്‍, തകര, രതിനിര്‍വ്വേദം, കള്ളന്‍ പവിത്രന്‍, ലോറി, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, തിങ്കളാഴ്ച നല്ല ദിവസം തുടങ്ങി സംവിധാനം ചെയ്തതും തിരക്കഥ രചിച്ചതുമായ പല സിനിമകളിലും വിചിത്ര സ്വഭാവികളായ ഗ്രാമീണ കഥാപാത്രങ്ങളെ പത്മരാജന്‍ അവതരിപ്പിച്ചു. നാട്ടിന്‍പുറത്തു തന്നെ ചുറ്റിത്തിരിയുന്ന മനുഷ്യരെ മാത്രമല്ല അദ്ദേഹം സൃഷ്ടിച്ചത്. ചില ഗ്രാമീണര്‍ നാട്ടിന്‍പുറത്തു നിന്ന് നഗരത്തിലേയ്ക്ക് യാത്ര ചെയ്യുന്നു. ചില നാഗരികര്‍ നാട്ടിന്‍പുറങ്ങളിലെത്തുന്നു.

‘ഗന്ധര്‍വ്വന്‍’ എന്ന അതീവകാല്പനിക വിശേഷണത്തോടെ മലയാളികള്‍ ആഘോഷിക്കുന്ന രണ്ടു പേരുണ്ട് – ഒരാള്‍ യേശുദാസാണ്. യശശ്ശരീരനായ ചലച്ചിത്രകാരനും സാഹിത്യകാരനുമായ പി പത്മരാജനാണ് മറ്റൊരാള്‍. സിനിമാഗാനങ്ങളോളം ജനപ്രീതി ഒരിക്കലും സാഹിത്യത്തിനുണ്ടായിട്ടില്ലെങ്കിലും എത്രയോ തലമുറകളിലെ മലയാളികള്‍ക്ക് എഴുത്തിലെയും സിനിമയിലെയും ഗന്ധര്‍വ്വക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തിയാണ് പത്മരാജന്‍. പത്മരാജന്റെ എഴുപത്തഞ്ചാം ജന്മദിനത്തിലാണ് എന്റെ പ്രിയ സുഹൃത്ത് ദേവദാസ് ഒരു സിനിമ ചലഞ്ച് ഏറ്റെടുക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. അതുകൊണ്ട് പത്മരാജനില്‍ത്തന്നെ തുടങ്ങാം..

‘അരപ്പെട്ട കെട്ടിയ കുറേ ആണുങ്ങളും അര കൊണ്ടു ജീവിക്കുന്ന കുറേ പെണ്ണുങ്ങളും.. ‘- ഒരു വനിതാസുഹൃത്ത് അല്പം അനിഷ്ടത്തോടെ ഈയിടെ ഇങ്ങനെ പറഞ്ഞത് സ്വന്തം സൃഷ്ടികളില്‍ പത്മരാജന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ (1986) എന്ന സിനിമയെക്കുറിച്ചാണ്. കേരളീയ ഗ്രാമങ്ങളുടേയും ഗ്രാമീണരുടേയും മനശ്ശാസ്ത്രം സസൂക്ഷ്മം ആവിഷ്‌കരിച്ചിട്ടുള്ള പത്മരാജന്റെ ചലച്ചിത്രകൃതികളില്‍ ഏറ്റവുമധികം രാഷ്ട്രീയസ്വഭാവമുള്ള സിനിമയാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍. (അല്ലെങ്കില്‍ത്തന്നെ ഗന്ധര്‍വ്വന്‍, പ്രണയം, സ്വപ്നങ്ങള്‍, കാമം, കത്തുകള്‍, യാത്രകള്‍ തുടങ്ങിയ ഉപരിപ്ലവമായ ക്ലീഷേ നോട്ടങ്ങളില്‍ നിന്നു പത്മരാജനെ മോചിപ്പിച്ചേ തീരൂ..)

പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍വാന്‍, തകര, രതിനിര്‍വ്വേദം, കള്ളന്‍ പവിത്രന്‍, ലോറി, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, തിങ്കളാഴ്ച നല്ല ദിവസം തുടങ്ങി സംവിധാനം ചെയ്തതും തിരക്കഥ രചിച്ചതുമായ പല സിനിമകളിലും വിചിത്ര സ്വഭാവികളായ ഗ്രാമീണ കഥാപാത്രങ്ങളെ പത്മരാജന്‍ അവതരിപ്പിച്ചു. നാട്ടിന്‍പുറത്തു തന്നെ ചുറ്റിത്തിരിയുന്ന മനുഷ്യരെ മാത്രമല്ല അദ്ദേഹം സൃഷ്ടിച്ചത്. ചില ഗ്രാമീണര്‍ നാട്ടിന്‍പുറത്തു നിന്ന് നഗരത്തിലേയ്ക്ക് യാത്ര ചെയ്യുന്നു. ചില നാഗരികര്‍ നാട്ടിന്‍പുറങ്ങളിലെത്തുന്നു. തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍ നാട്ടിന്‍ പുറത്തുകാരനായി സ്വന്തം തറവാട്ടില്‍ താമസിക്കുന്നയാളാണെങ്കിലും നഗരം തരുന്ന സുഖഭോഗങ്ങളിലേയ്ക്കും സുഹൃദ് സമൃദ്ധിയിലേയ്ക്കും ഇടയ്ക്കിടെ ഊളിയിട്ടിറങ്ങാറുണ്ട്. നാട്ടിലും നഗരത്തിലും രണ്ടു മുഖമാണല്ലോ ജയകൃഷ്ണന്. മൂന്നാം പക്കത്തിലെ ഗ്രാമീണനായ മുത്തച്ഛന്‍ തന്റെ സാമാന്യം വിപുലമായ സ്വകാര്യ ഗ്രന്ഥശാലയിലെ പുസ്തകങ്ങളിലൂടെയും ചെറുപ്പക്കാരോടുള്ള നിരന്തരമായ ഇടപെടല്‍ കൊണ്ടും പുതിയ ലോകത്തിന്റെ തുടിപ്പുകള്‍ ഏറ്റുവാങ്ങി നിലനിര്‍ത്തുന്നയാളാണ്. നഗരത്തില്‍ നിന്ന് അദ്ദേഹത്തെ കാണാനെത്തുന്ന പൗത്രനും സുഹൃത്തുക്കളുമാണ് ആ സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അപരനിലെ ഗ്രാമീണനായ നായകന്‍ നഗരത്തില്‍ ജോലി ചെയ്യാനെത്തുമ്പോഴാണ് അയാളുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്ന അപരസ്വത്വത്തെ കണ്ടുമുട്ടുന്നത്. ‘നന്മകളാല്‍ സമൃദ്ധം’ എന്ന് കവി പുകഴ്ത്തിയതുപോലുള്ള നാട്ടിന്‍ പുറങ്ങളെയല്ല, പത്മരാജന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. നാട്ടിന്‍പുറത്തെ കള്ളന്മമാരുടെയും കൊലപാതകികളുടെയും അഭിസാരികമാരുടെയുമൊക്കെ മനോവ്യാപാരങ്ങളിലൂടെയാണ് പത്മരാജന്‍ സഞ്ചരിച്ചത്. ആദ്യത്തെ സിനിമയായ പെരുവഴിയമ്പലം തന്നെ ഏറ്റവും നല്ല ഉദാഹരണം.

നഗരത്തില്‍ നിന്ന് നാട്ടിന്‍ പുറത്തേയ്ക്കു സഞ്ചരിക്കുന്ന സിനിമയാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍. ആസക്തരായ മൂന്നു പുരുഷന്‍മാരുടെ യാത്രയാണത്. വിഷുപ്പുലരിയില്‍ വിലാസവതികളായ അഭിസാരികമാരെ കണികാണുകയെന്നതാണ് നഗരത്തിലെ ഒരു മദ്യശാലയില്‍ വച്ച് ലഹരിയുടെ ഭ്രാന്താവേശത്തില്‍ അവര്‍ക്കുള്ളിലുദിച്ച മോഹം. ദൂരെയെവിടെയോ ഉള്ള ഒരു നാട്ടിന്‍പുറത്ത് മാളുവമ്മ (സുകുമാരി) നടത്തുന്ന ഗണികാഗൃഹത്തിലെത്തുകയാണ് യാത്രയുടെ ലക്ഷ്യം. മൂവര്‍ സംഘത്തിന്റെ നേതാവായ സക്കറിയ (മമ്മൂട്ടി) പണ്ടെപ്പൊഴോ അവിടെ പോയിട്ടുണ്ട്. കൂട്ടുകാരായ അഡ്വക്കേറ്റ് ഗോപിയെയും (നെടുമുടി വേണു) ഹിലാലിനെയും (അശോകന്‍) നയിച്ചുകൊണ്ട് സക്കറിയ കത്തിത്തിളയ്ക്കുന്ന ഒരു പകല്‍ത്തുടക്കത്തില്‍ വിഷുത്തലേന്ന് മാളുവമ്മയുടെ ഗ്രാമത്തിലെത്തുമ്പോള്‍, വരത്തന്‍മാരെ സംശയത്തോടെ നോക്കുന്ന നാട്ടുകാര്‍ അവരെ നേരിടുന്നു. മാളുവമ്മ ഒരു ബന്ധുഗൃഹത്തില്‍ നിന്ന് തട്ടിക്കൊണ്ടു വന്ന ഗൗരിക്കുട്ടി എന്ന പെണ്‍കുട്ടിയുടെ പേരില്‍ നായന്മാരും മാപ്പിളമാരും പരസ്പരം പോരടിച്ചു നില്‍ക്കുകയാണ്. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഒരുപോലെ പ്രീണിപ്പിച്ചുകൊണ്ടു മാത്രമേ മാളുവമ്മയ്ക്ക് അവിടെ നിലനില്‍ക്കാനാകൂ.

പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്ന പെണ്‍കുട്ടികളെ ആദ്യം അനുഭവിക്കാനുള്ള മൂപ്പന്റെ (കുഞ്ഞാണ്ടി) ആഗ്രഹത്തിന് ഗൗരിക്കുട്ടി വഴങ്ങുന്നില്ല. ഇതേ സമയം നായന്മാരുടെ നേതാവായ മറ്റൊരു പ്രമാണിയും ഇതേ ആഗ്രഹത്തോടെ മറുവശത്തുണ്ട്. തലേന്നു രാത്രിയിലും ഈ വിഷയത്തിന്റെ പേരില്‍ അവിടെ ചോരക്കളി നടന്നിരിക്കുന്നു. മൂപ്പന്റെ വീട്ടിലേയ്ക്ക് ഗൗരിക്കുട്ടിയെ കാഴ്ച വയ്ക്കാന്‍ മാളുവമ്മ പോയിരിക്കുന്ന സന്ദര്‍ഭത്തിലാണ് സക്കറിയയുടെയും കൂട്ടരുടെയും വരവ്. മൂപ്പന്റെ ആജ്ഞാനുവര്‍ത്തികളായ മാപ്പിളമാര്‍ സംഘടിച്ചു നില്‍ക്കുകയാണ്. അവര്‍ സക്കറിയയെയും കൂട്ടുകാരെയും തടഞ്ഞു നിര്‍ത്തുന്നു, പിടിച്ചുവയ്ക്കുന്നു. മൂപ്പന്റെ താത്ക്കാലിക മനംമാറ്റത്തിന്റെ ഔദാര്യത്തിലും, താമസിയാതെ തന്നെ ഗൗരിയെ അവളുടെ സമ്മതത്തോടെ തന്നെ മൂപ്പനു മുന്നില്‍ കാഴ്ച വച്ചുകൊള്ളാമെന്ന മാളുവമ്മയുടെ ഉറപ്പിന്മേലും സംഘര്‍ഷത്തിന് അയവുണ്ടായി. മാളുവമ്മയുടെ വീട്ടിലെ വിലാസലതികകള്‍ സക്കറിയയ്ക്കും ഗോപിക്കും ഹിലാലിനും മുന്നില്‍ ആ നട്ടുച്ച നേരത്ത് പൂത്തുവിടര്‍ന്നു.

പത്മരാജന്‍ അവതരിപ്പിക്കുന്ന മൂന്നു പുരുഷന്‍മാരും വ്യത്യസ്ത സ്വഭാവക്കാരാണ്. മദ്യപാനത്തോളം ആസക്തി പെണ്ണിനോടില്ലാത്തയാളാണ് സക്കറിയ. കൂട്ടുകാര്‍ക്കു വേണ്ടി മാത്രം അയാള്‍ നടത്തുന്ന സാഹസികയാത്രയാണിത്. (സുഹൃത്തുക്കള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ സന്നദ്ധനായ തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെ മറ്റൊരു രൂപം). ഗോപി ആസക്തനാണ്. സ്ത്രീലമ്പടനാണ്. കൂട്ടത്തില്‍ ഏറ്റവും ചെറുപ്പമായ ഹിലാലാകട്ടെ ഇപ്പോഴും പെണ്ണുടലിന്റെ രഹസ്യങ്ങളെക്കുറിച്ച് അജ്ഞനായ വെര്‍ജിന്‍ ആണ്. സ്വന്തം ഇഷ്ടത്തോടെയല്ലാതെ അഭിസാരികാവൃത്തിയിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുകയും സര്‍വ്വശക്തിയുമുപയോഗിച്ച് അതിനെ ചെറുത്തുനില്‍ക്കുകയും ചെയ്യുന്ന ഗൗരിക്കുട്ടിയോട് ആദ്യം അവനുണ്ടാകുന്ന ശാരീരികാവേശം പ്രണയത്തിനു വഴിമാറുന്നു. അവളെ വിവാഹം കഴിക്കാന്‍ പോലും അവന്‍ തയ്യാറാണ്. (ഇവിടെ ജയകൃഷ്ണന്‍ മറ്റൊരു രൂപത്തില്‍ ഹിലാലില്‍ അവതരിക്കുന്നു. ക്ലാര താനുമായാണ് ആദ്യമായി ശാരീരികബന്ധം പുലര്‍ത്തിയത് എന്നറിയുമ്പോള്‍ ജയകൃഷ്ണനിലുണ്ടാകുന്ന മാറ്റം.) മാളുവമ്മയുടെ പിടിയില്‍ നിന്ന് ഗൗരിയെ രക്ഷപ്പെടുത്താനുള്ള ഹിലാലിന്റെയും സക്കറിയയുടെയും ഗോപിയുടെയും ശ്രമങ്ങളും അതിനെത്തുടര്‍ന്നുണ്ടാകുന്ന രക്തരൂഷിതമായ സംഭവങ്ങളുമാണ് സിനിമയുടെ ക്ലൈമാക്‌സ്.

അധികാരഘടനയുമായും ലിംഗപദവിയുമായും ബന്ധപ്പെട്ട് ഈ സിനിമ ഉയര്‍ത്തുന്ന ചോദ്യങ്ങളോ പ്രമേയസ്വീകരണത്തിലും അവതരണത്തിലും പത്മരാജന്‍ കാണിച്ച ധീരതയോ അക്കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടില്ല. ബോക്‌സോഫീസില്‍ പരാജയപ്പെട്ട സിനിമയാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍. ലഹരിയില്‍ക്കുളിച്ച ഒരു രാത്രിയില്‍ തുടങ്ങി അടുത്ത പകലിലൂടെ വികസിച്ച്, ആ രാത്രിയിലെ ദുഃസ്വപ്നസമാനമായ രക്തച്ചൊരിച്ചിലിലൂടെ വിഷുപ്പുലരിയിലെത്തി അവസാനിക്കുന്ന ഈ സിനിമ മതവും അധികാരവും തമ്മിലുള്ള വേഴ്ചകളെയും ആണധികാര വ്യവസ്ഥയിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചും ഉറക്കെ സംസാരിക്കുന്നുണ്ട്. പുരുഷ പ്രേക്ഷകരെ ഉന്മത്തരാക്കുന്ന മദ്യത്തിന്റേയും സ്ത്രീസാന്നിദ്ധ്യത്തിന്റേയും ഇമേജുകളിലൂടെ, അനുഭവപരിസരങ്ങളിലൂടെ സഞ്ചരിച്ച് അപ്രതീക്ഷിതമായ വൈയക്തിക-രാഷ്ടീയ ദുരന്തങ്ങളിലേയ്ക്ക് പത്മരാജന്‍ തന്റെ പ്രമേയത്തെ കൊണ്ടുചെന്നെത്തിക്കുന്നു. ഈ ഷോക് ട്രീറ്റ്‌മെന്റ് എണ്‍പതുകളിലെ പ്രേക്ഷകര്‍ മനസ്സിലാക്കിയില്ല. മതഭേദമെന്യേ ആണുങ്ങളുടെ അരപ്പട്ടകള്‍ കൊലക്കത്തി ഒളിപ്പിക്കാനുള്ള അറകളാണെന്ന് അവര്‍ തിരിച്ചറിഞ്ഞു കാണില്ല. പെണ്ണരകളില്‍ അഭിരമിക്കാന്‍ പത്മരാജന്‍ തന്റെ സിനിമയെ കയറൂരിവിട്ടതുമില്ല. വയലന്‍സിന്റെ രാഷ്ട്രീയത്തെക്കുറിച്ച് വിക്ഷുബ്ധമായ ദൃശ്യങ്ങളോടെ സംസാരിച്ചു കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച കെ ജി ജോര്‍ജ്ജിന്റെ ഇരകള്‍ (1985) എന്ന ചിത്രവും തിരസ്‌കൃതമായതോര്‍ക്കുന്നു. വര്‍ഗ്ഗീയതയുടെ രാഷ്ട്രീയത്തിന് എത്രത്തോളം അന്ധവും അക്രമാസക്തവുമാകാന്‍ കഴിയുമെന്ന് തിരിച്ചറിയാന്‍ മാത്രമുള്ള പ്രത്യക്ഷാനുഭവങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പായിരുന്നല്ലോ, ഈ സിനിമകളുടെ പിറവി.

സക്കറിയയും കൂട്ടുകാരും ഉത്സാഹത്തോടെ ഇറങ്ങിനടക്കുന്ന നാട്ടിന്‍പുറത്തെ കത്തിജ്വലിക്കുന്ന പകല്‍ വെളിച്ചമാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന സിനിമയെക്കുറിച്ചുള്ള ഏറ്റവും നല്ല ഓര്‍മ്മ. ഒപ്പം, പെണ്ണുടലിന്റെ തുടുപ്പിനു പകരം ചോരച്ചുവപ്പുള്ള വിഷുപ്പുലരി കണികണ്ട്, ആ നാട്ടിന്‍ പുറത്തിന്റെ നിശ്ശബ്ദതയില്‍ പ്രിയസുഹൃത്തിനെത്തേടി അലയുന്ന ഗോപിയുടെ ‘സക്കറിയാ.. സക്കറിയാ.. ‘ എന്ന രോദനവും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply