രാഷ്ട്രീയ ജന്മികളെ, നിങ്ങളുടെ തെറികള്‍ ഗ്രാമീണ ഭാഷയല്ല

സത്യത്തില്‍ ജന്‍മിത്തം അവസാനിച്ചത് അറിയാത്തവരാണൊ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍? തീര്‍ച്ചയായും അല്ല, പക്ഷെ ജന്മിത്തത്തിന്റെ അംശങ്ങളെ തങ്ങളുടെ ജീവിതത്തില്‍ സ്വാംശീകരിച്ചവരാണ് നമ്മുടെ രാഷ്ട്രീയ യജമാനന്മാര്‍ എന്നതാണ് വസ്തുത. അതിനാല്‍ ഇവരെ നമുക്ക് രാഷ്ട്രീയ ജന്മികള്‍ എന്ന് വിളിക്കുന്നതായിരിക്കും ഉചിതം.

അല്ലയോ മഹതി താങ്കള്‍ വിധവയായത് താങ്കളുടെ വിധിയാണ്. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ്, തന്റെ പാര്‍ട്ടിയിലെ അനുയായികള്‍ കൊന്ന് തള്ളിയ ഒരു മനുഷ്യന്റെ ഭാര്യയെ അഭിസംബോധന ചെയ്തത് ഇങ്ങിനെയാണ്. ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയ ആ നേതാവിന്റെ നിറം കറുപ്പാണ് എന്ന ഒറ്റക്കാരണത്താല്‍ മറ്റൊരു രാഷ്ട്രീയ നേതാവ് അദ്ദേഹത്തെ വിളിച്ചത് ചിമ്പാന്‍സി എന്നാണ്. അഥവാ ഈ രണ്ടുപേരും തികഞ്ഞ മനുഷ്യത്വ വിരുദ്ധമായ സ്ത്രീവിരുദ്ധമായ വംശീയ ബോധത്താല്‍ അധിഷ്ടിതമായ പരാമര്‍ശങ്ങള്‍ നടത്തി നമ്മുടെ സാംസ്‌കാരിക ബോധത്തെ മലിനപ്പെടുത്തുകയാണ് ചെയ്തത്. പിന്നീട് അതിലൊരാള്‍ പെട്ടെന്ന് തന്നെ തന്റെ പ്രസ്താവനയിലെ അബദ്ധം മനസ്സിലാക്കി തെറ്റ് തിരുത്തി. കുറച്ച് ദിവസത്തെ ന്യായീകരണത്തിന് ശേഷം അടുത്ത ആളും തെറ്റ് തിരുത്തിയതായി നാം കണ്ടു. തീര്‍ച്ചയായും രാഷ്ട്രീയ സാമൂഹ്യരംഗത്തെ ശുഭ സൂചകമായ ഒരു നടപടിക്രമമായി നമുക്കീ തെറ്റ് തിരുത്തലിനെ മനസ്സിലാക്കാം.

പക്ഷെ എന്തുകൊണ്ടാണ് നമ്മുടെ രാഷ്ട്രീയ യജമാനന്മാര്‍ നിരന്തരമായി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ കൊണ്ട് അന്തരീക്ഷം മലിനീകരിക്കുന്നത്? സ്ത്രീവിരുദ്ധമായ, ജാത്യാഭിമാനത്തിലധിഷ്ഠിതമായ, തികഞ്ഞ വംശീയ ബോധത്തെ അരക്കിട്ടുറപ്പിക്കുന്ന എത്ര അശ്ലീല പരാമര്‍ശങ്ങളാണ് നമ്മുടെ രാഷ്ട്രീയ യജമാനന്മാര്‍ നിരന്തരം നടത്തികൊണ്ടിരിക്കുന്നത്. ഇത്തരത്തിലുളള അസഭ്യവര്‍ഷങ്ങള്‍ ഒരു ഭാഗത്ത് നടത്തുമ്പോള്‍ അല്‍പത്തരങ്ങളും വിവരക്കേടുകളും കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ രാഷ്ട്രീയരംഗം. ഉപയോഗിക്കുന്ന വാക്കിനെ കുറിച്ച് നിശ്ചിതമായ ധാരണകളില്ലാതെ വിടുവായത്തം നടത്തുന്നവരായി നമ്മുടെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും മാറിക്കൊണ്ടിരിക്കുന്നു. സാമാന്യജനത്തിന്റെ ബോധത്തെ ചോദ്യം ചെയ്യുന്ന തലത്തിലുള്ള വിവരക്കേടുകള്‍ വിളമ്പാന്‍ ഒരു മടിയും ഇല്ലാത്ത രാഷ്ട്രീയ യജമാനന്മാര്‍ വാഴുന്ന ഒരിടമാണ് നമ്മുടെ നാട്. ഇതില്‍ ഏറെ അശ്ലീലമായിട്ടുള്ളത് ഇതിനെയെല്ലാം ന്യായീകരിക്കാന്‍ സ്വയം ചാവേറുകളായി പുറപ്പെടുന്ന സാംസ്‌കാരിക നായകരുടെ വിശദീകരണങ്ങളാണ്. എത്രവലിയ അസഭ്യവര്‍ഷം നടത്തിയാലും എത്ര തന്നെ ഭീകരമായ വിവരക്കേട് എഴുന്നള്ളിച്ചാലും അതിനെയെല്ലാം ഗ്രാമീണ ഭാഷയുടെ ലാവണ്യ ശാസ്ത്രത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തി ന്യായീകരിക്കും. അഥവാ ഏതര്‍ത്ഥത്തിലുമുള്ള അന്തക്കേടുകളെയും വെള്ളപൂശി മഹത്വവല്‍ക്കരിക്കുന്ന പണിയാണ് ഇവര്‍ ഏറ്റെടുത്തത് എന്നര്‍ത്ഥം. ഇത്തരം സാംസ്‌കാരിക നായകരും, തന്റെ പാര്‍ട്ടി നേതാവിന്റെ പ്രസ്താവനയാണ് എന്ന ഒറ്റക്കാരണത്താല്‍ തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്യുന്ന രാഷ്ട്രീയ അടിമത്തം പേറുന്ന അനുയായികളും ഉള്ളിടത്തോളം ഈ രാഷ്ട്രീയ യജമാനന്മാര്‍ ഇത്തരം പ്രസതാവനകള്‍ നടത്തിക്കൊണ്ടേയിരിക്കും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പഴയ ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ ഭാഷ രാഷ്ട്രീയക്കാര്‍ എടുത്ത് ഉപയോഗിച്ച് സ്വയം രാഷ്ട്രീയ ജന്മിമാരായി മാറി തീരുന്ന ഒരു സ്ഥിതി വിശേഷമാണ് നാം കാണുന്നത്. സത്യത്തില്‍ ജന്‍മിത്തം അവസാനിച്ചത് അറിയാത്തവരാണൊ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍? തീര്‍ച്ചയായും അല്ല, പക്ഷെ ജന്മിത്തത്തിന്റെ അംശങ്ങളെ തങ്ങളുടെ ജീവിതത്തില്‍ സ്വാംശീകരിച്ചവരാണ് നമ്മുടെ രാഷ്ട്രീയ യജമാനന്മാര്‍ എന്നതാണ് വസ്തുത. അതിനാല്‍ ഇവരെ നമുക്ക് രാഷ്ട്രീയ ജന്മികള്‍ എന്ന് വിളിക്കുന്നതായിരിക്കും ഉചിതം. ഒരു ജനതയുടെ സാംസ്‌കാരിക ബോധത്തെ കൊഞ്ഞനം കുത്തുന്ന ഈ രാഷ്ട്രീയ ജന്മിമാരെ കറക്ട് ചെയ്യാതെ നമ്മുടെ നാടിന് മുന്നോട്ട് പോവാന്‍ കഴിയില്ല. ഇത്തരത്തിലുള്ള പൊളിറ്റിക്കല്‍ കറക്ടനസ് നടന്ന് കൊണ്ടിരിക്കുന്നു എന്നുള്ളത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. അപ്പോഴും ഈ രാഷ്ട്രീയ ജന്മികള്‍, അന്ധമായി എന്തിനെയും ഏറ്റെടുക്കുന്ന രാഷ്ട്രീയ അടിമകള്‍ക്ക് ഇഷ്ടകഥാപാത്രങളാണ് എന്നത് ഒരു യാഥാര്‍ത്ഥ്യവുമാണ്.

പറയാന്‍ പാടില്ലാത്ത ഒരു ഡയലോഗ് പറഞ്ഞാല്‍ സിനിമയില്‍ പോലും, അതിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്ന പുതിയ കാലമാണ്. ഡിസബിള്‍ഡ് ആയ ഒരു കുട്ടിയുടെ അച്ചനമ്മമാരെ അപഹസിക്കുന്നതാണ് കടുവ സിനിമയിലെ നായകന്റെ ഡയലോഗ് എന്ന് മനസ്സിലായപ്പോള്‍, അതിനെതിരെ ഉയര്‍ന്ന് വന്ന പ്രതിഷേധത്തിന്റെ ഭാഗമായി സംവിധായകനും നടനും മാപ്പ് പറയുകയും പ്രസ്തുത സിനിമയിലെ ഡയലോഗ് ഒഴിവാക്കിയതായും നാം കണ്ടു. അഥവാ പൊളിറ്റിക്കല്‍ കറക്ടനസ് സിനിമയില്‍ പോലും ഉയര്‍ന്നുവരുന്ന ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. ഇവിടെയാണ് ഭരണഘടനയിലെ ജനാധിപത്യം മതേതരത്വം എന്നിവയെ കൊടചക്രത്തോട് ഉപമിച്ച് നമ്മുടെ ഭരണഘടനയെ തന്നെ അപഹസിക്കുന്ന ഒരു മന്ത്രിയെ നാം കാണുന്നത്. പിന്നീട് ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വന്നപ്പോള്‍ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു എന്നത് ഈ പൊളിറ്റിക്കല്‍ കറക്ടനസിന്റെ ഭാഗമായിട്ടാണ്.

ഇതേ മന്ത്രിസഭയിലെ മറ്റൊരു എം.എല്‍.എ നമ്മുടെ ഭരണഘനനാ ശില്പികളിലൊരായ ബാബാ സാഹബ് അംബേറ്കറെ ഉപമിച്ചത് പാലാരിവട്ടത്തെ പാലത്തിലെ ബീമിനോടാണ്. അഥവാ അദ്ദേഹത്തിന് ജയ് ഭീം എന്നത് പാലാരിവട്ടം പാലത്തിലെ ബീമുകളാണെന്ന ധാരണയെ ഉള്ളൂ എന്നര്‍ഥം. ഈ എം.എല്‍.എ സത്യപ്രതിജ്ഞ ചെയ്തത് അംബേദ്കറെ പോലുള്ള മഹാമനീഷികള്‍ തയ്യാറാക്കിയ ഭരണഘടനയെ തൊട്ട് സത്യം ചെയ്താണ് എന്നുള്ളത് എന്തൊരു വൈരുധ്യമാണ്. അംബേദ്കറെ പോലുളള ഒരു മനുഷ്യനെ അംഗീകരിക്കാതിരിക്കാന്‍ മാത്രമുള്ള കെട്ട ജാതിബോധം ഈ എം.എല്‍.എ ഇപ്പോഴും പേറി നടക്കുന്നു എന്നാണൊ ഇതില്‍ നാം മനസ്സിലാക്കേണ്ടത്.? പുതിയ കാലത്തെയും ലോകത്തെയും മനസ്സിലാക്കാന്‍ കഴിയാത്തവര്‍ പൊതു ഇടങ്ങളില്‍ വന്ന് അസഭ്യവര്‍ഷം നടത്തരുത്. അതിനാല്‍ രാഷ്ട്രീയ ജന്മികളോട് പറയാന്‍ ഇത്രമാത്രം. അല്ലയോ രാഷ്ട്രീയ ജന്മികളേ നിങ്ങളുടെ വായിലൂടെ വിസര്‍ജിക്കുന്ന വാക്കുകള്‍ അന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന രൂക്ഷഗന്ധത്തെ കുറിച്ച് എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ. ഒരു ജനതക്ക് സഹിക്കാവുന്നതിലപ്പുറം നിങ്ങള്‍ ഭത്സനങ്ങളും തെറികളും നടത്തിയില്ലേ. നിങ്ങളുടെ വിവരക്കേടുകള്‍ സഹിക്കാന്‍ ഇനിയും ഈ ജനതക്ക് സാധ്യമല്ല. നിങ്ങളുടെ വാക്കുകള്‍ നിങ്ങളുടെ അനുയായികളാല്‍ തെരുവില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഓര്‍മപ്പെടുത്തുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അല്ലയോ സാംസ്‌കാരിക നായകരേ നിങ്ങള്‍ സംസ്‌കാരം ഉല്‍പാദിപ്പിക്കേണ്ടവരാണ്. മറിച്ച് സംസ്‌കാരമില്ലാത്ത ഒരു ജനതയെ വഴിനടത്തേണ്ടവരല്ല. അതിനാല്‍ ഈ രാഷ്ട്രീയ ജന്മിമാര്‍ പുറന്തള്ളുന്ന വൃത്തികേടുകളെ ഭാഷാ സൗന്ദര്യ ശാസ്ത്രത്തിന്റെ പുതിയ പരികല്‍പനയിലൂടെ വിശദീകരിക്കാതിരിക്കുക. എല്ലാ തെറികളെയും പുതിയ ഭാവുകത്വമായി വ്യാഖ്യാനിച്ച് കാല്‍പനികവല്‍ക്കുന്ന പ്രവണത അവസാനിപ്പിക്കുക. ഉയര്‍ന്ന ജനാധിപത്യ ബോധമുള്ള സാംസ്‌കാരിക ഔന്നത്യത്തില്‍ ജീവിക്കുന്ന ഒരു ജനതയാണ് നാം എന്ന് മേനി നടിക്കുമ്പോഴും വാക്കുകളില്‍ പ്രകടമാവുന്ന ജനാധിപത്യ വിരുദ്ധത, വംശീയ അധിക്ഷേപം, സ്ത്രീ വിരുദ്ധത ഉപേക്ഷിക്കാന്‍ സമയമായെന്ന് നിങ്ങള്‍ അവരെ ബോധ്യപ്പെടുത്തുക.

അല്ലയോ സാധാരണക്കാരായ രാഷ്ട്രീയ പ്രവര്‍ത്തകരെ നേതാക്കള്‍ വിളിച്ചു പറയുന്ന എല്ലാ തരം വൃത്തികേടുകളും ഏറ്റെടുക്കുന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനം എന്ന അന്ധവിശ്വാസത്തെ ഉപേക്ഷിക്കുക. നിങ്ങളുടെ നേതാക്കള്‍ രാഷ്ട്രീയ എതിരാളികളെ വിളിക്കുന്ന തെറികള്‍ തിരുത്തിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയണം. അങ്ങിനെ അല്ലാ എങ്കില്‍ നിങ്ങള്‍ക്ക് ആടിത്തിമിര്‍ക്കാനുള്ള വാക്കുകള്‍ ഈ രാഷ്ട്രീയ ജന്‍മിമാര്‍ നിരന്തരം ഉല്‍പാദിപ്പിച്ചു കാണ്ടേയിരിക്കും. അത് എറ്റെടുത്ത് തെരുവില്‍ ആര്‍ത്തട്ടഹസിക്കുമ്പോള്‍ രാഷ്ട്രീയ അടിമകള്‍ എന്ന വിശേഷണത്തിന് സ്വയം അര്‍ഹത നേടിയവരായി നിങ്ങളും മാറികഴിഞ്ഞു. ഇത്തരം രാഷ്ട്രീയ അടിമകകളാല്‍ സമ്പുഷ്ടമാണ് നമ്മുടെ നാട് എന്ന് വരുംതലമുറയെങ്കിലും പറയാതിരിക്കാനുള്ള വിവേകമെങ്കിലും നാം കാണിക്കേണ്ടിയിരിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply