ജനാധിപത്യവും ഗവര്‍ണറും അഥവാ കാലു തിന്നുന്ന ചെരുപ്പ്

എക്‌സിക്യൂട്ടീവ് ഹെഡ് എന്ന നിലയില്‍ പ്രസിഡന്റിന്റെ അത്ര റബ്ബര്‍ സ്റ്റാമ്പ് അല്ല ഗവര്‍ണര്‍. ആരിഫ് മുഹമ്മദ് ഖാനെ പോലെ ജനാധിപത്യ ബോധവും വിവേചന ബുദ്ധിയും ഇല്ലാത്തവര്‍ ഗവര്‍ണര്‍ ആകുകയും കേന്ദ്രത്തില്‍ ജനാധിപത്യവിരുദ്ധ സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുകയും ചെയ്താല്‍ അത് നമ്മുടെ ഫെഡറല്‍ സംവിധാനത്തെ വളരെ ദുര്‍ബലമാക്കും.

ആരിഫ് മുഹമ്മദ് ഖാന്‍ വാസ്തവത്തില്‍ ഇപ്പോള്‍ കാലു തിന്നുന്ന ചെരുപ്പായി തീര്‍ന്നിരിക്കുന്നു .NDA കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം അവര്‍ നോമിനേറ്റ് ചെയ്ത ഗവര്‍ണര്‍മാര്‍ നിക്ഷിപ്ത താല്പര്യങ്ങളോടെ സംസ്ഥാന സര്‍ക്കാരുകളുമായി ഉണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലമാക്കുകയും ഭരണഘടനാ പ്രതിസന്ധിയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയുമാണ്. ആരിഫ് മുഹമ്മദ് ഖാന്റെ വകതിരിവില്ലാത്ത പെരുമാറ്റം പ്രധാനമായും മൂന്ന് ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

1) ഗവര്‍ണര്‍ പദവി ജനാധിപത്യത്തിനും ഫെഡറല്‍ സംവിധാനത്തിനും നിരക്കുന്ന ഒന്നാണോ

2) ജനാധിപത്യത്തിന്റെ കാര്യക്ഷമവും ഊര്‍ജ്ജസ്വലവുമായ നിലനില്‍പ്പിനെ , കീഴ് വഴക്കങ്ങള്‍ക്കും വ്യക്തികളുടെ (ഭരണഘടനാ പദവി വഹിക്കുന്ന ) വിവേചനാധികാരത്തിനും വിട്ടു നല്‍കുന്നത് ഹിതകരമാണോ?

3) ജനങ്ങളുടെ ഹിതത്തിനു മേല്‍ (തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുമേല്‍ ) ഗവര്‍ണര്‍ക്ക് വിവേചനാധികാരം നല്‍കുന്ന ഭരണഘടനയുടെ ആന്തരിക ദൗര്‍ബല്യങ്ങളും വൈരുദ്ധ്യങ്ങളും എത്രത്തോളം ഗുരുതരമാണ്?

നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത് ഇരട്ട ഭരണ സംവിധാനമാണ്. കേന്ദ്രവും സംസ്ഥാനവും .പ്രസിഡന്റ് കേന്ദ്രത്തിലെയും ഗവര്‍ണര്‍ സംസ്ഥാനത്തെയും നാമമാത്രമായ എക്‌സിക്യൂട്ടീവ് ഹെഡ് ആണ് . നോമിനല്‍ എക്‌സിക്യൂട്ടീവ് ഹെഡ് എന്ന നിലയില്‍ ഭരണഘടന പ്രസിഡന്റിന് യാതൊരു വിവേചന അധികാരവും നല്‍കുന്നില്ല.ഗവര്‍ണറുടെ ഭരണഘടനാ പദവി പ്രസിഡന്റിന്റെതില്‍ നിന്നും പ്രധാനമായും രണ്ടുതരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

1)സവിശേഷ സാഹചര്യങ്ങളിലെ ഗവര്‍ണറുടെ വിവേചന അധികാരം . പ്രസിഡണ്ടിന് അങ്ങനെ ഒരു അധികാരമില്ല. ഗവര്‍ണര്‍ ഇങ്ങനെ വിനിയോഗിക്കുന്ന വിവേചനാധികാരത്തെ, അതിന്റെ യുക്തിഭദ്രതയെ ചോദ്യം ചെയ്യുക സാധ്യമല്ല. കാര്യക്ഷമതയുള്ള ഒരു ജനാധിപത്യത്തില്‍ വിവേചന അധികാരത്തിന് സ്ഥാനമില്ല. ഭരണഘടന അടിസ്ഥാനപരമായി ഊര്‍ജ്ജസ്വലമായ ഒരു ജനാധിപത്യത്തെ വിഭാവനം ചെയ്യുമ്പോള്‍ തന്നെ അതിന് കടകവിരുദ്ധമായ ആശയങ്ങളെയും അതുള്‍ക്കൊള്ളുന്നു.

ഇത് ഇന്ത്യന്‍ ഭരണഘടനയുടെ വലിയ ദൗര്‍ബല്യമാണ് .ഭരണഘടന നമ്മള്‍ കല്‍പ്പിക്കും പോലെ ഒരു വിശുദ്ധ പശുവല്ല. ആന്തരിക വൈരുദ്ധ്യങ്ങള്‍ കൊണ്ട് വളരെ ദുര്‍ബലമായ ഒരു ഭരണഘടനയാണ് നമ്മുടേത്. ഗവര്‍ണര്‍ക്ക് തന്റെ പദവി ദുരുപയോഗം ചെയ്യാന്‍ കഴിയുന്നതും ഭരണകൂടങ്ങള്‍ക്ക് നിരന്തരം പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ കഴിയുന്നതും അതുകൊണ്ടാണ്.

2) ഭരണഘടനയുടെ 42-ാം ഭേദഗതി, കേന്ദ്ര ക്യാബിനറ്റ് തീരുമാനത്തിന് പ്രസിഡണ്ടിനെ പൂര്‍ണമായും വഴിപ്പെടുത്തുന്നു. എന്നാല്‍ അത്തരം ഒരു സാഹചര്യം ഗവര്‍ണറുടെ കാര്യത്തില്‍ ഇല്ല .

ചുരുക്കിപ്പറഞ്ഞാല്‍ എക്‌സിക്യൂട്ടീവ് ഹെഡ് എന്ന നിലയില്‍ പ്രസിഡന്റിന്റെ അത്ര റബ്ബര്‍ സ്റ്റാമ്പ് അല്ല ഗവര്‍ണര്‍. ആരിഫ് മുഹമ്മദ് ഖാനെ പോലെ ജനാധിപത്യ ബോധവും വിവേചന ബുദ്ധിയും ഇല്ലാത്തവര്‍ ഗവര്‍ണര്‍ ആകുകയും കേന്ദ്രത്തില്‍ ജനാധിപത്യവിരുദ്ധ സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുകയും ചെയ്താല്‍ അത് നമ്മുടെ ഫെഡറല്‍ സംവിധാനത്തെ വളരെ ദുര്‍ബലമാക്കും.

ആരിഫ് മുഹമ്മദ് ഖാന്റെ ഔചിത്യ ബോധത്തിന്റെയും ജനാധിപത്യ മര്യാദയുടെയും കുറവ് മാത്രമായി ഈ വിഷയത്തെ ന്യൂനീകരിക്കാന്‍ കഴിയില്ല. മറിച്ച് അത് നമ്മുടെ ഭരണഘടനയുടെ ദൗര്‍ബല്യവും പുഴുക്കുത്തും കൂടിയാണ് വെളിവാക്കുന്നത്. ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്ത ഗവര്‍ണര്‍ പദവിയെ ഭരണഘടന മുന്നോട്ടുവെക്കുന്നു. തന്നെയുമല്ല സവിശേഷ സാഹചര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് ഭരണഘടന വിവേചന അധികാരവും നല്‍കുന്നു. ഈ വിവേചനാധികാരത്തിന്റെ തോന്ന്യാസം ഉള്ള വിനിയോഗത്തെ ചോദ്യം ചെയ്യാനും കഴിയില്ല. നിയമസഭ പാസാക്കിയ ഒരു ബില്ല് ഗവര്‍ണര്‍ ഒപ്പിടാതെ നീട്ടിവെച്ചുകൊണ്ടിരുന്നാല്‍ ക്യാബിനറ്റിന് എന്ത് ചെയ്യാന്‍ കഴിയും.

ഭരണഘടന മൗലികാവകാശങ്ങള്‍ വിഭാവനം ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും എത്ര ബുദ്ധിമുട്ടിയാണ് അത് സംരക്ഷിക്കാന്‍ കഴിയുക. ഇവിടെ സ്റ്റേറ്റിനെതിരെ സംസാരിക്കുന്നവരുടെ മൗലികാവകാശങ്ങള്‍ എത്രമാത്രമാണ് നിഷേധിക്കപ്പെടുന്നത്. നമ്മുടെ ഭരണഘടന ഒരുതരത്തില്‍ ഒരു ഏണിയും പാമ്പും കളി പോലെയാണ്. അനുച്ഛേദം 19 (1) ഒരു ഏണിയായി നില്‍ക്കുമ്പോള്‍ തന്നെ 19 (2) ന്റെ രൂപത്തില്‍ വാ പിളര്‍ന്ന് പാമ്പായും നില്‍ക്കുന്നു. പൗരന്റെ മൗലികാവകാശങ്ങളെ അനായാസം സ്റ്റേറ്റിന് നിഷേധിക്കുവാന്‍ അത് അവസരം നല്‍കുന്നു. ഇങ്ങനെ വളരെയേറെ ആന്തരിക വൈരുദ്ധ്യങ്ങളെ നമ്മുടെ ഭരണഘടന പേറുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തിലും മഹാരാഷ്ട്രയിലും ബംഗാളിലും ഒക്കെ ഗവര്‍ണര്‍മാര്‍ കാട്ടുന്ന ഈ തോന്ന്യാസങ്ങള്‍ വെറും അനൗചത്യം മാത്രമല്ല. ഭരണഘടനയുടെ അത്യന്തം ഗുരുതരമായ ദൗര്‍ബല്യം കൂടിയാണ് അത് വെളിവാക്കുന്നത്. സജി ചെറിയാന്‍ പറഞ്ഞതുപോലെ ഭരണഘടന പലപ്പോഴും ഒരു കുന്തമോ കൊടചക്രമോ ഒക്കെയാണ്…

ഇന്‍ഡ്യന്‍ ദേശീയ ബോധം ഉയര്‍ന്നു വന്നത് ബ്രിട്ടീഷ് കോളനി വിരുദ്ധ വികാരത്തില്‍ നിന്നാണ് . ഒരു മലയാളിയെയോ, തമിഴനെയോ ഒരു കാശ്മീരിയുമായി, ആസാമിയുമായി, ബിഹാറിയുമായി ബന്ധിപ്പിക്കുന്ന മാറ്റാരു പൊതു വികാരവുമില്ല . ബ്രിട്ടീഷുകാരാല്‍ ഭരിയ്ക്കപ്പെടുക എന്ന പൊതു നിയോഗത്തില്‍ നിന്ന്, അതില്‍ നിന്നും മോചിതരാവുക എന്ന പൊതു ലക്ഷ്യമുണ്ടാകുന്നു. ആ പൊതുലക്ഷ്യത്തില്‍ നിന്നാണ് നമ്മുടെ ദേശീയ ബോധം ഉയര്‍ന്നത് . അത്തരം ഒരു ദേശീയ ബോധത്താല്‍ സൃഷ്ട്ടിക്കപ്പെട്ട നമ്മുടെ രാജ്യത്തിന് വേണ്ടിയിരുന്നത് കരുത്തുറ്റ ഫെഡറല്‍ സംവിധാനമായിരുന്നു . എന്നാല്‍ നമ്മുടെ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്‌ളി രൂപം നല്‍കിയത് ഒരര്‍ദ്ധ ഫെഡറല്‍ സംവിധാനത്തെയാണ് .അതൊരു വലിയ പിഴവായിരുന്നു എന്നാണ് ഇന്ന് തോന്നുന്നത് . കരുത്തുറ്റ ഫെഡറല്‍ സംവിധാനം ദേശീയ ഫാസിസത്തിനെതിരായ ഒരു പ്രതിരോധം കൂടിയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply