എം എല്‍ എഫ് ഒരു ബദലാണ്

നവംബര്‍ മുപ്പതിന്ന് തുടങ്ങി ഡിസംബര്‍ മൂന്നിന്ന് അവസാനിച്ച മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒരേ സമയം മുസ്ലിംകള്‍ക്കിടയിലും മുഖ്യധാരയിലും സൃഷ്ടിച്ച തിരയിളക്കങ്ങള്‍ കൗതുകകരമാണ്. വലിയ മുന്നൊരുക്കങ്ങളോടെ വര്‍ഷങ്ങളായി കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടന്നു വരുന്ന അതേ വേദിയില്‍ ഏതാണ്ട് അതേ രീതിയില്‍ തന്നെയാണ് എം.എല്‍.എഫും നടന്നത്.

കെ.എല്‍.എഫ് മലയാളത്തിലെ ഒരു പ്രമുഖ പ്രസാധക സ്ഥാപനമാണ് നടത്തുന്നത്. എല്ലാ വിധ സര്‍ക്കാര്‍ സന്നാഹങ്ങളും മേളക്കൊപ്പമുണ്ട് , രാഷ്ട്രീയ പിന്‍ബലവും കെ.സച്ചിദാനന്ദനെപ്പോലെയുള്ള ഒരാളുടെ ഭാവനയും ആസൂത്രണവുമുണ്ട്. ഏത് നിലയ്ക്കും ഒരു മെഗാ ഇവന്റായി പ്രശോഭിക്കേണ്ട പശ്ചാത്തലമാണ് അതിന്നുള്ളത്. ഈ പരിസരത്തേക്കാണ് പറയത്തക്ക സാംസ്‌ക്കാരിക മൂലധനമൊന്നുമില്ലാത്ത ഒരു മുസ്ലിം ഗ്രൂപ്പ് എം.എല്‍.എഫുമായി കടന്നുവരുന്നത്. ഹാദിയ എന്നു പേരുള്ള , ചെറപ്പക്കാരുടെ ഒരു സംഘം. തിരൂരങ്ങാടിക്കടുത്ത് ചെമ്മാട്ട് പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഹുദാ എന്ന സമാന്തര ഇസ്ലാമിക കലാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍. ഈ കലാലയം തന്നെയും മുസ്ലിംകള്‍ക്കിടയിലെ ഉല്പതിഷ്ണു പാരമ്പര്യം അവകാശപ്പെടുന്ന മുജാഹിദുകളുടേതോ ജമാഅത്തെ ഇസ്ലാമിക്കാരുടേതോ അല്ല. ആധുനികതയുടെ വക്താക്കളുടേതുമല്ല. വേഷത്തിലും ആചാരങ്ങളിലും ദൈവശാസ്ത്ര വിവക്ഷകളിലുമെല്ലാം യാഥാസ്ഥിതികത വെച്ചു പുലര്‍ത്തുന്ന പാരമ്പര്യമാണ് ഈ കലാശാലയുടേത്. എല്ലാ അര്‍ത്ഥത്തിലും പരിമിതമായ വിഭവശേഷി മാത്രമുള്ള ഇങ്ങനെയൊരു കൂട്ടര്‍ക്ക് ഇത്തരമൊരു ഫെസ്റ്റിവല്‍ നടത്താനാവുമോ എന്നായിരുന്നു ലിബറല്‍ പൊതുബോധത്തിന്റെ ആദ്യ സംശയം. എങ്കില്‍ പിന്നെ ഈ പിള്ളേര്‍ക്ക് പിന്നില്‍ ആര് എന്നായി വ്യവസ്ഥാപിത സാംസ്‌ക്കാരിക പ്രവര്‍ത്തന മണ്ഡലങ്ങളുടേയും ഇടതുപക്ഷ പുരോഗമനശക്തികളുടെയുമെല്ലാം ആശങ്ക. അറബിപ്പണം, ഇസ്ലാമിക മാലിക വാദം, ആറാം നൂറ്റാണ്ടിലേക്കുള്ള തിരിച്ചു പോക്ക് തുടങ്ങിയ പല ഉത്തരങ്ങളിലേക്കും അന്വേഷണത്തിന്റെ മുനകള്‍ നീണ്ടു. അവിശ്വാസത്തോടും സംശയത്തോടും കൂടിയാണ് മുഖ്യധാരാ സാംസ്‌കാരിക മണ്ഡലം എം.എല്‍.എഫിന്നു നേരെ നോക്കിയത്. മലപ്പുറം ജില്ലയുടെ മുന്നേറ്റങ്ങള്‍ക്ക് നേരെയുണ്ടാവുന്ന പുരികം ചുളിച്ചിലുകള്‍ക്ക് സമാനമായിരുന്ന വ്യവസ്ഥാപിത പൊതുബോധത്തിന്റെ നോട്ടം. ഏതായാലും ശക്തമായ ലിബറല്‍ സ്‌കാനറുകളുടെ പരിധിയിലായിരുന്നു മേള.

ഈ സംശയങ്ങളെ അസ്ഥാനത്താക്കിക്കൊണ്ട് സംഘാടകര്‍ മേളയെ മികച്ചതാക്കി. പാനലിസ്റ്റുകളിലും കേള്‍വിക്കാരായി പങ്കെടുത്തവരിലും ഭൂരിപക്ഷവും ചെറുപ്പക്കാരായിരുന്നു. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ക്കും ലഭിച്ചു. നല്ല പ്രാതിനിധ്യം.. അധിനിവേശ സ്മൃതിയില്‍ മലബാറിന്റെ ചരിത്രത്തേയും സംസ്‌ക്കാരത്തേയും പ്രതിഷ്ഠിക്കുന്ന തരത്തില്‍ കടലിനെ പ്രമേയമാക്കിയാണ് ഫെസ്റ്റിവല്‍ ആവിഷ്‌കരിച്ചത്. മിക്കവാറും ചര്‍ച്ചകളും സര്‍ഗാവിഷ്‌ക്കാരങ്ങളും മലബാര്‍ കേന്ദ്രീകൃതമായിരുന്നുതാനും. മലയാളിയുടെ സാംസ്‌ക്കാരിക ജീവിതത്തെ വ്യത്യസ്തമായ സ്വത്വബോധങ്ങളുടെ അടിത്തറയേല്‍ നിര്‍ത്തി നോക്കി കാണുന്ന മേളയായിരുന്നു ഇത്. മുഖ്യധാര നാടുകടത്തിയ മത ധ്വനികളേയും (മാപ്പിള ) ഭൂമിശാസ്ത്രാതിര്‍ത്തികളേയും (മലബാര്‍ ) വീണ്ടെടുക്കാനുള്ള ശ്രമം എന്ന് ഇതിനെ വിശേഷിപ്പിക്കാം. മറ്റു പുസ്തകമേളകളുടെ സാംസ്‌ക്കാരികമായ ഏകതാനതയെ എം.എല്‍.എഫ് മറികടന്നത് ഒരു സാംസ്‌ക്കാരിക പ്രതിരോധം എന്ന മാനം അതിന്നു നല്‍കി കൊണ്ടാണ്. യുവതീ യുവാക്കളുടേതായിരുന്നു ഫെസ്റ്റിവല്‍. ഓടിത്തളര്‍ന്ന കുതിരകളുടെ പന്തയമായിരുന്നില്ല അത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മുഖ്യധാര കാണാതിരിക്കുകയോ കാണാന്‍ വിസമ്മതിക്കുകയോ ചെയ്യുന്ന ഒരു സമാന്തര മുസ്ലിം ജീവിതമുണ്ട്. പലിശാധിഷ്ഠിത ബാങ്കുകള്‍ക്ക് പകരം പലിശ രഹിത ബാങ്കിംഗ്, സിനിമക്ക് ബദലായി ഹോം സിനിമ, പൊതു വിദ്യാഭ്യാസത്തില്‍ നിന്ന് വ്യത്യസ്തമായി സമാന്തര വിദ്യാഭ്യാസം – ഒരു പക്ഷേ ഒരു പാരലല്‍ എക്കണോമി പോലും മുസ്ലിം മുന്‍ കൈയോടെ രൂപപ്പെടുന്നുണ്ട്. ഈ ഫെസ്റ്റിവലും ഒരര്‍ത്ഥത്തില്‍ കേരളത്തിലെ മുസ്ലിം മുന്നേറ്റത്തിന്റെ ദിശ നിര്‍ണ്ണയിച്ചു തരുന്ന ഒരു ബദല്‍ സൂചകമാണ്. മുസ്ലിം ചെറുപ്പക്കാര്‍, വിശേഷിച്ചും സ്ത്രീകള്‍ , മുഖ്യധാരക്ക് ഉള്‍ക്കൊള്ളാനാവാത്ത തരത്തില്‍ അവരുടെ സഞ്ചാരപഥങ്ങള്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്. ഈ യാത്ര ആധുനികതയുടെ വാര്‍പ്പു മാതൃകാനിര്‍വ്വചനങ്ങളുടെ വഴിയിലൂടെയല്ല. ശിരോവസ്ത്രങ്ങള്‍ക്കടിയില്‍ ചെറുത്തു നില്പിന്റെ മുദ്രകള്‍ കാണാവുന്നതരത്തില്‍ സ്ത്രീകള്‍ സ്‌ത്രൈണ ആത്മീയതയുടെ ചൈതന്യം സൂക്ഷിക്കുന്നതിന്റെ അടയാളങ്ങള്‍ പല ചര്‍ച്ചകളിലും കാണാനിടയായി.. പുരുഷന്മാര്‍ സ്ത്രീകളുടെ കൈകാര്യകര്‍ത്താക്കളാണ് എന്ന ഖുര്‍ആനിക പരികല്പനയെ നിരാകരിക്കാതെ തന്നെ ഇസ്ലാമിന്റെ അടിസ്ഥാന ഘടകമായ അനുസരണമെന്ന ആശയത്തെ വിശ്വാസത്തിന്റെ അനുപേക്ഷണീയതയായി മറ്റൊരു മാനത്തോടെ അവതരിപ്പിക്കുന്നു ഈ സ്ത്രീകള്‍ . അതിനെ ഇസ്ലാമിക ഫെമിനിസമെന്ന ചട്ടക്കൂട്ടിലേക്ക് അവര്‍ ഒരുക്കുന്നില്ല. മുസ്ലിം തിയോളജി എന്ന നൂതനമായ പരികല്പനയിലേക്ക് ഇസ്ലാമിലെ സ്ത്രീ സംജ്ഞകളെ സന്നിവേശിപ്പിക്കുമ്പോള്‍ അത് വ്യവസ്ഥാപിത ആധുനിക ബോധത്തോട് പൊരുത്തപ്പെടണമെന്നില്ല. എന്നാല്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ പുതിയ ലോകത്തെ നേരിടാന്‍ അത് മതി എന്ന് ഈ പെണ്‍കുട്ടികള്‍ പ്രഖ്യാപിക്കുന്നു. എം.എല്‍.എഫിലെ ഏറ്റവും ശ്രദ്ധേയമായ ഒരു സെഷനായിരുന്നു തട്ടം പിടിച്ചു വലിക്കുമ്പോള്‍ എന്നത്. ലിബറല്‍ പൊതുബോധത്തിന്റെ മീഡിയോക്രിറ്റിയെ ഇത് ഞെട്ടിച്ചു. റിവല്യൂഷന്‍ അണ്ടര്‍ ദി ഹെഡ് സ്‌കാര്‍വ്‌സ് എന്ന് പറയാവുന്ന തരത്തില്‍. അതിന്റെ അര്‍ത്ഥാന്തരങ്ങളുണ്ടാക്കുന്ന ആഘാതങ്ങള്‍ കണ്ടറിഞ്ഞിട്ടു വേണം.

എം.എല്‍.എഫ് തീര്‍ച്ചയായും ഒരു ബദല്‍ ആണ്. ഒരേ സമയം മുഖ്യധാരയേയും . തങ്ങളുടെ തന്നെ സംരക്ഷകരേയും ചോദ്യം ചെയ്യുന്ന ബദല്‍. മുസ്ലിം പെണ്‍കുട്ടികള്‍ എഴുത്തു പഠിക്കാന്‍ പാടില്ല എന്ന 1931 ലെ ഫത്വ ഇനിയും പിന്‍വലിക്കപ്പെട്ടിട്ടില്ല. സമ്മാനം വാങ്ങാന്‍ സ്റ്റേജില്‍ കയറിയ പെണ്‍കുട്ടിയെ പുറത്തിറക്കിയ മതപാരമ്പര്യം റദ്ദാക്കപ്പെട്ടിട്ടുമില്ല. ഈ ആശയലോകത്തില്‍ നിന്നുകൊണ്ട് അതിനെ ചോദ്യം ചെയ്യാനാണ് എം.എല്‍.എഫിന്റെ സംഘാടകര്‍ ശ്രമിച്ചത്. മുഖ്യധാരയില്‍ ഇടം കിട്ടാത്തവയോ പുറംതള്ളപ്പെട്ടവയോ ആയ തങ്ങളുടെ സ്വത്വപ്രകടനത്തിന്നു ഫെസ്റ്റിവല്‍ സംഘാടകര്‍ ശ്രമിച്ചു. ഈ അര്‍ത്ഥത്തില്‍ അവര്‍ ഒരേ സമയം രണ്ടു വെല്ലുവിളികളാണ് ഏറ്റെടുത്തിട്ടുള്ളത്. ഈ വെല്ലുവിളികള്‍ എത്രത്തോളം മുന്നോട്ടു കൊണ്ടുപോകാന്‍ അവര്‍ക്കു സാധിക്കും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഫെസ്റ്റിവലിന്നെതിരായി ഉയര്‍ന്നുവന്ന എതിര്‍പ്പുകള്‍ അതിന്റെ സൂചനയാണു. മേളയിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ സ്വഭാവം, ഇടപഴകലുകളുടെ മേല്‍ ആരോപിക്കപ്പെട്ട മത വിരുദ്ധത, കലാപരിപാടികളുടെ അനിസ്ലാമിക ത തുടങ്ങിയവയാണ് വിമര്‍ശനവിധേയമായത്. മാതൃ സ്ഥാപനമായ ദാറുല്‍ ഹുദാ മേളയെ തള്ളിപ്പറഞ്ഞു. ഈ അവസ്ഥയില്‍ എം.എല്‍.എഫിന് തുടര്‍ച്ചയുണ്ടാവുമോ എന്നു പോലും സംശയിക്കുന്നവരുണ്ട്. എന്നാല്‍ സംഘാടകര്‍ പുലര്‍ത്തുന്ന ആത്മവിശ്വാസം ഈ സംശയങ്ങളെ റദ്ദാക്കുകയും ചെയ്യുന്നുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply