സിറ്റിസണ്‍ ഫോര്‍ ഡെമോക്രസി – കാലം ആവശ്യപ്പെടുന്ന പ്രസ്ഥാനം, പക്ഷെ

ഇന്ത്യന്‍ സാഹചര്യത്തിലും കേരള സാഹചര്യത്തിലും വളരെ പ്രസക്തമായ ഒരു പ്രസ്ഥാനത്തിന് കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് രൂപം കൊടുക്കുകയുണ്ടായി. സിറ്റിസണ്‍ ഫോര്‍ ഡെമോക്രസി എന്ന പേരിലാരംഭിച്ചിരിക്കുന്ന ജനാധിപത്യ കൂട്ടായ്മയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയരംഗത്ത് സുപരിചിതരായ ശ്രീജ നെയ്യാറ്റിന്‍ കരയും കെ ജി ജഗദീശനുമാണ് ഈ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കുന്നത്. സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിക്കുന്ന നയരേഖയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫാസിസവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയെ സമഗ്രമായി തന്നെ രേഖ വിലയിരുത്തുന്നു. എന്നാല്‍ സംഘടനയുടെ പ്രവര്‍ത്തന മേഖല കേരളമാണെന്നു പറയുമ്പോഴും സംസ്ഥാനത്തിന്റെ രാഷ്ട്രീയ – സാമൂഹ്യ രംഗത്തെ വിശകലനം ചെയ്യുന്നതില്‍ രേഖ വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചിട്ടില്ലെന്നു പറയാതെ വയ്യ.

ജനാധിപത്യത്തെ മഹത്തായ രാഷ്ട്രീയ ആദര്‍ശമായി പിന്തുടരുന്ന പൗരന്മാരുടെ കൂട്ടായ്മയാണ് C4D (citizen for democracy) എന്നു ആമുഖമായി രേഖയില്‍ പറയുന്നു. നീതി അതിന്റെ അടിസ്ഥാന ദര്‍ശനമാണെന്നും ഭരണഘടനാ തത്വങ്ങള്‍ അതിന്റെ ആത്മാവാണെന്നും. കുറ്റവും കുറവുകളും ഏറെയുണ്ടെങ്കിലും ലോകത്തില്‍ ഏറ്റവും സ്വീകാര്യമായ ഭരണവ്യവസ്ഥയും ജീവിത രീതിയുമായാണ് ജനാധിപത്യത്തെ ഈ കൂട്ടായ്മ വിലയിരുത്തുന്നത്. ഭരണപക്ഷം – പ്രതിപക്ഷം എന്ന പാര്‍ലമെന്ററി സങ്കല്പവും അതിന്റെ സംഘടനാരൂപവും ജനാധിപത്യത്തിന് അനിവാര്യമായ ഘടകമാണെങ്കിലും അതേ പോലെ അധികാരത്തിന്റെ പാര്‍ലമെന്റേതര പൗര പ്രതിപക്ഷം എന്ന സങ്കല്പവും ഉണ്ടാകേണ്ടിയിരിക്കുന്നു എന്നു രേഖ കൃത്യമായി വിലയിരുത്തുന്നു. അധികാരത്തില്‍ നിന്ന് തഴയപ്പെടുന്ന, പുറത്താക്കപ്പെടുന്ന ദലിതര്‍, ആദിവാസികള്‍, തോട്ടം തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, പിന്നാക്ക വിഭാഗങ്ങള്‍, സ്ത്രീകള്‍, ലൈംഗീക – ന്യൂനപക്ഷങ്ങള്‍, ഭാഷാ ന്യൂനപക്ഷങ്ങള്‍, മത ന്യൂനപക്ഷങ്ങള്‍, മറ്റ് അസംഘടിതര്‍, അധികാര മോഹമില്ലാത്തവര്‍, മുഖ്യധാരയില്‍ നിന്നും ഒപ്പം വികസനത്തില്‍ പരിപ്രേഷ്യത്തില്‍ നിന്നും പുറന്തള്ളപ്പെട്ടര്‍ എന്നിവരെല്ലാം ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്റേതര- സാമൂഹ്യ പ്രതിപക്ഷം എന്ന ‘സിവില്‍ സമൂഹ’ കാഴ്ചപ്പാടാണ് സംഘടന ഉയര്‍ത്തിപ്പിടിക്കുന്നത്. ഈ കാഴ്ചപ്പാട് അനുസരിച്ച് വ്യക്തിയേയും, സമൂഹത്തെയും അധികാര രാഷ്ട്രീയത്തെയും ഒരുപോലെ തിരുത്തലിന് പ്രേരിപ്പിക്കുന്നതിനാല്‍ അധികാര രാഷ്ട്രീയത്തിന് പുറത്താണ് സംഘടന നിലയുറപ്പിച്ചിട്ടുള്ളത്.

ഇന്ത്യയുടെ മത നിരപേക്ഷ ജനാധിപത്യം, മതരാഷ്ട്ര വാദത്താല്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരമൊരു സംഘടനക്ക് രൂപം കൊടുക്കുന്നത്. മത രാഷ്ട്ര വാദം ജനാധിപത്യ വിരുദ്ധവും, ഭരണഘടനാ വിരുദ്ധവും, സാമൂഹിക വിഘടനം സൃഷ്ടിക്കുന്ന ഫാഷിസവുമാണ്. സഹോദര്യത്തിന്റെ മറുപേരായ ജനാധിപത്യത്തിന്റെ എതിര്‍ദിശയിലേക്കാണ് അതിന്റെ പ്രയാണം. ബഹുസ്വരമായ രാഷ്ട്ര സങ്കല്‍പ്പത്തിന് വിരുദ്ധവുമാണത്. രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും അതുയര്‍ത്തുന്നത് ഭീഷണിയും ആശങ്കയും പരകോടിയിലെത്തി നില്‍ക്കുന്നു. ഇന്ത്യയെന്ന ആശയം റദ്ദാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ സന്ദിഗ്ധ ഘട്ടത്തില്‍, ഭരണഘടനാ തത്വങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാന്‍ സമര്‍പ്പിത പോരാട്ടം നടത്തുന്ന ജനകീയ മുന്നേറ്റം കാലത്തിന്റെ നിയോഗമാണ്. – രേഖയിലെ ഈ നിലപാടുകളോട് ജനാധിപത്യ മതേതരവാദികള്‍ക്ക് ഒരു അഭിപ്രായഭിന്നതക്കും സാധ്യതയില്ല. സ്ത്രീ സമത്വത്തിന്റെയും, ദലിത്, ആദിവാസി, ന്യൂനപക്ഷ, പിന്നാക്ക, മതന്യൂനപക്ഷ, പാരിസ്ഥിതിക ,ലൈംഗിക ന്യൂനപക്ഷ വിഷയങ്ങളും, സംവരണമുള്‍പ്പെടെയുള്ള നീതിപക്ഷ ആശയങ്ങളും ഭരണഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ സാമൂഹ്യ പ്രതിപക്ഷമെന്ന സിവില്‍ സമൂഹ സ്ഥാനത്തു നിന്നുകൊണ്ട് സമഗ്രമായ തിരുത്തലിന് വിധേയമാക്കുന്ന ഒരു നൂതനമായ ജനാധിപത്യ രാഷ്ട്രീയം ഉയര്‍ത്തുന്ന സ്വതന്ത്രമായ കൂട്ടായ്മക്ക് നേതൃപരമായ പങ്ക് വഹിച്ച് ഇരകള്‍ക്കും പിന്തള്ളപ്പെട്ടവര്‍ക്കും ഒപ്പം ചേര്‍ന്നു നില്‍ക്കാനാണ് C4D ആഗ്രഹിക്കുന്നതെന്നും സംഘാടകര്‍ അവകാശപ്പെടുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പാര്‍ലമെന്ററി ജനാധിപത്യത്തെ സംരക്ഷിക്കുന്ന, താങ്ങിനിര്‍ത്തുന്ന നിയമ നിര്‍മ്മാണ സഭകള്‍, നിര്‍വഹണ വിഭാഗം, നീതിന്യായ വ്യവസ്ഥ, മാധ്യമ ലോകം എന്നീ നാല് തൂണുകളും അഴിമതി സ്വജനപക്ഷപാതം നിക്ഷിപ്ത താത്പര്യസംരക്ഷണം തുടങ്ങിയ ദുഷ്പ്രവണതകളുടെ സ്വാധീനത്തില്‍ അകപ്പെട്ട് മുങ്ങിത്താഴാന്‍ തുടങ്ങിയിരിക്കുന്നു. പാര്‍ലമെന്ററി സംവിധാനമല്ലാതെ ആഗോള തലത്തില്‍ മറ്റൊരു ബദല്‍ രാഷ്ട്രീയ സംവിധാനം നിലവിലില്ലാത്ത സാഹചര്യത്തില്‍, അതിനു സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ മറികടക്കുവാന്‍ അടിയന്തിരമായ ഇടപെടല്‍ ആവശ്യമുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാലു തൂണുകള്‍ക്കൊപ്പം നില്‍ക്കുവാന്‍ കഴിയുന്ന അഞ്ചാമതൊരു പ്രസ്ഥാനം വളര്‍ത്തിയെടുക്കണം. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയിലെ പ്രധാന ഘടകങ്ങളില്‍ ഒന്നായ ഫെഡറലിസം കൂടുതല്‍ നീതിയുക്തവും അധികാര വികേന്ദ്രീകരണത്തിലേക്കും നയിക്കുന്നതിന് വേണ്ടി നിരന്തരമായി ഇടപെടല്‍ നടത്തേണ്ടതുമാണ്. ജനാധിപത്യത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും വോട്ട് സമാഹരണത്തിനും അതീതമായ സാമൂഹ്യ പ്രവര്‍ത്തനമായി തിരിച്ചറിയുന്നവരുടെ പ്രസ്ഥാനമാണിതെന്നും രേഖ അവകാശപ്പെടുന്നു. ഒപ്പം അറിയുവാനുള്ള അവകാശം പോലുള്ള നിയമങ്ങള്‍ കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ട് ഭരണസംവിധാനം പരമാവധി സുതാര്യമാക്കുവാന്‍ ശ്രമിക്കുമെന്നും.

ഭരണകൂടങ്ങളും കോര്‍പ്പറേറ്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പരിണിത ഫലമായാണ് വികസനത്തിന്റെ ഇരകള്‍ സൃഷ്ടിക്കപ്പെടുന്നത്. ഈ കൂട്ടുകെട്ടില്‍ നിന്ന് ഒരിക്കലും മനുഷ്യപക്ഷമോ പരിസ്ഥിതിപക്ഷമോ ആയ രാഷ്ട്രീയ നയങ്ങള്‍ രൂപം കൊള്ളില്ല പകരം വികസനത്തിന്റെ പേരില്‍ നടക്കുന്ന പുനരധിവാസത്തിന്റെ ഭാഗമായി അങ്ങേയറ്റം മനുഷ്യത്വരഹിതമായ പുറമ്പോക്കുകളും കോളനികളും സൃഷ്ടിക്കപ്പെടുകയും നിരാലംബരായ ജനത തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ടുകയും ചെയ്യും. ഇരകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യര്‍ക്ക് സകല ഭരണഘടനാവകാശങ്ങളും ലഭിക്കുന്ന ഒരു വികസന നയമാണ് C4D ലക്ഷ്യം വയ്ക്കുന്നത്. മനുഷ്യ-പരിസ്ഥിതി പക്ഷത്തു നില്‍ക്കുന്ന ഒരു വികസന മാതൃക മൂവ്‌മെന്റ് സൃഷ്ടിക്കും – തീര്‍ച്ചയായും കെ റെയില്‍ വിവാദ സമയത്ത് ഈ നിലപാട് വളരെ പ്രസക്തമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുസ്ലിം-ദളിത്-ആദിവാസി-സ്ത്രീ-ക്വീര്‍ വിഭാഗങ്ങള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെ സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി ഉപാധിരഹിതമായി നിലകൊള്ളുമെന്ന് പ്രഖ്യാപിക്കുന്നു. അതേസമയം ഈ വിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം ലഭിക്കുക എന്ന രാഷ്ട്രീയത്തില്‍ രേഖ വേണ്ടത്ര ഊന്നാതെയാണ് പറഞ്ഞു പോകുന്നത്. അധികാര രാഷ്ട്രീയത്തില്‍ ഇടപെടാതെ, തിരുത്തല്‍ ശക്തിയായി നിലനില്‍ക്കുക എന്ന നിലപാടിന്റെ തുടര്‍ച്ചയായിരിക്കാം അത്. എന്നാല്‍ അധികാരത്തില്‍ നിന്നും നൂറ്റാണ്ടുകളായി ബഹിഷ്‌കൃതരായ വിഭാഗങ്ങളുടെ മുഖ്യലക്ഷ്യം അധികാരത്തിലെ പങ്കാളിത്തമാണ്, തിരുത്തല്‍ പ്രക്രിയയല്ല.

സിറ്റിസണ്‍സ് ഫോര്‍ ഡമോക്രസിയുടെ പ്രവര്‍ത്തന പരിധി കേരളമായിരിക്കുമെന്നു രേഖയില്‍ വ്യക്തമായി പറയുന്നുണ്ട്. ആ നിലക്ക് കേരളത്തിലെ സവിശേഷ സാഹചര്യം പരിശോധിക്കേണ്ടതായിരുന്നു. അഖിലേന്ത്യാതലത്തിലെന്ന പോലെ കേരളത്തിലും ജനാധിപത്യവാദികളുടെ മുഖ്യശത്രു ഹിന്ദുത്വഫാസിസം തന്നെ. എന്നാല്‍ അഖിലേന്ത്യാതലത്തില്‍ ഇല്ലാത്ത മറ്റൊരു പ്രധാന വെല്ലുവിളിയും കേരളത്തിലുണ്ട്. അത് സോഷ്യല്‍ ഫാസിസമെന്നു വിളിക്കാവുന്ന, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിൡാണ്. ആഗോളതലത്തില്‍ തന്നെ ആശയപരമായും പ്രായോഗികമായും ജനാധിപത്യത്തെ അംഗീകരിക്കാത്ത പ്രസ്ഥാനമാണത്. കമ്യൂണിസ്റ്റെന്നവകാശപ്പെടുന്ന രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്കെതിരെ നടന്ന പോരാട്ടങ്ങളെല്ലാം ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടിയായിരുന്നു. ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം എന്നതിനാല്‍ തങ്ങളുടെ രാഷ്ട്രീയ നിലപാട് പൂര്‍ണ്ണമായും പ്രയോഗിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല. എങ്കിലും പലപ്പോഴും അവ പുറത്തുവരാറുണ്ട്. ഏതു വിധത്തിലുള്ള സര്‍വ്വാധിപത്യത്തിലും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളെ തള്ളിപ്പറയേണ്ടത് ജനാധിപത്യമാണ് ഏറ്റവും സ്വീകാര്യമായ ഭരണസംവിധാനം എന്നു വിശ്വസിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. അത് ഈ രേഖയില്‍ കാണുന്നില്ല. മാത്രമല്ല, ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചത് സിപിഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പോലും അവര്‍ക്കായി വോട്ടുചോദിക്കുകയും ചെയ്ത എഴുത്തുകാരി സി എസ് ചന്ദ്രികയാണെന്നത് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളുമായി യോജിക്കുന്നതല്ലെന്നു പറയാതിരിക്കാനാവില്ല.

ജനാധിപത്യപരമായ സംഘടനാരീതിയായിരിക്കും C4Dയുടേതെന്നു രേഖയില്‍ ചൂണ്ടികാട്ടുന്നു. തീര്‍ച്ചയായും അങ്ങനെയാണ് വേണ്ടത്. ഏറെക്കുറെ സമാനമായ ലക്ഷ്യങ്ങളോടെ രൂപം കൊണ്ട ചില കൂട്ടായ്മകള്‍ കേരളത്തില്‍ അടുത്ത കാലത്ത് പ്രവര്‍ത്തിച്ചിരുന്നു. ഫിഫ്്ത്ത് എസ്റ്റേറ്റ്, ഫോറം ഫോര്‍ ഡെമോക്രസി തുടങ്ങിയവ. അവയൊക്കെ പിന്നീട് നിര്‍ജ്ജീവമാകുകയാണുണ്ടായത്. അവയില്‍ പ്രവര്‍ത്തിച്ചിരുന്ന പലരും ഈ കൂട്ടായ്മയിലുണ്ട്. അവയുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍, നിലപാടുകളെ കൂടുതല്‍ സമ്പുഷ്ടമാക്കി ഈ പ്രസ്ഥാനം മുന്നോട്ടുപോകുമെന്നു തന്നെ കരുതാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply