എതിര് : പി എസ് ശ്രീകല, എം കുഞ്ഞാമനോട് ക്ഷമിക്കുമ്പോള്‍….

സ്വജീവിതത്തില്‍ മനസ്സിലാക്കിയതും ഈ പുസ്തകത്തില്‍ കുഞ്ഞാമന്‍ ഉന്നയിക്കുന്നതുമായ ചില നിരീക്ഷണങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ സാമൂഹ്യമാധ്യമത്തില്‍ കണ്ട ഒരു കുറിപ്പാണ് ഈ മറുകുറിപ്പിനുള്ള അടിസ്ഥാനം. കുറിപ്പെഴുതിയത് ജീവിതത്തിലൊരിക്കലും കാര്യമായ ബുദ്ധിമുട്ടിലൂടെയൊന്നും കടന്നുപോകാനിടയില്ലാത്ത, എന്നും അധികാരത്തോട് ഒട്ടിനിന്നിട്ടുള്ള പി എസ് ശ്രീകല ടീച്ചറാണ്. ചരിത്രത്തിന്റെ മാത്രമല്ല, വര്‍ത്തമാനത്തിന്റെയും സങ്കുചിതവും തികച്ചും ദുരുപദിഷ്ഠിതവുമായ ദുരാരോപണം മാത്രമായി ഈ പുസ്തകം അധഃപതിച്ചിരിക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. അത്തരമൊരു അഭിപ്രായം പറയാന്‍ അവരെ പ്രകോപിപ്പിച്ചത് എന്തെങ്കിലും ചരിത്ര വസ്തുതകളല്ല, മറിച്ച് താന്‍ കണ്ണടച്ചു വിശ്വസിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയെ, കൃത്യമായ വിശദീകരണങ്ങളോടെ ഈ പുസ്തകത്തില്‍ പലയിടത്തും വിമര്‍ശിക്കുന്നു എന്നതുമാത്രമാണ്

സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും സ്വന്തം പോരാട്ടത്തിലൂടെ ഉയര്‍ന്നു വന്ന നിരവധിപേരുടെ ജീവചരിത്രങ്ങളും ആത്മകഥകളുമാണ് സമീപകാലത്തെ മലയാള പ്രസിദ്ധീകരണ മേഖലയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം. ആ നിരയിലാണ് വൈകിയാണെങ്കിലും പുറത്തിറങ്ങിയ, ആത്മകഥക്കുള്ള ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ഡോ എം കുഞ്ഞാമന്റെ ”എതിര്” എന്ന ആത്മകഥയുടേയും സ്ഥാനം. ‘പതിന്നാലു വയസ്സുള്ളപ്പോഴാണ്, വീടിനടുത്തുള്ള ഒരു ജന്മിയുടെ വീട്ടില്‍ കഞ്ഞിക്കു ചെന്ന്. മണ്ണില്‍ കുഴിച്ച് കഞ്ഞിയൊഴിച്ചുതന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കഞ്ഞികുടിക്കാന്‍ പറഞ്ഞു വീട്ടുകാര്‍. കുഴിയുടെ അടുത്തേക്ക് കുരച്ചെത്തിയ പട്ടി കഞ്ഞികുടിക്കാനുള്ള ആര്‍ത്തിയില്‍ എന്നെ കടിച്ചു മാറ്റി.’ ഇത്തരമൊരു ബാല്യത്തില്‍ നിന്നാണ് കുഞ്ഞാമന്‍ വിദ്യാഭ്യാസത്തിലും ഔദ്യോഗിക ജീവിതത്തിലും ഉന്നത സ്ഥാനത്തെത്തുന്നതും കേരളത്തിലെ ധൈഷണിക മേഖലയിലെ അവഗണിക്കാനാവാത്ത വ്യക്തിത്വമാകുന്നതും. ആ ജീവിതപോരാട്ടത്തിന്റെ ഒരു രേഖയാണ് എതിര്. അതിനാല്‍ തന്നെ മലയാളത്തില്‍ പ്രസിദ്ധീകരിച്ച ആത്മകഥാപരമായ പുസ്തകങ്ങളില്‍ പ്രമുഖസ്ഥാനം തന്നെ ഈ പുസ്തകത്തിനുണ്ട്.

സ്വജീവിതത്തില്‍ മനസ്സിലാക്കിയതും ഈ പുസ്തകത്തില്‍ കുഞ്ഞാമന്‍ ഉന്നയിക്കുന്നതുമായ ചില നിരീക്ഷണങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ സാമൂഹ്യമാധ്യമത്തില്‍ കണ്ട ഒരു കുറിപ്പാണ് ഈ മറുകുറിപ്പിനുള്ള അടിസ്ഥാനം. കുറിപ്പെഴുതിയത് ജീവിതത്തിലൊരിക്കലും കാര്യമായ ബുദ്ധിമുട്ടിലൂടെയൊന്നും കടന്നുപോകാനിടയില്ലാത്ത, എന്നും അധികാരത്തോട് ഒട്ടിനിന്നിട്ടുള്ള പി എസ് ശ്രീകല ടീച്ചറാണ്. ചരിത്രത്തിന്റെ മാത്രമല്ല, വര്‍ത്തമാനത്തിന്റെയും സങ്കുചിതവും തികച്ചും ദുരുപദിഷ്ഠിതവുമായ ദുരാരോപണം മാത്രമായി ഈ പുസ്തകം അധഃപതിച്ചിരിക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. അത്തരമൊരു അഭിപ്രായം പറയാന്‍ അവരെ പ്രകോപിപ്പിച്ചത് എന്തെങ്കിലും ചരിത്ര വസ്തുതകളല്ല, മറിച്ച് താന്‍ കണ്ണടച്ചു വിശ്വസിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയെ, കൃത്യമായ വിശദീകരണങ്ങളോടെ ഈ പുസ്തകത്തില്‍ പലയിടത്തും വിമര്‍ശിക്കുന്നു എന്നതുമാത്രമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും കുഞ്ഞാമനും കൊച്ചും സണ്ണി കപിക്കാടും ബാബുരാജും ഗീതാനന്ദനും സലിംകുമാറുമൊക്കെയടങ്ങുന്ന ദളിത് സാമൂഹ്യപ്രവര്‍ത്തകര്‍ എത്രയോ തവണ മറുപടി പറഞ്ഞതുമായ വിഷയങ്ങള്‍ തന്നെയാണ് പ്രധാനമായും ശ്രീകല ഉന്നയിക്കുന്നത് എന്നതാണ് സഹതാപാര്‍ഹം. ഇത്തരമൊരു ദയനീയ ജീവിതം വലിയൊരുവിഭാഗം മനുഷ്യര്‍ക്ക് അനുഭവിക്കേണ്ടിവന്നത് ജാതിവ്യവസ്ഥയും അതിന്റെ ഭാഗമായ ആചാരങ്ങളും കാരണമാണെന്ന് അവര്‍ അംഗീകരിക്കുന്നുണ്ട്. അത്രയും നന്ന്. എന്നാല്‍ തുടര്‍ന്നവര്‍ പറയുന്നത്, ചരിത്രയാഥാര്‍ത്ഥ്യമല്ലെന്നു വ്യക്തമായിട്ടും കമ്യൂണിസ്റ്റുകാര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്ന വാക്കുകളാണ്. കേരളത്തില്‍ ആ അവസ്ഥ ഇല്ലാതാക്കിയത് നവോത്ഥാന പ്രസ്ഥാനവും അതിന്റെ തുടര്‍ച്ചയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമാണെന്നാണ് അവര്‍ പറയുന്നത്. ജാതിക്കെതിരായ പോരാട്ടം നടത്തിയ നവോത്ഥാന പ്രസ്ഥാനങ്ങളാണ് എന്നതില്‍ ആരും തര്‍ക്കിക്കുമെന്നു തോന്നുന്നില്ല. എന്നാലതിന്റെ തുടര്‍ച്ചയായി കമ്യൂണിസ്റ്റ് പാര്‍ട്ടിയും എന്നവകാശപ്പെടുന്നതില്‍ എന്തു യാഥാര്‍ത്ഥ്യമാണുള്ളത്? ജാതിവ്യവസ്ഥക്കു കനത്ത പ്രഹരമേല്‍പ്പിച്ച നവോത്ഥാനപോരാട്ടങ്ങളിലെ പ്രധാന അധ്യായങ്ങളെല്ലാം അവസാനിച്ച ശേഷമാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചുതുതന്നെ. കമ്യൂണിസ്റ്റുകാര്‍ സ്ഥിരം പറയുന്ന കൃഷ്ണപിള്ളയും എ കെ ജിയുമൊക്കെ അത്തരം സമരങ്ങളില്‍ പങ്കെടുത്തത് കമ്യൂണിസ്റ്റ്് പാര്‍ട്ടി രൂപീകരണത്തിനുമുമ്പ് അവര്‍ കോണ്‍ഗ്രസ്സുകാരായിരിക്കുമ്പോഴായിരുന്നു എന്നത് മനസ്സിലാക്കാന്‍ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പരിശോധിച്ചാല്‍ മതി.

ഇനി പാര്‍ട്ടിരൂപീകരണത്തിനും സ്വാതന്ത്ര്യത്തിനുമെല്ലാം ശേഷം ജാതിക്കെതിരായ എന്തെങ്കിലും പോരാട്ടം കമ്യൂണിസ്റ്റുകാര്‍ നടത്തിയിട്ടുണ്ടോ? ഇല്ല എന്നതാണ് വസ്തുത. നവോത്ഥാനകാലത്തെ പല മുന്നേറ്റങ്ങളേയും തങ്ങളുടെ വളര്‍ച്ചക്കു മൂലധനമാക്കാനവര്‍ക്കു കഴിഞ്ഞു എന്നത് ശരിയാണ്. എന്നാല്‍ ആ ധാരയെ മുന്നോട്ടുകൊണ്ടുപോകാതെ, കക്ഷിരാഷ്ട്രീയത്തിലേക്കു തിരിച്ചുവിടുകയായിരുന്നു അവര്‍ ചെയ്തത്. കേരളത്തില്‍ മാത്രമല്ല, അഖിലേന്ത്യാതലത്തില്‍ തന്നെ അതു പ്രകടമായിരുന്നു. അതാണല്ലോ കമ്യൂണിസ്റ്റുകാരെ ബ്രാഹ്മിണ്‍ ബോയ്‌സ് എന്നു അംബേദ്കര്‍ വിളിക്കാന്‍ കാരണമായത്. സാമ്പത്തിക സംവരണത്തിനായി ആദ്യം വാദിച്ചത് ഇ എം എസ് ആകാനും ദശകങ്ങള്‍ക്കുശേഷം കിട്ടിയ ആദ്യ അവസരത്തില്‍ സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അതു നടപ്പാക്കാനും കാരണമെന്താണ്? ഇ എം എസിന്റെ ”കേരളം മലയാളികളുടെ മാതൃഭൂമി” എന്ന പുസ്തകത്തില്‍, ജാതിക്കെതിരെ ഏറ്റവും ശക്തമായ പോരാട്ടം നടത്തിയ അയ്യന്‍കാളി ഇല്ലാതെ പോയതും എത്രയോ ചരിത്രകാരന്മാര്‍ ചൂണ്ടികാണിച്ചതാണ്. പാര്‍ട്ടി നേതൃത്വത്തിലും അധികാരത്തിലെത്തിയ നേതാക്കളിലുമുള്ള ദളിത് പ്രാതിനിധ്യം മറ്റെല്ലാ പാര്‍ട്ടികളേക്കാള്‍ കുറവാണ്. ഇപ്പോള്‍ പോലും സവര്‍ണ്ണജാതിവാലും വെച്ച് നടക്കുന്ന നേതാക്കള്‍ പാര്‍ട്ടിക്കുണ്ടെന്നതും മഹാഭൂരിപക്ഷം പാര്‍ട്ടിക്കാരും വിവാഹം കഴിക്കുന്നത് സ്വജാതിയില്‍ നിന്നുമാണെന്നതും കൂട്ടിവായിച്ചാല്‍ വ്യക്തിപരമായി പോലും ഇവരാരും മാറിയിട്ടില്ല എന്നു വ്യക്തമാണല്ലോ. എന്നിട്ടോ, ഈ വിഷയങ്ങള്‍ ഉന്നയിക്കുന്നവരെയൊക്കെ സ്വത്വവാദികള്‍ എന്നാക്ഷേപിക്കും. ഈ സാഹചര്യത്തില്‍ എന്തടിസ്ഥാനത്തിലാണ് കുഞ്ഞാമന്‍ വാസ്തവവിരുദ്ധമായാണ് എഴുതിയത് എന്നു പറയുന്നതെന്ന്ു മനസ്സലാകുന്നില്ല.

ശ്രീകല ഉന്നയിക്കുന്ന അടുത്ത ആരോപണം ദളിതര്‍ക്ക് സാമ്പത്തിക ഉന്നതി നേടികൊടുത്തതും കമ്യൂണിസ്റ്റുകാരാണെന്നാണ്. അവര്‍ പറയുന്നതിങ്ങനെ. ”കുഞ്ഞാമന്‍ തന്നെ സൂചിപ്പിക്കുന്ന കടുത്ത ദാരിദ്ര്യവും അടിച്ചമര്‍ത്തപ്പെട്ട ജാതിയും. ഒന്ന് മറ്റൊന്നിനെ ഊട്ടി വളര്‍ത്തി എന്ന യാഥാര്‍ഥ്യം കൃത്യമായി തിരിച്ചറിഞ്ഞത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. സമുദായ പരിഷ്‌കരണത്തോടും സാമൂഹ്യ പരിഷ്‌കരണത്തോടും ഒപ്പം ജാത്യാടിമത്തത്തിനെതിരെ കൂടി സംഘടിക്കാന്‍ കേരളത്തെ സജ്ജമാക്കിയത് നവോത്ഥാനപ്രസ്ഥാനമാണ്. തൊഴിലാളികളെയും ബഹുജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് വര്‍ഗ്ഗസമരത്തിനു ശക്തിപകരുന്നതോടൊപ്പം അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ജാത്യാനുഭവങ്ങളെ അഭിസംബോധന ചെയ്യാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറായി. അങ്ങനെയാണ് ‘നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും’ എന്നതോടൊപ്പം ‘തമ്പ്രാനെന്നു വിളിക്കില്ല, പാളേല്‍ കഞ്ഞി കുടിക്കില്ല’ എന്ന മുദ്രാവാക്യവും കേരളത്തിലുയര്‍ന്നത്.” എന്താണ് യാഥാര്‍ത്ഥ്യം? കമ്യൂണിസ്റ്റുകാര്‍ ഏറ്റവും കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്‌കരണത്തിന്റെ നേട്ടം കുഞ്ഞാമന്റെ സമൂഹത്തിനു ലഭിച്ചിട്ടുണ്ടോ? അവര്‍ക്ക് കൃഷിഭൂമി ലഭിച്ചോ? ഇല്ലെന്നതല്ലേ പച്ചയായ യാഥാര്‍ത്ഥ്യം? പകരം അവര്‍ പതിനായിരകണക്കിനും നാലുസെന്റ് കോളനികളിലേക്ക് ആട്ടിപ്പായിക്കപ്പെടുകയായിരുന്നില്ലേ? നമ്മളും കൊയ്യും വയലെല്ലാം നമ്മുടേതാകും എന്നത് ഏറ്റവും വലിയ വഞ്ചനയുടെ വരികളായില്ലേ? മറുവശത്ത് ഹാരിസണെപോലുള്ള കുത്തകകള്‍ നിയമം ലംഘിച്ച് ലക്ഷകണക്കിനു ഏക്കര്‍ കൈവശം വെച്ച് നമ്മെനോക്കി കൊഞ്ഞനം കുത്തുന്നു. ദളിതരുടേയും ആദിവാസികളുടേയും സ്വന്തം നേതൃത്വത്തില്‍ നടന്ന, ഇപ്പോഴും നടക്കുന്ന മുത്തങ്ങയും ചങ്ങറയും അരിപ്പയുമൊക്കെ രണ്ടാം ഭൂപരിഷ്‌കരണത്തിനുള്ള ആവശ്യങ്ങളായി മാറുന്നത് അങ്ങനെയാണ്. ഭൂമിയെന്നത് സാമ്പത്തിക ക്രയവിക്രയത്തിനുള്ള ഉപാധി കൂടിയാണല്ലോ. അതില്ലാത്തതിനാലാണ് കേളത്തിലെ സാമ്പത്തിക സ്ഥിതിയുടെ നട്ടെല്ലായ ഗള്‍ഫില്‍ പോകുന്നവരില്‍ ഈ വിഭാഗങ്ങളിലുള്ളവര്‍ കാര്യമായി ഇല്ലാത്തത്.  ദളിത് – ആദിവാസി വിഭാഗങ്ങള്‍ക്ക് സ്വന്തമായി വിദ്യാഭ്യാസമടക്കമുള്ള മേഖലകളില്‍ സ്ഥാപനങ്ങളില്ലാത്തതും എന്തുകൊണ്ടാണ്? ഇക്കാലയളവില്‍ ദളിതര്‍ എന്തെങ്കിലും നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിനു പ്രധാന കാരണം ഇപ്പോഴും തത്വത്തില്‍ പാര്‍ട്ടി അംഗീകരിക്കാത്ത സംവരണമാണ്. ഇപ്പോള്‍ പോലും സര്‍ക്കാര്‍ വേതനം കൊടുക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണമേര്‍പ്പെടുത്തുക എന്ന ഭരണഘടനാപരമായ അവകാശം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നുണ്ടോ എന്ന് അധ്യാപികയായ ശ്രീകലക്കറിയില്ലേ? ഈ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം തിരസ്‌കരിച്ച് അവര്‍ എഴുതിയിരിക്കുന്നു, പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടാന്‍ കുഞ്ഞാമന് കഴിഞ്ഞത് കമ്യൂണിസ്റ്റ് പാര്‍ട്ടി മൂലമാണെന്ന്. ഭൂപരിഷ്‌കരണം എത്രതന്നെ അപൂര്‍ണ്ണമായിരുന്നാലും ശരി, കേരളത്തെ ആധുനീകരിച്ചത്. ജാതിയെ ഉള്‍പ്പെടെ അപ്രധാനികരിച്ചത് അതാണെന്നും തികച്ചു ചരിത്രവിരുദ്ധമായി അവര്‍ പറയുന്നു. കേരളം ആധുനികരിക്കപ്പെട്ടോ, ഏതു ജാതിയാണ് അപ്രധാനമായത് എന്നതൊക്കെ വേറെ ചോദ്യങ്ങള്‍.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു വ്യക്തിയുടെ അവബോധം സൃഷ്ടിക്കുന്നത് അയാളുടെ സാമൂഹ്യ സാഹചര്യങ്ങളാണ്, എന്റെ സാമൂഹിക സാഹചര്യങ്ങളാണ് എന്റെ അവബോധം രൂപപ്പെടുത്തിയത്.’ എന്ന് പറയുന്ന കുഞ്ഞാമന്‍ ആ സാമൂഹിക സാഹചര്യത്തെ വിശകലനവിധേയമാക്കാന്‍ തയാറാകുന്നില്ല എന്നാണ് ടീച്ചറുടെ മറ്റൊരു വാദം. പകരം. വൈകാരികമായ സമീപനമാണത്രെ സ്വീകരിക്കുന്നത്. അതിന്റെ അടിസ്ഥാനമാവട്ടെ, കമ്മ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് വിരുദ്ധത മാത്രമാണെന്നും. കുഞ്ഞാമന്റെ സാമൂഹ്യസാഹചര്യം കടുത്ത ജാതീയപീഡനമല്ലാതെ മറ്റെന്തായിരുന്നു? അതു മറച്ചുവെച്ച് സാമ്പത്തിക അടിത്തറ, ജാതി എന്നത് ഉപരിഘടന എന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത വാദങ്ങളും മുതലാളിത്തത്തെ കുറിച്ചുള്ള കാലഹരണപ്പെട്ട ആശയങ്ങളുമാണ് അവര്‍ ആവര്‍ത്തിക്കുന്നത്. പതിവുപോലെ പരിമിതികള്‍ക്കെല്ലാം കാരണം മുതലാളിത്ത സംവിധാനത്തില്‍ കമ്യൂണിസ്റ്റുകാര്‍ ്അധികാരത്തില്‍ വന്നതാണത്രെ. അല്ലായിരുന്നെങ്കില്‍ ”വര്‍ഗ്ഗസമര” സിദ്ധാന്തത്തില്‍ ഒതുങ്ങാത്ത സംവരണം പോലും ഉണ്ടാകുമായിരുന്നില്ല എന്നതാണ് വസ്തുത. ”മാര്‍ക്‌സിസം മുതലാളിത്തത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു വിശകലനമാണ്” എന്ന കുഞ്ഞാമന്റെ, ചരിത്രത്തോട് നീതിപുലര്‍ത്തുന്ന നിലപാട് അംഗീകരിക്കാനും അവര്‍ക്കാവുന്നില്ല. വ്യത്യസ്ഥ അഭിപ്രായം പറയുന്നവരെ സംഘപരിവാറിന്റെ സഹയാത്രികള്‍ എന്നാക്ഷേപിക്കുന്ന കമ്യൂണിസ്റ്റുകാരുടെ പതിവുതന്ത്രം കുഞ്ഞാമനെതിരെ ശ്രീകലയും പ്രയോഗിക്കുന്നു എന്നതാണ് ഏറെ ദുഖകരം. എന്തായാലും സഹതാപത്തിന്റെ ഔദാര്യത്തില്‍ മുതലാളിത്ത പാതക്കാരനായ കുഞ്ഞാമനോട്, നോളേജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ കൂടിയായ ശ്രീകല ക്ഷമിക്കുന്നുണ്ട്. ദളിത് സാമൂഹ്യപ്രവര്‍ത്തകരുടെ ഭാഗ്യം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply