നാഗരികതയും ഗ്രാമീണതയും തമ്മിലൊരു പുതിയ ഉടമ്പടി രൂപപ്പെടണം

ചെലവ് കുറഞ്ഞ തൊഴിലുകളില്‍ ഊന്നിയും പരിസ്ഥിതി സംരക്ഷണം അവഗണിച്ചുമാണ് ആഗോള സമ്പദ്‌വ്യവസ്ഥ മുന്നേറുന്നത്. തൊഴിലാളികള്‍ക്ക് വാസയോഗ്യമായ പാര്‍പ്പിടങ്ങള്‍ ഒരുക്കുന്നതിന്, നല്ല ജീവിത സാഹചര്യങ്ങള്‍ ലഭ്യമാക്കുന്നതിന്, മാന്യമായ വേതനം ഉറപ്പുവരുത്തുന്നതിന് എല്ലാം സാമ്പത്തിക ചെലവുണ്ട്.
വെള്ളവും വായുവും നിര്‍മ്മലമായി സംരക്ഷിക്കുന്നതിനും മാലിന്യങ്ങള്‍ വലിച്ചെറിയാതെ, സംസ്‌കരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും ചെലവുകളുണ്ട്. ഈ ചെലവുകള്‍ വഹിക്കുവാന്‍ ധനികര്‍ തയ്യാറല്ല. അവര്‍ക്ക് ഉപഭോഗത്തിന് കുറഞ്ഞ വിലയുള്ള ഉല്പന്നങ്ങളാണാവശ്യം. അതിനാലാണ് ഉല്പാദനം നമ്മുടെ മുറ്റത്തേക്ക് കടന്നുവരുന്നത്.

നമ്മുടെ ലോകത്ത് ദ്രുതഗതിയിലാണ് സംഭവങ്ങളുണ്ടാകുന്നത്. കോവിഡ് -19 മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ച എങ്ങനെയാണ് അദൃശ്യരായിരുന്നവരെ ദൃശ്യരാക്കിയതെന്ന് ഇപ്പോള്‍ നമുക്കറിയാം. ഗ്രാമങ്ങളില്‍ നിന്നും തൊഴിലിനായി നഗരങ്ങളിലേക്ക് വന്നവര്‍, ഇന്ന് തൊഴില്‍ നഷ്ടത്തെത്തുടര്‍ന്ന് വിശന്ന് തളര്‍ന്നുവീണും ചിലരൊക്കെ മരിച്ചുവീണും സ്വന്തം വീടുകളിലേക്ക് തിരികെ നടക്കുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധി നമ്മുടെ വീടുകളിലേക്ക്, കോലായകളിലേക്ക്, ബോധമനസ്സുകളിലേക്ക് കടന്നുവന്നിരിക്കുന്നു. അവരെ നമ്മള്‍ കാണുന്നു. അവരുടെ വേദന അറിയുന്നു. ക്ഷീണിതരായി തീവണ്ടിപ്പാതയില്‍ ഉറങ്ങിയവരുടെമേല്‍ തീവണ്ടി പാഞ്ഞുകയറിയെന്ന് കേട്ടപ്പോള്‍ നമ്മള്‍ കരഞ്ഞു. ദുരിതങ്ങളുടെ കൂടുതല്‍ കൂടുതല്‍ അനുഭവങ്ങള്‍ വെളിച്ചത്തുവരികയാണ്.

അവരുടെ ദുരിതങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയില്ലെന്നറിയുന്നതും പ്രധാനമാണ്. ഗ്രാമങ്ങളിലേക്ക് വൈറസ്ബാധ വ്യാപിക്കുവാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഒടുവില്‍ തൊഴിലാളികളുടെ മടക്കത്തിനായി തീവണ്ടികള്‍ ഓടിക്കുവാന്‍ തയ്യാറായല്ലോ. അവര്‍ വീടുകളിലേക്ക് മടങ്ങുന്നത് വേദനയോടുകൂടിയാണെന്നതും നമുക്കറിയാം. എന്നാല്‍ ഇതുവരെ ചെയ്തതെല്ലാം മടങ്ങുന്നവര്‍ക്ക് സൗജന്യഭക്ഷണം നല്‍കിയതടക്കം വളരെ തുച്ഛമായിരുന്നുവെന്ന് ഞാന്‍ പറയും. അവരെ അന്തസ്സോടെ വീട്ടിലെത്തിക്കുവാനും വരും മാസങ്ങളിലേക്കുള്ള ജീവനോപാധി നല്‍കുവാനും ഇനിയും ഏറെ ചെയ്യേണ്ടതുണ്ട്. ഈ അവസരത്തില്‍ മടങ്ങുന്ന തൊഴിലാളികളെക്കുറിച്ച് മാത്രമല്ല നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെമ്പാടും തൊഴിലിന്റേയും ഉല്പാദനത്തിന്റേയും ഭാവിയില്‍ ഇതുണ്ടാക്കുവാന്‍ പോകുന്ന പ്രത്യാഘാതത്തെക്കുറിച്ച് കൂടിയാണ്. തൊഴിലിന് ഇനിയെന്തു സംഭവിക്കും? തൊഴിലാളികള്‍ വീടുകളിലേക്ക് മടങ്ങിയിരിക്കുന്നു. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ അവര്‍ തിരിച്ചുവന്നേക്കാം; വന്നില്ലെന്നും വരാം. ഇന്ത്യന്‍ നഗരങ്ങളില്‍, തൊഴിലാളികളുടെ അഭാവം മൂലം നഗരസഭകളുടെ അവശ്യസേവനങ്ങള്‍ മുടങ്ങുന്നതായുള്ള വാര്‍ത്തകള്‍ കേട്ടുതുടങ്ങിയിരിക്കുന്നു. കെട്ടിട നിര്‍മ്മാതാക്കളുടെ പരിഭ്രാന്തി നമ്മള്‍ കാണുന്നു. അടച്ചുപൂട്ടല്‍ പിന്‍വലിക്കുമ്പോള്‍, ഉല്പാദനത്തിന് തൊഴിലാളികള്‍ വേണമെന്ന് വ്യവസായലോകം തിരിച്ചറിയുന്നു.

ഇതുവരെ അനിവാര്യമല്ലാത്തവരും വിലകുറഞ്ഞവരുമായിരുന്ന തൊഴിലാളികളുടെ യഥാര്‍ത്ഥ മൂല്യം ഇപ്പോള്‍ തിരിച്ചറിയുന്നു. നാളിതുവരെ ദുരിതങ്ങള്‍ക്ക് നടുവിലായിരുന്നു അവരുടെ വാസം. താമസവും ഭക്ഷണവും ചേരിസമാനമായ അന്തരീക്ഷത്തില്‍. ഇന്ന് ലോകം തിരിച്ചറിയുന്ന ‘വിയര്‍പ്പിന്റെ’ കേന്ദ്രങ്ങളില്‍. ഏറ്റവും മിതമായ താമസമോ ഗതാഗത സൗകര്യങ്ങളോ മറ്റെന്തെങ്കിലും ജീവിത സൗകര്യങ്ങളോ അവിടങ്ങളിലുണ്ടായിരുന്നില്ല. വ്യവസായശാലകള്‍ക്ക് ഉല്പാദനം വേണം. പക്ഷേ അരിഷ്ടിച്ചു ജീവിക്കുവാനാശ്യമായ ചുറ്റുപാടുകള്‍ തൊഴിലാളികള്‍ സ്വയം കണ്ടെത്തിക്കൊള്ളണം. തൊഴിലിടങ്ങളോട് ചേര്‍ന്നാണ് അവര്‍ താമസിച്ചിരുന്നത്. ഇത് പലപ്പോഴും അവരെ വിഷവാതകങ്ങളുടേയും മലിനീകരണത്തിന്റേയും ഇരകളാക്കിയിരുന്നു. എന്തുകൊണ്ടാണ് ഈ അനധികൃത, താല്‍ക്കാലിക താമസയിടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടതെന്നും എന്തുകൊണ്ടാണ് ശരിയായ താമസസൗകര്യം അവര്‍ക്ക് നല്‍കാതിരുന്നതെന്നും നമ്മളൊരിക്കലും ചോദിച്ചില്ലല്ലോ? തൊഴിലാളികള്‍ക്ക് തൊഴില്‍ വേണം, വ്യവസായങ്ങള്‍ക്ക് തൊഴിലാളികളെ വേണം. എന്നാല്‍ ഇപ്പോള്‍ തൊഴിലാളികള്‍ മടങ്ങിയിരിക്കുന്നു. ചിലര്‍ പറയുന്നു, അവരൊരിക്കലും ഇനി മടങ്ങിവരില്ലെന്ന്. തൊഴിലിനെ പുനര്‍നിര്‍വ്വചിക്കേണ്ടതുണ്ട്. തൊഴിലാളികള്‍ മടങ്ങിയെത്തുന്നയിടങ്ങളില്‍, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ജീവസ്സുറ്റതാക്കാനുമുള്ള സുവര്‍ണ്ണാവസരമാണിത്. എന്നാല്‍, അതൊരിക്കലും എളുപ്പമല്ല. എഴുപതുകളില്‍ മഹാരാഷ്ട്രയെ ഗ്രസിച്ച മഹാക്ഷാമം ഓര്‍ക്കുക. ഗ്രാമങ്ങളില്‍ നിന്നുണ്ടായേക്കാവുന്ന വലിയ തോതിലുള്ള കുടിയേറ്റം നഗരങ്ങളെ അശാന്തമാക്കുമെന്ന് അന്നേറെ ഭയപ്പെട്ടിരുന്നു. അന്നാണ്, ജനങ്ങള്‍ക്ക് സ്വന്തം പ്രദേശങ്ങളില്‍ തന്നെ തൊഴില്‍ നല്‍കുന്ന ഒരു പദ്ധതിയുമായി വി.എസ്.പേജ് എന്ന ഗാന്ധിയന്‍ മുമ്പോട്ടുവന്നത്. നിരവധി വര്‍ഷങ്ങള്‍ക്കുശേഷം ‘മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി’ എന്ന പേരില്‍ രൂപാന്തരം പ്രാപിച്ച തൊഴിലുറപ്പുപദ്ധതിയുടെ തുടക്കമായിരുന്നു അത്.

ഈ പദ്ധതി സര്‍ക്കാര്‍ നിയമങ്ങളിലധിഷ്ഠിതമായ ഒരു പരിപാടിയായി രൂപാന്തരപ്പെട്ടപ്പോള്‍, അത് നാഗരികതയും ഗ്രാമീണതയും തമ്മിലുള്ള ഒരു കരാറായി മാറി. നഗരങ്ങളിലെ പ്രൊഫഷണലുകള്‍ നല്‍കുന്ന നികുതിപ്പണം ഉപയോഗിച്ച് ഗ്രാമീണര്‍ക്ക് സ്വന്തം ഇടങ്ങളില്‍ തൊഴില്‍ നല്‍കുന്നതാണ് പദ്ധതി. ഇരു വിഭാഗങ്ങള്‍ക്കും ഗുണകരമായ ഒന്ന്. ജലം, വനം, പുല്‍മേടുകള്‍, പച്ചക്കറി ഉല്പാദനം, മറ്റ് ജീവിതോപാധികള്‍ എന്നിങ്ങനെ പ്രകൃതിയുടെ മൂലധനം വീണ്ടെടുക്കുന്നതിനുള്ള സാധ്യതകളാണ് തൊഴിലുറപ്പ് പദ്ധതിയെന്നതും നമ്മള്‍ മറന്നുപോകുന്നു. അതെല്ലാം രേഖകളിലുണ്ട്. പക്ഷേ, ഉദ്ദേശ്യത്തെയും സാധ്യതകളെയും പറ്റി മനസ്സിലാക്കുന്നത് തുലോം കുറവാണെന്ന് മാത്രം. ദുരിതകാലത്ത് തൊഴില്‍ നല്‍കാനുള്ള ഒരു ദുര്‍ബ്ബല പദ്ധതിയായാണ് അത് പരിഗണിക്കപ്പെടുന്നത്.

പുതിയ നേതൃത്വവും മാര്‍ഗ്ഗവും നമുക്കാവശ്യമുണ്ട്. കൊടുംവെയിലില്‍ പാറ പൊട്ടിക്കാനുള്ള പദ്ധതിയായി ഇതിനെ കാണുന്നത് അവസാനിപ്പിക്കണം. പുനരുജ്ജീവിപ്പിക്കുന്നതിന് ജീവനോപാധി നല്‍കുന്ന ഒന്നായിത്തന്നെ ഇതിനെ കാണേണ്ടതുണ്ട്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുവാന്‍ സാധ്യമായതെല്ലാം ചെയ്യുക. കാര്‍ഷിക, ക്ഷീര, വനം മേഖലകളില്‍ മൂല്യവര്‍ദ്ധന വരുത്തുക. അതിന് പുതിയൊരു രൂപരേഖ ആവശ്യമാണ്. നാഗരികതയും ഗ്രാമീണതയും തമ്മില്‍ പുതിയൊരു ഉടമ്പടി രൂപപ്പെടണം.

ഇന്ത്യയും ഇതര രാജ്യങ്ങളും വ്യവസായശാലകള്‍ വീണ്ടും തുറക്കാനും സമ്പദ്‌വ്യവസ്ഥയെ വീണ്ടും കെട്ടിപ്പടുക്കാനും ധൃതിപ്പെടുകയാണ്. ഉല്പാദനത്തെക്കുറിച്ചുള്ള ചില ചോദ്യങ്ങള്‍ ഇത് എന്നില്‍ ഉണര്‍ത്തുകയാണ്. ചെലവ് കുറഞ്ഞ തൊഴിലുകളില്‍ ഊന്നിയും പരിസ്ഥിതി സംരക്ഷണം അവഗണിച്ചുമാണ് ആഗോള സമ്പദ്‌വ്യവസ്ഥ മുന്നേറുന്നത്. തൊഴിലാളികള്‍ക്ക് വാസയോഗ്യമായ പാര്‍പ്പിടങ്ങള്‍ ഒരുക്കുന്നതിന്, നല്ല ജീവിത സാഹചര്യങ്ങള്‍ ലഭ്യമാക്കുന്നതിന്, മാന്യമായ വേതനം ഉറപ്പുവരുത്തുന്നതിന് എല്ലാം സാമ്പത്തിക ചെലവുണ്ട്. വെള്ളവും വായുവും നിര്‍മ്മലമായി സംരക്ഷിക്കുന്നതിനും മാലിന്യങ്ങള്‍ വലിച്ചെറിയാതെ, സംസ്‌കരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും ചെലവുകളുണ്ട്. ഈ ചെലവുകള്‍ വഹിക്കുവാന്‍ ധനികര്‍ തയ്യാറല്ല. അവര്‍ക്ക് ഉപഭോഗത്തിന് കുറഞ്ഞ വിലയുള്ള ഉല്പന്നങ്ങളാണാവശ്യം. അതിനാലാണ് ഉല്പാദനം നമ്മുടെ മുറ്റത്തേക്ക് കടന്നുവരുന്നത്.

(കടപ്പാട് – പാഠഭേദം, വിവര്‍ത്തനം – പി.കൃഷ്ണകുമാര്‍)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply