ഹൈജാക് ചെയ്യപ്പെട്ട വനിതാദിനം – പരിസ്ഥിതി ദിനവും

തങ്ങള്‍ രണ്ടാം തരം പൗരന്മാരല്ല എന്നും സമൂഹത്തിന്റെ എല്ലാമേഖലകളിലും തുല്ല്യപദവിക്ക് അര്‍ഹരാണെന്നും പ്രഖ്യാപിച്ച് ലോകമങ്ങും ആരംഭിച്ച സ്ത്രീ വിമോചനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കാനാരംഭിച്ചത്. ലോകത്തിന്റെ എല്ലാ ഭാഗത്തോടുമൊപ്പം ഇന്ത്യയിലും കേരളത്തിലും വനിതാ ദിനാചരണത്തിന്റെ ഭാഗമായി സ്ത്രീകൂട്ടായ്മകള്‍ നടത്താറുള്ള വിവിധ പരിപാടികള്‍ ലിംഗനീതി എന്ന ആശയത്തെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ചു. എന്നാല്‍ കുറച്ചുകാലമായി സംഭവിക്കുന്നത് മറ്റൊന്നാണ്. സര്‍ക്കാരും മുഖ്യധാരാ പ്രസ്ഥാനങ്ങളുമെല്ലാം വനിതാദിനാചരണമേറ്റെടുക്കുകയും ആഘോഷങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുകയും ചെയ്തതോടെ നഷ്ടപ്പെട്ടത് അതിനകത്തെ വിമോചനാത്മകമായ ഉള്ളടക്കമായിരുന്നു. […]

www

തങ്ങള്‍ രണ്ടാം തരം പൗരന്മാരല്ല എന്നും സമൂഹത്തിന്റെ എല്ലാമേഖലകളിലും തുല്ല്യപദവിക്ക് അര്‍ഹരാണെന്നും പ്രഖ്യാപിച്ച് ലോകമങ്ങും ആരംഭിച്ച സ്ത്രീ വിമോചനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കാനാരംഭിച്ചത്. ലോകത്തിന്റെ എല്ലാ ഭാഗത്തോടുമൊപ്പം ഇന്ത്യയിലും കേരളത്തിലും വനിതാ ദിനാചരണത്തിന്റെ ഭാഗമായി സ്ത്രീകൂട്ടായ്മകള്‍ നടത്താറുള്ള വിവിധ പരിപാടികള്‍ ലിംഗനീതി എന്ന ആശയത്തെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ചു. എന്നാല്‍ കുറച്ചുകാലമായി സംഭവിക്കുന്നത് മറ്റൊന്നാണ്. സര്‍ക്കാരും മുഖ്യധാരാ പ്രസ്ഥാനങ്ങളുമെല്ലാം വനിതാദിനാചരണമേറ്റെടുക്കുകയും ആഘോഷങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുകയും ചെയ്തതോടെ നഷ്ടപ്പെട്ടത് അതിനകത്തെ വിമോചനാത്മകമായ ഉള്ളടക്കമായിരുന്നു.
ഇത്തവണത്തെ സാഹചര്യം തന്നെ നോക്കുക. ലോകസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണല്ലോ വനിതാദിനം കടന്നു വന്നിരിക്കുന്നത്. സ്ഥാനാര്‍ത്ഥിപട്ടികയില്‍ സ്ത്രീകള്‍ക്ക് ഇടം നല്‍കാത്തവരും നാമമാത്രമായ ഇടം നല്‍കുന്നവരും പോലും വനിതാദിനത്തെ കുറിച്ച് വാചാലരാകുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ കലാപം ചെയ്തവര്‍ മുതല്‍ സ്ത്രീപ്രവേശനത്തില്‍ താല്‍പ്പര്യമില്ലെന്നും സുപ്രിം കോടതി വിധി നടപ്പാക്കണമെന്ന അഭിപ്രായം മാത്രമേയുള്ളു എന്നു പറയുന്നവര്‍ വരെ ലിംഗനീതിയുടെ പേരുപറഞ്ഞ് വനിതാ ദിനമാഘോഷിക്കുന്നു. ഈ സാഹചര്യത്തില്‍ ഇത്തരമൊരു ദിനത്തിന്റെ പ്രസക്തി തന്നെ എന്താണ്?
ചരിത്രപരമായി പരിശോധിക്കുമ്പോള്‍ തന്നെ ഒരു കാര്യം വ്യക്തമാണ്. കേരളത്തില്‍ സ്ത്രീവിമോചന ആശയങ്ങളും പ്രവര്‍ത്തനങ്ങളും ആരംഭിച്ചത് ഇപ്പോള്‍ ഈ ആഘോഷം നടത്തുന്നവരുടെ മുന്‍കൈയിലായിരുന്നില്ല. നവോത്ഥാനകാലഘട്ടം എന്നു പൊതുവില്‍ വിശേഷിക്കപ്പെടുന്ന കാലത്ത് കേരളത്തില്‍ നിരവധി സ്ത്രീമുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശബരിമല വിവാദവുമായി ബന്ധപ്പെട്ട് അക്കാലത്തെ സ്ത്രീമുന്നേറ്റങ്ങളെ കുറിച്ച് ഏറെ ചര്‍ച്ചകളും നടന്നു. അതേസമയം സ്ത്രീവിമോചനം എന്ന ആശയം അസന്നിഗ്ധമായി പ്രഖ്യാപിച്ച് കേരളത്തില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ രൂപപ്പെടുന്നത് 1980കളിലാണ്. പല രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും സ്ത്രീവിഭാഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം മറ്റു പല സംഘടനകളേയും പോലെ പാര്‍ട്ടികളുടെ പോഷകസംഘടനകളായിരുന്നു. സ്ത്രീകളുടെ തനതായ പ്രസ്ഥാനം വര്‍ഗ്ഗസമരത്തെ തുരങ്കം വെക്കുമന്നായിരുന്നു ഇടതുപക്ഷ നിലപാട്. ഇതില്‍ നിന്ന് വ്യത്യസ്ഥമായി ആദ്യമായി രൂപം കൊണ്ട സ്ത്രിസംഘടന മാനുഷിയായിരുന്നു. പട്ടാമ്പി ഗവ കോളേജിലെ അധ്യാപികയായിരുന്ന സാറാ ജോസഫിന്റെ നേതൃത്വത്തില്‍ ഏതാനും അധ്യാപികമാരും വിദ്യാര്‍ത്ഥിനികളുമാണ് സംഘടനക്ക് രൂപം കൊടുത്തത്. കെ വേണുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സി ആര്‍ സി സി പി ഐ എം എല്ലും യുജനവിഭാഗമായിരുന്ന കേരളീയയുവജനവേദിയും മാനുഷി രൂപീകരണത്തിലും ആദ്യകാലപ്രവര്‍ത്തനങ്ങളിലും പങ്കാളികളായിരുന്നു. വര്‍ഗ്ഗസമരത്തിലൂടെ പരിഹരിക്കാവുന്ന ഒന്നല്ല ജാതിവിവേചനവും ലിംഗവിവേചനവും എന്ന തിരിച്ചറിവാണ് പരമ്പരാഗത കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്ഥമായി സ്വതന്ത്ര സ്ത്രീ – ദളിത് സംഘടനകളുടെ അസ്ഥിത്വം അംഗീകരിക്കാന്‍ പാര്‍ട്ടിക്കു പ്രേരകമായത്. തൃശൂര്‍ ജില്ലയിലെ മായന്നൂരില്‍ സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ ഊരുവിലക്ക് കല്‍പ്പിക്കപ്പെട്ട ബാലാമണിയുടെ വിഷയത്തിലിടപെട്ട് നടത്തിയ പോരാട്ടങ്ങളായിരുന്നു മാനുഷി ആദ്യമിടപെട്ട സംഭവമെന്നു പറയാം. തുടര്‍ന്ന് തൃശൂര്‍ – പാലക്കാട് – മലപ്പുറം ജില്ലകളിലെ നിരവധി സ്ത്രീപീഡന സംഭവങ്ങളിലും സ്ത്രീകള്‍ നേരിടുന്ന പൊതുവിഷയങ്ങളിലും മാനുഷി സജീവമായി ഇടപെട്ടു. തങ്കമണിയില്‍ പോലീസ് നടത്തിയ കൂട്ടബലാല്‍സംഗവിഷയം ഒരു ഉദാഹരണം. മറുവശത്ത് തെരുവുനാടകം പോലുള്ള ആവിഷ്‌കാരങ്ങളും ആശയപ്രചരണത്തിനായി ഉപയോഗിച്ചു. തൃശൂരിലെ ലാലൂര്‍ മലിനീകരണ വിരുദ്ധ സമരത്തിലും മറ്റും സംഘടന സജീവമായിയിരുന്നു.
ഏകദേശം ഇക്കാലഘട്ടത്തില്‍തന്നെ കോഴിക്കോട് ബോധന, തൃശൂരില്‍ ചേതന, തിരുവനന്തപുരത്ത് പ്രചോദന തുടങ്ങിയ സ്ത്രീസംഘടനകളും രൂപം കൊണ്ടിരുന്നു. കോഴിക്കോട് വനിതാ പോലീസ് സ്‌റ്റേഷനില്‍ വെച്ച് കൊലചെയ്യപ്പെട്ട ലൈംഗികത്തൊഴിലാളിയായിരുന്ന കുഞ്ഞിബിയുടെ മരണം അന്വേഷിച്ച് കുറ്റവാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന ജനകീയ സമരത്തില്‍ ബോധന സജീവമായിരുന്നു.
കേരളത്തില്‍ ഫെമിനിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ഈ സംഘടനകള്‍ അധികകാലം പ്രവര്‍ത്തിച്ചില്ല എങ്കിലും അതു നല്‍കിയ സന്ദേശമേറ്റെടുത്ത് പല മേഖലകൡും സ്ത്രീസംഘടനകള്‍ രൂപംകൊണ്ടു. 1990ല്‍ കോിക്കോട് വെച്ചു നടന്ന ഫെമിനിസ്റ്റ് സംഘടനകളുടെ അഖിലേന്ത്യാസമ്മേളനവും അതിനു പ്രചോദനമായി. ഒപ്പം സ്ത്രീകളും പുരുഷനും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന പല മേഖലകൡും സ്ത്രീവിഭാഗങ്ങളും ശക്തമായി. കോട്ടയം കുറിച്ചിയിലെ ദളിത് വിമന്‍ സൊസൈറ്റി, കുടമാളൂര്‍ സ്ത്രീപഠനകേന്ദ്രം, തിരുവനന്തപുരം കേന്ദ്രീകരിച്ച് രൂപം കൊണ്ട സേവ, സഖി, തീരദേശ മഹിളാ വേദി എന്നിവ ഉദാഹരണങ്ങള്‍. മത്സ്യത്തൊഴിലാളി മേഖല പോലുള്ളയിടങ്ങളില്‍ സ്ത്രീ ശാക്തീകരണം ശക്തമായി.
അതിനിടെ 1993ല്‍ കോഴിക്കോട് അജിതയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട അന്വേഷിയാണ് 25 വര്‍ഷത്തിനുശേഷവും സജീവമായി നിലനില്‍ക്കുന്ന സ്ത്രീസംഘടന. ഒരേസമയം സമരസംഘടനയായും കൗണ്‍സിലിംഗ് സെന്ററായും അന്വേഷി പ്രവര്‍ത്തിക്കുന്നു. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പ്രതിയായിരുന്ന ഐസ്‌ക്രീം പാര്‍ളര്‍ കേസില്‍ ശക്തമായ പോരാട്ടമാണ് അന്വേഷി നടത്തിയത്. മുസ്ലിം സസ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നിസ, കേരള സ്ത്രീവേദി, സമത, സഹജ തുടങ്ങിയ പല സംഘടനകളും ഇക്കാലഘട്ടങ്ങളില്‍ സജീവമായി. സൂര്യനെല്ലി, വിതുര പോലുള്ള പെണ്‍വാണിഭ സംഭവങ്ങളില്‍ ശക്തമായി ഇടപെടാന്‍ ഈ സംഘടനകള്‍ക്കായി. കൂടാതെ കേരള സാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളും നിരവധി സ്ത്രീവിഷയങ്ങളില്‍ ഇടപെട്ടു. അതേസമയം മുഖ്യധാരയില്‍ ഉണ്ടായ ഒരു പ്രധാന മുന്നേറ്റം ഒരുപാട് പരിമിതികളോടെയാണെങ്കിലും കുടുംബശ്രീ മാത്രമാണ്. മറ്റൊരു മുന്നേറ്റവും ഇവരുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നുമാത്രമല്ല, സ്വന്തം പ്രസ്ഥാനങ്ങള്‍ക്കകത്തു നടക്കുന്ന വിവേചനങ്ങള്‍ക്കെതിരെ പോലും സംസാരിക്കാന്‍ അവര്‍ക്കാവുന്നില്ല.
വൈവിധ്യമാര്‍ന്ന പല മേഖലകളിലും സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളും കേരളത്തിന്റെ ജനകീയസമര ചരിത്രത്തിന്റെ ഭാഗമാണ്. സി കെ ജാനു, മയിലമ്മ, വിനയ, ചിത്രലഖ, ജസീറ, ഗോമതി, ലിസി, നളിനി ജമീല, ജയശ്രി, ഏല്യാമ്മ വിജയന്‍, നളിനി നായ്ക്, തസ്‌നി ബാനു, വി പി സുഹ്‌റ, മേരി റോയ്, സിസ്റ്റര്‍ ആലീസ്, മാഗ്ലിന്‍, പി ഇ ഉഷ, ജസ്മി, വിജി പെണ്‍കൂട്ട് എന്നിങ്ങനെ ഈ പട്ടിക നീളുന്നു. ഇവരുടെയല്ലാം പോരാട്ടങ്ങള്‍ക്ക് എതിര്‍വശത്താണ് ഇപ്പോള്‍ വനിതാദിനത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പ്രസ്ഥാനങ്ങള്‍ എന്നതാണ് വൈരുദ്ധ്യം. മറുവശത്ത് സാഹിത്യം, കല, നാടകം പോലുള്ള മേഖലകളിലെ സ്ത്രീപോരാട്ടങ്ങളും ശക്തമായിരുന്നു. പെണ്ണെഴുത്ത് എന്ന പദം തന്നെ സാഹിത്യത്തില്‍ രൂപം കൊണ്ടു. അവിടെയെല്ലാം പ്രധാനപങ്കുവഹിച്ചതും മുഖ്യധാരക്കാരിയിരുന്നില്ല.
കേരളത്തിന്റെ വര്‍ത്തമാന സമരചരിത്രവും പരിശോധിച്ചുനോക്കുക. സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകൡും വിവേചനത്തിനെതിരായ സ്ത്രീപോരാട്ടങ്ങള്‍ തുടരുകയാണ്. മൂന്നാര്‍ പോരാട്ടം, ഇരിപ്പുസമരം, നേഴ്‌സ് സമരം, കന്യാസ്ത്രീ സമരം, വിമന്‍ ഇന്‍ സിനിമ കളക്ടീവ്, ശബരിമല സ്ത്രീ പ്രവേശനം തുടങ്ങിയവ ചില സമീപകാല പോരാട്ടങ്ങള്‍. കൂടാതെ സംസ്ഥാനത്തുടനീളം നടക്കുന്ന ജനകീയ പോരാട്ടങ്ങളിലെ സ്ത്രീ നേതൃത്വങ്ങളും സാന്നിധ്യങ്ങളും ചെറുതല്ല താനും. എന്നാലവിടേയും വനിതാദിനത്തെ ഹൈജാക്ക് ചെയ്യുന്ന ഇക്കൂട്ടരെ കാണാനാകുന്നില്ല എന്നതാണ് വസ്തുത. പലപ്പോളുമവര്‍ എതിര്‍ വശത്താണുതാനും. ഈ സാഹചര്യത്തില്‍ ഇത്തരം വനിതാദിനാഘോഷത്തിന് എന്തു പ്രസക്തിയാണുള്ളത്?
വനിതാദിനത്തിനു മാത്രമല്ല, പരിസ്ഥിതി ദിനത്തിനും കേരളത്തില്‍ ഇതേ ഗതിയാണെന്നു കാണാം. കേരളത്തിന്റെ പരിസ്ഥിതി നശിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചവരും ഇപ്പോളും വഹിക്കുന്നവരുമാണ് ജൂണ്‍ 5ന് പരിസ്ഥിതി ദിനാഘോഷങ്ങളുമായി രംഗത്തു വരാറുള്ളത്. പരിസ്ഥിതി സംരക്ഷണത്തിനായി കാലങ്ങളായി പോരാടുന്ന കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നാണ് ഇവര്‍ പരിസ്ഥിതി ദിനത്തെ ഹൈജാക്ക് ചെയ്യുകയും അതിന്റെ അന്തസത്ത ചോര്‍ത്തികളഞ്ഞ് സ്ഥാപനവല്‍ക്കരിക്കുയും ചെയ്തത്. ഇത്തരത്തില്‍ ചൂഷകര്‍ തന്നെ വിമോചകരുടെ വേഷം കെട്ടുന്നു എന്നതാണ് കേരളം സമീപകാലത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply