വ്യാജഏറ്റുമുട്ടല്‍ കൊലകള്‍ ആവര്‍ത്തിക്കുമ്പോള്‍

വ്യാജഏറ്റുമുട്ടല്‍ കൊലകള്‍ രാജ്യത്തെ പല സംസ്ഥാനത്തും അരങ്ങേറാറുണ്ട്. അപ്പോളെല്ലാം അതിനെതിരെ വലിയ പ്രതിഷേധ പ്രസ്താവനകളൊക്കെ കേരളത്തില്‍ ഉയരാറുണ്ട്. എന്നാല്‍ കേരളത്തിലും അത്തരം സംഭവങ്ങള്‍ നടപ്പോളാണ് നാമെത്ര കാപട്യത്തിനുടമകളാണെന്നു മനസിലാകുന്നത്. എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ചു പോലീസ് നടത്തിയ പച്ചയായ കൊലപാതകങ്ങള്‍ക്കെതിരെ പോലും കേരളത്തില്‍ കാര്യമായ പ്രതിഷേധങ്ങളുയര്‍ന്നില്ല എന്നതാണ് വസ്തുത.

2019 മാര്‍ച്ച് 6ന് രാത്രി വയനാട് വൈത്തിരിയിലെ റിസോര്‍ട്ടിലാണ് മാവോയിസ്റ്റ് നേതാവായ സി.പി. ജലീല്‍ കൊല്ലപ്പെട്ടത്. റിസോര്‍ട്ടിലെത്തി പണവും ഭക്ഷണവും വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ എത്തി കാര്യമായ പ്രകോപനമൊന്നുമില്ലാതെ വെടിവെക്കുകയായിരുന്നു എന്നത് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. മാവോയിസ്റ്റുകള്‍ വെടിവെച്ചപ്പോള്‍ തിരിച്ചുവെടിവെക്കുകയായിരുന്നു എന്ന പോലീസ് വാദത്തെ റസ്‌റ്റോറന്റിലെ ജീവനക്കാര്‍ തന്നെ തള്ളിക്കളഞ്ഞു. തികച്ചും നിയമവിരുദ്ധമായി നടത്തിയ കൊലയാണെന്നു വ്യക്തമായിട്ടും തലക്കുതന്നെ വെടിവെച്ച് മരണം ഉറപ്പിക്കുകയായിരുന്നു എന്നു തെളിഞ്ഞിട്ടും കാര്യമായ പ്രതിഷേധമൊന്നും കേരളത്തില്‍ ഉയരുന്നില്ല എന്നത് മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യാവകാശങ്ങള്‍ക്കും പ്രബുദ്ധമെന്നു സ്വയം ഊറ്റം കൊള്ളുന്ന നാം ഒരു വിലയും കല്‍പ്പിക്കുന്നില്ല എന്നതിന് തെളിവാണ്. അറുംകൊലകളെ പോലും കക്ഷിരാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണല്ലോ നാം നോക്കികാണുന്നത്.

2016 നവംബര്‍ 24 ന്് മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കേരള പോലീസിനാല്‍ കൊല ചെയ്യപ്പെട്ട സംഭവത്തിലും ഇതുതന്നെയാണ് നാം കണ്ടത്. ഏറ്റമുട്ടല്‍ കൊല എന്ന കേരള സര്‍ക്കാരിന്റെ വിശദീകരണത്തെ അപ്രസക്തമാക്കുന്ന വസ്തുതകള്‍ പുറത്തുവരികയും വ്യാജ ഏറ്റുമുട്ടലിലൂടെ അവരെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കപ്പെടുകയും ചെയ്തു. നിലമ്പൂര്‍ കരുളായി പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പൂളപ്പൊട്ടി കണ്ടംതരിശ് വനമേഖലയിലാണ് മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിന്റേയും അജിതയുടേയും മൃതദേഹങ്ങള്‍ കണ്ടത്. പോലീസ് അവകാശപ്പെടുന്നതുപോലെ ഏറ്റുമുട്ടല്‍ നടന്നതിന്റെ ലക്ഷണമൊന്നും സംഭവസ്ഥലത്തില്ലായിരുന്നു എന്നാണ് സമീപവാസികള്‍ സാക്ഷ്യപ്പെടുത്തിയത്. ഏറ്റുമുട്ടലുകള്‍ നടക്കുമ്പോള്‍ കൊല്ലപ്പെട്ടവരുടെ ശരീരത്ത് ഒട്ടേറെ വെടിയുണ്ടകള്‍ ഏല്‍ക്കാറുമുണ്ട്. എന്നാല്‍ കാവേരിയുടെയും ദേവരാജിന്റെയും മൃതദേഹങ്ങളുടെ ചിത്രങ്ങളില്‍ ആ സൂചനയില്ലായിരുന്നു. മൃതദേഹങ്ങള്‍ കിടക്കുന്നിടത്ത് ചോരപ്പാടുകളും പ്രത്യക്ഷത്തില്‍ കണ്ടില്ല. ഇരുപക്ഷവും തമ്മില്‍ ഇരുപതു മിനിറ്റ് നേര്‍ക്ക്നേര്‍ പരസ്പരം വെടിവെയ്പ്പ് നടന്നുവെന്ന് അവകാശപ്പെടുമ്പോഴും പൊലീസുകാര്‍ക്ക് ആര്‍ക്കും തന്നെ പരി്ക്കില്ല. മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു അജിതയുടെ മൃതദേഹം. ഇവരുടെ വയറിന്റെ ഇടതുഭാഗത്തും തോളിലുമാണു വെടിയേറ്റത്. ദേവരാജന്റെ മൃതദേഹം കമഴ്ന്നുകിടക്കുകയായിരുന്നു. മാവോയിസ്റ്റുകള്‍ വിശ്രമിക്കവേ താവളം വളഞ്ഞ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നെന്നാണു സൂചന. അല്ലെങ്കില്‍ പിടിച്ചുകെട്ടി വെടിവെച്ചതാകാം.
അന്നും കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ ഏറെക്കുറെ മൗനമായിരുന്നു. അതേസമയം സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ മാത്രമാണ് സംഭവത്തിനെതിരെ അതിശക്തമായിതന്നെ രംഗത്തുവന്നത്. കേരളത്തില്‍ മാവോയിസ്റ്റ് വേട്ട വേണ്ടെന്നും അഭിപ്രായം പറയുന്നവരെ നിശബ്ദരാക്കുന്നതു ശരിയായ രാഷ്ട്രീയമല്ലെന്നും കാനം പറഞ്ഞു. ആദിവാസികള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന നിരവധിയാളുകളുണ്ട്. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതു പരിഷ്‌കൃതസമൂഹത്തിനു യോജിച്ചതല്ല. നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കാനല്ല സംസ്ഥാനത്ത് ഒരു സര്‍ക്കാരുള്ളത്. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണു ജനാധിപത്യത്തിന്റെ പ്രത്യേകത എന്നിങ്ങനെപോയി കാനത്തിന്റെ വാക്കുകള്‍. അതേസമയം എതാനും മനുഷ്യാവകാശപ്രവര്‍ത്തകര്‍ മാത്രമാണ് രഗത്തിറങ്ങിയത്. കൊലപാതകങ്ങളെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ പോലും പിണറായി വിജയന്‍ നേതൃത്വം നല്‍കിയ ഇടത് സര്‍ക്കാര്‍ തയ്യാറായില്ല. ഈ സംഭവത്തിലും തയ്യാറാകുമെന്ന് കരുതാനാകില്ല. ഏതൊരു ഏറ്റുമുട്ടല്‍ കൊലയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയായി വ്യാജ ഏറ്റുമുട്ടല്‍ ആയിരുന്നില്ലെന്നും നിയമവിരുദ്ധമായ ബലപ്രയോഗം നടത്തിയിട്ടില്ല എന്നും ബോധ്യം വരുന്നതുവരെ ഏറ്റുമുട്ടല്‍ നടത്തിയ സംഘത്തിലെ പോലീസുകാര്‍ക്ക് ഉദ്യോഗക്കയറ്റമോ സമ്മാനങ്ങളോ നല്കരുതെന്നും ഏറ്റുമുട്ടല്‍ കൊല നടന്നാല്‍ കുറ്റമറ്റ രീതിയില്‍ തെളിവുകള്‍ ശേഖരിക്കണമെന്നുമുള്ള 2014 ലെ പിയുസിഎല്‍ Vs സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര എന്ന കേസിലെ സുപ്രീംകോടതി വിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. .

കാലത്തിനല്‍പ്പം കൂടി പുറകോട്ടുപോയാല്‍ ഇന്ത്യയില്‍ തന്നെ ആദ്യമായി വ്യാജഏറ്റുമുട്ടല്‍ കൊലപാതകം നടന്ന സംസ്ഥാനം കേരളം തന്നെയാകണം. 1970 ഫെബ്രുവരി 18 നാണ് നക്‌സല്‍ വര്‍ഗീസിനെ കേരള പോലീസ് വെടിവെച്ച് കൊന്നത്. അന്ന് ഏറെ കോലാഹലമുണ്ടാക്കിയ സംഭവമായിട്ടും പോലീസും നക്‌സലുകളുമായുള്ള ഏറ്റുമുട്ടലിലായിരുന്നു മരണം എന്നാണ് സഥാപിക്കപ്പെട്ടത്. എന്നാല്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷം അനിതരസാധാരണമായ സംഭവങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. അന്ന് സിആര്‍പിഎഫ് കോണ്‍സ്റ്റബിളായിരുന്ന രാമചന്ദ്രന്‍ നായര്‍ താനാണ് വര്‍ഗീസിനെ വെടിവെച്ചതെന്നും അന്ന് ഡിവൈഎസ്പിയായിരുന്ന ലക്ഷ്മണയുടെ ഭീഷണിക്ക് വഴങ്ങിയാണ് അപ്രകാരം ചെയ്തതെന്നും വര്‍ഗീസിനെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതാണെന്നും വെളിപ്പെടുത്തുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്കുമുമ്പു മുകളില്‍ നിന്നുള്ള ഉത്തരവു പ്രകാരം താന്‍ നടത്തിയ വ്യാജഏറ്റുമുട്ടല്‍ കൊലയുടെ ഓര്‍മ്മകളും പേറി ജീവിച്ച രാമചന്ദ്രന്‍ നായര്‍ ജീവിതസായാഹ്നത്തില്‍ ആ സത്യം ഉറക്കെ വിളിച്ചു പറഞ്ഞ് നീതിപീഠത്തിനു മുന്നില്‍ നിന്ന സംഭവത്തിന് ഒരു ജനകീയ പോരാട്ടത്തേക്കാള്‍ തീഷ്ണതയുണ്ടായിരുന്നു. രാമചന്ദ്രന്‍ നായര്‍ പോരാടിയത് സാമൂഹ്യവ്യവസ്ഥയോടു മാത്രമായിരുന്നില്ല, സ്വന്തം മനസ്സാക്ഷിക്കും നേരെയായിരുന്നു എന്നതാണ് അതിനുകാരണം. റിട്ടയര്‍മെന്റിനുശേഷമായിരുന്നു ഈ അനുഭവം രാമചന്ദ്രന്‍ നായരെ ഏറെ വേട്ടയാടിയത്. സഹിക്കാനാവാതെ വന്നപ്പോള്‍ ചെയ്ത പാതകമേറ്റുപറഞ്ഞ് ലോകത്തിനു മുന്നില്‍ ശിക്ഷയേറ്റുവാങ്ങാന്‍ തയ്യാറായി രാമചന്ദ്രന്‍ നായര്‍ നിന്നു. വര്‍ഗ്ഗീസിനെ കൊന്നതിന് ശിക്ഷയായി ജയിലില്‍ കിടക്കുക എന്നതാണ് തന്റെ അന്ത്യാഭിലാഷമെന്ന് പരസ്യമായി വിളിച്ചുപറഞ്ഞു. ഒപ്പം കൊലക്ക് ഉത്തരവിട്ട ലക്ഷ്മണയെ ശിക്ഷിക്കുമെന്നും ഉറപ്പിച്ചു. രാമചന്ദ്രന്‍ നായര്‍ക്ക പിന്തുണയുമായി സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ മുന്‍ നക്‌സലൈറ്റുകളുടേയും മനുഷ്യാവകാശപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ പ്രചാരണ പരിപാടികള്‍ നടന്നു. തൃശൂരില്‍ അദ്ദേഹം തന്നെ പങ്കെടുത്ത സമ്മേളനവും നടന്നു. സംഭവത്തില്‍ കേസെടുക്കാതിരിക്കാന്‍ സര്‍ക്കാരിനു കഴിയാതായി. തുടര്‍ന്ന് കേസ്സില്‍ പ്രതിയായി രാമചന്ദ്രന്‍ നായര്‍ വിയ്യൂര്‍ സെന്റര്‍ ജയിലില്‍ റിമാന്റില്‍ കഴിഞ്ഞു. ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തിന് സാഹിത്യ അക്കാദമിയില്‍ സ്വീകരണം നല്‍കി. എന്നാല്‍ ചരിത്രത്തിലാദ്യമായി സ്വന്തം പാതകം വിളിച്ചുപറഞ്ഞ ഈ പോലീസുകാരനെ ശിക്ഷിക്കാന്‍ വിധിക്കാകുമായിരുന്നില്ല. അതിനുമുമ്പെ 2006ല്‍ അദ്ദേഹം മരിച്ചു. എന്നാല്‍ കുറ്റവാളിയായിരുന്ന ലക്ഷ്മണക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു.

കേരളചരിത്രത്തിലെ അസാധാരണമായ ഈ സംഭവം പോലും വിസ്മരിച്ചാണ് വീണ്ടും വ്യാജഏറ്റുമുട്ടല്‍ കൊലകള് നടത്താന്‍ പോലീസ് തയ്യാറാകുന്നത്. കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നു വരുത്തി വെക്കാനും തണ്ടര്‍ ബോള്‍ട്ടിനെ നിലനിര്‍ത്താനും അങ്ങനെ മാവോയിസത്തെ നേരിടാനെന്ന പേരില്‍ കേന്ദ്രത്തിന്റെ വന്‍ഫണ്ട് ലഭിക്കാനുമാണ് സര്‍ക്കാര്‍ നീക്കം എന്നാരാപണവും നിലവിലുണ്ട്. എന്തായാലും ഭരണൂടം തന്നെ നടത്തുന്ന ഈ നിയമവിരുദ്ധ കൊലക്കെതിരെ ശക്തമായ ജനകീയപ്രതിരോധം ഉയരുന്നില്ലെങ്കില്‍ അതു നമ്മെ നയിക്കുക കൂടുതല്‍ ഇരുണ്ട അവസ്ഥയിലേക്കായിരിക്കും എന്നതില്‍ സംശയം വേണ്ട.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply