പ്രശ്‌നം ബേബിയുടേതല്ല, വര്‍ഗ്ഗരാഷ്ട്രീയത്തിന്റേതാണ്

ഐ ഗോപിനാഥ് ആദിവാസി നേതാവ് സി കെ ജാനു എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്കു മത്സരിക്കുന്നതിനോട് പ്രതികരിച്ചുള്ള എം എ ബേബിയുടെ മാതൃഭൂമി ലേഖനം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടല്ലോ.. തീര്‍ച്ചയായും ജാനുവിന്റെ ചുവടുമാറ്റം ഇന്ത്യയെ സവര്‍ണ്ണ ഹിന്ദുരാഷ്ട്രവാദമാക്കി മാറ്റാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെയും മനുവാദരാഷ്ട്രീയത്തിനെതിരെയും നിലപാടെടുക്കുന്നവരെ വേദനിപ്പിക്കുന്ന സംഗതിയാണ്. എന്നാല്‍ അതിനോടു പ്രതികരിച്ച് ബേബി കണ്ടെത്തുന്ന നിലപാടുകള്‍ യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ല. ജാനുവിന്റെ പ്രശ്‌നം വ്യക്തിപരമല്ല, സ്വത്വരാഷ്ട്രീയത്തിന്റേതാണ് എന്നതാണ് ബേബിയുടെ പ്രധാന വാദം. അവിടെതന്നെയാണ് അദ്ദേഹത്തിന്റെ നിലപാടുകളുടെ ദൗര്‍ബ്ബല്ല്യം. […]

m aഐ ഗോപിനാഥ്

ആദിവാസി നേതാവ് സി കെ ജാനു എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്കു മത്സരിക്കുന്നതിനോട് പ്രതികരിച്ചുള്ള എം എ ബേബിയുടെ മാതൃഭൂമി ലേഖനം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടല്ലോ.. തീര്‍ച്ചയായും ജാനുവിന്റെ ചുവടുമാറ്റം ഇന്ത്യയെ സവര്‍ണ്ണ ഹിന്ദുരാഷ്ട്രവാദമാക്കി മാറ്റാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെയും മനുവാദരാഷ്ട്രീയത്തിനെതിരെയും നിലപാടെടുക്കുന്നവരെ വേദനിപ്പിക്കുന്ന സംഗതിയാണ്. എന്നാല്‍ അതിനോടു പ്രതികരിച്ച് ബേബി കണ്ടെത്തുന്ന നിലപാടുകള്‍ യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ല.
ജാനുവിന്റെ പ്രശ്‌നം വ്യക്തിപരമല്ല, സ്വത്വരാഷ്ട്രീയത്തിന്റേതാണ് എന്നതാണ് ബേബിയുടെ പ്രധാന വാദം. അവിടെതന്നെയാണ് അദ്ദേഹത്തിന്റെ നിലപാടുകളുടെ ദൗര്‍ബ്ബല്ല്യം. ഇന്ത്യയിലെ ആദിവാസികളും ദളിതുകളുമെല്ലാം പീഡിപ്പിക്കപ്പെടുന്നതും മുഖ്യധാരയിലേക്കുള്ള അവരുടെ പ്രവേശനം തടയപ്പെടുന്നതും അധികാരത്തിന്റെ കോട്ടകൊത്തലങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്നതും അവര്‍ ദളിതുകളും ആദിവാസികളുമായതിനാലാണ്. ആ സത്യം മറച്ച് വെച്ച് അവരിലെല്ലാം ”തൊഴിലാളിവര്‍ഗ്ഗ സ്വത്വബോധം” അടിച്ചേല്‍പ്പിക്കാനുള്ള ബേബിയുടേയും സിപിഎമ്മിന്റേയും ശ്രമം സമൂര്‍ത്ത സാഹചര്യങ്ങളെ സമൂര്‍ത്തമായി വിശകലനം ചെയ്യുക എന്ന മാര്‍ക്‌സിസ്റ്റ് നിലപാടിനു തന്നെ വിരുദ്ധമാണ്. തികച്ചും വ്യത്യസ്ഥമായ സാഹചര്യത്തില്‍ മാര്‍ക്‌സ് രൂപം കൊടുത്ത വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ മൗലികവാദപരമായ പിന്തുടരലാണ്. അതിനാല്‍ തന്നെയായിരുന്നു ദളിത് വിഭാഗങ്ങളേയും ആദിവാസികളേയും കര്‍ഷകത്തൊഴിലാളികളായി വ്യാഖ്യാനിച്ച് അവരെ സംഘടിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറായത്. എന്നാല്‍ ദശകങ്ങള്‍ക്കുശേഷവും അവരുടെ അവസ്ഥയില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. ഈ നിലപാടിന്റെ പ്രതിഫലനം പാര്‍ട്ടിയിലുമുണ്ടായി. പോളിറ്റ് ബ്യൂറോയടക്കം നിങ്ങളുടെ ഉയര്‍ന്ന കമ്മിറ്റികളില്‍ എത്ര ദളിത് വിഭാഗങ്ങളുണ്ടെന്ന് ചോദിച്ച് എസ് എഫ് ഐയില്‍ നിന്ന് രാജിവെച്ച് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനില്‍ പ്രവര്‍ത്തിക്കാന്‍ രോഹിത് വെമുല തീരുമാനിച്ച്ത അതുകൊണ്ടായിരുന്നല്ലോ.
അയിത്തം പോലുള്ള പ്രകടമായ വിവേചനങ്ങള്‍ കേരളത്തില്‍ കാണാത്തതിനു കാരണം തങ്ങളാണെന്ന് എന്നും കമ്യൂണിസ്റ്റുകാര്‍ വാദിക്കാറുണ്ട്. എന്നാല്‍ അതുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോങ്ങളില്‍ പ്രധാനപ്പെട്ടവയെല്ലാം നടന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിനു മുന്നായിരുന്നു. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ എ കെ ജി പങ്കെടുത്തത്് കോണ്‍ഗ്രസ്സുകാരനായിട്ടായിരുന്നു. കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരത്തിന് അയ്യങ്കാളി നേതൃത്വം നല്‍കിയത് ദളിത് (അന്ന് ആ പദമില്ലെങ്കിലും) എന്ന സ്വത്വബോധത്തില്‍ നിന്നായിരുന്നു. കേരളത്തിലെ ദളിത് വിഭാഗങ്ങളുടെ മനുഷ്യരായി മാറാനുള്ള പോരാട്ടത്തിന്റെ ഉജ്ജ്വലപ്രതീകമായ അയ്യങ്കാളിയുടെ പേരുപോലും ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കാന്‍ ഇ എം എസ് തയ്യാറായില്ല. ഈ നിലപാടുകളുടെ തുടര്‍ച്ചയായിരുന്നു പാര്‍ട്ടി പിന്തുടര്‍ന്നത്. സിപിഐ, കേരള പുലയ മഹാസഭക്കു രൂപം കൊടുത്തപ്പോള്‍ പോലും സിപിഎം കര്‍ഷക തൊഴിലാളി യൂണിയനാണുണ്ടാക്കിയത്.
ജാനുവിന്റേയും മറ്റും പ്രവര്‍ത്തനഫലമായി കേരളത്തില്‍ ആദിവാസി ഭൂപ്രശ്‌നം സജീവമായപ്പോള്‍ അതുമായി ബന്ധപ്പെട്ട് കുടിയേറ്റക്കാര്‍ക്കായി നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിന്റെ ചര്‍ച്ചയില്‍ ആദിവാസികള്‍ക്കൊപ്പം നിന്നത് ഗൗരിയമ്മ മാത്രമായിരുന്നു എന്നത് ഒരു ചരിത്രയാഥാര്‍ത്ഥ്യമാണല്ലോ. അതോടെ പൊതുസമൂഹത്തിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടത് സ്വാഭാവികം. സെക്രട്ടറിയേറ്റിനുമുന്നില്‍ നടന്ന കുടില്‍കെട്ടി സമരകാലത്ത് പ്രതിപക്ഷനേതാവായിരുന്ന വിഎസ് പറഞ്ഞ വാചകം, തലസ്ഥാനനഗരത്തില്‍ ആദിവാസികള്‍ മലമൂത്രവിസര്‍ജ്ജനം നടത്തി വൃത്തകേടാക്കി എന്നായിരുന്നു. മുത്തങ്ങ, ചങ്ങറ സമരങ്ങളിലൂടെ കേരളത്തിലെ ആദിവാസി, ദളിത് വിഭാഗങ്ങള്‍ തങ്ങള്‍ക്കിനി ദത്തുപുത്രന്മാരെ ആവശ്യമില്ല എന്നു പ്രഖ്യാപിച്ച് മുന്നോട്ടുവന്നപ്പോള്‍ അതിനെതിരെ ശക്തമായി മുന്നോട്ടുവന്നതും സിപിഎമ്മായിരുന്നു. മുത്തങ്ങ വെടിവെപ്പിനെതിരെ പ്രതിഷേധിച്ചു എന്ന് ബേബി പറയുമ്പോള്‍, വെടിവെപ്പിനു രണ്ടുദിവസം മുമ്പ് ആദിവാസികളെ ഇറക്കിവിടാനാവശ്യപ്പെട്ട് അവിടെ ഹര്‍ത്താല്‍ നടത്തിയതില്‍ സിപിഎം സജീവപങ്കാളിയായിരുന്നു എന്നത് മറച്ചുവെക്കുന്നു. ഭൂമിക്കും ഭരണഘടന അനുവദിക്കുന്ന സ്വയംഭരണാവകാശത്തിനും വേണ്ടിയായിരുന്നു മുത്തങ്ങ സമരം എന്നു മറക്കരുത്. വെടിവെപ്പിനെതിരെ തങ്ങള്‍ പതിഷേധിച്ചു എന്ന് ബേബി പറയുമ്പോള്‍, സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം അധികാരത്തിലെത്തിയപ്പോള്‍ പാലിച്ചില്ല എന്നു മറക്കരുത്. ചങ്ങറ സമരവേദി ഉപരോധിച്ചതും മറ്റാരുമായിരുന്നില്ല. സമരത്തെ പിന്തുണച്ച് കേരളത്തിലെ പുതുതലമുറ സെക്രട്ടറിയേറ്റിനുമുന്നില്‍ രാത്രിസമരം നടത്തിയപ്പോള്‍ പിറ്റേന്നവിടം ചാണകവെള്ളം തളിച്ച് വൃത്തിയാക്കിയത് പാര്‍ട്ടിയുടെ വനിതാ വിഭാഗമായിരുന്നു. അയിത്താചരണമല്ലാതെ മറ്റെന്താണിത്? എന്നാല്‍ ഈ സമരങ്ങളുടെ ഭാഗികമായ വിജയവും ഇന്ത്യയിലെമ്പാടുമെന്ന പോലെ കേരളത്തിലും വര്‍ഗ്ഗവാദികള്‍ സ്വത്വവാദമെന്നാരോപിക്കുന്ന ആദിവാസി, ദളിത് വിഭാഗങ്ങളുടെയും അവരുമായി ഐക്യപ്പെടുന്ന എഴുത്തുകാരുടേയും ഉണര്‍വ്വും സി പി എമ്മിനെ ഞെട്ടിച്ചു. അതിന്റെ പ്രതിഫലനമാണ്, സ്വത്വവാദം തെറ്റെന്ന് ഇ്‌പ്പോഴും പറയുന്ന ബേബിയുടെ പാര്‍ട്ടി ആദിവാസി ക്ഷേമസമിതിയും പുട്ടികജാതി ക്ഷേമസമിതിയും രൂപീകരിച്ചത്. ഇരുസംഘടനകളുടേയും പ്രധാന ലക്ഷ്യം ഈ വിഭാഗങ്ങളില്‍ നിന്നുള്ള മുന്നേറ്റങ്ങളെ തടയുകയാണെന്നത് വേറെ കാര്യം. ഇതേറ്റുപിടിക്കുന്ന അതിമാനവരും ഇന്നു കേരളത്തിലുണ്ട്. കഴി്ഞ്ഞ നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന നവോത്ഥാനമുന്നേറ്റങ്ങളെ മൂലധനമാക്കി വളരുകയും പിന്നീടവയെ സ്വത്വരാഷ്ട്രീയമെന്നാരോപിച്ച് വര്‍ഗ്ഗരാഷ്ട്ീയത്തിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്ത അതേ തെറ്റ് തന്നെയാണ് ഇവിടേയും ആവര്‍ത്തിക്കുന്നത്. പിന്നോക്കം നില്‍ക്കുന്നു എന്നു നാം കളിയാക്കുന്ന സംസ്ഥാനങ്ങൡ പോലും ദളിത് വനിതാ മുഖ്യമന്ത്രിമാരുണ്ടായിട്ടും പ്രബുദ്ധ കേരളത്തിന്റെ അവസ്ഥ എന്താണ്? നമ്മുടെ അയല്‍സംസ്ഥാനങ്ങളിലെല്ലാം ദളിത് സാഹിത്യം വളരെ ശക്തമായിരിക്കുമ്പോള്‍ സാക്ഷരകേരളത്തിന്റെ അവസ്ഥയോ? അതിനു മുഖ്യഉത്തരവാദികള്‍ സി പി എമ്മും അവരോടൊട്ടിനില്‍ക്കുന്ന സാംസ്‌കാരികനായകരുരമല്ലേ..?
ജാനുവിന് സിപിഎം സീറ്റു കൊടുത്തിരുന്നെങ്കില്‍ അവര്‍ എന്‍ഡിഎയിലേക്കു പോകുമായിരുന്നില്ല എന്നു ചില മുന്‍നക്‌സലൈറ്റുകളും മറ്റും പറയുന്നതായി ബേബി ആരോപിക്കുന്നു. രാഷ്ട്രീയത്തെ ഗൗരവമായി കാണുന്ന ആരും അങ്ങനെ പറഞ്ഞതായി അറിയില്ല. മറിച്ച് ബിജെപിയേക്കാളും കോണ്‍ഗ്രസ്സിനേക്കാളും ജാനുവിനേയും ആദിവാസി ഗോത്രസഭയേയും ശത്രുവായി കാണുകയും മുകേഷ്, നികേഷ്, വീണ തുടങ്ങിയവര്‍ക്കൊക്കെ സീറ്റു നല്‍കുകയും ചെയ്ത സിപിഎമ്മിന് ജാനുവിനെ വിമര്‍ശിക്കാന്‍ രാഷ്ട്രീയമായും ധാര്‍മ്മികമായും അവകാശമില്ല എന്നു ചിലര്‍ പ്രതികരിച്ചതു കണ്ടു. അതു ശരിയല്ലേ? കേരളത്തിലെ ഭൂപരിഷ്‌കരണ നിയമം മൂലം ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ക്ക് ഭൂമി ലഭിച്ചില്ല എന്ന് വീണ്ടും വീണ്ടും തെളിഞ്ഞിട്ടും രണ്ടാം ഭൂപരിഷ്‌കരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമാകുമ്പോഴും അതേ കുറിച്ച് ബേബി ഇപ്പോഴും ഊറ്റം കൊള്ളുമ്പോള്‍ തമാശ തോന്നുന്നു. തങ്ങള്‍ക്കൊരു ഗുണവുമില്ലാത്ത ഭൂപരിഷ്‌കരണത്തിന്റെ പേരില്‍ ആദിവാസികള്‍ കര്‍ഷകത്തൊഴിലാളികളായി മാറി സിപിഎമ്മിനൊപ്പം അണി നിരക്കണോ? നില്‍പ്പുസമരപന്തലില്‍ പരമ്പരാഗതരീതിയില്‍ പൂജ നടത്തിയതിനേയും ബേബി വിമര്‍ശിക്കുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിലെല്ലാം കയറിപറ്റണമെന്നു തീരുമാനിച്ച് അതു നടപ്പാക്കുകയും ശ്രീകൃഷ്ണജയന്തിപോലും ആഘോഷിക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ നേതാവുതന്നെ ആദിവാസികളുടെ പരമ്പരാഗത ആരാധനാ സമ്പ്രദായങ്ങളെ വിമര്‍ശിക്കണം.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഇ എം എസിന്റെ മരണശേഷം ഡെല്‍ഹിയില്‍ നിന്ന് പ്രവര്‍ത്തനരംഗം കേരളത്തിലേക്കുമാറ്റിയ ബേബി എല്ലാ ജില്ലകളിലും സെമിനാറുകളില്‍ പങ്കെടുത്തത് ഓര്‍മ്മവരുന്നു. ഇ എം എസിന്റെ മാതൃകയില്‍ തന്നെ പ്രസംഗത്തിനു ശേഷം ചോദ്യോത്തരവേളയുമുണ്ടായിരുന്നു. തൃശൂരിലെ സെമിനാറില്‍ വെച്ച് ഈ ലേഖകന്‍ ഒരു ചോദ്യം എഴുതി കൊടുത്തു. അതു മറ്റൊന്നുമായിരുന്നില്ല, വര്‍ഗ്ഗസമരത്തിലൂടെ പരിഹരിക്കാവുന്നതാണോ ഇന്ത്യയിലെ ജാതി പ്രശ്‌നമെന്നായിരുന്നു. മിക്ക ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞ ബേബി ഈ ചോദ്യം വായിച്ച് പറഞ്ഞതിങ്ങനെയായിരുന്നു. വളരെ ചര്‍ച്ച അര്‍ഹിക്കുന്ന ചോദ്യമാണിത്. ഇതിന്റെ മറുപടി പിന്നീടവസരത്തില്‍ പറയാം,. വര്‍ഷങ്ങള്‍ക്കുശേഷം അടുത്തയിടെ ബേബിയുടെ പ്രസ്താവന കണ്ടു. വര്‍ഗ്ഗസമരം കൊണ്ട് ജാതിപ്രശ്‌നം പരിഹരിക്കാമെന്നു കരുതിയത് തെറ്റാണെന്ന്. ഹൈദരാബാദ് സര്‍വ്വകലാശാല സംഭവവികാസങ്ങളെ തുടര്‍ന്ന് രാജ്യമാകെക അലയടിക്കുന്ന അംബേദ്കര്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് ബേബി ഇതു പറഞ്ഞതെന്ന് വ്യക്തം. എന്നാല്‍ ആ നിലപാടിനെ ഈ ലേഖനത്തിലൂടെ അദ്ദേഹം റദ്ദു ചെയ്യുന്നു. സിപിഎമ്മിനു ശക്തികുറഞ്ഞ സംസ്ഥാനങ്ങളില്‍ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ഇത്തരമൊരു പുനപരിശോധന കാര്യമായിതന്നെ നടക്കുന്നുണ്ട്. ഹൈദരബാദ് സര്‍വ്വകലാശാലയില്‍ എസ് എഫ് ഐയുടെ ബോര്‍ഡുകളിലെല്ലാം അംബേദികറെ കാണാം. സ്വത്വരാഷ്ട്രീയത്തെ ബേബി ആക്ഷേപിക്കുമ്പോഴും കഴിഞ്ഞ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അവിടെ രോഹിത് വെമുല നേതൃത്വം നല്‍കിയ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനെ എസ് എഫ് ഐ തോല്‍പ്പിച്ചത് ആദിവാസി സ്റ്റുഡന്റ്‌സ് യൂണിയനും ദളിത് സ്റ്റുഡന്റ്‌സ് യൂണിയനുമായി ഐക്യപ്പെട്ടായിരുന്നു. ,ഇപ്പോള്‍ സമരവേലിയേറ്റങ്ങള്‍ നടക്കുന്ന ജെ എന്‍ യുവിലടക്കം എസ് എഫ് ഐ നേതാക്കള്‍ ലാല്‍ സലാമിനൊപ്പും ജയ് ഭീമും പറയാനാരംഭിച്ചിട്ടുണ്ട്. ആത്മാര്‍ത്ഥമാണെങ്കില്‍ നന്ന്. എന്നാല്‍ അംബേദ്കറെ ബ്രിട്ടീഷ് ചാരനും ബൂര്‍ഷ്വാസിയുമായി ആക്ഷേപിച്ച് കേരളത്തിലേക്ക് അംബേദ്കര്‍ രാഷ്ട്രീയത്തെ തടയാനാണ് എന്നും സിപിഎം ശ്രമിച്ചിട്ടുള്ളത്. അ്തിന്റെ തുടകര്‍ച്ച തന്നെയാണ് ഈ ലേഖനവും.
തീര്‍ച്ചയായും നമ്പൂരി മുതല്‍ നായാടി വരെയുള്ളവരെ തങ്ങളുടെ ഹിന്ദുരാഷ്ട്രസങ്കല്‍പ്പത്തിന്‍ കീഴില്‍ കൊണ്ടുവരാനുള്ള ബിജെപി നീക്കത്തില്‍ ജാനു വീഴാന്‍ പാടില്ലായിരുന്നു. നമ്പൂരിക്കും നായാടിക്കും പൊതുവായി ഒന്നുമില്ല എന്നു വ്യക്തം. കാഞ്ചൈ ഐലയ്യ കൃത്യമായി ചൂണ്ടികാട്ടിയ പോലെ ദളിതരും ആദിവാസികളുമൊന്നും ഒരു കാലത്തും ഹിന്ദുക്കളായിരുന്നില്ല. ചാതുര്‍വര്‍ണ്ണ്യത്തിനു പുറത്താണ് അവരുടെ സ്ഥാനം. നിയമസഭയയില്‍ തങ്ങള്‍ക്കായി മറ്റാരും സംസാരിക്കില്ലെന്നും തങ്ങള്‍ക്കു തന്നെ സംസാരിക്കണെന്നുമുള്ള ജാനുവിന്റെ നിലപാട് മുന്‍കാലാനുഭവത്തില്‍ ശരിയാണ്. അതിനുള്ള അവസരമായിട്ടായിരിക്കാം അവരീ കൂടുമാറ്റത്തെ കാണുന്നത്. അതിനാല്‍തന്നെ ജാനുവിനെ എന്‍ ഡി എ പാളയത്തില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്തം കേരളീയ ‘മുഖ്യധാരാ’ സമൂഹത്തിനും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുമാണ്.അതില്‍ സിപിഎമ്മിന്റെ പങ്കും നിസ്സാരമല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply