തിരഞ്ഞെടുപ്പിന് രാഷ്ട്രീയമായി സജ്ജമായോ?

കെ. വേണു കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വേദി പൂര്‍ണ്ണമായും സജ്ജമായെങ്കിലും, വരുന്ന അഞ്ചുവര്‍ഷത്തെ ഭരണത്തിന്റെ ഗതി തീരുമാനിയ്ക്കാനുള്ള ജനാധിപത്യ പ്രക്രിയയിലെ ഈ നിര്‍ണ്ണായക സന്ദര്‍ഭത്തിന് അനുസൃതമായ ഗൗരവം രാഷ്ട്രീയാന്തരീക്ഷത്തില്‍ ദൃശ്യമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിന്റെ തനതായ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഏറെ സങ്കീര്‍ണ്ണമായിരുന്നിട്ടും ഈ സാഹചര്യത്തെ മറികടക്കുന്നതിനാവശ്യമായ ഗൗരവപൂര്‍വ്വമുള്ള ചര്‍ച്ചകളൊന്നും മുഖ്യധാരാഷ്ട്രീയകക്ഷികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതേയില്ല. പ്രകടനപത്രികകള്‍ ഇത് വ്യക്തമായി തെളിയിക്കുന്നു. മാധ്യമങ്ങള്‍, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍ ഗൗരവപൂര്‍വ്വമുള്ള ചര്‍ച്ചകള്‍ വളര്‍ത്തിക്കൊണ്ടുവരാനും, പൊതുജനാഭിപ്രായ രൂപീകരണത്തില്‍ അതനുസരിച്ചുള്ള പങ്കുവഹിക്കാനും ശ്രമിക്കുന്നില്ല. ബ്രേക്കിങ്ങ് […]

kkkകെ. വേണു

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വേദി പൂര്‍ണ്ണമായും സജ്ജമായെങ്കിലും, വരുന്ന അഞ്ചുവര്‍ഷത്തെ ഭരണത്തിന്റെ ഗതി തീരുമാനിയ്ക്കാനുള്ള ജനാധിപത്യ പ്രക്രിയയിലെ ഈ നിര്‍ണ്ണായക സന്ദര്‍ഭത്തിന് അനുസൃതമായ ഗൗരവം രാഷ്ട്രീയാന്തരീക്ഷത്തില്‍ ദൃശ്യമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിന്റെ തനതായ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഏറെ സങ്കീര്‍ണ്ണമായിരുന്നിട്ടും ഈ സാഹചര്യത്തെ മറികടക്കുന്നതിനാവശ്യമായ ഗൗരവപൂര്‍വ്വമുള്ള ചര്‍ച്ചകളൊന്നും മുഖ്യധാരാഷ്ട്രീയകക്ഷികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതേയില്ല. പ്രകടനപത്രികകള്‍ ഇത് വ്യക്തമായി തെളിയിക്കുന്നു. മാധ്യമങ്ങള്‍, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍ ഗൗരവപൂര്‍വ്വമുള്ള ചര്‍ച്ചകള്‍ വളര്‍ത്തിക്കൊണ്ടുവരാനും, പൊതുജനാഭിപ്രായ രൂപീകരണത്തില്‍ അതനുസരിച്ചുള്ള പങ്കുവഹിക്കാനും ശ്രമിക്കുന്നില്ല. ബ്രേക്കിങ്ങ് ന്യൂസിന് പിന്നാലെ നെട്ടോട്ടമോടുന്ന ദൃശ്യമാധ്യമങ്ങള്‍ക്ക് ഇതിനൊന്നും നേരമില്ല ; മനോഭാവവുമില്ല.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിലനിര്‍ത്തി ജനങ്ങള്‍ക്ക് ഗുണം ചെയ്യാന്‍ ശ്രമിച്ച ‘കേരള മോഡല്‍’ എന്ന് ലോക പ്രശസ്തി നേടിയ കേരള വികസന ശൈലി ഇന്ന് നേരെ തലകുത്തി നില്‍ക്കുകയാണ്. കാര്‍ഷിക, വ്യാവസായിക മേഖലകളെ മുരടിപ്പിച്ചുകൊണ്ട് റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും ആരോഗ്യ- വിദ്യാഭ്യാസ മേഖലയ്ക്കുവേണ്ടി മാറ്റിവെച്ച അശാസ്ത്രീയരീതിയുടെ ദുരന്തഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്. കാര്‍ഷിക, വ്യാവസായിക മേഖലകളില്‍നിന്നുള്ള റവന്യൂ വരുമാനം കുറയുകയും ആരോഗ്യ-വിദ്യാഭ്യാസ-സേവന മേഖലകളിലെ ചിലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ സര്‍ക്കാറിന് അത് താങ്ങാവാതെ വന്നത് സ്വാഭാവികമായിരുന്നു. മാറി മാറി ഭരിച്ച രണ്ടു മുന്നണികളും ആരോഗ്യ- വിദ്യാഭ്യാസമേഖലകള്‍ സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തത് പരസ്പരം മത്സരിച്ചായിരുന്നു. സര്‍ക്കാറിന് യാതൊരു നിയന്ത്രണവുമില്ലാതെ ആരോഗ്യ-വിദ്യാഭ്യാസമേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്നത് തനി കച്ചവടവല്‍ക്കരണമാണ്.
ലോകശ്രദ്ധയാകര്‍ഷിച്ച ആരോഗ്യരംഗമുണ്ടായിരുന്ന കേരളം ഇന്ന് ഇന്ത്യയിലെ ഏറ്റവുമധികം രോഗാതുരമായ സംസ്ഥാനമാണ്. ആശുപത്രി ചിലവുകളുടെ പേരില്‍ കണക്കെണിയില്‍പ്പെടുന്ന സാധാരണക്കാരുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പൊതുവിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസമേഖലയിലും കേരളത്തിന്റെ നിലവാരത്തകര്‍ച്ച ആശങ്കാജനകമാണ്. സര്‍ക്കാറിന് യാതൊരു നിയന്ത്രണവുമില്ലാത്ത വിദ്യാഭ്യാസമേഖലയിലെ കച്ചവടവല്‍ക്കരണമാണ് കാരണം. നയപരമായ തീരുമാനങ്ങളും ഇടപെടലും ആവശ്യമുള്ള ഈ മേഖലകളിലെ സ്ഥാപിത താല്‍പര്യങ്ങളുടെ പക്ഷംപിടിക്കുന്ന മുഖ്യധാരാ പാര്‍ട്ടികള്‍ കാഴ്ചക്കാരായി നില്‍ക്കുന്നു.
അധികാര വികേന്ദ്രീകരണത്തില്‍ കേരളം മാതൃകയാണെന്ന് കരുതി, ഇവിടുത്തെ അനുഭവങ്ങളില്‍നിന്ന് പഠിക്കാനായി, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മാത്രമല്ല, വിദേശരാജ്യങ്ങളില്‍നിന്നുപോലും രാഷ്ട്രീയനേതാക്കളും വിദഗ്ദ്ധരും ‘കില’യില്‍ വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. പക്ഷേ, കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്താണ്? പ്രാദേശികതലത്തില്‍ ജനപ്രതിനിധികളും പോലീസും ഉദ്യോഗസ്ഥരുമെല്ലാം ചേര്‍ന്നുകൊണ്ടുള്ള ഒരു അവിഹിത അധികാരകൂട്ടുകെട്ട് ശക്തിപ്പെട്ടിരിക്കുന്നു. ഈ കൂട്ടുകെട്ട് ജനങ്ങളുടെ എതിര്‍പ്പുകളെ അഗവണിച്ചുകൊണ്ട് നിയമവിരുദ്ധവും, ജനവിരുദ്ധവുമായ നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതു കാണാം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഈ പ്രക്രിയയില്‍ സജീവപങ്കാളിത്തമുള്ളതുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാവില്ല. കേരളീയ സമൂഹത്തെ അടിമുടി ഗ്രസിച്ചുകഴിഞ്ഞിട്ടുള്ള അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും ഉറവിടം തേടേണ്ടത് ഇവിടെയാണ്.
കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ ജീവിതത്തെ ബാധിക്കുന്ന ഗൗരവമുള്ള പ്രശ്‌നങ്ങള്‍ അനവധിയുണ്ട്. പക്ഷേ, തിരഞ്ഞെടുപ്പില്‍ വിജയിക്കുക, അതിനുവേണ്ടി താന്താങ്ങളുടെ വോട്ടുബാങ്ക് ഉറപ്പിക്കുക, വിപുലീകരിക്കുക എന്നീ ലക്ഷ്യത്തിനപ്പുറം രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നില്‍ ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ല. ഇന്ത്യയിലെ മതേതരജനാധിപത്യം നേരിടുന്ന കൂടുതല്‍ ഗുരുതരമായ ഭീഷണിയും ഇവിടെ ശരിയായ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അഖിലേന്ത്യാ തലത്തില്‍ ആധിപത്യത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തെ നേരിടുന്ന കാര്യത്തില്‍ കേരള രാഷ്ട്രീയം എത്രമാത്രം അപക്വവും പിന്നോക്കാവസ്ഥയിലുമാണെന്നാണ് ഈ തിരഞ്ഞെടുപ്പു സാഹചര്യം തെളിയിച്ചുകൊണ്ടിരിക്കുന്നത്.
സംഘപരിവാര്‍ രാഷ്ട്രീയത്തെ നേരിടാന്‍ തങ്ങള്‍ക്കുമാത്രമേ കഴിയൂ എന്ന കമ്മ്യൂണിസ്റ്റുകാരുടെ വാദം യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. കഴിഞ്ഞ രണ്ടുമൂന്ന് ദശകക്കാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ തനത് ഫാസിസ്റ്റുശൈലിയിലാണ് ബി.ജെ.പി., ആര്‍.എസ്.എസ്. സംഘങ്ങളെ നേരിട്ടത്. അതേ നാണയത്തില്‍ തിരിച്ചടിയും കിട്ടി. എങ്കിലും താല്‍ക്കാലികമായി ആര്‍.എസ്.എസിനെ തടയാനായി എന്ന തോന്നലുണ്ടാക്കി. എന്നാല്‍ ബലപ്രയോഗത്തിലൂടെ തടഞ്ഞുനിര്‍ത്താനാവാത്തവിധം സംഘപരിവാര്‍ ശക്തികള്‍ സാമൂഹ്യാടിത്തറ വിപുലീകരിച്ചപ്പോള്‍, ശോഭായാത്ര നടത്തലും ക്ഷേത്രക്കമ്മിറ്റികള്‍ പിടിച്ചെടുക്കലുംപോലുള്ള അപഹാസ്യ നടപടികളിലേക്ക് നീങ്ങാനേ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞുള്ളൂ. ഈ അവസ്ഥയ്ക്കു കാരണവും മുന്‍കാല കമ്മ്യൂണിസ്റ്റു ചെയ്തികള്‍ തന്നെയാണ്. മര്‍ദ്ദിത ജാതി വിഭാഗങ്ങള്‍ തങ്ങള്‍ക്ക് അര്‍ഹമായ രാഷ്ട്രീയാധിക പങ്കാളിത്തം പിടിച്ചു പറ്റിയാലേ അവര്‍ക്ക് ജാതി വിവേചനത്തില്‍നിന്ന് മോചിതരാകാന്‍ കഴിയൂ എന്ന അംബേദ്കര്‍ നിലപാട് കേരളത്തിലെ ദളിതരില്‍നിന്ന് കമ്മ്യൂണിസ്റ്റുകാര്‍ മറച്ചു പിടിക്കുകയും, അംബേദ്ക്കറെ ‘ബ്രിട്ടീഷ് ഏജന്റ്’ എന്ന് മുദ്രകുത്തുകയും ചെയ്തു. പില്‍ക്കാലത്ത് ഈ കമ്മ്യൂണിസ്റ്റ് വഞ്ചന തിരിച്ചറിയാന്‍ തുടങ്ങിയ ദളിതരില്‍ ഗണ്യമായ വിഭാഗം കമ്മ്യൂണിസ്റ്റുപക്ഷത്തുനിന്ന് അകലുകയും ജനാധിപത്യശക്തികളിലേക്ക് അടുക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റുപക്ഷത്ത് പിന്നെയും തുടര്‍ന്നുപോന്നവരാണ് ഇപ്പോള്‍ സംഘപരിവാര്‍ പക്ഷത്തേക്ക് നീങ്ങിയിട്ടുള്ളത്. ശ്രീനാരായണ പ്രസ്ഥാനത്തില്‍ അണിനിരന്ന അധ്വാനിക്കുന്ന വിഭാഗങ്ങളെ കമ്മ്യൂണിസ്റ്റുകാര്‍ വര്‍ഗ്ഗപരമായി സംഘടിപ്പിച്ചതോടൊപ്പം ശ്രീനാരായണഗുരുവിനെ ബൂര്‍ഷ്വാ പ്രതിനിധിയായി അവതരിപ്പിക്കുകയും ചെയ്തു. നിവര്‍ത്തന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍തക്ക രാഷ്ട്രീയ ഔന്നത്യമുണ്ടായിരുന്ന എസ്.എന്‍.ഡി.പി. 1950കള്‍ ആയപ്പോഴേക്കും വിവാഹ, മരണാനന്ത ചടങ്ങുകള്‍ നടത്തുന്ന ഒരു സാംസ്‌കാരിക സംഘം മാത്രമായി അവശേഷിച്ചു. ഉത്തരേന്ത്യയില്‍ ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ അധികാരം പിടിച്ചെടുക്കുന്നതു കണ്ടപ്പോഴാണ് കേരളത്തിലെ പിന്നോക്കക്കാരും തങ്ങള്‍ വഞ്ചിതരായ വസ്തുത തിരിച്ചറിയുന്നത്. പക്ഷേ, അംബേദ്കര്‍-ലോഹ്യാ നിലപാടുകളില്‍ അധിഷ്ഠിതമായ ബദല്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അഭാവത്തില്‍ കേരളത്തിലെ ദളിതരും പിന്നോക്കക്കാരും നേരിട്ട രാഷ്ട്രീയശൂന്യതയെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. ഈ അവസ്ഥ സൃഷ്ടിക്കുന്നതില്‍ നിര്‍ണ്ണായകവും വഞ്ചനാപരവുമായ പങ്കുവഹിച്ച കമ്മ്യൂണിസ്റ്റുകാര്‍ക്ക് സംഘപരിവാറിനെ നേരിടാന്‍ കഴിയുമെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്.
സംഘപരിവാര്‍ ഫാസിസത്തെ നേരിടുന്നവര്‍ കമ്മ്യൂണിസ്റ്റു ഫാസിസത്തെ അവഗണിക്കാന്‍ പാടില്ല. അന്തിമമായി തങ്ങളുടെ പാര്‍ട്ടിയുടെ അധികാരംമാത്രം ലക്ഷ്യം വെക്കുന്നവര്‍ക്ക് ഒരിക്കലും ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനാവില്ല. കമ്മ്യൂണിസ്റ്റുകാര്‍ തങ്ങള്‍ ഇന്ത്യന്‍ ഭരണഘടനെ അംഗീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് താല്‍ക്കാലികമായ അടവുസമീപനമാണെന്ന് അവര്‍തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യം ബൂര്‍ഷ്വാ ജനാധിപത്യമാണെന്നും അത് തകര്‍ക്കപ്പെടേണ്ടതാണെന്നുമുള്ള സന്ദേശമാണ് കഴിഞ്ഞ അരനൂറ്റാണ്ടിലധികം കാലമായി കമ്മ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റു അനുഭാവികള്‍ മാത്രമല്ല, മറ്റുള്ളവരും ജനാധിപത്യത്തെ അവജ്ഞയോടെ നോക്കിക്കാണാന്‍ ഇത് അന്തരീക്ഷമൊരുക്കി. ഫലത്തില്‍ കേരളീയ സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തെയാണ് കമ്മ്യൂണിസ്റ്റുകാര്‍ തുരങ്കംവെച്ചത്. പൊതിഞ്ഞുവെച്ച ഈ കമ്മ്യൂണിസ്റ്റുഫാസിസത്തെ രാഷ്ട്രീയമായി നേരിടാന്‍ ബാധ്യസ്ഥരായിരുന്ന കോണ്‍ഗ്രസ്സുകാര്‍ രാഷ്ട്രീയമായി ഇതിന് സജ്ജമായിരുന്നില്ല. 1960കളുടെ അവസാനം മുതല്‍ക്ക് കേരളത്തിലെ കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിച്ച യുവനേതൃത്വം സോഷ്യലിസ്റ്റു മോഹവലയത്തില്‍പ്പെട്ടവരായിരുന്നു. സ്വയം സോഷ്യലിസ്റ്റുകളാണെന്ന് തെളിയിക്കാന്‍ കമ്മ്യൂണിസ്റ്റുകാരുമായി മത്സരിക്കുകയായിരുന്നു അവര്‍. കമ്മ്യൂണിസ്റ്റുകാരുടെ ഗൂഢഫാസിസത്തെ മനസ്സിലാക്കാന്‍ അവര്‍ക്കു കഴിയാതെ പോയത് സ്വാഭാവികമായിരുന്നു. അംബേദ്കര്‍, ലോഹ്യാ രാഷ്ട്രീയത്തിന്റെ മര്‍മ്മം തിരിച്ചറിയാതെപോയ കോണ്‍ഗ്രസ്സിന് സംഘപരിവാറിന്റെ സവര്‍ണ്ണഫാസിസത്തെ മര്‍മ്മം നോക്കി ആക്രമിക്കാനാകുന്നില്ലെന്നതും ഒരു വസ്തുതയാണ്.
ഈ ദൗര്‍ബല്യങ്ങളെല്ലാം ഉള്ളപ്പോഴും ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ സംഘപരിവാര്‍ ഫാസിസത്തേയും കമ്മ്യൂണിസ്റ്റു ഫാസിസത്തെയും രാഷ്ട്രീയമായി നേരിടാനുള്ള രാഷ്ട്രീയാടിത്തറയുള്ളത് കോണ്‍ഗ്രസ്സിനും മറ്റു ജനാധിപത്യശക്തികള്‍ക്കും തന്നെയാണ്. അതീവ സങ്കീര്‍ണ്ണമായി നില്‍ക്കുന്ന കേരളത്തിലെ സാമുദായിക രാഷ്ട്രീയത്തിലേക്ക് സമര്‍ത്ഥമായി കടന്നുവരാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തെ നേരിടുന്നതിന് മതേതര ജനാധിപത്യ നിലപാടില്‍നിന്നുകൊണ്ടുള്ള തുറന്ന രാഷ്ട്രീയ സമരമാണ് ആവശ്യമായിട്ടുള്ളത്. ഈ തിരഞ്ഞെടുപ്പിലെ കേന്ദ്ര രാഷ്ട്രീയമായി, സംഘപരിവാറിനെയും കമ്മ്യൂണിസ്റ്റു ഫാസിസത്തെയും എതിര്‍ചേരിയില്‍ നിര്‍ത്തിക്കൊണ്ടുള്ള മതേതര ജനാധിപത്യമുന്നേറ്റമാണ് സംഭവിക്കേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ക്കപ്പുറം കേരളീയ സമൂഹത്തിന്റെ മതേതരജനാധിപത്യവല്‍ക്കരണത്തിലെ ഒരു നിര്‍ണ്ണായക ചുവടുവെപ്പായി അത് മാറുമായിരുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply