യു ടൂ ഡോ എം കെ മുനീര്‍……….

ജന്റര്‍ ന്യൂട്രല്‍ യൂണിഫോം കൊണ്ട് ലിംഗനീതി നേടുമോ പോലുള്ള ചോദ്യങ്ങളും കേവല തര്‍ക്കങ്ങളാണ്. അത് ആ ദിശയിലുള്ള ഒരു പടി മാത്രമാണ്. വിദ്യാഭ്യാസമേഖലയില്‍ തന്നെ വേറേയും എത്രയോ മാറ്റങ്ങള്‍ അനിവാര്യമാണ്. ലിംഗസമത്വം, ലിംഗനീതി, ലിംഗാവബോധം തുടങ്ങിയ ആശയങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നതു തന്നെയാണ് ഏറ്റവും പ്രധാനം. സ്ത്രീകളെക്കുറിച്ച് പൊതുസമൂഹത്തില്‍ കാലങ്ങളായി നിലനില്ക്കുന്ന സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടുകളും സമീപനങ്ങളും പ്രതിഫലിപ്പിക്കുന്ന ഉള്ളടക്കം ഒഴിവാക്കണം. അധ്യാപകര്‍ക്കുള്ള ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി ട്രെയിനിംഗ് നല്‍കണം. ലിംഗരാഷ്ട്രീയം ഒരു പ്രധാന പ്രമേയമാകുന്ന തരത്തില്‍ പാഠപുസ്തകങ്ങളുടെ ഉള്ളടക്കം, സ്വഭാവം, ഘടന എന്നിവ പരിഷ്‌കരിക്കപ്പെടണം. സ്ത്രീയുടെ സദാചാരം, മാതൃത്വം, ത്യാഗം എന്നിവ മാത്രം ഉയര്‍ത്തിപ്പിടിക്കുന്നതും കാല്പനികവത്ക്കരിക്കുന്നതുമായ രചനകള്‍, അവരുടെ അധ്വാനം,സമയം സമ്പത്ത് മുതലായവ ചൂഷണം ചെയ്യുന്ന തരത്തിലുള്ള പുരാണ സ്ത്രീമാതൃകകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പാഠഭാഗങ്ങള്‍ക്കപ്പുറം കായികമായും മാനസികമായും കരുത്തുള്ള, പ്രതിരോധിക്കുന്ന, പല മേഖലകളില്‍ കഴിവു തെളിയിച്ച സ്ത്രീ മാതൃകകളാണ് കുട്ടികള്‍ പരിചയപ്പെടേണ്ടത്.

ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമിലും മതനിരാസത്തിലും മാര്‍ക്‌സിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടും ലീഗ് നേതാവ് എം കെ മുനീര്‍ പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ ഉന്നയിച്ച വിമര്‍ശനങ്ങളാണല്ലോ കനത്ത മഴക്കിടയിലും രാഷ്ട്രീയ ഇടിവെട്ടുകള്‍ക്ക് കാരണമായിരിക്കുന്നത്. ലീഗിനകത്തെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് മുനീര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗം ലീഗിനെ എല്‍ഡിഎഫിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായുള്ള അഭ്യൂഹങ്ങള്‍ ശക്തമായിട്ടുണ്ട്. അതിനെ ചെറുക്കാനായി ഒരു മുഴം മുമ്പെ എറിയുകയാണ് മുനീര്‍ ചെയ്തിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതു തിരിച്ചറിഞ്ഞാണ് ഇത്രയും ശക്തമായ ഭാഷയില്‍ മുനീര്‍ വിമര്‍ശിച്ചിട്ടും ഉത്തരവാദപ്പെട്ട സിപിഎം നേതാക്കള്‍ കാര്യമായി തിരിച്ചടിക്കാത്തത് എന്നും കാണാം. വിദ്യാഭ്യാസമന്ത്രി ശിവന്‍ കുട്ടിയാകട്ടെ വിദ്യാലയങ്ങളില്‍ ജന്റര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ല എന്നും വിവാദങ്ങള്‍ക്കു പുറകില്‍ തീവ്രപുരോഗമനവാദികളാണെന്നും പറയുന്നു. സിപിഐയെ യുഡിഎഫിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന കോണ്‍ഗ്രസ്സ് നിലപാടും ഇതുമായി ബന്ധപ്പെട്ട് വായിക്കാവുന്നതാണ്.

ജന്റര്‍ ന്യൂട്രല്‍ യൂണിഫോമിനെ കുറിച്ചു പറയുമ്പോള്‍ എന്തുകൊണ്ട് മുഖ്യമന്ത്രിക്കു സാരിയും ബ്ലൗസും ധരിച്ചുകൂടാ എന്ന മുനീറിന്റെ ചോദ്യം അദ്ദേഹത്തെ അധിക്ഷേപിക്കലാണെന്ന ദേശാഭിമാനിയുടെ വ്യാഖ്യാനത്തില്‍ കാര്യമൊന്നുമില്ല, പുരുഷന്റെ വേഷം സ്ത്രീക്കു ധരിക്കാമെങ്കില്‍ തിരിച്ചുമാവാം എന്നതില്‍ തെറ്റെുമില്ല. വിഷയം മറ്റൊന്നാണ്. യൂണിഫോം എന്ന സങ്കല്‍പ്പംതന്നെ വൈജാത്യങ്ങളേയും ബഹുസ്വരതകളേയും ഇല്ലാതാക്കുന്നതാണ്. പട്ടാളം, പോലീസ്, പാര്‍ട്ടികളുടെ വളണ്ടിയര്‍മാര്‍ തുടങ്ങി പലയിടത്തും അത് ഫാസിസത്തിന്റെ മുഖമുദ്രയുമാണ്. ആ അര്‍ത്ഥത്തില്‍ യൂണിഫോമുകള്‍ ഇല്ലാതാകുകതന്നെയാണ് വേണ്ടത്. എന്റെ വേഷം എന്റെ തീരുമാനം എന്നതുതന്നെയാണ് ശരി. പല വുകസിത രാഷ്ട്രങ്ങളിലും യൂണിഫോം ഡ്രസ്സ് കോഡുകള്‍ മനുഷ്യരുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമായാണ് വിലയിരുത്ത്പ്പെടുന്നത്.. അതിനെതിരായ സമരങ്ങളും അവിടങ്ങളില്‍ നടക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അതേസമയം സ്്കൂള്‍ യൂനിഫോം എന്നത് നിലവിലെ സാമ്പത്തിക വ്യത്യാസങ്ങള്‍ മൂലം കുട്ടികള്‍ തമ്മില്‍ വലിയ അന്തരം തോന്നാതിരിക്കാനുള്ള സദുദ്ദേശപ്രവര്‍ത്തിയായാണ് അവതരിപ്പിക്കപ്പെട്ടത്. അന്തരം ഇല്ലാതാക്കുകയല്ല, അങ്ങനെ തോന്നിപ്പിക്കുക മാത്രമാണത് ചെയ്യുന്നത്. അപ്പോഴും കുട്ടികളുടെ വിഷയമായതിനാല്‍ അത് വ്യാപകമായി സ്വീകരിക്കപ്പെടുകയായിരുന്നു. അപ്പോഴും ലിംഗപരവും ഒരുപരിധിവരെ മതപരവുമായ വൈജാത്യങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്നു. ആ അര്‍ത്ഥത്തില്‍ അത് പൂര്‍ണ്ണമായും യൂണിഫോം അല്ല എന്നതാണ് വസ്തുത. യൂണിഫോം ആകാം, എന്നാല്‍ ഏതു വസ്ത്രം ധരിക്കണമെന്നു തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണം, അതടിച്ചേല്‍പ്പിക്കരുത് എന്ന വാദഗതികള്‍ അര്‍ത്ഥശൂന്യമാണ്. യൂണിഫോമിനകത്ത് എന്തു സ്വാതന്ത്ര്യം? അത് അടിച്ചേല്‍പ്പിക്കല്‍ തന്നെയാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. പക്ഷെ മുകളില്‍ പറഞ്ഞ ലക്ഷ്യത്തിന്റെ പേരില്‍ അത് ന്യായീകരിക്കപ്പെടുന്നു എന്നു മാത്രം. ഉല്‍സവം, ആഘോഷം തുടങ്ങി ഒരിടത്തും പൊതുവില്‍ യൂണിഫോം കാണാറില്ലല്ലോ. ജന്മദിനമുള്ള കുട്ടികളേയും പല സ്‌കൂളുകളും ആ ദിവസം യൂണിഫോമില്‍ നിന്ന് ഒഴിവാക്കാറുണ്ട്. സമത്വം യഥാര്‍ത്ഥത്തില്‍ ഇല്ലാതിരിക്കുകയും എന്നാല്‍ നാട്യങ്ങളില്‍ അതവതരിപ്പിക്കുകയും ചെയ്ത് കൊണ്ടു ഭരണകൂട രാഷ്ട്രീയ അധികാരത്തെ ചോദ്യം ചെയ്യാതെ മെരുക്കിയെടുക്കാനുള്ള മിലിട്ടറൈസേഷന്‍ ഫാഷിസ്റ്റ് രാഷ്ട്രീയം കൂടെയാണ് യൂനിഫോം എന്ന വിമര്‍ശനം ശരിയായിരിക്കുമ്പോഴും അതിന്റെ സമകാലീന പ്രസക്തി മേല്‍ പറഞ്ഞതാണ്.

അപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യം യൂണിഫോം ഡ്രസ്സ് കോഡിനെ നിങ്ങള്‍ അംഗീകരിക്കുന്നുവോ എന്നതാണ്. ഉണ്ട്, പക്ഷെ എന്ന ഉത്തരത്തിന് പ്രസക്തിയില്ല. കുട്ടികളില്‍ തുല്ല്യതാബോധം സൃഷ്ടിക്കാന്‍ സഹായിക്കുമെങ്കില്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലിംഗപരമായ അസമത്വം ഇല്ല എന്ന തോന്നല്‍ ബാല്യം മുതലെ വളര്‍ത്തിയെടുക്കുക എന്നത്. അവിടെയാണ് ജന്റര്‍ ന്യൂട്രല്‍ യൂണിഫോം പ്രസക്തമാകുന്നത്. പിന്നെയുള്ളത് ഏതുവേഷമാണ് തെരഞ്ഞെടുക്കേണ്ടത് എന്നതാണ്. സൗകര്യപ്രദവും ചലനസ്വാതന്ത്ര്യം പരമാവധിയുള്ളതും ഏതുനേരവും വസ്ത്രത്തെ കുറിച്ച് ചിന്തിക്കേണ്ട സാഹചര്യമില്ലാത്തതുമായ യൂണിഫോമാണ് ഉചിതമാകുക. പൊതുവില്‍ നിലനില്‍ക്കുന്ന സ്ത്രീകളുടെ വസ്ത്രധാരണരീതികള്‍ അവരുടെ ചലനസ്വാതന്ത്ര്യത്തിനു വളരെ തടസ്സം സൃഷ്ടിക്കുന്നതാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. അത് സൃ8ഷ്ടിച്ചത് പുരുഷാധിപത്യ സമൂഹമാണുതാനും. ബാല്യം മുതലെ അസ്വാതന്ത്ര്യമുള്ള വേഷങ്ങളാണ് നാം പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത്. ഒപ്പം ഒരു പോക്കറ്റ് പോലുമില്ലാത്ത സാരിയെ പോലുള്ള വേഷങ്ങള്‍ സാമ്പത്തികം സ്ത്രീകള്‍ കൈകാര്യം ചെയ്യേണ്ടതില്ല എന്നതിന്റെ പ്രഖ്യാപനം കൂടിയാണ്. എല്ലാ വേഷവും ഉപയോഗിക്കുന്ന ഒരു സ്ത്രീയും സാരിയാണ് സൗകര്യമെന്നു പറയുമെന്നു തോന്നുന്നില്ല. അവിടെയാണ് പാന്റ്സും ഷര്‍ട്ടിന്റേയും പ്രസക്തി. അതിനെ ആണിന്റെ വേഷം പെണ്ണില്‍ അടിച്ചേല്‍പ്പിക്കുന്നു എന്നു വിമര്‍ശിക്കുന്നത് അര്‍ത്ഥരഹിതമാണ്. അതിനാല്‍ തന്നെ മുഖ്യമന്ത്രി സാരിയുടുക്കണമെന്ന മുനീറിന്റെ വാദം അര്‍ത്ഥരഹിതമാണ്.

ജന്റര്‍ ന്യൂട്രല്‍ യൂണിഫോം കൊണ്ട് ലിംഗനീതി നേടുമോ പോലുള്ള ചോദ്യങ്ങളും കേവല തര്‍ക്കങ്ങളാണ്. അത് ആ ദിശയിലുള്ള ഒരു പടി മാത്രമാണ്. വിദ്യാഭ്യാസമേഖലയില്‍ തന്നെ വേറേയും എത്രയോ മാറ്റങ്ങള്‍ അനിവാര്യമാണ്. ലിംഗസമത്വം, ലിംഗനീതി, ലിംഗാവബോധം തുടങ്ങിയ ആശയങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നതു തന്നെയാണ് ഏറ്റവും പ്രധാനം. സ്ത്രീകളെക്കുറിച്ച് പൊതുസമൂഹത്തില്‍ കാലങ്ങളായി നിലനില്ക്കുന്ന സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടുകളും സമീപനങ്ങളും പ്രതിഫലിപ്പിക്കുന്ന ഉള്ളടക്കം ഒഴിവാക്കണം. അധ്യാപകര്‍ക്കുള്ള ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി ട്രെയിനിംഗ് നല്‍കണം. ലിംഗരാഷ്ട്രീയം ഒരു പ്രധാന പ്രമേയമാകുന്ന തരത്തില്‍ പാഠപുസ്തകങ്ങളുടെ ഉള്ളടക്കം, സ്വഭാവം, ഘടന എന്നിവ പരിഷ്‌കരിക്കപ്പെടണം. സ്ത്രീയുടെ സദാചാരം, മാതൃത്വം, ത്യാഗം എന്നിവ മാത്രം ഉയര്‍ത്തിപ്പിടിക്കുന്നതും കാല്പനികവത്ക്കരിക്കുന്നതുമായ രചനകള്‍, അവരുടെ അധ്വാനം,സമയം സമ്പത്ത് മുതലായവ ചൂഷണം ചെയ്യുന്ന തരത്തിലുള്ള പുരാണ സ്ത്രീമാതൃകകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പാഠഭാഗങ്ങള്‍ക്കപ്പുറം കായികമായും മാനസികമായും കരുത്തുള്ള, പ്രതിരോധിക്കുന്ന, പല മേഖലകളില്‍ കഴിവു തെളിയിച്ച സ്ത്രീ മാതൃകകളാണ് കുട്ടികള്‍ പരിചയപ്പെടേണ്ടത്. അതിനുവേണ്ടി വളരെക്കാലമായി നമ്മുടെ വ്യവസ്ഥാപിത രാഷ്ട്രീയ/സാമൂഹിക/സാഹിത്യ ചരിത്രങ്ങളില്‍ നിന്നൊക്കെ തമസ്‌കരിക്കപ്പെടുകയും അദൃശ്യരാക്കപ്പെടുകയും ചെയ്ത സ്ത്രീകളെ കണ്ടെടുക്കുകയും സാഹിത്യ/ചരിത്ര പാഠങ്ങളില്‍ അവരെ ഉള്‍പ്പെടുത്തുകയും വേണം. മാത്രമല്ല സുരക്ഷയോ പരിരക്ഷയോ ആവശ്യമുള്ള പ്രത്യേകവിഭാഗം എന്നതിലപ്പുറം തുല്യനീതി സങ്കല്പം രൂപപ്പെടേണ്ടത് തുല്യ വ്യക്തികള്‍ എന്ന ആശയത്തില്‍ നിന്നാണ്. അതുകൊണ്ടുതന്നെ പാഠഭാഗങ്ങളുടെ ഉള്ളടക്കം ജാതി/മത/വംശ/ലിംഗപരമായ എല്ലാ വിവേചനങ്ങള്‍ക്കുമുപരിയായി തുല്യതയോടെ കുട്ടികളെ അഡ്രസ്സ് ചെയ്യണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാഠപുസ്തകങ്ങള്‍ കുട്ടികളുടെ ശരീരം, വിദ്യാഭ്യാസം, തൊഴില്‍, വിവാഹം എന്നിവയിലുള്ള സ്വയം നിര്‍ണ്ണയാവകാശം, സാമ്പത്തികസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള ആശയങ്ങള്‍ ഉള്‍പ്പെടുന്ന തരത്തില്‍ പരിഷ്‌ക്കരിക്കണം. അതു പോലെ തന്നെ പ്രധാനമാണ് അവയുടെ ചിത്രീകരണവും. വ്യവസ്ഥാപിത സ്ത്രീസങ്കല്പങ്ങളെ പുനസൃഷ്ടിക്കുന്നതോ, ശരീരം, മതം, ജാതി, നിറം, ഭാഷ, ദേശം പോലുള്ള വൈവിധ്യങ്ങളെ അധിക്ഷേപിക്കുന്നവയോ ആവരുത് പാഠപുസ്തകങ്ങളിലെ ചിത്രീകരണങ്ങള്‍. ലിംഗവിവേചനം പ്രകടമാവുന്ന ഭാഷാപ്രയോഗങ്ങള്‍ അനുവദിക്കരുത്. ഒപ്പം ഇവയെല്ലാം ലിംഗ/ലൈംഗിക ന്യൂനപക്ഷങ്ങളെക്കൂടി അഭിസംബോധന ചെയ്യുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന തരത്തില്‍ പരിഷ്‌കരിക്കണം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു ചേര്‍ന്ന്‌വിനോദങ്ങളിലും കായിക പരിശീലനങ്ങളിലും ഏര്‍പ്പെടാനുള്ള അവസരം സ്‌കൂളുകളില്‍ ഉണ്ടാവണം. ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചപോലെ ആണ്‍കുട്ടികള്‍ക്കംു പെണ്‍കുട്ടികള്‍ക്കും വേവ്വേറെയായി നിലനില്‍ക്കുന്ന സ്‌കൂളുകള്‍ അടിയന്തിരമായി അവസാനിപ്പിക്കുകയും വേണം. പോക്‌സോ പോലുള്ള നിയമങ്ങളെക്കുറിച്ചും സാമൂഹ്യപാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം. ചുരുക്കത്തില്‍, വൈവിധ്യങ്ങളും ബഹുസ്വരതയുമെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ, അവയൊരിക്കലും വിവേചനത്തിനുള്ള കാരണമല്ല എന്ന സന്ദേശമാണ് ഉയര്‍ത്തിപിടിക്കേണ്ടത്. എങ്കില്‍ ഇപ്പോള്‍ തന്നെ യൂണിഫോം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വീകരിക്കാവുന്ന മികച്ച നിലപാട് ജന്റര്‍ ന്യൂട്രല്‍ യൂണിഫോമിനെ പിന്തുണക്കുക എന്നതു തന്നെയാണ്.

മതനിരാസം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാനാണ് സിപിഎം ശ്രമമെന്ന മുനീറിന്റെ വാദവംു നിരര്‍ത്ഥകമാണ്. ആശയപരമായി മാര്‍ക്‌സിസം അങ്ങനെയായിരിക്കാം. എന്നാല്‍ അതുമായി സിപിഎമ്മിനു ഒരു ബന്ധവുമില്ലെന്ന് അവസാനം കര്‍ക്കടക വാവുമായി ബന്ധപ്പെട്ട പി ജയരാജന്റെ നിലപാട് തന്നെ വ്യക്തമാക്കുന്നുണ്ടല്ലോ. അരമനകള്‍ കയറിയിറങ്ങാനും മതപുരോഹിതരുടെ അനുഗ്രഹം വാങ്ങാനും മുന്‍നിരയില്‍ തന്നെയാണ് സിപിഎം നേതാക്കള്‍ എന്നതല്ലേ വസ്തുത. അതുപോലെതന്നെ മതത്തില്‍ വിശ്വസിക്കാനെന്നപോലെ വിശ്വസിക്കാതിരിക്കാനും പ്രചരിപ്പിക്കാനും ഒരു ജനാധിപത്യ സമൂഹത്തില്‍ ആര്‍ക്കുമവകാശമുണ്ടെന്നും മുനീര്‍ മനസ്സിലാക്കണം. എത്രയോ കാലം മുമ്പ് ജീവിച്ച മാര്‍ക്‌സിന്റെ വ്യക്തിജീവിതത്തെ കുറിച്ചും പരിചാരികയില്‍ മകളുണ്ട് എന്നതിനെ കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ മുനീറിനെ എത്രയോ താരം താഴ്ന്ന അവസ്ഥയിലെത്തിച്ചു എന്നതാണ് വസ്തുത. മന്ത്രിയായിരുന്നപ്പോള്‍, പ്രത്യേകിച്ച് ട്രാന്‍സ്‌ജെന്റേഴ്‌സ് വിഷയത്തില്‍, ലിംഗനീതിയുമായി ബന്ധപ്പെട്ട മികച്ച ചില തീരുമാനങ്ങളെടുത്ത, ഡോക്ടര്‍ കൂടിയായ, ലീഗിലെ പുരോഗമനമുഖം എന്നു കരുതപ്പെടുന്ന ഒരാളില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങളും നിലപാടുകളും ഉണ്ടാകുക എന്നത്, എന്തു കാരണത്തിന്റെ പേരിലായാലും നിരാശാജനകമാണെന്നു പറയാതിരിക്കാനാവില്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply