എഴുത്തുകാര്‍ ഏതു ചേരിയില്‍ : അതു തന്നെയാണ് ചോദ്യം

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനു കെ സച്ചിദാനന്ദന്‍ നല്‍കിയ ഇന്റര്‍വ്യുവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ കേരളത്തില്‍ എത്രയോ തവണ നടന്ന ചര്‍ച്ചകളുടേയും സംവാദങ്ങളുടേയും ആവര്‍ത്തനമാണ്. എഴുത്തുകാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും മറ്റും രാഷ്ട്രീയമെന്ത് അഥവാ അവരേതു ചേരിയിലാണ് എന്ന ചോദ്യം തന്നെയാണ് ഈ വിവാദങ്ങളും ഉന്നയിക്കുന്നത്. ജീവല്‍ സാഹിത്യ പ്രസ്ഥാന കാലത്തും പുരോഗമന സാഹിത്യ പ്രസ്ഥാനകാലത്തുമൊക്കെ ആരംഭിച്ചതാണ് ഈ സംവാദം. രാഷ്ട്രീയ, സാഹിത്യ മേഖലകളിലെ നിരവധി പ്രമുഖര്‍ ഈ സംവാദങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്, ഏറ്റുമുട്ടിയിട്ടുണ്ട്. ഇപ്പോഴുമത് തുടരുകയാണ്.

സത്യത്തില്‍ പിന്നീട് വിവാദമായ, സച്ചിദാനന്ദന്‍ പറഞ്ഞ വിഷയങ്ങളെല്ലാം വളരെ പ്രസക്തം തന്നെയാണ്. ഇനിയുമൊരു തുടര്‍ഭരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ജീര്‍ണ്ണിപ്പിക്കുമെന്ന വാചകമാണ് ഏറെ വിവാദമായത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മാത്രമല്ല ഏതു പാര്‍ട്ടിയേയും തുടര്‍ഭരണം ജീര്‍ണ്ണിപ്പിക്കുമെന്നതില്‍ സംശയമുണ്ടോ? ഇന്ത്യയില്‍ കോണ്‍ഗ്രസ്സിനത് സംഭവിച്ചില്ലേ? ബംഗാളില്‍ സിപിഎമ്മിനത് സംഭവിച്ചില്ലേ? കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെല്ലാം ജനാധിപത്യമോ തെരഞ്ഞെടുപ്പോ ഇല്ലാതെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തുടര്‍ഭരണമല്ലേ അവയുടെ ജീര്‍ണ്ണതക്കുള്ള പ്രധാന കാരണം. എല്ലായിടത്തും പിന്നീട് നടന്നത് ജനാധിപത്യത്തിനായുള്ള പോരാട്ടമായിരുന്നല്ലോ. സത്യത്തില്‍ സച്ചിദാനന്ദന്‍ ഈ പറഞ്ഞത് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുവേളയില്‍ തന്നെ സംസ്ഥാനത്ത് എത്രയോ പേര്‍ ഉന്നയിച്ചു. അവര്‍ നേരിട്ടത് രൂക്ഷമായ അധിക്ഷേപങ്ങളായിരുന്നു. സച്ചിദാനന്ദനെതിരേയും അത്തരം അധിക്ഷേപങ്ങള്‍ ആരംഭിച്ചിരുന്നു. പക്ഷെ പലപ്പോഴും പതിവുള്ള പോലെ
അദ്ദേഹം തന്ത്രപൂര്‍വ്വം പുതിയ വ്യാഖ്യാനങ്ങള്‍ നടത്തി അവരെ തൃപ്തിപ്പെടുത്തുകയായിരുന്നു.

ജ്യോതിബാസു പ്രധാമമന്ത്രിപദം ഏറ്റെടുക്കാത്തതിനെ കുറിച്ചും ഇടതു സംഘടനകള്‍ യുപിഎക്കുള്ള പിന്തുണ പിന്‍വലിച്ചതിനെ കുറിച്ചും സച്ചിദാനന്ദന്‍ പറഞ്ഞത് വളരെ ശരിയാണ്. അക്കാര്യവും അന്നുതന്നെ ഉന്നയിച്ച എഴുത്തുകാര്‍ നിരവധിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുതന്നെയാണ് വ്യാജഏറ്റുമുട്ടല്‍ കൊലക്കെതിരെ പ്രതിഷേധിച്ചതിന് 95കാരനായ ഗ്രോ വാസുവിനെ ജയിലിലാക്കിയത് ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിനു ചേര്‍ന്നതല്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയേയും നോക്കികാണേണ്ടത്. ഇവയെല്ലാം ജനാധിപത്യപക്ഷത്തു നില്‍ക്കുന്ന ഒരാളുടെ നിലപാടുകള്‍ തന്നെയാണ്. ചുരുക്കത്തില്‍ ഇന്റര്‍വ്യൂവില്‍ ഇടതുപക്ഷത്തെ കുറിച്ച് അദ്ദേഹം ഉന്നയിച്ച വിമര്‍ശനങ്ങള്‍ പൂര്‍ണ്ണമായും ശരിയാണ്. എന്നാല്‍ വിമര്‍ശനങ്ങളെ സഹിഷ്ണതയോടെ നോക്കികാണാത്തവരാണ് ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാര്‍ എന്നതാണ് ചരിത്രം. ഇവിടേയും അങ്ങനെതന്നെ. അതു തന്നെയാണ് അദ്ദേഹം പുറകോട്ടുപോയതിനു കാരണം എന്നുവ്യക്തം.

എഴുത്തുകാര്‍ ഏതു ചേരിയില്‍ എന്ന ചോദ്യം ആഗോളതലത്തിലും കേരളത്തിലും മുമ്പെ ഉയര്‍ന്നിട്ടുണ്ട്. എഴുത്തുകാര്‍ക്ക് സാമൂഹ്യപ്രതിബദ്ധത വേണമെന്ന ആശയത്തിനായിരുന്നു കൂടുതല്‍ പ്രചാരം. പക്ഷെ സാമൂഹ്യപ്രതിബദ്ധത എന്നതുകൊണ്ട് ഇവിടെ വ്യാപകമായി അര്‍ത്ഥമാക്കിയിരുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികളോടുള്ള പ്രതിബദ്ധത എന്നായിരുന്നു. ഏതു ചേരിയില്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് കമ്യൂണിസ്റ്റ് ചേരിയിലാണോ അല്ലയോ എന്നതായിരുന്നു. സമൂഹത്തോടല്ല, പാര്‍ട്ടിയോട് പ്രതിബദ്ധതയുണ്ടോ എന്നതായിരുന്നു ചര്‍ച്ച. അതു കാണിച്ച മോശം എഴുത്തുകാര്‍ പോലും മികച്ച എഴുത്തുകാരായി വാഴ്ത്തപ്പെട്ടു. അതു പ്രകടിപ്പിക്കാതിരുന്ന മികച്ച എഴുത്തുകാര്‍ മോശക്കാരുമായി. ഒരു വശത്ത് മുദ്രാവാക്യങ്ങള്‍ നന്നായി എഴുതിയവര്‍ മഹാകവികളായി പോലും വാഴ്ത്തപ്പെട്ടപ്പോള്‍ മറുവശത്ത് പലരുടേയും കൃതികള്‍ വായിക്കരുതതെന്ന് അണികള്‍ക്ക് സര്‍ക്കുലറുകള്‍ പോലും പോയിരുന്നു. പിന്നീട് മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ ഇ എം എസ് ഒരു പരിധിവരെ തെറ്റു സമ്മതിച്ചെങ്കിലും പ്രായോഗികമായി ഇപ്പോഴും ആ നയം തന്നെയാണ് തുടരുന്നത് എന്നു കാണാം. പാര്‍ട്ടിക്കു വേണ്ടി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവര്‍ മികച്ച എഴുത്തുകാരും ബുദ്ധിജീവികളുമായി വാഴ്ത്തപ്പെടുന്നു. അവരെത്തേടി പുരസ്‌കാരങ്ങളെത്തുന്നു. സാംസ്‌കാരിക അധികാര സ്ഥാനമാനങ്ങളെത്തുന്നു.. അതിനുള്ള നന്ദി കാണിക്കാന്‍ അവ സ്വീകരിക്കുന്നവര്‍ക്കും ഉത്തരവാദിത്തമുണ്ടല്ലോ. അതാണ് നിരന്തരമായി കേരളത്തില്‍ സംഭവിക്കുന്നത്. ഭയാനകമായി കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ജീവിതപങ്കാളി കെ കെ രമ വടകരയില്‍ മത്സരിക്കുമ്പോള്‍ അതുവഴി നിരവധി എഴുത്തുകാര്‍ ധര്‍മ്മടത്തെത്തി പിണറായി വിജയനായി വോട്ടുചോദിച്ചത് കേരളം കണ്ടതാണല്ലോ. പിണറായിക്കെതിരെ പ്രതീകാത്മകമായി വാളയാര്‍ മാതാവ് മത്സരിക്കുന്നു എന്നതുപോലും അവരെ അതില്‍ നിന്നു തടഞ്ഞില്ല എന്നതില്‍ നിന്നു കാര്യങ്ങള്‍ വളരെ വ്യക്തമാണല്ലോ. വെറുതെയല്ലല്ലോ കേരളത്തിലെ ബുദ്ധിജീവികള്‍ ഏറെക്കുറെ തങ്ങള്‍ക്കൊപ്പമാണെന്നു പി രാജീവ് അവകാശപ്പെട്ടത്. വ്യാക്തിപരമായി ആര്‍ക്കും ഏതു പാര്‍ട്ടിക്കാരനുമാകാം.എ എന്നാല്‍ എഴുത്തുകാര്‍, സാംസ്‌കാരിക നായകര്‍ എന്നൊക്കെയുള്ള പ്രിവിലേജ് അതിനായി ഉപയോഗിക്കപ്പെടുമ്പോള്‍ വിമര്‍ശനം സ്വാഭാവികം മാത്രം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഗ്രോ വാസുവിനെ നിരുപാധികം മോചിപ്പിക്കാനാവശ്യപ്പെട്ടു ഒരു ചെറിയ വിഭാഗം എഴുത്തുകാര്‍ മുന്നോട്ടുവന്നപ്പോള്‍ മുകളില്‍ സൂചിപ്പി്ച്ച വിഭാഗം അതിനോട് സഹകരിച്ചില്ല എന്നു മാത്രമല്ല, പരോക്ഷമായി അദ്ദേഹത്തെ കുറ്റപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചത്. ഏതാനും മാസം മുമ്പ് അവര്‍ മറ്റൊരു പ്രസ്താവന പുറത്തിറക്കിയത് മറക്കാറായിട്ടില്ലല്ലോ. അത് വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്കെതിരായിരുന്നു. ഫലത്തില്‍ അദാനിക്കുവേണ്ടിയായിരുന്നു. ചേമ്പര്‍ ഓഫ് കൊമേഴ്സ്, ഹിന്ദുസ്ഥാന്‍ ലാറ്റക്സ്, ലയന്‍ണ്‍സ് ക്ലബ്, ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സ്, ഫിലിം പ്രൊഡ്യൂസേഴ്സ്, കോണ്‍ഫഡറേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രി, ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, മുത്തൂറ്റ് ഗ്രൂപ്പ്, കേരള ട്രാവല്‍ മാര്‍ട്, ഗോകുലം ഗ്രൂപ്പ്, ഭീമ ഗ്രൂപ്പ് തുടങ്ങിയവുടെ പ്രതിനിധികള്‍ക്കും രാജ്യകുടുംബാംഗം, സിനിമാ സംവിധായകര്‍, അഭിനേതാക്കള്‍, നിര്‍മ്മാതാക്കള്‍, ഐ എ എസ് – ഐ എഫ് എസ് റിട്ടയേഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പമാണ് ഈ എഴുത്തുകാര്‍ അണിനിരന്നത്.

ഒരു പാര്‍ട്ടിയോടും പൂര്‍ണ്ണമായി അഴുകിചേരാതെ, പൊതുവില്‍ പറഞ്ഞാല്‍ ജനാധിപത്യചേരിയിലാണ് എഴുത്തുകാരെ ആരും പ്രതീക്ഷിക്കുക. കൂടാതെ എപ്പോഴും ജനകീയ പ്രതിപക്ഷത്താണവര്‍ നില്‍ക്കേണ്ടത്. ആഗോളതലത്തിലൊക്കെ അങ്ങനെയാണ് കാണാറ്. എന്നാല്‍ പി രാജീവ് പറഞ്ഞ പോലെ കേരളത്തിലെ ഒരു വലിയ വിഭാഗം എഴുത്തുകാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പമാണ്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എഴുത്തുകാരോടും സിനിമാപ്രവര്‍ത്തകരോടും ചിന്തകരോടുമൊക്കെ എന്താണ് ചെയ്തതെന്നു അറിയാത്തവരാണോ ഇവര്‍? മനുഷ്യസ്വാതന്ത്ര്യത്തിന് ഇത്രയേറെ വിലക്കുകളുണ്ടായിരുന്ന കാലം ചരിത്രത്തില്‍ കുറവായിരിക്കും. ഒരുപക്ഷെ മധ്യകാലയൂറോപ്പിലെ കത്തോലിക്കാസഭയോ ജര്‍മ്മനിയിലെ നാസിസമോ ആണ് സ്വതന്ത്രചിന്തയെ ഇത്രയേറെ ഭയന്നിട്ടുള്ളത്. സ്വയം തകര്‍ന്നടിയുന്നതുവരെ തോക്കിന്റെയും പട്ടാളത്തിന്റെയും ശക്തികൊണ്ടും, ടാങ്കുറുട്ടിയും, തടവറകള്‍ നിര്‍മ്മിച്ചും കടുത്ത സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചും, നുണ പ്രചരിപ്പിച്ചും ഹെററ്റിക്കുകളെ വേട്ടയാടിയുമാണ് എല്ലാ സോഷ്യലിസ്റ്റു സ്റ്റേറ്റുകളും നിലനിന്നിരുന്നത്. അല്ലാതെ എം വി ഗോവിന്ദന്‍ പറയുന്നപോലെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ മഹത്വം കൊണ്ടൊന്നുമായിരുന്നില്ല.

റഷ്യയുടെ മാത്രം കാര്യമെടുക്കാം. ഒക്ടോബര്‍ വിപ്ലവത്തിന്റെ നാളുകളില്‍തന്നെ ‘രാഷ്ട്രീയമായി ശരിയല്ലെ’ന്ന കാരണത്താല്‍ ആയിരക്കണക്കിന് പുസ്തകങ്ങളും, ജേണലുകളും ലൈബ്രറികളില്‍നിന്ന് ശേഖരിച്ച് നശിപ്പിക്കപ്പെട്ടു. സംശയത്തിന്റെയും സെന്‍സര്‍ഷിപ്പിന്റെയും പാരനോയിക് അവസ്ഥയിലേക്ക് പിന്നീടത് വളര്‍ന്നു. ഭിന്നാഭിപ്രായങ്ങളെല്ലാം അടിച്ചമര്‍ത്തിയിരുന്ന, സംശയത്തിന്റെ പേരില്‍ ആരെ വേണമെങ്കിലും അറസ്റ്റു ചെയ്യാനും കൊലചെയ്യാനും കഴിയുന്ന അവസ്ഥ സംജാതമായി. സാഹിത്യം കല, സിനിമ, സംഗീതം എന്നിവയുടെ ദൗത്യം ‘സോഷ്യലിസം’ കെട്ടിപ്പടുക്കുന്നതിനുള്ള പ്രചരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതുമാത്രമായി. തങ്ങളുടെ ചിന്തയും സ്വകാര്യമായ ഭാവനപോലും പാര്‍ട്ടിയ്ക്ക് എതിരാകുമോയെന്ന ഭീതിയിലായിരുന്നു എഴുത്തുകാര്‍. എത്രയോ പേര്‍ കൊലചെയ്യപ്പെട്ടു. പലായനം ചെയ്തു. ആത്മഹത്യ ചെയ്തു. ഇന്ത്യയിലിന്നു ബിജെപി ചെയ്യുന്നപോലെ സോവിയറ്റ് ചരിത്രംതന്നെ മാറ്റിയെഴുതാന്‍ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ പഴയകാല ചരിത്രപുസ്തകങ്ങള്‍പോലും ലൈബ്രറികളില്‍നിന്ന് അപ്രത്യക്ഷമായി. വൈരുദ്ധ്യാത്മക ഭൗതികവാദത്തിനെതിരാണെന്ന കാരണത്താല്‍ ജനറ്റിക് സയന്‍സ് ആയി ബദ്ധപ്പെട്ട ശാസ്ത്രഗവേണങ്ങളെല്ലാം വിലക്കി. മറുവശത്ത് ട്രോട്‌സ്‌കി, സിനനോവ്, കമനോവ്, സെര്‍ജി കീവോവ്, ബുക്കാറിന്‍ തുടങ്ങി സമുന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ പോലും കൊലചെയ്യപ്പെട്ടു. രാജദ്രോഹവും, കമ്യൂണിസ്റ്റു വിരുദ്ധതയും ആരോപിച്ച് ചെറിയ കാലയളവില്‍ മാത്രം സ്റ്റാലിന്‍ കൊന്നൊടുക്കിയത് 70-80 ലക്ഷം മനുഷ്യരെയായിരുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇയവസ്ഥയാണ് ഏതാണ്ടെല്ലാ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും നിലനിന്നിരുന്നത്. ചൈനയില്‍ ജനാധിപത്യവും സ്വാതന്ത്ര്യവും ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ കയറിയിറങ്ങിയ ടാങ്കറുകളെ മറക്കാറായില്ലല്ലോ. ഇപ്പോഴും ആ ലേബലില്‍ അറിയപ്പെടുന്ന രാഷ്ട്രങ്ങളിലും മറ്റൊന്നല്ലല്ലോ അവസ്ഥ. തെരഞ്ഞെടുപ്പുകളോ ജനാധിപത്യമോ ആവിഷ്‌കാര സ്വാതന്ത്രമോ ഇല്ലാത്ത, ഇന്‍ര്‍നെറ്റിനുപോലും വിലക്കുള്ള, സാമൂഹ്യസംവിധാനമാണോ അന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന അവസ്ഥ? ഈ നിലപാടുകളെ തള്ളിക്കളയാത്ത ഒന്നാണ് സിപിഎം എന്നതും ഇവര്‍ക്കാര്‍ക്കും അറിയാത്തതാണോ? ഇന്ത്യയിലെ സാഹചര്യത്തില്‍ അതൊന്നും നടക്കില്ല എന്നുറപ്പുള്ളതിനാല്‍ ബൂര്‍ഷ്വാഭരണകൂടത്തിലെ പങ്കാളിത്തം എന്നൊക്കെ ന്യായീകരിക്കുന്നു എന്നു മാത്രം. രാജ്യത്ത് ഇപ്പോള്‍ ശക്തമായികൊണ്ടിരിക്കുന്ന ഹിന്ദുത്വഫാസസിത്തിനെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കാന്‍ എഴുത്തുകാര്‍ തയ്യാറാകണമെന്നതില്‍ സംശയമില്ല. അതുപക്ഷെ തികച്ചും ജനാധിപത്യപരമായ നിലപാടെടുത്തുകൊണ്ടായിരിക്കണം എന്നുമാത്രം. ഇക്കാര്യത്തില്‍ നമ്മുടെ എഴുത്തുകാര്‍ ഇനിയും ഏറെ മുന്നോട്ടുവരേണ്ടിയിരിക്കുന്നു എന്നാണ് സച്ചിദാനന്ദനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നല്‍കുന്ന സൂചന.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply