കോണ്‍ഗ്രസ് കൊവിഡ് കാലത്തെ അതിജീവിക്കുമോ ?

2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട് പ്രതി പക്ഷനേതാവിന്റെ പദവിപോലുമില്ലാത്ത പരിതാപകരമായ അവസ്ഥയില്‍ നില്ക്കുമ്പോഴാണ് പിന്നീടു നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനു പുതുജീവന്‍ ലഭ്യമായത്. രാജസ്ഥാനിലും മധ്യപ്രദേശിലും പഞ്ചാബിലും ഉണ്ടായ വിജയവും കര്‍ണാടകയില്‍ സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനായതും കോണ്‍ഗ്രസിന്റെ അണികളില്‍ ആത്മവിശ്വാസം ജനിപ്പിക്കാനും ഒരു തിരിച്ചുവരവിന്റെ പ്രതീതി സൃഷ്ടിക്കാനും സാധിച്ചിരുന്നു. പക്ഷേ, 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനു കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല. ആ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷപദം ഒഴിഞ്ഞതോടെ ഫലത്തില്‍ നാഥനില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.

വ്യക്തമായ നേതൃത്വത്തിന്റെ അഭാവം മൂലം കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കു നാള്‍ക്കുനാള്‍ വര്‍ധിക്കുകയും അധികാരത്തിലിരുന്ന സംസ്ഥാനങ്ങള്‍ ഒന്നൊന്നായി നഷ്ടമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. കര്‍ണാടകയിലും മധ്യപ്രദേശിലും സംഭവിച്ചതുതന്നെ രാജസ്ഥാനിലും ആവര്‍ത്തിക്കാനാണ് സാധ്യത. ജ്യോതിരാജിത്യ സിന്ധ്യയെ മുന്‍നിര്‍ത്തി മധ്യപ്രദേശില്‍ നടത്തിയതുപോലെ സച്ചിന്‍ പൈലറ്റിനെ വച്ചു നടത്തിയ അട്ടിമറി നീക്കം രാജസ്ഥാനില്‍ വിജയിക്കാതെ പോയത് വസുന്ധരരാജെയും ബിജെപി നേതൃത്വവും തമ്മിലുള്ള ശീതസമരം കൊണ്ടുമാത്രമാണ്.

കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം. അത് തെരഞ്ഞെടുപ്പു പ്രക്രിയകളിലൂടെ സാധ്യമായില്ലെങ്കില്‍ മറ്റുമാര്‍ഗങ്ങളിലൂടെ അവര്‍ ചെയ്യുമെന്നാണല്ലോ നാള്‍ക്കുനാള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. നിര്‍ലോഭം പണം ഒഴുക്കിയോ അധികാരകസേരകള്‍ വാഗ്ദാനംനല്‍കിയോ കേസുകളില്‍ കുടുക്കിയോ അവരതു സാധിച്ചിരിക്കും.സംസ്ഥാന ഭരണം പിടിച്ചെടുക്കാന്‍ മാത്രമല്ല, ഒരു രാജ്യസഭാ സീറ്റിനുവേണ്ടിപോലും അവര്‍ എം എല്‍ എ മാരെ വിലക്കെടുക്കും. ഗുജറാത്തിലൊക്കെ നാമതു കണ്ടതാണല്ലോ. രാഷ്ട്രീയം തന്നെ അവര്‍ക്കൊരു വ്യാപാരമാണല്ലോ. വ്യാപാരത്തില്‍ സമര്‍ത്ഥരെന്നു ഖ്യാതിയുള്ള ഗുജറാത്തികളുടെ കൈകളിലാണല്ലൊ ഇപ്പോള്‍ ബിജെപിയുടെ കടിഞ്ഞാണ്‍.

കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയിലേക്കു വരെ പരിഗണിക്കുന്നവരെന്നു ഖ്യാതി നേടിയവരായിരുന്നു ജ്യോതിരാജിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരായാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. അവരെ പോലും ബിജെപിക്കു റാഞ്ചാനാവുന്നത് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന ആന്തരിക പ്രതിസന്ധിയുടെ തീക്ഷ്ണതയാണ് വെളിവാക്കുന്നത്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ വിമുഖരായ വൃദ്ധനേതൃത്വങ്ങള്‍ക്ക് രാഹുല്‍ഗാന്ധിയുടെ പല നിലപാടുകളും സ്വീകാര്യമല്ലാത്തതിനാല്‍, യുവനേതൃത്വങ്ങള്‍ക്ക് മുന്‍ഗണ നല്‍കാനുള്ള അദ്ദേഹത്തിന്റെ ശ്രമം കാര്യമായി വിജയിച്ചില്ല. അതിലുള്ള അസതൃപ്തിയുടെ കൂടി ഫലമായിരുന്നല്ലോ അദ്ദേഹത്തിന്റെ രാജി. പക്ഷേ, അദ്ദേഹം പ്രതീക്ഷയര്‍പ്പിച്ച മുന്‍ നേതാക്കളുടെ മക്കള്‍ക്കാകട്ടെ അധികാരം കരസ്ഥമാക്കുക എന്നതിനപ്പുറം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളോട് വലിയ പ്രതിപത്തിയൊന്നും ഉണ്ടായിരുന്നില്ല എന്ന വസ്തുതയാണ് ഇപ്പോള്‍ പ്രകടമാവുന്നത്.രാഷ്ട്രീയ കരുനീക്കങ്ങളില്‍ അഗ്രഗണ്യന്മാരായ കോണ്‍ഗ്രസിലെ താപ്പാനകളോട് ഏറ്റുമുട്ടി പിടിച്ചുനില്‍ക്കാനാവാതെ അവര്‍ ബിജെപിയില്‍ അഭയം തേടുന്നു. വര്‍ഷങ്ങളോളം ഭരണത്തിലിരുന്ന, അതിന്റെ പിന്‍ബലത്തില്‍ മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അധികാരമില്ലാത്ത അവസ്ഥയെ ഉള്‍ക്കൊള്ളാനാവില്ല. സ്വാഭാവികമായും അവര്‍ അധികാരവും സമ്പത്തും ലഭ്യമാകുന്നിടത്തേക്കു കൂറുമാറും

സ്വാതന്ത്ര്യാനന്തരം എല്ലാവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാരുണ്ടാക്കാനാണ് ജവഹര്‍ലാല്‍ നെഹ്‌റു ശ്രമിച്ചത്. ഹിന്ദുമഹാസഭയുടെ ശ്യാമപ്രകാശ് മുഖര്‍ജി മുതല്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ വരെ പ്രഥമ മന്ത്രിസഭയില്‍ ഉണ്ടായിരുന്നു. അഭിപ്രായഭിന്നതകള്‍ മൂലം അധികനാള്‍ അതു തുടരാനായില്ലെങ്കിലും ജനാധിപത്യത്തിലും ഫെഡറലിസത്തിലും അധിഷ്ഠിതമായ മതേതര മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭരണഘടനയ്ക്കു രൂപം നല്‍കാനും അതിന്റെ അടിസ്ഥാനത്തിലുള്ള ഭരണസംവിധാനം നടപ്പിലാക്കാനും അദ്ദേഹത്തിനു സാധിച്ചു. യൂണിറ്ററി ഭരണസംവിധാനമുള്ള ഒരു ഹിന്ദുരാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള ശ്രമങ്ങളെ അതിജീവിച്ചാണ് അദ്ദേഹമിതു സഫലമാക്കിയത്. അതുകൊണ്ടുതന്നെ നെഹ്രുവിയന്‍ പാരമ്പര്യം തുടരുന്ന കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യുക ബിജെപിയുടെ ലക്ഷ്യമാവുക സ്വാഭാവികമാണ്.

നെഹ്‌റു ഉയത്തിപ്പിടിച്ച ലിബറല്‍ ജനാധിപത്യ മുല്യങ്ങളെല്ലാം ക്രമേണ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ലാതായി. പാര്‍ട്ടിക്കുള്ളിലെ വിരുദ്ധചേരികളുടെ സജീവസാന്നിധ്യവും അവ തമ്മിലുള്ള ഒരു ബാലന്‍സിങ്ങുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനക്ഷമത. നെഹ്രുവിനു ശേഷം പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ച കാമരാജിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സിന്‍ഡിക്കറ്റ് പക്ഷത്തെ ഒതുക്കി ഇന്ദിരാഗാന്ധി ആധിപത്യം സ്ഥാപിച്ചതോടെ വളരെയധികം കേന്ദ്രീകൃതമായ സംഘടനയായി കോണ്‍ഗ്രസ് പരിണമിച്ചു.പാര്‍ട്ടിയില്‍ മാത്രമല്ല, ജനാധിപത്യ ഭരണസംവിധാനങ്ങളെയെല്ലാം തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളാണവര്‍ നടത്തിയിരുന്നത്. ജുഡിഷ്യറിയും മാധ്യമങ്ങളുമെല്ലാം സര്‍ക്കാരിന്റെ ഇംഗിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവയായി. ബാങ്കുദേശസാത്കരണവും ഗരീബി ഹഡാവോ പോലുള്ള മുദ്രാവാക്യങ്ങളും അവര്‍ക്കൊരു പുരോഗമന പരിവേഷം ലഭ്യമാകുന്നതിനും വലിയ ജനപിന്തുണ ആര്ജിക്കുന്നതിനും സഹായകമായി. ‘ഇന്ദിരയാണ് ഇന്ത്യ’എന്ന അവസ്ഥയിലേക്കുവരെ കാര്യങ്ങളെത്തി. ഇന്ത്യയുടെ ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്തി കേന്ദ്രികരണത്തിനു പ്രാമുഖ്യം നല്‍കാനുള്ള ശ്രമങ്ങളും അക്കാലത്താരംഭിച്ചു. നെഹ്രുവിയന്‍ പാരമ്പര്യത്തെ വെറുക്കുമ്പോഴും നരേന്ദ്രമോദിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് ഇന്ദിരാഗാന്ധിയാവുന്നതിന്റെ കാരണവും ഇതാവാം. കോണ്‍ഗ്രസിലുണ്ടായിരുന്ന ജനാധിപത്യം ക്രമേണ ഇല്ലാതാവുകയും എല്ലാം ഹൈക്കമാന്‍ഡിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു. ഈ ഹൈക്കമാന്‍ഡാകട്ടെ കുടുംബാധിപത്യമായി പരിണമിച്ചു. അതിനെ അംഗീകരിക്കാത്തവരെല്ലാം അവഗണിക്കപ്പെടുകയോ ഒതുക്കപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്തു. സംസ്ഥാന നേതൃത്വങ്ങളുടെ നിലനില്പുപോലും ഈ കുടുംബാധിപത്യത്തോടുള്ള വിധേയത്വത്തിന്റെ അടിസ്ഥാനത്തിലായി. വര്‍ഷങ്ങളായി തുടരുന്ന ഈ വിധേയത്വ മാനസികാവസ്ഥയില്‍ നിന്നും മുക്തരാകാത്തതിനാലാണ് നെഹ്രു കുടുംബത്തിനു പുറത്തുനിന്നൊരാളെ പ്രസിഡന്റാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം പോലും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തത്.

ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്തി അഖണ്ഡത ശക്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളും ഹിന്ദു വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയ സമീപനങ്ങളും എണ്‍പതുകളില്‍ കോണ്‍ഗ്രസിനു ഗുണകരമായി. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന്, സഹതാപ തരംഗത്തോടൊപ്പം സിക്കുവിരുദ്ധ ഹിന്ദുവികാരത്തെയും ആളിക്കത്തിപ്പിച്ച 1984ലെ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിനു ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് (49 %). 1951 ലെ തെരഞ്ഞെടുപ്പില്‍ പോലും 45 % വോട്ടാണ് ലഭിച്ചത്. ഹിന്ദു വോട്ടര്‍മാരെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ അയോധ്യയിലെ ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായി തുറന്നു കൊടുക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം ഈ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കി വളര്‍ച്ച പ്രാപിക്കാന്‍ ബിജെപിക്കു അവസരമൊരുക്കി. രാമക്ഷേത്ര നിര്‍മാണത്തിനായി അയോധ്യയിലേക്കു നടത്തിയ രഥയാത്രയാണ് ബിജെപിയുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഉത്തേജനമേകിയത് . മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു നടപ്പാക്കാനുള്ള വി .പി .സിംഗ് സര്‍ക്കാരിന്റെ നീക്കം ഹിന്ദുത്വ ശക്തികളുടെ മുന്നേറ്റത്തിനു താല്‍ക്കാലികമായി തടയിടാനുപകരിച്ചെങ്കിലും യു .പി ., ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചക്കാണത് വഴിയൊരുക്കിയത്. (1996ലാണ് അബ്രാഹ്മണനായ ഒരാള്‍ ആദ്യമായി കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായത് – സീതാറാം കേസരി) പിന്നോക്ക, ദളിത് ജനവിഭാഗങ്ങളുടെ കോണ്‍ഗ്രസില്‍ നിന്നുമുള്ള അകല്‍ച്ചയായിരുന്നു അതിന്റെ പരിണിതഫലം . രാജീവ് ഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗ ത്തില്‍ കോണ്‍ഗ്രസ്സ് വീണ്ടും അധികാരത്തിലെത്തിയെങ്കിലും 35.7 ശതമാനം വോട്ടായിരുന്നു ലഭിച്ചത്.നരസിം റാവുവിന്റെ ഭരണത്തില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ ന്യൂനപക്ഷങ്ങളുടെ പിന്തുണയും കോണ്‍ഗ്രസിനു നഷ്ടമായി. പിന്നീട് രണ്ടു പ്രാവശ്യം മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കിലും 28 ശതമാനത്തില്‍ താഴെയായിരുന്നു അവരുടെ വോട്ടുവിഹിതം. കഴിഞ്ഞ രണ്ടു പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും 20 ശതമാനത്തില്‍ താഴെയായിരുന്നു കോണ്‍ഗ്രസിനു ലഭിച്ച വോട്ട് .

യഥാര്‍ത്ഥ അവസ്ഥ ഇതാണെങ്കിലും അത് തിരിച്ചറിയാതെ ഇപ്പോഴും ഒറ്റക്കക്ഷി ഭരണം സ്വപ്നം കാണുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളിലധികവും. അതുകൊണ്ടുതന്നെ മറ്റു പ്രതിപക്ഷ കഷികളുമായോ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുമായോ ഫലപ്രദമായ സഖ്യങ്ങള്‍ രൂപപ്പെടുത്താനും അവര്‍ക്കാവുന്നില്ല. നഷ്ടപ്പെട്ടുപോയ തങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കാനുള്ള കര്‍മപദ്ധതികളൊന്നും ആവിഷ്‌കരിക്കാതെ രാഹുല്‍ ഗാന്ധിയുടെയോ പ്രിയങ്കാ ഗാന്ധിയുടെയോ നേതൃത്വത്തില്‍ തങ്ങള്‍ക്കു വീണ്ടും അധികാരത്തില്‍ എത്താനാവുമെന്ന മൂഢസ്വര്‍ഗത്തിലാണവര്‍. ഇന്ത്യയിലെമ്പാടും വേരുകളുള്ള ഒരു പ്രതിപക്ഷ കക്ഷി എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയോ ജനവിരുദ്ധ നടപടികള്‍ക്കെതിരെയോ ശക്തമായ പ്രതിരോധം വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളൊന്നും ഉണ്ടാവുന്നില്ല. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി നടത്തിക്കൊണ്ടിരിക്കുന്ന ചില ഇടപെടലുകള്‍ പോലും മനസ്സിലാക്കാനോ അതിനെ പരിപോഷിപ്പിക്കാനോ ശേഷിയില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.

രാഹുല്‍ ഗാന്ധി അധികാരഭാവമുള്ള ഒരു നേതാവല്ല, നെഹ്രുവിന്റെ ലിബറല്‍ ജനാധിപത്യമാണ് അദ്ദേഹത്തിന്റെ പല നിലപാടുകളിലും പ്രകടമാവുന്നത്. പക്വമായ ജനാധിപത്യ സമൂഹങ്ങളില്‍ അത്തരം നേതൃത്വങ്ങള്‍ക്ക് സ്വികാര്യത ലഭിക്കുമെങ്കിലും ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളിലുമുള്ള നേതാവിനെക്കുറിച്ചുള്ള സങ്കല്‍പം ഒരു വീരപുരുഷന്റേതാണ്. അതുകൊണ്ടാണല്ലോ 56 ഇഞ്ച് നെഞ്ചളവും ഇരട്ടച്ചങ്കുമെല്ലാം നമ്മുടെ നേതാക്കളുടെ വിശേഷണങ്ങളാവുന്നത്. ഇന്ദിരാഗാന്ധിയെ പോലെ അപ്രമാദിത്വമുള്ള ഒരു നേതൃത്വത്തെ അഭിലഷിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വം വലിയ പ്രചോദനമാകാറില്ലെന്നതൊരു വസ്തുതയാണ്. RSS പോലുള്ള ഒരു സംഘടനയുടെ നിയന്ത്രണത്തിലുള്ളതും കേഡര്‍ സ്വഭാവമുള്ളതുമായ ബിജെപിയാണ് അധികാരത്തിലിരുക്കുന്നത്. ജനാധിപത്യ മുല്യങ്ങളേക്കാള്‍ തങ്ങളുടെ അധികാരപ്രമത്തത പ്രകടിപ്പിക്കുന്ന മോദി -അമിത് ഷാ കുട്ടുകെട്ടിനെ നേരിടാന്‍ ശേഷിയുള്ള നേതൃത്വം ഇപ്പോഴത്തെ കോണ്‍ഗ്രസിലില്ല. കൂട്ടായ ഒരു നേതൃത്വമാണ് ഇതിനൊരു പ്രതിവിധി. അതു സാധ്യമാവണമെങ്കില്‍ വ്യക്തമായ രാഷ്ട്രീയ ദിശാബോധത്തിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യപരമായ ഒരു ഉടച്ചുവാര്‍ക്കല്‍ കേന്ദ്ര -സംസ്ഥാന- പ്രാദേശിക തലങ്ങളില്‍ ഉണ്ടാവണം.

സാമ്പത്തിക കുഴപ്പങ്ങളും കോവിഡ് പകര്‍ച്ചവ്യാധിയും ലോക് ഡൗണും അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങളിലെ ഉലച്ചിലും മൂലം സങ്കിര്‍ണവും പ്രക്ഷുബ്ധവുമായ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യതന്ത്രജ്ഞരായ രാഷ്ട്രീയ നേതൃത്വമാണ് ഉണ്ടാവേണ്ടത്. അത്തരമൊരു നേതൃത്വത്തെ വളര്‍ത്തിയെടുക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിനാവുമോ. സാമൂഹികമായും സാമ്പത്തികമായും അടിച്ചമര്‍ത്തപ്പെട്ടവര്‍, കര്‍ഷകര്‍, ചെറുകിട-ഇടത്തരം വ്യവസായികള്‍, കുടിയേറ്റ തൊഴിലാളികള്‍ തുടങ്ങിയവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ രാഷ്ട്രീയ മുന്നേറ്റങ്ങളായി മാറ്റാനുതകുന്ന സുവര്‍ണാവസരമാണ് കോണ്‍ഗ്രസിന്റെ മുന്‍പിലുള്ളത്. ആധുനിക ഇന്ത്യയുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന ജനാധിപത്യം, ഫെഡറലിസം, മതേതരത്വം, സാമൂഹ്യനീതി എന്നിവ ഉള്‍ക്കൊണ്ട്, നമ്മുടെ വൈവിധ്യങ്ങളെ കണക്കിലെടുത്തും വിവിധ ജനവിഭാഗങ്ങളുടെ താല്പര്യങ്ങള്‍ പരിരക്ഷിച്ചും ക്രിയാത്മകവും ചടുലവുമായ നേതൃത്വനിരയും സംഘടനാസംവിധാനവും വളര്‍ത്തിയെടുക്കാനുള്ള ശേഷിയെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply