വികസ്വരരാജ്യങ്ങളിലെ വിധവകള്‍ ബഹുമുഖമായ പ്രതിസന്ധികള്‍ നേരിടുന്നു

വിധവകള്‍ക്കു സമൂഹത്തില്‍ നിര്‍ണ്ണായക സംഭാവനകള്‍ ചെയ്യാന്‍ സാധിക്കുമെന്നതിനുള്ള ശക്തമായ തെളിവുകളാണ് ഇന്ദിരാഗാന്ധിയും സോണിയഗാന്ധിയും കെ ആര്‍ ഗൗരിയമ്മയുമൊക്കെ നല്കുന്നത്. വിധവകളെ ജനാധിപത്യ രാജ്യത്തെ പൗരന്മാരായി കണ്ട് അവരുടെ ന്യായമായ പൗരാവകാശങ്ങള്‍ അംഗീകരിക്കുക എന്നതാണ് സമൂഹം ചെയ്യേണ്ടത്.

തന്റെ ജീവിതപങ്കാളിയെ നഷ്ടപ്പെടുന്നത് ഏതൊരു വ്യക്തിക്കും ഒരു പ്രതിസന്ധിയാണ്; സ്ത്രീകളുടെ കാര്യത്തില്‍ ഈ സാഹചര്യം മറ്റു രീതിയിലുള്ള പ്രശ്‌നങ്ങളും അവരുടെ മേല്‍ അടിച്ചേല്പിക്കുന്നുണ്ട്. അവരുടെ വ്യക്തിത്വത്തെത്തന്നെ പലപ്പോഴും ഇതില്ലായ്മ ചെയ്യുന്നു.

യുഎന്‍ പൊതുസഭ 2010 ഡിസംബര്‍ 21 ന് അംഗീകരിച്ച 65/189 നമ്പര്‍ പ്രമേയത്തിലൂടെ ജൂണ്‍ 23 അന്താരാഷ്ട്ര വിധവാദിനമായി പ്രഖ്യാപിച്ചിരുന്നു. സമൂഹത്തിന്റെ പൊതുവായ വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സ്ത്രീകളുടെ, പ്രത്യേകിച്ചു വിധവകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം അത്യാവശ്യമാണെന്ന തിരിച്ചറിവില്‍നിന്നാണ് ഈ ദിനം പ്രഖ്യാപിക്കപ്പെടുന്നത്. ഭാവിയില്‍ ‘വിശ്വപൗര’രാകേണ്ട, വിധവകളുടെ കുട്ടികള്‍ ധാരാളം മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ പ്രത്യേകമായി നേരിടുന്നുണ്ടെന്ന തിരിച്ചറിവും ഈ ദിനം ആചരിക്കാനുള്ളൊരു കാരണമാണ്.

സാമൂഹികവും സാംസ്‌കാരികവും മതപരവുമായ ആചാരങ്ങളുടെ ഫലമായി വിധവകള്‍ പലവിധ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനു അന്താരാഷ്ട്രവും ദേശീയവും പ്രാദേശികവുമായ തലങ്ങളില്‍ വിവിധ സംവിധാനങ്ങളുടെയും പൊതുസമൂഹത്തിന്റെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഈ ചിന്തയുടെ അടിസ്ഥാനത്തില്‍ കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സമൂഹത്തെ പ്രേരിപ്പിക്കുക, കഠിനമായ ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും സാമൂഹികപുരോഗതിക്കും ഭാവിതലമുറയെ രൂപപ്പെടുത്തുന്നതിനുമായി വിധവകള്‍ നടത്തുന്ന സവിശേഷമായ ‘ജീവിതസമരത്തെ’ ബഹുമാനിക്കുക എന്നതൊക്കെയാണ് ഈ ദിനാചരണം കൊണ്ടു ലക്ഷ്യമാക്കുന്നത്.

ലോകത്താകമാനം 258 ദശലക്ഷം വിധവകള്‍ ഉണ്ടെന്നാണു കണക്കുകള്‍. അതില്‍ 10 % ആളുകള്‍ രൂക്ഷമായ ദാരിദ്ര്യം അനുഭവിക്കുന്നു. ഇന്ത്യയില്‍ ഏകദേശം 40 ദശലക്ഷം വിധവകള്‍ ഉണ്ടെന്നാണു 2013 ലെ ഒരു റിപ്പോര്‍ട്ടു സൂചിപ്പിക്കുന്നത് (1, 2).

വികസ്വരരാജ്യങ്ങളിലെ വിധവകള്‍ ബഹുമുഖമായ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. ശിശു സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും വായ്പകളോ മറ്റു സാമ്പത്തിക സൗകര്യങ്ങളോ ലഭിക്കാതിരിക്കുക; മതപരവും സാമൂഹികവുമായ നിയമങ്ങളുടെ പേരില്‍ സ്ഥാവരജംഗമ സ്വത്തുക്കളില്‍ പൂര്‍ണമായോ ഭാഗികമായോ അവകാശങ്ങള്‍ നിഷേധിക്കപ്പെടുക; തന്റെ മരണപ്പെട്ട ഭര്‍ത്താവിന്റെ ബന്ധുക്കളുടെ ‘കരുണയെ’ ആശ്രയിച്ചുമാത്രം ജീവിക്കേണ്ടി വരുക; ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ ഭര്‍ത്താവിന്റെ വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെടുന്നതിനാല്‍ നിരാശ്രയരും ഭവനരഹിതരും ആകുന്നതു മൂലം ലൈംഗിക തൊഴിലിലോ ഭിക്ഷാടനത്തിലോ അഭയം പ്രാപിക്കേണ്ടി വരുക; ഭര്‍ത്താവിന്റെ കടങ്ങളും മറ്റു സാമ്പത്തിക ബാധ്യതകളും മുഴുവന്‍ ഏറ്റെടുക്കേണ്ടി വരുക; കുട്ടികളെ പോറ്റേണ്ട ബാധ്യതകള്‍ പൂര്‍ണ്ണമായി ചുമലില്‍ ഏറ്റേണ്ടി വരുക; ശവസംസ്‌കാരത്തിന്റെയും മരണാനന്തര ദുഃഖാചരണ ചടങ്ങുകളുടെയും ഭാഗമായി ഭര്‍ത്താവിന്റെ ശവശരീരം കഴുകിയ വെള്ളം കുടിക്കേണ്ടി വരുക, ഭര്‍തൃബന്ധുക്കളുമായി നിര്‍ബനധിത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വരുക, മുടി മുറിക്കുക, ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കുക തുടങ്ങിയ ജീവനു ഭീഷണി നേരിടുന്നതും ആത്മാഭിമാനം പണയപ്പെടുത്തേണ്ടി വരുന്നതുമായ സാമൂഹിക ആചാരങ്ങള്‍ അനുഷ്ഠിക്കേണ്ടി വരുക; അനന്തരാവകാശ തര്‍ക്കങ്ങളുടെ ഭാഗമായി ശാരീരികവും മാനസ്സികവും ലൈംഗികവുമായ പീഡനങ്ങള്‍ക്കു വിധേയമാക്കപ്പെടുക; സായുധ സംഘട്ടനങ്ങള്‍ക്കിടയില്‍പ്പെട്ടു വൈധവ്യത്തിലാകുക, ശാരീരികവും മാനസ്സികവും ലൈംഗികവുമായി പീഡനമേല്ക്കുക തുടങ്ങിയ ക്രൂരതകള്‍ക്കു വിധേയരാകുക; പോഷകാഹാരവും ആരോഗ്യസംവിധാനങ്ങളും പ്രത്യേകിച്ചു ഗര്‍ഭകാല പരിചരണം നിഷേധിക്കപ്പെടുക; മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ ഭാഗമായുള്ള നിര്‍ബന്ധിത ലൈംഗിക ബന്ധം മൂലം എയ്ഡ്‌സ് പോലുള്ള ലൈംഗിക രോഗങ്ങള്‍ ബാധിക്കുക; സാമൂഹികമായി ഒറ്റപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ അവയില്‍ ചിലതാണ്.

ഇന്ത്യയില്‍ നിലനിനില്ക്കുന്ന പുരുഷാധിപത്യ വ്യവസ്ഥ വിധവകളുടെ മേല്‍ കഠിനമായ നിയന്ത്രണങ്ങള്‍ അടിച്ചേല്പിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം ചിതയില്‍ ചാടി ആത്മഹത്യ ചെയ്യേണ്ടി വരുന്ന ‘സതി’, കുട്ടികളില്ലാതെ ഭര്‍ത്താവു മരണപ്പെട്ടാല്‍ മറ്റു മനുഷ്യരില്‍ നിന്നു ഗര്‍ഭം ധരിക്കുന്ന ‘നിയോഗ’ തുടങ്ങിയ ആചാരങ്ങള്‍ ഇന്ത്യയില്‍ നിലനിന്നിരുന്നു. ഇന്ത്യയില്‍ ഇന്നും സുപ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ സമീപം ധാരാളം വിധവകളായ ലൈംഗിക തൊഴിലാളികളെ കാണാം..

ഇന്ത്യയിലെ വിധവാ ശക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കു സുദീര്‍ഘമായ ചരിത്രം പറയാനുണ്ട് പലപ്പോഴുമതു യാഥാസ്ഥിതിക മത സാമൂഹിക രാഷ്ട്രീയ അധികാരകേന്ദ്രങ്ങളുടെ ശക്തമായ എതിര്‍പ്പുകളെ അതിജീവിച്ചാണു മുന്നേറിയത്. ഈ മുന്നേറ്റം പൂര്‍ണ്ണമായ വിജയത്തില്‍ എത്തിയിട്ടില്ലെങ്കിലും നിയമത്തെ കൊണ്ടെങ്കിലും ഒരു പരിധിവരെ വിധവകളുടെ അവകാശങ്ങള്‍ അംഗീകരിപ്പിക്കാന്‍ ഈ പോരാട്ടങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. ഇതു സാമൂഹിക ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയെന്ന നിര്‍ണ്ണായക ദൗത്യം നമുക്കു മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഈ സമരചരിത്രത്തില്‍ പണ്ഡിത രമാഭായ്, രാജാറാം മോഹന്‍ റോയ് തുടങ്ങിയവരുടെ നിലപാടുകള്‍ ശ്രദ്ധനീയമാണ്.

കേരളത്തിലെ സ്ത്രീകളില്‍ 10 % വിധവകളാണെന്നാണു കണക്കുകള്‍ (3) കേരളത്തിലും വിധവകള്‍ ധാരാളം ചൂഷണങ്ങള്‍ക്കും ഒറ്റപ്പെടലുകള്‍ക്കും വിധേയമായിട്ടുണ്ട്. ഇന്നും അതു തുടരുന്നുണ്ട്. വി ടിയുടെ നേതൃത്വത്തില്‍ നടന്ന വിധവാവിവാഹം കേരളത്തിലെ വിധവകള്‍ നേരിട്ടിരുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളുടെ തെളിവാണ്. കേരളത്തിലെ ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്കിടയിലെ വിധവകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രത്യേകമായി വിലയിരുത്തപ്പെട്ടിട്ടുള്ളതാണ്.

വിധവകള്‍ക്കു സമൂഹത്തില്‍ നിര്‍ണ്ണായക സംഭാവനകള്‍ ചെയ്യാന്‍ സാധിക്കുമെന്നതിനുള്ള ശക്തമായ തെളിവുകളാണ് ഇന്ദിരാഗാന്ധിയും സോണിയഗാന്ധിയും കെ ആര്‍ ഗൗരിയമ്മയുമൊക്കെ നല്കുന്നത്. വിധവകളെ ജനാധിപത്യ രാജ്യത്തെ പൗരന്മാരായി കണ്ട് അവരുടെ ന്യായമായ പൗരാവകാശങ്ങള്‍ അംഗീകരിക്കുക എന്നണാണ് ഇതിനായി സമൂഹം ചെയ്യേണ്ടത്.

റഫറന്‍സ്

1.https://www.un.org/en/observances/widows-day
2.https://www.google.com/search…
3.https://bmcinthealthhumrights.biomedcentral.com/…/1472-698X…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply