എന്തുകൊണ്ട് ഇത്രയധികം രാമായണങ്ങള്‍?

രാമായണം ഭാരത ജനതയുടെ മൊത്തം സ്വത്താണ്. അത് ജാതി, മത, വര്‍ഗ്ഗ, ലിംഗ ഭേദമില്ലാതെ എല്ലാവരുടെയും പൊതുസ്വത്തായി കാണാനും അതിനെ കാലദേശങ്ങളിലൂടെ സ്വന്തമായി ഉയിരു കൊടുത്ത് അതിജീവിപ്പിക്കാനും കഴിയുക എന്നതാണ് പ്രധാനം.

എന്തുകൊണ്ടാണ് ഇത്രയധികം രാമായണങ്ങള്‍ ഉണ്ടായത് എന്നതാണ് സത്യത്തില്‍ നാമന്വേഷിക്കുന്നത്. ഇന്ത്യക്കകത്തു മാത്രമല്ല ഏഷ്യന്‍ വന്‍കരയിലാകെ അവരവര്‍ക്ക് ഉചിതമായ രീതിയില്‍ രാമായണ കഥകളെ സ്വന്തം കഥകളാക്കി മാറ്റിയ അനേക രാമായണങ്ങളാണുള്ളത്. എങ്ങനെയെല്ലാം ഏതെല്ലാം ദേശത്തെ ജനങ്ങള്‍ ഏതെല്ലാം രീതിയില്‍ അവരവരുടെ രാമായണങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു! എന്തുകൊണ്ടാണ് രാമായണത്തിന് മാത്രം ഇത്ര വലിയ പ്രസക്തിയും പ്രാധാന്യവും കൈവരുന്നത്?

അത് വളരെ വിചിത്രമായിട്ടുള്ളൊരു സംഗതിയാണ്. ഇതൊരു പ്രണയ കഥയാണ്, ഒരു മുക്കോണ്‍ പ്രണയ കഥ. രണ്ടാണുങ്ങളും ഒരു പെണ്ണും, തട്ടിക്കൊണ്ടുപോകല്‍ – ഒരു സിനിമക്ക് വേണ്ട അടിസ്ഥാന ബീജം അതിനകത്തുണ്ട്. പക്ഷെ ഈ ഒരു പുരാവൃത്തം എല്ലാ കാലദേശങ്ങളിലും ഉള്ളതാണ്. അതുകൊണ്ട് തന്നെ ഈയൊരു മുക്കോണ്‍ പ്രണയകഥയെ എടുത്തുകൊണ്ട് എങ്ങനെയൊക്കെ സ്വന്തം രാമായണങ്ങള്‍ ഉണ്ടാക്കാമെന്ന് ആളുകള്‍ പരീക്ഷിച്ചുപോന്നു. ഇതിഹാസങ്ങള്‍ ഒരിക്കലും കെട്ടിക്കിടക്കുന്ന കുളം അല്ല, അത് ഒരു ഒഴുക്കാണ്, കാലത്തിലൂടെയുള്ള ഒരു ഒഴുക്കാണ്. കാലത്തിലൂടെയും ദേശത്തിലൂടെയുമുള്ള ഒഴുക്ക് സാധ്യമാക്കുന്ന കൃതികളാണ് കാലാതിവര്‍ത്തികളായി അവശേഷിക്കുക. രാമായണം കാലാതിവര്‍ത്തിയാകുന്നതിന്റെ പ്രധാന കാരണം അതിന്റെ ബീജം തന്നെയാണ്. രാമന്‍, രാവണന്‍, സീത, തട്ടിക്കൊണ്ടുപോകല്‍, തിരിച്ചെടുക്കല്‍, യുദ്ധം-വിജയം, അതിന് ശേഷമുണ്ടാകുന്ന ആത്മഹത്യാപരമായ നിരാശ- ഇങ്ങനെ മനുഷ്യ ജീവിതത്തെ ബാധിക്കുന്ന, ഓരോ വ്യക്തിയേയും ആഴത്തില്‍ അലട്ടുന്ന ചില സംഗതികള്‍ രാമായണത്തിലുണ്ട്.

എന്നെ സാമ്പ്രദായിക രാമായണ വായനയില്‍ നിന്ന് അകറ്റിയത് കുട്ടികൃഷ്ണമാരാരാണ്, വാത്മീകിയുടെ രാമായണം വായിക്കുന്നതോടെയാണ് എനിക്ക് വേറൊരു തുറവി അനുഭവപ്പെട്ടത്, അത് എനിക്ക് മാത്രമല്ല വാത്മീകി രാമായണം വായിക്കുന്ന ഏതൊരാള്‍ക്കും വാത്മീകിയുടെ രാമന്‍, രാമായണം ഒരു നാഴികക്കല്ലാണ്. നിങ്ങള്‍ക്കതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അതിനുമുമ്പ് രഘുവംശത്തില്‍ കാളിദാസനും, പിന്നീട് കുമാരനാശാനും, അതിന്റെ തുടര്‍ച്ചയായി കുട്ടികൃഷ്ണ മാരാരും വായിച്ചാല്‍ നമുക്ക് തുറന്നു കിട്ടുക രാമായണത്തിന്റെ അനേകം പഴുതുകളാണ്. എങ്ങനെയൊക്കെ രാമായണം വായിക്കാം – ആരുടെയൊക്കെ കാഴ്ചപ്പാടില്‍ രാമായണം വായിക്കാം, ഇതുതന്നെയാണ് രാമായണത്തെ ഉപജീവിച്ചുണ്ടാകുന്ന കൃതികളുടെയും ആധാരം.

അതുകൊണ്ട് ശംബൂകന്റെ പക്ഷത്തുനിന്ന് രാമായണം വായിക്കുമ്പോള്‍ ഒരു ദളിത് വായന സാധ്യമാണെന്ന് നാം മനസിലാക്കുന്നു. ശൂര്‍പ്പണഖയുടെ പക്ഷത്തുനിന്ന് രാമായണം വായിക്കുമ്പോള്‍ തന്റേതല്ലാത്ത അന്യ ഗോത്രത്തില്‍പ്പെട്ട ഒരു സ്ത്രീയുടെ നൈതികതയുടെ അടിസ്ഥാനത്തില്‍ രാമായണത്തെ വായിക്കാന്‍ സാധ്യമാണെന്ന് നാം മനസിലാക്കുന്നു. സീതയുടെ പക്ഷത്തുനിന്ന് രാമായണം വായിക്കുമ്പോള്‍ പുരുഷാധിപത്യത്തിന്റെ ഇരയായി മാറിയ സീത എന്ന പെണ്‍കുട്ടിയുടെ നേര്‍ക്കു നടന്ന നീതി നിഷേധങ്ങളുടെ കഥയായിട്ട് അത് മാറുന്നു. അവള്‍ ജനകന്റെ രാജധാനിയില്‍ അത്യന്തം ഉത്സാഹവതിയായി എല്ലാ കലകളിലും പ്രാവീണ്യം നേടി. കേട്ടുവളരുന്നത് മുഴുവന്‍ ജ്ഞാന മാര്‍ഗ്ഗങ്ങളും. അഗാധമായ പാണ്ഡ്യത്വമുള്ളവരുടെ ഇടയില്‍ ജനിച്ചുവളര്‍ന്ന കുട്ടി വിവാഹം കഴിഞ്ഞ് അയോധ്യയിലേക്ക് വരുന്നതോടുകൂടി അധികാരത്തിന്റെ പ്രശ്നങ്ങളാണ് അവള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. സീത തന്റെ പിതാവിന്റെ രാജധാനിയില്‍ കേട്ടിരുന്ന ജ്ഞാന സംബന്ധിയും സര്‍ഗാത്മകവുമായ സംവാദങ്ങളല്ല അയോദ്ധ്യയില്‍ കേള്‍ക്കുന്നത്. അയോദ്ധ്യയില്‍ അവളെ വരവേല്‍ക്കുന്നത് തര്‍ക്കങ്ങളാണ്. അധികാരത്തിനു വേണ്ടിയുള്ള തര്‍ക്കങ്ങള്‍. ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ പെട്ട് രാമന്റെയൊപ്പം പതിനാല് വര്‍ഷം വനവാസത്തിനു പോകുന്ന സീതയുടെ പക്ഷത്തുനിന്നും, അതിന് കാരണക്കാരിയായ മന്ഥരയുടെ പക്ഷത്തുനിന്നും രാമായണം വായിക്കാം. അവളൊരു ചാരയാണ്, അവളുടെ അച്ഛന്‍ പറഞ്ഞുവിട്ടതാണ് സീതയോടൊപ്പം. എപ്പോള്‍ കൈകേയിയുടെ പുത്രന് അധികാരം കിട്ടുന്നില്ലയോ അപ്പോള്‍ ഇടപെടൂ എന്ന് പറഞ്ഞ് അയച്ചിട്ടുള്ളവളാണ് മന്ഥര. നമ്മളവളെ കൂനിയും കുശുമ്പിയുമൊക്കെയായി വായിക്കുന്നു. പക്ഷേ കേകേയത്തിലെ രാജാവിന്റെ നിര്‍ദ്ദേശാനുസരണം അത്തരമൊരു ജോലി ചെയ്യാന്‍ വന്നവളാണ് മന്ഥര. സമയത്തിടപെടുന്നതിലും രാമനെ കാട്ടിലേക്കയക്കുന്നതിലും അവള്‍ വിജയിക്കുന്നു. അവളുടെ പക്ഷത്തുനിന്നും വായിക്കാം.

ഞാന്‍ വാത്മീകി രാമായണത്തെ ആണ് ആഴമായി പഠിച്ചത്. വ്യാഖ്യാനങ്ങള്‍ അത്ഭുതകരമായി ജീവന്‍ കൊടുക്കുന്ന ഒന്നാണ് രാമായണ കഥകള്‍. ആ കഥകള്‍ അഗാധമായി സ്പര്‍ശിക്കാത്ത ഒരു ജനതയും ഏഷ്യാ വന്‍കരയിലില്ല. നമ്മുടെ കേരളത്തില്‍ത്തന്നെ മാപ്പിള രാമായണം, അതുപോലെ തന്നെ അടിയ രാമായണം, ഇതൊക്കെ വിചിത്രങ്ങളാണ്. തങ്ങളുടെതാണ് രാമായണം, അതുകൊണ്ട് തന്നെ തങ്ങള്‍ക്കും ഒരു രചനയാവാം. അങ്ങനെ തനി മാപ്പിള ശൈലിയില്‍ എഴുതിയിട്ടുള്ള പൊട്ടിച്ചിരിപ്പിക്കുന്ന വരികള്‍ ഞാനോര്‍ക്കുകയാണ്. സീതയോട് രാവണന്‍ സംഭാഷണം നടത്തുന്ന രംഗം. അതിന്റെ ഏകദേശ രൂപം ഇങ്ങനെയാണ്: സീതേ…. മോളേ, നീ എന്തിനാണ് ഈ പന്നി രാമന്റെ കൂടെ ഇങ്ങനെ ബുദ്ധിമുട്ടി കഴിയണത്? എന്റെ കൂടെ വാ, നമുക്ക് കോഴിബിരിയാണിയൊക്കെ കഴിച്ച് സുഖമായിട്ടങ്ങനെ കഴിയാം…

അതുപോലെ ആദിവാസി രാമായണം. അവിടെ സീതയും രാമനുമൊന്നും നമ്മള്‍ പ്രതീക്ഷിച്ചിടത്തു നില്‍ക്കുന്ന ആളുകളല്ല. അതില്‍ രാമന്‍ സംശയിക്കുന്നു: എന്താ ഇവളെന്റെ കൂടെ വരാത്തത്? ഇനി ഞാന്‍ രാവിലെ എണീറ്റ് കഞ്ഞീം കൂട്ടാനുമൊക്കെ വച്ചു കൊടുക്കാത്തതുകൊണ്ടാവുമോ? ഞാനവളെ വേണ്ടത്ര പരിഗണിക്കാത്ത കാരണമാവുമോ? ഇങ്ങനെ സംശയോപോല്‍ബലകമായ ചിന്തകളെ സന്നിവേശിപ്പിക്കുവാനുള്ള കഥയായിട്ട് രാമായണത്തെ വിവിധ ജനതകള്‍ മാറ്റുന്നുണ്ട്. രാവണന്റെ മകളായിട്ടും രാമന്റെ സഹോദരിയായിട്ടുമൊക്കെ. സീത ഇങ്ങനെ പല രൂപത്തില്‍ പല ഭാവത്തില്‍ വരുന്നുണ്ട്. ഇതിഹാസങ്ങളായാലും പുരാണങ്ങളായാലും, അത് ബൈബിളായാലും വേണ്ടില്ല ഖുറാനായാലും വേണ്ടില്ല, രാമായണ-മഹാഭാരതങ്ങളായാലും ഗ്രീക്ക് മിഥോളജിയായാലും വേണ്ടില്ല കാല-ദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ അതിന് പരിണാമങ്ങള്‍ സംഭവിക്കുന്നു. ഒരു ദേശത്തെ, കാലത്തെ ജനതയുടെ ചിന്തയും ജീവിതവും ചേര്‍ത്തുവച്ച് അതിന് ഉയിര് കൊടുക്കുമ്പോളാണ് അനേകായിരം രാമായണങ്ങള്‍ ഉണ്ടാവുന്നത്.

ഞാനിതിലിങ്ങനെ ഒരുപാട് വായിച്ചും എഴുതിയും കഴിയുന്ന ഒരാളെന്ന നിലയില്‍ രാമായണം എന്റേതല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഒരു നിലക്കും എനിക്ക് സമ്മതിക്കാന്‍ പറ്റില്ല. ജന്മം കൊണ്ട് ഞാന്‍ ക്രിസ്ത്യാനിയായിരിക്കാം. എന്നാല്‍ നമ്മുടെ ഓരോരുത്തരുടെയും സ്വത്താണിത്. ഒരു ജാതി-മത വിഭാഗത്തിനൊന്നും മാത്രമായി അവകാശപ്പെടാന്‍ പറ്റിയതല്ല. അങ്ങനെ അതിനെ സങ്കുചിതമാക്കുമ്പോള്‍ അതിനെ വിട്ടുകൊടുക്കുകയല്ല വേണ്ടത്. രാമായണം ഭാരത ജനതയുടെ മൊത്തം സ്വത്താണ്. അത് ജാതി, മത, വര്‍ഗ്ഗ, ലിംഗ ഭേദമില്ലാതെ എല്ലാവരുടെയും പൊതുസ്വത്തായി കാണാനും അതിനെ കാലദേശങ്ങളിലൂടെ സ്വന്തമായി ഉയിരു കൊടുത്ത് അതിജീവിപ്പിക്കാനും കഴിയുക എന്നതാണ് പ്രധാനം. പരിസ്ഥിതി വായനയായാലും സ്ത്രീ വായനയായാലും ദളിത് വായനയായാലും ബലവാനും ദുര്‍ബലനുമായുള്ള വായനയായാലും അതുപോലെ അധികാരിയും അധികാരം ഇല്ലാത്തവനും തമ്മിലുള്ള വായനയായാലും അങ്ങനെ ഇഷ്ടംപോലെ പുനര്‍ വായനകള്‍ക്ക് സാധ്യതയുള്ള, പുനര്‍ നിര്‍മ്മിതികള്‍ക്ക് സാധ്യതയുള്ള രാമായണം പൊതുസ്വത്തായി നിലനിര്‍ത്തുന്നതിന് ഇത്തരം രാമായണ ഉത്സവങ്ങള്‍ വേണം. സങ്കുചിതമല്ലാത്ത, പ്രത്യേക കാഴ്ചപ്പാടോ ലക്ഷ്യമോ ഇല്ലാത്ത, വളരെ തുറവിയുള്ള, വളരെയധികം ബഹുസ്വരതകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, പൊതുജനങ്ങള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന രാമായണ വായനകള്‍ വേണം. നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തോട് നാം യോജിക്കുന്നുണ്ടോ വിയോജിക്കുന്നുണ്ടോ എന്നതല്ല പ്രശ്നം, അതിവിടെയുണ്ട്. രാമായണത്തിന്റെ സംസ്‌കാരം അവിടെയുണ്ട്. അവിടുന്ന് നിങ്ങള്‍ എത്ര ദൂരം മുന്നോട്ട് പോയി, അല്ലെങ്കില്‍ എത്ര ദൂരം നിങ്ങള്‍ക്ക് മാറി സഞ്ചരിക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ എത്ര ദൂരം നിങ്ങളിതിനെ പരിഷ്‌കരിച്ചു?- ഇതൊക്കെയാണ് നമ്മളുയര്‍ത്തേണ്ടുന്ന ചോദ്യങ്ങള്‍.

ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുവാനും പുതിയ പുതിയ രാമായണങ്ങള്‍ ഉണ്ടാക്കുവാനും ഇത്തരത്തിലുള്ള രാമായണ ഉല്‍സവങ്ങള്‍ നമ്മുടെ നാട്ടില്‍ സംഘടിപ്പിക്കണം.
കര്‍ക്കിടക മാസം എന്നു പറഞ്ഞാല്‍ വീടുകളില്‍ എഴുത്തച്ഛന്റെ രാമായണം വായിക്കുന്ന മാസമാണ്. എഴുത്തച്ഛന്റെ രാമായണമല്ല വാല്‍മീകിയുടെ രാമായണം. ഞാന്‍ വളരെയധികം ആലോചിച്ചു സങ്കടപ്പെട്ട ഒരു കാര്യമുണ്ട്. അതായത് എഴുത്തച്ഛന്റെ രാമായണത്തില്‍ സീതയെ അന്വേഷിച്ച് രാമനിങ്ങനെ കാട്ടിലൂടെ നടക്കുമ്പോള്‍ കരയുന്നുണ്ട്, കരഞ്ഞ് കഴിഞ്ഞിട്ട് പറയുന്നു, അത് മായാസീതയായിരുന്നു. അപ്പോ വലിയ സങ്കടമായെനിക്ക്. കാരണം ആ കരച്ചിലിനൊരര്‍ത്ഥമില്ലല്ലോ. മായാസീത പോയതിന് രാമനെന്തിനാണ് കരയണത്? ശരിക്കുള്ള സീത അടുത്തിരിക്കുന്നു, മായാസീതയാണ് പോയത്. അപ്പോള്‍ അവിടെ കാവ്യാസ്വാദനപരമായി ഒരു ഭംഗം നമുക്ക് വരുന്നുണ്ട്. ആദി കാവ്യത്തിലൂടെ കൂടുതല്‍ സഞ്ചരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ഇതൊക്കെയാണ്. ഇങ്ങനെ എത്ര പറഞ്ഞാലും നമുക്ക് തീരില്ല. ഏതെങ്കിലും ഒരൊറ്റ പാഠത്തിലേക്ക് രാമായണ വായനയെ ചുരുക്കുവാന്‍ ശ്രമിക്കുന്ന ഓരോ സന്ദര്‍ഭത്തിലും രാമായണത്തിന്റെ ബഹുസ്വരതയെ വീണ്ടെടുക്കാന്‍, നമുക്കോരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ് രാമായണ കഥകള്‍ എന്ന് പ്രഖ്യാപിക്കാന്‍ പാഠഭേദം തുടങ്ങിവച്ച ശ്രമം നാം തുടരേണ്ടതുണ്ട്.

(സിവിക് ചന്ദ്രന്‍ എഡിറ്റ് ചെയ്ത് പാഠഭേദം പ്രസിദ്ധീകരിച്ച ‘പല രാമായണങ്ങള്‍, പല വായനകള്‍’ എന്ന പുസ്തകത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “എന്തുകൊണ്ട് ഇത്രയധികം രാമായണങ്ങള്‍?

  1. രാമായണം ഒരു നല്ല സാഹിത്യ കൃതിയാണ്. അതിനെ ആവശ്യമില്ലാത്ത ജാതി മത ചിന്തകളില്‍ കൂട്ടിക്കെട്ടുമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നത്. രാമായണത്തിന് ജാതിയോ മതമോ ഇല്ല. വംശീയതയും അധിനിവേശവുമാണ് രാമായണത്തിന്റെ ഒരു പശ്ചാതലം. ഒരു വലിയ ഭൂ വിഭാഗത്തില്‍, അതിനെ ഇന്ന് ഇന്ത്യ എന്ന് വിളിക്കാം. . ആര്യന്‍മാര്‍ കുടിയേറിയതിന് ശേഷം അവിടുത്തെ യഥാര്‍ത്ഥ സ്വദേശികളായ ദ്രാവിഡരുമായി ഉണ്ടായ കൊടുക്കല്‍ വാങ്ങളുകളില്‍ നിന്ന്, സംഘര്‍ഷങ്ങളില്‍ നിന്ന് ഒക്കെ ഉണ്ടായ ഒരു കിഡ്നാപ്പ് കേസ് ആണ് ഇത്. ഇതു പോലെ നിരവധി സിനിമകളും കഥകളും കവിതകളുമൊക്കെ ഉണ്ടായി. അതാണ് ലോകത്താകമാനമുള്ള രാമായണങ്ങള്‍. . . അന്ന് സിനിമ പിടിക്കാനുള്ള സംവിധാനമില്ലാതിരുന്നത് കൊണ്ട് ഇങ്ങിനെയുള്ള രാമായണങ്ങളുണ്ടായി. . . അതിനെ മറ്റ് രൂപത്തില്‍ കാണാതിരിക്കുക. . .

Leave a Reply