എന്തുകൊണ്ട് ബിജെപിക്ക് വോട്ട് നല്‍കരുത്?

ഒരു ദശകക്കാലമായി രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ശതകോടികള്‍ ചെലവഴിച്ചുകൊണ്ടുള്ള പ്രചണ്ഡ പ്രചരണങ്ങളിലൂടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ‘ജനാധിപത്യ ഇന്ത്യയെ തകര്‍ക്കുന്ന ബിജെപിക്ക് വോട്ടില്ല, ഇന്ത്യാ സഖ്യത്തെ വിജയിപ്പിക്കുക’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സേവ് ഇന്ത്യാ മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി തയ്യാറാക്കിയ വിശദമായ ലഘുലേഖ.

രാജ്യം വീണ്ടുമൊരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. കഴിഞ്ഞ ഒരു ദശകക്കാലമായി രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ശതകോടികള്‍ ചെലവഴിച്ചുകൊണ്ടുള്ള പ്രചണ്ഡ പ്രചരണങ്ങളിലൂടെ കാര്യക്ഷമമായ ഒരു ഭരണകൂടമാണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നതെന്ന പ്രതീതി പരത്തിക്കൊണ്ടിരിക്കുന്നത് നാം കാണുന്നു.

രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ-നീതിന്യായ സംവിധാനങ്ങളെയും അട്ടിമറിച്ചുകൊണ്ട്, ആര്‍എസ്എസ്സിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി, ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെയും മതസാഹോദര്യത്തെയും അട്ടിമറിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് കാണാന്‍ കഴിയും. ഇന്ത്യയില്‍ സംഘപരിവാര്‍ രാഷ്ട്രീയം പിറവിയെടുത്ത നാള്‍ തൊട്ട് തുടരുന്ന ഈ വിദ്വേഷ, വിഭജന നയങ്ങള്‍ അധികാരലബ്ധിയോടെ കൂടുതല്‍ ശക്തമായി നടപ്പിലാക്കാന്‍ ആരംഭിച്ചിരിക്കുന്നു.

ഒരു ഭാഗത്ത് രാജ്യത്തെ സാമൂഹിക ജീവിതത്തെ, ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ തന്നെ, സാമ്പത്തിക മേഖലയില്‍ തികച്ചും ജനവിരുദ്ധവും കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തുന്നതുമായ നടപടികളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ജനങ്ങളുടെ മതവിശ്വാസത്തെ വൈകാരികമായി ചൂഷണം ചെയ്തുകൊണ്ടും തമ്മിലടിപ്പിച്ചുകൊണ്ടുമാണ് അവര്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കുന്നതെന്ന് കാണാവുന്നതാണ്. രാമക്ഷേത്രം മുതല്‍ ഗോസംരക്ഷണം വരെയുള്ള ഓരോ വിഷയവും ജനങ്ങളെ അവരുടെ യഥാര്‍ത്ഥ ജീവിത പ്രശ്‌നങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തിക്കൊണ്ട് കോര്‍പ്പറേറ്റ് സാമ്പത്തിക താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെ ഉദാഹരണമായി കണ്ടെത്താന്‍ കഴിയും.

സ്വകാര്യ പരസ്യ ഏജന്‍സികളുടെ സഹായത്തോടെ, മാധ്യമങ്ങളെ വിലയ്ക്കുവാങ്ങിയും, സ്വകാര്യ സാമൂഹിക മാധ്യമ സേനകളെ വിന്യസിച്ചും സംഘപരിവാര്‍ ഭരണകൂടം നടത്തുന്ന പ്രചരണങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ പോകുന്നത് ഒരു ജനതയെന്ന നിലയില്‍ നാം വളര്‍ത്തിയെടുത്ത മൂല്യങ്ങളെയും ബഹുസ്വരതയെയും ജനാധിപത്യ ബോധങ്ങളെയും ഇല്ലാതാക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. കഴിഞ്ഞ ഒരു ദശകക്കാലയളവില്‍ ഭരണത്തിന്റെ പിന്തുണയോടെ സംഘപരിവാര്‍ നടപ്പിലാക്കിയ ഭരണപരിഷ്‌കാരങ്ങള്‍, നിയമ നിര്‍മ്മാണങ്ങള്‍, അവരുടെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകള്‍ എന്നിവ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയും ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെയും സാമുദായിക സൗഹാര്‍ദ്ദത്തെയും സംരക്ഷിച്ചുനിര്‍ത്താന്‍ ഒരുമിച്ച് നില്‍ക്കുകയും ചെയ്യേണ്ടത് ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന എല്ലാ പൗരന്മാരുടെയും കടമയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്.

എന്തുകൊണ്ട് ബിജെപിയെ പരാജയപ്പെടുത്തണം എന്ന് പറയുന്നത്?

രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിക്കുന്നു എന്നതിനാല്‍

രാജ്യത്തെ ഭരണഘടനയെ പൂര്‍ണ്ണമായും അട്ടിമറിച്ചുകൊണ്ട് ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റാനുള്ള യജ്ഞത്തിലാണ് ബിജെപിയും അതിനെ നിയന്ത്രിക്കുന്ന ആര്‍എസ്എസ്സ് ഉള്‍പ്പെടുന്ന സംഘപരിവാര്‍ സംഘടനകളും എന്നത് പകല്‍പോലെ വ്യക്തമായ കാര്യമാണ്. കശ്മീരിന്റെ ഭരണഘനാ പദവി എടുത്തുമാറ്റിയുതും, ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘മതേതരത്വം’, ‘സമത്വം’ തുടങ്ങിയ പദങ്ങള്‍ നീക്കം ചെയ്തതും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായി മതനേതാക്കളെ ക്ഷണിച്ചതും രാജ്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്ന രാഷ്ട്രപതിയെ അകറ്റിനിര്‍ത്തിയതും സമീപകാല ഉദാഹരണങ്ങള്‍ മാത്രമാണ്.

949 നവംബര്‍ 26-ന് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി ഭരണഘടന പാസാക്കിയ കാലം തൊട്ട് അതിനോടുള്ള എതിര്‍പ്പ് ആര്‍എസ്എസ്സ് വ്യക്തമാക്കിയതാണ്. 1949 നവംബര്‍ 30-ന് ആര്‍എസ്എസ്സ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുഖലേഖനത്തില്‍ ഇങ്ങനെ സൂചിപ്പിക്കുകയുണ്ടായി: ”നമ്മുടെ ഭരണഘടനയില്‍ പുരാതന ഭാരതത്തിലെ അതുല്യമായ ഭരണഘടനാ വികാസത്തെക്കുറിച്ച് പരാമര്‍ശമില്ല… ഇന്നും മനുസ്മൃതിയില്‍ പറഞ്ഞിരിക്കുന്ന നിയമങ്ങള്‍ ലോകത്തിന്റെ പ്രശംസയെ ഉത്തേജിപ്പിക്കുന്നവയാണ്. എന്നാല്‍ നമ്മുടെ ഭരണഘടനാ പണ്ഡിതന്മാര്‍ അതൊന്നും കാര്യമാക്കുന്നില്ല.”

സംഘപരിവാരങ്ങളുടെ മുഖ്യ സൈദ്ധാന്തികനായ സവര്‍ക്കറും മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഭരണഘടനാ നിര്‍മ്മിതിക്കായി വാദിച്ച വ്യക്തിയാണെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനും മനുസ്മൃതിയില്‍ അടിസ്ഥാനപ്പെടുത്തിയ ഒരു ഭരണസംവിധാനം നടപ്പിലാക്കാനും ഉള്ള ശ്രമങ്ങള്‍ അവര്‍ നടത്തുമെന്നത് വ്യക്തമാണ്. ഇന്ത്യന്‍ ഭരണഘടടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം (ആര്‍ട്ടിക്ക്ള്‍ 25), ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിന് അധികാരം നല്‍കുന്ന ആര്‍ട്ടിക്ക്ള്‍ 30 തുടങ്ങിയവയോട് ബിജെപി നേതാക്കള്‍ കാണിക്കുന്ന അസഹിഷ്ണുത സുപരിചിതമാണല്ലോ.

വ്യത്യസ്ത മതവിഭാഗങ്ങളും മതമില്ലാത്തവരും ഭിന്നങ്ങളായ വിശ്വാസാചാര ക്രമങ്ങള്‍ നിലനില്‍ക്കുന്ന ആദിവാസി വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വരതയെ തകര്‍ക്കുന്നവയാണ് മതരാഷ്ട്രമായി ഇന്ത്യയെ മാറ്റിത്തീര്‍ക്കാനുള്ള സംഘപരിവാര്‍ നീക്കം.

ഫെഡറല്‍ വ്യവസ്ഥയെ ഇല്ലായ്മ ചെയ്യുന്നു എന്നതിനാല്‍

മോദി ഭരണത്തിന്‍ കീഴില്‍ രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥ എത്രമാത്രം അപകടത്തിലായിരിക്കുന്നുവെന്നത് ബിജെപി ഇതര സംസ്ഥാനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തില്‍ നിന്ന് മനസിലാക്കാവുന്നതാണ്. ഭരണഘടനാപരമായി സംസ്ഥാനത്തിന്‍ കീഴില്‍ നിക്ഷിപ്തമായ പല അധികാരങ്ങളും കവര്‍ന്നെടുക്കുകയും സംസ്ഥാനങ്ങള്‍ക്ക് കൂടി ബാധകമായ, കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന, വിഷയങ്ങളില്‍ സ്വന്തമായി തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന രീതി മോദി ഭരണത്തിന്‍ കീഴില്‍ നിര്‍ബാധം തുടരുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പാസാക്കുന്നതില്‍ കാണിച്ച വ്യഗ്രത ഈ വിഷയത്തില്‍ കേവലം ഒരു ഉദാഹരണം മാത്രമാണ്.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ വ്യക്തമായ ഭരണഘടനാ ബോധ്യത്തോടെ പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍മാരെ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ദല്ലാളന്മാരായി മാറ്റുന്ന പ്രക്രിയ ഏറ്റവും ശക്തമായതും മോദി കാലത്തുതന്നെ, കേരളത്തില്‍, തമിഴ്‌നാട്ടില്‍, പശ്ചിമ ബംഗാളില്‍ എന്നിവിടങ്ങളിലൊക്കെ അതത് സംസ്ഥാന സര്‍ക്കാരുകളുമായി നേരിട്ടുള്ള പോരിന് ഇറങ്ങിത്തിരിച്ചവര്‍ കേന്ദ്ര സര്‍ക്കാരിന്റെ നോമിനികളായെത്തിയ ഗവര്‍ണര്‍മാരാണ്.

ഒരു സംസ്ഥാനത്തില്‍ ഭരണ തകര്‍ച്ച സംഭവിക്കുമ്പോള്‍ മാത്രം ഉപയോഗപ്പെടുത്തേണ്ട, ഗവര്‍ണര്‍മാരുടെ ഭരണഘടനാപരമായ പ്രത്യേക അധികാരത്തെ രാഷ്ട്രീയ വിരോധത്തിനുള്ള ഉപാധിയായി ഉപയോഗപ്പെടുത്തുന്ന അവസ്ഥ രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യുന്നതിലേക്ക് നയിക്കുന്നതാണ്.

പ്രാദേശിക ദേശീയതയെ അംഗീകരിച്ചുകൊണ്ട് ഇന്ത്യയ്ക്ക് ഒരു ഫെഡറല്‍ വ്യവസ്ഥ വിഭാവനം ചെയ്തത് ഇന്ത്യന്‍ ഭരണഘടന തന്നെയാണ്. ഇതിനെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതിന് ആവശ്യമായ സൈദ്ധാന്തിക പിന്‍ബലം ആര്‍എസ്എസ്സ് സൈദ്ധാന്തികന്‍ ഗോള്‍വള്‍ക്കര്‍ നല്‍കുന്നുണ്ട്. പ്രാദേശിക ദേശീയത പ്രാകൃതമാണെന്നന്നും പൂരാതനവും ഉദാത്തവുമായ ഹിന്ദുമതമെന്ന ദേശീയ സംസ്‌കാരമാണ് വേണ്ടതെന്നും ഉള്ള നിലപാടില്‍ നിന്നുകൊണ്ട്, വ്യത്യസ്ത സാംസ്‌കാരിക ദേശീയതകളെ അംഗീകരിക്കുന്ന, ഭരണഘടന ഉറപ്പുനല്‍കുന്ന ഫെഡറല്‍ വ്യവസ്ഥയ്‌ക്കെതിരെ സംഘപരിവാര്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇത് മത ന്യൂനപക്ഷങ്ങളുടെയും ആദിവാസി-ദളിത് സ്വത്വങ്ങളുടെയും അധികാരങ്ങള്‍ കവരുന്നതിലേക്ക് നയിക്കുന്നതാണ്.

ജനാധിപത്യ പ്രക്രിയകള്‍ അട്ടിമറിക്കുന്നു എന്നതിനാല്‍

ജനാധിപത്യ പ്രക്രിയകളിലൂടെ അധികാരത്തിലെത്തുകയും എന്നാല്‍ ആധുനിക ജനാധിപത്യ മാനദണ്ഡങ്ങള്‍ ഒന്നുംതന്നെ പാലിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ബിജെപി സര്‍ക്കാരിന്റെ മുഖമുദ്ര. വിവിധ സംസ്ഥാനങ്ങളില്‍ ജനകീയാഭിലാഷങ്ങളെ അട്ടിമറിച്ചുകൊണ്ട്, നിയമസഭാ സാമാജികരെ വിലകൊടുത്ത് വാങ്ങിയും ഭീഷണിപ്പെടുത്തിയും ഏതുവിധേനയും അധികാരത്തിലെത്തുക എന്നതാണ് അവര്‍ സ്വീകരിച്ചിരിക്കുന്ന വഴി. കര്‍ണ്ണാടകയില്‍ നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ ലോട്ടസ്’ തൊട്ട്, ഗോവ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം അവര്‍ അധികാരത്തിലെത്തുന്നതിനായി സ്വീകരിച്ച വഴികള്‍ നാം കണ്ടതാണ്.

പാര്‍ലമെന്റിന്റെ ചരിത്രത്തിലാദ്യമായി നൂറിലധികം അംഗങ്ങളെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തും പാര്‍ലമെന്റില്‍ ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന അംഗങ്ങളെ പുറത്താക്കിയും ജയിലില്‍ അടച്ചും ജനാധിപത്യ പ്രക്രിയയെ പരിഹസിക്കുന്നതും നാം കണ്ടു. നൂറിലധികം അംഗങ്ങളെ പുറത്താക്കിയ അതേ ദിവസങ്ങളില്‍ തന്നെ നിര്‍ണ്ണായകമായ പല നില നിയമ നിര്‍മ്മാണങ്ങളും പാര്‍ലമെന്റില്‍ നടത്തുകയും ചെയ്തു മോദി സര്‍ക്കാര്‍ എന്നത് മറക്കരുത്.

തെരഞ്ഞെടുപ്പ് ഫണ്ടിംഗ് സുതാര്യമാക്കാനെന്ന പേരില്‍ അവതരിപ്പിച്ച ‘ഇലക്ട്രറല്‍ ബോണ്ട്’ പദ്ധതിയെ സംബന്ധിച്ച് രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും റിസര്‍വ്വ് ബാങ്കും ശക്തമായ വിയോജിപ്പുകള്‍ ചൂണ്ടിക്കാട്ടിയിട്ടും ഭരിക്കുന്ന പാര്‍ട്ടിക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് അഴിമതിപ്പണം കൈപ്പറ്റാനുള്ള ഏര്‍പ്പാടാക്കി മാറ്റുകയാണ് ബിജെപി ഭരണകൂടം ചെയ്തത്. ഇലക്ട്രറല്‍ ബോണ്ടിലെ രഹസ്യ ന്യൂമെറിക്കല്‍ നമ്പര്‍ ഉപയോഗിച്ച് പണം നല്‍കിയ വ്യക്തികളുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിലൂടെ അഴിമതിയെ സ്ഥാപനവല്‍ക്കരിക്കുകയാണ് ഇവര്‍ ചെയ്തിരിക്കുന്നത്. ഇലക്ട്രറല്‍ ബോണ്ട് വഴി ഭാരതീയ ജനതാപാര്‍ട്ടിക്ക് നാളിതുവരെ ലഭിച്ച തെരഞ്ഞെടുപ്പ് സംഭാവനകളുടെ വലുപ്പം ഈ അഴിമതിയുടെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്.

ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ ഒരു സര്‍ക്കാര്‍ ഏജന്‍സിയായി മാറ്റിയതും മോദി സര്‍ക്കാരാണെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കേണ്ട കമ്മറ്റിയില്‍ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ മാറ്റിക്കൊണ്ട് പകരം മന്ത്രിസഭയില്‍ നിന്നുള്ള ഒരംഗത്തെ ഉള്‍പ്പെടുത്തിയതിലൂടെ കമ്മീഷനെ നിയമിക്കുവാനുള്ള പൂര്‍ണ്ണാധികാരം ഭരിക്കുന്ന സര്‍ക്കാരിന് കൈവരുന്ന രീതി നടപ്പിലാക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര സ്വഭാവത്തിന് തടയിടാനുള്ളതാണെന്നത് വ്യക്തമാണ്. നിലവിലെ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ആജ്ഞകള്‍ക്ക് അനുസരിച്ചുള്ളതാണെന്നത് ഈ ആരോപണങ്ങള്‍ ശരിവെക്കുന്നു.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ നിര്‍മ്മിക്കുന്ന ഭാരത് ഇലക്‌ട്രോണിക് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ‘സ്വതന്ത്ര’ ഡയറക്ടര്‍മാരില്‍ മൂന്ന് പേര്‍ ബിജെപിയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തികളാണ് എന്ന കാര്യം ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുപോലും യാതൊരു നടപടികളും സ്വീകരിക്കാന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ലെന്നത് വസ്തുതയാണ്. ഇ.വി.എമ്മുകളുടെ കാതലായ ചിപ്പുകളില്‍ ഉള്‍ച്ചേര്‍ത്ത ‘രഹസ്യ’ എന്‍ക്രിപ്റ്റഡ് സോഴ്‌സ് കോഡിന്റെ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്ന ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഇടപെടാനുള്ള അവസരം ലഭിച്ചിരിക്കുന്നത് എന്നത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെ അസ്വസ്ഥപ്പെടുത്തുന്നതാണ്.

നീതിന്യായ സംവിധാനങ്ങളെ തകര്‍ക്കുന്നു എന്നതിനാല്‍

ചരിത്രത്തിലാദ്യമായി രാജ്യത്തെ ഉന്നത നീതിപീഠത്തിലെ മുതിര്‍ന്ന ന്യായാധിപന്മാര്‍ക്ക് ജനാധിപത്യവും നീതിന്യായ സംവിധാനവും അപകടത്തിലാണെന്ന് പത്രസമ്മേളനം നടത്തി വിളിച്ചുപറയേണ്ടി വന്നത് മോദി ഭരണകാലത്താണെന്ന കാര്യം മറക്കാന്‍ കഴിയില്ല. ഭരണകൂടത്തിന് താല്‍പ്പര്യമുള്ള കേസുകള്‍ ഇഷ്ട ബെഞ്ചുകള്‍ക്ക് അനുവദിക്കുന്ന രീതിയില്‍ അധികാരങ്ങള്‍ ചീഫ് ജസ്റ്റിസ് കയ്യടക്കിവെക്കുന്നത് സംബന്ധിച്ചായിരുന്നു ഈ വെളിപ്പെടുത്തല്‍.

നീതി ന്യായ സംവിധാനങ്ങളുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്നവരെ പ്രലോഭിച്ചും ഭീഷണിപ്പെടുത്തിയും അനുകൂലമായ വിധികള്‍ സമ്പാദിക്കുക എന്നതാണ് സംഘപരിവാര്‍ ഭരണകൂടത്തിന്റെ മറ്റൊരു മുഖമുദ്ര. പദവിയില്‍ നിന്ന് വിരമിക്കുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള ന്യായാധിപന്മാര്‍ക്ക് പുതിയ അധികാരങ്ങളും പദവികളും നല്‍കിക്കൊണ്ട് തങ്ങളോട് വിശ്വസ്തതയുള്ളവരായിരിക്കാന്‍ ആവശ്യപ്പെടുകയാണ് ബിജെപി ഭരണകൂടം ചെയ്യുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി വിരമിച്ച രഞ്ജന്‍ ഗോഗോയിയെ രാജ്യസഭയിലേക്ക് ബിജെപി പ്രതിനിധിയായി നോമിനേറ്റ് ചെയ്തതും ഹരേന്‍ പാണ്ഡ്യ കേസില്‍ അടക്കം ഭരണകക്ഷിക്ക് അനുകൂലമായി വിധിയെഴുതിയ സുപ്രീം കോടതി ജസ്റ്റിസ് ആയിരുന്ന അരുണ്‍ കുമാര്‍ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി അവരോധിച്ചതും ഏതാനും ഉദാഹരണങ്ങള്‍ മാത്രം.

അമിത് ഷാ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ വാദം കേട്ടിരുന്ന സിബിഐ കോടതി ജഡ്ജായിരുന്ന ജസ്റ്റിസ് ബിഎച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നത് കോടതികളെ ഭീഷണിപ്പെടുത്തി അനുകൂല വിധികള്‍ സമ്പാദിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.

കശ്മീരിലെ ഇന്റര്‍നെറ്റ് വിച്ഛേദം, ഭീമ കൊറേഗാവ് കേസ്, സവര്‍ണ്ണ സംവരണം, ആധാര്‍ കേസ്, ഹേബിയസ് കോര്‍പ്പസ് കേസുകള്‍, മെഡിക്കല്‍ അഡ്മിഷന്‍ കേസ്, റഫാല്‍ അഴിമതി കേസ്, ആസ്സാം പൗരത്വ റജിസ്ട്രി തുടങ്ങിയ നിര്‍ണ്ണായക കേസുകളിലെല്ലാം ഭരണകൂടത്തിന് അനുകൂലമായ വിധി പ്രസ്താവിക്കുന്നതിലേക്ക് കോടതികളെ നയിക്കുന്ന തരത്തില്‍ രാജ്യത്തെ നീതിന്യായ സംവിധാനത്തെ അട്ടിമറിക്കുകയാണ് കഴിഞ്ഞ ഒരു ദശകക്കാലമായി ബിജെപി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഏതൊരു സമൂഹത്തിന്റെയും സുഗമമവും നീതിപൂര്‍വ്വകവുമായ നടത്തിപ്പിന് നിയമനിര്‍മ്മാണ സഭ(ലെജിസ്ലേറ്റീവ്), നീതിന്യായ സംവിധാനം(ജുഡീഷ്യറി), ഭരണനിര്‍വ്വഹണ സമതി (എക്‌സിക്യൂട്ടീവ്) എന്നിവ സ്വതന്ത്രമായിരിക്കേണ്ടത് പ്രധാനമാണ്. ജനാധിപത്യ സമൂഹത്തിന്റെ ഈ മൂന്ന് തൂണുകളുടെയും പ്രവര്‍ത്തനത്തിന് തടയിട്ടുകൊണ്ടാണ് ബിജെപിയുടെ ഭരണം മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുന്നത്.

വര്‍ഗ്ഗീയ ലഹളകളും സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്നു എന്നതിനാല്‍

ഗാന്ധി വധം തൊട്ട് ആരംഭിച്ച ഭീകരാക്രമണങ്ങളുടെയും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെയും വലിയൊരു നിര തന്നെ സംഘപരിവാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയിട്ടുണ്ട്. ജനങ്ങളെ വര്‍ഗ്ഗീയമായും ജാതീയമായും വിഭജിച്ചുകൊണ്ട് സമൂഹത്തില്‍ അസ്വസ്ഥതകള്‍ പടര്‍ത്തി വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ അധികാരത്തിലേറുക എന്നതാണ് ബിജെപിയുടെ സുപ്രധാന തന്ത്രങ്ങളെന്ന് കാണാന്‍ കഴിയും.

2002ല്‍ ഗുജറാത്തില്‍ അരങ്ങേറ്റിയ വര്‍ഗ്ഗീയ കലാപം തൊട്ടിങ്ങോട്ടുള്ള രണ്ട് പതിറ്റാണ്ട് കാലയളവില്‍ ഏതാണ്ട് 240ഓളം വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ ആസൂത്രകര്‍ സംഘപരിവാരത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളാണെന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. ബംജ്രംഗ് ദള്‍, രാമ സേന, കര്‍ണ്ണി സേന, ഹനുമാന്‍ സേന, സനാതന്‍ സന്‍സ്ഥ,ഹിന്ദു സ്വാഭിമാന്‍ സേന എന്നിങ്ങനെ നിരവധി പേരുകളില്‍ പ്രത്യക്ഷപ്പെടുന്ന അക്രമി സംഘങ്ങള്‍ക്ക് നിയമപരവും അല്ലാത്തതുമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുകയാണ് അധികാരത്തിലിരുന്നുകൊണ്ട് ബിജെപി ചെയ്യുന്നത്. ഗോധ്ര, കന്ധമാല്‍, ബറോഡ, അഹമ്മദാബാദ്, മുസഫര്‍ നഗര്‍, മീററ്റ്, ദില്‍ഷാദ് ഗാര്‍ഡന്‍, ത്രിലോക്പുരി എന്നിവ തൊട്ട് ഏറ്റവും ഒടുവില്‍ ബിജെപി ഭരിക്കുന്ന ഹരിയാനയിലെ നൂഹ് വരെയുള്ള സ്ഥലങ്ങളില്‍ നടന്ന കലാപങ്ങള്‍ കേവല ഉദാഹരണങ്ങള്‍ മാത്രം.

ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ തകര്‍ത്തും ഭക്ഷണത്തിന്റെയും ആചാരാനുഷ്ഠാനുങ്ങളുടെയും പേരില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടും കൊലപാതക പരമ്പരകള്‍ അഴിച്ചുവിട്ടും ഇവര്‍ നടത്തുന്ന വര്‍ഗ്ഗീയ വിദ്വേഷ പ്രചരണങ്ങള്‍ രാജ്യത്തെ സാമൂഹിക ജീവിതം കഠിനതരമാക്കിക്കൊണ്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച് സംഘപരിവാരങ്ങള്‍ ആള്‍ക്കൂട്ട ആക്രമണം നടത്തി കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെയും, ഗുജറാത്തിലെ ഊനയില്‍ വെച്ച് പശുവിന്‍ തോല്‍ ഉരിഞ്ഞെടുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ പരസ്യമായി മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന നാല് ദളിത് യുവാക്കളുടെയും കഥകള്‍ നിരന്തരമായി തുടര്‍ന്നുവരുന്ന അപര വിദ്വേഷത്തിന്റെയും വര്‍ഗ്ഗീയവല്‍ക്കരണത്തിന്റെയും ഉദാഹരണങ്ങളാണ്.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു എന്നതിനാല്‍

ആര്‍എസ്സ്എസ്സിന്റെ ആശീര്‍വ്വാദത്തോടെ സംഘപരിവാര്‍ സംഘടനകള്‍ ഇന്ത്യയില്‍ ആദ്യമായി നടത്തിയ ഭീകരപ്രവര്‍ത്തനം ഗാന്ധി വധമാണെന്നത് സംശയരഹിതമായ കാര്യമാണ്. ഗാന്ധി വധത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബിജെപിയും സംഘപരിവാരങ്ങളും നിരന്തരം ശ്രമിക്കുന്നുണ്ടെങ്കില്‍ കൂടിയും ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെ ആര്‍എസ്സിഎസ്സില്‍ നിന്ന് പരിശീലനം നേടി പുറത്തുവന്ന് സവര്‍ക്കറുടെയും മറ്റ് തീവ്ര ഹിന്ദുത്വ നേതാക്കളുടെയും അനുഗ്രഹാശിസ്സുകളോടെയാണ് ഗാന്ധി ഹത്യ നടപ്പിലാക്കിയതെന്നത് ചരിത്രമാണ്.

പിന്നീടങ്ങോട്ട് വര്‍ഗ്ഗീയ ലഹളകള്‍, ബോംബ് സ്‌ഫോടനങ്ങള്‍ എന്നിവ ആസൂത്രണം ചെയ്തുകൊണ്ട് വര്‍ഗ്ഗീയ ചേരി തിരിവുകള്‍ സൃഷ്ടിക്കാനുള്ള വിവിധ പദ്ധതികളില്‍ ആര്‍എസ്എസ്സിന്റെയും സംഘപരിവാരത്തിന്റെയും പിന്തുണയുള്ള വ്യക്തികള്‍, സംഘടനകള്‍ എന്നിവ ശ്രമിച്ചതിന്റെ നിരവധി തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്.

2006 സെപ്തംബറില്‍ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലെഗാവില്‍ 45പേരുടെ മരണത്തിനും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അഭിനവ് ഭാരത് എന്ന തീവ്ര വലതുപക്ഷ സംഘപരിവാര്‍ സംഘടനയാണെന്ന വസ്തുത ദേശീയ അന്വേഷണ ഏജന്‍സി പുറത്തുകൊണ്ടുവരികയുണ്ടായി. ബോംബ് സ്‌ഫോടനങ്ങളും ഭീകരാക്രമണങ്ങളും നടത്തിയ മുസ്ലീം സംഘടനകളുടെ പേരില്‍ കെട്ടി വെക്കുക എന്ന തന്ത്രമായിരുന്നു മാലേഗാവ് കേസില്‍ സംഘപരിവാരങ്ങള്‍ സ്വീകരിച്ചിരുന്നത്.

ദില്ലി-ലാഹോര്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സംഝോഥാ എക്‌സ്പ്രസ്സ് 2007 ഫെബ്രുവരി 13ന് ബോംബ് വെച്ച് തകര്‍ക്കാന്‍ ശ്രമിച്ചതിന് പിന്നിലും അഭിനവ് ഭാരത് എന്ന സംഘടനയും അതിന്റെ നേതാവായ സ്വാമി അസീമാനന്ദയും ആണെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തുകയുണ്ടായി. സമാനമായ രീതിയില്‍ മെക്കാ മസ്ജിദ്, അജ്‌മേര്‍ ദര്‍ഗ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും സംഘപരിവാര്‍ കരങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തുകയുണ്ടായി.

ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്നതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അതിന്റെ ഉത്തരവാദിത്തം ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട സംഘടനകളുടെയും വ്യക്തികളുടെയും മേല്‍ കെട്ടിയേല്‍പ്പില്‍ക്കുന്ന നിരവധി സംഭവങ്ങള്‍ രാജ്യത്ത് നടക്കുകയുണ്ടായി. സംഘപരിവാരങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ കുറഞ്ഞ ഒന്നുമല്ലെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്.

കപടവാഗ്ദാനങ്ങളില്‍ കുടുക്കിയിടുന്നു എന്നതിനാല്‍

അധികാരത്തിലേറുന്നതിന് മുമ്പ് നിരവധി വാഗ്ദാനങ്ങള്‍ നരേന്ദ്ര മോദിയും ബിജെപിയും ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന കാര്യം നമുക്കറിയാം. കള്ളപ്പണം തിരികെ കൊണ്ടുവരുന്നതും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും സംബന്ധിച്ച വാഗ്ദാനങ്ങള്‍ ഓര്‍ക്കുക.

”വിദേശത്ത് കടത്തിക്കൊണ്ടുപോയ കള്ളപ്പണം അധികാരത്തിലെത്തി 100 ദിവസത്തിനകം തിരികെ കൊണ്ടുവരും’ എന്നായിരുന്നു 2014ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ നരേന്ദ്ര മോദി അവകാശപ്പെട്ടത്. തിരികെ കൊണ്ടുവന്ന കള്ളപ്പണം ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടുകളിലേക്ക് പതിനഞ്ച് ലക്ഷം രൂപ എന്ന നിരക്കില്‍ നിക്ഷേപിക്കുമെന്നും മോദി പറഞ്ഞിരുന്നു. നരേന്ദ്ര മോദി അന്ന് നല്‍കിയ വാഗ്ദാനങ്ങളുടെ വീഡിയോ ഇന്നും ലഭ്യമാണ്. എന്നാല്‍ വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണം തിരികെക്കൊണ്ടുവരുന്നതില്‍ ബിജെപി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നമുക്കറിയാം. എന്ന് മാത്രമല്ല വിദേശത്ത് കള്ളപ്പണ നിക്ഷേപം നടത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് ഒടആഇ നല്‍കിയ 673 പേരുകള്‍ വെളിപ്പെടുത്താന്‍ പോലും നരേന്ദ്ര മോദിയോ അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ വകുപ്പോ തയ്യാറായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

”ഓരോ വര്‍ഷവും 2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും”, എന്നതായിരുന്നു മോദിയുടെ മറ്റൊരു വാഗ്ദാനം. പ്രതിവര്‍ഷം ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ പോലും സൃഷ്ടിക്കാന്‍ ബിജെപി സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല, നോട്ട് നിരോധനം പോലുള്ള വികല തീരുമാനങ്ങളിലൂടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ബിജെപി ഭരണത്തിന്‍ കീഴില്‍ തൊഴിലില്ലായ്മ 8.4% ആയി ഉയരുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. 2014ല്‍ തൊഴിലില്ലായ്മ നിരക്ക് 5.44% ആയിരുന്നുവെന്ന കാര്യം കൂടി നാം ഓര്‍മ്മിക്കേണ്ടതുണ്ട്.

വിലക്കയറ്റം, രൂപയുടെ വിലയിടിവ് തുടങ്ങിയ കാര്യങ്ങളിലും അധികാരത്തിലേറുന്നതിന് മുമ്പ് നിരവധി കപട വാഗ്ദാനങ്ങള്‍ മോദിയും കൂട്ടരും നല്‍കുകയുണ്ടായി.

നോട്ട് നിരോധനം നടപ്പിലാക്കിയ വേളയില്‍ അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ”എനിക്ക് അമ്പത് ദിവസങ്ങള്‍ തരൂ, കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍ എന്നെ ജീവനോടെ തീകൊളുത്തിക്കോളൂ” എന്ന് അവകാശപ്പെട്ട മോദിയെയും നാം കാണുകയുണ്ടായി. എന്നാല്‍ നോട്ട് നിരോധനത്തിന്റെ ആഘാതങ്ങള്‍ നിരോധനത്തിന്റെ ഏഴാം വര്‍ഷത്തിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഞെരുക്കിക്കൊണ്ടിരിക്കുകയാണെന്ന കാര്യം ഇന്ത്യന്‍ ജനതയോട് കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ല.

കൊറോണ മഹാമാരിക്കാലത്തും സമാനമായ രീതിയിലുള്ള വാഗ്ദാന്ങ്ങള്‍ മോദി നല്‍കുകയുണ്ടായി. യാതൊരുവിധ മുന്നറിയിപ്പും കൂടാതെ അര്‍ധ രാത്രിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് കോടിക്കണക്കായ ഭാരതീയരെ അനിശ്ചിതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞത് 21 ദിവസം കൊണ്ട് കൊറോണ മഹാമാരി നിയന്ത്രണ വിധേയമാക്കുമെന്നായിരുന്നു. ”മഹാഭാരത യുദ്ധം 18 ദിവസമായിരുന്നു, കൊറോണയെ പിടിച്ചുകെട്ടാന്‍ എനിക്ക് 21 ദിവസം നല്‍കൂ” എന്നായിരുന്നു മോദിയുടെ വാക്കുകള്‍. എന്നാല്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ മഹാമാരിയില്‍ ഈയ്യാംപാറ്റകളെപ്പോലെ മരിച്ചുവീഴുന്നതും ചികില്‍സാ സൗകര്യങ്ങളില്ലാതെ രാജ്യം വലയുന്നതും ഒരു വര്‍ഷക്കാലം നീണ്ടുനിന്ന ലോക്ഡൗണില്‍ തൊഴിലും ജീവിതോപാധികളും നഷ്ടപ്പെട്ട സാധാരണക്കാര്‍ കഷ്ടപ്പെടുന്നതുമായിരുന്നു മോദി ഭരണത്തില്‍ നാം കണ്ടത്.

സാമ്പത്തിക മേഖലയെ തകര്‍ക്കുന്നു എന്നതിനാല്‍

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മോദി ഭരണത്തിന്‍ കീഴില്‍ ശക്തമായിക്കൊണ്ടിരിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കാന്‍ നിരന്തരമായ പ്രചരണങ്ങള്‍ കൊണ്ട് സാധിച്ചുവെന്നത് വസ്തുതയാണ്. രാജ്യത്തെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി ഉയര്‍ത്തുമെന്ന വാഗ്ദാനം ആരംഭം തൊട്ട് മോദി സര്‍ക്കാര്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ആഭ്യന്തര മൊത്തോല്‍പ്പാദനത്തിലെ ഉയര്‍ച്ച ചൂണ്ടിക്കാട്ടി നടത്തുന്ന ഈ പ്രചരണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുത എന്താണെന്ന് രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധര്‍ വെളിപ്പെടുത്തിയതാണ്.

രാജ്യത്തിന്റെ ആഭ്യന്തര മൊത്തോല്‍പ്പാദനത്തിലെ വര്‍ധനവ് ചൂണ്ടിക്കാട്ടി പ്രചരണം നടത്തുന്ന ബിജെപി ജനങ്ങളുടെ മുന്നില്‍ മറച്ചുവെക്കുന്ന സുപ്രധാന കാര്യം രാജ്യത്തിന്റെ പൊതുകടം സംബന്ധിച്ചാണ്. 2014-15 കാലയളവില്‍ 62.79 ലക്ഷം കോടി രൂപയായിരുന്ന ദേശീയ കടം 2023 ആയപ്പോഴേക്കും 155.77 ലക്ഷം കോടിയായി ഉയര്‍ന്നുവെന്നത് ആശങ്കാജനകമായ കാര്യമാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 57.1% ആണ് ഇത്. വരാനിരിക്കുന്ന നാളുകളില്‍ ഈ കട ഭാരം ജനങ്ങളുടെ തലയിലേക്ക് തന്നെ പതിക്കും എന്നത് നിഷേധിക്കാനാകാത്ത സംഗതിയാണ്.

നോട്ട് നിരോധനം, കാര്യക്ഷമമല്ലാത്ത ചരക്ക്-സേവന നികുതി പരിഷ്‌കാരങ്ങള്‍ എന്നിവ മൂലം രാജ്യത്തിന്റെ ധനസ്ഥിതി അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് നമ്മോടു പറയുന്നത് നരേന്ദ്ര മോദിയുടെ തന്നെ കീഴില്‍ പ്രവര്‍ത്തിച്ച സാമ്പത്തിക വിദഗ്ദ്ധരാണ്. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍മാരായ രഘുറാം രാജന്‍, ഊര്‍ജിത് പട്ടേല്‍, വിരള്‍ ആചാര്യ എന്നിവരുടെയും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍, നീതി ആയോഗ് വൈസ് ചെയര്‍മാനായിരുന്ന അരവിന്ദ് പനഗാരിയ എന്നിവരുടെയും അതത് പദവികളില്‍ നിന്നുള്ള രാജി ചൂണ്ടിക്കാട്ടുന്നതും മോദി ഭരണത്തിന്‍ കീഴിലെ ആശാവഹമല്ലാത്ത സാമ്പത്തിക നയ തീരുമാനങ്ങള്‍ സംബന്ധിച്ചാണ്.

മോദി ഭരണത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 8% ആയി ഉയര്‍ന്നുവെന്ന് ധനമന്ത്രിയും ബിജെപിയും ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും യഥാര്‍ത്ഥ വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ സാമ്പത്തിക വിദഗ്ദ്ധര്‍ കണക്കാക്കിയിരിക്കുന്നത് കേവലം 6.1% മാത്രമാണെന്ന് നാം അറിയേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ തന്നെ സാമ്പത്തിക ഉപദേഷ്ടാവ് പദവിയില്‍ നിന്ന് രാജിവെച്ച സാമ്പത്തിക വിദഗ്ദ്ധന്‍ പ്രൊഫ.അരവിന്ദ് സുബ്ഹ്മണ്യത്തിന്റെ അഭിപ്രായത്തില്‍ സര്‍ക്കാരിന്റെ കണക്കുകള്‍ യഥാര്‍ത്ഥ വളര്‍ച്ചാ നിരക്കില്‍ നിന്ന് 2.5% അധികമാണെന്നാണ്. യഥാര്‍ത്ഥ ആഭ്യന്തര മൊത്തോല്‍പ്പാദന വളര്‍ച്ച കണക്കുകൂട്ടുന്നതിനായുള്ള രീതിശാസ്ത്രം, ഡാറ്റാ സ്രോതസ്സുകള്‍ എന്നിവയില്‍ 2011-12 കാലഘട്ടത്തില്‍ തന്നെ ഇന്ത്യ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഇത് അമിത വിലമതിപ്പിന് കാരണമായിട്ടുണ്ടെന്നും ആണ് അരവിന്ദ് സുബ്രഹ്മണ്യം അടക്കമുള്ള സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം.

ഇന്ത്യന്‍ കറന്‍സിയുടെ വിലയിടിവ് സംബന്ധിച്ച് ഏറ്റവും കൂടുതല്‍ അഭിപ്രായ പ്രകടനം നടത്തിയ വ്യക്തിയാണ് ഇന്ന് പ്രധാന മന്ത്രി പദത്തിലിരിക്കുന്ന നരേന്ദ്ര മോദി. മന്‍മോഹന്‍സിംഗ് സര്‍ക്കാരിനെ ഇക്കാര്യത്തില്‍ വിമര്‍ശിക്കുന്നതില്‍ മുമ്പന്തിയില്‍ മോദി ഉണ്ടായിരുന്നു. എന്നാല്‍ മോദി ഭരണം പത്തു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയില്‍ എത്തിയിരിക്കുകയാണ്. 2014ല്‍ ഒരു ഡോളറിന് 62.33 രൂപയായിരുന്നു ഇന്ത്യന്‍ കറന്‍സിയുടെ വിനിമയ നിരക്കെങ്കില്‍ 2023ല്‍ അത് 81.94 രൂപയായി ഇടിയുകയായിരുന്നു.

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് ഗോദി മീഡിയകളുടെ സഹായത്തോടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും മാനവ വികസന സൂചികയുടെ വിവിധ മേഖലകളില്‍ ആഗോള റാങ്കില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലാണെന്നു കൂടി നാം അറിയേണ്ടതുണ്ട്.

ഇന്ത്യയില്‍ ബഹുമുഖ ദാരിദ്ര്യത്തില്‍ കോടിക്കണക്കായ ജനങ്ങളെ രക്ഷപ്പെടുത്തി എന്ന് അവകാശപ്പെടുമ്പോള്‍ പട്ടിണിയുടെ കാര്യത്തില്‍ 125 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 111 ആണെന്നും, മാനവ വികസന സൂചികയില്‍ 191 ല്‍ നമ്മുടെ സ്ഥാനം 132 ആണെന്നും ആരോഗ്യ സുരക്ഷയില്‍ 146ല്‍ 127 ആണെന്നും പ്രതിശീര്‍ഷ വരുമാനത്തില്‍ നമ്മുടെ സ്ഥാനം 189ല്‍ 139ആണെന്നും മാധ്യമ സ്വാതന്ത്ര്യത്തില്‍ അത് 180ല്‍ 167 ആണെന്നും കൂടി അറിയേണ്ടതുണ്ട്.

സമ്പത്തിന്റെ കേന്ദ്രീകരണം മോദി ദശകത്തില്‍ വലിയ തോതില്‍ വര്‍ധിച്ചതും ഇന്ത്യന്‍ സമ്പത്തിന്റെ 40ശതമാനത്തിന് മുകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നത് 1% മാത്രം വരുന്ന അതിസമ്പന്നരുടെ കൈകളിലാണെന്നതും ‘സബ് കേ സാഥ് സബ് കാ വികാസ്’ (എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം) എന്ന മോദി മുദ്രാവാക്യത്തിന്റെ പൊള്ളത്തരം വെളിപ്പെടുത്തുന്നു. മോദി ഭരണത്തണലില്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 169 ആയി ഉയര്‍ന്നതും ഇതോടൊപ്പം ചേര്‍ത്ത് മനസ്സിലാക്കേണ്ട സംഗതിയാണ്.

പൊതുമേഖലാ ബാങ്കുകള്‍ സമ്പന്നര്‍ക്ക് കൊള്ളയടിക്കാനായി തുറന്നിടുന്നു എന്നതിനാല്‍

ഇന്ത്യയുടെ പൊതു മേഖലാ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിടുന്നവരുടെ സംഖ്യ മോദി ഭരണത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതായി നമുക്ക് കാണാവുന്നത്. വിജയ് മല്യ (9000 കോടി രൂപ), നീരവ് മോദി, അമി മോദി, നിഷാല്‍ മോദി, മെഹുല്‍ ചോക്‌സ് (12,636 കോടി), ജതിന്‍ മേഹ്ത (7000 കോടി), ചേതന്‍ ജയന്തിലാല്‍, നിതിന്‍ ജയന്തിലാല്‍ (5000 കോടി), നിലേഷ് പരേഖ് (2223 കോടി) റിതേഷ് ജെയ്ന്‍ (1500 കോടി) തുടങ്ങി ഡസന്‍ കണക്കിന് അതി സമ്പന്നര്‍ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ടുപോയവരാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ബാങ്കുകളില്‍ നിന്ന് വന്‍തുകയ്ക്കുള്ള കടങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം.

2014ല്‍ ഇന്ത്യന്‍ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി 2 ലക്ഷം കോടിയായിരുന്നത് 2023 ആകുമ്പോഴേക്കും 10 ലക്ഷം കോടിയായി ഉയര്‍ന്നു. കിട്ടാക്കടങ്ങള്‍ തിരികെ പിടിക്കുന്നതില്‍ കാര്യക്ഷമമായ യാതൊരു നടപടിയും സ്വീകരിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറാകാത്തതിന് പിന്നിലും വന്‍കിടക്കാര്‍ക്ക് ഭരണകൂടവുമായുള്ള സ്വാധീനം തന്നെയാണ് കാരണമെന്ന് പകല്‍പോലെ വ്യക്തമായ കാര്യമാണ്.

കിട്ടാക്കടങ്ങളെയും കടങ്ങള്‍ എഴുതിത്തള്ളലിനെയും വെവ്വേറെത്തന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഇഷ്ടക്കാരായ വന്‍കിട കമ്പനികളുടെ കടങ്ങള്‍ നിയമത്തിന്റെ മറപിടിച്ച് കോടികള്‍ എഴുതിത്തള്ളുന്ന രീതി നിലവിലുണ്ടെന്നത് ഓര്‍ക്കേണ്ടതാണ്. ‘ഹെയര്‍ കട്ട്’ എന്ന ഓമനപ്പേരിലാണ് ഈ കടം എഴുതിത്തള്ളല്‍ നടക്കുന്നത്. ഗുജറാത്തിലെ മൂന്ന് പവര്‍ പ്രൊജക്ട് കമ്പനികളായ അദാനി, ടാറ്റ, എക്‌സോണ്‍ എന്നിവരുടെ മൊത്തത്തിലുള്ള 22,000 കോടി രൂപയുടെ കടത്തില്‍ 10000 കോടി രൂപയുടെ ഇളവു നല്‍കാന്‍ തീരുമാനിച്ചത് ബിജെപി സര്‍ക്കാരാണ്.

ഒരു ഭാഗത്ത് ബാങ്കുകളെ കബളിപ്പിച്ച് നാടുവിടാനും മുങ്ങിനടക്കാനും അതി സമ്പന്നരെ അനുവദിക്കുമ്പോള്‍ സാധാരണക്കാരന്റെ ചെറിയ തുകയ്ക്കുള്ള കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനായി അതിനിഷ്ഠൂരമായ നിയമ നിര്‍മ്മാണങ്ങളും ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. 2003ല്‍ ബാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് പാസാക്കിയ സര്‍ഫാസി നിയമം തൊട്ട് 2015-2023 കാലയളവില്‍ പാസാക്കിയ സ്ട്രാറ്റജിക് ഡെബ്റ്റ് റീസ്ട്രക്ചറിംഗ് ആക്ട് 2015, ഇന്‍സോള്‍വെന്‍സി ആന്റ് ബാങ്കറപ്റ്റ്‌സി കോഡ് 2021, ദ ഫിനാന്‍സ് ബില്‍ 2023 തുടങ്ങി ഒരു ഡസനോളം നിയമങ്ങള്‍ ബാങ്കിംഗ് മേഖലയില്‍ ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഈ നിയമങ്ങളുടെയൊക്കെയും പൊതു സ്വഭാവം അതിസമ്പന്നരോട് മൃദുവും സാധാരണ മനുഷ്യരോട് ക്രൂരവും ആയ സമീപനം സ്വീകരിക്കുന്നുവെന്നതാണ്.

കര്‍ഷകരെ നിരന്തരമായി കബളിപ്പിക്കുന്നു എന്നതിനാല്‍

ഇന്ത്യന്‍ കര്‍ഷകരുടെ വരുമാനം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കും എന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത് 2017ലാണ്. അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു ബജറ്റ് അവതരണ വേളയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാല്‍ തങ്ങളുടെ വിളകളിന്മേല്‍ മിനിമം സഹായ വില പ്രഖ്യാപിക്കണമെന്ന പ്രാഥമിക ആവശ്യം പോലും അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നാളിതുവരെ തയ്യാറായിട്ടില്ലെന്നതാണ് വസ്തുത.

കാര്‍ഷിക വിളകള്‍ക്ക് മിനിമം സഹായ വില നിശ്ചയിക്കുന്നതിന് സ്വാമിനാഥന്‍ കമ്മറ്റി തയ്യാറാക്കിയ ഫോര്‍മുല അംഗീകരിച്ചുകൊണ്ട്, സ്വാമിനാഥന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കും എന്ന വാഗ്ദാനം 2014ലെ ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കാണാവുന്നതാണ്.

എന്നാല്‍ ഈ വാഗ്ദാനങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് വന്‍കിട കാര്‍ഷിക – ഭക്ഷ്യ സംസ്‌കരണ കമ്പനികള്‍ക്ക് വേണ്ടി തിരക്ക് പിടിച്ച് നിയമ നിര്‍മ്മാണങ്ങള്‍ നടത്താനായിരുന്നു ബിജെപി സര്‍ക്കാരിന്റെ തീരുമാനം. ഇതനുസരിച്ച്, ഇന്ത്യയിലെ ഒരൊറ്റ കര്‍ഷക സംഘടനകളുമായി കൂടിയാലോചിക്കാതെ പാര്‍ലമെന്റില്‍ മൂന്ന് നിയമങ്ങള്‍ പാസാക്കിയതും അതിനെതിരെ ഇന്ത്യയിലെ 500ഓളം വരുന്ന കര്‍ഷകര്‍ രാജ്യതലസ്ഥാനത്തെ സ്തംഭിപ്പിച്ച് ഒരു വര്‍ഷക്കാലം നീണ്ട പ്രക്ഷോഭം നടത്തിയതും ഒടുവില്‍ കര്‍ഷകരുടെ മുന്നില്‍ മോദി സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നതും നാം മറന്നിട്ടില്ല.

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ അംഗീകരിച്ച കാര്യങ്ങള്‍ പോലും നടപ്പിലാക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേന്ദ്ര ഗവണ്‍മെന്റിന്റെ വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് വീണ്ടുമൊരിക്കല്‍ കൂടി ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുകയാണ് കര്‍ഷക സംഘടനകള്‍.

20 കോടിയിലധികം കര്‍ഷകരുള്ള രാജ്യത്തെ മൊത്തം ബജറ്റിന്റെ 4% മാത്രമാണ് കാര്‍ഷിക മേഖലയ്ക്ക് വേണ്ടി വകയിരുത്താറ്. ഇവയില്‍ കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കുമെന്ന് പറഞ്ഞ് മാറ്റിവെക്കുന്ന തുക കഴിച്ചാല്‍ കാര്‍ഷിക മേഖലയുടെ പശ്ചാത്തല വികസനത്തിന് വേണ്ടി ചെലവഴിക്കപ്പെടുന്നത് നിസ്സാര തുക മാത്രമായിരിക്കും.

അദാനി-അംബാനിമാരുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍

മോദി ഭരണം വിരലിലെണ്ണാവുന്ന വന്‍കിട ബിസിനസ് ഗ്രൂപ്പുകളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ് എന്നത് ഇന്ന് ഒരു രഹസ്യമേ അല്ലാതായിക്കഴിഞ്ഞിരിക്കുന്നു. എല്ലാ വന്‍കിട കരാറുകളും അദാനി-അംബാനിമാര്‍ക്ക് മാത്രമായി ലഭ്യമാക്കപ്പെടുന്ന രീതിയില്‍ ഭരണയന്ത്രം പ്രവര്‍ത്തിക്കുകയാണ്.

ഗൗതം അദാനിയും നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം ഒരു പരസ്പര സഹായ സഹകരണ സംഘമെന്ന നിലയിലേക്ക് മാറിയിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. 2002-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത കാലം തൊട്ട് അദാനിക്ക് വേണ്ടി നിരവധി സൗജന്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ നരേന്ദ്ര മോദി പിന്നോക്കം പോയിട്ടില്ല. 2014-ല്‍ പ്രധാനമന്ത്രി ചുമതലയേറ്റെടുക്കാന്‍ ദില്ലിയിലേക്ക് യാത്ര ചെയ്തത് ഗൗതം അദാനിയുടെ സ്വകാര്യ വിമാനത്തിലായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സ്വകാര്യ വ്യക്തിയുടെ വിമാനത്തില്‍ നിയുക്ത പ്രധാനമന്ത്രി യാത്ര ചെയ്യുന്നത് എന്നത് കൂടി ഓര്‍ക്കേണണ്ടതുണ്ട്. പിന്നീടങ്ങോട്ട് പ്രധാനമന്ത്രി മോദിയുടെ വിദേശ യാത്രകളില്‍ ഗൗതം അദാനിയോ അയാളുടെ വ്യവസായ ഗ്രൂപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരോ അകമ്പടി സേവിക്കുന്നത് സാധാരണമായി മാറി.

ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലും ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയിലും ഉള്ള മോദിയുടെ പദവി ഗൗതം അദാനിയുടെ ബിസിനസ് വളര്‍ച്ചയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ കാലയളവിലെ അദാനി സാമ്രാജ്യത്തിന്റെ വളര്‍ച്ച പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്.

2002 കാലയളവില്‍ അദാനി ഗ്രൂപ്പിന്റെ മൊത്തം ടേണ്‍ ഓവര്‍ 3,741 കോടി രൂപയായിരുന്നത് 2014-ല്‍ 75, 659 കോടിയും 2021-ല്‍ 1,78,946 കോടി രൂപയായും ഉയര്‍ന്നത് യാദൃശ്ചികമായി സംഭവിച്ചതല്ല. രാജ്യത്തെ ഖനികള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഊര്‍ജ്ജ പദ്ധതികള്‍, പശ്ചാത്തല വികസന പദ്ധതികള്‍, ഭക്ഷ്യ സംസ്‌കരണ സംവിധാനങ്ങള്‍ തുടങ്ങി സമസ്ത മേഖലകളിലും അദാനിയുടെ കൈകള്‍ ചെന്നെത്തുന്നതിനാവശ്യമായ നിയമ നിര്‍മ്മാണങ്ങള്‍ വരെ നടത്താന്‍ ബിജെപി സര്‍ക്കാരിന് ലജ്ജയേതുമില്ലായിരുന്നു.

2020-ല്‍ രാജ്യം മുഴുവന്‍ ലോക്ഡൗണില്‍ അടച്ചുപൂട്ടപ്പെട്ട നാളുകളില്‍ പ്രത്യേക ഉത്തരവുകളിലൂടെ രാജ്യത്തെ പൊതു ഉടമസ്ഥതയിലുള്ള 36ഓളം ഖനികള്‍ സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുനല്‍കാന്‍ തീരുമാനിച്ചത് മോദി സര്‍ക്കാരാണ്. ഈ 36 ഖനികളില്‍ 12 എണ്ണവും അദാനിയുടെ ഖനന കമ്പനികള്‍ക്കാണ് ലഭിച്ചത് എന്നുകൂടി അറിയേണ്ടതുണ്ട്.

ഗൗതം അദാനിയും സഹോദരന്‍ വിനോദ് അദാനിയും ചേര്‍ന്ന് വിദേശങ്ങളില്‍ നിഴല്‍ കമ്പനികള്‍ (ഷെല്‍ എന്റിറ്റി) രൂപീകരിച്ച്, സ്വന്തം കമ്പനികളുടെ ഷെയര്‍ വില പെരുപ്പിച്ച് കാട്ടി, ഇന്ത്യയിലെ നിക്ഷേപകരെ കബളിപ്പിക്കുകയും നികുതി വെട്ടിപ്പ് നടത്തുന്നത് സംബന്ധിച്ചും, അദാനി കമ്പനികളിലെ വിദേശ പൗരന്മാരുടെ നിഗൂഢ നിക്ഷേപത്തെ സംബന്ധിച്ചും തെളിവുകളടക്കം പുറത്തുവന്നിട്ടും അവയില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നതാണ് വാസ്തവം. ഒടുവില്‍ സുപ്രീം കോടതിയുടെ പ്രത്യേക മേല്‍നോട്ടത്തില്‍ രൂപീകരിച്ച അന്വേഷണ കമ്മറ്റിയില്‍പ്പോലും അദാനിയുടെ ശമ്പളം പറ്റുന്നവരെ കുത്തിനിറച്ച് അന്വേഷണത്തെ അട്ടിമറിക്കുവാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കാണാം.

പ്രധാനമന്ത്രി നേരിട്ട് ഉള്‍പ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ അഴിമതിയും ഇന്ത്യയിലെ മറ്റൊരു അതിസമ്പന്നനായ അനില്‍ അംബാനിക്ക് വേണ്ടിയുള്ളതായിരുന്നു. രാജ്യസ്‌നേഹത്തെക്കുറിച്ച് നിരന്തരം വീമ്പിളക്കുന്ന ബിജെപിയുടെ പ്രധാനമന്ത്രി തന്നെയാണ് സൈന്യത്തിന് വേണ്ടിയുള്ള പ്രതിരോധ വിമാന കരാറില്‍ അഴിമതി നടത്തുന്നതിനുള്ള ഒത്താശകള്‍ ചെയ്തുകൊടുത്തത്.

ഒരു വിമാനത്തിന് 563 കോടി രൂപ വിലയില്‍ 126 വിമാനം വാങ്ങുന്നതിനായി 95% ടെണ്ടര്‍ നടപടികളും പൂര്‍ത്തിയായ കരാറാണ് മോദി അധികാരത്തില്‍ വന്നതിന് ശേഷം വിമാനം ഒന്നിന് 1660 കോടി എന്ന നിലയില്‍ 36 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ആയി മാറ്റിയത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ ഒഴിവാക്കിക്കൊണ്ട് അനില്‍ അംബാനിയുടെ തട്ടിക്കൂട്ട് കമ്പനിയായ റിലയന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡിന് പുറംപണി കരാര്‍ എല്‍പ്പിച്ചുകൊടുത്തതും മോദി നേരിട്ട് ഇടപെട്ടായിരുന്നു.

വിലക്കയറ്റത്തിലൂടെ ജനജീവിതം ദുസ്സഹമാക്കുന്നു എന്നതിനാല്‍

പെട്രോള്‍-പാചക വാതക വിലയെച്ചൊല്ലി വലിയ പ്രചരണം നടത്തിക്കൊണ്ടായിരുന്നു 2014-ലെ പൊതുതെരഞ്ഞെടുപ്പിനെ മോദിയും ഭാരതീയ ജനതാ പാര്‍ട്ടിയും നേരിട്ടത്. 2014-ല്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 100 ഡോളറിന് മുകളിലായിരുന്നുവെന്നും അതേ കാലയളവില്‍ ഇന്ത്യയില്‍ ഒരി ലിറ്റല്‍ പെട്രോളിന്റെ വില 68 രൂപയായിരുന്നുവെന്നും നാം ഓര്‍ക്കേണ്ടതുണ്ട്. അതേസമയം അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 75 ഡോളര്‍ ആയി ചുരുങ്ങിയ മോദി ഭരണകാലത്ത് പെട്രോള്‍ വില 104 രൂപയായി ഉയര്‍ന്നുവെന്ന യാഥര്‍ത്ഥ്യത്തെ നുണ പ്രചരണങ്ങള്‍ കൊണ്ട് നേരിടാനാണ് സംഘരിവാര്‍ ശ്രമിക്കുന്നതെന്ന് കാണാം. ഇതേ രീതിയില്‍ 2014-ല്‍ 410 രൂപയുണ്ടായിരുന്ന പാചക സിലിണ്ടര്‍ മോദി ഭരണം ഒരു ദശകക്കാലം പൂര്‍ത്തിയാക്കുമ്പോള്‍ 950 രൂപയ്ക്ക് മുകളിലേക്ക് കുതിച്ചുയര്‍ന്നു കഴിഞ്ഞിരിക്കുന്നു.

അരി മുതല്‍ പാല്‍, പച്ചക്കറി, പഴങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ഭയാനകമായ തോതില്‍ വര്‍ധനവ് സംഭവിച്ചതായി കാണാന്‍ കഴിയും. ഏതാനും ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലയളവില്‍ സംഭവിച്ച വര്‍ധനവ് നമുക്ക് പരിശോധിക്കാം. 2023 ജനുവരി ആദ്യവാരത്തിലെ വിലയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ബ്രാക്കറ്റില്‍ നല്‍കിയിരിക്കുന്നത് 2014ലെ വിലയും. ഉരുളക്കിഴങ്ങ് 40 രൂപ (9രൂപ), തക്കാളി: 35രൂപ (7രൂപ), അരി: 45 രൂപ (15രൂപ), ഉള്ളി: 50രൂപ (8 രൂപ), തുവരപ്പരിപ്പ്: 210 രൂപ (38രൂപ), പാല്‍: 60 രൂപ (16രൂപ)

അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ സംഭവിച്ച ഭീമമായ വര്‍ധനവ് ഗ്രാമീണ മേഖലയിലെ ഭക്ഷണത്തില്‍ പോഷകങ്ങളുടെ കുറവ് വരുത്തുന്നുവെന്ന് പറയുന്നത് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളോ അന്വേഷണാത്മക പത്രപ്രവര്‍ത്തകരോ അല്ലെന്നും ഇന്ത്യാ ഗവണ്‍മെന്റിന്റെ തന്നെ കീഴിലുള്ള ദേശീയ കുടുംബാരോഗ്യ സര്‍വ്വേ വകുപ്പാണെന്നുകൂടി നാം അറിയേണ്ടതുണ്ട്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ അഞ്ചാം റൗണ്ട് നല്‍കുന്ന സ്ഥിതിവിവര കണക്കനുസരിച്ച് ഗ്രാമീണ മേഖലയില്‍ പോഷകാഹാര കുറവ് മൂലം വിളര്‍ച്ച ബാധിച്ച ആളുകളുടെ സംഖ്യയില്‍ വര്‍ധനവ് സംഭവിച്ചിട്ടുണ്ടെന്നത് ഭക്ഷ്യ വസ്തുക്കളുടെ ഭീമമായ വിലക്കയറ്റവുമായി ബന്ധപ്പെടുത്തി വേണം മനസ്സിലാക്കാന്‍.

തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോള്‍ മാത്രം പാചക ഗ്യാസിനും അരിക്കും വിലക്കുറവ് പ്രഖ്യാപിച്ചും സൗജന്യ അരി വിതരണം പ്രഖ്യാപിച്ചും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സാധനങ്ങളുടെ വില ആകാശത്തോളം കൂട്ടിയും ജനങ്ങളെ വിഡ്ഢികളാക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.

സ്ത്രീ/സാമൂഹിക സുരക്ഷ എന്നിവ മരീചികയാകുന്നു എന്നതിനാല്‍

മനുസ്മൃതിയെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ഒരു ഭരണ നിര്‍വ്വഹണ സംവിധാനത്തെ ആശയപരമായി ഉയര്‍ത്തിപ്പിടിക്കുന്ന സംഘപരിവാരങ്ങള്‍ക്ക് സ്ത്രീകള്‍ സ്വാതന്ത്ര്യത്തിന് അര്‍ഹരല്ലെന്ന ബോധ്യത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നതാണ് സത്യം. രാജ്യത്തെ പൊതുവികാരത്തെ മുന്‍നിര്‍ത്തി സ്ത്രീകളെ പദവികളില്‍ നിലനിര്‍ത്തുമ്പോഴും അടിസ്ഥാനപരമായി സ്ത്രീകളോടുള്ള മനോഭാവത്തില്‍ മനുസ്മൃതിയുടെ ആശയങ്ങള്‍ തന്നെയാണ് കടന്നുവരുന്നതെന്ന് കാണാം. ‘ബേഠീ പഠാവോ, ബേഠീ ബചാേവോ, ‘നാരീ ശക്തി’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുമ്പോഴും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ ആരുടെ കൂടെയാണ് നിലയുറപ്പിച്ചിട്ടുള്ളതെന്ന് സമീപകാല സംഭവങ്ങള്‍ മാത്രം തെളിവു നല്‍കും.

ഒളിംപിക്‌സില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച് മെഡലുകള്‍ വാരിക്കൂട്ടിയ വനിതാ ഗുസ്തി താരങ്ങളെ ബിജെപി എംപിയായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് ശാരീരികമായി അപമാനിച്ചുവെന്ന കേസില്‍ നീതി ആവശ്യപ്പെട്ടുകൊണ്ട് ദില്ലിയില്‍ സമരം ചെയ്ത കായിക താരങ്ങളോട് മോദി സര്‍ക്കാര്‍ നെറികേട് നാം മറക്കാറായിട്ടില്ല. ബ്രിജ്ഭൂഷണെ ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രസിഡണ്ട് സ്ഥാനത്ത് നീക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചുവെന്ന് മാത്രമല്ല അദ്ദേഹത്തിന് വേണ്ടി പാര്‍ട്ടി യന്ത്രം മുഴുവന്‍ പ്രവര്‍ത്തിക്കുന്നതാണ് കണ്ടത്. സര്‍ക്കാരിന്റെ നിലപാടില്‍ മനംനൊന്ത് തങ്ങള്‍ അധ്വാനിച്ച് നേടിയെടുത്ത മെഡലുകള്‍ സര്‍ക്കാരിന് തന്നെ തിരികെ നല്‍കുന്ന അവസ്ഥവരെ സംജാതമാകുകയുണ്ടായി.

2020 സെപ്തംബറില്‍ ഉത്തര്‍പ്രദേശിലെ ഹഥ്‌റാസില്‍ 19കാരിയായ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട കേസില്‍ അടക്കം കുറ്റവാളികള്‍ക്കനുകൂലമായ നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചത്.

സ്ത്രീകളുടെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം നടത്തിയപ്പോഴും ബിജെപിയുടെ സ്ത്രീ വിരുദ്ധത മറ നീക്കി പുറത്തുവരികയുണ്ടായി. 2023ല്‍ പാസാക്കിയ വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിന് ഏറ്റവും കുറഞ്ഞത് പത്ത് വര്‍ഷക്കാലമെങ്കിലും കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.

സ്ത്രീ സുരക്ഷയുടെ കാര്യത്തിലെന്ന പോലെ ഇതര സാമൂഹിക വിഭാഗങ്ങളോടുള്ള അവഗണനയുടെ കാര്യത്തിലും മോദി ഭരണകൂടം മുന്നിലാണെന്ന് കാണാം.

ജാതിപരമായ വിവേചനങ്ങള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യാപകമാകുന്നത് യാദൃശ്ചികമല്ല. മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ തലയില്‍ മൂത്രമൊഴിക്കുന്ന സവര്‍ണ്ണ ജാതിയില്‍പ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ദൃശ്യം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും ഉയര്‍ന്ന കാലയളവായിരുന്നു ഇത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേര്‍സിറ്റിയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നതും എസ് സി/എസ് ടി ആക്ട് ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ ദളിത് സമൂഹത്തിന് ദേശീയ ബന്ദ് പ്രഖ്യാപിക്കേണ്ടി വന്നതും ഒക്കെ മര്‍ദ്ദിത വിഭാഗങ്ങളോടുള്ള സംഘപരിവാര്‍ മനോഭാവം വ്യക്തമാക്കുന്നതാണ്.

എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നു എന്നതിനാല്‍

എതിര്‍ ശബ്ദങ്ങളോട് ആദരവോട് കൂടി പെരുമാറുകയും അവര്‍ക്ക് പറയാനുള്ളതെന്തെന്ന് മനസ്സിലാക്കുകയും ചെയ്യുക എന്നത് ജനാധിപത്യ പ്രക്രിയയില്‍ സുപ്രധാനമായ ഒന്നാണ്. എന്നാല്‍ ജനാധിപത്യത്തെ അതിന്റെ സത്തയില്‍ തന്നെ അംഗീകരിക്കാത്ത, ഫാസിസ്റ്റ് രാഷ്ട്രീയ ചട്ടക്കൂട് കൈമുതലാക്കിയ ബിജെപിയെ സംബന്ധിച്ചിടത്തോളം എതിര്‍ ശബ്ദങ്ങള്‍ തങ്ങളുടെ മത-രാഷ്ട്രീയ-സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായതുകൊണ്ടുതന്നെ അടിച്ചമര്‍ത്തപ്പെടേണ്ടവയാണ്.

പാര്‍ലമെന്റില്‍ അസുഖകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തും പദവിയില്‍ നിന്ന് പുറത്താക്കിയും നേരിടുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. വ്യത്യസ്തമായ രാഷ്ട്രീയ അഭിപ്രായങ്ങള്‍ സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ ഭൂമിയില്‍ നിന്ന് തന്നെ ഇല്ലാതാക്കുന്നതിനും സംഘപരിവാരങ്ങള്‍ക്ക് മടിയില്ലെന്നതിന്റെ തെളിവുകളാണ് ഗൗരീ ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ, പ്രൊഫ.കല്‍ബുര്‍ഗി എന്നിവര്‍. ആദിവാസികള്‍ക്കിടയില്‍ ജീവിതം സമര്‍പ്പിച്ച വയോധികനായ വൈദികന്‍ സ്റ്റാന്‍ സാമിയെ ഭീകരനിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് ജയിലിടച്ചതും ജയിലില്‍ ചികിത്സപോലും ലഭ്യമാക്കാതെ മരണത്തിന് വിട്ടുകൊടുത്തതും ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്.

ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന പ്രൊഫ.ജി.എന്‍.സായിബാബ, റോണ വില്‍സണ്‍, സുധ ഭരദ്വാജ് തുടങ്ങി നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടച്ചും, ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെയും പങ്കിനെക്കുറിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ ജാമ്യം പോലും അനുവദിക്കാതെ ജയിലില്‍ അടച്ചും ആണ് മോദി സര്‍ക്കാര്‍ ഭരണവുമായി മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുന്നത്.

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന മാധ്യമങ്ങളെ അദാനി അടക്കമുള്ള വന്‍കിടക്കാരെ കൊണ്ട് വിലയ്ക്ക് വാങ്ങിപ്പിച്ചും (എന്‍ഡിടിവി), പരസ്യങ്ങള്‍ നല്‍കി പ്രീതിപ്പെടുത്തിയും തങ്ങളുടെ കൂടെ നിര്‍ത്തുന്നതോടൊപ്പം തന്നെ വിലയ്ക്ക് വാങ്ങാന്‍ കഴിയാത്ത മാധ്യമങ്ങളെ പല രീതിയില്‍ ഭീഷണിപ്പെടുത്തിയും സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് റെയ്ഡ് ചെയ്യിച്ചും കള്ളക്കേസുകളില്‍ കുടുക്കിയും മാധ്യമ പ്രവര്‍ത്തനം അസാധ്യമാക്കുന്ന നടപടികളാണ് ബിജെപി കഴിഞ്ഞ കുറേക്കാലമായി സ്വീകരിച്ചുപോന്നിട്ടുള്ളത്. ‘ദ പ്രിന്റ്’ ‘ന്യൂസ് ലോണ്ട്രി’ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡും ദ പ്രിന്റ് എഡിറ്റര്‍ പര്‍ബീര്‍ പുര്‍കായസ്തയുടെ അറസ്റ്റും ഇക്കാര്യത്തിലെ ഏറ്റവും ഒടുവിലെ ഉദാഹരണങ്ങള്‍ മാത്രമാണ്.

മണിപ്പൂരുകള്‍ സൃഷ്ടിക്കുന്നുവെന്നതിനാല്‍

സംഘപരിവാര്‍ വിഭജന രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് 2023 മെയ് മാസം ആദ്യം തൊട്ട് ആരംഭിച്ച് ഏതാണ്ട് പത്ത് മാസക്കാലമായി തുടരുന്ന, ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലാത്ത, മണിപ്പൂര്‍ കലാപം. കേന്ദ്രത്തിലും സംസ്ഥാനത്തിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് മനുഷ്യത്വരഹിതമായ ക്രൂരതകള്‍ അവിടെ അരങ്ങേറിയത്. മുഖ്യമന്ത്രി ബിരേന്‍സിംഗിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ ഒത്താശയോടുകൂടി, സംഘപരിവാരത്തിനാല്‍ നയിക്കപ്പെട്ട ഭൂരിപക്ഷ ഹിന്ദു മെയ്‌തേയ് വിഭാഗത്തിലെ ഒരു ചെറുന്യൂനപക്ഷം വരുന്ന നിക്ഷിപ്ത താല്‍പ്പര്യക്കാരായിരുന്നു മണിപ്പൂര്‍ കലാപത്തിന് പിന്നിലെന്ന് നാം കണ്ടു. സാമുദായിക വിഭജനത്തിലൂടെ, ന്യൂനപക്ഷത്തോടുള്ള വെറുപ്പ് ജ്വലിപ്പിച്ച് നിര്‍ത്തിക്കൊണ്ട് അധികാരം ഉറപ്പിച്ച് നിര്‍ത്തുകയും, അതോടൊപ്പം തന്നെ കോര്‍പ്പറേറ്റ് മൂലധന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന ഇരട്ടപ്രക്രിയയാണ് ഓരോ കലാപത്തിലൂടെയും ആര്‍എസ്എസ്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘപരിപാര്‍ ഭരണകൂടം ലക്ഷ്യമിടുന്നത്.

2023 ജൂലൈ 11ന്, മണിപ്പൂര്‍ ഗവണ്‍മെന്റ് സുപ്രീംകോടതിയെ അറിയിച്ചതനുസരിച്ച്, മെയ് 3 മുതല്‍ ആരംഭിച്ച സാമൂഹിക സംഘര്‍ഷത്തില്‍ 145പേര്‍ കൊല്ലപ്പെടുകയുണ്ടായി. 50,000ത്തിലധികം ആളുകള്‍ 300ഓളം അഭയാര്‍ത്ഥി ക്യാമ്പുകളിലായി കഴിയുകയാണ്. കുകി വംശജരായ ആദിവാസികളും ക്രിസ്ത്യന്‍ മത വിഭാഗത്തില്‍പ്പെട്ടവരുമാണ് സംഘപരിവാര്‍ പിന്തുണയുള്ള തീവ്രവാദി സംഘടനകളുടെ ആക്രമണങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടവര്‍. സ്വതന്ത്രമായ അന്വേഷണങ്ങള്‍ക്കും വസ്തുതാന്വേഷണങ്ങള്‍ക്കും ഉള്ള സാഹചര്യം ഗവണ്‍മെന്റ് ഒരുക്കിക്കൊടുക്കുന്നില്ല എന്നതുകൊണ്ടുതന്നെ അനൗദ്യോഗിക കണക്കുകള്‍ ലഭ്യമാക്കുന്നതിനും പരിമിതികള്‍ ഏറെയാണ്. മണിപ്പൂര്‍ കലാപം നിയന്ത്രണാതീതമായിക്കഴിഞ്ഞിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി ഒരിക്കല്‍പ്പോലും മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിക്കുകയോ മണിപ്പൂര്‍ സന്ദര്‍ശിക്കുകയോ ചെയ്യുകയുണ്ടായില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതിയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply