എന്തുകോണ്ട് എം കുഞ്ഞാമന്‍ പോലും അപകര്‍ഷതാബോധത്തില്‍ നിന്ന് മുക്തനാകുന്നില്ല?

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും അഷിതയും തമ്മിലുള്ള ഒരു അഭിമുഖ സംഭാഷണത്തില്‍, എറിക് ഫ്രോമിന്റെ ഒരു തിയറി എടുത്തു പറയപ്പെടുന്നതു കാണാം. കുട്ടിക്കാലത്ത് സ്‌നേഹം കിട്ടാതെ പോകുന്ന കുട്ടികള്‍ക്ക് പില്‍ക്കാലത്ത് യഥാര്‍ത്ഥ സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയാതെ പോകുന്നു എന്നതാണ് അതിന്റെ സാരാംശം. ഇതിനെ മുഖവിലക്കെടുത്താല്‍, കുട്ടിക്കാലത്ത് ബഹുമാനം കിട്ടാതെ പോകുന്ന/ആത്മവിശ്വാസം രൂപപ്പെടാതെ പോകുന്ന കുട്ടികള്‍ക്ക് പില്‍ക്കാലത്ത് സ്വാഭിമാനത്തെ അതിന്റെ സ്വാഭാവികതയില്‍ പുലര്‍ത്താന്‍ കഴിയാതെ പോകുന്നു എന്നും വ്യാഖ്യാനിക്കാവുന്നതാണ്.

‘പഠിച്ച് ജോലി നേടി ദാരിദ്ര്യത്തില്‍ നിന്ന് മുക്തനായിട്ടുണ്ട്. സാമ്പത്തിക സ്വാതന്ത്ര്യം, വസ്ത്രം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ സ്വയം പര്യാപ്തതയും സ്വയം നിര്‍ണയവും നടത്തിയിട്ടുണ്ട്. എന്നിരുന്നാലും അധഃകൃത സമൂഹം പൈതൃകമായിത്തന്ന ഭയത്തില്‍ നിന്നും അപകര്‍ഷതയില്‍ നിന്നും ഇന്നും ഞാന്‍ മുക്തനായിട്ടില്ല’ :- 2018 ഫെബ്രുവരി 25 ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘ബ്രാഹ്മണ്യമല്ല; വിജ്ഞാനവും സമ്പത്തുമാകണം ദളിതരുടെ അജണ്ട’ എന്ന ലേഖനത്തില്‍ പ്രൊഫ എം കുഞ്ഞാമന്‍ തന്നെക്കുറിച്ചു തന്നെ പറയുന്ന വാചകങ്ങളാണിവ. ഒരു വ്യക്തിയുടെ അവബോധത്തെ നിര്‍മിക്കുന്നത് അയാളുടെ സാമൂഹിക സാഹചര്യങ്ങളാണെന്ന മാര്‍ക്‌സിന്റെ നിരീക്ഷണവും ഇതേ ലേഖനത്തില്‍ അദ്ദേഹം മേല്‍പ്പറഞ്ഞതിനു തുടര്‍ച്ചയായി ഉദ്ധരിച്ചകാണുന്നുണ്ട്.

സമൂഹത്തില്‍-പ്രധാനമായും ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യവസ്ഥയേയും ആധിപത്യ ബോധ്യങ്ങളേയും പ്രത്യേകാധികാരങ്ങളേയും (ആനുകൂല്യങ്ങളെ/പരിഗണനകളെ) ചോദ്യം ചെയ്യുന്ന അസവര്‍ണ-അസമ്പന്ന വിഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യര്‍ക്കുമേല്‍ നിരന്തരം ആരോപിക്കപ്പെട്ടു കാണുന്ന ഒന്നാണ് ‘അപകര്‍ഷതാബോധം’. തങ്ങളുടെത്തന്നെ പശ്ചാത്തലത്തിന്റെ/പാരമ്പര്യത്തിന്റെ/ജാതിയുടെ ‘അവശത’യാല്‍ സ്വയമനുഭവപ്പെടുന്നതും സ്വയം സൃഷ്ടവുമായ പതിതബോധത്തെയാണ് ‘അപകര്‍ത’ എന്ന് വിളിച്ചുപോരുന്നതെന്ന് സാമാന്യമായി പറയാം.

ഇത് വൈവിധ്യപൂര്‍ണമായ വിശകലന വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്ന ഒരു ആരോപണമാണ്. പ്രാഥമികമായി, ഒരു വ്യക്തി ജനിച്ചു വളര്‍ന്ന ചുറ്റുപാടുകള്‍ അയാളുടെ വ്യക്തിത്വ രൂപീകരണത്തില്‍ വഹിക്കുന്ന പങ്കാണ്. മാര്‍ക്‌സിയനും ഫ്രോയ്ഡിയനും മുതല്‍ നിരവധി സൈദ്ധാന്തിക സാധൂകരണങ്ങള്‍ ഇക്കാര്യത്തില്‍ രൂപപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും അഷിതയും തമ്മിലുള്ള ഒരു അഭിമുഖ സംഭാഷണത്തില്‍, എറിക് ഫ്രോമിന്റെ ഒരു തിയറി എടുത്തു പറയപ്പെടുന്നതു കാണാം. കുട്ടിക്കാലത്ത് സ്‌നേഹം കിട്ടാതെ പോകുന്ന കുട്ടികള്‍ക്ക് പില്‍ക്കാലത്ത് യഥാര്‍ത്ഥ സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയാതെ പോകുന്നു എന്നതാണ് അതിന്റെ സാരാംശം. ഇതിനെ മുഖവിലക്കെടുത്താല്‍, കുട്ടിക്കാലത്ത് ബഹുമാനം കിട്ടാതെ പോകുന്ന/ആത്മവിശ്വാസം രൂപപ്പെടാതെ പോകുന്ന കുട്ടികള്‍ക്ക് പില്‍ക്കാലത്ത് സ്വാഭിമാനത്തെ അതിന്റെ സ്വാഭാവികതയില്‍ പുലര്‍ത്താന്‍ കഴിയാതെ പോകുന്നു എന്നും വ്യാഖ്യാനിക്കാവുന്നതാണ്.

ബാല്യകാലത്തിലേ തന്നെയുള്ള പതിതസ്വത്വത്തിന്റെ രൂപീകരണത്തിനു പിന്നിലുള്ള കാരണങ്ങള്‍ പലതാണ്. ഒന്നാമതായി കുടുംബത്തില്‍ നിന്നും വിദ്യാലയത്തില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കുന്ന പരിഗണനയാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് തങ്ങളുടെ ദൈനംദിന ദുരിതങ്ങള്‍ക്കിടയില്‍ കുട്ടികളെ വേണ്ടവിധം പരിപാലിക്കാനോ അവരുടെ ആവശ്യങ്ങള്‍ കണ്ടറിയാനോ കഴിയാറില്ല എന്നത് ഒരു വസ്തുതയാണ്. ബാല്യത്തെക്കുറിച്ചോ അതിന്റെ പില്‍ക്കാല സങ്കീര്‍ണതകളെക്കുറിച്ചോ മാതാപിതാക്കള്‍ക്ക് അറിവില്ലാതെ പോകുന്നതാണ് മറ്റൊരു കാരണം. അതുപോലെതന്നെ കുട്ടികളെ, പ്രത്യേകിച്ചും ആണ്‍കുട്ടികളെ വാര്‍ധക്യത്തിലേക്കുള്ള ഒരു നിക്ഷേപമായി കണ്ടും ആ നിലയില്‍ തെളിച്ചും വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ ശ്രദ്ധേയമായ ഒന്നാണ്.

വിദ്യാലയങ്ങളിലും സമപ്രായക്കാര്‍ക്കിടയും ദളിത്-ആദിവാസി-അടിസ്ഥാനര്‍ഗ പശ്ചാത്തലക്കാര്‍ നേരിടുന്ന വിവേചനങ്ങളും ആത്മാപമാനങ്ങളുമാണ് മറ്റൊരു കാരണം. തുടക്കത്തില്‍ ചേര്‍ത്ത കുഞ്ഞാമന്റെ ലേഖനത്തില്‍ അദ്ദേഹം പറയുന്നതുപോലേ, ‘താഴ്ന്ന ജാതിക്കാര്‍ക്ക് ഉയര്‍ന്ന ജാതിക്കാരാണ് മോഡല്‍’ എന്നത് ഇതോട് ചേര്‍ത്തു വായിക്കാവുന്ന ഒന്നാണ്. ജോലി നേടി ധനികരും അംഗീകൃതരുമാവുക എന്ന ഉദ്ദേശത്തെ കുത്തിവച്ച് ‘വികസിപ്പിക്കപ്പെടുന്ന’ അടിത്തട്ടു വിദ്യാര്‍ത്ഥിക്ക് തന്റെ ദാരിദ്ര്യത്തിലും അന്യന് നിലവില്‍ തന്നെയുള്ള സമ്പന്നതയിലും അസംതൃപ്തി തോന്നുക സ്വാഭാവികമാണല്ലോ. സഹപാഠികളോടുള്ള ഈ സ്വയം താരതമ്യത്തോടൊപ്പം (വ്യവസ്ഥാ നിര്‍മിതമായ) അധ്യാപകരുടെ വിവേചനപൂര്‍വ്വമുള്ള പെരുമാറ്റം കൂടിയാകുമ്പോള്‍ വിഷലിപ്തമായ വിദ്യാലയകാലം ഏകദേശ പൂര്‍ണത നേടുന്നു.

പിന്നീടുള്ള മുതിര്‍ച്ചയില്‍ ഇത്തരത്തില്‍ ഒരു വ്യക്തി പൊതുസ്വീകാര്യമായ ‘വളര്‍ച്ച’ കരസ്ഥമാക്കിയെന്നു കരുതുക. (അതിനുള്ള സാധ്യത വിരളമാണ് എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ടു തന്നെ) അപ്പോള്‍ പോലും അയാളുടെ അധഃകൃത ഭൂതകാലം അയാളെ വേട്ടയാടിക്കൊണ്ടിരിക്കുമെന്ന് തീര്‍ച്ചയാണ് (വ്യക്തിത്വ സൃഷ്ടി) ജാതി/ജാതി ശരീരം, പാരമ്പര്യം എന്നിവയും പ്രസ്തുത വേട്ടയില്‍ ആയുധനിരയായി അണിനിരന്നേക്കും. വ്യക്തിഗതമായ വളര്‍ച്ചക്കപ്പുറം അയാളുടെ കുടുംബത്തിന്റെ ഉറച്ചു പോയ സാമൂഹിക അസ്തിത്വവും പ്രതിസന്ധിയായിത്തന്നെ തുടരും. അയാള്‍ മുഖ്യമന്ത്രിയായാല്‍ പോലും തെങ്ങുകയറ്റക്കാരനായ പിതാവ് മറ്റുള്ളവരാല്‍ നിരന്തരം സ്മരിക്കപ്പെടും എന്ന് ലളിതമായി പറയാം.

ഇത്തരത്തില്‍ അതിസങ്കീര്‍ണമായൊരു സാമൂഹിക-സാംസ്‌കാരിക- രാഷ്ട്രിയ- മനഃശാസ്ത്ര അവസ്ഥയെയാണ് ‘സ്വകല്‍പിതമിയ പതിതത്വം’ എന്ന പേരില്‍ പൊതുബോധം ആക്ഷേപിച്ചു പോരുന്നത്. അതേസമയം തന്നെ ‘ആത്മവിശ്വാസത്തിന്റെ കാര്യകാരണബന്ധം’ യാതൊരു സംശയങ്ങള്‍ക്കും ഇടനല്‍കാതെ ‘സ്വാഭാവികവല്‍കരിക്കപ്പെടുകയും’ ചെയ്യുന്നു. അധഃകൃത ബോധമെന്നത് (അപകര്‍ഷത) ജനനം മുതല്‍ മരണം വരെയുള്ള സമൂഹിക ഇടപെടലുകളിലൂടെ രൂപപ്പെടുന്ന ഒന്നായിരിക്കേ, ആഢ്യബോധവും (ആത്മവിശ്വാസം) അതേ തരത്തില്‍ തന്നെ ഒരു സാമൂഹിക ഉല്‍പന്നമാണ്. ബാല്യം മുതല്‍ തുടങ്ങുന്ന ‘കുടുംബ-സമൂഹ ലാളനകളും’, സാമ്പത്തികവും ജാതീയവുമായ പദവി നല്‍കുന്ന സര്‍വ സ്വീകാര്യതകളും ആധാരമാക്കി നിര്‍മിക്കപ്പെടുന്ന സ്വത്വമാണ്/വ്യക്തിത്വമാണ് ഒരു പരിധിവരെ ആത്മവിശ്വാസത്തെ നിര്‍ണയിക്കുന്ന ഘടകം.

വസ്തുതകള്‍ ഇതായിരിക്കേ, അനാഢ്യതാ നിര്‍മിതമായ അപകര്‍ഷതയെ വ്യക്തിഗതമായ പിഴവായിയെണ്ണി വീണ്ടും ഇകഴ്ത്തുന്ന വര്‍ത്തമാനകാലത്ത് ആഢ്യത്ത നിര്‍മിതിയായ ആത്മവിശ്വാസാധിക്യങ്ങളെ വസ്തുതാപരമായി തുറന്നുകാട്ടുന്ന സബാള്‍ടേണ്‍ നീതിബോധങ്ങള്‍ ഉയര്‍ന്നു വരിക തന്നെ ചെയ്യും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply